രചന – നന്ദിത ദാസ്
“നന്ദുവിന് ഒരു കുഴപ്പവും ഇല്ല വിനുവേട്ടാ…
അവൾ സുഖമായിട്ട് ഇരിക്കുന്നു…. ”
“പിന്നെന്താ പ്രോബ്ലം…
നിന്റെ സ്വരം വല്ലാതെ ഇടറുന്നുണ്ടല്ലോ…. ”
“അത്… വിനുവേട്ടൻ എനിക്കൊരു ഹെൽപ് ചെയ്യുമോ???”
“എന്താണെന്നു നീ ഒന്ന് തെളിച്ചു പറ യാമി…
മനുഷ്യനെ ചുമ്മാതെ ടെൻഷൻ ആക്കാതെ… ”
“പറയാം… ഫോണിൽ കൂടി അല്ല നേരിട്ട് തന്നെ പറയാം…
വിനുവേട്ടൻ നാളെ രാവിലെ ഇവിടുത്തെ ദുർഗ്ഗാ ക്ഷേത്രത്തിൽ ഒന്ന് വരുമോ…
പിന്നെ ഞാൻ ഈ വിളിച്ച കാര്യം ഒരിക്കലും നന്ദു അറിയരുത്… ”
“നന്ദു അറിയാതെ ഇരിക്കണമെങ്കിൽ സംഭവം അതേപോലെ വലുത് എന്തോ ആണല്ലോ യാമി….
ഒക്കെ ഞാൻ ആരോടും പറയില്ല…
നാളെ രാവിലേ തന്നെ ഞാൻ എത്തിയേക്കാം…. ”
“ഒക്കെ… താങ്ക്സ് വിനുവേട്ടാ…
ഗുഡ് നൈറ്റ്…. ”
“മ്മ്.. ഒക്കെ… ഗുഡ് നൈറ്റ്… ”
എന്തിനായിരിക്കും യാമി കാണണമെന്ന് പറഞ്ഞത്…
നന്ദു അറിയാൻ പാടില്ലാത്ത എന്ത് രഹസ്യം ആണ് അവൾ എന്നോട് പറയാൻ പോകുന്നത്…
ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ലാലോ…
“ആരായിരുന്നു യാമി ഫോണിൽ??? ”
“അത്… അത്… ഞാൻ വിനുവേട്ടനെ വെറുതെ ഒന്ന് വിളിച്ചതാ… ”
“അതെന്തായാലും നന്നായി… ഞാനും ഒന്ന് വിളിക്കണമെന്ന് വിചാരിച്ചതേ ഉള്ളു….
എന്താ പറഞ്ഞത് വിനുവേട്ടൻ… ”
“ചുമ്മാ ഫ്രണ്ട്‌ലി ടോക്ക്… ”
“മ്മ്… എങ്കിൽ നമുക്ക് ഉറങ്ങിയാലോ… എത്ര ദിവസമായി നിന്നെ കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങിയിട്ട്… ”
“മ്മ് ഉറങ്ങാം… സമയം ഒരുപാട് ആയി…
നാളെ രാവിലെ അമ്പലത്തിൽ വരെ ഒന്ന് പോകണം… ”
“രാവിലെ മഴ ആയിരിക്കും ഡി…
ഞാൻ ഇല്ല കേട്ടോ….
എനിക്ക് മൂടിപ്പുതച്ചു സുഖമായിട്ട് കിടന്നു ഉറങ്ങണം…
എന്റെ കാര്യം കൂടി നീ ദേവിയോട് പറഞ്ഞാൽ മതി കേട്ടോ… ”
“മ്മ് അല്ലെങ്കിലും എനിക്ക് അറിയാല്ലോ രാവിലെ ഉള്ള അമ്പലത്തിൽ പോക്ക് നിനക്കില്ലെന്നു…
അതെന്തായാലും നന്നായി… ”
“അതെന്താടി എന്തോ അർത്ഥം വെച്ച് പറയുന്നതുപോലെ…. ”
“ഓഹ്ഹ് ഒരു അർത്ഥവും വെച്ചില്ല എന്റെ പൊന്നേ… വാ വന്നു കിടന്നു ഉറങ്ങു… ”
ഈ യാമിക്കിത് എന്തുപറ്റി എന്തോ മനസ്സിൽ വെച്ച് പറയുന്നതുപോലെ…
ഹേയ് എനിക്ക് വെറുതെ തോന്നിയതാകും…
ഞാൻ അവളോട് ചേർന്ന് കിടന്നു കണ്ണുകളടച്ചു….
