രചന – ജ്വാലാമുഖി
“അപ്പൊ ഓക്കേ വിഷ്ണു… ഇനിയും കാണാം.. ”
“ശരി അങ്കിൾ..”
യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ആ കണ്ണുകൾ എന്റെ നെഞ്ചിലേക്ക് തറഞ്ഞിറങ്ങുന്ന കൂരമ്പുകൾ പോലെ എനിക്ക് തോന്നി…
കാറിൽ ഇരുന്നു അച്ഛൻ വിഷ്ണുവിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നുണ്ടായി.. സത്യത്തിൽ അതെനിക്ക് അല്പം വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ അത് മുഖത്തു കാട്ടിയില്ല…
കാർ നേരെ തറവാട്ടിൽ ചെന്നു നിന്നു..
“എന്തായി… ദേവ… ”
വല്യച്ഛൻ ആകാംഷയോടെ ഇറങ്ങി വന്നു..
“നല്ല കൂട്ടരാ ചേട്ടാ… നമുക്ക് ഇതങ്ങു ഉറപ്പിക്കാം… ”
“എന്റെ കൃഷ്ണ… ”
വല്യച്ഛൻ സന്തോഷം കൊണ്ടു ഭഗവാനെ വിളിച്ചു അകത്തേക്ക് നടന്നു..
“ഡി… വാണി.. നിന്നെ കണ്ടിട്ട് എത്ര നാളായി… ”
ശരത്തേട്ടൻ എന്റെ അടുത്തേക്ക് വന്നു..
“എന്താ വായാടി ഒന്നും മിണ്ടാത്തെ… ”
“ഏയ് ഒന്നുല്ല… ”
“നി വാ… നിനക്ക് ഞാൻ ഒരു കൂട്ടം കൊണ്ടു വന്നിട്ടുണ്ട്… ”
“എന്തുട്ടാ… ”
“അതൊക്കെ ഉണ്ട് നി വാ… ”
ശരത്തേട്ടൻ എന്റെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു…
ബാഗ് തുറന്നു ഒരു കവർ എനിക്ക് നേരെ നീട്ടി…
നല്ല ഭംഗി ഉള്ളൊരു ഫ്രോക്ക്….
“ആഹാ… സൂപ്പർ… അല്ലേലും ശരത്തേട്ടന് നല്ല സെലക്ഷൻ ആണല്ലോ… ”
“പോടീ പോടീ… കൂടുതൽ സുഹിപ്പിക്കണ്ട… ”
അപ്പോളേക്കും കുഞ്ഞേട്ടൻ അങ്ങോട്ട് വന്നു…
“വാണിക്കുട്ടി എപ്പോ വന്നു.. ”
“കുറച്ചു നേരയിലോ… കുഞ്ഞേട്ടൻ എവിടെ ആയിരുന്നു… ”
“ബിസി അല്ലെ മോളു… ”
എന്ന് പറഞ്ഞേന്റെ കവിളിൽ നുള്ളിട്ടു കുഞ്ഞേട്ടൻ കുളിക്കാൻ പോയി…
“പോയ കാര്യം എന്തായി… ”
“ഓഹ് എന്താകാൻ… ഉറപ്പിച്ചു… ”
“ആഹാ… ”
“അപ്പോ നമുക്ക് അടിച്ചു പൊളിക്കണ്ടേ.. ”
“ഉം… ”
കൂടുതൽ ഒന്നും പറയാതെ ഞാൻ അവിടെ നിന്നും തലയൂരി…
അന്ന് രാത്രി ഞങ്ങൾ തറവാട്ടിൽ തന്നെ നിന്നു…
*****
“ദേവാ… ഇത് വാണിമോൾടെ ജാതകം ആണ്… ജ്യോത്സനെ ഒന്ന് കാണിക്കണം… ”
“പോകാം അമ്മേ… ”
