20/04/2026

കല്യാണിക്കുട്ടി : ഭാഗം 05

രചന – അളകനന്ദ

മിന്നൽ വേഗത്തിൽ പപ്പേട്ടന്റെ കൈകൾ എന്റെ പാദങ്ങളിൽ പിടുത്തമിടുന്നതും അവ പടവുകളിൽ നിന്ന് വേർപെട്ട് വായുവിൽ ഉയരുന്നതും പിന്നിലേക്കാഞ്ഞപ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു. വീഴാൻ ആയുന്നതിന് മുന്നേ പിന്നിലത്തെ പടിക്കെട്ടിൽ താങ്ങു കൊടുത്തു. എന്റെ കാൽപാദമെടുത്ത് മടിത്തട്ടിൽ വച്ച് കൊലുസ് കയ്യിലാക്കി കറക്കിയും വലിച്ചുമൊക്കെ നോക്കുവാണ് ആള്. കുളത്തിലെ വെള്ളത്തിനേക്കാൾ തണുപ്പ് ആ കൈകൾക്കുണ്ടെന്ന് തോന്നി. അവ എന്റെ സിരകളിലാകെ കുളിരണിയിക്കുന്നത് ഞാനറിഞ്ഞു. “ഇതു കിലുങ്ങണില്ലല്ലോ കല്യാണിക്കുട്ടി,,
അതെന്താ? ” “”അതിന്റെ കിലുക്കം അഴിച്ചു വച്ചിരിക്ക്യ പപ്പേട്ടാ.. ” “എനിക്ക് കിലുക്കമുള്ളതാ ഇഷ്ടം. കിലുക്കാം പെട്ടി പോലെ.. “താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ടാണ് പറഞ്ഞത്. “എങ്കിലിനിയെടുത്തിടാട്ടോ… “കേട്ടതിന്റെ സന്തോഷത്തിലെന്റെ കാൽ വെള്ളയിൽ ഇക്കിളി കൂട്ടിയപ്പോ ഒന്നുപിടഞ്ഞുകൊണ്ട് കാല് പിറകോട്ടു വലിച്ചു. “മതി പപ്പേട്ട.. ഇത്രേം നേരം വെള്ളത്തിൽ കളിച്ചില്ലേ..
നല്ല മഴക്കോളുണ്ട്.. എണീക്ക്. ” എഴുന്നേറ്റു നിന്ന് കൈ നീട്ടി വിളിച്ചപ്പോൾ കുളത്തിലേക്ക് ഒന്നൂടി നോക്കിയിട്ട് നീട്ടിയ കയ്യിൽ പിടിച്ചെഴുന്നേറ്റു ആ കൈ വിടാതെ തന്നെ വീട്ടിലോട്ടു നടന്നു.

“എത്തിയോ? കുളത്തിലിറങ്ങിയാ പിന്നെ ചെക്കന് എന്തൊരു ബുദ്ധിമുട്ടാണന്നോ തിരിച്ചു കേറാൻ.. എത്ര നേരം വായിട്ടലച്ചാലാ ഒന്ന് കേറി വര്യാ… ” പപ്പേട്ടനിതൊന്നും ചെവി കൊടുക്കാതെ മുകളിലെക്കോടി. അച്ഛൻ ഊണ് മേശക്കരുകിൽ ഭക്ഷണം കഴിക്കാൻ ഇരിപ്പുണ്ട്. അമ്മ ഇഡ്ഡലിയും സാമ്പാറും വിളമ്പുന്നതിനിടയിലാണ് പറച്ചിൽ. പപ്പേട്ടൻ നിൽക്കാതെ ഓടിയതിന്റെ കാരണം കത്തി. ഞാനപ്പോഴും അമ്മ പറഞ്ഞകാര്യത്തിൽ കുടുങ്ങി കിടക്കുവായിരുന്നു. ഞാനൊന്ന് കൈനീട്ടി വിളിച്ചപ്പോത്തന്നെ മറുത്തോരക്ഷരം മിണ്ടാതെ എന്റെ കൂടെ പോന്നിരുന്നല്ലോ? അമ്മയും അരുണേട്ടനുമൊക്കെ പറഞ്ഞ പോലെ പപ്പേട്ടനെ പഴേ പടിയാക്കാൻ എനിക്ക് പറ്റുമെന്ന ആത്മവിശ്വാസം കൈവന്നു.ദിവസങ്ങൾ കടന്നു പോകും തോറും ഞാനില്ലാതെ പറ്റില്ലന്നായിരിക്കുന്നു പപ്പേട്ടന്. എനിക്കുമതേ… അരുണേട്ടൻ ഇടയ്ക്കിടെ ഫോണിൽ വിളിച്ചു വിശേഷങ്ങൾ തിരക്കാറുണ്ട്. വരുണേട്ടനും വല്യച്ഛനുമൊക്കെ സംസാരിക്കും. വല്യമ്മയെ ഞാൻ തിരക്കും.അവിടെമാത്രം ഇപ്പോഴും കുലുക്കമൊന്നുമില്ല. വരുണേട്ടനു ബാംഗ്ലൂർ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ടന്നും  ഉടനെ പോകുമെന്നും പറഞ്ഞു. പോകണതിന് മുന്നേ ഇത്രടം വരെ

