രചന – നിള നന്ദ
രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടാണ് നയനയെ ഡിസ്ചാർജ് ചെയ്തത്… രാമനാഥനും മഹിയും മുൻപേ വീട്ടിലേക്ക് പോയിരുന്നു.. ഈ രണ്ട് ദിവസവും ശിവൻ കാണാൻ വരുമെന്ന് നയന പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല… അതോർക്കുമ്പോൾ എന്തിനോ ഒരു വേദന അവളുടെ ഉള്ളിൽ നിറഞ്ഞു.
” അമ്മേ… ഞാൻ നിങ്ങടെ ഒപ്പം വരുന്നില്ല.. ”
ബാഗ് പാക്ക് ചെയ്ത് കൊണ്ടിരുന്ന ദേവകിയുടെ അടുത്തേക്ക് ചെന്ന് നയന പറഞ്ഞു.
” വരുന്നില്ലെന്നോ… പിന്നെ..? ”
ദേവകി നെറ്റി ചുളിച്ച് അവളെ നോക്കി..
” ഞാൻ മദറിന്റെ ഒപ്പം പോവുന്നു.. ”
” അതിന് ഞാൻ സമ്മതിച്ചിട്ട് വേണ്ടേ…”
അരവിന്ദന്റെ ഒപ്പം റൂമിലേക്ക് വന്ന മീനു ആണ് അതിന് മറുപടി കൊടുത്തത്..
” എന്താ മോളെ ഞങ്ങൾക്ക് ബുദ്ധിമുട്ട് ആവും എന്ന് കരുതിയിട്ട് ആണോ.. ഞങ്ങടെ മോള് തന്നെ അല്ലേ നീയും.. ”
ദേവകി നയനയെ സ്നേഹത്തോടെ നോക്കി..
” അത് കൊണ്ടൊന്നും അല്ല അമ്മേ… കുറേ നാളായില്ലേ എല്ലാവരെയും കണ്ടിട്ട്… എന്നെ കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് പേര് ഉണ്ടാവും അവിടെ… എനിക്ക് അവരെ കാണാൻ തോന്നുന്നു… ”
” നമുക്ക് ഒരുമിച്ച് പോയി എല്ലാവരെയും കാണാം.. എന്നിട്ട് നീ ഞങ്ങളുടെ കൂടെ പോര്.. ”
മീനുവാണ്..
” മീനു നിനക്ക് പറഞ്ഞാൽ മനസിലാവില്ല… ഞാൻ ഇപ്പൊ നിങ്ങടെ കൂടെ വരുന്നില്ല… അച്ചുവേട്ടൻ എങ്കിലും എന്നെ മനസിലാക്കണം.. ”
അവൾ പ്രതീക്ഷയോടെ അരവിന്ദനെ നോക്കി..
” ഏട്ടന് മനസിലാവും… മോള് മദറിന്റെ ഒപ്പം പൊയ്ക്കോ.. എല്ലാവരുടെയും ഒപ്പം കുറച്ച് ദിവസം താമസിച്ചാൽ അതൊരു സന്തോഷം ആവും.. ”
അരവിന്ദ് അത് പറഞ്ഞതും ദേവകിയും മീനുവും പിന്നെ ഒന്നും പറഞ്ഞില്ല…
” ഇറങ്ങാറായോ..? ”
വാതിൽക്കൽ നിന്ന് ശബ്‌ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് ആയി..
നേരിയ ചിരിയോടെ നിൽക്കുന്ന ശിവനെ കണ്ടതും നയനയുടെ ഹൃദയമിടിപ്പ് കൂടി..
” ഞങ്ങൾ ഇന്ന് അങ്ങോട്ട് വരുമെന്ന് പറഞ്ഞതല്ലേ ശിവാ.. നീ പിന്നെ എന്തിനാ ഇങ്ങോട്ട് തിരക്ക് പിടിച്ച് വന്നത്.. ”
അരവിന്ദ് അവനെ നോക്കി ചോദിച്ചു..
