19/04/2026

അതിസുന്ദരി : ഭാഗം 17

രചന – ആയിഷ അക്ബർ

ഓഫീസിലെ തിരക്കുകൾക്കിടയിൽ മനപ്പൂർവം വീട്ടിലെ കാര്യങ്ങളെല്ലാം മറക്കാറാണ് പതിവ്…

ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളായത് കൊണ്ട് ഓർത്തെടുക്കാനും ശ്രമിക്കാറില്ല…..

എന്നാൽ ഇന്ന് മനസ്സെന്തോ ഒരു അസ്വസ്ഥത അറിയുന്നു…

വീട്ടിലെ ഓർമകളിൽ തട്ടി തന്റെ മനസ്സ് നിശ്ചലമാവും പോൽ….

നീണ്ടു വിടർന്ന മിഴികളും നീളൻ മുടിയും ഓർമകളിലങ്ങനെ നിറഞ്ഞു നിൽക്കും പോലെ…..

നിറം കുറവാണെങ്കിലും അവളെ കാണാൻ അത്ര മോശമൊന്നുമില്ലെന്ന് മനസ്സ് സ്വയം പറയുന്നു…..

അവളിൽ നിന്ന് ഓടിയോളിക്കാൻ സദാ ശ്രമിച്ചു കൊണ്ടിരുന്ന ഹൃദയം അവളെ കുറിച് വാചാലമാകും പോൽ….

കാശി കണ്ണുകൾ ഇറുകെയടച്ചു……

ഒറ്റക്കായ തനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നി തുടങ്ങിയിരിക്കുന്നു….

ആ ചിന്തയായിരിക്കാം അവളിലേക്കു തന്നെ പിടിച്ചു വലിക്കുന്നത്……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് കാശി നേരത്തെ വീട്ടിലേക്ക് വന്നിരുന്നു…..

ഇത് വരെ വീട്ടിലേക്ക് കയറുമ്പോഴുള്ള ആ ഒറ്റപ്പെടലിനു പകരം തന്നെ കാത്തു മേശ മേലിരിക്കുന്ന ആ തണുത്ത വെള്ളമായിരുന്നു മനസ്സിൽ ഇരച്ചെതിയിരുന്നത്..

ഒപ്പം ഇടതൂർന്ന മുടിയിഴകളും….. വശ്യമാർന്ന ആ മിഴികളും…

ഹൃദയത്തിൽ നിറഞ്ഞൊരു ചെറു ചിരിയാൽ അവൻ അകത്തേക്ക് കയറുമ്പോഴേ പതിവില്ലാതെ ഹാള്ളിലിരിക്കുന്ന ജാനകിയെ അവൻ കണ്ടിരുന്നു…..

കാശിയൊന്ന് നിന്നെ….

അവരെ കണ്ടില്ലെന്ന ഭാവത്തിൽ അകത്തു കയറാൻ നിന്നപ്പോഴായിരുന്നു പിറകിൽ നിന്ന് ജാനകി വിളിച്ചത്…..

വല്ലപ്പോഴുമൊക്കെ എന്തെങ്കിലും കാര്യങ്ങൾ സംസാരിച്ചിരുന്ന അമ്മ അന്ന് ടെക്സ്ടൈൽസിൽ വെച്ചുണ്ടായ ആ സംസാരത്തിനു ശേഷം തന്നോട് തീരെ മിണ്ടാറില്ലെന്നത് അവനന്നേരം ഓർത്തിരുന്നു…..

നീ വല്ലാതെ ക്ഷീണിച്ചിട്ടുണ്ടല്ലോ… ഓഫീസിൽ എല്ലാത്തിനും ഓടി നടക്കുന്നത് കൊണ്ടായിരിക്കുമല്ലേ…..

ജാനകി അവന് മുമ്പിൽ വന്നു നിന്നത് ചോദിക്കുമ്പോൾ അവൻ സംശയത്തോടെ അവരെ നോക്കി….

അങ്ങനെയൊരു ചോദ്യം അവരിൽ നിന്ന് പതിവില്ലാത്തതാണ്…..

