19/04/2026

സൈരന്ദ്രി : ഭാഗം 12

രചന – രജിഷ അജയ്ഘോഷ്

വേഷം മാറി മുടിയൊക്കെ ഒതുക്കി വരുമ്പോൾ സൈറയെ ഒന്നു നോക്കിയവൻ…
കണ്ണടച്ച് കവിളും വീർപ്പിച്ച് പിടിച്ചിരിപ്പുണ്ട്…
മൂക്കിൻ തുമ്പിപ്പോഴും ചുവന്നിട്ടാണ്..
അവൻ്റെ ചുണ്ടിൽ ചെറുചിരി വിരിഞ്ഞു…

മൂന്നു ദിവസം കൊണ്ടാണ് കൊയ്ത്ത് കഴിഞ്ഞത്..
തീർന്ന ദിവസം ചന്ദ്രിയമ്മ പായസം വെച്ചു…
രാത്രിയാണ് ഒക്കലിടുന്നത്…
പണ്ടൊക്കെ കന്നുകാലികളാണത്രേ ഒക്കലിട്ടു കൊണ്ടിരുന്നത്… നേരം വെളുക്കുന്നത് വരെ അവരെ ഒക്കക്കല്ലു വലിപ്പിക്കണം.. മടി കാണിക്കുമ്പോൾ നല്ല അടി കൊടുക്കും..
ഇപ്പൊ ടാക്ടറാണ് വരുന്നത്… നെല്ലും പുല്ലും വേർതിരിക്കാൻ പണിക്കാരുണ്ട്…

ആകെ പൊടിയാണ്.. ടാക്ടറിൻ്റെ ബഹളവും…
രണ്ട് മണിവരെ സൈറയത് നോക്കിയിരുന്നു..
പിന്നെ പോയിക്കിടന്നു…
രാവിലെ പെണ്ണുങ്ങൾ വന്ന് നെല്ല് കളത്തിൽ വെയിലത്തിടുന്നത് കണ്ടാണ് സൈറ എഴുന്നേറ്റത്..
മൂന്ന് ദിവസം അടുപ്പിച്ചുള്ള വെയില് കൊള്ളലും
രാത്രി വൈകിയുള്ള ഉറക്കവും കാരണം നേരം വെളുത്തത് അറിഞ്ഞതേയില്ല..
അന്ന് പണിക്കാരില്ല.. പെണ്ണുങ്ങൾ നെല്ല് ഉണക്കാനിട്ട് തിരികെപ്പോയി….

അഞ്ചുമണി കഴിഞ്ഞാണ് കേശുവും സതീഷുമൊക്കെ കിടന്നത് തന്നെ..
ഉച്ചയോടടുത്താണ് രണ്ടാളും എഴുന്നേറ്റത്..
“വാടാ.. കുളത്തിലൊന്ന് നീന്തിക്കുളിച്ച് വരാം.. എന്നാലെ ഒന്ന് ഉഷാറാവൂ.. ” സതീഷ് വിളിച്ചപ്പോൾ കേശുവും കൂടെ നടന്നു…
ഒരുപാട് നേരം നീന്തി.. കുളി കഴിഞ്ഞ് തിരികെ നടക്കുമ്പോൾ സതീഷ് മൗനമായിരുന്നു..”മാമനെന്താ ഒന്നും മിണ്ടാതെ… ” അയാളുടെ മൗനം കണ്ട് കേശു ചോദിച്ചു..”നാളെ രാവിലെ പോണമെടാ… ഇവിടെ വന്നിട്ട് പോവുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോ വല്ലാത്തൊരു സങ്കടം തോന്നും.. ” അയാളുടെ വാക്കുകളിൽ വിഷാദം പടർന്നു..

“രണ്ടു ദിവസം കഴിഞ്ഞ് പോയാപ്പോരെ… നമുക്കിവിടെ അടിച്ച് പൊളിക്കാന്നേ..” കേശു പ്രതീക്ഷയോടെ സതീഷിനെ നോക്കി..” മതിയെടാ.. പക്ഷേ സൗഭാഗ്യ സ്വൈര്യം തരില്ല..
അല്ലെങ്കിൽ തന്നെ ഇവിടേക്ക് വരുന്നതിൻ്റെ തലേന്ന് മുതൽ മിണ്ടാറില്ല.. “”എന്തിന്?”കേശുവിന് ഒന്നും മനസ്സിലായില്ല..