വന്നിട്ടേ പോകൂ എന്ന് വാക്കും തന്നു. അരുണേട്ടന്റെ സ്വരം കെട്ടാൽ പിന്നെ ഫോൺ പപ്പേട്ടന്റെ കയ്യിലാകും. മണിക്കൂറുകൾ നീണ്ട സംസാരം. സത്യത്തിൽ അവർ തമ്മിൽ സംസാരിക്കുന്നതൊന്നും ഞാൻ കേൾക്കാറില്ല. പപ്പേട്ടന്റെ മുഖത്ത് കണ്ണും പതിപ്പിച്ചു ഓരോ ഭാവങ്ങളും ക്ലിക്ക് ചെയ്തു വക്കും. കണ്മുന്നിൽ ഇല്ലാത്തപ്പോ മനസിലിട്ടോടിക്കാൻ. സദാസമയവും എങ്ങനെ ഇങ്ങനെ ചിരിയോടെയിരിക്കാൻ കഴിയുന്നെന്ന് ഓർക്കാറുണ്ട് . കല്യാണത്തിന് കുറച്ചു നേരം ചിരിച്ച് നിന്നപ്പോൾ തന്നെ കവിളിലൊക്കെ എന്തൊരു വേദനയായിരുന്നു എനിക്ക് . മഴപെയ്തു തോർന്നു. ഊണുകഴിഞ്ഞപ്പോ മുറ്റത്തേക്ക് ഇറങ്ങാമെന്ന് വച്ച് എത്തിയപ്പോ അമ്മ ചാരുപടിയിൽ വെളിയിലോട്ട് നോക്കി ഇരിക്കുന്നു. “അമ്മ ഇവിടെ ഉണ്ടാരുന്നോ?   അടുത്തേക്ക് ചെന്ന് നിലത്തിരുന്നാ മടിയിൽ തലചായ്ച്ചു. നാളുകൾക്ക് ശേഷം ഒരാളെ അമ്മേയെന്ന് വിളിക്കുന്നതും ആ സ്നേഹം കിട്ടിയതും ഇവിടെ നിന്നാണ്. “പപ്പനെ കണ്ടില്ലല്ലോ ?
അല്ലേൽ വാല് പോലെ നിന്റെ പിറകെ കാണൂല്ലോ.. ” തലമുടിക്കിടയിലൂടെ ചെറുവിറയാർന്ന വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു അമ്മ.

