രചന – ആയിഷ അക്ബർ
അന്നും പ്രത്യേകിച്ചൊരു സംസാരം അവർക്കിടയിലുണ്ടായില്ല…
ആവശ്യമുള്ള വാക്കുകളിൽ അവരോതുക്കി…..
അവൾ തന്നെ ഇത്രത്തോളം പരിചരിക്കുന്നത് കാണുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ആനന്ദമുണ്ടായിരുന്നു…..
എന്നാൽ അത്ര തന്നെ കുറ്റ ബോധവും….
നിറം നോക്കി മനുഷ്യനെ വില യിരുത്തിയ അവന് സ്വയം പുച്ഛം തോന്നി….
എന്നാൽ അവളോടുള്ള സ്നേഹം കണ്ണുകളുടെ കാഴ്ച മറച്ചിരിക്കുകയല്ല മറിച് അവളുടേ ഹൃദയത്തിലേക്കുള്ള കാഴ്ച തുറക്കുകയാണ് ചെയ്തതെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കുമോ….
ഇല്ലാ… ഒരിക്കലുമില്ല….
അവളെ ഇത്രത്തോളം അവഗണിച്ച ഒരുവനെ അവൾക്ക് സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല….
മാത്രവുമല്ല…. ഞാനിത് പറഞ്ഞാൽ അത് ഞാൻ അനാഥനായത് കൊണ്ട് മാത്രം തോന്നിയ ഇഷ്ടമായേ അവൾ ക്ക് തോന്നു…..
അവളെയും കുറ്റം പറയാൻ കഴിയില്ലല്ലോ…..
ആരുമില്ലാത്ത കാശ്ശിക്കവൾ താങ്ങായി തുടങ്ങിയപ്പോഴായിരുന്നല്ലോ താനവളെ ശ്രദ്ധിച്ചു തുടങ്ങിയത്….
എന്നാൽ തനിക്കറിയാം സ്നേഹം തോന്നുകയെന്നതാണ് മുഖ്യം….
അതിനുള്ള കാരണങ്ങൾ ഏത് തന്നെയായാലും….
തനിക്കാരുമില്ല എന്ന കാരണത്താലല്ല അവളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്….
മറിച് ആ കാരണത്താലാണ് താനവളെ ശ്രദ്ധിച്ചു തുടങ്ങിയത്……
അവനോരോന്നോർത്തു കിടക്കുമ്പോൾ തനിക്കെതിർ ദിശയിലായി കിടക്കുന്ന വളിലേക്കവന്റെ കണ്ണുകൾ നീങ്ങി…..
കണ്ണുകളടച്ചു കിടക്കുന്ന അവളുടേ നെറ്റിയിലേക്ക് അവളുടേ മുടിയിഴകൾ പാറി വീണിരുന്നു….
സദാ കാണുന്ന ചുവന്ന പൊട്ട് നെറ്റിയിൽ തന്നെ പറ്റിപ്പിടിച്ചു കിടപ്പുണ്ട്….
അവനവളുടെ നിറത്തെ കണ്ടിരുന്നില്ലപ്പോൾ…
അവളെന്ന പെണ്ണിലെ നമ മാത്രം മനസ്സിൽ നിറയുമ്പോൾ അവളെ അതി സുന്ദരിയായി തോന്നിയിരുന്നവന്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേ ദിവസം ആശുപത്രിയിൽ നിന്നും അവരെ കൂട്ടി കൊണ്ട് പോകാൻ കിരണും ശങ്കരനും എത്തിയിരുന്നു….
ഡിസ്ചാർജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും നേരം സന്ധ്യയോടടുത്തിരുന്നു..
കാശി…. താഴെ മുറിയില് കിടന്നാൽ മതി…..
ഈ കാലും വെച്ചെങ്ങനെ കോണിപ്പടി കയറും…..
ശങ്കരനത് പറയുമ്പോൾ കാശിയുടെ മുഖം മാറി.
അതച്ചാ…. എങ്ങനെയെങ്കിലും അങ്ങോട്ട് കയറി കിട്ടിയാൽ മതി….
എനിക്കാ മുറിയല്ലാതെ കംഫർട് ആവില്ലെന്ന് അച്ഛനറിയാമല്ലോ…
അവനത് പറഞ്ഞതും കിരൺ കേൾക്കാത്ത മട്ടിൽ പോകാൻ തുടങ്ങി…
കിരൺ…. കാശിയെ ഒന്നു മുറിയിലേക്ക് ആക്കി കൊടുക്കണം…..
ഒന്നു പിടിച്ചേ…
ശങ്കരൻ അത് പറഞ്ഞതും താല്പര്യമില്ലെങ്കിലും കിരൺ അവിടെ നിന്നു…..
