രചന – അയിഷ അക്ബർ
എന്ത് ദോഷമാ അവൾക്കുള്ളത്….
ഈ ദോഷം എന്നാലെന്താ….
എന്ത് ബുദ്ധിമുട്ടുകളുണ്ടായാലും ഇവളുടെ മേലെ പഴി ചാരാൻ നിങ്ങളോടിവളെന്താ ചെയ്തത്……
എല്ലാം കേട്ട് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി…..
അമ്മയുടെ കണക്കിൽ ഈ ഗ്ലാസ് പൊട്ടിയതിനും കാരണക്കാരി ഇവളായിരിക്കും അല്ലെ…..
നിലത്തു വീണു കിടക്കുന്ന ചില്ലു കഷ്ണങ്ങളിലേക്ക് നോക്കി ആദിയത് പറയുമ്പോൾ ജാനകിക്ക് ദേഷ്യം വന്നു…..
ഇത്രയും സംഭവിച്ചിട്ടും ഇവളുടെ ദോഷം നിനക്ക് മനസ്സിലായിട്ടില്ലെങ്കിൽ നീ പൊട്ടനായിരിക്കും….
തല വെട്ടം കാണാതെ തള്ള പോയി….
വളരും തോറും……
ഒന്ന് നിർത്തുന്നുണ്ടോ….
ജാനകി പറഞ്ഞു മുഴുവനാക്കും മുൻപെ ആദിയുടെ ശബ്ദം അവർക്ക് വിലങ്ങു തടിയായി…..
അമ്മ എപ്പോഴും പറയാറുണ്ടല്ലോ ഈ പഴം കഥകൾ…..
അവളെ പ്രസവിക്കുന്ന സമയത്ത് അമ്മയുണ്ടായിരുന്നോ അവിടെ…..
അവന്റെ ചോദ്യം ജാനകിയുടെ വായടപ്പിച്ചു….
ഒരു കുഞ്ഞിനെ ചുമക്കാൻ തന്റെ ഗർഭാശയത്തിന് കഴിയില്ലെന്നറിഞ്ഞിട്ടും അവളെ കൊന്നു കളയാതെ ചേർത്ത് പിടിച്ചവളാണ് അവളുടെ അമ്മ….
അവൾ വയറ്റിൽ കിടന്ന് വളരും തോറും തന്റെ ജീവന് ആപത്താണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവരവളെ കൊണ്ട് നടന്നത്…..
ഒരു കുഞ്ഞിനെ ചുമക്കാൻ കഴിയാത്ത താനെന്തൊരു ഭാഗ്യദോഷിയാണെന്ന് അപ്പോളവർ ചിന്തിച്ചിട്ടുണ്ടാവില്ലേ……
പ്രസവത്തോടെ അവളുമായി പിരിയുമ്പോഴും തന്റെ പ്രാണൻ അവൾക്ക് കൊടുത്തെന്ന സന്തോഷത്തിലായിരിക്കില്ലേ അവർ പോയിട്ടുണ്ടാവുക……
ഇത്രയും വൈകാരികമായ പവിത്രമായ സ്നേഹബന്ധത്തെ എങ്ങനെയാണ് നിങ്ങൾക്ക് ഭാഗ്യ ദോഷമായി അളക്കാൻ കഴിയുന്നതെന്നെനിക്കറിയില്ല…….
പറയുമ്പോൾ അവന്റെ സ്വരമിടറിയിരുന്നു….
ആർക്കും ഒന്നും പറയാനില്ലാത്ത പോൽ അവിടെ നിശബ്ദത പരന്നു…..
ശിവ ദൂരേക്ക് മിഴികൾ പായിച്ചു നിന്നിരുന്നു….
അവയിലൊളിപ്പിച്ച സാഗരം അവന് മാത്രമായി കാണാൻ കഴിയുന്നുണ്ടായിരുന്നു….
അവൾ ജനിച്ചതിൽ പിന്നേ അവളുടെ അച്ഛന് ഉയർച്ചകൾ മാത്രമായിരുന്നു….
