17/04/2026

മാംഗല്യം : ഭാഗം 39

രചന – ആയിഷാ അക്ബർ

തോളോളം വെട്ടിയിട്ട ചെമ്പൻ മുടിയിഴകൾ അവളുടേ മുഖത്തേക്ക് പാറി വീണു കൊണ്ടിരുന്നു….

നിറം വരുത്തിയ ചുണ്ടുകളല്ലാതെ ആ മുഖത്ത് പറയത്തക്ക ചമയങ്ങളൊന്നുമില്ലായിരുന്നു……

മീരയില്ലേ…. ഞാൻ മീരയുടെ ഫ്രണ്ട് ആണ്….

സംശയത്തോടെ തന്നെ ഉറ്റ് നോക്കി നിൽക്കുന്ന കണ്ണുകൾക്ക് മറുപടിയായി ജാനകിയെ നോക്കിയത് പറയുമ്പോൾ അവരുടെ മുഖത്തെ സംശയം ഒരു പുഞ്ചിരിക് വഴി മാറുന്നതവൾ കണ്ടിരുന്നു…

മീര മോളിവിടില്ല…. അവൾ അമ്പലത്തിലേക്ക് പോയിരിക്കുകയാണ്….
മോള് കയറു…. അവരിപ്പോ വരും…..

വളരേ സ്നേഹത്തോടെ തന്നെ സ്വീകരിക്കുന്ന അവർക്കൊരു പുഞ്ചിരി സമ്മാനമായി നൽകി അവൾ അകത്തേക്ക് കയറി…..

എന്താ മോൾടെ പേര്…..

അവൾക്കായുള്ള ചായയും പലഹാരങ്ങളും മേശ മേൽ നിരത്തുമ്പോഴാണ് ജാനകിയത് ചോദിച്ചത്….

ആന്നി…..

വീടിനു ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്ന അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു…..

രാധുവും ഭാരതിയും തിരിച് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നെങ്കിലും അവരും അവിടെ ഹാജറായിരുന്നു….

അപ്പോഴാണ് വിവിയങ്ങോട്ട് വരുന്നത്….

വിവി…. ഇത് മീര മോൾടെ കൂട്ടുകാരിയാണ്….

സംശയത്തോടെ അവളെ നോക്കിയ വിവിക്ക് ജാനകി മറുപടി കൊടുത്തു…..

വിവി അവൾക്ക് നേരെ പുഞ്ചിരിക്കുമ്പോൾ ചെറു ചിരിയോടെ ആന്നി ഒരു കൗതുകത്താൽ അവനെ നോക്കി നില്കുകയായിരുന്നു…..

മീര പറഞ്ഞ് എല്ലാവരെ കുറിച്ചും അവൾക്ക് നന്നായറിയാം…..

മീര പറഞ് മാത്രമറിഞ്ഞ ആളുകളെയെല്ലാം നേരിട്ട് കണ്ടതിലുള്ള കൗതുകമായിരുന്നു അവളിൽ നിറയെ……

ഞാൻ അമേരിക്കയിലായിരുന്നു…. ഒരാഴ്ച മുന്നേ നാട്ടിലെത്തിയതേയുള്ളു….

ഇനി തിരിച്ചു പോകുമ്പോൾ കൂടെ മീരയെ കൂടി കൊണ്ട് പോകണം…..

വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ ആന്നിയത് പറഞ്ഞതും കേട്ട് നിൽക്കുന്നവരെല്ലാം ഒരു നിമിഷം നിശ്ചലരായിരുന്നു….

വിവിയുടെ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർപ്പ് കടന്നു പ്പോയി…..

എങ്കിലും അവ തീർത്ത ആഘാതം മുഖത്ത് വരാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….

ജാനകി വിവിയെ നോക്കുമ്പോഴും വിവി അവരിലേക്ക് നോക്കിയതേയില്ല……

ജാനകിയുടെ മുഖത്ത് പരന്ന ഭാവങ്ങൾ അല്ലാതെ തന്നെ അവനറിയുന്നുണ്ടായിരുന്നു…..

ദേഷ്യമോ സങ്കടമോ എന്നറിയാതെ അവരിരിക്കുമ്പോൾ സംശയത്തോടെ രാധുവും ഭാരതിയും മുഖത്തോട് മുഖം നോക്കി….

മീര മോളെന്തിനാ ഇപ്പൊ അമേരിക്കയിലേക്ക് വരുന്നത്…..