ജാനകിക്ക് ദേഷ്യം വന്നിരുന്നു…..
എന്തിനാ അവനിത്ര വാശി…..
ഇവിടെ എവിടെയെങ്കിലും കിടന്നാൽ പോരെ….
മുകളിലേ കിടക്കൂ പോലും…..
ജാനകി അത് പറഞ്ഞ് നിർത്തുമ്പോൾ കാശിയുടെ മുഖം മങ്ങി….
സൂര്യക്ക് അവരോട് രണ്ട് പറയണമെന്ന് തോന്നിയെങ്കിലും എല്ലാവരും നിൽക്കുമ്പോൾ അത് ശെരിയല്ലെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ നിശബ്ദയായി….
കുഴപ്പമില്ല അച്ഛാ…. ഞാൻ ഇവിടെ കിടന്നോളാം….
കാശി ശങ്കരനോടത് പറഞ്ഞതും ശങ്കരൻ ജാനകിക്ക് നേരെ തിരിഞ്ഞു….
അവൻ എവിടെ കിടന്നാൽ നിനക്കെന്താടി….
ഞാൻ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളിൽ കയറി അഭിപ്രായം പറയരുതെന്ന് ….
ശങ്കരൻ ദേഷ്യത്തോടെ അത് പറയുമ്പോൾ ജാനകി ചൂളി പോയിരുന്നു….
നീ വന്നു പിടിക്കുന്നുണ്ടോ….
ശങ്കരന്റെ അടുത്ത ചോദ്യം കിരണിനോടായിരുന്നു….
അചന്റെ ദേഷ്യം കണ്ടത് കൊണ്ട് തന്നെ അവൻ പെട്ടെന്ന് വന്നു കാശിയെ താങ്ങി പിടിച് മുറിയിലേക്ക് നടന്നു….
നീയൊന്നും ഓർത്ത് വിഷമിക്കേണ്ട… സ്വസ്ഥമായി കിടന്നോ…
പിന്നേ നിന്റെ മനസ്സറിഞ്ഞു എല്ലാം ചെയ്ത് തരാൻ സൂര്യ മോളുണ്ടല്ലോ….
ശങ്കരൻ കാശിയെ ബെഡിൽ കിടത്തിയ ശേഷം സൂര്യയെ നോക്കിയത് പറയുമ്പോൾ ആ മുഖത്തവനോടുള്ള സ്നേഹവും അവളോടുള്ള വിശ്വാസവും കണ്ടിരുന്നു….
അവർ താഴെക്ക് ഇറങ്ങി പോയിട്ടും കാശിയുടെ മുഖത്തിനൊരു തെളിച്ചം ഉണ്ടായിരുന്നില്ല……
തനിക്കൊരു അപകടം പറ്റിയപ്പോൾ പോലും സങ്കടപ്പെടാൻ അച്ഛനല്ലാതെ ആരുമില്ലെന്ന തോന്നലാവാം അവന്റെ മുഖത്തെ സങ്കടം….
ഒപ്പം ജാനകിയുടെ ആ കുത്തു വാക്കുകളും…..
സൂര്യ അവനെ തന്നെ നോക്കി നിന്നെങ്കിലും അവൻ അവളെ നോക്കുന്നുണ്ടായിരുന്നില്ല….
അവൻ അഗാദമായ ചിന്തകളിൽ മുങ്ങി കിടക്കുകയായിരുന്നു…..
അതവനെ എത്ര മേൽ ദുഖിപ്പിക്കുന്നുണ്ടെന്ന് ആ മുഖത് നിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു……
അവൾക്ക് വല്ലാത്തൊരു വേദന തോന്നി….
അവൾ വേഗം ജനലിന്റെ കർട്ടൻ നീക്കി…..
അവന്റെ ശ്രദ്ധയെ നീക്കാനെന്ന പോൽ…
അസ്തമയ സൂര്യന്റെ പ്രകാശം അവന്റെ മുഖത്തേക്ക് പതിച്ചു…..
അവൻ അങ്ങോട്ട് തിരിയുമ്പോൾ അവിടെ തന്നെ നോക്കി നിൽക്കുന്നവളെ കണ്ടു…..
അവൻ ഒരു വേള അവളെ നോക്കി നില്കുമ്പോൾ അവളടുത്തു വന്നു…..
ചായ…. എടുക്കട്ടെ….
മ്മ്……
അവനത് പറഞ്ഞതും അവൾ വേഗം അവിടെ നിന്നും അടുക്കളയിലേക്ക് നടന്നു…..
