17/04/2026

മയിൽപ്പീലി : ഭാഗം 47

രചന – നെച്ചു നസ്രിൻ

ക്രിസ്റ്റിയുടെ ജീപ്പ് ഊട്ടിയിലെ ടാറിട്ട റോഡിലൂടെ വന്നുകൊണ്ടിരുന്നു. ടൗണിലേക്ക് കടന്നതും അവൻ ജീപ്പിന്റെ വേഗത കുറച്ചു. സീസൺ ആയാലും അല്ലേലും ഊട്ടി തിരക്കേറിയ പ്രദേശമാണ്. സഞ്ചാരികളുടെ ആഗമനം പ്രതീക്ഷിച്ചു ഒരുപാട് പേരാണ് ജീവിക്കുന്നത്. വൈകുന്നേരങ്ങളിൽ ഊട്ടിയിലെ പാതകൾ വഴിയോര കച്ചവടക്കാർ ഏറ്റെടുത്തിട്ടുണ്ടാകും. പലതരത്തിലെ ചോക്ലേറ്റിന്റെ മാസ്മരിക ഗന്ധവും ഏലവും കാപ്പിപ്പൊടിയും തേയിലയും അങ്ങനെ വേണ്ട അതിഥികളെ ആകർഷിക്കാൻ ഊട്ടി എല്ലാ രീതിയിലും തയ്യാറായിരിക്കും.

ക്രിസ്റ്റി ഊട്ടിയിലാണ് താമസം. അവന്റെ ചെറുപ്പത്തിൽ അപ്പൻ ജോസഫിനും അമ്മ മേരിയ്കുമൊപ്പം ഇങ്ങോട്ടേക്ക് വന്നതാണ്. പത്തിരുപതു വർഷത്തിനിപ്പുറം അവർ ഊട്ടിയോട് വല്ലാതെയടുത്തു പോയിരുന്നു.ക്രിസ്റ്റി അവിടുത്തെയൊരു ടീ ഫാക്ടറിയിൽ മാനേജ‌റാണ്. നീണ്ടു നിവർന്നു പച്ചവിരിച്ച തേയിലത്തോട്ടങ്ങൾ കൊണ്ട് സുലഭമായ ഊട്ടിയിൽ അതേയളവിൽ ടീ ഫാക്ടറികൾക്കും പഞ്ഞമില്ല.ജോസഫിന്റെ പെട്ടെന്നുള്ള മരണം ക്രിസ്റ്റിയെയും മേരിയേയും വല്ലാതെ ബാധിച്ചു.

ആ മുറിവുകളെല്ലാം പതിയെ ഉണങ്ങി വരുന്നതേയുള്ളൂ. അവന്റെ എല്ലാ ബലവും മേരിയാണ്. ജോസഫ് പകർന്നു കൊടുത്ത ധൈര്യം അവരിപ്പോൾ തന്റെ മകനിലേക്ക് പകർന്നു കൊടുക്കുകയാണ്. ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കണമെന്നത് ജോസഫിന്റെ നിർബന്ധമായിരുന്നു. അതിപ്പോളും തുടർന്നു പോകുന്നു.ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരും വഴിയാണ് അവന്റെ വണ്ടിക്ക് തൊട്ട് മുൻപിൽ ഒരു പെൺകുട്ടി നിലത്തേക്ക് ബോധരഹിതയായി വീഴുന്നതവൻ കണ്ടത്. അവന്റെ കാലുകൾ വേഗത്തിൽ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. പുറത്തേക്കിറങ്ങിയ ക്രിസ്റ്റി ആ പെൺകുട്ടിയുടെ മുഖത്തേക്ക് കുറച്ച് വെള്ളം തളിച്ചു. അവൾ കണ്ണ് തുറന്ന് ഉടനെ തന്നെ വീണ്ടും മയങ്ങി.

ക്രിസ്റ്റിയാണ് പീലിയെ താങ്ങിയെടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. കൂടെ അവനെ അറിയുന്ന രണ്ട് മൂന്ന് നാട്ടുകാര് കൂടിയുണ്ടായിരുന്നു. പീലി കണ്ണ് തുറക്കുന്നത് കണ്ടപ്പോളാണ് ക്രിസ്റ്റിക്ക് ആശ്വാസമായത്. ക്രിസ്റ്റി പീലിയെ ഒന്നാകെ നോക്കി. കണ്ണുകളിൽ ഉറക്കമില്ലാത്തത്തിന്റെയും ശെരിക്ക് ഭക്ഷണം കഴിക്കാത്തതിന്റെയും ലക്ഷണമാണുള്ളത്. മുഖം വെയിൽ കൊണ്ട് കരുവാളിച്ചിരിക്കുന്നു. ക്ഷീണം അവളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.അവൻ ഫോണിൽ ആരെയോ വിളിച്ചു.

