11/05/2026

ഭാഗ്യജാതകം : ഭാഗം 48

രചന – അയിഷ അക്ബർ

നേരം കുറേയായിട്ടും ആദി എഴുന്നേൽക്കാത്തത് കണ്ടപ്പോഴാണ് ശിവ മുറിയിലേക്ക് ചെന്നത്…..

വിശാലമായ മുറിയിൽ കട്ടിലിൽ കിടന്നിരുന്നവൻ തറയിൽ വിരിച്ച പായയിൽ ചുരുണ്ടു കൂടി കിടക്കുന്നത് അവളിലൊരു വേദന തീർത്തു…..

ആദിയോടക്കാര്യം പറഞ്ഞതവളോർത്തെടുത്തു….

വലിയ മുറിയിലെ വലിയ കട്ടിലിൽ കിടക്കുന്നതിനേക്കാൾ ചെറിയ മുറിയിൽ നീയെന്നോടൊന്നു കൂടി ചേർന്ന് കിടക്കുന്നുണ്ടല്ലോ എന്ന അവന്റെ മറുപടി അവളിലൊരു ചിരിയുണർത്തി…..

ചുണ്ടിലെ ചിരി മായുന്നതിനു മുന്പേ അവൾ ആദിയെ ഒന്ന് തൊട്ടു നോക്കി…..

ഉണരുന്നില്ലെന്നു കണ്ടത് കൊണ്ടാണ് ഒന്ന് കൂടി കുലുക്കി നോക്കിയത്…..

എന്നാൽ അവൻ എഴുന്നേൽക്കുന്നതിനു പകരം ഒരു ഞെരങ്ങലോട് കൂടി ഒന്ന് കൂടി പായയിലേക്ക് ചുരുണ്ടു..

ശിവ അവന്റെ നെറ്റിയിൽ തൊട്ടു നോക്കി…..
ഒന്നാകെ ചുട്ടു പൊള്ളുകയായിരുന്നു…..

തെന്നി മാറിയ പുതപ്പിനെ അവനിലേക്ക് നേരെയിട്ടവൾ അടുക്കളയിലേക്ക് നടന്നു….
ചൂട് ചുക്ക് കാപ്പിയുമായി അവൾ മുറിയിലേക്ക് വരുമ്പോഴും അവനതേ കിടപ്പ് തന്നെയായിരുന്നു…..

ഗ്ലാസ്‌ അവനരികിലായി വെച്ചു അവനെ കുലുക്കി വിളിക്കുമ്പോൾ അവൻ പതിയേ കണ്ണുകൾ തുറന്നു….

ജനലിലൂടെ വരുന്ന വെളിച്ചത്തിലേക്ക് അവന്റെ കണ്ണുകൾ നീങ്ങിയതും അവൻ ഞെട്ടിയെഴുന്നേറ്റു….

അയ്യോ…. നേരം ഒത്തിരിയായോ….

അവൻ വെപ്രാളത്തോടെ അത് ചോദിക്കുമ്പോൾ ശിവ അവനെയൊന്നു ചൂഴ്ന്ന് നോക്കി…..

എന്തിനാ…..
അവൾ പുരികമുയർത്തി…

എനിക്ക് ജോലിക്ക് പോകണ്ടേ…..
അത് പറയുമ്പോഴേക്കും അവൻ ചുമച്ചിരുന്നു….

ഈ കോലത്തിലോ….
അവളുടെ മുഖം ഒന്ന് കൂടി മുറുകി….

അവന്റെ മുഖത്ത് എന്തോ നിരാശ പടർന്നു….

ഓരോ ദിവസത്തെയും കൂലി അവനെത്ര മാത്രം ആവശ്യമാണെന്ന് അവനറിയാമായിരുന്നു….

അവൾ ഗ്ലാസ്സവനു നേരെ നീട്ടി…..

അവൻ അത് വാങ്ങി കുടിച്ചു….

എരിവ് കൊണ്ടവന്റെ മുഖം ചുളിഞ്ഞെങ്കിലും കുടിച്ചു കഴിഞ്ഞപ്പോള വനിൽ വല്ലാത്തൊരു ആശ്വാസം തോന്നി…..