അച്ഛമ്മയുടെ കയ്യിൽ നിന്നും ജാതകം വാങ്ങി കാറിൽ വച്ചു അച്ഛൻ ഡൈനിങ്ങ് ഹാളിൽ വന്നിരുന്നു ചായ കുടിച്ചു…
കുറച്ചു കഴിഞ്ഞതും അച്ഛൻ അമ്മയോട് എന്തൊക്കെയോ പറഞ്ഞു… എന്നിട്ട് കാർ എടുത്തു പോയി…
“ഗൗരി… ദേവൻ പോയോ മോളെ… ”
“ഉവ്വ് അമ്മേ… ”
“ആ ശങ്കരൻ പണിക്കർ ആയിരുന്നു നല്ലത് … ”
“അങ്ങോട്ടേക്ക് തന്നാ… ”
രാവിലെ ഞാനും കുഞ്ഞേട്ടനും ശരത്തേട്ടനും ചിപ്പി ചേച്ചിയും കൂടെ പാടത്തൊക്കെ പോയി കറങ്ങി നടന്നു…
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അച്ഛനും വല്യച്ചനും ഭയങ്കര ചർച്ച…
“ഇനി മൂന്ന് മാസം ഉള്ളു… എന്റെ വാവേടെ പഠിപ്പ്.. ”
“അതൊന്നും നോക്കണ്ട ദേവാ… പെൺകുട്ടി ആണ്… എന്നായാലും കല്യാണം കഴിച്ചു വിടണം… അത് കരുതി മുപ്പത്തിഅഞ്ചാം വയസ്സിൽ കെട്ടിക്കാൻ പറ്റോ… ”
“എന്നാലും… അവൾ കുഞ്ഞല്ലേ… ”
“നമുക്ക് നമ്മുടെ മക്കൾ എന്നും കുഞ്ഞുങ്ങൾ തന്നെ ആണ് ദേവാ പക്ഷെ… ഈ മൂന്ന് മാസം കഴിഞ്ഞാൽ പിന്നെ വർഷം പതിനഞ്ചു കഴിയണം… അതുവരെ… ”
എല്ലാം കേട്ടു സ്തംഭിച്ചു നിന്നുപോയി ഞാൻ…
പണ്ടായിരുന്നു എങ്കിൽ നൂറു വട്ടം സമ്മതം ആയിരുന്നു എനിക്ക്.. പക്ഷെ ഇന്ന് എന്റെ മനസ്സ് എന്റെ കയ്യിൽ ഇല്ല….
ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു..
“നാളെ ആ മൂന്നാംകാരനെ വിളിച്ചു ഒന്ന് ഇങ്ങോട്ട് വരാൻ പറ മക്കളെ… എന്റെ കുട്ടിക്ക് പറ്റിയത് എവിടെയോ ഭഗവാൻ മാറ്റി നിർത്തിയിട്ടുണ്ടാകും… ”
അച്ഛമ്മയുടെ വാക്കുകൾ ചാട്ടുളി പോലെ എന്റെ കാതിൽ തറച്ചു…
നേരം ഇരുട്ടിയപ്പോൾ ഞാൻ വീട്ടിലേക്കു പോന്നു…
“വാവേ… ”
“ഉം… ”
“അച്ഛൻ പറഞ്ഞതൊക്കെ മോൾ കേട്ടല്ലോ.. ”
“ഉം… ”
“നാളെ ആ ബ്രോക്കറോട് വരാൻ പറയട്ടെ… ”
“അച്ഛാ…. ഇപ്പൊ എനിക്ക് അതിന് കഴിയില്ല… ”
“അച്ഛന്റെ വാവ അച്ഛന് വേണ്ടി സമ്മതിക്കണം.
”
തലയിണയിൽ മുഖം അമർത്തി കരഞ്ഞു തളർന്നു പോയി ഞാൻ…
*****
രാവിലെ എന്റെ ഫോട്ടോയും.. ബിയോഡേറ്റയും ഒക്കെ അച്ഛൻ റെഡി ആകുന്നത് കണ്ടു..
ഞാൻ മറുത്തൊന്നും പറഞ്ഞില്ല…
എന്റെ അച്ഛന്റെ സന്തോഷം ആണ് എനിക്ക് വലുത്..