ചെറിയ തോതിൽ തുടങ്ങിയ ബിസ്സിനെസ്സ് വളരേ ലാഭത്തിലായി….
എല്ലാവരുടെയും കണ്ണിൽ അവളൊരു ഭാഗ്യമായി തെളിഞ്ഞു നിന്നു…..
എന്നാൽ സുഹൃത്തിന്റെ പെട്ടെന്നുള്ള വളർച്ചയിൽ അസൂയ തോന്നിയ കുറച്ചു സുഹൃത്തുക്കൾ അയാൾക്കെതിരെ കളിച്ചു….
ആകെ തകർന്ന അദ്ദേഹത്തിന് സംഭവിച്ച ആക്സിഡന്റിൽ ജീവൻ തിരിച്ചു കിട്ടിയിരുന്നു…..
ആ കുറച്ചു സുഹൃത്തുക്കളിൽ എന്റെ അച്ഛൻ കൂടെയുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഉരുകി തീരുകയായിരുന്നു…..
എല്ലാവരും കണ്ണുകൾ മിഴിച്ചു കൊണ്ടവനെ ഉറ്റ് നോക്കി…..
രഘു തെറ്റ് ചെയ്തവനെ പോലെ തല താഴ്ത്തി നിന്നു……
ജാനകി ആദിയെയും രഘുവിനെയും മാറി മാറി നോക്കി….
ആദി കണ്ണുകൾ അമർത്തിത്തുടച്ചു….
ഇത് രണ്ടും കൂട്ടി ചേർത്ത ചിലർ അവളെ ഒരു ഭാഗ്യ ദോഷിയായി കണക്കാക്കി….
ഇതൊക്കെ ഒരു മോനെ പോലെ ചേർത്ത് നിർത്തി അവളുടെ അച്ഛൻ എന്നോട് പറയുമ്പോൾ ആ കണ്ണുകളിൽ ദേഷ്യമോ പ്രതികാരമോ ഞാൻ കണ്ടിരുന്നില്ല….
എല്ലാം വിധിയാണ് ആദീ എന്ന് മാത്രം പറഞ്ഞു….
നല്ലത് വരുമ്പോൾ ഭാഗ്യമെന്ന് പറയുന്നവർ കഷ്ടകാലം വരുമ്പോൾ ഭാഗ്യ ദോഷം എന്ന് പറയുന്നതെന്തിനാണ്…..
എല്ലാ വിധിയല്ലേ….
നല്ലതും ചീത്തയും ജീവിതത്തിനു അനിവാര്യമല്ലേ….
സങ്കടങ്ങളില്ലെങ്കിൽ നമ്മളെങ്ങനെ സന്തോഷത്തിന്റെ മധുരമറിയും…..
ഭാഗ്യ ദോഷം എന്നത് നിങ്ങളെ പ്പോലുള്ള അന്ധ വിശ്വാസികൾ പറഞ്ഞുണ്ടാക്കുന്ന ഒരു കെട്ട് കഥ മാത്രമാണ് എന്നെ സംബന്ധിച്ചിടത്തോളം….
ആദി അത്യധികം ഗൗരവതിൽ തന്നെയത് പറഞ്ഞു നിർത്തി…..
തന്തയേം തള്ളയേം കുറ്റക്കാരിയാക്കി അവളെ നീ നല്ലവളാക്കി…..
ഇവനെത്ര നിനക്ക് വേണ്ടി വാദിച്ചാലും നിന്റെ ദോഷം നീങ്ങിപ്പോകുന്നില്ല…. നീ മനസ്സിൽ വെച്ചോ…..
ശിവക്ക് നേരെ നോക്കി ജാനകിയത് പറഞ്ഞപ്പോഴും അവൾ ദൂരേക്ക് നോക്കി നിൽക്കുകയായിരുന്നു…..
ദോഷം മനിഷ്യരിലല്ലേ അമ്മേ..
നല്ലതും ചീത്തയും പിറക്കുന്നത് മനുഷ്യരിൽ നിന്നല്ലേ…..