ജാനകിയുടെ സ്വരം ഇടരാതിരിക്കാൻ അവർ ശ്രമിച്ചിരുന്നു….

അവൾക്കവിടെ ജോലി ശെരിയായിട്ടുണ്ട്…..

ചെറുപ്പം മുതലേയുള്ള അവളുടേ സ്വപ്നമായിരുന്നു ആ ജോലി…..

ഡാഡി യെയും മമ്മിയെയും ഒന്നും ആശ്രയിക്കാതെ തന്നെ….

ഒടുവിലവളത് നേടി….

അവളെ കുറിച് അഭിമാനത്തോടെ ആന്നിയത് പറയുമ്പോഴും തീചൂളയിലെന്ന പോൽ വേവുന്ന വിവിയുടെ ഹൃദയം ആരും കണ്ടിരുന്നില്ല……

തന്റെ താലി കഴുത്തിലണിഞ്ഞു ഇവിടെ കയറി വന്ന മുതൽ പോകും പോകും എന്നവൾ പറയുന്നതാണെങ്കിലും അത് അടുത്തെത്തുമ്പോൾ തന്നെ ഇത്രത്തോളം മുറിപ്പെടുത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല…..

ജാനകിയും വല്ലാത്തൊരവസ്ഥയിലായിരുന്നു…..

രാധുവിൽ മാത്രം പ്രതീക്ഷ ജനിച്ചു…..

അവളൊന്നും പറഞ്ഞിട്ടില്ല….

ജാനകി യത് പറയുമ്പോൾ ദുഃഖം അവരുടെ കൺപീലികളെ തഴുകുന്നുണ്ടായിരുന്നു….

ജോലി കിട്ടിയ കാര്യം അവളും അറിഞ്ഞിട്ടില്ല….

ഞാനവൾക്ക് സർപ്രൈസ് ആയി വന്നതാണ്….
പെട്ടെന്ന് കേൾക്കുമ്പോഴുള്ള അവളുടെ മുഖത്തെ സന്തോഷം നേരിട്ട് കാണാൻ……

ആന്നി ഏറെ സന്തോഷത്തോടെയാണത് പറഞ്ഞതെങ്കിലും അത് കേൾക്കുന്ന ഹൃദയങ്ങളെ എത്രത്തോളം മുറിപ്പെടുത്തിയിരുന്നെന്ന് അവൾക്കൂഹിക്കാൻ പോലും കഴിയുമായിരുന്നില്ല…..

മോളിരിക്ക്….അവരിപ്പോ വരും
വരുത്തി തീർത്തൊരു ചിരിയാൽ അതും പറഞ് ജാനകി പതിയേ അടുക്കളയിലേക്ക് ഉൾവലിഞ്ഞിരുന്നു……

അവർ ചായ ഗ്ലാസുകൾ കഴുകി വെക്കുമ്പോഴും ഹൃദയം അത്ര മേൽ പ്രയാസത്തെ ഹൃദയം പേറിയിരുന്നു…..

വിവി…..

അടുക്കളയിലൂടെ അവൻ നടന്നു പോകുമ്പോൾ ഗൗരവത്തോടെയുള്ള ജാനകിയുടെ വിളി അവനെ പെട്ടെന്ന് നിശ്ചലനാക്കി…..

എന്താ ഞാനീ കേൾക്കുന്നതൊക്കെ…..

ഇങ്ങനൊരു ജോലിക്കാര്യത്തെ കുറിച് ഇതിനു മുൻപ് ഇവിടെ യൊരു സംസാരം ഞാൻ കേട്ടിട്ടില്ല…..

അത് കൊണ്ട് തന്നെ അത് നിങ്ങൾ പരസ്പരം സന്തോഷത്തോടെ എടുത്ത തീരുമാനമല്ലെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല…..

അത് കൊണ്ടാണ് ചോദിക്കുന്നത്…..

ഇത് നീ കൂടി അറിഞ്ഞു കൊണ്ടാണോ…..

ജാനകിയത് ചോദിക്കുമ്പോൾ വിവിക്കെന്ത് പറയണമെന്നറിയില്ലായിരുന്നു……

അൽപ നേരം അവനൊന്നും മിണ്ടിയില്ല….

അറിയാമായിരുന്നു….
ജോലി ശെരിയായാൽ പോകുമെന്ന് അവളെന്നോട് പറഞ്ഞിരുന്നു….

അത്ര മാത്രമേ അവന് പറയാൻ കഴിഞ്ഞുള്ളു….

