20/04/2026

ഗൗരികല്യാണി : ഭാഗം 14

രചന – കണ്ണന്റെ മാത്രം

അച്ചു കമ്മീഷണർ ഓഫീസിൽ നിന്നും തന്റെ വണ്ടിയിൽ കയറി കണ്ണൻ അയച്ചു കൊടുത്ത ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ ഇട്ട് മൊബൈൽ ഹോൾഡറിൽ വച്ച് വണ്ടി ഓടിച്ചു തുടങ്ങി.അയച്ചു കൊടുത്ത ലൊക്കേഷൻ വഴി കുറച്ചുപോയപ്പോഴാണ് ഇതു അന്ന് അവന്റെ ദുർഗപെണ്ണിനെ കൊണ്ടാക്കാൻ വന്ന വഴി ആണെന്ന് മനസിലായത്.

അപ്പൊ ദുർഗയെ കാണാൻ ആണോ അവരു പോയത് അവൻ മനസ്സിൽ ചിന്തിച്ചു.അവന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു അവളെ കാണാമല്ലോ എന്ന് വിചാരിച്ച്. പക്ഷേ അയച്ച ലൊക്കേഷനിൽ എത്തിയപ്പോ അവനെ നിരാശ മൂടി കാരണം അതു ദുർഗയുടെ വീടിന്റെ ലൊക്കേഷൻ അല്ല എന്ന് അവനു മനസിലായി. അവൻ അതേ നിരാശയോടെ വണ്ടിയിൽ നിന്നും ഇറങ്ങി ലച്ചുവിനെ വിളിക്കാനായി ഫോൺ എടുത്തു.

ആ സമയത്താണ് വീടിനുള്ളിൽ നിന്നും ചിലങ്കയുടെ സ്വരവും പാട്ടും അവൻ കേട്ടത്. അവന്റെ കാലുകൾ യന്ത്രികമായി അങ്ങോട്ട് ചലിച്ചു. വാതിലിന്റെ അവിടെ എത്തിയപ്പോൾ അവൻ കാണുന്നത് വളരെ മെയ്യ്‌വഴക്കത്തോടെ നൃത്തം ചെയ്യുന്ന കല്ലുവിനെയും അവന്റെ ദുർഗാപെണ്ണിനേയും ആണ്. ലച്ചുവും ദേവൂട്ടിയും അതു വീഡിയോ എടുക്കുന്നുണ്ട്. അച്ചുവിന്റെ കണ്ണുകൾ അവന്റെ ദുർഗയെ മാത്രേ കണ്ടുള്ളൂ. അവളുടെ ഓരോ ഭാവങ്ങളും അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു. അവൾ കൂടുതൽ കൂടുതൽ ആഴത്തിൽ അവന്റെ ഉള്ളിൽ പതിഞ്ഞു.

ഡാൻസ് നിർത്തി തിരിഞ്ഞപ്പോ ആണ് വാതിൽക്കൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന അച്ചുവിനെ എല്ലാവരും കാണുന്നത്. അച്ചുവിനെ പോലീസ് യൂണിഫോമിൽ കണ്ടപ്പോ കല്ലുവും ഗൗരിയും ഞെട്ടിപ്പോയി കാരണം അവർക്ക് അറിയില്ലായിരുന്നു അവൻ പോലീസ് ആണെന്ന്. കല്ലു ഈ ചേട്ടായി എന്താ ഇവിടെ എന്ന് ചിന്തിച്ചപ്പോ ഗൗരി ഇദ്ദേഹം പോലീസ് ആയിരുന്നോ എന്നാണ് ചിന്തിച്ചത്. അച്ചുവിന്റെ കണ്ണുകൾ അപ്പോഴും ഗൗരിയുടെ മുഖത്ത് തന്നെ ആയിരുന്നു. അവന്റെ കണ്ണുകൾ അവളെ ഒന്നാകെ ഒന്നു ഉഴിഞ്ഞു നോക്കി. ദാവണിയിൽ അവളെ അവൻ ആദ്യമായി കാണുകയായിരുന്നു.