” എനിക്ക് ഇവിടെ അടുത്ത് വരണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു.. അപ്പോ ഇവിടെ ഒന്ന് കയറാമെന്ന് കരുതി.. ”
ശിവൻ അരവിന്ദനെ തന്നെ നോക്കി പറഞ്ഞു..
” അതെന്തായാലും നന്നായി.. നയന നമ്മുടെ ഒപ്പം വരുന്നില്ല ശിവേട്ടാ.. അവൾ മദറിന്റെ കൂടെ പോവാണെന്ന്.. ”
മീനു നയനയെ ഒന്ന് ഇടക്കണ്ണിട്ട് നോക്കി ശിവനോട് പറഞ്ഞു..
ശിവൻ മുഖം തിരിച്ച് നയനയെ ഒന്ന് നോക്കി..
ഒന്നും ശ്രദ്ധിക്കാത്ത പോലെ മറ്റെങ്ങോ നോക്കി നിൽക്കുകയായിരുന്നു അവൾ..
അരവിന്ദൻ രണ്ടാളെയും മാറി മാറി നോക്കിയ ശേഷം കട്ടിലിൽ ഇരുന്ന രണ്ട് ബാഗ് എടുത്ത് ഒന്ന് മീനുവിന്റെ കയ്യിൽ കൊടുത്തു..
” ശിവാ.. നീ നയനയെയും കൂട്ടി വാ.. ഞങ്ങൾ താഴെ ഉണ്ടാവും.. ഡോക്ടറെ ഒന്ന് കാണണം.. മദർ അവിടെ ഉണ്ട്.. വാ അമ്മേ.. ”
അരവിന്ദ് മീനുവിനെയും ദേവകിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..
ശിവൻ നയയയുടെ അടുത്തേക്ക് ചെന്നു..
അവന്റെ കണ്ണുകൾ അവളുടെ കയ്യിലെ മുറുവിലേക്ക് നീണ്ടു..
” എങ്ങനെ ഉണ്ട് ഇപ്പൊ..? ”
ആർദ്രമായി അവൻ ചോദിച്ചു..
” ഇടയ്ക്ക് ചെറിയ വേദന ഉണ്ട്.. വേറെ കുഴപ്പം ഒന്നുല്ല.. ”
ശിവനെ ഒന്ന് നോക്കി കണ്ണ് ചിമ്മിക്കൊണ്ട് നയന പറഞ്ഞു..
” മ്മ്.. താഴേക്ക് പോവാം.. ”
ശിവൻ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങി.. ഒരുനിമിഷം എന്തോ ആലോചിച്ചുകൊണ്ട് പുറകെ നയനയും..
ഒന്നിച്ച് നടക്കുമ്പോൾ രണ്ടാളും മൗനം ആയിരുന്നു.. ആ മൗനത്തിന് വല്ലാത്ത കനം ഉണ്ടെന്ന് തോന്നി നയനയ്ക്ക്..
കാറിന് അടുത്താണ് ആ നടത്തം അവസാനിച്ചത്..
അരവിന്ദും ദേവകിയും ഒന്നും എത്തിയിരുന്നില്ല..
കാറിൽ ചാരി നിന്നുകൊണ്ട് നയന ദൂരേക്ക് ദൃഷ്ടി പായിച്ചു..
” അന്ന് ഞാൻ തന്നോടൊരു കാര്യം ചോദിച്ചിരുന്നു.. അതിന് വ്യക്തമായൊരു മറുപടി കിട്ടിയില്ല.. ”
നയന മുഖം തിരിച്ച് ശിവനെ നോക്കി..
” ശിവേട്ടാ.. ഞാൻ.. എനിക്ക്.. എനിക്ക് ഒരിക്കലും അങ്ങനെ.. ഞാൻ.. ”
എന്തൊക്കെയോ പറയണം എന്നുണ്ടായിട്ടും നയനക്ക് വാക്കുകൾ കിട്ടിയില്ല.. നിറഞ്ഞു വന്ന കണ്ണുകൾ ശിവനിൽ നിന്ന് ഒളിപ്പിക്കാനായി അവൾ മുഖം താഴ്ത്തി..