പീലിയ്ക്കൊന്നും മനസിലായില്ല. ബസിറങ്ങി നടന്നത് അവളോർക്കുന്നുണ്ട്. അത് കഴിഞ്ഞ് നടന്നതൊന്നും അവൾക്ക് വ്യക്തമല്ല. ഒരു നേഴ്സ് ചിരിയോടെ അവൾക്കരികിലേക്ക് വന്നു. ഡ്രിപ് ഒന്നുകൂടി നോക്കിയ ശേഷം തിരികെ പോയി. അവൾക്ക് നാവ് കുഴയുന്നത് പോലെ തോന്നി. പതിയെ കണ്ണുകളടച്ചു വീണ്ടും കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ കയ്യിലൊരു നനുത്ത സ്പർശം തിരിച്ചറിഞ്ഞവൾ കണ്ണ് തുറന്നു നോക്കി. മുന്നിലൊരു സ്ത്രീ.50 വയസ് പ്രായം ഉണ്ടാകും. കണ്ണുകളിൽ വല്ലാത്ത ഉറപ്പ്. തലമുടിയിൽ അങ്ങിങ്ങായി നര വീണിട്ടുണ്ട്. ഐശ്വര്യമുള്ള മുഖം. വെള്ളയിൽ ഇളം റോസ് നിറത്തിലുള്ള ചെറിയ പൂക്കളുള്ള ഒരു കോട്ടൺ സാരിയാണ് വേഷം.

മേരി പീലിയെ അലിവോടെ നോക്കി. അവളുടെ നെറ്റിയിലൊന്ന് തലോടി. പീലിയ്ക്കപ്പോൾ ഭദ്രയെ ഓർമ വന്നു അവളൊന്നു വിതുമ്പി. അവളുടെ കണ്ണ് നിറയുന്നത് കണ്ടതും മേരി അതേ പുഞ്ചിരിയോടെ പീലിയുടെ കയ്യിൽ കൈ ചേർത്ത് പിടിച്ചു.അവർക്കരികിൽ നേരത്തെ കണ്ട ചെറുപ്പക്കാരനുണ്ട്. എന്തിനോ ദേഷ്യമുള്ള പോലെയാണ് തന്നെ നോക്കുന്നത് “അല്ല കൊച്ചേ വീട്ടിലെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ റോഡിൽ വന്നു കിടന്നത്?. കുറച്ചൂടി നടുക്കോട്ട് കിടന്നിരുന്നേൽ എന്റെ വണ്ടി നെഞ്ചത്തൂടെ കേറി ഇറങ്ങിയേനെ”. “ക്രിസ്റ്റി മതിയെടാ. ആ കൊച്ചു പേടിച്ചിട്ടുണ്ടാകും നീ ഇങ്ങനെ കിടന്ന് കാറാതെ. മോൾ വിഷമിക്കണ്ട. അമ്മച്ചിയോടു പറയ്‌ മോൾ എങ്ങോട്ട് വന്നതാ. ആരെയാ കാണേണ്ടത്”?.

ക്രിസ്റ്റി പീലിയിൽ നിന്ന് മറുപടിയൊന്നും കിട്ടാതിരുന്നപ്പോൾ പലതും ആലോചിച്ചു കൂട്ടി.
ഇനി മിണ്ടാനും കേൾക്കാനും പാടില്ലാത്ത കൊച്ചാണോ. ഏയ്‌ ആയിരിക്കില്ല. ആഹ് മലയാളം മനസിലാകാഞ്ഞിട്ടായിരിക്കും. കണ്ടിട്ട് പാണ്ടി ലുക്ക്‌ അല്ല. ഇനി വല്ല ബംഗാളിയും ഏയ്‌ ഒട്ടുമില്ല. ” നിന്റെ വായിലെന്താ. ചോദിച്ചത് കേട്ടില്ലേ. എങ്ങോട്ടാ പോകേണ്ടതെന്ന് പറഞ്ഞാൽ കൊണ്ടാക്കി തരാം. ഞങ്ങൾക്ക് വേറെ പണിയുള്ളതാ”. “ടാ നിന്നോട് മിണ്ടാതിരിക്കാനല്ലേ പറഞ്ഞത്. നിനക്ക് പണിയുണ്ടേൽ നീ പൊയ്ക്കോ ഞാൻ നോക്കിക്കോളാം ഇത്”.

