17/04/2026

മാംഗല്യം : ഭാഗം 19

രചന – അയിഷ അക്ബർ

വല്ലാത്ത നടു വേദന….. ദാ ഈ ചൂലങ് പിടിച്ചേ….

ചൂലുമായി അവൽക്കരികിൽ വന്ന് നിന്നത് പറയുമ്പോൾ മീരയത് കയ്യിലേക്ക് വാങ്ങി…

ഒരു വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് വന്ന് കയറിയ പെൺകുട്ടികളാണ്….
അടിച്ചു വാരി കഴിഞ്ഞു ഇവിടം തുടക്കുക കൂടി ചെയ്തോളു….

എന്ന് പറഞ്ഞ് കൊണ്ട് അവർ അവിടെ നിന്നും പോകുമ്പോൾ ചൂലുമായി മീരയങ്ങനെ നിന്നു….

പൊടി മുഴുവൻ അടിച് വാരി കൂട്ടുമ്പോൾ ശീലമില്ലാത്തത് കൊണ്ട് തന്നെ അവൾ വല്ലാതെ തുമ്മി കൊണ്ടിരുന്നു…

അവളെ കൊണ്ടാവും വിധം അടിച്ചു വാരി കൂട്ടുമ്പോഴും ഭാരതി അവളെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത് അവൾ കെട്ടില്ലെന്ന് നടിച്ചു…..

നിലം തൂത്തു കൊണ്ടിരിക്കുമ്പോഴും വൃത്തിയാവുന്നില്ലെന്ന പരാതി അവരിൽ നിന്നുയർന്നു കേട്ടിരുന്നു…

മനപ്പൂർവം തന്നെ കുറ്റപ്പെടുത്താനുള്ള അവസരം അവർ മുതലെടുക്കുകയാണെന്ന് അറിയാമായിരുന്നെങ്കിലും അവൾ ചെയ്യുന്നത് അപൂർണമാണ് എന്ന തിരിച്ചറിവിൽ അവൾ നിശബ്‍തത പാലിച്ചു….

അലക്കാൻ നേരം അവളവളുടെ തുണികളെടുത്ത കൂട്ടത്തിൽ മുറിയിൽ കിടന്നിരുന്ന വിവിയുടെ അലക്കാനുള്ള ബനിയനും മുണ്ടും അവളുടെ കണ്ണുകളിൽ പതിഞ്ഞു….

അതെടുക്കാതെ തിരിഞ്ഞു നടന്നതും ഹൃദയം വല്ലാത്തൊരു ഭാരത്തെ പേറി കൊണ്ടിരുന്നു…..

അവൾ വീണ്ടും തിരിഞ്ഞു നടന്നു അത് കയ്യിലെടുക്കുമ്പോൾ അവളൊന്നും ചിന്തിക്കാൻ നിന്നില്ല…

ഹൃദയം അവനിലേക്ക് ചായുന്നുണ്ടെന്ന് സ്വയം തോന്നി തുടങ്ങുമോയെന്ന ഭയമായിരിക്കാം അത്..

എങ്കിലും ആ വസ്ത്രങ്ങൾ അവൾ ചേർത്ത് പിടിച്ചപ്പോൾ അതിലാകെ പറ്റിപ്പിടിച്ച അവന്റെ ഗന്ധം അവളെ പൊതിയുന്നത് പോലെ തോന്നി….

അവൾ മനസ്സിനെ അലസമായി വിടാൻ ശ്രമിച്ചു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവു കോളേജിൽ നിന്നെത്തിയതും ഓടിയെത്തിയത് മീരയുടെ അടുത്തേക്കായിരുന്നു….

അവളെ കണ്ടതും കട്ടിലിൽ കിടന്നിരുന്ന മീര ചെറു ചിരിയോടെ എഴുന്നേറ്റു….

ഒരു വാക്കിനു പോലും ഇടം കൊടുക്കാതെ ദേവു അവളെ ഇറുകെ പുണർന്നു……

ഏട്ടത്തി തന്ന് വിട്ട ഭക്ഷണം കൊണ്ട് വയറും മനസ്സും നിറഞ്ഞു…..