” എന്താ പറയാൻ പോവുന്നതെന്ന് എനിക്ക് അറിയാം.. ഒതാൻ ഒരാളെ സ്നേഹിച്ചതാണെന്നും അയാളാൽ വഞ്ചിക്കപ്പെട്ട ആളാണെന്നും അല്ലേ…? ”
ശിവന്റെ ചോദ്യം കേട്ട് നയന മുഖം ഉയർത്തി നോക്കി.. അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല..
” ഒരാളെ സ്നേഹിക്കുന്നത് അത്ര വലിയ തെറ്റൊന്നും അല്ലെടോ.. അന്നങ്ങനെ സംഭവിച്ചതും തന്റെ തെറ്റല്ല.. ഒരുപെണ്ണിന്റെ ജീവിതം കേവലം അവളുടെ ശരീരത്തിൽ ആണെന്ന് ഞാൻ കരുതുന്നില്ല.. ഇതല്ലാത്ത ഒരു കാരണം ഉണ്ടെങ്കിൽ തനിക്ക് പറയാം.. ”
ശിവനെ നോക്കിയതല്ലാതെ നയന മറുപടി ഒന്നും പറഞ്ഞില്ല..
” പിന്നെ.. താൻ ഒരിക്കലും അനാഥ അല്ല.. രക്തബന്ധം ഇല്ലെങ്കിൽ കൂടിയും എന്നും തനിക്ക് എല്ലാവരും ഉണ്ടായിരുന്നു.. ഇപ്പൊ സ്വന്തം ആയി തന്നെ സ്നേഹിക്കുന്ന അച്ഛനും അമ്മയും ഏട്ടന്മാരും സഹോദരിയും ഉണ്ട്.. ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ തന്റെ എല്ലാം ആവാൻ എനിക്ക് ഒരു അവസരം തന്നൂടെ.. ”
അവസാനത്തെ വാക്കുകൾ പറഞ്ഞപ്പോൾ ശിവന്റെ കണ്ണിൽ ഒരു കുസൃതി ചിരി നയന കണ്ടു..
അവൾ എന്തോ പറയാൻ തുടങ്ങിയതും അരവിന്ദും ദേവകിയും മദറും മീനുവും വരുന്നത് കണ്ട് നിശബ്ദതയായി..
” എന്നാൽ ഞങ്ങൾ ഇറങ്ങുന്നു.. പോവാം മോളെ.. ”
നയനയോട് ചേർന്ന് നിന്ന് മദർ ചോദിച്ചു..
ഒന്ന് തലയാട്ടികൊണ്ട് ശിവനെ ഒഴിച്ച് അവൾ എല്ലാവരെയും നോക്കി.. കൂടുതലായി യാത്ര പറയാൻ തോന്നിയില്ല..
നയനയുടെ കാർ കണ്ണിൽ നിന്ന് അകന്ന് പോവുമ്പോൾ ശിവന്റെ ഉള്ളൊന്ന് പിടഞ്ഞു..
ടാക്സിയിൽ ഇരിക്കുമ്പോൾ എന്തിനോ നയനയുടെ കണ്ണ് നിറഞ്ഞു… മദറിന്റെ തോളിൽ ചാരി അവൾ കണ്ണുകൾ അടച്ചു…
ഓർഫനേജിൽ എത്തിയപ്പോൾ ആണ് നയന കണ്ണ് തുറന്നത്… ഒരുപാട് നാളുകൾക്ക് ശേഷം ആണ് തിരിച്ച് വരുന്നത്… നയനയെ കണ്ടതും എല്ലാവരും അവളുടെ ചുറ്റും കൂടി. അവരുടെ സ്നേഹനേഷണങ്ങൾക്ക് സ്നേഹത്തോടെ തന്നെ അവൾ മറുപടി പറഞ്ഞു.. എല്ലാം മറന്ന് കളിച്ചും ചിരിച്ചും അവൾ എല്ലാവരോടും ഒത്ത് സമയം ചിലവിട്ടു..
അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ അവൾ ഇതുവരെ കാണാത്ത അവളുടെ അച്ഛനെയും അമ്മയെയും ഓർത്തു… എന്തിനായിരിക്കും അവരെന്നെ ഉപേക്ഷിച്ചിരിക്കുക്ക… വലിച്ചെറിയാൻ മാത്രം അപമാനം ആയിരുന്നോ താൻ അവർക്ക്… ചിലപ്പോൾ ആയിരുന്നിരിക്കും…. ഞാൻ കൂടെ ഇല്ലാത്തതാണ് അവരുടെ സന്തോഷം എങ്കിൽ അത് മതി.. നിറഞ്ഞുവന്ന കണ്ണുകൾ അവൾ മുറുക്കെ അടച്ചു..
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരോടും സംസാരിച്ചും ഓരോന്ന് ചെയ്തും അവൾ പഴയത് പോലെ ആയി.. ഇടയ്ക്കൊക്കെ അരവിന്ദും മീനുവും ഒക്കെ വിളിക്കും…
അന്ന് അങ്ങനെ ഉണ്ടായത് കൊണ്ട് എൻഗേജ്മെന്റ് പിന്നത്തെ ആഴ്ചയിലേക്ക് മാറ്റി വെച്ചിരുന്നു… എൻഗേജ്മെന്റിന് രണ്ട് ദിവസം മുൻപ് അരവിന്ദ് അവളെ കൂട്ടാൻ വന്നു… എതിർത്തൊന്നും പറയാൻ അവൾക്ക് തോന്നിയില്ല… എല്ലാവരോടും യാത്ര പറഞ്ഞ് അവൾ അരവിന്ദന്റെ കൂടെ പോയി…
വീട്ടിൽ എത്തിയതും ദേവകിയും രാമനാഥനും അവളെ ചേർത്ത് പിടിച്ച് വിശേഷങ്ങൾ ഒക്കെ ചോദിച്ചു… മീനു പക്ഷേ അവളെ കണ്ടതും മുഖം വീർപ്പിച്ച് റൂമിലേക്ക് പോയി..
” എന്താണ് മോളെ… ഞാൻ കാരണം ഒരാഴ്ച്ച എൻഗേജ്മെന്റ് നീണ്ടതിന്റെ വിഷമം ആണോ..? ”
മീനുവിന്റെ പുറകെ ചെന്ന് നയന ചോദിച്ചു..
” ദേ വേണ്ടാത്തത് പറഞ്ഞാൽ ഒരെണ്ണം ഞാൻ അങ്ങ് തരും. രണ്ട് ദിവസം കഴിഞ്ഞ് വരാം എന്ന് പറഞ്ഞല്ലേ നീ പോയത് ഇപ്പൊ എത്ര ദിവസം ആയി.. ”
മീനു വീണ്ടും മുഖം വീർപ്പിച്ചു..
” മനഃപൂർവം അല്ല.. നിനക്ക് അറിഞ്ഞൂടെ എന്നെ.. അവിടന്ന് പോരാൻ തോന്നിയില്ല.. ”
” മ്മ് ഇനി നിന്നെ ഞാൻ എങ്ങോട്ടും വിടില്ല കേട്ടല്ലോ… പോയി ഡ്രസ്സ് ചേഞ്ച് ചെയ്യ്. ”
മീനു നയനയുടെ കവിളിൽ തട്ടി പറഞ്ഞ് റൂമിന് പുറത്തേക്ക് പോയി…
********************
വീട്ടിൽ പണിക്കാർ ഉണ്ടായിരുന്നത് കൊണ്ട് അധികം പണി ഒന്നും ഉണ്ടായിരുന്നില്ല… എന്നാലും നയന എന്തെങ്കിലും ഒക്കെ ചെയ്ത് സമയം കളഞ്ഞു… ശനിയാഴ്ച രാവിലെ മുതൽ വിരുന്നുകാർ വന്ന് തുടങ്ങി… നയന അധികവും ആർക്കും മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി… രാവിലെ തൊട്ട് വീട്ടിൽ ഇരുന്ന് ബോറടിച്ചത് കാരണം വെയിൽ പോയപ്പോൾ അവൾ പുറത്തേക്ക് ഇറങ്ങി…
പാടത്ത് കുറച്ച് നേരം നടന്നതിന് ശേഷം അവൾ കുളക്കടവിൽ വന്നിരുന്നു… എന്തൊക്കെയോ ആലോചിച്ച് അവൾ വെള്ളത്തിലേക്ക് കല്ലെടുത്ത് എറിഞ്ഞു…
” എന്താണ് ഇവിടെ തനിച്ച് ഇരിക്കുന്നത്..? ”
ചോദ്യം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി.