ഉച്ചക്ക് ചിപ്പി ചേച്ചി വിളിച്ചു…
“വാണി നമുക്ക് ഒന്ന് പുറത്തു പോയിട്ട് വരാം.. നി തറവാട്ടിലേക്ക് ഒന്ന് വാ.. ”
ഞാൻ യാത്ര ആയി തറവാട്ടിലേക്ക് പോയി… അവിടന്ന് ചേച്ചിയെ കൂട്ടി ഇറങ്ങി…
വണ്ടി ഓടിക്കുന്നത് ചിപ്പി ചേച്ചി ആയതു കൊണ്ടു എനിക്ക് വഴി ഒന്നും ഒരു പിടുത്തവും കിട്ടിയില്ല…
ഒടുവിൽ ഒരു കോഫീ ഷോപ്പിൽ വണ്ടി നിർത്തി..
ഞങ്ങൾ ഇറങ്ങി…
“നി ഇവിടെ ഇരിക്കു… ഞാൻ ഇപ്പൊ വരാം… ”
എങ്ങോട്ടാ എന്ന് ചോദിക്കും മുന്നേ ചേച്ചി പോയിരുന്നു…
സൈഡിലെ ചില്ലിനിടയിലൂടെ പുറത്തേക്കു നോക്കി ഞാൻ ഇരുന്നു…
“ഹെലോ… ”
പരിചിതമായ ആ ശബ്‌ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി…
വിഷ്ണു…. !!!
ഞാൻ അവിടെ നിന്നും എണീറ്റു പോകാൻ ഒരുങ്ങി അപ്പോളേക്കും അയാൾ എന്റെ അടുത്ത് വന്നിരുന്നു കഴിഞ്ഞിരുന്നു…
“എന്തിനാ നി എന്നെ കാണുമ്പോളെക്കും ഓടുന്നത്… ”
“നോക്കു വിച്ചുവേട്ട… ചിപ്പി ചേച്ചി കൂടെ ഉണ്ട്… കോപ്രായം കാണിക്കരുത്… ”
“നി എന്താ വിളിച്ചേ… ”
“സോറി… ”
“ഒന്നുടെ വിളിച്ചേ… കേൾക്കാൻ ഒരു രസം… ”
“തമാശ നിർത്തു… ചിപ്പി ചേച്ചി കണ്ടാൽ എന്തു ധരിക്കും… ”
“എന്തു ധരിക്കാൻ എനിക്ക് എന്റെ അനിയത്തി ടെ അടുത്ത് ഇങ്ങനെ ഇരുന്നൂടെ…. ”
“ദേ… കൂടുന്നുണ്ട്… ”
“ഞാൻ ഇരിക്ക മാത്രം അല്ല ഇങ്ങനെ വട്ടം പിടിക്കും… ”
എന്ന് പറഞ്ഞു വിഷ്ണു എന്നെ അരയിലൂടെ ചുറ്റി വട്ടം പിടിച്ചു…
“നിങ്ങൾക്ക് തലയ്ക്കു വല്ല അസുഖം ഉണ്ടോ… ചെ.. ”
“ഉവ്വെടി… നിന്നെ കണ്ടപ്പോൾ തുടങ്ങിയ അസുഖം ആണ്… ”
“ഇനി ആ അസുഖം അങ്ങ് മാറ്റിയെക്കൂ… നിങ്ങളുടെ അനിയത്തിയുടെ സ്ഥാനം ആണിപ്പോ എനിക്ക്… അത് മറക്കണ്ട… ”
“പിന്നെ പോടീ… ഒരു അനിയത്തി… അങ്ങനെ ഇപ്പൊ അനിയത്തി ആയി കാണാൻ എനിക്ക് മനസില്ല… ”
“ചെ… ഇങ്ങനെ ഒക്കെ സംസാരിക്കാൻ നാണം തോന്നുന്നില്ലേ നിങ്ങൾക്ക്… ”
“എന്തിന്.. ഇവിടെ അടുത്തെങ്ങും ആരും ഇല്ലാലോ… ”
“പ്ലീസ്… ഇങ്ങനെ ഒന്നും ചിന്തിക്കരുത്… ഒരു കുടുംബം ആയി കഴിയുന്നവരാ ഞങ്ങൾ.. ആ ബന്ധം തകർക്കരുത്… ”
“നിന്റെ ചേച്ചിയെ കെട്ടിയാൽ പിന്നെ എനിക്ക് ബസ് സ്റ്റോപ്പിൽ നിന്നു സമയം കളയണ്ടല്ലോ.. എന്നും വീട്ടിൽ വരാലോ… ചേട്ടൻ ആയിട്ട്.. ”
“ചെ… ”
“ഇങ്ങനെ ചീറ്റ് ചെയ്യരുത്… ”
“എന്തു ചീറ്റിങ്ങ്… നിന്റെ അച്ഛനോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു… ”
“എന്നിട്ട്… ”
“എന്നിട്ട് എന്താ നിന്നെ മറന്നേക്കാൻ പറഞ്ഞു… ”
പ്രതീക്ഷ നശിച്ചു താഴേക്കു നോക്കി ഇരുന്നു ഞാൻ..
