രചന – ആയിഷ അക്ബർ
എന്തിനാ പ്രണയിക്കുന്നത്….. പ്രണയം….. അതിന്റെ അവസാനം വിവാഹത്തിൽ എത്തി നിൽക്കും… ശെരിയല്ലേ…. മീര ചിരിച്ചു കൊണ്ടത് പറയുമ്പോൾ ദേവു അവളെയൊന്നു നോക്കി… വിവാഹം പ്രണയത്തിന്റെ അവസാനമാണെന്ന് ഏട്ടത്തിയോടാരാ പറഞ്ഞത്…. അത്…. മനോഹരമായ പ്രണയത്തിന്റെ തുടക്കമാണ്…… ദേവു ഇളം പുഞ്ചിരിയോടെയത് പറയുമ്പോൾ മീര വിശ്വസിക്കാനാവാത്തത് പോൽ നോക്കി നിന്നു…… ഏട്ടത്തി നമ്മുടെ അച്ഛനെയും അമ്മയെയും കണ്ടിട്ടില്ലെ…..വർഷങ്ങളായുള്ള ആ പ്രണയത്തിനിന്നും പത്തര മാറ്റാണ്….. മക്കളോടുള്ള വാത്സല്യം പോലെ തന്നെ അമ്മയോടുള്ള പ്രണയം കാത്തു സൂക്ഷിക്കുന്ന അച്ഛനും….. പറയാതെ തന്നെ അച്ഛന്റെ മനസ്സറിയുന്ന അമ്മയും ഹൃദയത്തിൽ സൂക്ഷിച്ചു വെച്ച പവിത്രമായ ആ വികാരത്തിന്റെ പേരിന്നും പ്രണയമെന്നു തന്നെയാണ്….
ദേവു അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം മീരക്കറിയുന്നുണ്ടായിരുന്നു….. ശെരിയാണ്….. അവർ തമ്മിൽ ഇന്ന് വരെ വഴക്ക് കൂടുന്നത് താൻ കണ്ടിട്ടില്ല… തന്റെ വീട്ടിലുള്ളത് പോലെ ഒന്നിച്ചാൽ പ്രശ്നങ്ങൾ മാത്രമുണ്ടാക്കുന്നവരെയല്ല ദൈവം ചേർത്ത് വെച്ചത്…. അത് കൊണ്ട് തന്നെ അച്ഛനും അമ്മയും ചേർന്ന് നിൽക്കുമ്പോൾ തന്റെ കണ്ണുകളിൽ വിടരുന്ന ഭയം പോലെയൊന്നു ഇന്നേവരെ അവരുടെ മക്കളിലൊരിക്കലും താൻ കണ്ടിട്ടില്ല….. പ്രണയങ്ങൾ എല്ലാം ഒരുപോലെയല്ല ദേവു…. പറയുമ്പോൾ അവളുടെ തൊണ്ടക്കുഴിയിൽ തടഞ്ഞു നിന്നൊരു വേദന ദേവുവിനറിയുന്നുണ്ടായിരുന്നു….. പ്രണയമെന്നല്ല….. പരസ്പരം മനസ്സിലാക്കാത്ത ഏതൊരു ബന്ധവും ബന്ധനങ്ങൾ തന്നെയാണ്…. എന്നാൽ കൂടെയുള്ള ആളെ അറിയാനും മനസ്സിലാക്കാനും സ്നേഹിക്കാനും ശ്രമിച്ചാൽ എന്തിനേക്കാളും മനോഹരമായൊരു ബന്ധം നമുക്കവരിലുണ്ടാക്കിയെടുക്കാൻ കഴിയും…..