” ഡോക്ടർ എന്താ ഇവിടെ.. കല്ല്യണവീട്ടിൽ പണി ഒന്നും ഇല്ലേ..? ”
അടുത്ത് വന്നിരുന്ന വിവേകിനെ നോക്കി അവൾ ചോദിച്ചു…
” ഞാൻ ശിവനെ ഒന്ന് കാണാൻ ഇറങ്ങിയത് ആണ്.. ”
ശിവന്റെ പേര് കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടരുന്നത് വിവേക് ശ്രെദ്ധിച്ചിരുന്നു..
” എന്നിട്ട് കണ്ടോ…? ”
എത്ര ഒളിപ്പിക്കാൻ ശ്രെമിച്ചിട്ടും അവളുടെ വാക്കുകളിൽ ആകാംഷ നിറഞ്ഞിരുന്നു..
” ഇല്ല… അവൻ എന്തോ മീറ്റിംഗിന് ട്രിവാൻഡ്രം പോയിരിക്കയാണ് ഇന്ന് രാത്രി എത്തുള്ളു… ”
വിവേകിന്റെ മറുപടി കേട്ടതും നയന ഒന്നും മിണ്ടാതെ വെള്ളത്തിലേക്ക് നോക്കി…
” നയന ഞാൻ ഒരു കാര്യം ചോദിക്കട്ടെ..? ”
” ചോദിക്ക്.. ”
” നീ ശിവനെ സ്നേഹിക്കുന്നുണ്ടോ…? ”
ആ ചോദ്യം കേട്ടതും അവൾ ഒന്നും മിണ്ടിയില്ല.. ഉത്തരം ഇല്ലാത്തതോ അതോ ഉത്തരം ഇല്ലെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കുന്നതോ…
” നീ സ്നേഹിച്ചാലും ഇല്ലെങ്കിലും അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… ഞങ്ങൾ കണ്ട് മനസിലാക്കിയത് ആണ് അത്… നിന്നെ കുറിച്ച് എല്ലാം അറിയുന്നതിന് മുൻപേ അവൻ നിന്നെ സ്നേഹിച്ചത് ആണ്… അറിഞ്ഞു കഴിഞ്ഞപ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല…. ഒന്നും വെറും സഹതാപത്തിന്റെ പുറത്ത് അല്ല.. ”
പറഞ്ഞ് കഴിഞ്ഞ് വിവേക് ഒരു മറുപടിക്ക് ആയി നയനയുടെ മുഖത്തേക്ക് നോക്കി…
” എന്നെ അവിടെ അനേഷിക്കും ഞാൻ ചെല്ലട്ടെ… ”
ഒരു മറുപടിക്ക് കാക്കാതെ നയന എഴുനേറ്റ് തിരിഞ്ഞ് നടന്നു… എന്തിനോ ആ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു…
രാത്രി മീനുവിന്റെ ഒപ്പം കിടക്കുമ്പോൾ നയന വിവേക് പറഞ്ഞ വാക്കുകൾ ഓർത്തു… താനും അനുഭവിച്ച് അറിഞ്ഞതാണ് ആ സ്നേഹം.. കരുതൽ…
കുറേ നേരം എന്തൊക്കെയോ ആലോചിച്ച് മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ച് അവൾ ഉറങ്ങി….
