രചന – നന്ദിത ദാസ്
“മോളെ…. നീ റെഡി ആയില്ലേ…. ദാ എബി വന്നു….
മോൻ അകത്തോട്ടു കയറുന്നില്ലേ…. ”
“ഇല്ല പപ്പ… തിരിച്ചു വരുമ്പോൾ കയറാം… അവള് റെഡി ആയില്ലേ… ”
“ആഹ് ഞാൻ റെഡി…. എന്നാൽ പോയാലോ…
പോയിട്ട് വരാം പപ്പേ ”
“മ്മ് സൂക്ഷിച്ചു പോകണേ മക്കളേ…. ”
“ശരി പപ്പാ…. ”
“നീ ഇത് കല്യാണം വിളിക്കാൻ തന്നെ അല്ലേ പോകുന്നത്? അല്ലാതെ കല്യാണത്തിന് ഒന്നും അല്ലല്ലോ…”
“ചോദ്യത്തിന്റെ പൊരുൾ മനസ്സിലായി…. ഇത്രയും ഒരുങ്ങി ഇറങ്ങണ്ടാരുന്നു അല്ലേ…. ”
“പിന്നേ… ഞാൻ വെറുതെ പറഞ്ഞതാ… കലക്കിയിട്ടുണ്ട് കേട്ടോ… പൊളിച്ചു…. വാ കയറു പോയേക്കാം… ”
“മ്മ്… ”
“പേടിയുണ്ടേൽ എന്നെ കെട്ടി പിടിച്ചു ഇരുന്നോ കേട്ടോ… ”
“അയ്യടാ…. ഇതിനും മുൻപും ഞാൻ എബിടെ ബൈക്കിൽ കയറിയിട്ടുള്ളതല്ലേ… ചുമ്മാ നമ്പർ ഇറക്കണ്ട… മര്യാദക്ക് നേരെ നോക്കി വണ്ടി ഓടിക്കു… ”
“ഹും… വഴിയൊക്കെ അറിയാല്ലോ അല്ലേ… ”
“മ്മ് അറിയാം… ഞാൻ മുൻപ് പോയിട്ടുള്ളതല്ലേ… ”
നവീന്റെ വീടിനു മുന്നിൽ എത്തിയപ്പോൾ മനസ്സ് നിറയെ വല്ലാത്ത ഒരു അങ്കലാപ്പ് ആയിരുന്നു….
അകത്തോട്ടു കയറാൻ ഞാൻ മടിച്ചു മടിച്ചു നിന്നു…
എബി കാളിംഗ് ബെൽ അമർത്തി… എന്റെ കൈയിൽ പിടിച്ചു അകത്തോട്ടു കയറാൻ തുടങ്ങിയപ്പോൾ അകത്തുനിന്നും ഭയങ്കര വഴക്കും ബഹളവും….
“ഏതു നേരത്താണോ നിന്നെ എന്റെ മകന്റെ ഭാര്യാ ആയിട്ട് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്… ഇങ്ങനെ ഉണ്ടോ പെൺപിള്ളേര്… 24 മണിക്കൂറും ഫോണും കുത്തി ഇരുന്നോളും… കമന്നു കിടക്കുന്ന ഒരു പ്ലാവില പോലും ഒന്ന് മറിച്ചിടാൻ അവൾക്കു പറ്റില്ല… കൈയിൽ ഇച്ചീച്ചി ആകും പോലും… ”
നവീന്റെ അമ്മയുടെ ശബ്ദം ആണ്…
“ചോദിച്ച സ്ത്രീധനവും തന്നു എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് നിങ്ങൾക്ക് അടുക്കളപ്പണി ചെയ്തു ജീവിതകാലം മുഴുവൻ ജീവിക്കാമെന്ന കരാറിൽ ഒന്നും അല്ലല്ലോ…. ”
“നിർത്തുന്നുണ്ടോ രണ്ടാളും മനുഷ്യന് ഒരു ദിവസം പോലും മനസമാധാനം തരില്ലെന്ന് വെച്ചാൽ എന്താ ചെയ്യുക… ഇങ്ങനെ പോയാൽ ഞാൻ എവിടെങ്കിലും ഇറങ്ങി പോകും പറഞ്ഞേക്കാം… ”
അതും പറഞ്ഞു നവീൻ നോക്കുന്നത് ഞങ്ങളുടെ മുഖത്തേക്കാണ്…. ആളാകെ ചമ്മി വിളറി വെളുത്തുന്നു പറഞ്ഞാൽ മതിയല്ലോ… അമ്മയുടെ അവസ്ഥയും അത് തന്നെ…
പ്രതീക്ഷിക്കാത്ത അതിഥികളെ കണ്ട് എല്ലാ മുഖങ്ങളിലും അമ്പരപ്പ്…
“വരൂ… അകത്തോട്ടു ഇരിക്കാം… ”
നവീൻ ഞങ്ങളെ അകത്തോട്ടു കൂട്ടിക്കൊണ്ടു പോയി…
കുറ്റബോധത്തിന്റെയും നഷ്ടബോധത്തിന്റെയും പേരിൽ അവന്റെ തല താഴ്ന്നു തന്നെ ഇരുന്നു….
