രചന – അയിഷ അക്ബർ
കുറച്ചധികം ദൂരം സഞ്ചരിച്ചു അവരെത്തി നിന്നത് ഒരു കൊച്ചു വീടിന്റെ മുറ്റത്തായിരുന്നു…
ഇരു വശവും വയലുകളാൽ ചുറ്റപ്പെട്ടിരുന്ന അവിടം വീശുന്ന കാറ്റിനു പോലും വല്ലാത്തൊരു കുളിര് നിറഞ്ഞിരുന്നു…..
ആൾ താമസമില്ലാത്തത് കൊണ്ട് പുല്ല് പിടിച്ചു കിടക്കുന്ന ആ മുറ്റത്തു കൂടെ അവർ നടക്കുമ്പോൾ രണ്ട് പേരുടെ ഹൃദയങ്ങളിലും എന്തെന്നറിയാത്തൊരു വേദന തങ്ങി നിന്നിരുന്നു….
പരസ്പരം മുറിപ്പെടുമോയെന്ന ഭയത്തിലാവാം ഇരുവരും ആ വേദനയെ മുഖത്ത് വരുത്താതിരുന്നത്…..
നാല് പാടും കാട് പിടിച്ചു കിടന്നിരുന്നു…. എങ്കിലും പുറമെ പരന്ന് കാണപ്പെട്ട വയലേലകൾ മനസ്സിന് വളരെയധികം സന്തോഷം നൽകുന്നതായിരുന്നു….
മുള്ളുകൾ ചേർത്ത് വെച് കെട്ടിയുണ്ടാക്കിയ വേലി ക്കരികിൽ നിന്ന് ശിവ കണ്ണിമ വെട്ടാതെ വയലിലേക്ക് നോക്കി നിന്നു…..
അങ്ങ് ദൂരെ വയലുകൾക്കിടയിലായി വെള്ളം ഒഴുകുന്നത് പോലെയവൾക്ക് തോന്നി….
അവൾ കാലുകൾ ഉയർത്തി കാണാൻ പാകത്തിലെന്ന വണ്ണം എത്തി നോക്കി….
വല്ല പാമ്പോ മറ്റോ ചുരുണ്ടു കിടക്കുന്നുണ്ടാവും…. ഇങ് പോര്….
നാലുപുറവും നോക്കിയിട്ടും ആരെയും കാണാതെ വരുമ്പോഴാണ് ആദി ശിവയോടത് പറഞ്ഞത്….
ഉമ്മറത്തെ കാവിയിട്ട തിണ്ടിന്മേൽ അവനിരുന്നു…
അവനരികിലായെന്ന വണ്ണം താഴെ പടിയിൽ അവളും…..
സാരിതുമ്പ് എളിയിൽ കുത്തി അവരെ ലക്ഷ്യമാക്കി നടന്നു വരുന്ന സ്ത്രീയിൽ അവരുടെ കണ്ണുകൾ പതിച്ചപ്പോഴാണ് അവരെഴുന്നേറ്റത്…..
ഇതാ താക്കോൽ ….. രാമേട്ടൻ ഏല്പിച്ചിരുന്നതാ എന്നെ….. പശുക്കളെ തീറ്റിക്കാൻ പോയി നേരം വൈകിയതറിഞ്ഞില്ല……
അത് കൊണ്ടാണ് കേട്ടോ….
അത്രയേറെ വിനയത്തോടെ അവരത് പറഞ്ഞു നിർത്തുമ്പോൾ ആദി പുഞ്ചിരിച്ചു കൊണ്ട് താക്കോൽ വാങ്ങി…..
നിങ്ങൾ രാമേട്ടന്റെ…..
ആദി സംശയത്തോടെ ചോദിച്ചു….
എന്റെ വീട് ദേ അതാണ്…. രാമേട്ടന്റെ പറമ്പിൽ ഞാൻ പണിക്ക് പോകാറുണ്ട്…..
കുറച്ചപ്പുറത്തായി വൈക്കോൽ കൂന കാരണം പകുതിയും മറഞ്ഞു പോയൊരു കൊച്ചു വീട്ടിലേക്കവർ വിരൽ ചൂണ്ടി…….