ക്രിസ്റ്റി അമ്മയെ രൂക്ഷമായി നോക്കി. അമ്മ ഇങ്ങനെയാണ് എന്തെങ്കിലും ഒരു തീരുമാനമെടുത്താൽ പിന്നെ അതിലൊരു മാറ്റവുമുണ്ടാകില്ല. ക്രിസ്റ്റി തിരികെ ഫാക്ടറിയിലേക്ക് പോയി. മേരി പതിയെ പീലിയിൽ നിന്നും കാര്യങ്ങളെല്ലാം അറിഞ്ഞു. അവരവളെ ചേർത്ത് പിടിച്ചു. അവൾക്കിപ്പോൾ ഒരു മാറ്റം അത്യാവശ്യമാണെന്ന് അവർക്കും തോന്നി. അവരവളെ അവരുടെ വീട്ടിലേക്ക് കൊണ്ട് വന്നു. പീലി ആദ്യം ഒപ്പം ചെല്ലാൻ കൂട്ടാക്കിയില്ല. മേരിയുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് വഴങ്ങി അവർക്കൊപ്പം വീട്ടിലേക്ക് പോയി.

കാറിൽ കയറുമ്പോളും പീലിയുടെ ശരീരം നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ പുറത്തേക്ക് കണ്ണ് നട്ടിരുന്നു. റോഡിന്റെ ഒരു വശം നിറയെ പല നിറത്തിലുള്ള ചെറിയ പൂക്കൾ. മഞ്ഞ നിറമുള്ള പൂക്കളാണ് കൂടുതലും . വലിയ വൃക്ഷങ്ങൾ റോഡിലേക്ക് തണൽ പകുത്തു കൊടുത്തിരിക്കുന്നുണ്ട്. ആ മരച്ചില്ലകൾക്കിടയിലൂടെ വളരെ ചെറുതായി സൂര്യ പ്രകാശം അരിച്ചിറങ്ങുന്നു. വൈകുന്നേരം ആകുന്നതേയുള്ളുവെങ്കിലും അവിടമാകെ തണുപ്പ് നിറഞ്ഞിരുന്നു.

ആ വഴികൾക്ക് പോലും പ്രത്യേക ഭംഗിയുള്ളതായവൾക്ക് തോന്നി. കാർ കരിങ്കല്ല് കൊണ്ട് നിർമിച്ച ഒരു വീടിനു മുന്നിൽ നിർത്തി. മേരി കാറിൽ നിന്നിറങ്ങി പീലിയെ വീടിനുള്ളിലേക്ക് ക്ഷണിച്ചു. വളരെ ഭംഗിയോടും വൃത്തിയോടും വീട്ടു മുറ്റത്ത് ഒരുപാട് ചെടികൾ നിറഞ്ഞിരുന്നു. ആ വീടിനു പോലും ഒരു സൗന്ദര്യമുള്ള പോലെ തോന്നിച്ചു. ഹൃദ്യമായി പീലിയെ മേരി സ്വീകരിച്ചിരുത്തി. വീടിനുള്ളിലേക്ക് കയറിയതും വല്ലാത്തൊരു വാസന അവിടമാകെ നിറഞ്ഞു നിന്നു. അതെന്താണെന്ന് പീലിക്ക് വേർതിരിച്ചറിയാൻ സാധിച്ചിരുന്നില്ല. മേരി തന്നെയാണ് അവളുടെ സംശയത്തിനറുതി വരുത്തിയത്. ” സംശയിക്കണ്ട. ഞാനിവിടെ ചോക്ലേറ്റ് ഉണ്ടാക്കി ചില കടകളിലേക്ക് കൊടുക്കാറുണ്ട്. അത് കൊണ്ട് ഇവിടെ എപ്പോൾ വന്നാലും ഈ മണമായിരിക്കും. മോൾ പോയി കയ്യും മുഖവും കഴുകി വാ”.