“അരുണേട്ടൻ വിളിച്ചു. സംസാരിച്ചോണ്ട് നിൽക്കുവാ. ” “മോള് വന്നതിൽ പിന്നെ നല്ല മാറ്റമുണ്ട്. അല്ലേൽ തൊടുന്നതിനും പിടിച്ചതിനുമെല്ലാം വാശിയായിരുന്നു.രണ്ടു വഴക്ക് കിട്ടാതെ അടങ്ങുകേലാരുന്നു. ” “മ്മ്മ്….. പപ്പേട്ടന് കൊടുക്കുന്ന മരുന്നങ്ങ്നി ർത്തിയേക്കാം അമ്മേ…… അസുഖം ശരീരത്തിനല്ലല്ലോ,,, മനസിന്റെ താളം നേരേയാക്കാൻ  ആ മരുന്നിനാവില്ല. ” “എനിക്കും അതിനോട് താല്പര്യം ഇല്ലാരുന്നു. ശേഖരേട്ടന്റെ ആധി കാരണമാ. ദേവിയേട്ടത്തിയുടെ മരണം ഏട്ടനെ വല്ലാണ്ട് ബാധിച്ചു. അതിന്റെ കൂടെ പപ്പന് ഇങ്ങനെ കൂടി ആയപ്പോൾ ആകെ മരവിച്ച മട്ടായിരുന്നു. അവനെ കൂടി നഷ്ടപ്പെടുത്താൻ വയ്യാന്നു പറഞ്ഞു പലയിടത്തും ഓടി നടന്നു. “പിന്നെ കുറച്ചു നേരം മൗനമായിരുന്നു. “ഞാനൊന്ന് കിടന്നേച്ചും വരാം. “അമ്മ അകത്തേക്ക് നടന്നപ്പോൾ ഞാനും കേറി. അച്ഛൻ തെങ്ങും തോപ്പിലേക്ക് പോയിരുന്നു രാവിലെ തന്നെ. പപ്പട്ടനെ കാണണമെന്നു തോന്നി. ഞാൻ ചെല്ലുമ്പോൾ ജനൽ കമ്പിയിൽ പിടിച്ചു വെളിയിലേക്ക് നോക്കി ഒരേ നിൽപ്. കണ്ണിമപോലും ചിമ്മാൻ മറന്ന പോലെ… പിറകിൽ ചെന്ന് പപ്പേട്ടന്റെ കണ്ണുകൾ ദൃഷ്ടി പോയിടത്തേക്ക് എന്റെ കണ്ണുകളെയും പായിച്ചു. തൊടിയിൽ ഒത്തിരി ശിഖരങ്ങളോട് കൂടിയുള്ള ഒരു അമ്പഴത്തിന്റെ മരം.ഒരു പക്ഷേ,, അമ്മയുടെ ഓർമ്മകളുടെ ആഴങ്ങളിലായിരിക്കും ആള്. അത് കൂടുതൽ ദോഷം ചെയ്യുകയെ ഒള്ളൂ. എങ്ങനെയും ഏട്ടന്റെ ശ്രദ്ധ തിരിച്ചു വിടണമെന്ന് തോന്നി. പെട്ടന്ന് തന്നെ പിന്നീന്ന് കൈകൾ കൊണ്ട് ഏട്ടന്റെ കണ്ണുകൾ മൂടി.

പിന്നിൽ വന്നു കണ്ണു പൊത്താം കണ്ടുവെന്നു കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം… പാടി തീരുന്നതിനു മുൻപ് കയ്യിൽ പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി. ആ നെഞ്ചിൽ ഇടിച്ചു നിക്കുമ്പോ പപ്പേട്ടൻ തന്റെ കൈകളാൽ എന്നിൽ വലയം തീർത്തു. പപ്പൻ എന്ന ബിന്ദുവിനെ കേന്ദ്രമാക്കി വലയം ചെയ്യുന്നൊരു ഗ്രഹമായി ഞാൻ മാറിയിരിക്കുന്നു. “കല്യാണിക്കുട്ടി ആണെന്ന് എനിക്കറിയാരുന്നുല്ലോ… ” നെഞ്ചിൽ നിന്ന് മുഖമുയർത്തി നോക്കി.ആദ്യം നോട്ടം ചെന്നെത്തിയത് ഇടതു കവിളിലെ ചുഴിയിലാണ്. ഒരു നനുത്ത ചുംബനം നൽകണമെന്ന് കരുതിയാണ് മുഖമടുപ്പിച്ചതെങ്കിലും ദന്തങ്ങളാണ് മുദ്ര പതിപ്പിച്ചത്. അബദ്ധം പിണഞ്ഞ പോലെ നാക്കുകടിച്ചു പിന്നോക്കം മാറുമ്പോൾ മുഖം വീർപ്പിച്ചു നിൽക്കുവാ കക്ഷി. “എനിക്ക് നൊന്തു “കൊച്ചു കുട്ടികളെ പോലെ പരിഭവം കാട്ടിപറയുന്നത് കണ്ടാൽ ആർക്കും വാത്സല്യം തോന്നിപ്പോകുമായിരുന്നു. “അച്ചോടാ… “പോ… ഞാൻ മിണ്ടുലാ ” “സ്നേഹം കൊണ്ടല്ലേ. പിണക്കം മാറ്റാൻ ഒരു സൂത്രം തന്നാ മത്യോ ” പിണക്കമെല്ലാം വിട്ട് അതെന്താണന്നറിയാനുള്ള വ്യഗ്രതയിലെത്തി.
ഇരു കൈകളിലും ആ മുഖമെടുത്ത്,, കടിച്ചിടത്തു കുഞ്ഞൊരുമ്മ ,, ഏറെ വാത്സല്യത്തോടെ കൊടുത്തു. അപ്പൊ വിരിഞ്ഞ പപ്പേട്ടന്റെ പുഞ്ചിരിക്ക് വെള്ളാമ്പൽ പൂവിന്റെ ചേലുണ്ടായിരുന്നു.