സന്തോഷത്തോടെ അവളത് പറയുമ്പോൾ മീരയുടെ മുഖത്തും അതെ സന്തോഷം പ്രതിഫലിച്ചു….

ഇന്ന് ആരാ വീട് വൃത്തിയാക്കിയത്….?

ദേവു അത് ചോദിച്ചത് ചെറിയ സംശയത്തോടെയായിരുന്നു…..

ഞാൻ…. അല്ലാതാരാ…. നളിനി ചേച്ചിയോട് വരേണ്ടായെന്ന് പറഞ്ഞത് തന്നെ നമുക്ക് രണ്ട് പേർക്കും പണി തരാൻ വേണ്ടിയല്ലേ….

മീരയത് പറഞ്ഞ് കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു….

വൃത്തിയായില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയോ….

അത് പിന്നേ ചോദിക്കാനുണ്ടോ….

മീരയത് പറഞ്ഞതും ദേവുവിന്റെ മുഖത്ത് സഹതാപം നിറഞ്ഞു കണ്ടു…..

ഞാൻ ചെയ്യുന്നതൊന്നും ശെരിയാവുന്നില്ല അല്ലേ ദേവു….

മീര ഒരു തരം നിരാശയോടെ അത് പറയുമ്പോൾ ദേവുവിന് അവളോട് വല്ലാതൊരു അലിവ് തോന്നി…..

അതെന്താ ഏട്ടത്തി അങ്ങനെ പറഞ്ഞത്….

ദേവു അത് ചോദിക്കുമ്പോഴും മീരയുടെ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല….

വീട്ടിലുള്ള ഒരു കാര്യവും ചെയ്യാൻ കഴിയില്ലെന്ന് എനിക്ക് തന്നെ തോന്നി തുടങ്ങി….. അപ്പച്ചി പറയുന്നതിലും തെറ്റൊന്നുമില്ലല്ലോ….. എന്നെ കൊണ്ട് ഒന്നിനും കഴിയാത്തത് കൊണ്ടല്ലേ….

മീരയത് പറയുമ്പോൾ അവളുടെ മുഖമാകെ വാടിയിരുന്നു…

അത് ഏട്ടത്തിയുടെ സ്വയം തോന്നലല്ലേ…..
എന്നെ കൊണ്ട് ചെയ്യാൻ പറ്റില്ലെന്ന് വിചാരിച്ചാൽ ആർക്കും ഒന്നിനും കഴിയില്ല….
എന്തിനാ അങ്ങനെയൊക്കെ കരുതുന്നത്…
ഏട്ടതിക്ക് ചെയ്ത് ശീലമില്ലാത്തത് കൊണ്ട് മാത്രമാണ്…. അത് പതിയേ അങ്ങ് ശെരിയാവും….. അതിനു ഒന്നിനും കഴിയില്ലെന്നൊക്കേ ധരിച്ചു വെച്ചാൽ എങ്ങനാ….

പിന്നേ അപ്പച്ചിയുടെ കാര്യം …
അവർക്ക് എങ്ങനെയെങ്കിലും കുറ്റപ്പെടുത്തണമെന്ന ചിന്ത മാത്രമേയുള്ളൂ…. അതിനി നമ്മളേത്ര നന്നായി ചെയ്താലും….

ദേവു മീരയെ ആശ്വസിപ്പിക്കാനെന്ന വണ്ണം അത് പറയുമ്പോൾ മീരയൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അച്ഛൻ നേരത്തെ ഭക്ഷണം കഴിച്ചു കിടന്നത് കൊണ്ട് തന്നെ ദേവു വിളിച്ചതിന്റെ പിറകെ മീരയും കഴിക്കാൻ വന്നിരുന്നു….

ദേവു അവൾക്കുള്ള ഭക്ഷണം വിളമ്പി മേശ മേൽ വന്നിരുന്നു….

മീരയും പാത്രമെടുത്തു വിളമ്പാൻ നിൽക്കുമ്പോൾ കറികളെല്ലാം വളരേ കുറവായിരുന്നു….

