18/04/2026

മാംഗല്യം : ഭാഗം 04

രചന – അയിഷ അക്ബർ

മോനെ വിവീ….. നീ മീര മോളേ കൂട്ടിയൊന്നു ടൗണിൽ പോയി വാ…. മുറ്റത്തു നിൽക്കുന്ന വിവിയുടെ അടുത്ത് വന്നു ജാനകിയത് പറയുമ്പോൾ വിവി അവരെ നോക്കി…. എന്തിനാ അവളെ കൂട്ടി ഞാൻ പോകുന്നത്…. എനിക്ക് കോളേജിൽ പോവണ്ടേ….. നീയിന്നും കോളേജിൽ പോകുന്നുണ്ടോ…. രണ്ട് ദിവസം കഴിഞ്ഞിട്ട് പോരെ… ജാനകി സംശയത്തോടെ അത് ചോദിക്കുമ്പോൾ വലിയ താല്പര്യമില്ലാത്ത മട്ടിലായിരുന്നു വിവി….. എന്താണിപ്പോ ടൗണിൽ പോവേണ്ട ആവശ്യം…. ചോദ്യം കേട്ടില്ലെന്ന മട്ടിൽ അവൻ തിരിച്ചു ചോദിച്ചു…. എടാ മോനേ…. നമ്മളെടുത്ത പോലത്തെ വസ്ത്രങ്ങളൊന്നും അവൾക്കിട്ട് ശീലം കാണില്ല….. നീയവളെ കൂട്ടി പോയി അവൾക്കിഷ്ടപ്പെട്ടത് വാങ്ങി കൊടുത്തിട്ട് വാ…. നമ്മളല്ലല്ലോ അവളല്ലേ ഇടുന്നത്….. ജാനകിയത് പറയുമ്പോൾ വിവി ഒന്നും മിണ്ടിയില്ല…..

നീ വേഗം റെഡി ആയിക്കോ….. നിനക്ക് ഇഷ്ടപ്പെട്ട എന്ത് ഡ്രസ്സാണെങ്കിൽ എടുത്തിട്ട് വരാം…… മുറിയിലിരിക്കുകയായിരുന്ന അവളോടവനത് പറയുമ്പോൾ അവളൊന്നു ചിരിച്ചു….. പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ വിവി അവളുടെ ചിരിയുടെ അർത്ഥമറിയാതെ സംശയത്തോടെ അവളെ നോക്കി……. ഒപ്പം കൊണ്ട് പോയി മനസ്സ് മാറ്റാമെന്ന് കരുതിയുള്ള ഈ ബുദ്ധി ഇയാളുടെയോ അതോ…. അവൾ പുച്ഛത്തോടെ ചിരിച്ചു….. അവന്റെ കണ്ണുകളിൽ അഗ്നിയാളി കത്തി…. അവന് സ്വയം നിയന്ത്രിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു അവളുടെ വാക്കുകൾ….. തനിക്ക് സ്വയം നഷ്ടപ്പെടുമെന്നു തോന്നിയപ്പോഴാണ് കൈകൾ ചുരുട്ടി പിടിച്ചു കൊണ്ടവനാ മുറി വീട്ടിറങ്ങിയത്…… അപ്പോഴും യാതൊരു കൂസലുമില്ലാതെ അവളതേ നിൽപ്പ് തുടർന്നു….

ആഹാ… ഇതാരൊക്കെയാ വന്നിരിക്കുന്നത്….. വരൂ മക്കളെ…. ദേവു….. ജാനകി യവളെ നീട്ടി വിളിച്ചു….. മീര ആരെന്നറിയാൻ ഒന്നെത്തി നോക്കി…. കുറച്ച് പെൺകുട്ടികളായിരുന്നു അത്…. ദേവുവിന്റെയും അവരുടെയും പെരുമാറ്റത്തിൽ നിന്നും അത് ദേവുവിന്റെ കൂട്ടുകാരികളായിരിക്കുമെന്നവളൂഹിച്ചു….. മീര മോളേ….. ഒന്നിങ്ങു വരൂ….. അൽപ സമയത്തെ അവരുടെ സംസാരത്തിനു ശേഷം ജാനകി അവളെ വിളിക്കുമ്പോൾ അവൾക്കൊരു നീരസം തോന്നിയെങ്കിലും അവളങ്ങോട്ട് ചെന്നു…. ഇതാണ് നിങ്ങടെ മാഷിന്റെ ഭാര്യ…… ജാനകി തന്നെ ചൂണ്ടി അവരോട് ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവരെല്ലാം മീരയെ നോക്കി…… മാഷോ….. അതവളിലൊരു സംശയമുണർത്തിയിരുന്നു….. ഇവര് വിവി പഠിപ്പിക്കുന്ന കുട്ടികളാണ് മോളേ…. ദേവുവിന്റെ കൂട്ടുകാരികളും…… ജാനകി അവർക്കവരെ പരിചയപ്പെടുത്തുമ്പോൾ അവളുടെ മനസ്സിൽ തങ്ങി നിന്നത് അവൻ പഠിപ്പിക്കുന്ന കുട്ടികളെന്ന് പറഞ്ഞതായിരുന്നു…..