അപ്പോഴേക്കും വീണ അങ്ങോട്ടേക്ക് വന്നിരുന്നു….

മുകളിൽ നിന്നു സൂര്യയും അവരെ ശ്രദ്ധിച്ചു തുടങ്ങിയത് അപ്പോഴായിരുന്നു…..

ജാനകി അവൻ കയ്യിൽ പിടിച്ചിരുന്ന ആ ഫയൽ വാങ്ങി…..

അവനെന്തിനെന്ന ഭാവത്തിൽ അവരെ നോക്കി….

ഓഫീസിലെ വരുമാനത്തിന്റെ കണക്കും കാര്യങ്ങളുമൊക്കെ ഞാനും കൂടി അറിയണമല്ലോ…..

ഗൗരവത്തോടെ അത് പറഞ് കയ്യിലിരുന്ന ഫയൽ ജാനകി മറിച്ചു കൊണ്ടിരുന്നു….

അതിനെ കുറിച്ചൊന്നും ജാനകിക്ക് അറിയില്ലെന്നും വെറുതെ ഏടുകൾ മറിക്കുകയാണെന്നും കാശിക്ക് വ്യക്തമായറിയാമായിരുന്നു…..

അത് വരുമാനത്തിന്റെ കണക്കല്ല….. ഫാക്റട്ടറിയിൽ ഇറങ്ങിയ ലോഡിന്റെ കണക്കാ….
ആവശ്യം പോലെ നോക്കിക്കോളു….
എന്നിട്ട് രാവിലെ പോകുമ്പോൾ അച്ഛന്റെ കയ്യിൽ കൊടുത്താൽ മതി…..

അവൻ അൽപ നേരം അവിടെ നിന്നതിന് ശേഷം അതും പറഞ്ഞ് കോണിപ്പടികൾ കയറാൻ തുടങ്ങി……

കാശി…..

അവർ ദേഷ്യത്തോടെ വിളിക്കുന്നതോടൊപ്പം കയ്യിലെ ഫയൽ മേശ മേൽ എറിഞ്ഞു…..

കാശി ഗ്രൂപ്പ്‌ എന്ന് പേര് വെച്ചെന്ന് കരുതി അതെന്തും കാണിക്കാനുള്ള അധികാരമായി കണക്കാക്കേണ്ട…..
അറിയാമല്ലോ..

അവരത് ചോദിക്കുമ്പോൾ അവനൊന്നും മിണ്ടിയില്ല…

ചെറുപ്പം തൊട്ടേ പല തവണ കേട്ടതാനിത്…..
പുതുമ യൊന്നുമില്ലെങ്കിൽ കൂടി ഇപ്പോഴത്തെ കാരണം അറിയാൻ അവനാകാംക്ഷ തോന്നി…..

കാശി ഗ്രൂപ്പ്‌ നടത്തിയ ധർമ കല്യാണത്തെ കുറിച് പലരും പറഞ്ഞ് ഞാനറിഞ്ഞു…..
നിനക്ക് തോന്നിയ പോലെ….

അവർ പറഞ്ഞ് മുഴുവനാക്കും മുന്പേ കാശി അവർക്ക് നേരെ കയ്യുയർത്തി…..

വീണയും സൂര്യയും അവരുടെ വാക്കുകൾക്ക് ഒരു പോലെ കാതോർക്കുകയായിരുന്നു….

ഞാൻ എന്തെങ്കില് ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ ശമ്പളത്തിൽ നിന്നാണ്….. അല്ലാതെ ആരുടേയും ഒരു രൂപ പോലുമെടുത് ഞാനെന്റെ ഇഷ്ടത്തിനൊന്നും ചെയ്യാറുമില്ല….

അതോർത്തു ആരും പേടിക്കേണ്ട…..

അവനത് പറയുമ്പോൾ ജാനാകിക്ക് വാക്കുകളുണ്ടായിരുന്നില്ല…

വാക്കിനു പ്രതീക്ഷിച്ചു അവൻ നിന്നതുമില്ല…..