പീലിയ്ക്കതൊരു പുതിയ അറിവായിരുന്നു. കല്യാണത്തിന് ശേഷമാണു അവളൊന്ന് സ്വസ്ഥമായി പുറത്തേക്ക് ഇറങ്ങുന്നത് പോലും. ഇത് പോലെ എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്ത് ഉണ്ടായിരിക്കാം എന്നവൾ ചിന്തിച്ചു. ആ വീട്ടിലെവിടെയും മനം മയക്കുന്ന അതേ വാസനയായിരുന്നു.ബാത്‌റൂമിൽ കയറി പൈപ്പ് തുറന്ന് കുറച്ച് വെള്ളം മുഖത്തേക്കൊഴിച്ചതും പീലി തണുത്തു വിറങ്ങലിച്ചു പോയി. വെള്ളം വീണിടത്തെല്ലാം ഒരു മരവിപ്പ്. ഇത്രക്ക് തണുപ്പോ എന്നവൾ അതിശയപ്പെട്ടു.മേരി അവൾക്കായി ഭക്ഷണം വിളമ്പി. പീലിക്കത് കഴിക്കാൻ തോന്നിയില്ല. അവൾ സൂരജിന്റെ ഓർമകളിൽ മുഴുകിയിരുന്നു. മേരി നിർബന്ധിപ്പിച്ചു ആഹാരം കഴിപ്പിച്ചു.

ഹാളിലെ ജനാല തുറന്നിട്ടാൽ മഞ്ഞു നിറഞ്ഞ തേയില തോട്ടം കാണാം. ജോസഫിന്റെ കൂട്ടുകാരനായ അൽവിന്റെ തോട്ടമാണത്. ജനാലയിലൂടെ വിദൂരതയിലേക്ക് കണ്ണ് നട്ടിരിക്കുന്ന പീലിയെയാണ് മേരി കണ്ടത്. അവർ നോക്കുമ്പോൾ പീലി കരയുകയായിരുന്നു. “മോളിങ്ങനെ വിഷമിക്കാതെ. എല്ലാം ശെരിയാകും. ഇതോർത്തു കരഞ്ഞിരുന്നാൽ എന്തെങ്കിലും കാര്യമുണ്ടോ”?. “സൂരജേട്ടന് എന്നോടിപ്പോൾ ദേഷ്യമായിരിക്കും അമ്മച്ചി. ഞാനൊന്നും പറയാതെ ഓടി പോയതറിഞ്ഞു എല്ലാവരും വിഷമിക്കുന്നുണ്ടാകും. അമ്മ എന്നെ സ്നേഹിച്ചിട്ടേയൊള്ളൂ പക്ഷേ ഞാനവരോട് കാണിച്ചതിന് ഒരിക്കലും എന്നോട് ക്ഷമിക്കില്ല”.

“അമ്മച്ചി ഒരു കാര്യം പറഞ്ഞാൽ മോൾക് സങ്കടം തോന്നരുത്. മോളിപ്പോൾ ചെയ്തത് ശെരിയായില്ല. അവരെയൊർത്ത് മോൾ വിഷമിക്കുന്നതിന്റെ നൂറിരട്ടി അവരിപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. എല്ലാരോടും എല്ലാം തുറന്ന് പറഞ്ഞു ഒന്നിച്ചൊരു തീരുമാനം എടുക്കാമായിരുന്നില്ലേ”. “ഇല്ല അമ്മച്ചി അയാൾ ദുഷ്ടനാണ്. സൂരജേട്ടനോ എന്നെ സ്നേഹിക്കുന്നവർക്കോ എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ. എല്ലാവരുടെയും കണ്ണിൽ ഞാൻ ചെയ്തത് തെറ്റാണു പക്ഷേ എനിക്കിതാണ് ശെരി”.

“മോൾടെ നല്ല മനസ് ദൈവം കാണാതിരിക്കില്ല. സങ്കടങ്ങൾക്കൊക്കെ ദൈവം അറുതി വരുത്തും. കരയരുത്. നിന്റെ ചുറ്റുമുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം ഉപേക്ഷിച്ച നീ ഇങ്ങനെ തളർന്നു പോകരുത്. എന്നെ കണ്ടോ എന്തെങ്കിലും കുറവുള്ളതായി തോന്നുന്നുണ്ടോ നിനക്ക്?. എന്റെ 20 വയസിലാണ് ജോസഫ് ഇച്ചായൻ , ക്രിസ്റ്റിയുടെ പപ്പ എന്റെ കഴുത്തിൽ മിന്നു കെട്ടുന്നത്.30 വർഷം അതിയാൻ ആയിരുന്നു എന്റെ ബലം. പെട്ടെന്നൊരു ദിവസം അതിയാൻ എന്നെ ഒറ്റയ്ക്കാകി പോയി കളഞ്ഞു. ഞാനന്ന് തകർന്ന് വീണ് പോയെങ്കിൽ ഇന്ന് ഇതൊന്നും ഉണ്ടാകില്ലായിരുന്നു. എന്റെ ക്രിസ്റ്റിക്ക് ഞാൻ മാത്രമേയുള്ളൂ എന്ന ചിന്തയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്”.