പാവം എന്റെ നന്ദു പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയല്ലോ…
അവൾ ഒന്നും അറിയാതെ ഇരിക്കുന്നതാണ് നല്ലത്…
വെറുതെ എന്തിനാ ആ പാവത്തിനെ കൂടി ടെൻഷൻ അടിപ്പിക്കുന്നത്…
ഞാൻ ഫോൺ കൈ നീട്ടി എടുത്തു ഒന്നുകൂടി നിഖിലേട്ടന്റെ നമ്പറിലേക്കു കാൾ ചെയ്തു…
ഇപ്പോളും ബിസി തന്നെ…
കുറച്ചു ദിവസം ആയി തുടങ്ങിയിട്ട് എപ്പോൾ വിളിച്ചാലും ബിസി…
നാളെ നേരം ഒന്ന് വെളുത്തോട്ടെ എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കുന്നുണ്ട് ഞാൻ…
രാവിലെ എഴുന്നേറ്റപ്പോൾ നന്ദു പറഞ്ഞതുപോലെ തന്നെ നല്ല മഴ ആയിരുന്നു…
എഴുന്നേൽക്കാനേ തോന്നിയില്ല…
നന്ദുവാണെൽ ചുരുണ്ടു കൂടി കിടന്നു ഉറങ്ങുവാണു…
എന്ത് നിഷ്കളങ്കത ആണ് അവളുടെ മുഖത്ത്…
സമയം കളയാതെ പെട്ടെന്ന് തന്നെ റെഡി ആയി അമ്പലത്തിലേക്ക് പോയി…
മഴ ഒന്നുകൂടി ശക്തമായിട്ടുണ്ട്…
കുട പിടിച്ചിട്ടുണ്ടെങ്കിലും ഡ്രസ്സ് എല്ലാം ശരിക്കും നനഞ്ഞു…
കൂടെ തണുത്ത കാറ്റും…
മഴ ആയതുകൊണ്ട് അമ്പലത്തിൽ ആള് കുറവായിരുന്നു…
തൊഴുതിട്ടു തിരിഞ്ഞു നോക്കിയപ്പോൾ വിനുവേട്ടൻ വരുന്നത് കണ്ടു…
“ആകെ നനഞ്ഞല്ലോ വിനുവേട്ടാ…
വാ നമുക്ക് അവിടേക്ക് കയറി നിൽകാം… ”
ക്ഷേത്രത്തോട് ചേർന്നുള്ള സദ്യാലയത്തിന്റെ ഒരൊഴിഞ്ഞ കോണിലേക്കു ഞങ്ങൾ കയറി നിന്നു….