എല്ലാരുടെയും മൗനത്തെ ഭേദിച്ചു കൊണ്ടു എബി സംസാരിച്ചു തുടങ്ങി….
“ഞങ്ങളുടെ വിവാഹം ക്ഷണിക്കാൻ വന്നതാണ്…. എല്ലാവരും വരണം… ”
വിവാഹ ക്ഷണക്കത്ത് നവീന് നേരെ നീട്ടി എബി പറഞ്ഞു…
വിറക്കുന്ന കൈകളോടെ നവീൻ ആ ലെറ്റർ വാങ്ങി…
“വരാം… ഉറപ്പായും വരാം… ”
ഞാൻ പതിയെ എഴുന്നേറ്റു നവീന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു…
“അമ്മയും വരണം…. ”
“മോളെ…. ഞാൻ… ഞാൻ.. തെറ്റാണ് നിന്നോട് ചെയ്തത്… മാപ്പ് പറയാൻ പോലും എനിക്ക് അർഹത ഇല്ല… ”
“ഹേയ്… അതൊക്കെ പഴയ കഥകൾ അല്ലേ… അമ്മ അതൊന്നും ഓർക്കേണ്ട… ഞാൻ ഇപ്പോൾ ഹാപ്പിയാണ്… എല്ലാരും നല്ല മനസ്സോടെ വന്നു ഞങ്ങളെ അനുഗ്രഹിക്കണം…..
ആ കുട്ടി എവിടെ? നവീന്റെ വൈഫ്? ”
“ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു… നിങ്ങളെ കണ്ടപ്പോൾ അകത്തോട്ടു പോകുന്നത് കണ്ട്… ഒരു വർക്കത്തു കെട്ട ജന്മം ആണ് അവളുടേത്… മോളോട് ചെയ്തതിനു ഈശ്വരൻ അറിഞ്ഞു തന്ന ശിക്ഷ… ”
“അങ്ങനെ ഒന്നും പറയണ്ട അമ്മേ… കൊച്ചു കുട്ടിയല്ലേ… സ്നേഹത്തോടെ സംസാരിച്ചാൽ മാറ്റി എടുക്കാം… അമ്മ അവളെ ഒന്ന് വിളിക്കുവോ… എനിക്കൊന്ന് സംസാരിക്കണം… ”
“അതിനെന്താ മോളെ… ഞാൻ വിളിച്ചോണ്ട് വരാം… ”
ഞാൻ തിരികെ എബിയുടെ അടുത്ത് ചെന്നിരുന്നു…
“തന്നോട് എനിക്ക് ഒരുപാട് നന്ദി ഉണ്ട് നവീൻ… എനിക്ക് ഇവളെ കിട്ടാൻ കാരണം നീ തന്നെയാ… ഇപ്പോൾ നിന്നോട് എനിക്ക് സ്നേഹം മാത്രേ ഉള്ളു… ”
“എനിക്കും അതാണ് നവീൻ പറയാനുള്ളത്… എബിയെ പോലെ ഒരാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ കാരണം നീ ആണ്… മനസ്സ് നിറഞ്ഞു പറയുവാ ഒരുപാട് നന്ദി… എന്നെ ജീവിക്കാൻ പഠിപ്പിച്ചതിനു… ഈ സ്നേഹം അനുഭവിക്കാൻ ഇടയാക്കി തന്നതിന്… എല്ലാത്തിനും… താൻ വരണം എന്റെ വിവാഹത്തിന്… നിറഞ്ഞ മനസ്സോടെ തന്നെ വരണം… ”
“വരും… ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ…
എബി… യു ആർ ദി ലക്കിയസ്റ്റ് മാൻ ഇൻ ദി വേൾഡ്…. ”
“താങ്ക്സ്…. ”
എബി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒന്ന് കണ്ണിറുക്കി….
