രചന – അയിഷ അക്ബർ
രാവിലെ എഴുന്നേറ്റവൾ അടുക്കളയിലേക്ക് വരുമ്പോഴേ പാത്രങ്ങളുടെ ശബ്ദം അവൾക്ക് കേൾക്കുന്നുണ്ടായിരുന്നു….
ഓഹ്…. തമ്പുരാട്ടി എഴുന്നള്ളിയോ….
അവളെ കണ്ടതും ഭാരതി പരിഹസിച്ചു കൊണ്ടത് ചോദിക്കുമ്പോൾ മീരക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
ദേവു സഹതാപം കലർന്ന മിഴികളാൽ അവളെ നോക്കി അടുക്കളയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു….
നേരത്തിനു വിഴുങ്ങണമെങ്കിൽ വെളുക്കുവോളം കിടന്നുറങ്ങിയാൽ പറ്റില്ല…
രാവിലെ എഴുന്നേറ്റു കുളിച് അടുക്കളയിൽ കയറുന്നതാണ് നല്ല പെൺകുട്ടികളുടെ ശീലം..
അതെങ്ങനെ…. അതിനു നല്ല കുടുംബത്തിൽ പിറക്കണം…..
അവർ ദേഷ്യത്തോടെ അത് പറഞ്ഞ് നിർത്തുമ്പോൾ മീരക്ക് ദേഷ്യവും സങ്കടവും കലർന്നിരുന്നു….
തന്റെ ശീലങ്ങളൊക്കെ തെറ്റെന്നു പറയുന്നവരോട് തർക്കിച്ചു നില്ക്കാൻ അവൾക്ക് തോന്നിയില്ല…
എത്ര വൈകി എഴുന്നേറ്റ് വന്നാലും കാപ്പി കുടിച്ചോളു… എന്ന് പറയുന്ന ജാനകിയെ അവൾ ഒരു നിമിഷം ഓർത്തു നിന്നു…..
രാവിലെ എഴുന്നേറ്റ് എല്ലാവർക്കുമുള്ള ഭക്ഷണം പാകം ചെയ്ത് വെച്ച് മറ്റെല്ലാ ജോലികളും തീർക്കുമ്പോഴും ആ മുഖത് നിറഞ്ഞു നിൽക്കുന്നതത്രയും തങ്ങളോടുള്ള സ്നേഹമായിരുന്നു….
ഇത് വരെ എന്തെങ്കിലും സഹായം വേണോ എന്ന് പോലും ചോദിക്കാത്തത്തിൽ അവൾക്കാദ്യമായി സങ്കടം തോന്നി….
അവരുടെ കടമയെന്ന പോൽ അതെല്ലാം ചെയ്ത് തീർക്കുമ്പോഴും തന്റെ കടമകളെ കുറിച് ഒരിക്കൽ പോലും താൻ ചിന്തിച്ചിട്ടില്ലെന്നത് അവളോർത്തു….
തെറ്റ് തന്റെ ഭാഗത്തും ഉണ്ടെന്ന തോന്നൽ അവളിൽ നിറഞ്ഞത് കൊണ്ടാണ് അവളൊന്നും മിണ്ടാതെ പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്ന ദേവുവിന്റെ അടുത്തു പോയി നിന്നത്….
രണ്ട് പേരും കൂടി വഴക്കായാൽ മീര തോറ്റു പോകുമെന്ന് തോന്നിയത് കൊണ്ട് തന്നെ അവർ തമ്മിലുള്ള വഴക്കിനെ ഭയന്ന് നിൽക്കുന്ന ദേവുവിന് അതാശ്വാസമായി തോന്നി….
ഇതെന്താ ഇത്…. ഇങ്ങനെയാണോ ഉരുളക്കിഴങ്ങ് ചുരണ്ടുക….
അവൾ മുറിക്കുന്ന പച്ചക്കറികളോരൊന്നും നോക്കി ഭാരതി കുറ്റം പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ അവൾക്കത് അസ്സഹനീയമായിരുന്നു….
എങ്കിലും അവൾക്കത് കഴിയുന്നില്ലെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെ അവൾ നിശബ്ദയായി….