രാവിലെ നേരത്തെ എഴുനേറ്റ് നയന മീനുവിനെ വിളിച്ചുണർത്തി… ആദ്യം എണീക്കാൻ മടി കാണിച്ചെങ്കിലും നയന എൻഗേജ്മെന്റിന്റെ കാര്യം ഓർമിപ്പിച്ചതും മീനു വേഗം എണീറ്റു.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… അരവിന്ദ് വാങ്ങി കൊടുത്ത ലൈറ്റ് യെല്ലോ ചുരിദാർ ആയിരുന്നു നയനയുടെ വേഷം… മീനു സിംപിൾ ആയ ഒരു ലാച്ചയിൽ ഒരുങ്ങി…
വീട്ടിൽ തന്നെ ആയിരുന്നു ചടങ്ങ്… കൃത്യം സമയത്ത് തന്നെ വിവേകും വിദ്യയും വീട്ടുകാരും എത്തി… മീനുവിനെ പോലെ തന്നെ വിദ്യയും സിംപിൾ ആയ ലാച്ച ആയിരുന്നു ധരിച്ചിരുന്നത്… അവരുടെ സഹോദരി ആയും ദേവകിയുടെയും രാമനാഥന്റെയും മകളായും നയന എല്ലായിടത്തും ഓടി നടന്നു…
ഓർഫനേജിൽ നിന്ന് മദറും രണ്ട് സിസ്റ്റർമാരും വന്നിരുന്നു…
” മോളെ ഈ അമ്മയെ മറന്നോ…? ”
മദറിനോട് സംസാരിച്ച് നിൽക്കുമ്പോൾ നയനയുടെ അടുത്തേക്ക് മാലതി വന്നു..
” അമ്മയെ ഞാൻ മറക്കോ… എന്താ താമസിച്ചത്…? ”
” ശിവൻ ഇന്നലെ കുറേ താമസിച്ചാ വന്നത്. അവൻ എഴുന്നേറ്റപ്പോൾ താമസിച്ചു… ”
ആ പേര് കേട്ടതും അവളുടെ കണ്ണുകൾ അവന് വേണ്ടി ചുറ്റും പാഞ്ഞു… ഒടുവിൽ അരവിന്ദനോട് സംസാരിച്ച് നിൽക്കുന്ന ശിവനെ ഒരു നോക്ക് കണ്ടതും അവൾ പെട്ടന്ന് മുഖം തിരിച്ചു… പിന്നെ എന്ത് കൊണ്ടോ അധികം അങ്ങോട്ട് നോക്കിയില്ല…
മോതിരം മാറുന്ന സമയത്ത് നയന മുന്നിൽ തന്നെ ഉണ്ടായിരുന്നു.. ആദ്യം വിവേകും മീനുവിനും ആണ് മോതിരം മാറിയത്… മീനുവിന്റെ അടുത്ത് നിൽക്കുമ്പോൾ വിവേകിന്റെ അടുത്ത് നിന്നിരുന്ന ശിവനെ അവൾ ഒന്ന് നോക്കി.. അവൻ പക്ഷേ അവളെ ഒന്ന് നോക്കുന്നത് കൂടെ ഇല്ല… എന്തിനോ ഒരു വേദന അവളിൽ നിറഞ്ഞു… അരവിന്ദന്റേയും വിദ്യയുടെയും മോതിരം മാറുന്ന സമയത്തും ഇങ്ങനെ തന്നെ ആയിരുന്നു….
ചടങ്ങ് കഴിഞ്ഞതും അവൾ വേഗം അവിടെ നിന്ന് ആരും ഇല്ലാത്ത ഒരു സൈഡിലേക്ക് പോയി.. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു…. എന്തിന് കരയുന്നു എന്നത് അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയിരുന്നു…
” മോളെന്താ ഇവിടെ വന്ന് നിൽക്കുന്നത്…? ”
തോളിൽ ഒരു കരസ്പർശം അനുഭവപ്പെട്ടതും അവൾ തിരിഞ്ഞ് നോക്കി… മാലതി ആയിരുന്നു..