ഉള്ളിലെ നൊമ്പരം വാക്കുകളെ പിടിച്ചു കെട്ടി…

അപ്പൊ അവളിനി തിരിച് വരില്ലേ…..

അവർ പ്രതീക്ഷയോടെ അവനെ നോക്കി….

അവരുടെ മനസ്സിൽ ആ ചോദ്യത്തിനുള്ള പ്രാധാന്യം അവരുടെ കണ്ണുകളിൽ നിന്ന് അവന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു….

അറിയില്ല…..
ഒറ്റ വാക്കിലുള്ള ആ ഉത്തരം ജാനകിയുടെ ഹൃദയത്തിൽ തറച്ചത് പോലെ തോന്നി…

അമ്മ അതോർത്തു വിഷമിക്കേണ്ട…..
അവൾക്ക് വേണമെങ്കിൽ തിരിച് വരട്ടെ…..

അവനത് മാത്രം പറയുമ്പോൾ ഹൃദയത്തിലേ നോവിനോപ്പം ജാനകിയുടെ കണ്ണിലെ ദുഃഖം കൂടി അവനെ അസ്വസ്ഥനാക്കിയിരുന്നു…

നിങ്ങൾ തമ്മിലുള്ള അകലമൊക്കെ കുറഞ്ഞെന്നും നിങ്ങൾ പരസ്പരം സ്നേഹിച്ചു തുടങ്ങിയെന്നും കരുതി നിന്റെ കുഞ്ഞിനെ താലോലിക്കാൻ കാത്തു നിൽക്കുന്ന എനിക്കിത് വലിയ സന്തോഷം തരുന്ന കാര്യമാണല്ലോ…
പിന്നേ ഞാനെന്തിനാണ് ദുഖിക്കുന്നത്…..

പുച്ഛത്തോടെ അവരത് പറയുമ്പോൾ അതിൽ നിറഞ്ഞു തുളുമ്പിയ കണ്ണു നീർ വിവിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു…..

അവളുടേ സ്വപ്നങ്ങളെ യും ആഗ്രഹങ്ങളെയും പിടിച്ചു കെട്ടി അവളുടെ ശരീരത്തെ മാത്രം ഇവിടെ തളച്ചിടാൻ നമുക്കെന്ത് അവകാശമുണ്ടമ്മേ….

അവൾക്ക് കിട്ടിയ സ്നേഹത്തെ കുറിച്ച് അവൾക്ക് ബോധ്യം വരുമ്പോൾ അവൾ തീർച്ചയായും തിരിച്ചു വരും……

പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവനവിടെ നിന്നും പോകുമ്പോൾ ജാനകി നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ടവിടെ യിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മീരാ……

അകത്തേക്ക് കയറി വരുന്നവളെ കണ്ടതും പുഞ്ചിരിയോടെ ആന്നി അവളിലേക്ക് ചെന്നു….

മീരയുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നിരുന്നു….

അവൾ മീരയെ കെട്ടിപിടിക്കുമ്പോൾ മീരയും അവളെ ചേർത്ത് പിടിച്ചു……

എന്നാൽ ജാനാകിയുടെ മുഖ ഭാവം കണ്ടതും മീരയുടെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു പോയിരുന്നു…..

ദേഷ്യമോ സങ്കടമോ എന്നറിയാത്ത അവരുടേയാ ഭാവം അവൾക്കന്യമായിരുന്നു….

വിവിയിലും കണ്ടതൊരു തരം നിർവികാരത യായിരുന്നു……

രാധുവിന്റെ മുഖത്ത് എന്തോ ഒരു സന്തോഷം താൻ കാണുന്നുണ്ടോ….

എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ ആന്നിയൊരു പക്ഷേ ജോലിയുടെ കാര്യം ഇവിടെ പറഞ്ഞിട്ടുണ്ടാകുമോ എന്നൊരു ഭയം അവളിൽ നിറഞ്ഞു …..

എത്ര കാലമായി നമ്മൾ കണ്ടിട്ട്…..

ആന്നി അവളെ കണ്ട സന്തോഷത്തിലായിരുന്നെങ്കിലും മീരയുടെ കണ്ണുകൾ ചുറ്റുമുള്ളവരെ തഴുകി നിന്നു……

നിനക്കൊരു സർപ്രൈസ് മായിട്ടാണ് ഞാൻ വന്നിട്ടുള്ളത്….

നീ ഒത്തിരി ആഗ്രഹിച്ച ആ ജോലി കിട്ടി….
ഞാൻ തിരിച് പോകുമ്പോൾ കൂടെ നീയുമുണ്ടാകണം…..

