16/04/2026

പാർവ്വതി പരിണയം : ഭാഗം 43

രചന – മഴ

“ഭീമാ….” വാതിൽ പാളികൾ രണ്ടും മലർക്കെ തുറന്നു തല മാത്രം മുറിക്കുള്ളിലേക്കിട്ട് പാറു വിളിച്ചു. ലാപ്പിൽ എന്തോ നോക്കുകയായിരുന്ന ദേവൻ മുഖമുയർത്തി അവളെ ഒന്ന് നോക്കിയ ശേഷം വീണ്ടും അതിനുള്ളിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. അവൾ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവനരികിൽ വന്നു നിന്നു. “ഭീമാ……….” അവൾ വീണ്ടും വിളിച്ചു. അവൻ നോക്കിയില്ല. അവൾ ലാപ്പ് എടുത്തു മാറ്റി അവന്റെ മടിയിലേക്ക് ഇരുന്നുകൊണ്ട് തറപ്പിച്ചു നോക്കി. ദേവൻ വീണ്ടും അവളെ നോക്കാതെ ലാപ്ടോപ്പിലേക്ക് ശ്രദ്ധ നൽകി. ഒന്നുരണ്ടു നിമിഷം അവനെ ഉറ്റുനോക്കി ദേഷ്യത്തോടെ എഴുന്നേറ്റതും അവളെ വലിച്ചു മടിയിലേക്ക് ഇരുത്തി ചുറ്റിപ്പിടിച്ചിരുന്നു ദേവൻ.

“അച്ചോടാ പിണങ്ങി പോകുവാണോ എന്റെ കുഞ്ഞ്…?” “ഇയാൾ ഭയങ്കര ബിസി അല്ലേ..?” “കുറേ നാൾ ആയി നീ ഇയാൾ ഇങ്ങേരു എന്നൊക്കെ വിളിക്കാൻ തുടങ്ങിയട്ടു.. നല്ലത് കിട്ടും എന്റെ കയ്യിന്നു…” അവൾ അവനെ നോക്കി ചുണ്ട് പിളർത്തി. അത് കണ്ടതും അവൻ പുഞ്ചിരിയണിഞ്ഞു. “അതുപോട്ടെ എന്താ ഇങ്ങോട്ട് വന്നത്..?” “എനിക്ക് വരാനും പാടില്ലേ…?” “ഇങ്ങനെ വന്നാൽ മിക്കവാറും എല്ലാവരും എന്നെ ചവിട്ടി പുറത്താക്കും.. മാധവശ്ശേരിയിലെ രാജകുമാരിയെ അല്ലേ പിടിച്ച് മടിയിലിരുത്തിയിരിക്കുന്നത്….” അതുകേട്ടതും അവൾ കുലുങ്ങി ചിരിച്ചു. “പാറൂ….. ” മാലതിയുടെ ശബ്ദം കേട്ട് അവൾ ചാടിയെഴുന്നേറ്റ് വാതിലിന് അരികിലേക്ക് ഓടി.

ഒരു നിമിഷം നിന്ന് നെറ്റിയിൽ അടിച്ചു തിരിഞ്ഞു നോക്കിക്കൊണ്ട് അവൾ പറഞ്ഞു “ദേവേട്ടാ.. വൈകിട്ട് നമുക്ക് നാലുപേർക്കും കൂടി ബീച്ചിൽ പോകണം.. അത് പറയാനാ വന്നത്…” “മ്മ്…ശരി പോവാം…” ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ കിടക്കയിലേക്ക് ചാഞ്ഞു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കടൽ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ തയ്യാറെടുക്കുന്ന സൂര്യൻ ആകാശത്ത് ചെഞ്ചായവും പൂശി തുടങ്ങിയിരുന്നു. വൈകുന്നേരം ആയതിനാൽ അത്യാവശ്യം തിരക്കും ബീച്ചിൽ ഉണ്ടായിരുന്നു. ഒരു ഒഴിഞ്ഞ കോണിലെ രണ്ടു സിമന്റ് ബെഞ്ചുകളിൽ ആയി അവർ നാല് പേരും ഇരുന്നു. ജോഷിയും മീരയും അവരുടേതായ ലോകത്തായിരുന്നു. വീർത്തുവരുന്ന മീരയുടെ വയറിൽ കൈവെച്ചു കൊണ്ട് ജോഷി കുഞ്ഞിനോടും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ആഴക്കടലിന്റ്റെ നീലിമയിൽ മിഴികൾ നട്ടിരിക്കുന്ന ദേവന്റെ ഇടം കയ്യിലൂടെ ചുറ്റിപ്പിടിച്ച് ചുമലിലേക്ക് തലചായ്ച്ച് കണ്ണുകൾ അടച്ചിരിക്കുകയാണ് പാറു.