അവൻ പതിയേ ഉമ്മറത്തേക്ക് വന്നിരുന്നു….

ചെറു ചാറ്റൽ മഴ മുല്ല ചെടിയെ ചുംബിക്കുന്നത് നോക്കിയവനിരുന്നു…..

ചൂട് ദോശയും ചമ്മന്തിയും കഴിച്ചൊരു ഗുളിക കൂടി അവന് കൊടുത്ത ശേഷം അവളടുക്കളയിലെ ജോലികളിലേക്കവൾ തിരിഞ്ഞു…..

ഗുളിക ശരീരത്തിലേക്കെത്തിയത് കൊണ്ടാവാം പണിയൊന്നു കുറഞ്ഞത്….

നാളെ ജോലിക്ക് പോകാമെന്നാശ്വാസത്തിലിരിക്കുമ്പോഴാണ് രാത്രിയായപ്പോൾ വീണ്ടും അവന് പനിച്ചു തുടങ്ങിയത്…..

ശിവാ….. എന്നെയൊന്നു കെട്ടിപ്പിടിക്കാമോ….

നനച്ച തുണി നെറ്റിയിലിട്ടും ചൂട് കാപ്പി കുടിപ്പിച്ചും അവനരികിലായി അവലിരിക്കുമ്പോഴാണ് അവനത് ചോദിച്ചത്…..

അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി….

പുതപ്പ് കൊണ്ടാവൻ മൂടി പുതച്ചിരുന്നു…..
ക്ഷീണം കൊണ്ട് കണ്ണുകൾ കുഴിഞ്ഞു പോയിരുന്നു….

ചോദ്യത്തിൽ അങ്ങേയറ്റം ക്ഷീണം നിറഞ്ഞു നിന്നിരുന്നു…..

വെള്ളത്തിൽ മുക്കിയ തുണിയെ അവിടെ വെച്ചവളാ പുതപ്പിനുള്ളിലേക്ക് കിടന്നു…..

മറ്റൊന്നും ആലോചിക്കാതെ അവനെ ഒരു കുഞ്ഞിനെ പോലവൾ മാറോടു ചേർത്ത് പിടിച്ചു….

അവന്റെ ശരീരത്തിന്റെ ചൂട് അവളെ പൊള്ളിക്കുന്നുണ്ടായിരുന്നെങ്കിലും പുറത്ത് പെയ്യുന്ന മഴ തന്റെ തണുപ്പിനെ കാറ്റ് വഴി ജനലിലൂടെ അവരിലേക്ക് കടത്തി വിടുന്നുണ്ടായിരുന്നു….

ശക്തമായ മഴയുടെ സംഗീതം കേട്ടു കിടക്കുമ്പോൾ അവളവന്റെ മുടിയിൽ പതിയേ തലോടി…..

ഒരു കൊച്ചു കുഞ്ഞിനെ പോൽ അവനങ്ങേയറ്റം സമാധാനത്തോടെ കണ്ണുകളടച്ചു കിടന്നിരുന്നു….

അവൾ പതിയേ അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകളമർത്തി…..
അവൻ കണ്ണുകൾ പതിയേ തുറന്നു…..
അവൻ കണ്ണുകൾ തുറന്നതും അവന്റെ മിഴികളെ താങ്ങാൻ കഴിയാതെ അവളുടെ നീളൻ മിഴികൾ ചിമ്മി……

അവനിടത് കൈ കൊണ്ട് ഒന്ന് കൂടി അവളെ വരിഞ്ഞു മുറുക്കി…..

കുറച്ചു കഴിഞ്ഞു പനി വിട്ട് മാറി അവൻ വിയർത്തു തുടങ്ങിയപ്പോഴാണ് എഴുന്നേറ്റത്…..

തന്നെ ചേർത്ത് പിടിച്ചു കിടന്നുറങ്ങുന്നവളെ കാണ് കെ അവന്റെ ചുണ്ടിലൊരു പുഞ്ചിരിയൂറി….

മഴ പെയ്യുമ്പോൾ അടിച്ചു വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു…..

നിലാ വെളിച്ചത്തിൽ കൂമ്പിയടഞ്ഞ അവളുടെ മിഴികളും തുടുത്ത കവിളുകളും അവൻ കണ്ണിമ വെട്ടാതെ നോക്കി….

