22/04/2026

ശ്രുതി : ഭാഗം 28

രചന – ഭദ്ര രുദ്ര

അതിരാവിലെ തന്നെ സ്വാതി വന്നു ഉണർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നത് . അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ഭയം കിതപ്പിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു .

” എന്താടി , എന്തുപറ്റി ? ”

” ശ്രുതി … അത് … അവിടെ … അവിടെ പോലീസുകാർ വന്നിട്ടുണ്ട് ”

” എന്തിന് ??? ”

” അതറിയില്ല , അച്ഛനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് . നീ ഒന്ന് പെട്ടെന്ന് താഴേക്ക് വാ ”

” ശരി , നീ ടെൻഷൻ അടിക്കേണ്ട , വാ നടക്ക് ”

ഞാനും സ്വാതിയും താഴേക്ക് ചെല്ലുമ്പോൾ വന്ന പോലീസുകാർ ചെറിയച്ഛനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . പെട്ടെന്ന് ആണ് അവരുടെ ശ്രദ്ധ എന്റെ മേൽ പതിച്ചത് . എസ്ഐ പുതിയ ആളാണെന്ന് തോന്നുന്നു . എസ്ഐ എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ ഒന്ന് അടിമുടി നോക്കി .

” നിന്റെ പേര് എന്താ ? ”

” ശ്രുതി ”

” ആ അപ്പൊ ശ്രുതി പറ , ഈ നിൽക്കുന്ന കൃഷ്ണദാസിന്റെ ചേട്ടൻ രാംദാസ് ഇന്നലെ മുതൽ മിസ്സിംഗ് ആണ് . അയാൾക്ക് ഇന്നലെ എന്താണ് സംഭവിച്ചത് ? ”

” വാട്ട് , വാട്ട് യു മീൻ ??? ”

” വാട്ട് ഐ സെ ദാറ്റ്‌ ഐ മീൻ ”

” സർ , അയാൾ എവിടെ പോകുന്നു വരുന്നു എന്നൊന്നും എനിക്കറിയില്ല . അയാൾ ഒന്നും എന്നോട് പറയാറില്ല , എനിക്കതൊന്നും അറിയേണ്ട ആവശ്യമില്ല . പിന്നെ എന്ത് ബന്ധത്തിന്റെ പേരിലാണ് സാർ ഇപ്പോൾ എന്നെ കൊസ്റ്റ്യൻ ചെയ്യുന്നത് ”

” ഇന്നലെ മുതൽ അയാൾ മിസ്സിംഗ് ആണ് . എവിടെപ്പോയെന്നോ എന്തുപറ്റി എന്നോ ആർക്കും തന്നെ അറിയില്ല . ”

” അതുകൊണ്ട് നിങ്ങൾക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാം എന്നാണോ ? ”

” അങ്ങനെയല്ല , അയാളുമായി നിങ്ങൾ അടുത്ത കാലത്ത് പ്രശ്നമുണ്ടായിരുന്നില്ലേ ? ഇത് ഇവിടത്തെ സ്റ്റേഷനിലെ പഴയ കോൺസ്റ്റബിൾ ആണ് എന്നോട് പറഞ്ഞത് . അതുകൊണ്ടാണ് നിങ്ങളോട് തന്നെ ചോദിക്കുന്നത് ”

“അയാൾക്ക് എന്തുപറ്റി എന്ന് ഞങ്ങൾക്കറിയില്ല സാർ ”

” സർ , സാർ ഇപ്പോൾ ഇവിടെ ചോദ്യം ചെയ്യാൻ കയറിവന്നു കൊണ്ട് ഈ പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുകയാണോ ? ”

പെട്ടെന്ന് ചെറിയച്ഛൻ പോലീസുകാരനോട് അങ്ങനെ ചോദിക്കുമെന്ന് ഞങ്ങൾ ആരും പ്രതീക്ഷിച്ചില്ല . ചെറിയച്ഛന്റെ ആ ചോദ്യം കേട്ടപ്പോൾ അയാളുടെ മുഖവും മങ്ങി .

” ഞാനെങ്ങനെ ഇവരുടെ ജീവിതം നശിപ്പിച്ചു എന്നാണ് താങ്കൾ പറയുന്നത് ? ”

തെല്ലൊരു അമർഷത്തോടെ പോലീസുകാരൻ ചെറിയച്ഛനോട് ചോദിച്ചു .