അവളുടെ ഇടംകൈ അവന്റെ വലം കൈയ്യാൽ കൊരുത്ത് പിടിച്ചിരുന്നു. ഇരുവരുടെയും ചൊടികളിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു. ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷമാണ് അറിയാതെ വിടർന്നു നിൽക്കുന്ന പല പുഞ്ചിരികളും… നേർത്തൊരു കാറ്റ് അവളെ തഴുകി ഉണർത്തിയപ്പോൾ മിഴികൾ തുറന്നു ദേവനെ നോക്കി. പുഞ്ചിരിയോടെ ആഴിയിലേക്ക് കണ്ണ് നട്ടിരിക്കുന്ന ദേവനെ അവൾ കൗതുകത്തോടെ നോക്കി. വിരിഞ്ഞു നിൽക്കുന്ന അവന്റെ നുണക്കുഴിയിൽ അവൾ പതിയെ ഒന്ന് തൊട്ടു. ദേവൻ അവളെ നോക്കി എന്താ എന്ന അർത്ഥത്തിൽ പുരികമുയർത്തി.

മറുപടിയായി അവൾ ഇരുകണ്ണുകളും ചിമ്മി കാണിച്ചു. പ്രണയാർദ്രമായ നോട്ടങ്ങളിലൂടെ പരസ്പരം കഥകൾ കൈമാറുന്ന ദേവനെയും പാറുവിനെ യും ഉറ്റുനോക്കികൊണ്ട് ആരു വണ്ടിയുടെ ബോണറ്റിൽ ചാരിനിന്നു. ചുമലിൽ ഒരു കരസ്പർശം അറിഞ്ഞപ്പോഴാണ് ആരു അവരിൽ നിന്നും നോട്ടം പിൻവലിച്ചത്. ആറടി പൊക്കവും സിക്സ് പാക്ക് ബോഡി യും ക്ലീൻഷേവ് ചെയ്ത ആ ചെറുപ്പക്കാരനെ നോക്കി അവൾ ഒന്ന് ചിരിച്ചു. “ദാ… ആയിരിക്കുന്നതാണ് മഹി ഏട്ടൻ…” അവർക്കു കുറെ മുന്നിലായി ഇരിക്കുന്ന മഹിയെ ചൂണ്ടിക്കാട്ടി ആരു പറഞ്ഞു. “നീ മുൻപ് പറഞ്ഞ…….” അയാൾ മുഴുവിപ്പിച്ചില്ല. അയാളുടെയും കണ്ണുകൾ ദേവന്റെയും പാറുവിന്റെയും മേൽ വീണു. “കൂടെയുള്ളത്….?” “പാർവ്വതി….. മഹാദേവന്റെ പ്രണയം…” “ഞാൻ ഒന്ന് മുട്ടി നോക്കട്ടെ…?” “വേണ്ട റാം… ഇപ്പോൾ വേണ്ട… സമയമാവട്ടെ….” ” നിന്റെ ഇഷ്ടം…. ” അവളെ ചേർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു. “ഠോ….” ശബ്ദം കേട്ട് പാറുവും ദേവനും ഞെട്ടി തിരിഞ്ഞു നോക്കി.