ദേവു അത് പറയുമ്പോഴും മീരയിൽ പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല….. നിന്നോട് എനിക്ക് ശെരിക്കും അസൂയ തോന്നാറുണ്ട് ദേവു…. സ്നേഹമുള്ള അച്ഛനുമമ്മക്കും ജനിക്കാൻ കഴിഞ്ഞ അവരുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞ നീ ഏറെ ഭാഗ്യവതിയാണ്…. മീരയത് പറയുമ്പോൾ അവളിലിരമ്പുന്നൊരു ദുഖത്തിന്റെ സാഗരം ദേവുവിനറിയുന്നുണ്ടായിരുന്നു….. ദേവു മനോഹരമായോന്ന് പുഞ്ചിരിച്ചു…. പിന്നേ നടന്നു കൊണ്ടിരുന്ന ആ വഴിയിൽ നിന്നും ഒരു കുഞ്ഞ് ഇടവഴി തിരിഞ്ഞ് ഒരു വലിയ പാറക്ക് താഴെയെത്തി…. എങ്ങോട്ടാ ദേവു…. മീര സംശയത്തോടെ അത് ചോദിക്കുമ്പോഴും ദേവു അവളുടെ കയ്യിൽ പിടിച്ചു നടന്നു…. പാറ മേൽ കയറാൻ കുറച് കഷ്ടപ്പെട്ടെങ്കിലും അതിനെ മറി കടന്ന് കയറിയപ്പോൾ മീരയുടെ കണ്ണുകളെ കവർന്നത് മനോഹരമായ കാഴ്‌ചയായിരുന്നു…. വയലുകളും അവക്കിടയിലുള്ള കുഞ്ഞരുവികളും കുഞ്ഞ് വീടുകളും അങ്ങനെ ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും അവിടെ നിന്നാൽ കാണാൻ കഴിയുന്നുണ്ടായിരുന്നു….. മുകളിലെത്തിയപ്പോഴേക്കും രണ്ട് പേരും നന്നേ ക്ഷീണിച്ചിരുന്നു…..
ഏട്ടത്തി പറഞ്ഞത് ശെരിയാണ്…. അത്രയും സ്നേഹമുള്ള അമ്മയുടെയും അച്ഛന്റെയും വാത്സല്യം ലഭിച്ചു വളരാൻ കഴിഞ്ഞുവെന്നത്….. കിതച് കൊണ്ടവളത് പറയുമ്പോഴും മീര ആ കാഴ്ച ആസ്വദിക്കുകയായിരുന്നു…. എന്നാൽ….. ആ അച്ഛനുമമ്മക്കും ജനിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല…. ദേവു അത് പറഞ്ഞതും മീര പെട്ടെന്നു അവൾക്ക് നേരെ തിരിഞ്ഞു….. കേട്ടത് വിശ്വസിക്കാനാവാത്ത പോൽ മീര അവളെ തന്നെ നോക്കി നിന്നു…. അപ്പോഴും ഒരു ചെറു പുഞ്ചിരിയാൽ ദേവു ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു…. എന്താ പറഞ്ഞത്…. മീര വീണ്ടുമത് ചോദിക്കുമ്പോൾ ദേവു അവളെ നോക്കി…. സത്യമാണ് ഏട്ടത്തീ…. ഞാൻ…. ഞാൻ അവരുടെ മോളല്ല…. ദേവു തന്നെ കളിയാക്കാൻ വേണ്ടി പറയുന്നതാനോയെന്നു പോലും അവൾ സംശയിച്ചങ്ങനെ നിന്നു…. അതാ….. ആ ദൂരെ ഒരു പൊട്ട് പോലെ കാണുന്നതാ ഞാൻ ജനിച്ച വീട്…… അവൾ ദൂരേക്ക് ചൂണ്ടിയത് പറയുമ്പോൾ മീരയുടെ കണ്ണുകൾ അങ്ങോട്ട് ചലിച്ചു…..