” ഒന്നും ഇല്ല അമ്മേ… കണ്ണിൽ എന്തോ പോയി. അതാ.. ”
” എന്നിട്ട് അത് കളഞ്ഞോ…? ”
മറുപടിയായി അവളൊന്ന് മൂളി…
” എന്നാ വാ ഭക്ഷണം കഴിക്കാം.. ”
മാലതി അവളെയും കൂട്ടി നടന്നു… വിശപ്പില്ലാതെ ഇരുന്നിട്ടും മാലതിയുടെയും കൃഷ്ണൻ മാഷിന്റെയും കൂടെ ഇരുന്ന് അവൾ ഭക്ഷണം കഴിച്ചു…
ഉച്ചയോടു കൂടി ചടങ്ങെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു.. മദറും സിസ്റ്റര്മാരും അധികം നേരം നിൽക്കാതെ പോയി.. പോവുന്നതിന് മുൻപ് ശിവൻ ഒന്ന് സംസാരിച്ചിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു… അതില്ലാതെ ആയപ്പോൾ ഒരു വിങ്ങൽ… അന്ന് രാത്രി ഉറക്കത്തെ വരെ ബാധിക്കുന്നത് ആയിരുന്നു ആ വേദന…
********************
” മോളെ… ഒന്നൂടെ ഒന്ന് ആലോചിച്ച് നോക്കിയെ… പോകണം എന്ന് നിർബന്ധം ആണോ…? ”
രാവിലെ നയന ബാഗ് പാക്ക് ചെയ്യുന്ന നേരത്ത് ദേവകി വന്ന് ചോദിച്ചു…
” അതേ അമ്മേ… ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല… എന്നായാലും പോകണം. അത് നേരത്തെ ആവുന്നത് അല്ലേ നല്ലത്.. വൈകും തോറും സങ്കടം കൂടും.. ”
ദേവകിയുടെ കവിളിൽ തലോടി നയന പറഞ്ഞു.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് തോന്നിയത് കൊണ്ട് ദേവകി പിന്നെ ഒന്നും പറഞ്ഞില്ല…
” എന്നോട് നീ യാത്ര ഒന്നും ചോദിക്കണ്ട… ഞാൻ നിന്റെ ആരും അല്ലാത്തത് കൊണ്ടല്ലേ നീ പോവുന്നത്… ”
നയന എന്തെങ്കിലും പറയാൻ വാ തുറക്കുമ്പോഴേക്കും മീനു പറഞ്ഞു…
” അങ്ങനെ ഒന്നും അല്ലടാ… എനിക്ക് ഈ ലോകത്തു ഏറ്റവും പ്രിയപ്പെട്ട ആൾ നീയല്ലേ.. പിന്നെ ഇപ്പൊ പോവുന്നത് ഈ യാത്ര അനിവാര്യം ആയത് കൊണ്ടാണ്… നീ വിഷമിക്കരുത്… എന്നും സന്തോഷം ആയിട്ട് ഇരിക്കണം.. ”
നയന മീനുവിനെ കെട്ടിപിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു….