“കുട്ടേട്ടൻ….” പാറു മൊഴിഞ്ഞു. “കുറെ നേരമായല്ലോ രണ്ടും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്…” കുട്ടൻ ഇരുവരെയും നോക്കി ചോദിച്ചു. ജാള്യത നിറഞ്ഞ ചിരിയോടെ അവർ പരസ്പരം നോക്കി. ” പോടാ.. നീ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ ഇവിടെ….? “മഹി കുട്ടനോട് ചോദിച്ചു. “ഞാൻ മാധവശേരിയിൽ പോയിരുന്നു. അപ്പോഴാണ് നിങ്ങൾ ഇവിടേക്ക് വന്നെന്ന് മുത്തശ്ശൻ പറഞ്ഞത്.. ഇവിടെ വന്നപ്പോൾ ദേ രണ്ടെണ്ണം അവിടെയും.. രണ്ടെണ്ണം ഇവിടെയും ഇരിക്കുന്നു.. കുറേനേരം നോക്കിയിരുന്നു.. അവസാനം എന്റെ ക്ഷമ കെട്ടു.. ആ പൊട്ടൻ ഇപ്പോഴും അറിഞ്ഞില്ല ഞാൻ വന്നെന്നു….” ജോഷി ചൂണ്ടി കുട്ടനത് പറയുമ്പോഴേക്കും മൂവരും അവർക്കരികിലേക്ക് നടന്നിരുന്നു. “നീ ഇത് എപ്പോ വന്നു…?” കുട്ടനെ കണ്ടപ്പോൾ ജോഷി ചോദിച്ചു. “പ്രിയ ചേച്ചി പോയോ കുട്ടേട്ടാ..?” മീര ചോദിച്ചതും അവന്റെ മുഖം ഒന്ന് വാടി.

“പോയി… എനിക്കിനി അവിടെ നിന്നാൽ ഭ്രാന്ത് പിടിക്കും… അത് ഇങ്ങു വന്നത്..” “എങ്കിൽ പിന്നെ ഉള്ള കാര്യം അങ്ങ് തുറന്നു പറഞ്ഞു കൂടെ കൂട്ടി കൂടെ…?” പാറു സ്വകാര്യമായി കുട്ടനോട് ചോദിച്ചു. “എനിക്ക് പേടിയാടീ….” പെട്ടെന്ന് എന്തോ ഓർത്ത് പോലെ കുട്ടൻ ഞെട്ടി പാറുവിനെ നോക്കി. അവൾ ചിരി കടിച്ചു പിടിച്ചിരിക്കുകയാണ്. “എന്താ രണ്ടും കൂടി ഒരു സ്വകാര്യം..?” മീര ചോദിച്ചപ്പോൾ കുട്ടൻ വാക്കുകൾക്കായി പരതി. “ഒന്നുല്ല മീര ചേച്ചി… ഐസ്ക്രീം വാങ്ങി തരാൻ പറഞ്ഞതാ കുട്ടേട്ടനോട്… അല്ലേ കുട്ടേട്ടാ…?” അവൾ കുട്ടനെ നോക്കി ചോദിച്ചപ്പോൾ അവൻ ഒന്ന് നീട്ടി മൂളി. കളി പറഞ്ഞും ചിരിച്ചും ഇരിക്കുന്ന സമയത്താണ് കുട്ടൻ എതിർവശത്തു കുറച്ചു ദൂരെയായി നിൽക്കുന്ന ആരുവിനെ കണ്ടത്. “ഡാ… ആരുവല്ലേ അത്…? അവൻ മഹിയോട് ചോദിച്ചതും അവനും തിരിഞ്ഞു നോക്കി.