അതിൽ അവൾ ഒരുപാട് സുന്ദരിയായി തോന്നി. ഗൗരിക്ക് അവന്റെ തീക്ഷണ മിഴികൾ കൊണ്ടുള്ള നോട്ടം നേരിടാൻ പറ്റിയില്ല. അവൾ വേഗം മുഖം കുനിച്ചു. കല്ലുവും ശ്രദ്ധിച്ചിരുന്നു  ഗൗരിയുടെ മേലുള്ള അവന്റെ നോട്ടത്തെ. അവളുടെ പിരികം ഒന്നു ചുളിഞ്ഞു.

ആ സമയത്താണ് ദേവൂട്ടി അച്ചുവേട്ടൻ എന്നും പറഞ്ഞ് അവന്റെ അടുത്തേക്ക് പോയത്. അതോടെ അവർക്ക് മനസിലായി അതു ലച്ചുവിന്റെ ഒക്കെ ചേട്ടൻ ആണെന്ന്.

കല്ലു ചേച്ചി ചേച്ചിക്ക് അച്ചുവേട്ടനെ അറിയില്ലല്ലോ. ഇതാണ് ഞങ്ങളുടെ ഏറ്റവും മൂത്തചേട്ടൻ അഗ്നി ദേവ്. കണ്ണേട്ടന്റെ ട്വിൻ ആണ് ആള്. നമ്മുടെ കൊച്ചി DCP ആണ്. ലച്ചു പറഞ്ഞു…

ഏഹ്ഹ് അപ്പൊ ഗൗരി എങ്ങനെയാ പരിചയപ്പെട്ടതാവോ കല്ലു മനസ്സിൽ ചിന്തിച്ചു. ഇവർ പോയിട്ട് ചോദിക്കാം എന്നും വിചാരിച്ചു…

കല്ലു വേഗം അച്ചുവിന് അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു സോറി സർ അന്ന് മനസിലായില്ല സർ പോലീസ് ആണെന്ന്…

സാർ എന്നൊന്നും വിളിക്കണ്ട കല്യാണി അന്ന് വിളിച്ചപോലെ ചേട്ടായി എന്ന് വിളിച്ചാമതി…അച്ചു പറഞ്ഞു.

അപ്പൊ ചേട്ടായിയും കല്ലു എന്ന് വിളിച്ചാമതി… കല്ലുവും പറഞ്ഞു.

ഏഹ് നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ എന്നിട്ട് ഗൗരി ചേച്ചി അന്ന് ഒന്നും പറഞ്ഞില്ലല്ലോ ദേവൂട്ടി പറഞ്ഞു..

എന്ന്.. കല്ലു സംശയത്തോടെ ചോദിച്ചു

അപ്പൊ അവർ അന്ന് ഗൗരിയെ അവളുടെ വീട്ടിൽ കൊണ്ടാക്കിയ കാര്യo ഒക്കെ പറഞ്ഞു.

ഇനി നിങ്ങൾ പറ എങ്ങനെയാ നിങ്ങൾക്ക് അച്ചുവേട്ടനെ പരിചയം… ലച്ചു ചോദിച്ചു.

കല്ലു അപ്പോൾ അന്ന് ബസ്സ്റ്റോപ്പിൽ വച്ച് ഉണ്ടായതൊക്കെ പറഞ്ഞു…

ഈ സമയത്തെല്ലാം അച്ചുവിന്റെ കണ്ണുകൾ അവന്റെ ദുർഗയെ തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു. ഗൗരിയാണെങ്കിൽ അവന്റെ നോട്ടത്തിൽ ആകെ വിയർത്തുപോയി. അവളുടെ കണ്ണുകൾ പരിഭ്രമത്തോടെ  നാലു പാടും പാഞ്ഞു നടന്നു.