“വാണി… ”
ഞാൻ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി..
“നിനക്ക് എന്റെ കൂടെ ഇറങ്ങി വന്നൂടെ… ”
“എന്റെ അച്ഛനെ വേദനിപ്പിച്ചു ഞാൻ എങ്ങോട്ടും ഇല്ല.. പിന്നെ ഇപ്പൊ നിങ്ങൾ എന്റെ മനസ്സിൽ ഇല്ല…പിന്നെ അധികം വൈകാതെ എന്റെ കല്യാണം ഉണ്ടാകും… ”
ഒരു ഞെട്ടലോടെ വിഷ്ണു എന്നെ നോക്കി
“എന്റെ കണ്ണുകളിൽ നോക്കി നിനക്ക് ഇത് ഒന്നുടെ പറയാൻ കഴിയോ…ഞാൻ നിന്റെ മനസ്സിൽ ഇല്ലാന്ന്… പറ വാണി..
”
ഞാൻ മുഖം ഉയർത്തിയില്ല.. ആ കണ്ണുകളിലെ കാന്തശക്തി എന്നെ കള്ളം പറയിക്കില്ല…
ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു ഞാൻ…
പെട്ടെന്ന് ചിപ്പി ചേച്ചി അങ്ങോട്ട് വന്നു..
“ആ ചിപ്പി എവിടെ പോയിരുന്നു… ഞാൻ വന്നിട്ട് കുറച്ചു നേരം ആയല്ലോ… ”
“ഒരു കാൾ വന്നു… ”
“തന്റെ അനിയത്തി ഒന്നും മിണ്ടില്ലേ… ഇങ്ങനെ പാടില്ല പെൺകുട്ടികൾ… ശരിക്കും റബ്ബർ പന്ത് പോലെ ഇരിക്കണം.. അടിച്ചാൽ അതിലും സ്പീഡിൽ കറങ്ങി വന്നടിക്കണം… ”
“ബെസ്റ്റ്… ഇവളോ… വീട്ടിലെ ഏറ്റവും വലിയ വായാടി ആണിത്.. റബ്ബർ നേക്കാൾ തൊലിക്കട്ടി ആണ് എന്റെ അനിയത്തി കുട്ടിക്ക്… ”
“എന്നിട്ടെന്താ എന്നോട് ഒന്നും മിണ്ടാത്തെ… ”
“അത് പരിചയം ഇല്ലാത്തോണ്ടാകും വിഷ്ണുവേട്ട.. … ”
എനിക്ക് അവിടെ നിന്നും ഇറങ്ങി ഓടണം എന്ന് തോന്നി… ഒന്ന് പൊട്ടിക്കരയാൻ കൊതിച്ചു പോയി ഞാൻ…
അവരുടെ ഇടയിൽ വീർപ്പു മുട്ടി ഞാൻ ഇരുന്നു…
തുടരും…..

by