16/04/2026

നീയറിയാതെ : ഭാഗം 07

രചന – അയിഷ അക്ബർ

മരത്തിന്റെയാ കോണിപ്പടികളിലൂടെ അന്ന കയറുമ്പോഴാണ് തന്നെയാരോ പിന്തുടരുന്നതായി അവൾക്ക് തോന്നിത്…. കോണിപ്പടിയിൽ തന്റെ കാലടി ശബ്ദത്തിനൊപ്പം മറ്റൊരു ശബ്ദം കൂടി അവൾക്ക് കേൾക്കാൻ കഴിഞ്ഞു…. അവൾ പിറകിലേക്ക് പല തവണ തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടിരുന്നില്ല…. അവളുടെ മനസ്സിൽ ഉരുണ്ടു കൂടിയ ഭയം അവളുടെ ചുവടുകളെ വേഗത്തിലാക്കി…. പിറകിലേക്ക് തിരിഞ്ഞവളാ ഇടനാഴിയിലൂടെ ഓടുമ്പോഴും എത്തുന്നില്ലായിരുന്നു….. പുറകെ യുള്ള കാലടികൾ തന്നേക്കാൾ ശക്തിയിൽ പിന്തുടരുന്നത് അവളറിഞ്ഞിരുന്നു….. കാലടികൾ തന്നിലേക്കെത്തിയെന്ന് തോന്നിയ നിമിഷം കിതച്ചു കൊണ്ടവൾ ചുമരിൽ തട്ടി നിന്നു….. എന്താ… എന്ത് പറ്റി….. വല്ലാതെ കിതക്കുന്നുണ്ടല്ലോ….. ബിന്ദു ചേച്ചിയുടെ ചോദ്യം അവളിലേക്കിറങ്ങിയ ഒരു കുളിർ മഴയായിരുന്നു… അവിടെ…… അവിടെ……. പറഞ്ഞു തീർക്കാതെ അവൾ പിറകിലേക്ക് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു….

ബിന്ദു പതിയെ അവളുടെ തോളിൽ കയ്യമർത്തുമ്പോൾ അവൾ ഞെട്ടിതിരിഞ്ഞു…. എന്താ മോളേ…. ഒന്നുല്ല ചേച്ചി….. പറയുമ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ ശബ്ദം ഉയർന്ന് കേട്ടിരുന്നു…. ഈ പ്രേതങ്ങളൊക്കെ ഉള്ളതാണോ അമ്മേ…. വൈകീട്ട് അമ്മയോടും അച്ഛനോടുമൊത്തിരിക്കുമ്പോഴാണ് അവളുടെ സംശയങ്ങൾ ചോദിച്ചത്… എന്താപ്പോ കുട്ടീ അങ്ങനൊരു സംശയം… ഒന്നുമില്ലമ്മേ…. വെറുതെ.. ആഗ്രഹങ്ങൾ സാധിക്കാതെ അകാലത്തിൽ മരണപ്പെട്ടു പോയവരുടെ ആത്മാക്കൾ ഉറ്റവരെ ചുറ്റിയെങ്ങനെ നിൽക്കും… അവരെ നമുക്ക് കാണാനാകില്ലെങ്കിലും അവര് നമ്മളെ കാണുന്നുണ്ടാവും… അച്ഛനാണതവളോട് പറഞ്ഞത്….. അവളുടെ മനസ്സിലെ സംശയങ്ങൾക്കൊപ്പം ഭയവും ഇരട്ടിച്ചിരുന്നു….. പിറ്റേന്ന് രാത്രി സിദ്ധു വീട്ടിലേക്ക് കയറി വരുമ്പോൾ അച്ഛനുമമ്മയും ഉമ്മറത്തു തന്നെയുണ്ടായിരുന്നു… അവരുടെ മുഖമാകെ മുറുകിയിരിക്കുന്നു….