വാ….. നമുക്ക് ഊഞ്ഞാലാടാം “വിളിച്ചോണ്ട് പപ്പേട്ടനെയുമായി മുറ്റത്തേക്കോടി.
അന്നു ഇവിടെ ആദ്യമായി വന്നപ്പോ വീടിനെക്കാൾ മുന്നേ നോക്കിയത് ആ ഊഞ്ഞാൽ ആയിരുന്നു. ഊട്ടിയിൽ പഠിച്ചകൊണ്ടും നാട്ടിലേക്കുള്ള വരവുകളൊക്കെ കുറവായകൊണ്ടും ഊഞ്ഞാലിൽ ഒന്നും കയറി അതികം പരിചയവുമുണ്ടായിരുന്നില്ല .ഓട്ടം നിന്നത് തെക്കേ മുറ്റത്തെ വലിയ മാവിൻ ചോട്ടിലാണ്. ചെരുപ്പിടാൻ വിട്ട് പോയി. മഴ പെയ്തു തോർന്നകൊണ്ട് മണ്ണിലാകെ തണുപ്പാണ്. അന്തരീക്ഷത്തിലും ആ തണുപ്പ് നിലനിൽക്കുന്നുണ്ട്. “കല്യാണിക്കുട്ടി ആദ്യം കേറ്… ഞാൻ ആട്ടിത്തരാം. ” പപ്പേട്ടൻ ഞാനിരുന്ന തടി പലകയുടെ രണ്ടു വശവും പിടിച്ചു പുറകിലേക്ക് കൊണ്ടുപോയി നിർത്തിയിട്ട് മുന്നിലേക്ക് ആഞ്ഞു തള്ളി. ഓരോ വട്ടവും ആട്ടി വിടുന്നതിന്റെ വേഗത കൂടിക്കൊണ്ടേയിരിക്കാണ്. ശീലം മില്ലാത്ത കൊണ്ട് പേടി വന്നു തുടങ്ങിരുന്നു. ഞാൻ എന്തൊക്കെയോ പറഞ്ഞു നിർത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അത് കേട്ടുവെന്ന് തോന്നുന്നു. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോ പപ്പേട്ടൻ തന്നെ കയറിൽ പിടിച്ചു നിർത്തി. തറയിൽ കാല് കുത്തിയപ്പോഴാണ് ആശ്വാസമായത്. “പേടിച്ചു പോയോ? ”
എന്നെ പിടിച്ചു അടുത്ത് കിടന്ന കരിങ്കല്ലിൽ ഇരുത്തും വഴി പപ്പേട്ടൻ ചോദിച്ചു. ഇല്ലാന്നു തലയനക്കി കാണിച്ചു.

” ഇനി ഞാൻ ആടി കാണിക്കാമേ.. ” അതും പറഞ്ഞു പപ്പേട്ടൻ ഊഞ്ഞാലിന്റെ അരികിലേക്ക് നടന്നു. അതിൽ എണീറ്റു നിന്നു.എന്താ ചെയ്യാൻ പോണെന്ന് നോക്കിയിരുന്നപ്പോ ആള് തന്നത്താൻ മുൻപോട്ടു ആഞ്ഞു ആടുന്നു. എന്നെ ആട്ടിയതിലും ഉയരത്തിൽ പപ്പേട്ടൻ ആടുന്നത് കണ്ടു. ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റപ്പോ പപ്പേട്ടൻ ആട്ടം നിർത്താതെ പതിയെ താന്നു അതിലിരുന്ന ശേഷം കാല് കുത്തി നിന്നു.  “ബാ.. നമുക്ക് ഒരുമിച്ചിരുന്നാടാം. വായോ.. ” വിളിക്കാൻ നോക്കിയിരുന്ന പോലെ ഓടി അടുത്ത് ചെന്ന് വലതു ഭാഗത്ത് ഞാനും ഇരുപ്പ് ഉറപ്പിച്ചു. ഊഞ്ഞാലാടാൻ വന്നപ്പോളേ എന്റെ മനസ്സിൽ തെളിഞ്ഞ ചിത്രം ഇതായിരുന്നു. എന്റെ പുറകിലൂടെ കയ്യിട്ട് കയറിൽ പിടിച്ചിരുന്നു പപ്പേട്ടൻ. വീശിയടിക്കുന്ന തണുപ്പുള്ള കാറ്റിന്റെ കൂടെ നാസികയിൽ അരിച്ചു കയറുന്ന പപ്പേട്ടന്റെ ഗന്ധം എന്നെ മത്തു പിടിപ്പിക്കാൻ തുടങ്ങി. ആകാശത്ത് പാറി നടക്കുന്ന തൂവലുകളാണ് ഞങ്ങളെന്ന് തോന്നി. ഒട്ടും ഭാരമില്ലാതെ പാറി നടക്കുന്നവ.ആ സ്വപ്‌നലോകത്തു നിന്നും തിരിച്ചു വരാൻ മടി തോന്നും വിധം ഞങ്ങളവിടെ കൊറേ നേരമിരുന്നു. ഉറങ്ങാൻ കട്ടിലിൽ ഇരുന്നു കണ്ണടച്ച് പ്രാർഥിച്ചോണ്ടിരുന്നപ്പോൾ പപ്പേട്ടൻ മടിയിലേക്ക് തല ചായ്ച്ചു.”പാട്ട്  പാടി താ കല്യാണിക്കുട്ടി ” ശരിക്കും ഒരുപാട് സന്തോഷം കൊണ്ട് ഒരായിരം പൂത്തിരി കത്തിക്കാൻ തോന്നി. പലപ്പോഴും ഓരോ കാര്യങ്ങൾക്ക് അനുവാദത്തിനായി ചെയ്തുതരുമോ പറഞ്ഞുതരാവോ എന്നൊക്കെ ചോദിച്ചിരുന്ന ആളിപ്പോ അധികാരത്തോടെ പറഞ്ഞു കേട്ടപ്പോഴുള്ള സന്തോഷം.