” കെട്ടുപ്രായം എത്തിയ പെൺകുട്ടികൾ ഉള്ള വീട്ടിൽ വന്ന് അവരെ ചോദ്യം ചെയ്യുന്നതിലൂടെ അവരുടെ ജീവിതം ഇല്ലാതാക്കാൻ അല്ലേ നോക്കുന്നത് , എന്റെ ജേഷ്ഠൻ രാമദാസും ആയി ഞാനാണ് വഴക്കിട്ടത് അല്ലാതെ അവരല്ല ”

” എങ്കിൽ താങ്കൾ പറയൂ , അയാൾക്ക് എന്താണ് സംഭവിച്ചത് ? സ്വത്തിന് പേരിലുള്ള വഴക്ക് ഒരു കൊലപാതകത്തിലേക്ക് നീങ്ങിയോ ? ”

” സാർ പ്ലീസ് , ചെറിയച്ഛൻ മനസാ വാചാ അറിയാത്ത കാര്യത്തെ കുറിച്ച് ആണ് സാർ ഇപ്പോൾ പറയുന്നത് . രാംദാസ് എന്ന മനുഷ്യൻ കള്ളക്കേസുണ്ടാക്കി ചെറിയച്ഛൻ സ്വത്ത് തട്ടിയെടുക്കാൻ നോക്കിയത് എല്ലാവർക്കും അറിയുന്ന കാര്യമാണ് . അയാൾക്ക് , ഇവിടെ മാത്രമല്ല അങ്ങ് പുറത്തും ധാരാളം ബിസിനസ് ഉണ്ട് . അവിടെയുള്ള ഏതെങ്കിലും ശത്രുക്കൾ ഉപദ്രവിച്ചാലും ആയിക്കൂടെ ”

” ലുക്ക് മിസ്സ് ശ്രുതി , ഇതൊരു മാൻ മിസ്സിംഗ് കേസ് ആണ് . അതുകൊണ്ടുതന്നെ ഇത് ഞങ്ങൾക്ക് അന്വേഷിച്ച് പറ്റൂ , നിങ്ങൾ ഞങ്ങളുമായി സഹകരിക്കണം ”

” തീർച്ചയായും സഹകരിക്കും . പക്ഷേ ഈ കേസുമായി ഞങ്ങൾക്കാർക്കും യാതൊരുവിധ ബന്ധവുമില്ല ”

” അത് ഞാൻ അന്വേഷണത്തിനൊടുവിൽ പറയാം ”

” ലുക്ക് മിസ്റ്റർ കൃഷ്ണദാസ് , ഈ കേസിനെ കാര്യത്തിൽ ഒരു തീരുമാനം ആകുന്നതുവരെ താങ്കൾ ഇന്ത്യയ്ക്ക് പുറത്തു പോകാൻ പാടില്ല . വല്ല ദൂരയാത്രയ്ക്ക് പോകുന്നുണ്ടെങ്കിൽ അത് പോലീസ് സ്റ്റേഷനിൽ വന്ന് പറഞ്ഞതിന് ശേഷമായിരിക്കണം ”

” ശരി സാർ , സർ , ഈ നിൽക്കുന്ന ശ്രുതി വിദേശത്തുനിന്നു വന്ന കുട്ടിയാണ് , അവൾക്ക് അവളുടെ നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റില്ലേ ? അതുമാത്രമല്ല അവൾ പാലക്കാട് മെഡിക്കൽ കോളേജിലാണ് പഠിക്കുന്നത് ”

ഇതൊക്കെ എന്തിനാണ് ഈ ചെറിയച്ഛൻ ഇപ്പോൾ ഇവിടെ എഴുന്നള്ളിക്കുന്നത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല .

” ശ്രുതി ഇതുവരെ പോലീസ് സംരക്ഷണത്തിൽ അല്ല , അതുകൊണ്ടുതന്നെ അവർക്ക് പോകുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല . ”

അയാൾ അങ്ങനെ പറഞ്ഞതും ചെറിയച്ഛന് വല്ലാത്ത സന്തോഷമായി .

” നന്ദി സാർ ”

” ഒരു പക്ഷേ ഞങ്ങൾ വീണ്ടും വരും . അന്വേഷണത്തിന്റെ ഭാഗമായി . ”

” ശരി സാർ , ഞങ്ങൾ ഇവിടെ തന്നെ കാണും ”

പോലീസ് വണ്ടി ദൂരേയ്ക്ക് വേഗതയിൽ പാഞ്ഞു അകലുന്നതും നോക്കി ഞങ്ങൾ നിന്നു . പോലീസുകാരുടെ വരവും പോക്കും എല്ലാം നോക്കി ഒരാൾ മറഞ്ഞു നിന്നു കൊണ്ടു ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു . ചെറിയച്ഛനും ചെറിയമ്മയും സ്വാതിയും അകത്തേക്ക് പോയപ്പോൾ ഞാൻ മറഞ്ഞു നിൽക്കുന്ന ആളുടെ പുറകിൽ പോയി അയാളുടെ തോളിൽ കൈവച്ചപ്പോൾ അയാൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി .

” ലാലു , നീയെന്താ ഈ പതുങ്ങിയിരിക്കുന്നത് ? ”

” അത് ….. ശ്രുതി …… പോലീസ് ”

” അതെ പോലീസ് , അതിനിപ്പോ എന്താ ? ”

” അവർ ഇവിടെ എന്തിനാ വന്നതെന്ന് നിനക്കറിയോ ? ”

” ഹ അറിയാലോ , എൻക്വയറി നടത്താൻ ”

” എന്ത്‌ എൻക്വയറി ??? ”

” വല്യച്ഛനെ കാണാൻ ഇല്ല എന്ന് പറഞ്ഞ് എൻക്വയറി ”

” ശ്രുതി നീ എല്ലാം ഇത്ര പെട്ടെന്ന് മറന്നോ ? ”

” എന്ത് മറന്നോ എന്നാണ് നീ ചോദിക്കുന്നത് ”

” എടീ , രാംദാസ് എന്ന വല്യച്ഛൻ മിസ്സിംഗ് ആണ് ”

” അതേലോ , അത് ഞാനും കേട്ടതാണ് . ഇപ്പൊ പോലീസുകാർ വന്നതും അതിനെ കുറിച്ച് അന്വേഷിക്കാൻ ആണ് . ”

” ഓ എന്റെ പൊന്നു ശ്രുതി , നീ ഇന്നലെ ഉണ്ടായ കാര്യങ്ങളൊക്കെ ഒന്ന് ആലോചിച്ചു നോക്കൂ , ഇന്നലെ രാംദാസ് വല്യച്ഛനെ അവസാനമായി കണ്ടത് നമ്മളാണ് . പിന്നെ അദ്ദേഹത്തെ ആരും കണ്ടിട്ടുമില്ല . ”

” വാട്ട്‌ ??? ”

” അതേ ശ്രുതി , വല്യച്ഛന് ഇന്നലെ കാട്ടിൽ വച്ച് എന്തോ സംഭവിച്ചിട്ടുണ്ട് , ഇന്നലെ നമ്മൾ കാട്ടിൽ കണ്ട രക്തം !!!!!!!!!!!!! ”

ലാലു അങ്ങനെ പറഞ്ഞപ്പോൾ എനിക്കും എന്തോ വല്ലാത്തൊരു ഭയം തോന്നി . ഇനി ലാലു പറഞ്ഞത് ശരിയായിരിക്കുമോ ? വല്യച്ഛന് വല്ല അപകടവും സംഭവിച്ചിട്ടുണ്ടവുമോ ?

” ശ്രുതി നീ എന്താ ആലോചിക്കുന്നത് ? ”

” അത് ഞാൻ ഇന്നലത്തെ കാര്യങ്ങളൊക്കെ ആലോചിച്ചതാണ് . നമ്മളെ ഉപദ്രവിക്കാനായി വന്ന വല്യച്ഛനെ പിന്നെ ആരും തന്നെ കണ്ടിട്ടില്ല . ലാലു നീ പറഞ്ഞത് വളരെ ശരിയാണ് വല്യച്ഛന് ഇന്നലെ ആ കാട്ടിൽ വെച്ച് എന്തോ അപായം സംഭവിച്ചിട്ടുണ്ട് ”

” എന്ത് സംഭവിച്ചു എന്നാണ് നീ പറയുന്നത് , ഇന്നലെ കാട്ടിൽ നമ്മളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലല്ലോ ? ”

” ഒരുപക്ഷേ കാട്ടിലെ വന്യമൃഗങ്ങൾ ആക്രമിച്ചതും ആകാം . പക്ഷെ അവിടെയൊന്നും വല്യച്ചനെ പൊടി പോലും നമ്മൾ കണ്ടില്ലല്ലോ . പിന്നെ ഇന്നലെ കാട്ടിൽ കണ്ട രക്തം , അത് ഇന്നലത്തെ മഴയിൽ തന്നെ ഒലിച്ചു പോയിട്ടുണ്ടാകും ”

” അത് എന്തെങ്കിലും ആയിക്കോട്ടെ , നമ്മൾ എന്തായാലും ഒന്നും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല . വെറുതെ ഒരോ പ്രശ്നങ്ങളിൽ പോയി ചാടാൻ നിൽക്കണ്ട . നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായല്ലോ ? ”

” മനസ്സിലായി ലാലു , ചെറിയച്ഛനെ ഒരുപാട് ഉപദ്രവിച്ചത് അല്ലേ അദ്ദേഹം , അതിന് ദൈവം കൊടുത്ത ശിക്ഷയായി കണ്ടാൽ മതി ”

” അതെ ”

അല്പനേരം ഞങ്ങളിരുവരും മൗനമായി നിന്നു . അപ്പോഴാണ് സ്വാതി എന്റെ ഫോണും പിടിച്ച് ഞങ്ങൾക്കരികിലേക്ക് .