അമ്മയുടെ കൺകോണിൽ ചെറിയൊരു നനവും കാണുന്നുണ്ട്… എന്താ…. എന്ത് പറ്റി…. സിദ്ധൂ…. അന്ന…. അന്ന…. അന്നക്കെന്ത് പറ്റി.. ചോദിക്കുമ്പോഴേക്കും എന്റെ ശബ്ദം ഞാൻ പോലുമറിയാതെ ഉയർന്നു പോയിരുന്നു….. മോളിത് വരെ എത്തിയില്ലടാ…. സ്പെഷ്യൽ ക്ലാസ്സുള്ളത് കൊണ്ട് കുറച്ചു നേരം വൈകുമെന്ന് പറഞ്ഞിരുന്നു…. എന്നാലിത്ര നേരമായിട്ടും അവളെ കാണുന്നില്ല….. ഹൃദയത്തിന്റെ മിടിപ്പ് വേഗത്തിലാവുന്നത് ഞാനറിയുന്നുണ്ടായിരുന്നു… എന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു….. അവളുടെ കൂടെ പഠിക്കുന്ന എന്റെ പരിചയക്കാരെ മുഴുവൻ വിളിച്ചു…. എല്ലാവരും വീട്ടിലെത്തിയിട്ടുണ്ട്… എന്നാൽ അവൾ മാത്രം… ഹൃദയത്തിൽ കൂടുകൂട്ടിയ അസ്വസ്ഥയുടെ ഭാരം കൂടിക്കൂടി വന്നു…. രാഘവൻ ഇവിടെയും എത്തി കാണുമോയെന്ന ഭയം എന്റെയുള്ളിൽ നിറഞ്ഞു നിന്നു….

അവളെ തിരയാനായി ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞു…. ഒപ്പം ഞാൻ ബൈക്കെടുത്തു പോയി ഇടവഴികളിലെല്ലാം അവളെ തിരഞ്ഞു…. ഞാൻ തനിച് വീട്ടിലേക്ക് കയറി വരുമ്പോൾ അമ്മയുടെ വിതുമ്പലിന്റെ ശബ്ധം കൂടിയിരുന്നു….. അച്ഛൻ മനസ്സ് കൊണ്ട് സകല ദൈവങ്ങളെയും വിളിക്കുകയായിരുന്നു… അപ്പോഴാണ് അകലെ നിന്നും ഒരു രൂപം ഞങ്ങളിലേക്ക് നടന്നടുക്കുന്നത് ഞാൻ കണ്ടത്…. അടുത്ത് വരും തോറും ഞങ്ങലിളിലേക്ക് ആശ്വാസം പകരുന്നതായിരുന്നാ രൂപം…. മോളേ….. അമ്മ അവളെ പോയി കെട്ടിപ്പിടിച്ചു…. അത് വരെ കാണാത്തതിലുള്ള പരിഭവം മുഴുവൻ തീർത്തു… ന്റെ കുട്ടീ..മനുഷ്യനെ തീ തീറ്റിച്ചല്ലോ നീ….. അച്ഛൻ അവളോടത് പറയുമ്പോഴും അവൾ ദയനീയ ഭാവത്തിൽ അച്ഛനെ നോക്കി…. എനിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…. എവിടായിരുന്നു നീ ഇത്ര നേരം….. ചോദ്യത്തിൽ എന്റെ ദേഷ്യം അടക്കി പിടിച്ചിരുന്നു ഞാൻ….. ബസ്സ്… കേടായി…. എന്നെ പേടിച്ചിട്ട് തന്നെയാണവളുടെ വാക്കുകൾ മുറിഞ്ഞു പോയത്…… എങ്കിലെന്നെ യൊന്നു വിളിച്ചു കൂടായിരുന്നോ…. ഞാൻ ഉച്ചതിലത് പറയുമ്പോൾ അവൾ പതിയെ അമ്മയുടെ പിറകിലേക്ക് നീങ്ങി നിന്നിരുന്നു….