ഒരു പച്ചക്കറി മുറിക്കാൻ കൂടി അറിയില്ലെങ്കിൽ പിന്നെന്തിനു കൊള്ളാം…
അണിഞ്ഞൊരുങ്ങി നടക്കാൻ വേണ്ടിയായിരിക്കും ഇങ്ങോട്ട് കെട്ടിയെടുത്തത്….
വളർത്തു ദോഷം…..
അവരുടെ ദേഷ്യം മുഴുവൻ വാക്കുകളായ് അവൾക്ക് മേൽ അവർ ചൊരിയുമ്പോഴും അവളൊന്നും മിണ്ടിയില്ല….
ഏട്ടത്തി ആ പാത്രങ്ങൾ കഴുകിയെടുത്തോളൂ… ഇത് ഞാൻ ചെയ്തോളാം….
അവളോട് തോന്നിയ സഹതാപത്താൽ ദേവു പതിയേ അത് പറയുമ്പോൾ മീര പതിയേ കഴുകാൻ കിടക്കുന്ന പാത്രങ്ങളെ ലക്ഷ്യമാക്കി നടന്നു…..
വായിൽ നാവ് മാത്രം തന്നേയുള്ളു അല്ലേ…. ഒന്നിനും കഴിവില്ലാത്ത ഒരുത്തിയെ ആണ് എന്റെ ഏട്ടൻ മരുമകളായി കൊണ്ട് വന്നതെന്ന് നാട്ടുകാര് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല…
നേരിൽ കണ്ട് ബോധ്യപ്പെട്ടു എന്തായാലും….
അവർ അവളെ കുത്തി നോവിച്ചു കൊണ്ടത് പറയുമ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു….
നാവിനു തീരെ നിയന്ത്രണമില്ലാത്ത അവരോട് തർക്കിച്ചു നിൽക്കാൻ അവൾക്കോട്ടും താല്പര്യമുണ്ടായിരുന്നില്ല….
അവൾ പാത്രം കഴുകുന്നതിൽ ശ്രദ്ധ കൊടുത്തു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മാധവനു വേണ്ടതെല്ലാം സ്നേഹത്തോടെ ഭാരതി ചെയ്ത് കൊടുത്തു…
തന്റെ മക്കൾക്ക് അവൾ വന്നത് കൊണ്ട് ആശ്വാസമായി എന്നയാളുടെ മനസ്സിലും തോന്നി…..
കോളേജിൽ പോകാനായി ഒരുങ്ങിയിറങ്ങിയപ്പോൾ തന്നെ ദേവു ഒത്തിരി വൈകിയിരുന്നു…..
സാധാരണ മേശ മേൽ ഒരുക്കി വെച്ച ചോറ്റ് പാത്രം അവിടെ കാണാത്തത് അവളിലൊരു വേദന തീർത്തു…..
അമ്മയെ പെട്ടെന്ന് ഓർത്തു കൊണ്ടവളുടെ മിഴികളൊന്ന് നിറഞ്ഞു….
ദേവു പ്പോയി കഴിഞ്ഞാണ് അടുക്കളയിലിരിക്കുന്ന അവളുടെ ചോറ്റ് പാത്രം മീരയുടെ കണ്ണുകളിൽ പതിഞ്ഞത്…….
അവളിന്ന് ഉച്ചക്ക് കഴിക്കാൻ ഭക്ഷണം കൊണ്ട് പോയില്ലെന്നത് അവളിലൊരു വേദന തീർത്തു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദേഹം അനങ്ങിയത് കൊണ്ട് തന്നെ വല്ലാത്ത വിശപ്പ് തോന്നിയത് കൊണ്ടാണ് മീര ഭക്ഷണം കഴിക്കാനിരുന്നത്….
പാത്രം തുറന്നപ്പോൾ ആകെയുണ്ടായിരുന്നത് രണ്ട് ദോശ മാത്രമായിരുന്നു…..
എല്ലാവരും കഴിച്ചു കഴിഞ്ഞത് കൊണ്ട് തന്നെ അവളത് വേഗത്തിൽ കഴിച്ചു തുടങ്ങി…..