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞവർ പോയപ്പോൾ താക്കോലു മായി ആദി ഉമ്മറത്തേക്ക് കയറി…. പിറകിലായി ശിവയും….
വാതിലിനടുത്തെത്തിയതും ആദി പുറകിലേക്ക് തിരിഞ്ഞു…..
ചാവി ശിവക്ക് നേരെ നീട്ടി…..
എന്തെന്ന അർത്ഥത്തിൽ അവളവനെ നോക്കി…..
ഈ വീടിന്റെ മഹാലക്ഷ്മി ഇനി നീയാണ്…. തുറക്ക്….
അവളുടെ കണ്ണുകൾ വിടർന്നു….
ഹൃദയത്തിലേ നോവുകൾ അലിയുന്നത് അവളറിഞ്ഞിരുന്നു…..
അവളാ ചാവി വാങ്ങി വാതിൽ തുറന്നു….
ചെറിയൊരു ശബ്ദത്തോടെ വാതിൽ അവർക്ക് മുമ്പിൽ തുറക്കപ്പെട്ടു….
പൊട്ടി തുടങ്ങിയ നിലത്തിലൂടെ നടക്കുമ്പോൾ രണ്ട് പേർക്കും വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നു
..
അത്ര വലിയ വീട്ടിൽ നിന്നും പെട്ടെന്നൊരു പറിച്ചു നടൽ അവരോട്ടും പ്രതീക്ഷിച്ചതായിരുന്നില്ല….
കുറച്ചു സ്ഥലം മാത്രമുള്ള ആ വീടിന്റെ എല്ലാ ഭാഗത്തേക്കും അവർ എത്തി നോക്കി….
പൊടി പിടിച്ചു കിടക്കുന്ന ആ കുഞ്ഞു വീട് അവരുടെ മനസ്സിൽ പ്രയാസം സൃഷ്ടിച്ചു…….
ഇവിടെയൊക്കെയൊന്നു വൃത്തിയാക്കണ്ടേ നമുക്ക്…
എന്തോ ഓർമയിലെന്ന പോൽ നിൽക്കുന്ന അവളോടത് ചോദിക്കുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു….
അതവളിൽ ചെറിയൊരു ആശ്വാസത്തിനു ജന്മം നൽകി….
താൻ കാരണമാണോ ഇതെല്ലാം സംഭവിച്ചതെന്നോർക്കുന്നത് കൊണ്ടായിരിക്കും അവന്റെ ഓരോ പുഞ്ചിരിയും തന്നെ ഇത്രയേറെ സമാധാനത്തിലാക്കുന്നത്..
എനിക്ക് വിഷമമൊന്നുമില്ലെന്ന് അവളെ ധരിപ്പിക്കാനായി വിരിയിച്ച ആ പുഞ്ചിരിയെ അവൻ ചുണ്ടിൽ സദാ സൂക്ഷിച്ചു വെച്ചിരുന്നു….
മൂക്കിന് മുകളിൽ തുണി കെട്ടി രണ്ട് പേരും വീട് മുഴുവനായും വൃത്തിയാക്കി തുടങ്ങി…..
വൃത്തിയാക്കി കഴിഞ്ഞതും രണ്ട് പേരും വളരെയധികം ക്ഷീണിച്ചിരുന്നു…..
അടുത്ത വീട്ടിലെ സ്ത്രീ ഭക്ഷണത്തിനായി ക്ഷണിച്ചെങ്കിലും സ്നേഹപൂർവ്വം അവരതിനെ നിരസിച്ചിരുന്നു……
ഇടയ്ക്കിടെ അവർ കൊണ്ട് തരുന്ന മോരും വെള്ളം അത്രത്തോളം അവരുടെ ദാഹം ശമിപ്പിച്ചിരുന്നു…. ഇനിയും അവരെ ബുദ്ധിമുട്ടിപ്പിക്കാൻ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് ഭക്ഷണം വേണ്ടെന്ന് പറഞ്ഞത്….
ശിവാ… നീ ഡ്രസ്സ് മാറ്റിക്കോ.. നമുക്ക് പുറത്ത് പോവാം…..