അപ്പോഴും അവന്റെ കണ്ണുകൾ അവളെ തഴുകുന്നത് അവളറിഞ്ഞിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആവി പാറുന്ന ചായയുമായി അവൾ മുറിയിലെത്തി….
അവളെ കണ്ടതും അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു…..
ഇത് വരെ ആശുപത്രിയിൽ ബെഡ് ഉയർത്തിയിരുന്നത് കൊണ്ട് തന്നെ ബുദ്ധിമുട്ടറിഞ്ഞിരുന്നില്ല….
എന്നാൽ ഇപ്പോൾ എഴുന്നേൽക്കാനുള്ള പ്രയാസം അവന്റെ മുഖത് അവൾ കണ്ടിരുന്നു….
എഴുന്നേറ്റു ചാരിയിരിക്കാൻ ശ്രമിച്ച അവൻ പെട്ടെന്ന് വീഴാൻ പോയതും അവൾ കൈ കൊണ്ട് താങ്ങി പിടിച്ചതും ഒരുമിച്ചായിരുന്നു……
അവൻ മിഴികളുയർത്തി അവളെ നോക്കി….
അവന്റെ നോട്ടം അവളിലേക്കാണെന്ന് മുഖത് നോക്കാതെ തന്നെ അവൾക്കറിയുന്നുണ്ടായിരുന്നു…..
എന്നാൽ ആ മിഴികളിൽ നോക്കാനുള്ള കരുത്തവൾക്കുണ്ടായിരുന്നില്ല….
എന്തെന്നാൽ…
തന്റെ മനസ്സിൽ അവനോടുള്ള വികാരമെന്തെന്ന് അവൻ മിഴികളിൽ നിന്നും കണ്ട് പിടിക്കുമോയെന്ന ഭയമായിരുന്നവൾക്ക്…..
അവൾ പെട്ടെന്ന് തന്നെ മേശ മേൽ വെച്ച ചായ കപ്പ് അവന്റെ കയ്യിൽ കൊടുത്ത് കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു…..
അപ്പോഴും അവളവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല….
അവൾ നേരെ പോയത് ബാൽകണിയിലേക്കായിരുന്നു…..
അവളുടേ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ തിരയിളക്കം സൃഷ്ടിച്ചിരുന്നു….
അവന്റെ കണ്ണുകളിൽ കാണുന്ന ഒരു തിളക്കമുണ്ട്….
അതൊരു പക്ഷെ തന്നോട് തോന്നിയ സഹതാപത്തിൽ നിന്നാവാം അല്ലെങ്കിൽ ആരുമില്ലെന്ന ചിന്തയിലാവാം….
പക്ഷെ അവൻ തന്നെ നോക്കുമ്പോഴൊക്കെ ഹൃദയം അതിനെ തന്നോടുള്ള പ്രണയമാക്കാൻ ശ്രമിക്കുന്നതെന്തിനാണ്….
അർഹിക്കാത്തത് ആഗ്രഹിച് ദുഖത്തിലേക്ക് കൂപ്പു കുത്താനാണോ…
ഈ എന്നെ തോൽപ്പിക്കാനാണോ….
അവന്റെ കണ്ണിൽ പ്രണയം കാണുന്നത് തന്റെ മാത്രം തോന്നലാണ്…..
കണ്ണുകൾ നിറഞ്ഞു പോകാതിരിക്കാൻ അവൾ ചിന്തകളെ മറി കടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി അവനുള്ള ഭക്ഷണവുമായി മുറിയിലേക്ക് വന്നപ്പോഴും അവനെഴുന്നേൽക്കാൻ സഹായതിനെന്ന വണ്ണം ഒരു കൈ കൊണ്ടവൾ ആദ്യമേ അവന്റെ കയ്യിൽ പിടിച്ചിരുന്നു…..
അപ്പോഴും അവളാ മുഖത്തേക്ക് നോക്കിയില്ല….
എന്നാൽ അവൾ പിടിച്ച അവന്റെ കയ്യിലേക്ക് നോക്കിയതും അവൾ പെട്ടെന്ന് കയ്യെടുത്തു….
കാരണം അത്രയും നിറ വ്യത്യാസം കൈകൾക്കുള്ളത് അവൾ ശ്രദ്ധിച്ചത് അപ്പോഴായിരുന്നു….
അവളുടേ മുഖം വല്ലാതെ മങ്ങി…..
അവൻ ഭക്ഷണം കഴിച്ചു തീരുന്നിടം വരെ അവൾ വല്ലാത്തൊരു ചിന്തയിലായിരുന്നു….
അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൾ മറ്റേതോ ലോകത്തായിരുന്നു…..