“അവനും ഒരു സാഹചര്യത്തിൽ ജീവിതം മടുത്തു നടന്നതാണ്. അവനെയും പഴയ രീതിയിൽ ആക്കിയെടുത്തത് എന്റെയൊരാളുടെ ബലം കൊണ്ട് മാത്രമാണ്. നമുക്ക് നമ്മളെയുള്ളൂ എന്ന് ചിന്തിച്ചാൽ അവിടെ തീരും എല്ലാ പ്രശ്നങ്ങളും. അത് കൊണ്ട് കൊച്ചു സങ്കടപ്പെടാതെ ജീവിക്കാൻ നോക്കു. മോൾക്ക് എപ്പോ വരെ വേണമെങ്കിലും ഇവിടെ കഴിയാം ആരും തടസം പറയില്ല. എനിക്കൊരു മോൾ ഇല്ലാത്ത സങ്കടം ഇങ്ങനെ തീർന്നോട്ടെ. പിന്നെ വീട്ടിലേക്ക് പോകണമെന്ന് എപ്പോ തോന്നുന്നോ അപ്പൊ പറയണം ഈ അമ്മച്ചി കൊണ്ടാകും മോളെ”.

പീലി ഒന്നു ചെറുതായി പുഞ്ചിരിച്ചു. വീണ്ടുമവൾ പുറത്തേക്ക് നോക്കിയിരുന്നു. മഞ്ഞുപടലങ്ങൾ ഭൂമിയെ ഒന്നാകെ വിഴുങ്ങുന്ന കാഴ്ച അവൾ നോക്കി കണ്ടു. നേരം പോകുന്നതനുസരിച് പുറത്തെ തണുപ്പ് അകത്തേക്ക് കയറുന്നുണ്ട്. അവൾ ജനലടച്ചു. മേരി ഹാളിലെ ചാരുകസേരയിലിരുന്നു ബൈബിൾ വായിക്കുകയാണ്. അവളവരെ നോക്കിയിരുന്നു. പുറത്ത് ജീപ്പ് വന്നു നിൽക്കുന്ന സൗണ്ട് കേട്ടതും പീലിയുടെ ഉള്ളിലൊരു ഭയം നിറഞ്ഞു. അത് മനസിലാക്കിയെന്നവണ്ണം മേരി കണ്ണടച്ചു കാണിച്ചു.

പീലിയെ അവിടെ കണ്ട ക്രിസ്റ്റിയുടെ പുരികം വില്ല് പോലെ വളഞ്ഞു. അവൻ അമ്മയെ നോക്കിയതും അവർ കണ്ണ് കാണിച്ചു. അവൻ മേരിയുടെ പിറകെ മുറിയിലേക്ക് പോയി. അത് വരെയുള്ള കാര്യങ്ങൾ കേട്ടതും അവനതൊന്നും ഉൾക്കൊള്ളനായില്ല. “അമ്മച്ചി ഇതെന്നാ ഈ പറയുന്നെ. ആ പെണ്ണിനെ ഇവിടെ പിടിച്ച് കേറ്റിയിട്ട് അവളുടെ വീട്ടുകാർ വരുമ്പോ നമ്മൾ സമാധാനം പറയാൻ നിൽക്കാനാണോ. വീട് വിട്ടിറങ്ങി എന്നൊക്കെ പറയുന്നു ഇതൊക്കെ ഉള്ളതാണോന്ന് ആർക്കറിയാം. അമ്മച്ചി അവളുടെ വീട്ടിലെ നമ്പർ വാങ്ങിക്ക് ഞാൻ സംസാരിക്കാം. നാളെ തന്നെ അവർ വന്നു കൊണ്ട് പോയിക്കോട്ടെ അവളെ”.