ചുവന്ന അവളുടെ അദരങ്ങളിൽ അവനറിയാതെ അവന്റെ ചുണ്ടുകൾ ചേർക്കുമ്പോൾ അവൾ ഞെട്ടിയെഴുന്നേറ്റു….

ഉറക്കം വിട്ട് മാറാത്ത ആ മിഴികളോട് പോലും അവനാവേശം തോന്നിത്തുടങ്ങിയിരുന്നു…

അവനവളെ തന്നോടൊന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ ആ നെഞ്ചിലെ ചൂടിലേക്കാമരാൻ അവളും ആഗ്രഹിച്ചിരുന്നു…..

തകർത്തു പെയ്യുന്ന മഴയിൽ അവരുടെ നിശ്വാസങ്ങൾ ഉയർന്നു കേട്ടിരുന്നു…..

അവരെ തഴുകി കടന്നു പോയ കാറ്റ് പോലും നാണത്താൽ മുഖം മറച്ചിരുന്നു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദി രാവിലെ എഴുന്നേൽക്കുമ്പോൾ ശിവ മുറിയിലില്ലായിരുന്നു….

അടുക്കളയിൽ പോയപ്പോഴും അവളെ കാണാനിട്ടാണ് അവൻ ഉമ്മറത്തേക്ക് പോയത്…..

ഉമ്മറത്തെ തിണ്ണയിലിരുന്നു മുല്ലപ്പൂ കൊരുക്കുന്ന അവളെ കണ്ടതും അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു…..

അവളുടെ അരികിലായി അവനിരിക്കുമ്പോൾ അവളോന്നു മുഖമുയർത്തിയെങ്കിലും അവന്റെ മുഖത്ത് നോക്കാനുള്ള പ്രയാസം കാരണം അവൾ വേഗം മിഴികളെ അവനിൽ നിന്നും പറിച്ചെടുത്തു…..

അവളുടെ കവിളുകളിൽ ചെഞ്ചായം പടരുന്നതും അധരങ്ങൾ വിറ കൊള്ളുന്നതും അവനൊരു പുഞ്ചിരിയോടെ നോക്കിയിരുന്നു…..

മുല്ലപ്പൂ കൊരുക്കുന്ന അവളുടെ കൈകൾ വിറച്ചിരുന്നത് അവനടുത്തിരിക്കുന്നത് കൊണ്ടായിരിക്കാം….

അവനവളുടെ കൈകളിൽ നിന്നും മുല്ലപ്പൂ മാല വാങ്ങി ബാക്കി വരുന്ന മുല്ലപ്പൂക്കൾ കൊരുത്തു തുടങ്ങി……

ശേഷം കുളിപ്പിന്നൽ കെട്ടി പരത്തിയിട്ട അവളുടെ നനഞ്ഞ മുടിയിഴകളിൽ ചൂടി കൊടുത്തു….

അവളുടെ ചുണ്ടുകളിൽ പരന്ന പുഞ്ചിരി അവനിതു വരെ കാണാത്ത അത്രയും മനോഹരമായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹അത് വരെ ഭേദമുണ്ടായിരുന്ന പനി ഉച്ച കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങിയത് രണ്ട് പേരിലും ഒരു ആശങ്ക നിറച്ചിരുന്നു….

പിറ്റേ ദിവസവും മാറാത്ത പനി വെച്ചു കൊണ്ട് ജോലിക്ക് പോകാൻ തുടങ്ങിയ ആദിയെ തടഞ്ഞത് ശിവയായിരുന്നു…

ജോലിക്ക് പോകാതിരിക്കുന്നതെങ്ങനെയാ……

ആദി അത് ചോദിക്കുമ്പോഴും വാക്കുകളിൽ ക്ഷീണം നിറഞ്ഞു നിന്നിരുന്നു….

ശിവക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി……

രണ്ട് ദിവസം പട്ടിണി കിടന്നെന്ന് വെച്ച് ചത്തൊന്നും പോവില്ല…

അവൾ മുഖം കൂർപ്പിച്ചത് പറഞ്ഞു കൊണ്ട് പോകുമ്പോഴും അവനെ ഓർത്തു ഹൃദയം നീറുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഞാൻ വിളിച്ചപ്പോഴൊന്നും നീ വയ്യായ്കയെ കുറിച് പറയാതിരുന്നതെന്താണ് ആദീ..