കുറേ നേരം ആയിട്ടും നവീന്റെ ഭാര്യ വന്നില്ല… ഒടുവിൽ നവീൻ തന്നെ പോയി കൂട്ടിക്കൊണ്ടു വന്നു..
ഞാനും എബിയും ഒരേപോലെ അവളെ നോക്കി… തലകുനിച്ചു നിൽക്കുകയാണ് അവൾ… ഇടക്കിടെ അവൾ എബിയുടെ മുഖത്തേക്ക് നോക്കുന്നത് പോലെ…
ഞാൻ പതിയെ തല ചരിച്ചു പുള്ളിക്കാരനെ ഒന്ന് നോക്കി…
അടിപൊളി… ആളുടെ മുഖത്ത് എന്താ ഒരു വോൾടേജ്….
“ഓഹ്ഹ് ഇതാണോ നവീന്റെ വൈഫ്….
”
ഈ എബിക്കിത് എന്തുപറ്റി… ഞാൻ സംശയ ഭാവത്തിൽ ആളിനെ ഒന്ന് നോക്കി… പുള്ളിയാണെങ്കിൽ നെഞ്ച് വിരിച്ചു ഒന്നൂടി നിവർന്നിരുന്നു
“എബിക്ക് അറിയുമോ ഇവളെ? ”
നവീൻ ആണ്…
“പിന്നെ… എന്ത് ചോദ്യമാ… രമ്യ അല്ലേ… ഇവളെ എനിക്ക് നന്നായി അറിയാം… അവൾക്കും അറിയാം… ഇല്ലേ രമ്യ… ”
ഓഹോ അപ്പോൾ ഇവളാരുന്നോ അത്… ചുമ്മാതല്ല എബി ഒന്നൂടി ഒന്ന് ഞെളിഞ്ഞത്… എന്തായാലും വൈദ്യൻകല്പിച്ചതും രോഗി ഇച്ഛിച്ചതും ഒരേ പോലെ ആയെന്ന് പറഞ്ഞാൽ മതിയല്ലോ…
“നിങ്ങൾ എങ്ങനെ അറിയാം? ”
“ഞങ്ങൾ ഒരേ നാട്ടുകാരും കൂട്ടുകാരും എല്ലാം ആയിരുന്നു… എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് നീ തന്നെ പറഞ്ഞു കൊടുക്ക് രമ്യാ… ”
“എനിക്ക്… എനിക്ക് എബി ചേട്ടനെ അറിയാം ഏട്ടാ… ”
“നവീൻ നന്നായി സഹിക്കുന്നുണ്ട് ഇവളെ അല്ലേ… വിവരം ഇല്ലാത്ത പെണ്ണാ… മറ്റുള്ളവരുടെ മനസ്സ് കാണാൻ ഒന്നും അവൾക്കു പറ്റില്ല… ഇടക്ക് നല്ല പൊട്ടീര് കൊടുത്താൽ മതി ശരി ആയിക്കോളും… ”
എബി അത് പറഞ്ഞപ്പോൾ ഞാൻ എബിയെ തറപ്പിച്ചൊന്നു നോക്കി… ആള് പിന്നെ ഒന്നും മിണ്ടിയില്ല…
“എന്നാൽ ഞങ്ങൾ ഇറങ്ങുവാ… എന്തായാലും എല്ലാരും കല്യാണത്തിന് അങ്ങ് എത്തിയേക്കണം കേട്ടോ… ”
അവരുടെ മുന്നിൽ കൂടി എന്റെ കൈയും പിടിച്ചു അഭിമാനത്തോടെ ആ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ എബിയുടെ കണ്ണിൽ വല്ലാത്തൊരു ആത്മ വിശ്വാസം ആയിരുന്നു…
“അതേ… എന്താരുന്നു ഡയലോഗ്… എന്നാലും എന്റെ എബി ആ രമ്യ ആണ് ഈ രമ്യ എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല… ”
“ന്റെ പൊന്നുമോളെ… ഇങ്ങനെ ഒരു ചൊല്ലുണ്ട്… പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ഗോഡ് ചതിക്കുമെന്നു…. ആ ചൊല്ല് അർത്ഥവത്തായത് ഇവരുടെ കാര്യത്തിലാ…. ഹോ ഞാൻ എങ്ങനെയാടി ഈ സന്തോഷം ഒന്ന് ആഘോഷിക്കുന്നത്? ”
“മതി… അടങ്ങു എബി… അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ… നമുക്ക് ഇനി നമ്മുടെ ലോകം മാത്രം മതി… ”
“മ്മ് മതി മതി…. ഐ ആം വെരി വെരി ഹാപ്പി മോളു… ”
വീട്ടിലേക്കുള്ള യാത്രയിലും നവീനും രമ്യക്കും പറ്റിയ അമളി പറഞ്ഞു എബി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു….