“നല്ല മഴ ആയതുകൊണ്ട് ഞാൻ കരുതി വിനുവേട്ടൻ വരില്ലെന്ന്… ”
“നീ വിളിച്ചതല്ലേ പിന്നെ എങ്ങനെ വരാതിരിക്കും… ”
ഇലക്കീറിൽ നിന്നും ചന്ദനം തൊട്ടടുത്തു ഞാൻ നെറ്റിയിൽ കുറി വരച്ചു…
വിനുവേട്ടന് നേരെ നീട്ടി…
യാമി എനിക്കു നേരെ നീട്ടിയ പ്രസാദം തൊട്ടടുത്തു നെറ്റിയിൽ വരച്ചു…
ചന്ദനത്തിന്റെ തണുത്ത സുഗന്ധം നെറ്റിയിലൂടെ മനസ്സാകെ കയറി ഇറങ്ങുന്നതുപോലെ വല്ലാത്ത ഒരു കുളിർമ…
“ഇനി പറ യാമി ഞാൻ എന്താണ് ചെയ്യേണ്ടത്??? ”
“വിനുവേട്ടന് ഈ സൈബർ സെല്ലിൽ പരിചയം ഉള്ള ആരെങ്കിലും ഉണ്ടോ… ”
“അത് ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം…
നീ വല്ല കേസും അന്വേഷിക്കാൻ പോകുവാണോ… ”
“ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു അന്വേഷണം ആണ്…
വേറെ ആരോടും എനിക്കു ഇത് പറയാൻ പറ്റില്ല…
ആരും അറിയാനും പാടില്ല…. ”
“മ്മ് എന്തായാലും നീ കാര്യം പറ… പരിഹാരം കാണാൻ പറ്റുമോന്നു അന്നേരം പറയാം… ”
ഞാൻ ഫോൺ എടുത്തു വിനുവേട്ടന് നേരെ നീട്ടി…
“ആ മെസ്സെഞ്ചർ ഒന്ന് നോക്കു വിനുവേട്ടാ… ”
ഞാൻ യാമിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി നോക്കി…
ആതിര എന്ന കുട്ടിയുടെ മെസ്സേജ് ആണ്…
ഞാൻ അത് വായിക്കാൻ തുടങ്ങി…
“ഹായ്… ഒരു നിഷയെ അറിയുമോ?
“അറിയാം… ”
“അവളോട് ഇപ്പോളും ദേഷ്യം ആണോ?? ”
“ഞാൻ എന്തിനു അവളോട് ദേഷ്യപ്പെടണം…
എല്ലാം ഉപേക്ഷിച്ചു പോയതല്ലേ അവൾ നന്നായി ജീവിക്കുന്നുണ്ടാകും… അതൊന്നും ഞാൻ ഇപ്പോൾ ഓർക്കാറില്ല… ”
“അങ്ങനെ അല്ല… നിഷയുടെ ജീവിതം ഇപ്പോൾ ആകെ പ്രോബ്ലം ആണ്…
അവൾ ഡിവോഴ്സ് ആയി…
ഞാൻ അവളുടെ ഫ്രണ്ട് ആണ്…
അവൾക്കു നിഖിലിനെ കാണണമെന്ന് ആഗ്രഹം ഉണ്ട്… ”
“എനിക്കു താല്പര്യം ഇല്ല…
ഇനി ഇതും പറഞ്ഞു എനിക്കു മെസ്സേജ് ചെയ്യരുത്… ”
അത് വായിച്ചിട്ട് ഞാൻ യാമിയുടെ മുഖത്തേക്കു നോക്കി…
“എനിക്കൊന്നും മനസ്സിലാകുന്നില്ല യാമി… ഇത് നിഖിലിന്റെ മെസ്സഞ്ചർ ആണോ? ”