നമ്പറില്ലായിരുന്നു……. താഴേക്ക് നോക്കിയാണവളത് പറഞ്ഞത്….. നിന്നെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നത് വരെ നെഞ്ചിൽ തീയായിരുന്നു.. കനലിപ്പോഴും കെട്ടടങ്ങിയിട്ടില്ല….. നിനക്കെല്ലാം നിസ്സാരമാണല്ലോ….. ഞാൻ അവൾക്ക് നേരെ അലറുമ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു…. മതിയെടാ….. ബസ്സ് കേടായതിനു അവളെന്ത്‌ പിഴച്ചു….. അത് വരെ മിണ്ടാതിരുന്ന അമ്മ അതും കൂടി പറഞ്ഞപ്പോൾ ദേഷ്യം കൂടി…. ഞാൻ അമ്മയെയും അവളെയും ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് മുറിയിലേക്ക് പോയി…. മോള് ഉടുപ്പ് മാറ്റിയിട്ടു വാ… അമ്മ കഴിക്കാനെന്തെങ്കിലും എടുത്ത് വെക്കാം….. അവളുടെ നിറഞ്ഞ മിഴികളിൽ നോക്കിയമ്മയത് പറയുമ്പോഴും സങ്കടം പിടിച്ചു നിർത്താൻ അവൾ പാടുപെടുകയായിരുന്നു….

ചായ ഊതി കുടിച്ചു കൊണ്ട് അന്ന ഉമ്മറത്തിരിക്കുമ്പോഴാണ് വാഴയിലയിൽ പൊതിഞ്ഞ മുല്ല പൂക്കളുമായി അമ്മ വന്നത്….. ഇന്ന് അച്ഛന്റെ ഉറ്റ ചങ്ങാതി ബാലന്റെ മോൾടെ കല്യാണമാ…. നമുക്കെല്ലാവർക്കും ക്ഷണമുണ്ട്….. മോളീ പൂക്കൾ കൊണ്ട് മാല കോർക്ക്‌…. മുല്ല പ്പൂവൊക്കെ ചൂടി സുന്ദരിയായിട്ട് വേണം എന്റെ മോള് കല്യാണത്തിന് വരാൻ…. അവളുടെ താടിയിൽ പിടിച് അമ്മയത് പറയുമ്പോൾ അവൾ മനോഹരമായൊന്നു പുഞ്ചിരിച്ചിരുന്നു… ഇവിടെ വന്നിട്ട് ആദ്യമായിട്ടായിരുന്നു അവളൊരു കല്യാണത്തിന് കൂടുന്നത്…. അത് കൊണ്ട് തന്നെ വല്ലാത്തൊരു ആഹ്ലാദം അവളുടെ മനസ്സിൽ നിറഞ്ഞിരുന്നു…. കയ്യിൽ വെച്ച് തന്ന പൂക്കളെ അവൾ മൂക്കിനോട് ചേർത്ത് പിടിച്ചു….

അവയുടെ വശ്യമായ സുഗന്ധം അവളിൽ വല്ലാത്തൊരനുഭൂതി നിറച്ചു…. അപ്പോഴാണവൾ മുല്ലപ്പൂ മാലയെക്കുറിച്ചാലോചിച്ചത്….. കോർത്തു വെച്ച പൂമാലകൾ കണ്ടിട്ടുണ്ടെങ്കിലും അതെങ്ങനെ കോർത്തെടുക്കണമെന്നറിയില്ലായിരുന്നു…. അവൾ പതിയെ അടുക്കളയുടെ വാതിലിൽ ചാരി നിന്നെത്തി നോക്കി…. അമ്മയും ബിന്ദു ചേച്ചിയും തിരക്കിട്ട പണിയിലാണ്… അമ്മയെ ശല്യപ്പെടുത്താതെ അവൾ അവളെ കൊണ്ടാവും പോലെ മുല്ലപ്പൂ കോർക്കാൻ തുടങ്ങി….. എന്നാലെത്ര കോർത്തിട്ടും അവയൊരു മാലയുടെ രൂപത്തിലാവാത്തതവളിൽ നിരാശ ജനിപ്പിച്ചു…. അവൾ പിന്നെയും ശ്രമിച്ചിട്ടും കൊണ്ടേയിരുന്നു…. ഞാൻ എഴുന്നേറ്റു വരുമ്പോൾ അവൾ ഉമ്മറത്തെ തിണ്ണയിലിരുന്നു മുല്ലപ്പൂക്കളുമായുള്ള യുദ്ധത്തിലായിരുന്നു……