“എവിടെ…?” “ദോ….” കുട്ടൻ കൈ ചൂണ്ടി കാണിച്ചു. ” ആരൂ….. ” മഹി ഉറക്കെ വിളിച്ചു. അപ്പോഴേക്കും ആരുവും റാമും വണ്ടിയിൽ കയറിയിരുന്നു. മഹി ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ്‌ ആയിരുന്നു. ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ പുറത്തുപോയി വന്നതിനുശേഷം കുട്ടൻ വാലിനു തീ പിടിച്ച പോലെ നടക്കുകയാണ്. തന്റെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് പാറുവിനു എങ്ങനെ മനസ്സിലായി എന്ന് ആയിരുന്നു അവന്റെ ചിന്ത മുഴുവനും. രാത്രിയിൽ ഗാർഡനിൽ ഒത്തുകൂടുന്നത് വരെ പാറു കുട്ടന് പിടി കൊടുത്തിരുന്നില്ല. അവൾ ഇടയ്ക്കൊക്കെ അവനെ നോക്കി ആക്കി ചിരിക്കും അത് കാണുമ്പോൾ കുട്ടന് ഒരുതരം വെപ്രാളമാണ്. “എന്താടാ കുറേ നേരമായല്ലോ ഇരുന്ന് ഞെരിപിരി കൊള്ളുന്നു.. എന്താ കാര്യം…?” വുഡൻ ബെഞ്ചിൽ കാലു നീട്ടി ഇരിക്കുന്ന മീരയുടെ മടിയിലേക്ക് തലചായ്ച്ചു കൊണ്ട് ജോഷി ചോദിച്ചു.

“എന്ത്… ഒന്നുമില്ല… നീ പോടാ…” മുഖത്തെ പതർച്ച മറക്കാൻ ശ്രമിച്ചു കൊണ്ട് കുട്ടൻ പറഞ്ഞു. “ജോഷിച്ചായാ…… ഈ കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചകൾക്ക് ഒക്കെ ഒരു വിചാരമുണ്ട് ആരും ഒന്നും അറിയില്ലെന്ന്.. ഇനി അഥവാ ഇനി ആരെങ്കിലും അറിഞ്ഞെന്ന് മനസ്സിലായാൽ ഇതുപോലെ ഇരുന്ന് ഞെരിപിരി കൊള്ളും…. അല്ലിയോ….?” പാറു കുട്ടനെ ഒന്ന് നോക്കി ജോഷിയോട് ചോദിച്ചു. “പാലു കട്ടു കുടിച്ച പൂച്ചയെ മനസിലായി.. ഇനി ആ പാല് ഏതാണെന്ന് പറ.. അല്ലേൽ ആ പൂച്ചയുടെ നാവ് ഞാൻ പിഴുതെടുക്കും..” തൊട്ടടുത്ത ബെഞ്ചിൽ കിടക്കുകയായിരുന്നു മഹി എഴുന്നേറ്റ് ഇരുന്ന് കുട്ടന്റെ കഴുത്തിലൂടെ കൈചുറ്റി കൊണ്ട് പറഞ്ഞു.

മഹിയുടെ കൈ വിടുവിക്കാൻ കുട്ടൻ ആവുന്നത്ര നോക്കി ഒടുവിൽ പരാജയം സമ്മതിച്ചു. “ഞാൻ പറയാം… ഞാൻ പറയാം…” അയഞ്ഞു തുടങ്ങിയ മഹിയുടെ കൈകൾ എടുത്തുമാറ്റി കൊണ്ട് കുട്ടൻ പറഞ്ഞു. ഒരു ദീർഘനിശ്വാസം എടുത്ത് എല്ലാവരെയും ഒന്നു നോക്കി. “പ്രിയ…. എനിക്ക് അവളോട് സൗഹൃദം മാത്രമല്ല…പ്രണയമാണ്….എന്റെ പ്രാണനാണ്….” “ഒടുവിൽ കുറ്റ സമ്മതം നടത്തി അല്ലേ….?” സലിം കുമാർ സ്റ്റൈലിൽ ജോഷി കുട്ടനെ നോക്കി ചോദിച്ചപ്പോൾ അവൻ ഒഴികെ എല്ലാവരും പൊട്ടി ചിരിച്ചിരുന്നു. ” ബാക്കി ഞാൻ പറയാം… ” മഹി കുട്ടൻ തോളിലൂടെ കയ്യിട്ടു പുൽത്തകിടിയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞുതുടങ്ങി.