“മ്മ് … അത് നിഖിലേട്ടന്റെ മെസ്സഞ്ചർ ആണ്… പക്ഷേ അതിൽ മെസ്സേജ് ചെയ്തിരിക്കുന്ന ആതിര എന്ന കുട്ടിയ്ക്ക് റിപ്ലൈ കൊടുത്തിരിക്കുന്നത് ഞാൻ ആണ്…
എന്റെ എഫ്ബി പാസ്സ്‌വേർഡ് നിഖിലേട്ടൻ ഒരിക്കൽ എന്റെ കയ്യിന്നു വാങ്ങിയിരുന്നു…
അപ്പോൾ ഞാനും തിരിച്ചു ചോദിച്ചു തരാതിരിക്കാൻ ആവില്ലലോ…
അന്നുമുതൽ എനിക്കു മെസ്സഞ്ചറിൽ ആര് മെസ്സേജ് അയച്ചാലും അവർക്കൊക്കെ റിപ്ലൈ കൊടുക്കുന്നത് നിഖിലേട്ടൻ ആയിരിക്കും…
ഇടയ്ക്ക് നിഖിലേട്ടന്റെ അക്കൗണ്ടിൽ ഞാനും കയറും…
രണ്ട് ദിവസം മുൻപ് എന്നെ ഓൺലൈൻ കണ്ടപ്പോൾ ആതിര അയച്ച മെസ്സേജ് ആണ് ഇത്… നിഖിൽ ആണെന്ന് തെറ്റിദ്ധരിച്ചു അയച്ചതാ… ”
“ഓഹ്… ഒക്കെ ആരാ ഈ നിഷ… ”
“നിഖിലേട്ടൻ സ്നേഹിച്ചിരുന്ന കുട്ടിയാണ്…
വേറെ നല്ല കല്യാണ ആലോചന വന്നപ്പോൾ ഏട്ടനെ തേച്ചിട്ട് പോയി…
അതൊക്കെ നിഖിലേട്ടൻ എന്നോട് പറഞ്ഞിട്ടുള്ളതാണ്… ”
“പിന്നെ ഇപ്പോൾ എന്താണ് പ്രോബ്ലം… ”
“ഈ മെസ്സേജിന്റെ കാര്യം ഞാൻ നിഖിലേട്ടനോട് സൂചിപ്പിച്ചിരുന്നു…
ഇനി ആ കുട്ടിക്ക് റിപ്ലൈ കൊടുക്കണ്ട എന്നായിരുന്നു എന്നോട് പറഞ്ഞത്…
പക്ഷേ ഞാൻ അറിയാതെ നിഖിലേട്ടൻ അവളെ കോൺടാക്ട് ചെയ്യുന്നുണ്ടോ എന്നൊരു ഡൌട്ട്… ”
“അതെന്താ അങ്ങനെ ഒരു ഡൌട്ട് തോന്നാൻ? ”
“ഈ സംഭവത്തിനു ശേഷം ഞാൻ എപ്പോൾ വിളിച്ചാലും നിഖിലേട്ടൻ ഫുൾ ബിസി ആണ്…
എന്റെ കാൾ എടുക്കാൻ പോലും കൂട്ടാക്കില്ല… എടുത്താൽ തന്നെ അവരുടെ സീനിയർ ഓഫീസർ കണ്ടാൽ പണിഷ്മെന്റ് കിട്ടുമെന്ന് പറഞ്ഞു പെട്ടെന്ന് ഫോൺ കട്ട് ചെയ്യും…
ഇതുവരെ എന്നോട് സംസാരിക്കുന്നതിനു കുഴപ്പം ഒന്നും ഇല്ലായിരുന്നു…
പെട്ടെന്ന് ഇപ്പോൾ എന്ത് പറ്റിയെന്നു ഞാനും വിചാരിച്ചു…
നിഖിലേട്ടന്റെ ശബ്ദം കേൾക്കാൻ പാതിരാത്രി വരെ ഉണർന്നിരുന്നു ഞാൻ വിളിക്കുമ്പോൾ കാൾ വെയ്റ്റിംങ്ങിൽ ആയിരിക്കും…
സീനിയർ ഓഫിസർ വഴക്ക് പറയുമെന്ന് പറഞ്ഞു എന്നോട് സംസാരിക്കാതെ ഇരുന്നിട്ട് ഈ പാതിരാത്രിക്ക് ആരോടാ നിഖിലേട്ടൻ സംസാരിക്കുന്നതെന്ന് എനിക്കു അറിയണം….