അവളുടെ മാല കോർക്കൽ കണ്ടെനിക്ക് ചിരി പൊട്ടിയെങ്കിലും പുറമെ ഗൗരവം നിറച്ചു ഞാനവളുടെയടുത് ചെന്നിരുന്നു….. എന്നെ കണ്ടതും അവളുടെ മിഴികളിൽ പരിഭവം നിറഞ്ഞു നിന്നു… ഇന്നലെ ദേഷ്യപ്പെട്ടതിലുള്ള പിണക്കമാണതെന്നിനിക്കറിയാമായിരുന്നു…… അവളെന്നെ കണ്ടഭാവം പോലുമില്ലാതെ മുല്ലപ്പൂവിലേക്ക് മാത്രം നോക്കിയിരുന്നു….. എന്നാൽ അവൾ എന്നെ ശ്രദ്ധിക്കുന്നത് ഞാനറിഞ്ഞിരുന്നു…. ഞാൻ അവളുടെ മുഖത്തേകല്പ നേരം നോക്കി നിന്നു….. പിന്നെ പതിയെ രണ്ടു പൂക്കളെടുത്തു അവളുടെ കൈകളിൽ നിന്നും വാഴ നാരും വാങ്ങി അവയെ കോർത്തു തുടങ്ങി… ഞാൻ മാല കോർക്കുന്നതും നോക്കി മിഴികൾ വിടർത്തി അവളിരുന്നു…. മനോഹരമായ ഒരു പൂമാലയായി അത് മാറുമ്പോഴും അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം നിറഞ്ഞു നിന്നു….

ആ മാലയെ അവളുടെ കൈകളിൽ കൊടുക്കുമ്പോൾ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു…. എന്നാൽ പിണക്കം മാറിയിട്ടില്ലെന്ന വണ്ണം ചുണ്ടുകൾ കൂർപ്പിച്ചു മുല്ലപ്പൂമാലയുടെ സൗന്ദര്യം ആസ്വദിച്ചവൾ അകത്തേക്ക്‌ പോയി…… അന്നാ…. മോളേ… കഴിഞ്ഞില്ലേ….. സാരിയുടെ ഞൊറി ശെരിയാക്കി കൊണ്ടമ്മ നീട്ടി വിളിച്ചു…. ഞാനും അച്ഛനും അവരെ കാത്തു നിന്നു മുഷിഞ്ഞിരുന്നു….. അവൾ മുടിയിലെ മുല്ലപ്പൂ ശെരിയാക്കി ഇറങ്ങി വന്നു… എന്റെ ശ്വാസം നിലക്കുന്നതായെനിക്ക് തോന്നി….. കടും ചുവപ്പ് നിറത്തിലുള്ള സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നെങ്കിലും എന്റെ ഹൃദയത്തിലേ മുറിവിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു…. എങ്ങനെയുണ്ട് സിദ്ധൂ…. കടും ചുവപ്പ് നിറത്തിലുള്ള സാരി ചുറ്റി മാധുവെന്റെ മുന്നിൽ വന്നു നിന്നു…. ഇതെന്ത് നിറമാടീ…. കണ്ണിൽ കുത്തുന്ന പോലെ… ഇത് അമ്മയുടെ സാരിയാ… കണ്ടപ്പോ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു… ഈ ചുവപ്പ് നിറത്തിന് വല്ലാത്തൊരു ഭംഗിയുണ്ടല്ലേ സിദ്ധൂ…. ഓർമകളിൽ നിറഞ്ഞു നിന്നത് മുഴുവൻ അവളായിരുന്നു…..