“കോളേജിൽ പഠിക്കുന്ന കാലത്തെ തോന്നിയ ഒരു പ്രത്യേക ഇഷ്ടം.. പക്ഷേ അത് പ്രണയമാണെന്ന് അന്ന് അറിഞ്ഞില്ല.. കാലം കടന്നു പോകുന്നതിനനുസരിച്ച് മനസ്സിലിരുന്ന് അതിന്റെ വീര്യം കൂടി.. ഒടുവിൽ ട്രെയിനിങ്ങിന് ആയി അവൾ ഡൽഹിയിലേക്ക് പറന്നപ്പോഴാണ് സൗഹൃദം മാത്രമല്ലെന്ന് തിരിച്ചറിയുന്നത്… വല്ലപ്പോഴും വന്നിരുന്ന ഫോൺകോളിൽ പലപ്പോഴും പ്രണയം പുറത്തുചാടുന്നത് ആയി തോന്നിതുടങ്ങിയപ്പോൾ ഒരു ഭയം പിടികൂടി. തന്റെ ഉള്ളിലെ പ്രണയം സൗഹൃദവലയത്തിൽ വിള്ളൽ ഉണ്ടാകുമോ എന്ന്. പതിയെ മറക്കാൻ ശ്രമിച്ചു.. പക്ഷേ പൂർവ്വാധികം ശക്തിയായി ഹൃദയത്തിൽ അവളുടെ മുഖം പതിഞ്ഞു കൊണ്ടിരുന്നു… ശരിയല്ലേ മിസ്റ്റർ ശ്രീനാഥ്…?”

പുഞ്ചിരിയോടെ ദേവൻ ചോദിച്ചതും നിറഞ്ഞ കണ്ണുകളോടെ കുട്ടൻ മഹിയെ നോക്കി. “ഡാ.. ജോ… ദേ ഇവൻ കരയുന്നു..” മഹി ഉറക്കെ പറഞ്ഞപ്പോൾ ജോഷിയും അവൻ അരികിലേക്ക് നിരങ്ങി നീങ്ങി ഇരുന്നു. “ഞാൻ മനപ്പൂർവ്വം അല്ല നിങ്ങളോട്…..” “അറിയാടാ പൊട്ടാ.. നീ ഇനി അത് പറഞ്ഞു കുളമാക്കാൻ നിൽക്കണ്ട…” ജോഷിയുടെ വാക്കുകൾ കേട്ടപ്പോൾ കുട്ടൻ പുഞ്ചിരിച്ചുകൊണ്ട് ഇരുവരെയും കെട്ടിപ്പിടിച്ചു. “പ്രിയ ചേച്ചിക്ക് അറിയുമോ അപ്പോൾ…?” മീര അവളുടെ സംശയം മറച്ചുവെച്ചില്ല. “അവൾ നിന്നെക്കാൾ പൊട്ടിയാ.. അവൾക്കൊന്നും മനസ്സിലായിട്ടില്ല..” ജോഷിയുടെ വാക്കുകൾ മീരയെ ചൊടിപ്പിച്ചു. അവൾ അവനെ കുറിച്ച് നോക്കി. “ആഹ്… ഞാൻ പൊട്ടിയാ… അല്ലേൽ നിങ്ങളെ കെട്ടുമായിരുന്നോ..?” മീരയുടെ വാക്കുകൾ അവിടെ വീണ്ടും കൂട്ടച്ചിരി മുഴക്കി.