ഓഹ്…. പണിയെടുക്കാൻ വയ്യെങ്കിലും സമയത്തിന് വിഴുങ്ങാൻ നല്ല കഴിവാണല്ലോ…..
അടുക്കളയിലേക് വന്ന ഭാരതി അവളെ നോക്കി പുച്ഛിച്ചു കൊണ്ടത് പറയുമ്പോൾ അവൾക്ക്ത് മതിയാക്കി എഴുന്നേറ്റ് പോരാൻ തോന്നിയെങ്കിലും അതവരുടെ വിജയമാകുമെന്ന് തോന്നിയതും വിശപ്പ് അത്രത്തോളമായതും അവളെ അവിടെ പിടിച്ചിരുത്തി…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നളിനി നാളെ മുതൽ വരേണ്ട കേട്ടോ…. ഇനിയിപ്പോ ഏട്ടത്തി വന്നിട്ട് വന്നാൽ മതി….
മുറ്റം തൂക്കാനും അകത്തു അടിച്ചു തുടക്കാനും വരുന്ന നളിനി ചേച്ചിയോട് ഭാരതി അത് പറയുന്നത് മീര കേട്ടിരുന്നു….
ആ നളിനിക്കെന്തോ സുഖമില്ലത്രെ ഏട്ടാ…കുറച്ച് ദിവസം വരില്ലാന്നാണ് പറഞ്ഞത്….
മനോഹരമായി നുണ പറഞ്ഞവർ മാധവന്റെ വിശ്വാസം നേടുന്നത് കണ്ടതും മീരക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….
അത് തനിക്കുള്ള പണിയാണെന്ന് തോന്നിയതും മീരയിൽ ചെറിയൊരു ഭയം വരുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഉച്ച ഭക്ഷണത്തിലേക്കുള്ളത് തയ്യാറാക്കുമ്പോഴും ഭാരതിയുടെ കൂടെ സഹായിക്കണമെന്നത് മീരക്ക് നിർബന്ധിതമായിരുന്നു…
ദേവു ഇല്ലാത്തത് കൊണ്ട് തന്നെ പല കാര്യങ്ങളും അവൾക്ക് ചെയ്യാൻ കഴിയാതെ വന്നു…..
അതിനനുസരിച്ചു അവരുടെ കുറ്റപ്പെടുത്തലുകളും അവൾക്ക് മേൽ അവർ പെയ്തു തീർത്തു….
വൈകുന്നേരം ദേവു വന്നപ്പോൾ മീരക്ക് വല്ലാത്ത സമാധാനം തോന്നിയിരുന്നു….
വല്ലാത്തൊരു ആശ്വാസം അവളിൽ നിറഞ്ഞു നിന്നു….
നീയില്ലാതെ ഒറ്റക്ക് ഞാൻ വല്ലാതെ ബുദ്ധിമുട്ടി ദേവു…
മീര സങ്കടത്തോടെയത് പറയുമ്പോൾ അവൾക്ക് വല്ലാത്ത സഹതാപം തോന്നി…..
ഏട്ടതിക്ക് മനസ്സ് തുറന്ന് സങ്കടം പറയാൻ ഏട്ടനുണ്ടല്ലോ….
എന്നെക്കാൾ നല്ല കൂട്ട് അവനാണല്ലോ….
അവളുടെ സങ്കടങ്ങളിൽ അവൾ തന്നിലേക്ക് ചായുന്നത് അറിയുന്നത് കൊണ്ട് തന്നെയാണ് ദേവു അങ്ങനെ പറഞ്ഞത്…
വിവിക്കും മീരക്കും ഇടയിലുള്ള അകലം കുറക്കാൻ അവരുടെ ചേർത്ത് പിടിക്കലുകൾക്ക് കഴിയുമെന്ന വിശ്വാസത്തിൽ തന്നെ….
മീര അപ്പോഴും ചിന്തയിലായിരുന്നു..