“അവൾക്ക് ഈ നാട്ടിൻ പുറമൊന്നും ഇഷ്ടമല്ല..
നഗരത്തിലെ സുഖസൗകര്യങ്ങളിൽ ജീവിച്ച് ശീലിച്ചതിൻ്റെയാ… ഓണത്തിനും വിഷൂനും തന്നെ
ഇഷ്ടമില്ലാതെ വരുന്നതാ.. പക്ഷേ മക്കൾക്ക് രണ്ടാൾക്കും ഇവിടെ വരാൻ വല്യ ഇഷ്ടാട്ടോ..” സതീഷ് പറയുമ്പോൾ കേശു ആകെ അമ്പരപ്പിലായി..

“എനിക്കാണെങ്കിൽ അവിടത്തെ ജീവിതവും ഭക്ഷണവുമൊന്നും തീരെ പറ്റില്ല.. ലീവ് കിട്ടുമ്പോ അടുക്കളേൽ കയറി നമ്മുടെ സാമ്പാറും അവിയലുമൊക്കെ ഉണ്ടാക്കും… അവളന്ന് പുറത്തൂന്ന് ഫുഡ് ഓർഡർ ചെയ്ത് കഴിക്കും.. മക്കളെയോർത്ത് അഡ്ജസ്റ്റ്മെൻ്റിലങ്ങനെ മുന്നോട്ട് പോവുന്നതാടാ..”
സതീഷിൻ്റെ സ്വരത്തിലെ നിരാശ കേശുവിന്
പുതിയ അറിവായിരുന്നു..

“മണ്ണിനെയും മനുഷ്യനെയുമൊക്കെ മനസിലാക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു പെണ്ണായിരുന്നു എനിക്കിഷ്ടം.. അച്ഛൻ്റെ നിർബന്ധത്തിനാണ് അച്ഛൻ്റെ സുഹൃത്തായ വിശ്വനങ്കിളിൻ്റെ മകളെ വിവാഹം കഴിച്ചത്..ചിലപ്പോഴൊക്കെ മരിച്ചുപോയ അച്ഛനോടും ദേഷ്യം തോന്നും…” സതീഷ് തുടർന്നു കൊണ്ടേയിരുന്നു… കേശു അപ്പോൾ ശാലിനിയെ ഓർത്തു..
ആദ്യം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചപ്പോൾ എന്തെല്ലാമോ ഓർഡർ ചെയ്ത് കുറച്ച് മാത്രം കഴിച്ച് ബാക്കി വേസ്റ്റാക്കിയവൾ..
പിന്നെ ചിരുതമ്മയൊന്ന് തൊട്ടതിന് അവൾ പറഞ്ഞ വാക്കുകൾ…മാമൻ പറഞ്ഞത്പോലെ മനുഷ്യൻ്റെ മനസ്സറിയുന്ന മണ്ണിനെ സ്നേഹിക്കുന്ന പെണ്ണിനെയല്ലെ തനിക്കും വേണ്ടത്… ശാലുവിന് അതിന് കഴിയുമോ..?
മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിരുന്നു..

സൈറയുടെയും സാമിൻ്റെയും ശബ്ദമാണ്
കേശുവിൻ്റെ ചിന്തകൾക്ക് ഭംഗം വരുത്തിയത്..
രണ്ടുപേരും എന്തെല്ലാമോ പറയുന്നുണ്ട്..
ഇടക്ക് സാമിൻ്റെ ഉറക്കെയുള്ള ചിരിയും സൈറയുടെ പരിഭവം നിറഞ്ഞ നോട്ടവും…
പിന്നെ ദേഷ്യത്തോടെ തിരിഞ്ഞ് അകത്തേക്ക് പോവുന്നത് കണ്ടു..