” പോവുന്നത് ആണ് മോൾക്ക് ഇഷ്ട്ടം എങ്കിൽ അച്ഛൻ എതിർക്കില്ല… എപ്പോ വേണമെങ്കിലും മോൾക്ക് ഇങ്ങോട്ട് വരാം.. ഞങ്ങൾ എല്ലാം എപ്പോഴും മോൾക്ക് ഒപ്പം ഉണ്ടാവും… ”
രാമനാഥൻ നയനയെ ചേർത്ത് പിടിച്ച് പറഞ്ഞു…
” അത്രയും ദൂരേക്ക് ഒന്നും അല്ല അച്ഛാ ഞാൻ പോവുന്നത്… അച്ഛന് കാണാൻ തോന്നുമ്പോൾ ഒക്കെ ഒരു വിളിപ്പുറത്ത് ഞാൻ ഉണ്ടാവും… ”
നയന രാമനാഥനോട് അത് പറഞ്ഞ് മഹിയുടെയും അരവിന്ദന്റേയും അടുത്തേക്ക് പോയി…
” ആരും ഇല്ലാത്ത എനിക്ക് സ്വന്തം അച്ഛനും അമ്മയും ഏട്ടന്മാരും ആയി കൂടെ നിന്നത് നിങ്ങൾ ആണ്… ഒരിക്കലും മറക്കില്ല… പക്ഷേ പോയെ പറ്റൂ… പോവുന്നത് അധികം ദൂരേക്ക് ഒന്നും അല്ല… നിങ്ങളെ ഒന്നും വിട്ട് ദൂരേക്ക് പോവാൻ എനിക്ക് പറ്റില്ല… ”
” മോള് വിഷമിക്കണ്ട. എവിടെ ആയാലും മോള് സന്തോഷം ആയിട്ട് ഇരുന്നാൽ മതി…”
നയനയുടെ കണ്ണ് തുടച്ച് അരവിന്ദ് പറഞ്ഞു…
” പോയിട്ട് വാ മോളെ… ”
മഹി അവളെ നോക്കി പുഞ്ചിരിച്ചു…
ഒരിക്കൽ കൂടി എല്ലാവരെയും നോക്കി യാത്ര പറഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി നടന്നു..
അവൾ നേരേ പോയത് ക്ഷേത്രത്തിലേക്ക് ആയിരുന്നു… ചെരുപ്പ് ഊരി ഇട്ട് ബാഗ് ഒരു സൈഡിൽ വെച്ച് അകത്ത് കയറി അവൾ ഭഗവാന്റെ മുന്നിൽ കണ്ണുകൾ അടച്ച് തൊഴുത് നിന്നു…
” ഭഗവാനോട് യാത്ര പറയാൻ വന്നതാണോ.. എന്നോട് പറയുന്നില്ല.. ”
ശിവന്റെ സബ്‍ദം കേട്ടിട്ടും അവൾ മുഖം ഉയർത്തി നോക്കിയില്ല…
” പിരിയുന്നവരോട് ആണ് യാത്ര പറയുന്നത്.. എപ്പോഴും കൂടെ ഉള്ളവരോട് യാത്ര പറയേണ്ട ആവശ്യം ഇല്ല… ”
കണ്ണ് തുറക്കാതെ തന്നെ അവൾ മറുപടി പറഞ്ഞു.. ശിവന്റെ മുഖം അത് കേട്ട് ഒന്ന് തെളിഞ്ഞു…
” ഭഗവാൻ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട്.. ”
മുഖം ഉയർത്തി നയന പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു…
നയനയുടെ ഒപ്പം ക്ഷേത്രം വലം വെക്കുമ്പോൾ എന്ത് പറയണം എന്നറിയാതെ ശിവൻ മൗനം പാലിച്ചു… നയനയും അത് പോലെ തന്നെ ആയിരുന്നു…
തൊഴുതു കഴിഞ്ഞ് രണ്ടാളും ഒന്നിച്ച് പുറത്ത് ഇറങ്ങി..
” ശിവേട്ടാ… ”
മുന്നോട്ട് നടക്കുന്നതിന് ഇടയിൽ ഉണ്ടായ മൗനം വെടിഞ്ഞു അവൾ അവനെ വിളിച്ചു…
” പറയടോ… ”
” അച്ഛനെയും അമ്മയെയും അച്ചുവേട്ടനെയും ഒക്കെ കൂട്ടി വൈകാതെ ഓർഫനെജിലേക്ക് വരണം.. ആ കൈ കൊണ്ട് എന്റെ സീമന്ത രേഖ ചുവപ്പിക്കാൻ നല്ലൊരു ദിവസം തിരഞ്ഞെടുക്കണ്ടേ.. ഞാൻ കാത്തിരിക്കും.. ”
നയന ചെറു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നു.. അവൾ പോവുന്നത് നോക്കി നിൽക്കെ ശിവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു..
( തുടരും.. )

by