ദേവു ചൂണ്ടിയിടത് ഒരു കുഞ്ഞ് വീട് അവൾക്കും കാണുന്നുണ്ടായിരുന്നു…. അമ്മ ഗർഭിണിയാണെന്ന് അറിയുന്നതിന് മുന്പാണോ എന്നറിയില്ല അച്ഛൻ അമ്മയെ ഇട്ടിട്ട് പോയത്….. അത് കൊണ്ട് തന്നെ തനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു… അമ്മ നമ്മുടെ തോട്ടത്തിലെ പണിക്കാരിയായിരുന്നു…. ആ പണി കഴിഞ്ഞാൽ അടുക്കള പണിക്കും കൂടുമായിരുന്നെന്ന് ജാനാകിയമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്…. കുഞ്ഞായിരുന്ന എന്നെ വീട്ടിൽ തനിച്ചാക്കി പോരാൻ കഴിയാത്തത് കൊണ്ട് തന്നെ തന്നെയും കൂടെ കൂട്ടും…. തോട്ടത്തിൽ ജോലി ചെയ്യുന്നതിന്റെ അടുത്തായി എന്തെങ്കിലും വിരിച്ചു കിടത്തുമ്പോൾ തന്നെ ആ വലിയ വീടിന്റെ അകത്തളത്തിലേക്ക് എടുത്ത് കിടത്തിയിരുന്നത് ജാനകിയമ്മയായിരുന്നത്രെ…… അങ്ങനെ പെട്ടെന്നൊരു ദിവസം അമ്മ കൂടി പോയതോടെ മൂന്ന് വയസ്സുകാരിയായ ഞാൻ അനാഥയായി…. ആ കുഞ്ഞ് വീടിന്റെ ഉമ്മറത്തിരുന്നു അമ്മയെ കാണാൻ കരഞ്ഞിരുന്ന തന്നെ ഇനി മുതൽ ഇവൾ മാധവന്റെ മോളാണെന്ന് പറഞ്ഞ് അച്ഛനുമമ്മയും വീട്ടിലേക്ക് കൊണ്ട് വന്ന്… ദേവു അത്രയും പറഞ്ഞു നിർത്തുമ്പോൾ ദേവുവിന്റെ കണ്ണുകളിൽ നിന്ന് കണ്ണു നീർ ഒഴുകി കൊണ്ടിരിക്കുന്നുണ്ടായിരുന്നു……
അവളറിയാതെ തന്നെ മീരയുടെ കണ്ണും നനഞ്ഞിരുന്നു….. അന്ന് മുതൽ അതാണ് തന്റെ വീട്…. അച്ഛനുമമ്മയും…. ഏട്ടനും…. ലോകവും…. അച്ഛനുമാമ്മയും തന്നെ ഹൃദയം കൊണ്ട് ചുമന്നപ്പോൾ കൈകളിൽ നിന്നും പിടി വിടാതെ ഏട്ടനായവൻ എപ്പോഴും കൂടെയുണ്ടായിരുന്നു….. അവിടെ…. അവിടെ അമ്മയിപ്പോഴും ഉറങ്ങുന്നുണ്ട്…. എന്നാൽ അങ്ങോട്ട് തനിച് പോവാനെനിക്ക് ഭയമാണ്… അവൾ ആ കുഞ്ഞ് വീട്ടിലേക്ക് മിഴികൾ പായിച്ചത് പറയുമ്പോൾ കണ്ണുനീരവളുടെ കാഴ്ച്ചയെ മറക്കും പോലെയുണ്ടായിരുന്നു…. വിവിയേട്ടനോടൊത് മാത്രമേ ഞാൻ അവിടെ പോകാറുള്ളു…. അവിടെയെത്തുമ്പോൾ ഞാൻ വീണ്ടും അനാഥയായത് പോലെ തോന്നും… എന്നാൽ തന്റെ കൈ ചേർത്ത് പിടിച് നിൽക്കാൻ ഏട്ടനുണ്ടെങ്കിൽ നീ തനിച്ചല്ലെന്ന് അവനെന്നോട് പറയാതെ പറയും പോലെയൊരു തോന്നലാണ്….. അവളത് പറയുമ്പോഴും മീരയുടെ മുഖത്തെ ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ല….