ഗ്രാമത്തിന്റെ ഭംഗിയിലൂടെ അവരുടെ കാർ നീങ്ങുമ്പോൾ വയലുകളും ആൽത്തറയും അമ്പലവുമൊക്കെയായി അവരുടെ കണ്ണുകൾ കുളിരണിഞ്ഞിരുന്നു…..
ഒരു കുഞ്ഞു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാനായി ഒരു കടയിലേക്ക് കയറി….
ആവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങിക്കോ….
എന്നവൻ പറഞ്ഞപ്പോഴും പോക്കറ്റിൽ കിടക്കുന്ന പണത്തെ കുറിച്ചുള്ള ഭയം അവനിലുണ്ടായിരുന്നു….
ആവശ്യമുള്ളതിൽ നിന്നും അത്യാവശ്യമുള്ളതിലേക്ക് എത്ര മനോഹരമായാണവൾ ചുരുക്കിയതെന്നവനോർത്തു………
തന്റെ മനസ്സ് മനസ്സിലാക്കി കൂടെ നിൽക്കുന്നതിനേക്കാൾ എന്ത് ഭാഗ്യമാണ് ഒരു സ്ത്രീയിൽ നിന്നും പുരുഷന് ലഭിക്കേണ്ടത്…..
വീട്ടിലെത്തി സാധനങ്ങളെല്ലാം അടുക്കി പെറുക്കി വെക്കാൻ അവളുടെ കൂടെ അവനുമുണ്ടായിരുന്നു….
ഇങ്ങോട്ട് കയറി വരുമ്പോൾ മനസ്സിമുണ്ടായിരുന്ന ഭാരത്തിൽ നിന്നും ഒത്തിരി മാറ്റം വന്നതായി ഇരുവർക്കും തോന്നി…..
വൃത്തിയുള്ള നിലത്തു ചവിട്ടാൻ അവർക്ക് വല്ലാത്ത സുഖം തോന്നി…..
സാധനങ്ങളെടുത്തു വെക്കുമ്പോഴും മിഴികൾ കൊണ്ടിരുവരും സംസാരിച്ച ഭാഷ അങ്ങേയറ്റം നിശബ്ദമായിരുന്നു…..
എല്ലാം കഴിഞ്ഞു ഉമ്മറത്തെ തിണ്ണയിലവനിരിക്കുമ്പോൾ ചൂട് ചായ അവന് നൽകി തിരിയാറുള്ള പതിവിന് വിപരീതമായി അവനരികിലിരിക്കാൻ അവളും കൊതിച്ചിരുന്നു….
ചൂട് ചായ ചുണ്ടോട് ചേർക്കുന്നതിനിടയിൽ അവൻ തിരിഞ്ഞു നോക്കുമ്പോൾ അവനരികിലായി ചായ കയ്യിൽ പിടിച്ചവളുമുണ്ടായിരുന്നു….
അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞു……
പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ ലോകം ആ വീടിനുള്ളിൽ വിശാലമാവുകയായിരുന്നു….
മുറ്റം മുഴുവൻ ചെത്തി കോരി വൃത്തിയാക്കി…. അവിടെ പല നിറത്തിലുള്ള പൂക്കൾക്കായി സ്ഥലമൊരുക്കി…..
വള്ളി പടർന്നു പിടിച്ചു കിടന്ന മുല്ല ചെടിയെ അവയിൽ നിന്നും സ്വാതന്തരമാക്കിയപ്പോൾ അവൾ നന്ദി സൂചകമായി പുതിയ ഇലകൾക്ക് ജന്മം നൽകി……
ഇതിനിടയിൽ ആദി തന്റെ സിർട്ടിഫിക്കറ്റുകളുമായി പലയിടത്തും കയറിയിറങ്ങി…..
തളർന്നു പോകുമെന്ന് തോന്നിയ പലയിടങ്ങളിലും ഇരുവരുടെയും പരസ്പരമുള്ള നോട്ടങ്ങൾ ഇരുവർക്കും ചേർത്ത് പിടിക്കലുകളായി…..
ഒതുങ്ങിക്കൂടിയ ശിവയിൽ നിന്നും എല്ലാത്തിനോടും ഇടപഴകാൻ ഇവിടെ വന്നതിൽ പിന്നെയാണ് അവൾക്ക് കഴിഞ്ഞതെന്ന് ആദിക്ക് തോന്നി…..