” ക്രിസ്റ്റി ഞാൻ പറയുന്നത് നീയൊന്നു കേൾക്ക്. എനിക്കെന്തോ ആ കൊച്ചു കള്ളം പറയുന്നതായി തോന്നുന്നില്ല. എന്നും ഇവിടെ നിർത്താനല്ല അതിന്റെ മനസ് മാറും വരെ ഇവിടെ നിന്നോട്ടെ നമുക്ക് നഷ്ടമൊന്നുമില്ലല്ലോ”. “ഈ അമ്മച്ചിക്കിതെന്നാത്തിന്റെ കേടാ. വേലിയേൽ ഇരിക്കുന്ന പാമ്പിനെ തോളേൽ വെയ്കാൻ”. “ക്രിസ്റ്റി നിന്റെ അപ്പൻ സഹായം ചോദിച്ചു വരുന്നവരെ കാണാതിരുന്നിട്ടില്ല. അത് കൊണ്ട് അതിയാൻ മരിക്കുന്ന വരെയും ഒരു കഷ്ടപ്പാടും ഉണ്ടായിട്ടില്ല. നീ ഇപ്പോ ഞാൻ പറയുന്നത് കേട്ടാൽ മതി”.

ഐദൻ അന്നയുടെ മുറിയിലായിരുന്നു. അവളുടെ വസ്ത്രം കയ്യിൽ പിടിച്ച് അവളുടെ ഫോട്ടോയിലേക്ക് നോക്കിയാണ് അവനിരുന്നത്. അവളിപ്പോളും മരിച്ചു എന്ന് വിശ്വസിക്കാനവന് കഴിഞ്ഞിരുന്നില്ല. ഏതോ ഒരു യാത്ര പോയിരിക്കയാണ്‌ അന്ന. എന്നെങ്കിലും തിരിച്ച് വരുമെന്ന് വിശ്വസിക്കാനാണ് അവനിഷ്ടം. വർഗീസ് അവളുടെ മരണത്തിനു ശേഷം അയാളുടെ മുറി വിട്ട് പുറത്തേക്കിറങ്ങിയിട്ടില്ല. കമ്പനി കാര്യത്തിനായി വരുന്നവരെയെല്ലാം മടക്കി വിട്ടു. ഐദന്റെ കുറവും കമ്പനിയിലും മറ്റെല്ലാ കാര്യങ്ങളിലും വ്യക്തമായിരുന്നു. ഇനിയാർക്ക് വേണ്ടിയാണു ഇതൊക്കെ സമ്പാദിച്ചു കൂട്ടുന്നത്. ഒന്നും കൊണ്ട് പോകാതെ അവളൊറ്റക്ക് പോയി കളഞ്ഞുവല്ലോ.

സൂരജ് രണ്ട് ദിവസമായി പീലിയെ കുറിച്ചുള്ള അന്വേഷണത്തിലാണ്. ഫോൺ പോലും എടുക്കാതെയാണ് പീലി പോയത്. അത് കൊണ്ട് ആ വഴിയിലുള്ള അന്വേഷണവും അടഞ്ഞിരുന്നു. എല്ലാത്തിനും പിന്നിൽ ഐദനാണ് എന്ന് സൂരജിനുറപ്പുണ്ടായിരുന്നു. അവൻ രഹസ്യമായി ഐദന്റെ നീക്കങ്ങളെ കുറിച്ചറിയാൻ ശ്രമിച്ചുവെങ്കിലും അവന് നേരിട്ടതിൽ പങ്കില്ലാത്തതിനാൽ ഒന്നും കണ്ടു പിടിക്കാനായില്ല. ആഹാരവും ഉറക്കവുമില്ലാതെ സൂരജ് പീലിയ്ക്ക് വേണ്ടി അലഞ്ഞു. അവനവളോട് ദേഷ്യം തോന്നി.

ജീവന്റെയും ആനന്ദിന്റെയും ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായിരുന്നു. അപ്പോളും പീലി എന്ന സമസ്യക്ക് മറുപടി ശൂന്യമായിരുന്നു. ഐദൻ തിരികെ ഓഫീസിലേക്ക് വന്നു തുടങ്ങി. ഊർജജസ്വലത നഷ്ടമായ ഐദനെയാണ് എല്ലാവർക്കും കാണാൻ കഴിഞ്ഞത്. പക്ഷേ അവന്റെയുള്ളിലെ പക അടങ്ങിയിരുന്നില്ല. പീലി ഊട്ടിയിലേക്കുള്ള ബസിലാണ് കയറിയതെന്ന് അറിഞ്ഞ ഐദൻ അവളെവിടെയുണ്ടെന്ന് തിരയാൻ ആളെ ഏർപ്പാടാക്കി. ഒരു വശത്ത് സൂരജ് മറ്റൊരു വശത്ത് ഐദൻ. ഇരുവരുടെയും ആവശ്യം പീലിയായിരുന്നു. ആരും അറിയാതൊരു നാട്ടിൽ ഹൃദയം മുറിഞ്ഞ വേദനയുമായി ആ പാവം പെണ്ണ് നീറുന്നത് ദൈവം മാത്രം അറിഞ്ഞൂ.