ആന്നി അവളെ നോക്കിയത് പറഞ്ഞതും മീര ഒരു തരം ഞെട്ടലോടെ അവളെ നോക്കി…..

അവൾക്ക് വാക്കുകളൊന്നും പുറത്ത് വരുന്നുണ്ടായിരുന്നില്ല….

കണ്ടില്ലേ…. അവളുടേ സന്തോഷം….. അവൾക്ക് സന്തോഷം കൊണ്ട് മിണ്ടാൻ പോലും പറ്റുന്നില്ല….

ആന്നി ജാനകിയെയും വിവിയെയും നോക്കി ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവർക്ക് സംസാരിക്കാൻ ഇടം കൊടുത്തെന്ന വണ്ണം വരുത്തി തീർത്തൊരു പുഞ്ചിരിയാലെ ജാനകിയും വിവിയും അകത്തേക്ക് വലിഞ്ഞു…..

ആന്നി……ഇത്ര…..ഇത്ര പെട്ടെന്നൊ…..

മീരയത് ചോദിക്കുമ്പോൾ ആന്നിയൊന്നു ചിരിച്ചു….

നീ ഭാഗ്യമുള്ളവളാണ് മീരാ…..
നിനക്കോട്ടും ഇഷ്ടമില്ലാത്ത ഇവർക്കിടയിൽ നിന്ന് ദൈവം നിന്നേ രക്ഷിക്കാൻ വേണ്ടിയാവും വേഗം തന്നെ അതിനുള്ള ഏർപ്പാടുകളെല്ലാം ചെയ്തത്……

പുഞ്ചിരിയോടെ ആന്നിയത് പറയുമ്പോൾ എന്തൊക്കെയോ വാക്കുകൾ മീരയുടെ തൊണ്ട ക്കുഴിയിൽ തങ്ങി നിന്നിരുന്നു..

എന്നാൽ ഒന്നും തുറന്ന് പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അവളപ്പോൾ…..

നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ….

മീരയത് ചോദിച്ചതും ആന്നിയുടെ മുഖം മാറി….

അതിനു നീ ഫോൺ എടുത്തിട്ട് വേണ്ടേ….
ഞാൻ വിളിച്ചാൽ എടുക്കുകയുമില്ല….. ആ മിസ്ഡ് കാൾ കണ്ടാൽ പോലും തിരിച് വിളിക്കുകയുമില്ല….
പിന്നെങ്ങനെ……
ഇവിടേക്കുള്ള വഴിയൊക്കെ ഞാൻ നിന്റെ ഡാഡി യെ വിളിച്ചു ചോദിച്ചിട്ടാണ് വന്നത്…..

മനപ്പൂർവം അവളുടേ കാളുകൾ താൻ ഒഴിവാക്കിയതാണെന്ന് പറയാനാവാത്തത് കൊണ്ട് തന്നെ അവളൊന്നും മിണ്ടിയില്ല…..

എങ്കി മീരാ…. ഞാനിറങ്ങുകയാണ്….
നമുക്ക് പോകാനുള്ള സമയമൊക്കെ ഞാൻ നിനക്ക് അയക്കാം….

അപ്പോഴേക്കും റെഡി ആവണം…..കൂടുതൽ സമയമില്ല…..രണ്ടാഴ്ചയേയുള്ളു……

മീരയുടെ ഹൃദയത്തിൽ അവൾ കോരിയിട്ടത് കനലാണെന്നറിയാതെ അവൾ വീണ്ടും പുഞ്ചിരിച്ചു.

ഇവരുടെ ഇടയിൽ നിന്ന് രക്ഷപ്പെടുന്നതിലുള്ള സന്തോഷം എനിക്ക് നിന്റെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാൻ പറ്റുന്നുണ്ട് മീരാ…..

അവളെ ഒന്ന് കൂടി ചേർത്ത് പിടിച് ആന്നിയത് പറഞ്ഞ് കൊണ്ടിറങ്ങുമ്പോൾ മീരയുടെ ഹൃദയം ശക്തിയായി മിടിച്ചു കൊണ്ടിരുന്നു……

അവൾക്കാകെ തളരുന്നത് പോൽ തോന്നി….

താനത്ര മാത്രം ആഗ്രഹിച്ചിരുന്നതായിരുന്നാ ജോലി…. എങ്കിലും….

കയ്യിൽ കിട്ടുമ്പോൾ അത് തന്നെ ഇത്ര മേൽ വേദനിപ്പിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി….

(തുടരും )