അല്ലെങ്കിലും ഒരു പെൺ കുട്ടിയെ ഇത്രയേറെ അപമാനിക്കുന്ന വേദനിപ്പിക്കുന്ന അമ്മക്കില്ലാത്ത എന്ത് ദോഷമാണ് എല്ലാം സഹിച് കേട്ടു നിൽക്കുന്ന ഇവൾക്കുള്ളത്… അത് കൂടി അമ്മയെനിക്ക് പറഞ്ഞു തരണം……
ആദി ജാനകിയോട് ചേർന്ന് നിന്നത് പറയുമ്പോൾ ആദിയുടെ സ്വരം ദയനീയമായിരുന്നു……
എനിക്ക് വേണ്ടിയല്ല ആദീ അമ്മ പറയുന്നത്…. നിന്റെ കാര്യം ഓർത്തിട്ടാ…..
ജാനകിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…
അമ്മ എന്നെ ഓർത്തു കരയുന്നു…. ഓർത്തു കരയാൻ പോലും ആളില്ലാത്ത ഇവൾക്ക് താങ്ങാവാതെ എന്ത് ദോഷത്തെയാ ഞാൻ ഭയക്കേണ്ടത്…..
ഇവള് കാരണം എനിക്കെന്ത് തന്നെ സംഭവിച്ചാലും അത് ഞാൻ അനുഭവിച്ചോളാം…. നിങ്ങളെ പോലെ അതവൾ കാരണമാണെന്ന് വിശ്വസിക്കാത്തിടത്തോളം കാലം ഈ കൈകൾ ഞാൻ മുറുകെ പിടിക്കും….
അവനവളുടെ കൈകളിൽ മുറുകെ പിടിച്ചു….
ശിവ ദയനീയ ഭാവത്തിൽ അവനെ നോക്കി….
അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ ആദീ….
വേറിട്ട ശബ്ദം എല്ലാവരെയും രാഹുലിലേക്കെത്തിച്ചു….
നീയത് വിശ്വസിക്കുന്നില്ലായിരിക്കാം…. എന്നാൽ ഇവിടെ നീ മാത്രമല്ലല്ലോ ഉള്ളത്….
രാഹുലിന്റെ ശബ്ദത്തിന്റെ വ്യത്യാസം ആദിയടക്കം എല്ലാവർക്കും മനസ്സിലായിരുന്നു…..
മക്കൾ തമ്മിൽ വേർപെടുമോയെന്ന ഭയം ജാനകിയിൽ അരിച്ചു കയറാൻ തുടങ്ങിയിരുന്നു..
എന്ത് പറയണമെന്നറിയാതെ അവർ നിന്നു…. രാഹുലിൽ നിന്നും ആരും അങ്ങനെയൊരു സംസാരം പ്രതീക്ഷിച്ചൂട്ടില്ലെന്നത് വ്യക്തമായിരുന്നു….
രാഹുലിന്റെ വാക്കുകൾ ആദിയിൽ അങ്ങേയറ്റം മുറിവുകൾ തീർത്തിരുന്നു…
ശിവയുടെ കൈകളിൽ പിടിച്ചിരുന്ന അവന്റെ കൈകൾ പതിയേ അയഞ്ഞു….
ശിവ നിർവികാരമായി അവനെ നോക്കി….
വേണിയിൽ ഒരു ചിരിയുണർന്നു….
പിന്നീടെന്തോ ഓർത്തെന്ന പോൽ വിട്ട അവളുടെ കൈകൾ ആദി അതിനേക്കാൾ ശക്തിയിൽ പിടിച്ചു….
എന്നിട്ടവളെ നെഞ്ചോട് ചേർത്ത് നിർത്തി….
അതിനു ഇട്ട് തരുന്നില്ല ഞാൻ ആർക്കും ഇവളെ… ഇവള് കാരണം എന്തെങ്കിലും സംഭവിക്കുമെന്ന് ഭയക്കുന്നവരുടെ ഇടയിൽ ഞാനിവളെ നിർത്തുകയുമില്ല…..