പീലിയുടെ മാനസികാവസ്ഥയിൽ മാറ്റമൊന്നും വരുന്നില്ലെന്ന് മനസിലാക്കിയ മേരി അവളോടൊപ്പം ഇടക്ക് വൈകുന്നേരങ്ങളിൽ പുറത്തേക്കിറങ്ങി നടക്കും. അവൾക്കതൊരു ആശ്വാസം ആകട്ടെയെന്നവർ ആഗ്രഹിച്ചു. ഊട്ടിയിലെ അതി മനോഹരമായൊരു സായാഹ്നം. തണുപ്പ് കൂടി കൂടി വരുന്നുണ്ട്. അവൾ ഒരു കമ്പിളി ഷാൾ പുതച്ചിരുന്നു. അവരൊരു കുന്നിൻപുറത്തേക്കാണ് പോയത്. ചെറുതായി തിരക്കുണ്ട്. പലരും ഫോട്ടോ എടുക്കുന്നത് കാണാം. ഒരു സുന്ദര യാത്രയുടെ ഓർമയ്ക്കായി സൂക്ഷിച്ചു വെയ്ക്കാനാകും. എല്ലായിടത്തും വഴിയോര കച്ചവടക്കാർ നിറഞ്ഞിരുന്നു. ചൂടോടെ പുഴുങ്ങിയ ചോളത്തിലേക്ക് മുളക് പൊടിയും ഉപ്പ് പൊടിയും വിതറി അത് കച്ചവടം ചെയ്യുന്ന ഒരു ചെറിയ കുട്ടിയെ കണ്ടു. അവനൊപ്പം അവന്റെ അച്ഛനുമുണ്ട്.

“മേരി അക്ക ചോളം വേണുമാ. സൂടാ ഇറുക്ക്”?. “വേണ്ട നീലാ”. ഊട്ടിയിലെ ഒട്ടു മിക്ക എല്ലാവരെയും മേരിയ്ക്കറിയാം.കാഴ്ചകൾ കണ്ട് പതിയെ അവർ കുന്നിറങ്ങി. താഴെ ക്രിസ്റ്റി ജീപ്പിൽ കാത്തു നിൽക്കുന്നുണ്ട്. ഒരാഴ്ചയോളം ആയെങ്കിലും പീലി ക്രിസ്റ്റിയെ നോക്കാറ് കൂടിയില്ല. അവൾക്ക് ഭയമാണ്.ജീപ്പിലേക്ക് കയറാൻ തുടങ്ങുമ്പോളാണ് ഒരു ചെറിയ പെൺകുട്ടി ഒരു കെട്ട് മഞ്ഞപ്പൂക്കൾ അവന് നേരെ നീട്ടിയത്. അവനാ പൂക്കളെ കുറച്ച് നേരം നോക്കി നിന്നു. ശേഷം ഒരു കെട്ട് പൂവ് വാങ്ങി വണ്ടിയിലേക്ക് വെച്ചു.പീലി ആ പൂവ് ആദ്യമായാണ് കാണുന്നത്. അല്ല പണ്ടൊരിക്കൽ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂർ പോയി വന്ന കുട്ടികളിലൊരാൾ ഈ പൂവ് കൊണ്ട് കാണിച്ചിരുന്നു.

വീട്ടിലേക്ക് വരും വഴി ആരുമൊന്നും മിണ്ടിയില്ല. ഒരു ദിവസം ഹാളിലെ ഭിത്തിയിലെ ചിത്രങ്ങളിലേക്ക് നോക്കിയ പീലി ഒരു പെൺകുട്ടിയുടെ ചിത്രം കണ്ടു .20 വയസിനു മുകളിൽ മാത്രം പ്രായം തോന്നിക്കും കണ്ടാൽ. ചമയമേതുമില്ലാതെ എന്നാൽ ചുണ്ടിലൊരു മനോഹര പുഞ്ചിരിയുള്ള ഒരു പെൺകുട്ടി. ചെറിയ കണ്ണുകൾ. നീണ്ട നാസിക തുമ്പ്. പീലി ആ ചിത്രത്തിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് വന്ന മേരിയുടെ കണ്ണ് നിറഞ്ഞു.