“എന്താടാ ഇവിടൊരു ബഹളം.. “കേശു സാമിനരികെയെത്തി…
“ചുമ്മാതെടാ… ഇന്നലെ രാത്രി ചമ്മന്തികൂട്ടി
സൈഡായ കഥ ചന്ദ്രിയമ്മ പറഞ്ഞപ്പോ ഞാൻ അവളെയൊന്ന് കളിയാക്കിയതാ..ആള് പിണങ്ങിപ്പോയീന്നാ തോന്നുന്നെ.. ” സൈറ പോയ വഴിയെ എത്തി നോക്കി സാം..
കേശു ചിരിച്ചു…
“നിന്നെ കാണാനെയില്ലല്ലോ… ഞാൻ കൊയ്ത്തായത് കൊണ്ട് പുറത്തേക്കൊന്നും ഇറങ്ങിയില്ല.. “കേശുവാണ്…

“പപ്പയ്ക്ക് രണ്ടുദിവസം മുന്നേ വീണ്ടും ശ്വസംമുട്ട് കൂടി… ഹോസ്പിറ്റലിൽ പോയി. ഒരു രാത്രിയവിടെ കിടക്കേണ്ടി വന്നു..”
“എന്നിട്ട് നീയെന്താ ഒന്നും പറയാത്തെ.. ഞാൻ വന്നേനെയല്ലോ.. ” കേശു ദേഷ്യപ്പെട്ടു..
“നിനക്ക് തിരക്കല്ലേടാ..
പിന്നെ രേഷ്മ വന്നിരുന്നു.. മമ്മിയെ
അവൾക്കൊപ്പമാക്കി… ”
“എടാ പണിയേക്കാൾ വല്ലതല്ലേടാ പപ്പ… ഇനി നീയിങ്ങനെ പറഞ്ഞാലുണ്ടല്ലോ എൻ്റെ സ്വഭാവം മാറും.. ” കേശുവിൻ്റെ മുഖഭാവം കണ്ടപ്പോൾ സാം ചിരിച്ചു..
“നല്ല വിശപ്പ്.. വാ വല്ലതും കഴിക്കാൻ നോക്കാം.. ”
വിഷയം മാറ്റാനെന്നവണ്ണം പറഞ്ഞ് കൊണ്ട് സാം അകത്തേക്ക് കയറുമ്പോൾ ചിരിയോടെ കേശുവും പിന്നാലെ കയറി..

സതീഷിന് ഏറെ പ്രിയപ്പെട്ട ചന്ദ്രിയമ്മയുടെ വറുത്തരച്ച നാടൻകോഴിക്കറിയും കൂട്ടി ചോറുണ്ണുമ്പോൾ സൈറയെ ഇടംകണ്ണിട്ട് നോക്കി ചിരിക്കുന്നുണ്ട് സാം..
അവനെ കണ്ണുരുട്ടി നോക്കി സൈറയും..
“വൈകിട്ട് ദേവേട്ടനെയൊന്ന് കണ്ടിട്ട് വരാം.. അമ്മ വരുന്നോ…?”ഊണും കഴിഞ്ഞ് ആട്ടുതൊട്ടിലിൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോഴാണ് സതീഷത് ചോദിച്ചത്..

“ഞാനും വരാം.. ഹോസ്പിറ്റലിൽ പോയി കണ്ടതാ.. പിന്നൊന്ന് പോവാനും പറ്റിയില്ല.. ” സതീഷിൻ്റെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ച് കൊണ്ടാണ്പത്മാവതിയമ്മ പറഞ്ഞത്…
അമ്മയുടെ സ്നേഹച്ചൂടിൽ അയാൾ കണ്ണുകളടച്ച് കിടന്നു..
“ഇത്തവണ അമ്മ എൻ്റെ കൂടെ വരുമോ..? കുറച്ച് ദിവസം അവിടെ നിക്കാലോ.”
കണ്ണുകൾ തുറക്കാതെ തന്നെ സതീഷ് ചോദിച്ചു..

“നിങ്ങള് രണ്ടാളും ജോലിക്ക് പോവും.. അപ്പൂം അമ്മൂം സ്കൂളിലും.. പിന്നെ ഞാനവിടെ ഒറ്റക്കാവില്ലെ സതീ… നീ ഇടക്ക് ഇങ്ങട്ട്
വന്നാമതി..” പതിയെ അവൻ്റെ മുഖത്തൂടെ വാത്സല്യത്തോടെ തലോടിയവർ.. അമ്മയുടെ കൈ പിടിച്ച് തൻ്റെ മുഖത്ത് ചേർത്ത് വെച്ചവൻ..
അൽപ്പം കഴിഞ്ഞ് പത്മാവതിയമ്മ നോക്കുമ്പോൾ മകൻ തൻ്റെ കൈയ്യിൽ മുഖംചേർത്ത് ഉറങ്ങിയിരുന്നു…
“എടാ ഞാനും വരാം.. പപ്പയെ ഒന്നു കാണണം.” തിരികെ ഇറങ്ങിയ സാമിനൊപ്പം കേശുവും ഇറങ്ങി..
മുറ്റത്തെത്തിയപ്പോൾ മിയമോളുടെ ഉറക്കെയുള്ള ചിരി കേട്ടു…
“എന്നെ പിദിച്ചാൻ കിത്തൂലേ.. ” പറഞ്ഞു കൊണ്ടവൾ ഓടി വന്നു..
അവൾക്ക് പിന്നിലായി ഓടിവരുന്ന ആളെ കണ്ട്
കേശുവും സാമും മുഖാമുഖം നോക്കി..