ലച്ചുവിനോടൊക്കെ സംസാരിക്കുന്നുണ്ടെങ്കിലും കല്ലു ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

ചേട്ടായി ഉള്ളിലേക്ക് കയറി ഇരിക്ക് ഒരു ചായകുടിച്ചിട്ട്  പോകാം.. കല്ലു പറഞ്ഞു.

ഏയ്യ് വേണ്ടടോ ഇറങ്ങട്ടെ… അല്ല തന്റെ അമ്മ എവിടെ.. ഇപ്പോൾ എങ്ങനെ ഉണ്ട്..

അമ്മ ഇത്രേം നേരം ഇപ്പോ ഒന്നുകിടക്കാൻ പോയി. ഞാൻ വിളിക്കാം.

ഏയ്യ് വേണ്ടടോ ഞാൻ അങ്ങോട്ട് വരാം. ഇതും പറഞ്ഞ് അച്ചു ഉള്ളിലേക്ക് കയറി.
ലച്ചുവും ദേവൂട്ടിയും

ആ ഞങ്ങളും രാധുമ്മയോട് യാത്ര പറഞ്ഞിട്ടില്ല എന്നും പറഞ്ഞ്  ലച്ചുവും ദേവൂട്ടിയും കൂടി പോയി.

എല്ലാവരും രാധിക കിടക്കുന്ന റൂമിലേക്ക് പോയപ്പോ ഗൗരിയും  അവരുടെ പിന്നാലെ പോയി വാതിലിനു അടുത്ത് ചുമരിൽ ചാരി നിന്നു….

അവർ പോയി രാധികയോട് സംസാരിച്ച് യാത്രയും പറഞ്ഞ് തിരിച്ചിറങ്ങി. ഏറ്റവും അവസാനമായി ആണ് അച്ചു ഇറങ്ങിയത്. ഗൗരിയുടെ അടുത്തെത്തിയപ്പോൾ മുൻപിൽ പോകുന്നവരെ ഒന്നു നോക്കി അവർ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ഗൗരിയുടെ കാതിലേക്ക് മുഖം അടുപ്പിച്ച് അച്ചു പറഞ്ഞു ഡാൻസ് നന്നായിരുന്നു. എനിക്ക് ഇഷ്ടായി. ഇതും പറഞ്ഞ് അച്ചു വേഗം നടന്നു പുറത്തേക്ക് പോയി.

കാതിൽ തട്ടിയ ആ ചുണ്ടുകളുടെ തണുപ്പിലും കഴുത്തിൽ പതിച്ച ആ ചുടുനിശ്വാസത്തിലും ഗൗരി ഒരു നിമിഷം തറഞ്ഞു നിന്നു.

അപ്പോഴാണ് പുറത്ത് ദേവൂട്ടി ഗൗരിയെ വിളിക്കുന്ന സൗണ്ട് ഗൗരി കേട്ടത്. അവൾ വേഗം പൊടിഞ്ഞ വിയർപ്പ് തുടച്ചുകളഞ്ഞു പുറത്തേക്ക് പോയി. പുറത്തെത്തിയതും ഒരു കുസൃതി ചിരിയോടെ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെ ആണ് അവൾ കണ്ടത്. അവളുടെ മുഖം തുടുത്തു. കവിളുകൾ ചുമന്നു.അവൾ വേഗം മുഖം കുനിച്ചു നിന്നു…

അപ്പൊ ചേച്ചിമാരെ അടുത്ത സൺ‌ഡേ കാണാം. നിങ്ങൾ രാവിലെ വരില്ലേ. ഡ്രെസ്സ് ഒക്കെ കൊണ്ട് വന്ന മതി നമുക്ക് അവിടെ നിന്ന് യാത്ര ആവാം. ലച്ചു പറഞ്ഞു

ഞങ്ങൾ ഉച്ചക്ക് വരാടാ അപ്പൊ യാത്ര ആയിട്ട് വരാലോ.. അതു പോരെ.. കല്ലു പറഞ്ഞു.