ദിവസങ്ങൾ വളരെ വേഗം കടന്നു പോയി…
ഇന്ന് ആണ് ആ ദിവസം….
എബിയുടെയും ദിൽനയുടെയും വിവാഹം….
സന്തോഷങ്ങൾക്ക് അതിരുകളില്ല എന്ന് പറയുന്നതുപോലെ എല്ലാവരും വളരെ വളരെ സന്തോഷത്തിലായിരുന്നു….
തിരുഹൃദയ ദേവാലയത്തിലേക്ക് ഒരു മാലാഖയെ പോലെ നമ്മുടെ മണവാട്ടി പപ്പയുടെ കൈയും പിടിച്ചു കയറി…
മനോഹരമായ നൂലിഴകളാൽ നെയ്തെടുത്ത വെളുത്ത ഗൗൺ ആയിരുന്നു അവളുടെ വേഷം…
ദേവാലയത്തിനുള്ളിൽ എബിയുടെ ഇടത് സൈഡിലായി അവൾക്കുള്ള സ്ഥാനം ക്രമീകരിച്ചിരുന്നു…
പട്ടക്കാരന്റെ നേതൃത്വത്തിൽ വിവാഹ ശുശ്രുഷകൾ ആരംഭിച്ചു… മനോഹരമായ ഗാനങ്ങളുമായി കൊയർ ടീമും ആ മുഹൂർത്തം കൂടുതൽ ധന്യമാക്കി….
എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും എബി ദിൽനയുടെ കഴുത്തിൽ മിന്നു ചാർത്തി… മന്ത്രകോടി കൊടുത്തു അവളെ അവന്റെ സ്വന്തമാക്കി….
ചടങ്ങുകൾ എല്ലാം ഗംഭീരമായി തന്നെ നടന്നു…. ജയ്‌പൂർ നിന്നും
‘ദിൽന’യും ഫാമിലിയും എത്തിയിട്ടുണ്ടായിരുന്നു…. പപ്പക്കുള്ള എബിയുടെ സർപ്രൈസ് ഗിഫ്റ്റ് ആയിരുന്നു അത്….
ജിതിനും ഡെല്ലയും നവീനും അവരുടെ കുടുംബമെല്ലാം വധു വരന്മാർക്ക് ആശംസകൾ അർപ്പിച്ചു… നവീന്റെയും രമ്യയുടേം കണ്ണുകളിൽ നഷ്ടബോധത്തിന്റെ ഓർമകൾ ഈറനണിയിച്ചു….