“ഇവളെപ്പോ ഇവിടെത്തി? “സാം കണ്ണു മിഴിച്ചു..
ആവോ.. കേശു ചുമൽ കൂച്ചി…
“കിട്ടിപ്പോയേ…. ” കുഞ്ഞിനെ എടുത്ത് വട്ടംകറക്കി സൈറ..
” ഇനി ആന്തിയെ നാൻ പിദിച്ചാം…” മിയ പറഞ്ഞതും സൈറ ഓടിയിരുന്നു…
പപ്പയ്ക്ക് അരികിൽ ഇരിക്കുമ്പോഴും രണ്ടാളുടെയും ബഹളം കേൾക്കാം..
കുറച്ചു കഴിഞ്ഞതും മിയമോളെയും എടുത്ത് സൈറ വന്നു.. പപ്പയുടെ കട്ടിലിൽ ഇരുന്ന് കുഞ്ഞിനെ പപ്പയുടെ അരികിൽ ഇരുത്തി…
ചായയുമായി രേഷ്മ വന്നപ്പോൾ സൈറമാത്രം ഒരു ഗ്ലാസ്സെടുത്തു.. പപ്പക്കരികിൽ തന്നെ ഇരുന്നു കുടിച്ചു..

ഇടക്കിടെ കാണാറുണ്ടെങ്കിലും മിയക്കുട്ടി തന്നോട് അധികം അടുത്തിട്ടില്ലെന്ന് കേശു ഓർത്തു..
സൈറ എത്ര പെട്ടന്നാണ് കുഞ്ഞുമായി കൂട്ടായത്..
ചിലപ്പോഴൊക്കെ അവൾ അവനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു..
തിരികെയിറങ്ങുമ്പോൾ ഞാനും പോവാണെന്ന് പറഞ്ഞ് സൈറയും കൂടെയിറങ്ങിയപ്പോൾ
മിയ കളിച്ചുതീരാത്ത പരിഭവത്തിലായിരുന്നു..
“സാംമിൻ്റെ പേരൻ്റ്സ് എത്ര ഭാഗ്യം ചെയ്തവരാണല്ലേ.. പപ്പക്ക് വയ്യാതായപ്പോൾ നല്ലൊരു ജോലിയും വേണ്ടെന്ന് വെച്ച് കൂടെ നിൽക്കാൻ ഇന്നത്തെ കാലത്ത് എത്രമക്കൾ തയ്യാറാവും..” കൊയ്ത്ത് കഴിഞ്ഞ പാടത്തിനരികിലൂടെ നടക്കുമ്പോൾ സൈറ പറയുന്നുണ്ട്..

“അത് ശരിയാ.. പണത്തിനേക്കാൾ വലുത് സ്നേഹിക്കുന്ന കുടുംബമാണെന്ന് ചിന്തിക്കുന്നവർക്കേ അതിന് കഴിയൂ.. തനിക്കറിയോ ഏറ്റവും ഇഷ്ടപ്പെട്ട ജോലി കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയവനാണ് സാം… നേവിയിൽ പോവണമെന്ന് എൻ്റെ ഓർമ്മവെച്ച കാലം മുതൽ അവൻ പറയുന്നത് കേട്ടിട്ടുണ്ട്.
ജോലി കിട്ടി രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് പപ്പക്ക്
ശ്വാസംമുട്ടൽ കൂടുതലായത്.. അവൻ ആരോടും ചോദിച്ചത് പോലുമില്ല തിരികെ പോന്നു.. അന്ന് മമ്മിയും രേഷ്മയും ഒക്കെ ഒരുപാട് പറഞ്ഞതാണ് പപ്പയെഅവര് നോക്കിക്കോളാമെന്ന്.. അവനത് കേട്ടതേയില്ല.. ” മറുപടിയായി കേശു പറഞ്ഞു..
സാമിനെക്കുറിച്ച് വാതോരാതെ ഇരുവരും പറഞ്ഞു കൊണ്ടാണ് നടന്നത്..