ഇയാള് മാഷുമാണോ….. അത് തനിക്കൊരു പുതിയ അറിവായിരുന്നു…. വീട്ടിലുള്ളവർ പോലും അത് തന്നോട് പറഞ്ഞില്ലല്ലോ….. ഇനി പറഞ്ഞിട്ടുണ്ടെങ്കിലും ഒരുപക്ഷെ തന്റെ ശ്രദ്ധയിലത് പതിയാത്തതാവുമോ….. എന്തായാലും തനിക്കെന്താ…..അവളിൽ വീണ്ടും പരിഹാസം പൊടിഞ്ഞു… തോർത്തു മുണ്ട് കൊണ്ട് ശരീരം പൊതിഞ്ഞു വിവിയങ്ങോട്ട് കടന്നു വന്ന്…… കുളി കഴിഞ്ഞുള്ള ഈറൻ മുടിയിൽ നിന്നും തോർന്നിട്ടുണ്ടായിരുന്നില്ല… ഹാ…. നിങ്ങളോ….. ഇരിക്കു….. അമ്മേ ഇവർക്ക് കഴിക്കാനെന്തെങ്കിലും കൊടുത്തോ….. വിവി അവരെ നോക്കി ചെറു ചിരിയോടെ പറഞ്ഞതും കയ്യിൽ നാടൻ ചെറുപഴവുമായി ജാനകി അങ്ങോട്ട് വന്നിരുന്നു…. ഞങ്ങൾ മാഷിന്റെ പെണ്ണിനെ കാണാൻ വന്നതാ…. നല്ല സുന്ദരിയാണ് കേട്ടോ…. മീരയെ നോക്കി അതിലൊരു പെൺകുട്ടി വിവിയോട് പറഞ്ഞതും വിവിയുടെ മുഖം പെട്ടെന്ന് മാറിയിരുന്നു….. അവനൊന്നു ചിരിച്ചെന്ന് വരുത്തി അവിടെ നിന്നും മുറിയിലേക്ക് കയറിപ്പോയി…… മീരക്ക് എല്ലാം കേട്ട് ദേഷ്യം വരുന്നുണ്ടായിരുന്നു…. വിവിയുടെയും മീരയുടെയും പ്രവർത്തികളും ദേവുവിന്റെ ഉള്ളിൽ പല ചിന്തകളും കോറിയിടുന്നുണ്ടായിരുന്നു….

അവര് പോയി കഴിഞ്ഞാണ് ദേവു വിവിയുടെ മുറിയിലേക്ക് കയറി ചെല്ലുന്നത്…… കണ്ണാടിക്ക് മുമ്പിൽ നിന്ന് മുടി ചീകുന്ന വിവിയെ കണ്ടതും അവൾ മുറിയിലൂടൊന്ന് കണ്ണോടിച്ചു….. മീര അവിടെയില്ലെന്ന് കണ്ടതും അവൾ മുറിക്കകത്തേക്ക് കയറി….. അല്ല ഏട്ടാ….. നീയിന്നും കോളേജിൽ വരുന്നുണ്ടോ.. അവൻ മുഖമുയർത്തി അവളെ നോക്കി…. ഞാൻ വരുന്നത് കൊണ്ട് നിനക്കെന്തെങ്കിലും ബുദ്ധിമിട്ടുണ്ടോ…. അവനത് ചോദിക്കുമ്പോൾ അവൾ ചിരിച്ചു….. നീ വന്നാൽ എനിക്ക് മാത്രമല്ല അവിടെയുള്ളവർക്ക് മുഴുവൻ ബുദ്ധിമുട്ടാ….. അവൾ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അവൻ മുടി ചീക്കുന്നത് നിർത്തി അവളെ കടുപ്പിച്ചൊന്നു നോക്കി…… പിന്നീട് അവളുടെ ചെവിയിൽ പിടിച്ചു നല്ല നുള്ള് കൊടുത്തതും അവൾ വേദന കൊണ്ടവനെ തള്ളി മാറ്റി…. മുരടനായ നിനക്ക് പറ്റിയൊരു അഹങ്കാരിയെ തന്നെ കിട്ടി….. എനിക്ക് സന്തോഷമായി…. അവളത് പറഞ്ഞപ്പോൾ അവന്റെ മുഖം പെട്ടെന്ന് മാറി….. ഇനിയിപ്പോ പറഞ്ഞിട്ടൊന്നും കാര്യമില്ല…. ഇതാ രാധികേച്ചിയുടെ ശാപം തന്നെ…… സങ്കടം മുഖത് വരുത്തി ദേവു അത് പറഞ്ഞതും കയ്യിലുള്ള ചീർപ്പുമായി അവനവളെ എറിയാനോങ്ങി…..