അങ്ങനെ എബിയുടെ പെണ്ണായി അവൾ ആ വീട്ടിൽ ആദ്യമായി വലതുകാൽ വെച്ച് കയറി…
കെട്ടു കഴിഞ്ഞു എന്റെ പെണ്ണിനെ നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും പറ്റിയില്ല… ഏതു നേരവും വാലുപോലെ കുരുട്ടടക്ക ചിന്നൂട്ടി കാണും കൂടെ…
ഫോട്ടോഷൂട്ടും തിരക്കും ബഹളവുമൊക്കെ കഴിഞ്ഞു ശരിക്കും നടു ഒന്ന് നിവർത്തുന്നത് ഇപ്പോളാണ്…
“എന്താ ചേട്ടായി വാ പൊളിച്ചു നിൽക്കുന്നത്… മ്മ് മ്മ് ചേച്ചിയെ നോക്കി നടക്കുവാണോ… ”
“ഒന്ന് പെട്ടെന്ന് വിളിച്ചോണ്ട് വാ എന്റെ ചിന്നൂട്ടി… അവളോട് നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ല… ”
“മോൻ എന്തായാലും കുറച്ചു വെയിറ്റ് ചെയ്യു കേട്ടോ… കുറേ പെണ്ണുങ്ങളൊക്കെ ചേച്ചിയുടെ ചുറ്റും കൂടിയിട്ടുണ്ട്… അവരൊക്കെ പോകാതെ ഇങ്ങോട്ട് വരാൻ പറ്റുല്ലല്ലോ… ”
“ഒന്ന് ഹെൽപ് ചെയ്യടി… പാവം… ശരിക്കും ബോർ അടിക്കുന്നുണ്ടാകും ”
“ചേട്ടായിക്കല്ലേ ബോറടി… ചേച്ചി നല്ല ഹാപ്പിയാ… മ്മ് ഞാൻ ഒന്ന് നോക്കട്ടെ… ”
ഞാൻ തിരികെ റൂമിലേക്ക് കയറി… ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ പോലും അവളൊന്നു നോക്കിയതുപോലും ഇല്ല…
പപ്പയെയും അമ്മയെയും പിരിഞ്ഞു വന്നതിന്റെ സങ്കടവും ആ മുഖത്തുണ്ട്… ഒരു നിമിഷമെങ്കിലും അവളെ ഒറ്റക്ക് അടുത്തൊന്നു കിട്ടിയിരുന്നെങ്കിൽ ആശ്വസിപ്പിക്കാമായിരുന്നു…
“ചേച്ചി… ചേട്ടായി വിളിക്കുന്നുണ്ട്… അങ്ങോട്ട് ചെല്ലാൻ പറഞ്ഞു… ”
“ദാ വരുന്നു മോളെ… ”
ഹോ ചിന്നൂട്ടി വന്നു വിളിച്ചില്ലാരുന്നെങ്കിൽ ആകെ പെട്ടു പോയേനെ… എല്ലാർക്കും എന്തൊക്കെ അറിയണം… ശരിക്കും പപ്പയെയും അമ്മയെയും മിസ് ചെയ്യുന്നുണ്ട്… തിരക്ക് കാരണം എബിയോട് ഒന്ന് സംസാരിക്കാൻ പോലും പറ്റിയില്ല…
“താങ്ക്സ് ചിന്നൂട്ടി… അവിടുന്ന് എന്നെ രക്ഷപെടുത്തിയതിന്… സത്യത്തിൽ എബി എന്നെ വിളിച്ചോ…? ”
“മ്മ്… ചേച്ചി 10 മണി ആകാൻ ഒന്നും നിൽക്കണ്ട… ചേട്ടായി ആകെ വിമ്മിട്ടപ്പെട്ടു നിൽക്കുവാ പെട്ടെന്ന് പോയിക്കോ… ”
“നീ കൂടി വാ മോളെ… എനിക്ക് ഒറ്റക്ക് പോകാൻ ഒരു ചമ്മൽ… ”
“ബെസ്റ്റ്… എന്നെ കണ്ടാൽ ചേട്ടായി ഓടിക്കും… ചേച്ചി പൊയ്ക്കോ… അപ്പോൾ ഗുഡ് നൈറ്റ്… ”
“മ്മ് ഗുഡ് നൈറ്റ്… ”
റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളേക്കും വല്ലാത്തൊരു പരിഭ്രമം… അകത്തോട്ടു കയറിയപ്പോൾ എബി എന്നെയും പ്രതീക്ഷിച്ചു നിൽക്കുവായിരുന്നു എന്ന് മനസിലായി…
” ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് താൻ മറന്നു പോയോ ഭാര്യേ…. ”
“അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ എബി… ഓരോരുത്തർ വന്നു പരിചയപ്പെട്ടൊണ്ട് ഇരിക്കുവല്ലായിരുന്നോ… ചിന്നൂട്ടി വന്നോണ്ടാണ് ഇപ്പോൾ എങ്കിലും ഒന്ന് ഊരി പോരാൻ പറ്റിയത്… ”
“മ്മ്… ആദ്യം പപ്പയെ വിളിച്ചൊന്നു സംസാരിക്കു… തന്റെ മൂഡ് ഓഫ് ഒന്ന് മാറട്ടെ… അല്ലെങ്കിൽ ഇന്ന് ഒന്നും നടക്കില്ല…. ”
എബി തന്നെ പപ്പയെ വിളിച്ചു സംസാരിച്ചു… ഫോൺ എനിക്ക് തന്നു… പപ്പയുടെയും അമ്മയുടെയും സൗണ്ട് കേട്ടപ്പോളാ ശ്വാസം ഒന്ന് നേരെ വീണത്…
“താൻ വിഷമിക്കണ്ടടോ നമുക്ക് നാളെ തന്നെ വീട്ടിൽ പോയി അവരെ കാണാം… ”
“അയ്യോ… നാലിന്റെ അന്ന് അല്ലേ പോകുള്ളൂ…. ”
“ഓഹ് അതൊക്കെ ചുമ്മാ ഒരു ചടങ്ങ് അല്ലെ… നമുക്ക് അവിടെ വരെ ഒന്ന് പോയേച്ചു ഇങ്ങു പോരാം… ആരോടും പറയണ്ട കേട്ടോ… ”
“താങ്ക്സ് എബി… ”
“അതുകൊള്ളാം… ഈ താങ്ക്സ് മാത്രേ ഉള്ളോ… ”
എബി എന്റെ അരികിലേക്ക് ചേർന്നു നിന്നു… ഞാൻ അല്പം പുറകിലേക്ക് നീങ്ങി… എബി വീണ്ടും അടുത്തോട്ടു വന്നു… എന്റെ ശ്വാസമിടുപ്പു ദ്രുത ഗതിയിലായി…
“മ്മ് എന്താ… പേടിയുണ്ടോ…? ”
“ഇല്ല… ”
“പിന്നെ എന്താ നീ പുറകോട്ടു മാറുന്നത്… ”
“അത്… അത് പിന്നെ.. ഞാൻ ”
അവള് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു…
ആ മുഖം എന്റെ കൈകളിൽ കോരി എടുത്തു…
അന്നാദ്യമായി അവളുടെ നീലക്കല്ലു മുക്കൂത്തിയിൽ ഞാൻ അമർത്തി ചുംബിച്ചു… നാണത്താൽ അവളുടെ മുഖമാകെ ചുവന്നു തുടുത്തു…
“നമുക്ക് അധികം ടൈം ഇല്ല മോളെ… ”
“എന്തിനു? ”
“നവീന്റെ അമ്മക്ക് എത്രയും പെട്ടെന്ന് മറുപടി കൊടുക്കണ്ടേ… നമ്മുടെ പത്തു പന്ത്രണ്ടു കുഞ്ഞുങ്ങൾ ഈ മുറ്റത്തു ഓടി ചാടി നടക്കുന്നത് അവർ കാണണ്ടേ… നിനക്കു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നു അവരെ ഒന്ന് ബോധ്യപ്പെടുത്തണ്ടേ… ”
“പന്ത്രണ്ടോ…. എനിക്കൊന്നും വയ്യ… ”
“പിന്നെ…. ”
“എനിക്ക് എബിയെ പോലെ ഒരു മോൻ മതി… ”
“ആഹാ… എനിക്ക് നിന്നെ പോലെ ഒരു സുന്ദരി മോളു മതി… നിന്നെ കണ്ട് വളരണം അവൾ… നിന്നെപ്പോലെ ബോൾഡ് ആകണം… ആരുടേയും മുന്നിൽ തല കുനിക്കാതെ നിവർന്നു തന്നെ നിൽക്കണം അവൾ ”
“എബി… .. ഒരിക്കലും എന്നെ വിട്ട് പോകല്ലേ… പിണങ്ങിയാലും പെട്ടെന്ന് വന്നു കൂടണെ… ”
“ന്റെ പെണ്ണേ… ഇണക്കങ്ങളും പിണക്കങ്ങളും എല്ലാമായി ലൈഫ് നമുക്ക് ജോർ ആക്കണ്ടേ…. ചിലർ നമ്മുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോകുന്നത് അതിലും പ്രിയപ്പെട്ട ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ വേണ്ടി ആണെന്ന് ഉറച്ചു വിശ്വസിക്കുന്നവനാ ഞാൻ… എന്റെ പ്രാണനായി അവസാന ശ്വാസം വരെ നീ എന്റെ കൂടെ വേണം… ”
ഞാൻ ഒന്നുകൂടി അവളെ എന്നിലേക്ക് വലിച്ചു എന്റെ മാറോടണക്കി….