“നല്ല ക്യൂട്ട് ഫാമിലി.. എനിക്കൊരുപാട്
ഇഷ്ടപ്പെട്ടു…”
“സൈറാ…” ഒരുമിച്ച് നടക്കുന്നതിനിടയിൽ കേശു
വിളിച്ചു.. അവൾ അമ്പരപ്പോടെയാണ് അവനെ നോക്കിയത്.. വന്നിട്ട് ഇത്രദിവസത്തിനിടയിൽ
ആദ്യമായിട്ടാണ് ഇങ്ങനെയൊരു വിളി..

“താനെന്തിനാടോ എല്ലാവരും പറയുന്നത് പോലെ
തന്നെ നോക്കി വളർത്തിയവരെ ഉപേക്ഷിച്ച് പോയത്.. അവര് തന്നെ എത്ര സ്നേഹിച്ചതാ.. എന്നിട്ടും തനിക്കെങ്ങനെയതിന് കഴിഞ്ഞു?”
വളരെ നേർത്ത ശബ്ദത്തിൽ കേശു ചോദിക്കുമ്പോൾ സൈറയുടെ ചുണ്ടിൽ പുച്ഛമായിരുന്നു…
“ഞാനങ്ങനെ ചെയ്യുമെന്ന് ഇയാൾക്ക് തോന്നിയോ?” അവൾ മറുചോദ്യമയച്ചു..
തൻ്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ദൃഢതയോടെ ചോദിക്കുന്നവളോട് എന്തു പറയുമെന്ന് ഒരു നിമിഷം ആലോചിക്കേണ്ടി വന്നവന്..

“തോന്നിയിരുന്നു… പക്ഷേ.. ഇപ്പോഴങ്ങനെ തോന്നുന്നില്ല…”
“അതെന്താ.. ” അവൾ ചെറുചിരിയോടെ
കണ്ണുമിഴിച്ചു…
“താൻ പോയതിനെക്കുറിച്ചും എടുത്തു വളർത്തിയവരോട് കാണിച്ച നന്ദികേടാണതെന്നുമൊക്കെ തറവാട്ടിലും പുറത്തുമൊക്കെ ധാരാളം കേട്ടിരുന്നു..
വലുതായപ്പോഴും താൻ ഒരിക്കലും ഈ നാട്ടിലേക്ക് വന്നതേയില്ല… അപ്പൊ അതാവും സത്യമെന്ന് ഉറപ്പിച്ചിരുന്നു..
പക്ഷേ.. ” അവനൊന്നു നിർത്തി..

“പിന്നെന്താ ഒരു പക്ഷേ… ”
” ഞാൻ ഇത്ര ദിവസം കണ്ട സൈരന്ദ്രിക്ക് അങ്ങനെയാവാൻ കഴിയില്ലെന്നൊരു
തോന്നൽ..”
“അല്ലേലും ഈ കേട്ടറിവുകൾ എല്ലാം ശരിയാവണമെന്നില്ലാന്നേ.. ” തമാശമട്ടിൽ പറഞ്ഞവൾ…
വീണ്ടും എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ കേശുവിൻ്റെ ഫോൺ ശബദിച്ചിരുന്നു…
സതീഷാണ് വിളിച്ചത്… ദേവരാജനെ കാണാൻ പോവാൻ കേശുവിനെക്കൂടി വിളിച്ചതാണ്..
ശാലിനി ഉണ്ടാവുമെന്ന് ഓർത്തപ്പോൾ പോവാനൊരു മടി തോന്നിയെങ്കിലും മാമ്മ എന്ത് കരുതുമെന്ന ചിന്തയിൽ വരാമെന്ന് പറഞ്ഞു..

ഫോൺ ഓഫാക്കി പോക്കറ്റിലിട്ട് നോക്കുമ്പോൾ സൈറ കുറച്ചു മുന്നിലെത്തിയിരുന്നു…
കൈ വീശി ആസ്വദിച്ചാണ് നടപ്പെങ്കിലും തൻ്റെ ചോദ്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ് അവളുടെ തിടുക്കപ്പെട്ടുള്ള നടപ്പെന്ന് അവനും മനസ്സിലായിരുന്നു..

തുടരും…