“ഞാൻ… ഞാൻ… ഒരു കാര്യം ചോദിച്ചോട്ടെ എല്ലാവരോടും…?” പാറു ആശങ്കയോടെ എല്ലാവരുടെയും മുഖത്ത് നോക്കി ചോദിച്ചു. “എന്താണ് പതിവില്ലാതെ ഒരു മുഖവുര…?” നെറ്റി ചുളിച്ചു കൊണ്ട് ജോഷി ചോദിച്ചു. “എന്റെ മനസ്സിൽ തോന്നിയ ഒരു സംശയമാണ്…” ” നീ ചോദിക്കടീ….. ” കുട്ടൻ അവൾക്ക് പിന്തുണ നൽകി. ” വെക്കേഷൻ കഴിഞ്ഞു വന്നതുമുതൽ അക്കു ഏട്ടന്റെയും ദേവി ചേച്ചിയുടെയും കല്യാണം വരെയുള്ള സംഭവങ്ങൾ പ്ലാൻഡ് ആണെന്ന് തോന്നിയില്ലേ നിങ്ങൾക്ക് ആർക്കും…? ഒരുപക്ഷേ അതിനു പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാവില്ലേ….? ” അത്രയും നേരം ചിരിച്ചു കളിച്ചിരുന്ന എല്ലാവരുടെയും മുഖത്ത് പെട്ടെന്ന് ഗൗരവം നിറഞ്ഞു. ” ഉണ്ടാവില്ലേ എന്നല്ല… ഉണ്ട്… ” ജോഷിയാണ് മറുപടി പറഞ്ഞത്.

“പിന്നെ എന്തേ ആരും അത് അന്വേഷിച്ചു പോയില്ല….?” ” പാറൂട്ടാ… ദേവിയുടെ വാക്കുകളും പ്രവർത്തിയും മറക്കാൻ കഴിയില്ലെങ്കിലും ഒരു പത്തൊൻപതു കാരിയുടെ പക്വതയില്ലായ്മയായി കണ്ടു ഞങ്ങൾ ക്ഷമിക്കുമായിരുന്നു.. പക്ഷേ അക്കുവോ….? ” ദേവന്റെ ആ ചോദ്യം പാറുവിനെ ഒന്നുകൂടി ചിന്തിപ്പിച്ചു. “പിന്നീട് കുട്ടൻ പറഞ്ഞാണ് അക്കുവിന് ദേവിയോടുള്ള ഇഷ്ടം ഞങ്ങൾ അറിയുന്നത് പോലും…” ജോഷി കൂട്ടിച്ചേർത്തു. “ഒരു പക്ഷേ അക്കുവേട്ടനും അങ്ങനെയൊക്കെ ചെയ്യേണ്ടിവന്നത് ആണെങ്കിലോ…?” അവളുടെ മനസ്സിൽ തോന്നിയത് അതുപോലെതന്നെ തുറന്നു പറഞ്ഞു. ജോഷി വന്ന അരികിലിരുന്നു അവളെ ചേർത്തു പിടിച്ചു. “ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്താണെന്ന് അറിയുമോ പാറുക്കുട്ടനു..?” “സ്നേഹം….?” അവൾ ചോദ്യഭാവേന അവനെ നോക്കി.

“അല്ല… വിശ്വാസം….. മഹിയുടെ ജീവിതത്തിൽ മുൻപ് ഒരു പെണ്ണ് ഉണ്ടായിരുന്നു എന്ന് ആദ്യമായി അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് എന്തിനുവേണ്ടിയായിരുന്നു…?” “എന്നോട് പറയാതിരുന്നത് കൊണ്ട്….” “അതോ അവന് നിന്നോടുള്ള സ്നേഹം കള്ളമായിരുന്നു എന്ന് ഓർത്തിട്ടാണോ…?” “അല്ല…. ദേവേട്ടന് എന്നോടുള്ള സ്നേഹം സത്യമാണ്.. എനിക്കറിയാം.. ജീവിതത്തിൽ അത്രയും പ്രധാനപ്പെട്ട ഒരു കാര്യം നടന്നിട്ട് എന്നോട് പറയാതിരുന്നത് ഉള്ള സങ്കടമാണ് അന്ന് ഞാൻ കാണിച്ചത് മുഴുവൻ….” അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അതുകണ്ടു മീരയും ദേവനും കുട്ടനും പരസ്പരം നോക്കി ചിരിച്ചു.