അവനെന്നത് തനിക്ക് ആശ്രയമാണോയെന്നവൾ സ്വയം ചോദിച്ചു…
അപ്പോഴും അവനിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയാതെ അകന്നു തന്നെ നിൽക്കുകയായിരുന്നു അവളുടെ മനസ്സ്….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മീര അടുക്കളയിലേക്ക് കയറി ചെല്ലുമ്പോൾ അടുക്കളയിൽ വിവിയുണ്ടായിരുന്നു….
അവളെ കണ്ടതും അവനൊന്നു തിരിഞ്ഞു നോക്കി….
സ്റ്റവ് ഓണാക്കി ചായ ചൂടാക്കി ഗ്ലാസ്സിലേക്ക് ഒഴിച്ച് അതുമായവൻ പുറത്തേക്ക് പ്പോയി….
സാധാരണ എല്ലാവർക്കുമുള്ള കാപ്പിയുമായി വരുന്നത് അമ്മയാണ്….
അച്ഛനൊഴികെ മറ്റെല്ലാവരും അപ്പച്ചിയുടെ ശത്രുക്കളാണെന്നുള്ളത് അവളോർത്തു….
അവനൊരു ഗ്ലാസ് ചായ കൊടുക്കുകയെങ്കിലും ചെയ്യണമായിരുന്നു എന്ന് മനസ്സ് പറയുമ്പോഴും എന്തോ ഒന്ന് തന്നെ അവനിൽ നിന്നു അകന്നു നിൽക്കാൻ പ്രേരിപ്പിച്ചു….
ഒരുപക്ഷെ അവനുമായി അടുക്കുമോയെന്ന ഭയമാവാം അത്…..
രാവിലെ പാടത്തേക്ക് പോകുമ്പോൾ ഇട്ടിരുന്ന തന്റെ ഷർട്ടും മുണ്ടും അലക്കാതെ കിടക്കുന്നത് കണ്ടത് കൊണ്ട് തന്നെ അവനത്തെടുത്തു കിണറ്റിന് കരയിലേക്ക് നടന്നു….
അലക്കു കല്ലിൽ എല്ലാം അലക്കിയെടുക്കുമ്പോൾ ജനലിലൂടെ മീരയത് കാണുന്നുണ്ടായിരുന്നു…..
താൻ ചെയ്യുന്നത് തെറ്റാണോ ചെയ്യാതിരിക്കുന്നത് തെറ്റാണോ എന്നറിയാത്ത ഒത്തിരി കാര്യങ്ങൾ അവളിൽ നിറഞ്ഞു തുടങ്ങിയിരുന്നു….
അലക്കൽ കഴിഞ്ഞ് ആ തുണികളെ അവൻ വിരിച്ചിട്ട് കുളി കഴിഞ്ഞു മുറിയിലേക്ക് വന്നു….
ആരോടും പരാതിയോ പരിഭവമോ അവന്റെ മുഖത്തുണ്ടായിരുന്നില്ല….
അവൻ അവന്റേതായ ലോകത്തായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സന്ധ്യ മയങ്ങി തുടങ്ങിയപ്പോൾ സാധാരണ മുറിയിലിരിക്കുന്ന മീരക്ക് അവിടെ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…
. ദേവു തനിച്ചല്ലേ എന്നൊരു ചിന്തയിൽ നിന്നാവാം അത്….
അവൾ താഴെക്കിറങ്ങി വരുമ്പോൾ ദേവുവിന്റെ മുഖത്ത് പടർന്നൊരു വെളിച്ചം അവൾക്കും തിരിച്ചറിയാൻ കഴിഞ്ഞു…
അവൾ ദേവുവിനരികിലായിരുന്നു…
രാക്ഷസി എവിടെ….
മീരയത് ചോദിച്ചതും ദേവു ചുണ്ടുകൾക്ക് മേൽ വിരൽ വെച്ചു….
പതിയേ…. അപ്പുറത്തു തന്നെയുണ്ട്….
ദേവു അത് പറയുമ്പോൾ നാലുപാടും നോക്കി അപ്പച്ചി കേട്ടിട്ടില്ലെന്നത് മീര യും ഉറപ്പിച്ചിരുന്നു……
(തുടരും)

by