പറ്റില്ല പറ്റില്ല… രാവിലെ വരണം. ദേവൂട്ടിയും പറഞ്ഞു….

ആ നോക്കട്ടെ..കല്ലു പറഞ്ഞു..

അപ്പൊ റ്റാറ്റാ.. പിന്നേ കാണാം. അവർ അതും പറഞ്ഞു പോയി. അച്ചു ഗൗരിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി എടുത്ത് പോയി..

അവർ അങ്ങോട്ട് പോയതും കല്ലു നേരെ ഗൗരിയുടെ മുന്നിൽ എത്തി കൈയും കെട്ടിനിന്നു അവളെ നോക്കി. അപ്പൊ ഗൗരി എന്തെ എന്നുള്ള രീതിയിൽ അവളെ നോക്കി.

അല്ല എന്തായിരുന്നു ഇവിടെ ഒരാൾ കണ്ണ് വെട്ടാതെ നോക്കുന്നു.

അടുത്ത ആൾ അതുകണ്ടു ആകെ ചുമക്കുന്നു..നാണിക്കുന്നു. എന്താ കാര്യം.

അങ്ങനെ ഒന്നും ഇല്ലെടാ.. ആള് ചുമ്മാ നോക്കുന്നതാവും.. അല്ലെങ്കിൽ ഇത്രേം ഭംഗിയും പഠിപ്പുമുള്ള സാർ എവിടെ കിടക്കുന്നു. ഈ ഞാൻ എവിടെ കിടക്കുന്നു. ഗൗരി വിഷമത്തോടെ പറഞ്ഞു.

ചേട്ടായി ചുമ്മാ നോക്കുന്നതൊന്നും അല്ല വന്നപ്പോ തൊട്ട് പോകുന്നതുവരെ നിന്റെ മേലിൽ നിന്ന് കണ്ണെടുത്തിട്ടില്ല ആള്. അതുപോട്ടെ എന്താ മോൾടെ അവസ്ഥ… നിനക്ക് ഇഷ്ടാണോ ആളെ…

അങ്ങനെ ഒന്നും ഇല്ല… നീ ചുമ്മാ ഓരോന്നും പറയല്ലേ… ഗൗരി കല്ലുവിന് മുഖം കൊടുക്കാതെ പറഞ്ഞു.

കല്ലു ഗൗരിയെ തനിക്കു നേരെ തിരിച്ചുകൊണ്ട് ചോദിച്ചു… എന്റെ മുഖത്ത് നോക്കി പറഞ്ഞെ നിനക്ക് ഒന്നും ഇല്ലാന്ന്.

ഗൗരി കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു… എന്താന്ന് അറിയില്ല ഡാ അന്ന് വീട്ടിൽ കൊണ്ടാക്കിയെന്ന് പറഞ്ഞില്ലേ അന്ന് മുതൽ ആളുടെ മുഖവും കണ്ണുകളും ഇങ്ങനെ ഇടക്കിടക്ക് ഓർമ വരും.. ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട് മറക്കാൻ പറ്റുന്നില്ല….

അതെന്തിനാ നീ മറക്കാൻ ശ്രമിക്കുന്നത്..കല്ലു ചോദിച്ചു

അതൊന്നും ശരിയാവില്ല ഡാ.. എല്ലാംകൊണ്ടും എന്നേക്കാൾ ഒരുപാട് നല്ല കുട്ടികളെ കിട്ടും ആൾക്ക്.. എന്തിനാ വെറുതെ ഞാൻ മോഹിച്ചിട്ട് അവസാനം സങ്കടപെടുന്നേ. അതുകൊണ്ട് ഞാൻ അതു ഉള്ളിൽ നിന്നു എടുത്തുകളയാൻ നോക്കി കൊണ്ടിരിക്കാ… അല്ലെങ്കിലും ആഗ്രഹിച്ചതൊന്നും കിട്ടാനുള്ള യോഗം എനിക്കില്ല…..ഒരു വേദന നിറഞ്ഞ ചിരിയോടെ അതും പറഞ്ഞു ഗൗരി അവളുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി..
ഞാൻ പോട്ടെ കല്ലു ഇപ്പോഴേ നേരം വൈകി ഇനിയും വൈകിയ അമ്മ പ്രശ്നാക്കും. നീ രാധുമ്മയോട് പറയ്..