” ശ്രുതി നിനക്കൊരു കോൾ ഉണ്ട് ”

” ആരാ ? ”

” നിന്റെ ഹരിമാമ ”

” ആ ഇങ്ങ് താ , ഹലോ ”

” അമ്മുട്ട്യേ ……. നീ എന്ത് ചെയ്യുവാ ? ”

” ഞാനിവിടെ ചുമ്മാ നിൽക്കുവാ , എന്താ ഹരി മാമേ പ്രത്യേകിച്ച് ? ”

” അതു വേറൊന്നുമില്ല , നിനക്ക് അവിടെ സുഖമല്ലേ ”

“ഹരിമാമേ കിടന്ന് ഉരുളാതെ കാര്യം പറ ”

” അത് മോളെ , നിന്റെ പപ്പാ ”

” പപ്പാ ……… ???????? ”

” നീ ലണ്ടനിൽ അല്ല പഠിക്കുന്നത് എന്ന് അദ്ദേഹം അറിഞ്ഞിരിക്കുന്നു . പപ്പ നിന്നെ തിരക്കി നാട്ടിലേക്ക് വന്നിട്ടുണ്ട് . ”

ഹരി മാമയുടെ ആ വാക്കുകൾ ഒരു തീച്ചൂള പോലെ എന്ത് ചെവിയിലൂടെ കടന്നുപോയി . പെട്ടന്നുണ്ടായ ഞെട്ടലിൽ എന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീണു . പപ്പ നാട്ടിൽ എത്തിയിരിക്കുന്നു . അതും എന്നെ തിരഞ്ഞ് . എന്നിട്ട് എന്തുകൊണ്ടാണ് എന്റെ മുന്നിൽ വരാത്തത് ? ഒരുപക്ഷേ പപ്പ മറഞ്ഞുനിന്ന് എന്നെ വീക്ഷിക്കുകയാണോ ? അങ്ങനെയാണെങ്കിൽ ഒരുപക്ഷേ രാംദാസിന്റെ മിസ്സിംഗ് പിന്നിലും …………… അതെ അത് പപ്പ തന്നെയാണ് . ഞാൻ കേട്ടതാണ് കാട്ടിൽ വെടിയൊച്ചയുടെ കാതടപ്പിക്കുന്ന ശബ്ദം . അതിനർത്ഥം , രാംദാസിനെ എന്റെ പാപ്പ കൊന്നു !

കാടു കയറുന്ന എന്റെ ചിന്തകളെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല . എന്റെ കാലുകൾക്ക് വല്ലാത്ത തളർച്ച അനുഭവപ്പെട്ടു . മുറ്റത്തെ മാവിൻ ചുവട്ടിലെ ചുറ്റുമതിലിൽ ഞാൻ തളർന്നിരുന്നു . ഒരുപക്ഷേ , പപ്പ നാട്ടിലെത്തിയതിന്റെ സൂചനയാവുമോ രാംദാസിന്റെ മിസ്സിംഗ് ………… പേടികൊണ്ട് എന്റെ ശരീരം മുഴുവൻ വിറക്കാൻ തുടങ്ങി . പുറത്ത് നല്ല ഇളം കാറ്റ് വീശുമ്പോഴും എന്റെ ദേഹം മുഴുവൻ വിയർത്തു ഒഴുകുന്നത് ഞാനറിഞ്ഞു .

കൈവിട്ടുപോകുന്ന മനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആയി ഞാൻ എന്റെ കണ്ണുകൾ ഇറുക്കിയടച്ചു . എന്നിട്ട് പതിയെ ശ്വാസം എടുക്കാൻ ശ്രമിച്ചു . അപ്പോഴാണ് , നിലത്തു കിടന്നിരുന്ന എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തത് . ഫോണിലെ ഡിസ്പ്ലേയിൽ കണ്ട പേരിലേക്ക് തന്നെ ഞാൻ നോക്കി നിന്നു ………………………..

( തുടരും )