ജോഷി അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു. “അതിനെയാണ് ബുദ്ധൂസേ വിശ്വാസം എന്ന് പറയുന്നത്… അത് എല്ലാ ബന്ധത്തിലും ഉണ്ടാവും.. നമുക്ക് അവരോടും അവർക്ക് നമ്മളോടും അത് ഉണ്ടാകുമ്പോഴാണ് ആ ബന്ധത്തിന് ദൃഢത ഉണ്ടാകുന്നത്… അക്കുവിന്റെ കാര്യത്തിൽ ഞങ്ങൾക്ക് മാത്രമേ ആ വിശ്വാസം ഉണ്ടായിരുന്നുള്ളൂ…” അത്രയും പറഞ്ഞ് ജോഷി എഴുന്നേറ്റ് മീരയെയും കൊണ്ട് അകത്തേക്ക് നടന്നു. പിന്നാലെ കുട്ടനും പോയി. അവർ പോയ വഴിയേ നോക്കിയിരുന്ന പാറുവിന്റെ തലയിൽ ദേവൻ ഒരു കൊട്ട് കൊടുത്തു. അവൾ അവനെ തറപ്പിച്ചു നോക്കി. “അവൻ പറഞ്ഞത് വല്ലതും ഈ കുഞ്ഞി തലയിൽ കയറിയോ…?” “ങ്ഹും..” അവൾ ഇരു ചുമതലകളും കുലുക്കി. “എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു ഞങ്ങൾക്കിടയിൽ.. എന്തിന്റെ പേരിൽ അങ്ങനെ ചെയ്യേണ്ടി വന്നാലും അവനു ഞങ്ങളോട് തുറന്നു പറയാമായിരുന്നു… അവരുടെ വിവാഹംകഴിഞ്ഞപ്പോൾ എങ്കിലും….. ഓർക്കുക പോലുമില്ല എന്നൊക്കെ പഞ്ച് ഡയലോഗ് അടിച്ചിട്ട് വന്നാലും അതിന് കഴിയുമായിരുന്നില്ല ഞങ്ങൾക്ക് ഓരോരുത്തർക്കും..

നീ ഒന്ന് ഓർത്തു നോക്ക് കുട്ടന് പ്രിയയോടുള്ള ഇഷ്ടം മറക്കാൻ ശ്രമിച്ചതും ഇതേ വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ്…” അവൾ ഒരു ദീർഘനിശ്വാസത്തോടെ മൂളി. ദേവന്റെ മുഖത്ത് അപ്പോഴും ഗൗരവം നിറഞ്ഞു നിന്നിരുന്നു. അതു ശ്രദ്ധിച്ച പാറു പെട്ടെന്ന് വിഷയം മാറ്റി. “കുട്ടേട്ടന്റെ ഇഷ്ടം പ്രിയ ചേച്ചിയെ അറിയിക്കണ്ടേ..?” “മ്മ്മ്….വേണം.. അവള് ദുബായിക്ക് പോകും മുന്നേ ഇങ്ങോട്ട് കൊണ്ടുവരാം.. എന്നിട്ട് അവൻ തന്നെ പറയട്ടെ…” “ഓക്കേ…” അവൾ തല കുലുക്കി സമ്മതിച്ചു. “മോള് ഇനി ഇവിടെ നിന്ന് അധികം മഞ്ഞു കൊള്ളേണ്ട പോയി കിടന്നുറങ്ങു….” ദേവൻ അവളുടെ കയ്യിൽ തിരിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു. “പാട്ടുപാടി തരുമോ….”അവൾ കൊഞ്ചി “ഈ പെണ്ണ്… എല്ലാവരും കൂടി മിക്കവാറും എന്നെ തല്ലി ഇറക്കും..” അവൾ അവനെ ഒന്ന് ഇളിച്ചു കാട്ടി. ദേവൻ അവളുടെ കൈയും പിടിച്ച് അകത്തേക്ക് പോയി. തുടരും