ഗൗരി പോകുന്നത് കല്ലു ഒരു വിഷമത്തോടെ നോക്കി നിന്നു…

……………..

അച്ചുവിന്റെ കൂടെ ലച്ചുവും ദേവൂട്ടിയും വീട്ടിൽ എത്തുമ്പോ എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.
അപ്പേ ശ്രീയമ്മേ ഞാൻ ഒരു കാര്യം കാണിച്ചു തരാം…. നിങ്ങൾക്ക് ഇഷ്ടാവും…ലച്ചു വന്നുകേറുമ്പോഴേക്കും പറഞ്ഞു..

എന്താദ് ഇത്രേം വലിയ സംഭവം…. തേജ ചോദിച്ചു..

ഞാൻ ഇന്ന് നിങ്ങളുടെ പോലെ അത്രേം നന്നായി ഡാൻസ് കളിക്കുന്ന രണ്ടുപേരെ കണ്ടു. അവരുടെ ഡാൻസ് വീഡിയോ എടുത്തിട്ടുണ്ട്.

ആഹാ ഇന്ന് നിങ്ങൾ പോയ ആ മക്കളുടെ ആണോ.. നീ അതു ആ ടീവിയിലേക്ക് കണക്ട് ചെയ്തേ… രവി പറഞ്ഞു.

ഡ്രെസ്സ് മാറാൻ റൂമിലേക്ക് പോകാൻ നിന്ന അച്ചു ഇതുകേട്ടതും അവിടെ ഇരുന്നു…

എല്ലാവരും അച്ചുവിനെ അത്ഭുധത്തോടെ നോക്കി കാരണം വീട്ടിൽ വന്ന അപ്പൊ തന്നെ പോയി ഫ്രഷ് ആയി ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് വരുന്ന ആളാണ് ഇങ്ങനെ ഇരിക്കുന്നത്.

എന്തുപറ്റി അച്ചു. നീ എന്താ അവിടെ തന്നെ ഇരിക്കുന്നത് മഹി ചോദിച്ചു.

ഒന്നൂല്ല്യ ചെറിയച്ഛ എനിക്ക് ചെറിയ ഒരു തലവേദന  അപ്പൊ ഒരു ചായ കുടിച്ചിട്ട് മോളിൽ പോകാം എന്ന് കരുതി…

ഞാൻ എന്നാൽ നിനക്ക് ചായ എടുക്കാം എന്ന് പറഞ്ഞു എഴുനേൽക്കാൻ പോയ ശ്രീയമ്മയോട് അവൻ പറഞ്ഞു

വേണ്ട ശ്രീയമ്മേ സുഭദ്ര ചേച്ചി പോയിട്ടുണ്ടാവില്ലല്ലോ അവരോട് പറയാം എന്നും പറഞ്ഞു അവൻ അടുക്കളയിലേക്ക് പോയി ഒരു ചായ  വേണം ചേച്ചി എന്നും പറഞ്ഞ് അവിടെ തന്നെ വന്നിരുന്നു.

അപ്പോഴേക്കും ലച്ചുവും ദേവൂട്ടിയും കൂടി മൊബൈൽ ടീവിയിലേക്ക് കണക്ട് ചെയ്തു.അതിൽ പാട്ട് തുടങ്ങിയതും എല്ലാവരും ടീവിയിലേക്ക് നോക്കി ഇരുന്നു…