മറ്റെന്നാൾ നാട്ടിൽ വരുന്നുണ്ടെന്നും പറഞ്ഞു…
പെട്ടെന്ന് വരുന്നതിന്റെ പിന്നിൽ എന്തോ ഉണ്ടെന്ന് മനസ്സ് പറയുന്നതുപോലെ ഞാൻ ചതിക്കപ്പെടുക ആണോ എന്നൊരു ഭയം…
”
“അയ്യേ താൻ ഇങ്ങനെ ചില സംശയ രോഗികളായ പെണ്ണുങ്ങളെ പോലെ ആകരുത്…
താൻ കരുതുന്നത് പോലെ ഒന്നും ഉണ്ടാകില്ല…
തന്നെ ആർക്കാടോ ചതിക്കാൻ തോന്നുക…. ”
“മനഃപൂർവം നമ്മളെ ഒഴിവാക്കുന്നത് മനസ്സിലാക്കാൻ കഴിയില്ലേ വിനുവേട്ടാ…
നിഖിലേട്ടന്റെ സംസാരത്തിൽ നിന്നും എനിക്ക് അത് മനസ്സിലാകുന്നുണ്ട് അതാ ഞാൻ…. ”
“അങ്ങനെ ഒന്നും ഉണ്ടാകില്ല…
നിഖിലിന്റെ നമ്പർ തന്നാൽ സിം വെച്ച് നമുക്ക് കാൾ ലിസ്റ്റ് എടുക്കാം അല്ലാതെ വേറെ ഒന്നും ചെയ്യണ്ട…
ഇന്ന് വൈകിട്ടു തന്നെ ഞാൻ എത്തിക്കാം പോരേ…. ”
“മ്മ്.. മതി… ”
“ടെൻഷൻ ആകണ്ട കേട്ടോ…. ”
“മ്മ് ”
“എങ്കിൽ വാ… ഞാനും ഉണ്ട് അങ്ങോട്ട് വല്യച്ഛനെ ഒന്ന് കാണണം… ”
മഴ അല്പം കുറഞ്ഞിട്ടുണ്ട്… കുട ഞാൻ വിനുവേട്ടന്റെ കൈയിൽ കൊടുത്തു…
“കുട താൻ പിടിച്ചോ നനയണ്ട… ഞാൻ പോയി കാറു തിരിച്ചു കൊണ്ട് വരാം… ”
“അവിടെ വരെ നനയണ്ട… വാ വിനുവേട്ടൻ കുടയിൽ കയറു…. ”
ഒരു കുടക്കീഴിൽ തോളുരുമ്മി പോകുമ്പോൾ മനസ്സ് വെറുതെ കൊതിച്ചു ജീവിതാവസാനം വരെ എന്നും ഇതുപോലെ യാമി ഒപ്പം ഉണ്ടാകണമെന്നു…
ഒരിക്കലും നടക്കില്ലെന്നു അറിഞ്ഞിട്ടും ദേവിയോട് പ്രാർത്ഥിച്ചതും ഇവളെ എനിക്ക് തന്നേക്കണേ എന്നാണു….
കാറിൽ കയറാൻ നേരം യാമി എന്നോട് ചോദിച്ചു…
“വിനുവേട്ടൻ എന്താ ദേവിയോട് പ്രാർഥിച്ചത്… എന്ത് പ്രാർത്ഥിച്ചാലും ഉറപ്പായും നടക്കും കേട്ടോ വിളിച്ചാൽ വിളിപ്പുറത്താണ്…. ”
“ഓഹോ… അപ്പോൾ താൻ എന്താ പ്രാർഥിച്ചത്? ”
“എന്റെ നന്ദുന് സുഖം ആകണേ ആയുസ്സ് കൂട്ടി കൊടുക്കണെന്നു… പിന്നെ എന്റെ മനസ്സിനെ അലട്ടുന്ന പ്രോബ്ളത്തിനു എത്രയും വേഗം ഒരു സൊല്യൂഷൻ ഉണ്ടാകണമെന്നും…. ”
“പറഞ്ഞതുപോലെ നന്ദു എവിടെ… രണ്ടാളും തലയും വാലും ആയിരുന്നല്ലോ…. ”
“അവൾ നല്ല ഉറക്കം ആണ്…
പോരാത്തതിന് മഴകൂടി അല്ലേ മടിച്ചിപ്പാറുവാ… കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ടാകും…. ”
“ഹഹഹ… മിടുക്കി… ”
കാർ ഗെയ്റ്റിന് മുന്നിൽ നിന്നു…
വിനുവേട്ടനോട് യാത്ര പറഞ്ഞു ഉമ്മറത്തോട്ടു കയറിയപ്പോൾ എന്നെ വരവേറ്റത് രണ്ടും കൈയും കെട്ടി രൂക്ഷമായി എന്നെ തന്നെ നോക്കികൊണ്ട് നിൽക്കുന്ന നന്ദുവിനെയാണ്….
എന്തോ തെറ്റ് ചെയ്തവളെപ്പോലെ ഞാൻ അവളുടെ മുന്നിൽ തലകുനിച്ചു….
(തുടരും )

by