പൂന്തോട്ടത്തിൽ പാറി നടക്കുന്ന ഒരു ശലഭമായി അവൾ മാറിയിരുന്നു…..
വീട് ചെറുതാണെങ്കിലും സൗകര്യങ്ങൾ കുറവാണെങ്കിലും മുമ്പത്തേക്കാളേറെ അവൾ സന്തോഷവതിയാണെന്ന ചിന്ത അവനിലും സന്തോഷം നിറച്ചു……
അപ്പോഴും ആദിയുടെ പ്രയാസങ്ങൾക്ക് കാരണം താനാണെന്ന ചിന്തയിൽ ശിവ മുറിപ്പെടുന്നുണ്ടായിരുന്നു….
അച്ഛൻ രണ്ട് മൂന്ന് തവണ വന്നപ്പോഴും തന്ന പണമൊന്നും വാങ്ങാത്തത് കൊണ്ടായിരിക്കാം വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി വന്നത്…
പുഞ്ചിരിച്ചു കൊണ്ടുള്ള ശിവയുടെ സംസാരം രഘുവിൽ അത്ഭുതം നിറച്ചു…..
മോൾടെ കയ്പ്പുണ്യം അറിഞ്ഞിട്ട് ഒത്തിരി നാളായി…..
ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് രഘുവത് പറഞ്ഞത്…..
നിറഞ്ഞുള്ള ശിവയുടെ ചിരിയിൽ രഘുവിന്റെ മനസ്സ് നിറഞ്ഞിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ നീതു നീയും കൂടി വാ അവളെ കാണാൻ പോവാൻ…..
ലക്ഷ്മി സന്തോഷത്തോടെയത് പറയുമ്പോൾ നീതുവിനും ഉത്സാഹമായിരുന്നു….
എനിക്കും വരണമെന്നുണ്ടമ്മേ…. എന്നാൽ ജീവൻ സമ്മതിക്കുമോയെന്നറിയില്ല…..
ഒരു രണ്ട് ദിവസത്തിന് എന്തെങ്കിലും പറഞ്ഞു വാ നീ…..
ഒരു ചെറ്റ കുടിലിലാണ് രണ്ടാളും എന്നാണ് അറിയാൻ പറ്റിയത്……
ലക്ഷ്മിയുടെ മുഖത്ത് സന്തോഷം പരന്നു കാണപ്പെട്ടു…..
ആദിയുടെ അച്ഛൻ വന്നപ്പോഴാ വിവരം അറിയുന്നത്….. ഇത്ര ദിവസമായിട്ടും അവരൊന്നും പറഞ്ഞിട്ടില്ല….
നിന്റെ അച്ഛൻ അവിടം വരെ പോകാൻ നിൽക്കുമ്പോൾ എന്നോട് വരണ്ടാന്നു പറഞ്ഞതാ…. എനിക്കെന്തായാലും പോകണം….. അവളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ശെരിക്കുമോന്നു സന്തോഷിക്കണം…..
ഞാൻ പറഞ്ഞില്ലേ അവള് കാരണം വൈകാതെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന്….. ഇപ്പൊ എന്തായി…..
വാക്കുകളിൽ പോലും സന്തോഷം തുളുമ്പി നിന്നു..
ഞാനും വരുന്നുണ്ടമ്മേ….
എന്തെങ്കിലും പറഞ്ഞു ഞാൻ വരാൻ നോക്കാം…..
നീതുവിനും വരാതെയിരിക്കാൻ കഴിയുമായിരുന്നില്ല…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദൂരങ്ങൾ സഞ്ചരിച്ചു ആ കൊച്ചു വീടിനു മുന്നിൽ എത്തി ചേർന്നത് ലക്ഷ്മിക്കും നീതുവിനും അങ്ങേയറ്റം സന്തോഷമുണ്ടാക്കിയിരുന്നു…..
ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു…..
ശങ്കരന്റെ ഹൃദയത്തിൽ ഭാരം തങ്ങി നിന്നു…..
(തുടരും )

by