***************************************
കുറച്ചു വർഷങ്ങൾക്ക് ശേഷം….
“ന്റെ എബി… ഇങ്ങനെ ഫോണിൽ കഥയും എഴുതി ഇരുന്നാൽ മതിയോ… ഈ പിള്ളേരെ ഒന്ന് പിടിക്ക്… എനിക്ക് കുറേ ജോലി ഉണ്ട്… ”
“കുറച്ചൂടെ ഉള്ളു മോളെ… നമ്മുടെ കഥ വായിക്കാൻ വെയിറ്റ് ചെയ്തു നിൽക്കുന്നവരെ നിരാശരാക്കാൻ പാടുണ്ടോ… ”
“അതൊക്കെ ശരിയാ… പക്ഷേ പുതിയ ആൾക്കാരെ കാണുമ്പോൾ ഇവരെല്ലാം നമ്മളെ മറക്കും… ”
“ഹേയ് അങ്ങനെ ഇവരാരും നമ്മളെ മറക്കില്ലടോ….
നിങ്ങൾ തന്നെ പറയൂ… മറക്കുമോ നിങ്ങൾ എബിയെയും ദിൽനയെയും…. ”
എബിയുടെയും ദിൽനയുടെയും കഥ അവസാനിക്കുന്നില്ല… അവരുടെ ജീവിതം കൂടുതൽ ശോഭയോടെ മുന്നോട്ടു പോകുന്നു… ഇരട്ടകളായ ദിയക്കുട്ടിയുടെയും ധ്യാനിന്റെയും അപ്പയും അമ്മയും ആണ് അവർ.. ബന്ധങ്ങളിലെ പവിത്രത മനസിലാക്കി ജീവിതം പ്രണയിച്ചു തീർക്കുകയാണവർ…. സിംഗപ്പൂരിൽ സെറ്റിൽഡ്….
ഡെല്ലക്കും ജിതിനും ഒരു മകൻ… ഡേവിഡ്… ഡെല്ലയുടെ പപ്പ ഇപ്പോൾ പൂർണ ആരോഗ്യവാനായി അവരോടൊപ്പം തന്നെ ഉണ്ട്…
വർഷം കുറേ ആയിട്ടും കുട്ടികൾ ഇല്ലാത്തോണ്ട് നവീനും രമ്യയും അമ്മയും കൂടി അമ്പലങ്ങളായ അമ്പലങ്ങളും ആശുപത്രികളും കയറി ഇറങ്ങിക്കൊണ്ടേ ഇരിക്കുന്നു….
ജീവിതം അങ്ങനെ ആണ്… മനുഷ്യന്റെ ചിന്തകൾക്കും പ്രവർത്തികൾക്കും അപ്പുറമാണ് ഈശ്വരന്റെ കരങ്ങൾ… ഒരു വ്യക്തിയെയും പുച്ഛിക്കാനോ വില കുറച്ചു കാണാനോ നമുക്ക് അധികാരം ഇല്ല…. ഉള്ള ലൈഫ് ഹാപ്പി ആയിട്ട് അങ്ങോട്ട് ജീവിച്ചു കാണിക്കുക…
സപ്പോർട്ട് തന്ന എല്ലാർക്കും ഒരുപാട് സ്നേഹം….
( അവസാനിച്ചു )

by