ശര വേഗത്തിൽ അവൻ കോണിപ്പടികൾ കയറി പോയി…. കോണിപ്പടികൾക്ക് മുകളിലായി നിൽക്കുന്ന സൂര്യ മനസ്സിൽ കൊരുത്ത സംശയങ്ങളുമായി അവനെ നോക്കി…..

അവളുടേ മുഖത്തേക് അവൻ നോക്കുമ്പോഴും അവന്റെ മുഖത്തെ ദേഷ്യം വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല….

അവൻ മുറിയിൽ കയറി ശക്തിയായി കതകടച്ചു….

സൂര്യ ഒരായിരം സംശയങ്ങളുമായി അങ്ങനെ നിന്നു….

കാശിയെ പ്രസവിച്ചത് അവരല്ലെന്ന് മനസ്സ് ഒരുപാട് തവണ പറഞ്ഞതിനെ അർത്ഥവത്താക്കുന്നതായിരുന്നു ഇന്നത്തേയീ രംഗം…..

തന്റെ സംശയങ്ങൾ താൻ ആരോട് ചോദിക്കും….

ആരോടും ചോദിക്കാനില്ല…

താനിവിടെ ഒറ്റക്കല്ലേ..

എങ്കിലും ഇന്നത്തേയീ സംഭവത്തിന് പിന്നിലെന്തെന്ന് അറിയാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു….

മുകളിൽ സൂര്യ സംശയങ്ങളെ പേറി നിൽക്കുന്ന അതേ സമയം താഴെ നിന്നു അതിരില്ലാത്ത സന്തോഷത്താൽ ആഹ്ലാധിക്കുകയായിരുന്നു വീണ ……

അപ്പച്ചി തന്നോടെത്രയൊക്കെ പറയുമ്പോഴും പറയുന്നത് കള്ളമാണോ എന്ന് മനസ്സ് അത്രയേറെ ഭയന്നിരുന്നു …

എന്നാൽ ഇന്ന് തന്റെ മനസ്സിലെ സംശയത്തെ പൂർണമായും നീക്കപ്പെട്ടിരിക്കുന്നു…..

മനസ്സ് ആനന്ദത്തിന്റെ കൊടുമുടിയിലാണ്….

കാശിയെ വേണ്ടെന്ന് വെച്ചത് ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നായി അവൾക്ക് തോന്നി…..

സൂര്യ മുറിയിലേക്ക് പോകാതെ അവിടെ തന്നെ നിൽക്കുമ്പോൾ മുറിയിലേക്ക് കയറിയിരുന്ന കാശി ഓഫീസ് ഡ്രസ്സ്‌ മാറ്റി ഒരു ബനിയനും പാന്റുമിട്ട് അതേ വേഗത്തിൽ തന്നെ പുറത്തേക്ക് വന്നിരുന്നു….

മുഖത് അപ്പോഴും അതേ ദേഷ്യവും ഗൗരവവും ഉണ്ടായിരുന്നു…..

അവനെ നോക്കിയ മിഴികളെ പാടേ അവഗണിച്ചു അവൻ വേഗത്തിൽ കോണിപ്പടികളിറങ്ങുന്നതും അധികം വൈകാതെ കാറ് ദൂരെക്ക് പോകുന്ന ശബ്ദവും അവൾ കാതോർത്തു…..

അപ്പോഴാണ് താഴെ നിൽക്കുന്ന വീണയും മുകളിൽ നിൽക്കുന്ന സൂര്യയും പരസ്പരം കാണുന്നത്…..

വീണയുടെ മുഖത് നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു….

അവൾ സന്തോഷത്തോടെ കോണിപ്പടി കയറി തുടങ്ങി…

അവൾ വരുന്നത് കണ്ടതും എന്തെങ്കിലും കുശുമ്പ് പറയാനായിരിക്കുമെന്ന് അറിയാവുന്നത്സൂ കൊണ്ട് തന്നെ സൂര്യ വേഗം മുറിയിലേക്ക് നടക്കാനൊരുങ്ങി….