എല്ലാവരും കഴിച്ചു കഴിഞ്ഞത് കൊണ്ട് തന്നെ അത് തനിക്ക് തികയുമെന്ന തോന്നലിൽ അവൾ വിളമ്പി തുടങ്ങിയപ്പോഴാണ് പെട്ടെന്ന് അവന്റെ മുഖം അവളുടെ ഓർമയിലേക്ക് വന്നത്…..

അവൻ സാധാരണ വരാനിത്ര വൈകാറില്ലെന്നവളോർത്തു…..

അച്ഛനോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ എല്ലാവർക്കുമുള്ള കറികളും ഭക്ഷണവുമുണ്ടാകും….

എന്നാലിന്ന് അച്ഛൻ നേരത്തെ കഴിച്ചത് കൊണ്ട് ഭക്ഷണമെല്ലാം അവർ മാറ്റി വെച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി…..

അവൾ എല്ലാ പാത്രങ്ങളുടെയും മൂടി തുറന്ന് നോക്കി…..

എല്ലാലെവിടെയും ഒന്നും കാണാനുണ്ടായിരുന്നില്ല….

പശുവിനു കൊടുക്കാൻ മാറ്റി വെച്ച കഞ്ഞി വെള്ളത്തിൽ നിറ വ്യത്യാസം കണ്ടത് കൊണ്ടാണ് അവൾ അതിലൊന്ന് നോക്കിയത്…

കറികളും കൂട്ടാനുകളുമെല്ലാം അതിൽ കാണുന്നുണ്ടായിരുന്നു….

മീരക്കാകെ ദേഷ്യം വരുന്നുണ്ടായിരുന്നു….

ഞങ്ങൾ കഴിക്കാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് അവൾക്കറിയാമായിരുന്നു…
ഇത് ചെയ്യുമ്പോഴുള്ള അവരുടെ മുഖത്തെ സന്തോഷം അവൾക്ക് ഊഹിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു…

അവൾക്കവരോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി….

അവൾക്ക് വല്ലാതെ വിശക്കുന്നുണ്ടായിരുന്നെങ്കിലും വിവിയുടെ മുഖം ഓർക്കുമ്പോൾ ഭക്ഷണം വിളമ്പാൻ നിന്നിരുന്ന അവളെ അവളുടെ ഹൃദയം പിറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു……

അവൾ ബാക്കിയുള്ള കറികൾ അത് പോലെ അടച്ചു വെച്ചു…..

അല്പം ചോറ് മാത്രം വിളമ്പി കഴിച്ചു നോക്കിയെങ്കിലും അവൾക്ക് തൊണ്ടയിൽ നിന്നിറങ്ങിയില്ല…

ഏട്ടത്തി ഇത്ര വേഗം കഴിച്ചു കഴിഞ്ഞോ…

കഴിച്ച പാത്രം കഴുകി കൊണ്ടിരുന്ന മീരയോട് ദേവൂവത് ചോദിക്കുമ്പോൾ അവളൊന്നു പുഞ്ചിരിച്ചു…

ഞാൻ ഇവിടെയിരുന്നങ് കഴിച്ചു….

ദേവു അത് വിശ്വസിച്ചത് കൊണ്ട് തന്നെ കൂടുതൽ സംസാരങ്ങൾക്ക് നിൽക്കാതെ അവൾ അവളുടെ ജോലി തുടർന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലെതുമ്പോഴും മീരയുടെ മനസ്സ് അസ്വസ്ഥമായിരുന്നു….

വയറു വിശക്കുമ്പോഴും അവളുടെ മനസ്സിൽ കുരുങ്ങിക്കിടക്കുന്ന ചിന്തകളായിരുന്നു അവളെ ഭരിച്ചു കൊണ്ടിരുന്നത്….

അവന് വേണ്ടി ഭക്ഷണം മാറ്റി വെച്ച് പട്ടിണി കിടക്കാൻ മാത്രം അവൻ തനിക്കാരാണെന്ന് അവളോർത്തു….

ഡാഡി ക്ക്‌ വേണ്ടി മമ്മി ഇങ്ങനെയൊന്നും ചെയ്യുന്നത് താൻ കണ്ടിട്ടില്ല…..