എന്റെ ശ്വാസം നിലക്കുന്നത് വരെ അവളെ ചേർത്ത് നിർത്താൻ ഞാനുണ്ട്…. അത് മതിയവൾക്ക്……
ഞങ്ങൾ ഇവിടെ നിന്നിറങ്ങിയാൽ ശിവയെ നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ലല്ലോ….
മാറ്റാരുടെയെങ്കിലും ദോഷം വരാതിരിക്കാൻ പ്രാർത്ഥിച്ചോളു…..
വിധിയെ കാത്തിരിക്കാതെ ദോഷത്തെ ഭയന്നിരിക്കുന്നവർക്ക് അതിനല്ലേ സമയം കാണു….
ആദിയത് പറയുമ്പോഴും ആരും ഒന്നും മിണ്ടിയില്ല….
ആദി അവിടെ നിന്ന് പോകുന്നു എന്ന് പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തീർത്ത മുറിവുമായി ഒന്നും പറയാൻ പോലുമാവാതെ ജാനകി നിന്നു…..
എന്താ ആദീ നീയീ പറയുന്നത്….. പോകാനോ എങ്ങോട്ടേക്ക്….. ഇത് നിന്റെയും കൂടി വീടാണ്……
രഘു ദേഷ്യത്തോടെ രാഹുലിനെ നോക്കി…. അവന്നപ്പോഴും പറഞ്ഞതിൽ തെറ്റില്ലെന്ന മട്ടിൽ അതേ നിൽപ്പ് നിന്നു….
വേണ്ട അച്ഛാ…. ഇവളെ ഭയന്ന് അവര് നീറുന്നു….
അവരുടെ വാക്കുകളും പ്രവർത്തികളും അവളെയും മുറിപ്പെടുത്തുന്നു…..
ഒരു മാറ്റം നല്ലതാണച്ചാ….
ആദി നെടു വീർപ്പോടെ അത് പറയുമ്പോഴും അവൻ അവളെ ചേർത്ത് തന്നെ പിടിച്ചിരുന്നു….
അവൾ അവനെ തന്നെ നോക്കി നിന്നു…..
എന്നാലും ആദീ ജോലിയൊന്നും ഇല്ലാത്ത ഈ അവസ്ഥയിൽ….
രഘുവിനു നെഞ്ച് പൊട്ടി തുടങ്ങിയിരുന്നു…..
അവസ്ഥകളെല്ലാം ദൈവം തരുന്നതല്ലേ അച്ഛാ….
തീർച്ചയായും ഒരു കയറ്റത്തിന് ഒരിറക്കമുണ്ടാവും…..
അച്ഛൻ വിഷമിക്കേണ്ട….
അത്രയും പറഞ്ഞു കൊണ്ട് പിന്നീടൊരു സംസാരിത്തിനിടം കൊടുക്കാതെ അവൻ അവളെ കൂട്ടി മുറിയിലേക്ക് പോയി……
ജാനകി അപ്പോഴും അതേ നിൽപ്പ് നിൽക്കുകയായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹അന്ന് രാത്രി ആദി ഉറങ്ങിയിരുന്നില്ല….
പലരെയും വിളിച്ചു എന്തൊക്കെയോ പറയുകയായിരുന്നു….
കട്ടിലിൽ കിടക്കുന്ന ശിവ എത്തി നോക്കി…..
അവൻ പതിയേ വന്നു കട്ടിലിലേക്ക് ചാഞ്ഞു….
ഒരു വീട് ശെരിയായിട്ടുണ്ട്…. നാളെ രാവിലെ തന്നെ പുറപ്പെടണം…..
അവൻ കട്ടിലിൽ നിന്നെഴുന്നേറ്റതും അവൾ കൈകളിൽ പിടിച്ചു….
അവൻ തിരിഞ്ഞു നോക്കി….