രഘു അങ്ങേയറ്റം സങ്കടത്തോടെയാണത് ചോദിച്ചത്…..

ഞാൻ…. ഞാനച്ഛനെ ബുദ്ധിമുട്ടിക്കേണ്ടായെന്നു കരുതി…..
ഇപ്പൊ ഭേദമായിട്ടുണ്ട്…..
ക്ഷീണം മാറാതെ ജോലിക്ക് പോവേണ്ടെന്ന് പറഞ്ഞു നിർത്തുന്നത് ഈ ശിവയാണ്….

ചായയുമായി രഘുവിനടുത്തേക്ക് വരുന്ന ശിവയെ നോക്കിയാണ് ആദിയത് പറഞ്ഞത്…..

അവൾ അവനെ നോക്കിയൊന്ന് മുഖം കൂർപ്പിച്ചു…..

അത് നന്നായി….. ജോലിക്ക് പോവാൻ എല്ലാവരും പറയുമെടാ മോനെ…. പോകേണ്ടായെന്ന് പറയുന്നവരെ കിട്ടാൻ ഭാഗ്യം വേണം….

ചായ കുടിച്ചു കൊണ്ട് രഘുവത് പറയുമ്പോൾ രണ്ട് പേരും പുഞ്ചിരിച്ചു…

ആശുപത്രിയൊക്കെയായി ഞാൻ തിരക്കിലായിരുന്നു അതാ ഞാൻ വരാതിരുന്നത്…..

വേണി മോളേ കുഞ്ഞു പോയെടാ…. വളർച്ചയില്ലായിരുന്നത്രെ….

പറയുമ്പോൾ രഘുവിന്റെ കണ്ണുകളിൽ ഒരു നീർതിളക്കം….

ആദിയും ശിവയും പരസ്പരം നോക്കി…..

രണ്ട് പേർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല…. അവിടെയാകെയൊരു മൗനം തളം കെട്ടി നിന്നു…

എല്ലാവരുടെയും കണ്ണുകളിലേ ദുഃഖം ആധിക്കൂഹിക്കാൻ കഴിഞ്ഞിരുന്നു….

കാത്തിരുന്നു കിട്ടിയ നിധി നഷ്ടമായതിന്റെ വേദന അവരെ അത്രത്തോളം തളർത്തിയിട്ടുണ്ടാകും….

അതീ പിന്നേ ജാനകിക്ക് മിണ്ടാട്ടമൊന്നുമില്ല…. അത്രയും ആഗ്രഹിച്ചു കാത്തിരുന്നതായിരുന്നല്ലോ…..

രഘുവത് പറയുമ്പോൾ ശിവയെ കൂട്ടി അവിടെ നിന്നിറങ്ങിയത് എത്ര നന്നായിയെന്ന് അവനോർത്തു….

ഇത്രയും കാലം കിട്ടാത്ത ഒരു ഭാഗ്യം തേടിയെത്തിയത് ശിവ കയറി വന്നതിനു ശേഷമാണെന്ന് ഓർക്കാത്തവർ ആ കുഞ്ഞിനെ നഷ്ടമായാൽ അത് ശിവ കാരണമാണെന്ന് ഉറപ്പിച്ചു പറയുമെന്ന് ആദികറിയാമായിരുന്നു……

ഇപ്പോൾ ഉണ്ടായ നഷ്ടം തന്നെ മാത്രം ബാധിക്കുന്നതായത് കൊണ്ട് കുഴപ്പമില്ല….
എന്നാൽ ഇങ്ങനെയൊരു കാര്യത്തിനും കൂടി അവളെ പറഞ്ഞാൽ അവൾ തകർന്നു പോകുമായിരുന്നില്ലേ……

അവനവളെ നോക്കി….

അവൾ നിർവികാരയായി നിന്നിരുന്നു…. ഒരുപക്ഷെ അവളുടെ മനസ്സിലും ഇതൊക്കെ തന്നെയായിരിക്കാമെന്നവനൂഹിച്ചു…..

(തുടരും )