അവളപ്പോഴേക്കും അവിടെ നിന്ന് ഓടി പ്പോയിരുന്നു….. എങ്കിലും അവളുടെ ആ വാക്കുകളിൽ നിന്നും രാധുവിന്റെ ഓർമ്മകൾ പതിയെ മനസ്സിനെ പൊതിഞ്ഞു….. പാട വരമ്പിലൂടെ കൈ പിടിച്ചു നടക്കുന്ന രാധുവും വിവിയും…… മഞ്ചാടി പെറുക്കിയും മാങ്ങ പെറുക്കിയും നടന്ന ആ പ്രായം മുതൽ അകൽച്ചയെന്നത് തങ്ങൾക്ക് ചിന്തിക്കാൻ കൂടി പറ്റാത്ത ഒന്നായിരുന്നു…… തന്റെ വീടിന്റെ മുറ്റത്ത് എപ്പോഴും അവളുണ്ടായിരുന്നു…. അവളുടെ പാദസരത്തിന്റെ കിലുക്കം തന്റെ വീടിന്റെ അകത്തളങ്ങൾക്കും അത്രയേറെ പരിചിതമായിരുന്നു…. രാധുവിന്റെ ഓർമകളിൽ മുങ്ങിനിൽക്കുന്ന അവന്റെ അടുത്ത് കൂടി മീര വന്നതവനറിഞ്ഞില്ല… ഏതോ ഓർമയിൽ ചെറു പുഞ്ചിരിയാൽ നിൽക്കുന്ന അവനെ മീര സംശയത്തോടെ നോക്കി… ഓർമകളിൽ നിന്നും പുറത്ത് വന്നപ്പോഴാണ് തന്നെ ഉറ്റു നോക്കി നിൽക്കുന്ന മീരയെ അവൻ കാണുന്നത്….. അവന്റെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് തന്നെ ഗൗരവത്തിന് വഴി മാറി…… അവളെയൊന്നു കടുപ്പിച്ചു നോക്കിയ ശേഷം അവൻ താഴേക്ക് നടന്നു….. 🔹

വിവീ…. നീ പോകുകയാണോ….. ഡ്രെസ്സെടുക്കാൻ പോകാൻ ഞാൻ നിന്നോട് പറഞ്ഞിരുന്നതാണല്ലോ…. ഭക്ഷണം കഴിച്ചു കൈ കഴുകാൻ തുടങ്ങിയ വിവിയോടത് പറയുമ്പോൾ മീരയും അവിടേക്ക് വരുന്നുണ്ടായിരുന്നു….. ഇവിടെയെയെന്തുണ്ടോ അതുടുത്താൽ മതി….ഇനി ഇവിടെയല്ലേ ജീവിക്കുന്നത് അപ്പൊ ഇവിടുത്തെ രീതിയിൽ ജീവിക്കട്ടെ…. അവൻ ജാനാകിയുടെ സാരി തലപ്പിൽ കൈ തുടക്കുന്നതോടൊപ്പം മീരയെ കൂടി നോക്കി കനപ്പിച്ചു കൊണ്ടാണത് പറഞ്ഞത്……. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ദേവു തലയുയർത്തിയൊന്ന് നോക്കി…… അതിനു വേറെ ആളെ നോക്കിയാൽ മതി…. ഇവിടെ എന്നെ തളച്ചിടാമെന്ന് ആരും കരുതണ്ട…… അവൾ ദേഷ്യത്തിൽ അത് പറഞ്ഞതും ജാനകിയുടെ നേർക്ക് നിന്ന വിവി അവളിലേക്ക് തിരിഞ്ഞു…. അവളുടെ കൈ തണ്ടയിൽ പിടിച്ചു….. എന്ത് സംഭവിക്കുന്നുവെന്ന് നോക്കി ജാനകിയും ദേവുവും നിൽക്കുകയായിരുന്നു…..

ഞാൻ വരുമ്പോൾ സാരിയുടുത് നിൽക്കുന്ന നിന്നെ വേണം കാണാൻ….കേട്ടല്ലോ…. അല്ലെങ്കിൽ പിന്നേ ഞാൻ വരുമ്പോൾ നിന്നെ ഈ വീട്ടിൽ കാണരുത്….. അവളുടെ കൈ മുറുക്കി പിടിച് ദേഷ്യത്തോടെ അവനത് പറയുമ്പോൾ അവൾക്ക് കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു….. അവൾ കൈ വേദന കൊണ്ട് നെറ്റി ചുളിക്കുന്നതോടൊപ്പം കൈ കുടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു…. എന്നാൽ അവന്റെ പിടി അവളെ കൊണ്ട് എതിർക്കാൻ പറ്റുന്നതായിരുന്നില്ല….. വിവീ….. നീയെന്തായീ കാണിക്കുന്നത്… ജാനകി ഓടി വന്നവന്റെ കൈകളെ പിടിച്ചു മാറ്റി…. ഭക്ഷണം വായിൽ നിന്നിറക്കുക പോലും ചെയ്യാതെ ദേവുവും ആ കാഴ്ച കണ്ട് നിൽക്കുകയായിരുന്നു….. മാധവൻ കണ്ട് വരുമോയെന്ന ഭയം ജാനകിയെ ചുറ്റും നോക്കാൻ പ്രേരിപ്പിച്ചു…. വിവി അവളെ തന്നെ തറപ്പിച്ചു നോക്കിയ ശേഷം അവിടെ നിന്നും ഇറങ്ങിപ്പോയി…… (തുടരും )