എല്ലാവരെയും സങ്കടത്തിലാക്കി ഇനിയും ഒരു പരീക്ഷണത്തിന് നിൽക്കണോ…
ഈ താലി അഴിച്ചു ഞാൻ കയ്യിൽ തന്നാൽ തീരുന്ന പ്രശനങ്ങൾ മാത്രമേ ഇപ്പോൾ നിങ്ങൾക്കുള്ളു….
ചോദ്യം അത്രയേറെ വികാരഭരതമായിരുന്നെങ്കിലും വികാരത്തിന്റെ വേലിയേറ്റങ്ങളൊന്നും തന്നെ അതിലുണ്ടായിരുന്നില്ല….
പരീക്ഷണമല്ല….ഇതാണിനി നമ്മുടെ ജീവിതം…..
ഈ താലി കഴുത്തിൽ നിന്നൂരി കളയേണ്ടി വന്നാൽ അന്നാദി ഈ ലോകത്ത് ഇല്ലെന്നാണ് സാരം…..
അത്ര മാത്രം പറഞ്ഞു നിർത്തുമ്പോൾ അവന്റെ വാക്കുകളിൽ അങ്ങേയറ്റം ദുഃഖം നിഴലിച്ചിരുന്നു….
അത്രയേറെ ശ്രമിച്ചിട്ടും അവളെപ്പോലെ വികാരങ്ങളെ പിടിച്ചു നിർത്താൻ തനിക്ക് കഴിയാത്തതെന്താണെന്ന് അവൻ ചിന്തിച്ചു…..
അന്ന് രാത്രി രണ്ട് പേരും എല്ലാം മടക്കി വെക്കുന്ന തിരക്കിലായിരുന്നു ….
അവർക്കിടയിൽ ദുഃഖം നിറഞ്ഞൊരു മൗനം കൂട്ട് പിടിച്ചിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ നേരം ജാനകിയുടെ കൺ പോളകൾ വീങ്ങിയിരുന്നു….
കണ്ണുനീർ പാടുകൾ അവരുടെ കവിളിൽ തെളിഞ്ഞു കണ്ടു…..
ഞങ്ങൾ ഇറങ്ങുകയാണമ്മേ….
ആദിയത് പറയുമ്പോൾ പോകരുതേയെന്ന് പറയാൻ മനസ്സൊരായിരം തവണ ശ്രമിച്ചെങ്കിലും രാഹുലിന്റെ മുഖമായിരുന്നു മനസ്സിലേക്ക് വന്നത്….
ആദിയോട് പോവേണ്ടെന്ന് പറഞ്ഞാൽ സ്വാഭാവികമായും രാഹുലിന്നത് ദേഷ്യമായി മാറും…..
ഇന്നലെ അങ്ങനൊരു സാഹചര്യം ഉണ്ടാക്കാൻ തോന്നിയ നിമിഷത്തെ അവർ ഉള്ളൂ കൊണ്ട് പഴിച്ചു…..
രഘു വിനെ കെട്ടിപ്പിടിച് ആദി കരഞ്ഞു…..
മോള് കയറിക്കോ…..
രഘു തന്റെ ദുഃഖം പിടിചോതുക്കാനായി ശിവക്ക് കാറിന്റെ ഡോർ തുറന്ന് കൊടുത്തു…..
യാത്രയിലുട നീളം രണ്ട് പേരും ദുഃഖത്തിലേക്കാണ്ട് പോയിരുന്നു…..
ശിവ എന്തോ ഓർത്തു പുറത്തേക്ക് നോക്കി കിടന്നു….
ആ കണ്ണുകളിൽ നിന്നുതീർന്നു വീഴുന്ന ചുടു കണ്ണീർ കണ്ടതും അവനവളുടെ കയ്യിൽ പിടിച്ചു….
അവൾ ഞെട്ടിയവനെ നോക്കി പിന്നീട് കണ്ണുകൾ തുടച്ചു…..
ഇത് വരെ കാണാത്ത അറിയാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള അവരുടെ പറിച്ചു നടലായിരുന്നു ആ യാത്ര….
അപ്പോഴും ഇനിയെന്തെന്ന ചോദ്യം അവരിൽ ബാക്കിയായി……
(തുടരും )

by