ഇവിടെ വന്നപ്പോഴും ഇതൊക്കെ തനിക്ക് ഒരു പുതുമയായിരുന്നു…

മാത്രമല്ല….. പുച്ഛവും…

എന്നാൽ ചുറ്റുപാടിനെ താനും ഉൾക്കൊണ്ട്‌ തുടങ്ങുകയാണോ….

ആ മാറ്റങ്ങൾ തന്നിലേക്കും പടർന്നു തുടങ്ങുകയോ…

അതോ ഇനി താൻ അവനെ പ്രണയിച്ചു തുടങ്ങുകയാണോ…

ഓർക്കും തോറും അവൾക്ക് തലക്ക് ഭാരം തോന്നി….

പ്രണയം….. തനിക്കൊരിക്കലും അംഗീകരിക്കാൻ പറ്റാത്തൊരു ബന്ധം…

അവൾ ഓർമകളെ മായ്ച്ചു കളയാനെന്ന വണ്ണം തല ശക്തിയായി കുടഞ്ഞു….

കുറച്ച് കഴിഞ്ഞപ്പോഴാണ് വിവി കയറി വരുന്നത്….

ദേവു…..
അവൻ ഭക്ഷണം കഴിക്കാനായി അടുക്കളയിലേക്ക് കയറിയതും നീട്ടി വിളിച്ചു…

ദേവു…. കിടന്നു….

മീരയത് പറയുമ്പോൾ അവനവളെയൊന്നു നോക്കി….

നിങ്ങൾ… എല്ലാവരും കഴിച്ചതാണോ….

അവനത് ചോദിക്കുമ്പോൾ അവളൊന്നു മൂളുക മാത്രം ചെയ്തു…..

അവൻ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ അവളവനെ തന്നെ നോക്കി….

അവൻ കഴിക്കുന്നത് കാണുമ്പോൾ അവൾക്കെന്തോ സന്തോഷം തോന്നിയിരുന്നു…..

ചെയ്ത ത്യാഗം വലുതല്ലെങ്കിലും തന്നെ സംബന്ധിച്ചു അതത്രയേറെ വലിയ കാര്യമാണ്…..

അത് കൊണ്ടായിരിക്കാം ഒരുപക്ഷെ….

എന്നാൽ അതിനൊരിക്കലും ഒരു പ്രണയത്തിന്റെ ഗന്ധമില്ലെന്നും ആരും അവനെ ശ്രദ്ധിക്കാനില്ലെന്നത് കൊണ്ട് വന്നൊരു സഹതാപത്തിൽ നിന്നും ചെയ്തത് മാത്രമാണെന്നവൾ അവളുടെ ഹൃദയത്തോട് പറഞ്ഞ് കൊണ്ടിരുന്നു….

എന്താ വേണോ….
അവൻ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരുരൂള അവൾക്ക് നേരെ നീട്ടി കൊണ്ടത് ചോദിച്ചത് അവൾ ഒത്തിരി നേരമായി തന്നെ നോക്കി നിൽക്കുന്നത് കൊണ്ട് മാത്രമായിരുന്നു….

മ്ച്ചും….
അവൾ പെട്ടെന്ന് ഓർമയിൽ നിന്നുണർന്നെന്ന പോലത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ചമ്മൽ പരന്നിരുന്നു….

അന്നേരം അവന്റെ ചൊടികളിൽ ഒരു കുസൃതി ചിരി പറ്റിപിടിച്ചതോടെ അവളുടെ മുഖം നാണത്തിന് വഴിമാറി….

അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല…

അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവൻ കാണാതിരിക്കാൻ അവൾ മുറിയിലേക്ക് വേഗത്തിൽ നടന്നു…..

അവളുടെ പെരുമാറ്റത്തിൽ വന്ന നേരിയ മാറ്റം അവനെയും അത്ഭുതത്തിലാക്കിയിരുന്നു..

അവളെ കുറിച്ചൊർക്കുമ്പോൾ ഹൃദയത്തിൽ നിറയുന്ന ഒരു വ്യത്യസ്തമായ ആനന്ദത്തെ അവനും അറിയുന്നുണ്ടായിരുന്നു……

(തുടരും )