അവളാ വീട്ടിലെതല്ലെന്ന് ആ വീട്ടിലെ ആരുടേയും പെരുമാറ്റത്തിൽ നിന്നും തനിക്കിത് വരെ തോന്നിയിട്ടില്ല….. അത്രമേൽ സ്നേഹത്തോടെ വാത്സല്യത്തോടെ അവളെ തഴുകുന്ന ആ അമ്മ അവളെ പ്രസവിച്ചിട്ടില്ലെന്ന് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല….. താനും അവളും എന്ത് വൈരുധ്യങ്ങളാണ്…. അച്ഛനുമമ്മയും ജീവനോട് കൂടെയുണ്ടായിട്ടും അവരുടെ സ്നേഹമോ വാത്സല്യമോ അനുഭവിക്കാൻ കഴിയാതിരുന്ന താനും അനാഥയായിട്ട് കൂടി അതെല്ലാം വേണ്ടുവോളം ലഭിച്ച അവളും രണ്ട് ധ്രുവങ്ങളെ പോലെയാണെന്ന് അവളോർത്തു.. ഏട്ടത്തി പറഞ്ഞില്ലെ…. എന്നോട് അസൂയ തോന്നുകയാണെന്നു…. എന്നാൽ എനിക്ക് അസൂയ തോന്നാറുള്ളത് ഏട്ടത്തിയോടാണ്….. എന്തായായും വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണ് ഞാൻ….എന്നാൽ അവർക്കിടയിൽ എന്നും ജീവിക്കാനുള്ള ഭാഗ്യം അത് ഏട്ടതിക്കല്ലേ….. അവൾ തന്നോടത് ചോദിക്കുമ്പോൾ ഹൃദയത്തിൽ ഒരു ഭാരം നിറയുന്നത് അവളറിഞ്ഞു… അവർ തന്നോട് കാണിച്ച സ്നേഹവും ആത്മാർത്ഥമായി തന്നെയായിരുന്നെന്ന് മനസ്സ് ഒരു നൂറാവർത്തി അവളോട് പറഞ്ഞ് കഴിഞ്ഞിരുന്നു…..
ആരോരുമല്ലാത്തവളെ സ്വന്തം മകളായി വളർത്തിയ അവർക്കുള്ളിലെ നന്മ തന്നെയായിരിക്കില്ലേ തന്നെയും മകളെ പോൽ ചേർത്ത് പിടിക്കാൻ അവരെ പ്രാപ്തരാക്കിയത്…. തനിക്ക് ജന്മം നൽകിയവർ പോലും കനിഞ്ഞു തരാത്ത അത്രയും വാത്സല്യം ഇതിനോടകം അവർ തനിക്ക് തന്ന് കഴിഞ്ഞില്ലേ…. അതെല്ലാം സത്യമാണെന്ന് താനിനിയും എങ്ങനെ വിശ്വസിക്കാത്തിരിക്കും…. അവർക്ക് ഹൃദയം നൽകുന്ന സ്ഥാനം എന്താണെന്ന് അവൾക്കറിയുന്നുണ്ടായിരുന്നില്ല….. എന്നാൽ ആ സ്നേഹത്തിൽ നിന്നും വേർപെട്ട് പോകേണ്ടവളാണ് താനെന്ന് അറിയാതെ തന്നെ സ്നേഹിക്കുന്ന അവരെ കുറിചോർത് അവൾക്ക് സങ്കടം തോന്നി…. ബന്ധങ്ങളെന്ന സമ്പത്തു കൊണ്ട് തന്നോട് അസൂയ തോന്നുന്ന ദേവുവിനോട് താനെങ്ങനെ പറയും അവയെല്ലാം ഇട്ടെറിഞ്ഞു ദൂരേക്ക് പോകുന്ന ഒരു വിഡ്ഢിയാണ് താനെന്ന്…… ഓർക്കും തോറും അവൾക്ക് ഹൃദയം പിടയുന്നത് പോലെ തോന്നി…… (തുടരും )

by