അവനും താനുമായുള്ള അന്തരത്തെ മനസ്സിന് ബോധ്യപ്പെടുത്തി അവനിൽ നിന്നു അകന്ന് നിൽക്കാൻ ശ്രമിക്കുകയായിരുന്നു അവളപ്പോൾ…..
മ്മ് ഹ് മ്മ്….
അവൻ അവളെ വിളിക്കാനെന്ന വണ്ണം ശബ്ദമുണ്ടാക്കിയപ്പോൾ അടുത്ത് വന്നവൻ കഴിച്ച പത്രമെടുത്തു….
അപ്പോഴും അത് യാന്ത്രികമായി കാശിക്ക് തോന്നി…..
തിരിഞ്ഞു നടന്ന അവളുടേ നീളൻ മുടിയിൽ പിടിച്ചവൻ വലിച്ചത് പെട്ടെന്നായിരുന്നു….
ആ…
അവൾ ശബ്ധിച്ചു കൊണ്ടവന് നേരെ തിരിഞ്ഞു….
എന്താ….
അവൾ ദേഷ്യത്തോടെ അത് ചോദിക്കുമ്പോൾ അവളുടേ മുഖത്തെ ദുഃഖ ഭാവം ഒഴിഞ്ഞു പോയതിൽ കാശിക്ക് ആശ്വാസം തോന്നി…..
അതിനു വേണ്ടി തന്നെയായിരുന്നു അവനത് ചെയ്തതും…..
കൈ കഴുകാൻ വെള്ളം…
അവനത് ചോദിച്ചതും അവൾ അവനരികിലെ മേശക്ക് മുകളിലേക്ക് നോക്കി….
അതവിടെ വെച്ചത് അവൻ കണ്ടിരുന്നെന്ന് അവൾക്കും അറിയുന്നത് കൊണ്ട് തന്നെയാണ് ഒന്നും മിണ്ടാത്തെ മുഖം കൂർപ്പിച്ചു കൊണ്ട് അവനെയും ആ വെള്ളവും മാറി മാറി നോക്കിയവൾ നിന്നത്…..
ഹാ…. ഇവിടെ വെച്ചിരുന്നോ…. കണ്ടില്ലായിരുന്നു….
അവൻ കുസൃതിയോടെ അത് പറയുമ്പോൾ അവളവനെ ഒന്നു കൂടി അമർത്തി നോക്കി നടക്കാൻ തുടങ്ങി…..
അപ്പോഴാണ് അവൾ അവൻ കഴിച്ച പാത്രത്തിലേക്ക് നോക്കിയത്…..
ഇതെന്താ ഈ ഉപ്പേരി കഴിക്കാത്തത്…..
മാറ്റി വെച്ച ഉപ്പേരി നോക്കി അവളത് ചോദിക്കുമ്പോൾ അവനൊന്നു ചിരിച്ചു….
കാബേജ് എനിക്കിഷ്ടമല്ല…..
അവനത് പറഞ്ഞതും അവൾ അവന് നേരെ തിരിഞ്ഞു നിന്നു….
ഓഹോ…. പിന്നേ എന്താന്നാവോ ഇഷ്ടം….
അവളത് ചോദിക്കുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു….
നിന്നെ ഇഷ്ടമാ….
പെട്ടെന്ന് അവനത് പറഞ്ഞതും അവളുടേ കണ്ണുകൾ വിടർന്നു…. ചുണ്ടുകൾ വിറച്ചു…
അവൾ വേഗം അവനിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു പുറത്തേക്ക് നടന്നു….
അവൻ കുസൃതിയൊടെയാണത് പറഞ്ഞതെങ്കിലും തന്റെ ഹൃദയം വല്ലാതെ പിടക്കുന്നത് പോലെ….
എന്നാൽ അവളുടേ ചിന്തകൾ ക്യാബേജ് ഇഷ്ടമല്ല എന്നവൻ പറഞ്ഞതിലേക്ക് തിരിഞ്ഞു…..
ഇവിടെ വന്നതിൽ പിന്നേ അധിക ദിവസവും കാബ്ബേജ് തന്നെയാണെന്ന് അവളോർത്തു…
എല്ലാവർക്കും ഇഷ്ടമുള്ളത് കൊണ്ടായിരിക്കും അതെന്ന് വിചാരിച്ചിരുന്നു താൻ…..
എന്നാൽ അങ്ങനെയല്ലെന്നത് അവൾ തിരിച്ചറിഞ്ഞ ആ നേരം അവൾ മനസ്സിൽ പലതും കണക്ക് കൂട്ടിയിരുന്നു…..
(തുടരും )

by