ഏയ്…. സൂര്യ…. നിൽക്ക്…. അങ്ങനങ്ങു പോയാലോ… ഞാൻ നിന്റെ അടുത്തേക്കല്ലേ വരുന്നത്…

അവളത് പറയുമ്പോഴും മുഖത്തെ സന്തോഷം അനിർവചനീയമായിരുന്നു….

സൂര്യ വല്യ താല്പര്യമില്ലാത്ത മട്ടിൽ നിന്നു……

അപ്പച്ചി പറഞ്ഞത് കേട്ട് ഞെട്ടി നിൽക്കുകയായിരിക്കും നീ അല്ലേ……

വീണയത് പറയുമ്പോഴും സൂര്യ ഒന്നും മിണ്ടിയില്ല….

എങ്കിൽ ഇതിലും ഞെട്ടാൻ ഞാനൊരു കാര്യം പറയാം….

വീണ ശബ്ദം താഴ്ത്തിയത് പറയുമ്പോൾ സൂര്യ അവളെയൊന്നു നോക്കി…

കാശി….
കണ്ടാൽ രാജ കുമാരനാണെന്ന് തോന്നുമെങ്കിലും ദരിദ്രവാസിയാ….

ആർക്കോ പിറന്ന അവനെ ഇവിടെയുള്ളവരുടെ കരുണ കൊണ്ട് വളർത്തിയതാ….

ആരോരുമില്ലാത്ത ഒരു അനാഥയാണവൻ….

വീണയത് പറയുമ്പോൾ സൂര്യ ഒരു ഞെട്ടലോടെ അ അവളെ നോക്കി….

വീണക്ക് വല്ലാത്ത സന്തോഷം തോന്നി…..

നിന്റെ സ്ഥാനത് പെടേണ്ടത് ഞാനായിരുന്നു…

കാശിയെ മതിയെന്ന് പറഞ്ഞ് നിന്ന എന്നോട് അപ്പച്ചി ഇത് പറഞ്ഞപ്പോഴേ ഞാൻ അത് പാടേ മറന്നു…..

എന്റെ ഭാഗ്യം കൊണ്ടാ അപ്പച്ചിക്കെന്നോടത് പറയാൻ തോന്നിയത്….

അവളതും കൂടി കൂട്ടി ചേർത്തപ്പോഴാണ് സൂര്യക്ക് എല്ലാം വ്യക്തമായത്…

ഈ സ്വത്തിലൊക്കെ അവകാശം കിട്ടുമെന്ന് നീയും കരുതിയിട്ടുണ്ടാവുമല്ലേ….
എന്നാൽ അവനിവിടുത്തെ വെറുമൊരു ജോലിക്കാരനാണെന്ന് അറിഞ്ഞപ്പോൾ നിനക്കുണ്ടായ പ്രയാസം എനിക്കൂഹിക്കാൻ കഴിയും……

അവൾ സങ്കടം ചാലിച്ചത് പറയുമ്പോഴും അതിലെ സന്തോഷം സൂര്യക്കറിയുന്നുണ്ടായിരുന്നു…..

വീണയുടെ വാക്കുകൾ സ്വത്തിൽ കുരുങ്ങി കിടക്കുമ്പോഴും സൂര്യ യുടേ മനസ്സിൽ മുഴുവൻ കാശിയുടെ മുഖമായിരുന്നു…..

അനാഥത്വത്തിന്റെ ഭാരം പേറുന്ന അവനോട് അവൾക്ക് വല്ലാത്തൊരു അലിവ് തോന്നി….

താനും ആ വേദന അറിഞ്ഞത് കൊണ്ടാവാം…

എന്നാൽ തനിക്ക് സ്നേഹം നൽകാൻ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നു….

അവനത് പോലുമില്ല….

ഈ ലോകത്ത് അവൻ തനിച്ചാണെന്ന തിരിച്ചറിവിൽ സൂര്യക്ക് വല്ലാത്തൊരു വേദന തോന്നി…..

വീണ അപ്പോഴും അതേ ചിരിയോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….

സൂര്യ പതിയേ മുറിയിലേക്ക് നടന്നു…..

(തുടരും )