” ഞങ്ങടെ കുട്ടിയാണ്. എന്റെ മോന്റെ പെണ്ണായി ഈ വീട്ടിലേക്ക് വരേണ്ടിയിരുന്നവൾ. കുഞ്ഞ് നാൾ മുതൽ അവൾക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രിസ്റ്റിക്ക് അവളെന്ന് വെച്ചാൽ ജീവനായിരുന്നു.ഒരു ആക്‌സിഡന്റ്. ഞങ്ങളെ വിട്ട് പോയി. സാധുവായിരുന്നു എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ. അവൾ പോയപ്പോൾ എന്റെ മോന്റെ ഹൃദയം കൂടിയാണ് കൊണ്ട് പോയത്. ഇന്നിപ്പോൾ കാണുന്നത് പോലൊന്നുമായിരുന്നില്ല ക്രിസ്റ്റി. എന്റെ മോൾടെ മരണത്തോടെ എല്ലാം മാറി. ആഹ് ദൈവം ചിലപ്പോ വല്ലാതെ പരീക്ഷിക്കും “.

പീലി അവളുടെ ചിരിക്കുന്ന തെളിച്ചമുള്ള കണ്ണുകളിലേക്ക് നോക്കി നിന്നു. ആ കണ്ണുകൾക്ക് അവളോടെന്തോ പറയാനുള്ളത് പോലെ. മേരിയോടൊപ്പം പള്ളിയിലേക്കിറങ്ങിയതാണ് പീലി. ഉരുളൻ കല്ലുകൾ നിറഞ്ഞ ഒതുങ്ങിയൊരു വഴി. തീരെ ചെറിയൊരു പള്ളിയായിരുന്നു അത്. അതിനോട് ചേർന്ന് തന്നെ ഒരു കുഞ്ഞു ഓർഫനേജ് ഉണ്ടായിരുന്നു. പള്ളിയിൽ മേരിയ്ക്കരികിൽ മുട്ട് കുത്തി കുരിശിൽ തറച്ച യേശുവിന്റെ തിരുരൂപത്തിലേക്ക് നോക്കി പീലി. കണ്ണുകൾ നിറഞ്ഞൊഴുകി. സമാധാനം നഷ്ടമായിട്ട് ദിവസങ്ങളായിരിക്കുന്നു. തന്റെ സന്തോഷവും സമാധാനവും എല്ലാം താനന്ന് രാത്രി തന്റെ മുറിയിൽ ഉപേക്ഷിച്ചു പോണതല്ലേ.

പ്രാർത്ഥിച്ചു കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പീലി കണ്ടത് മുറ്റത്ത് ഓടികളിക്കുന്ന കുഞ്ഞു മക്കളെയാണ്. അവരെ കണ്ടതും അവളുടെ ഉള്ളിൽ ഒരു തണുപ്പ് വീണ സുഖം നിറഞ്ഞു. ചുളിവ് വീണ കൈ കൊണ്ട് അവിടുത്തെ അമ്മമാർ പീലിയുടെ കയ്യിൽ തൊട്ട് വർത്താനം പറഞ്ഞു. അവരുടെ കളി ചിരികൾ ആസ്വദിച്ചിരിക്കുന്നതിനിടയിലാണ് പീലി ആ വ്യക്തിയെ കണ്ടത്. ആദ്യം സംശയത്തോടെയും പിന്നെ പരിഭ്രമത്തോടെയും പീലി ആ കാഴ്ച കണ്ടു. അവൾക്കവിടുന്ന് ഓടി പോകാൻ തോന്നി. വെൽകം ടു ഊട്ടി നൈസ് ടു മീറ്റ് യൂ 😁. വിമർശനങ്ങളേ ഇതിലെ ഇതിലെ. അപ്പൊ വലിയ കമെന്റ്. എനിക്ക് സൂപ്പർ നൈസ് അടിപൊളി എന്നുള്ള കമെന്റ് ഒന്നും മാണ്ട 😌. അടുത്ത പാർട്ട്‌ നാളെ. സ്നേഹം ❤️