അന്നയെ തന്നെ നോക്കി നിൽക്കുന്ന സിദ്ദുവിലായിരുന്നു സീതയുടെ ശ്രദ്ധയത്രയും… ഒരു കുറവ് കൂടിയുണ്ടല്ലോ.. എന്ന് പറഞ്ഞു ഒരു കുഞ്ഞു പൊട്ടെടുത്തവളുടെ നെറ്റിയിൽ വെച്ചു കൊടുത്തു…. ഒരു കൊച്ചു കുട്ടിയുടെ പോലെ നിഷ്കളങ്കമായി അവളൊന്ന് പുഞ്ചിരിച്ചു….. അപ്പോഴും അവന്റെ ഹൃദയം നീറിക്കൊണ്ടിരുന്നു…. കല്യാണ വീട്ടിലെത്തിയപ്പോഴും എല്ലാവരും അന്നയെ ശ്രദ്ധിക്കുന്നത് സിദ്ധു കണ്ടിരുന്നു …… അവന് നോക്കുന്ന നേരം അവൾ മുഖം കൂർപ്പിച്ചു തിരിഞ്ഞു നിന്നു…. അവളുടെ കുസൃതികളിൽ അവന്റെ അധരങ്ങളിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു……. കല്യാണമൊക്കെ കഴിഞ്ഞു വീട്ടിലേക്കെത്തി ഞാനൊന്ന് പുറത്ത് പോയി വരുമ്പോൾ അവൾ എന്തൊക്കെയോ എഴുതുകയായിരുന്നു…. ഞാൻ അവളുടെ അടുത്ത് ഒരു കസേര നീക്കിയിട്ടതിലിരുന്നു.. അവളെന്നെ കണ്ടിട്ടും പുസ്തകത്തിലേക്ക് തന്നെ നോക്കി യിരുന്നു….

എങ്കിലും അവളുടെ കയ്കൾ വിറക്കുന്നത് ഞാൻ കണ്ടിരുന്നു…. ഇന്നലെ….. നിന്നെ കാണാതായപ്പോ ചിന്തകളെങ്ങോട്ടൊക്കെ എത്തിയെന്നറിയാമോ… അത് കൊണ്ടാ ഞാൻ… അവളൊന്നും മിണ്ടിയില്ല…. അവൾക്കായി കയ്യിൽ കരുതിയിരുന്ന ആ പെട്ടി ഞാൻ അവളുടെ കൈകളിൽ കൊടുത്തു…. അവളെന്തെന്ന ഭാവത്തിൽ എന്റെ മുഖത്തേക്ക്‌ നോക്കി…. ഇനി എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി…. അത് മാത്രം പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും പോയി…. അവളാ പെട്ടി തുറന്നു… അതിൽ ഒരു മൊബൈൽ ഫോണായിരുന്നു…. അവളുടെ സന്തോഷം മുഖത്ത് നിന്നോപ്പിയെടുക്കാൻ കഴിഞ്ഞിരുന്നു…. അത് തുറന്ന് നോക്കി…. അതിലോരൊറ്റ നമ്പർ മാത്രം സേവ് ചെയ്തിട്ടുണ്ടായിരുന്നു… സിദ്ധു….. ആ പേരവളിലൊരു പുതു ജീവൻ നൽകിയിരുന്നു…. അവളാ ഫോണിനെ നെഞ്ചോടു ചേർത്ത് പിടിച്ചു…… (തുടരും )