എന്റെ ഇടം കൈ നെഞ്ചിൽ വച്ചു വലം കൈ തലമുടിയിലും കൊരുത്ത് തന്നത് പപ്പേട്ടൻ തന്നെയാണ്. ആ മുഖത്തേക്ക് നോക്കി ഇരുന്നാണ് പാടി തുടങ്ങിയത് .ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ ആകാശത്തൂഞ്ഞാലാടു നീ
കാണാക്കിനാക്കണ്ടുറങ്ങു നീ അമ്പോറ്റിയെ നീ കണ്ടോണ്ടുറങ്ങുമ്പം
കൽക്കണ്ട കുന്നൊന്നു കാണായ്‌ വരും കൽക്കണ്ട കുന്നിന്റെ ഉച്ചീല് ചെല്ലുമ്പം
അമ്പിളി തമ്പ്രാന്റെ കോലോം കാണാം ആ കോലോത്തെത്തുമ്പോൾ അവിടെ എന്തൊരു രസമെന്നൊ പാൽക്കാവടിയുണ്ട്‌ അരികെ പായസപ്പുഴയുണ്ട്‌ അവിടെ
കാത്തുകാത്തൊരമ്മയിരിപ്പുണ്ട്‌ ചാഞ്ചാടി അമ്മ നടക്കുമ്പോൾ ആകാശ ചെമ്പൊന്നിൻ ചിലമ്പാകെ ചിലമ്പുന്ന പാദസ്വരംഅമ്മേടെ കയ്യിലെ കിങ്ങിണിക്കളിപ്പാട്ടം  കിലുങ്ങാതെ കിലുങ്ങുന്ന കിലുക്കാം‌പെട്ടി ആ പെട്ടി തുറന്നാലോ അതിലായിരം നക്ഷത്രം ആ നക്ഷത്രക്കൂട്ടിൽ നിറയെ സ്നേഹപ്പൂങ്കിളികൾ കിളിപാടും പാട്ടിലൊരമ്മമനസ്സുണ്ട്‌.

നിലാ വെളിച്ചം കടന്നു വരുന്ന ജനൽ വഴി ആകാശത്തേക്ക് നോക്കിപ്പോയി. ഈ പാട്ടിന്റെ വരികൾ പാടിയപ്പോൾ ഓർമ വന്നത്,, ദേവി,,, യെന്ന പേരാണ്.
പപ്പേട്ടന്റെ അമ്മ. ദൂരെയൊരു ഒറ്റ നക്ഷത്രം നിൽക്കുന്നുണ്ട്. അത് മിന്നി മിന്നി തെളിയുന്നു. കണ്ണുചിമ്മുന്നത് പോലെ. പപ്പേട്ടനെ നോക്കിയപ്പോൾ ആള് ഉറങ്ങിയിരുന്നു. മടിയിൽ നിന്നും മെല്ലെ തല പൊക്കി അനക്കം തട്ടാതെ തലയണ അടിയിൽ വച്ച് കൊടുത്തു. കുനിഞ്ഞു ചെന്ന് നെറ്റിയിൽ ഒന്ന് മുത്തിയിട്ട് ഞാനും കൂടെ കിടക്കും നേരം ചെമ്പകപ്പൂവിന്റെ ഗന്ധവും പേറി നേർത്തോരു കാറ്റ് ഞങ്ങളെ തഴുകാൻ എത്തിയിരുന്നു…….