11/05/2026

നില : ഭാഗം 46

രചന – അഹാനിക അനു

ജിതിൻ വരുന്നതിനു മുന്നേ തന്നെ നിവിന്റെ അച്ഛൻ റൂമിൽ നിന്ന് പാറുവിനെ എടുത്തിരുന്നു.
ശ്രേയയെ ചേർത്ത് പിടിച്ചു ഉറങ്ങുന്ന അവളെ കാണെ വേദന തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല.
ശ്രേയക്ക് അവിടെ നടക്കുന്നതോന്നും മനസിലായിരുന്നില്ല.
ഇവിടെ നിൽക്കേണ്ട കുട്ടിയെ എങ്ങോട്ടാണ് കൊണ്ട് പോവുന്നതെന്ന ചിന്തയായിരുന്നു. പാറുവിനെ കൊണ്ട് പോവുന്നതിൽ ഒരു വിഷമം
ഉണ്ടായിരുന്നു.
എന്നാൽ നിലയുടെ അവസ്ഥ മറിച്ചായിരുന്നു. വേഗം കൊണ്ട് വരാം എന്ന് പറഞ്ഞിട്ട് കാണാതായപ്പോൾ അവൾ നന്ദുവിനോടും കിച്ചുവിനോടും ഒന്ന് തിരക്കാൻ പറഞ്ഞു. ആദ്യമൊന്നും രണ്ട് പേരും ശ്രദ്ധിച്ചില്ലെങ്കിലും നില ഒരു സ്ഥലത്ത് ഇരിക്കാതെ നിവിന്റെ വീട്ടിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് നന്ദു എഴുനേറ്റു വീട്ടിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോളാണ് പാറുവിനെയും എടുത്തു അച്ഛൻ കയറി വന്നത്. നന്ദു എടുത്തു അവളെ നിലയുടെ റൂമിൽ കിടത്തി.

” എന്റെ കുട്ടിയുടെ ഗതികേട് കൊണ്ടാണ് സ്വന്തം വീട്ടിൽ നിൽക്കാൻ കഴിയാതെ മറ്റൊരു വീട്ടിൽ നിൽക്കേണ്ടി വന്നത്. ഈ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ.
മോളോട് എന്നും കടപ്പേട്ടിരിക്കും ”

നിലയുടെ കയ്യിൽ പിടിച്ചു വേദനയോടെ ചിരിച്ചു അയാൾ തിരിഞ്ഞു നടന്നു.

രാജേഷ് വീട്ടിൽ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞു രേവതിയും ശ്രുതിയും അവിടെ നിന്ന് ഇറങ്ങി. രേവതിക്ക് ഒട്ടും മനസുണ്ടായിരുന്നില്ല. ഉറങ്ങി കിടക്കുന്ന പാറുവിന്റെ കവിളിൽ ഉമ്മ വച്ചു പോയി.

പാറു പോയതിന് ശേഷം ശ്രേയ ശ്യാമയുടെ മുറിയിലേക്ക് കയറി ബെഡിൽ ഇരുന്നു.

” മോള് പോയോ ”

ശ്യാമയുടെ ചോദ്യത്തിന് ശ്രേയ ഒന്ന് മൂളുക മാത്രം ചെയ്തു. ഇത്രയും നേരം സന്തോഷമായിരുന്ന അവരുടെ മുഖത്ത് വിഷാദം നിറഞ്ഞത് അവൾ കണ്ടു.
മറ്റെന്തൊക്കയോ ഇവിടെ നടക്കുന്നുണ്ടെന്ന് ഇന്ന് നടന്നതൊക്കെ വച്ചു നോക്കുമ്പോൾ അവൾക്ക് മനസിലായി. എന്നിരുന്നാലും താൻ ഇവിടെ വെറും ഹോംനഴ്‌സ് മാത്രമാണ് ഈ വീട്ടിലെ മറ്റു കാര്യത്തിൽ തലയിടണ്ട എന്ന് തന്നെ വിചാരിച്ചു.

രാവിലെ ഇറങ്ങിയ ജിതിൻ രാത്രിയാണ് കയറി വന്നത്. ശ്യാമയ്ക്കുള്ള ഭക്ഷണവും മരുന്നും കൊടുത്തു മുഖം തുടച്ചു തിരിഞ്ഞപ്പോൾ കാണുന്നത് ഡോറിന്റെ മുമ്പിൽ നിൽക്കുന്ന ജിതിനെ ആണ്. അവനെ പെട്ടെന്ന് കണ്ടതിൽ അവളൊന്ന് ഞെട്ടിയെങ്കിലും ജിതിന്റെ ചിരി കണ്ടപ്പോൾ ഒരു സമാധാനമായി.

” തനിക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ ഇവിടെ ”

” എനിക്ക് എന്ത് ബുദ്ധിമുട്ട്. ഒരു കുഴപ്പവുമില്ല ”

” എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി.
പിന്നെ വീട്ടിൽ പോവാണേൽ പോവാം ട്ടോ. രാവിലെ ഞാൻ നല്ല മൂഡിൽ അല്ലായിരുന്നു അതാണ് അങ്ങനെ പറഞ്ഞത് ”

തിരിച്ചൊരു മറുപടി കാക്കാതെ തല അനക്കി അമ്മയെ ഒന്ന് നോക്കി ജിതിൻ മുകളിലേക്ക് കയറി. ശ്രേയ ഇതെന്ത് കൂത്തെന്ന രീതിയിൽ ശ്യാമയെ നോക്കി. അവർ തല തിരിച്ചു കിടക്കുകയാണ്.
അടുക്കള വൃത്തിയാക്കുന്ന നിവിന്റെ അച്ഛന്റെ കൂടെ അവളും കൂടി വേണ്ടെന്ന് അയാൾ പറഞ്ഞെങ്കിലും അവൾ കേട്ടില്ല.

” വീട്ടിൽ ആണേലും ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്യാറുള്ളത്. ഏട്ടൻ കഴിച്ച ഒരു പാത്രം പോലും അടുക്കളയിൽ കൊണ്ട് വയ്ക്കുന്നത് കണ്ടിട്ടില്ല. അമ്മ തന്നെയാണ് അങ്ങനെ ആക്കി എടുത്തത്. പെണ്ണ് കുട്ടികൾ ഉള്ളപ്പോൾ ആൺ കുട്ടികൾ അടുക്കളയിൽ കയറാൻ പാടില്ല അവരെ കൊണ്ട് പണിയെടുപ്പിക്കാൻ പറ്റില്ല എന്നൊക്കെ.
സർ ചെയ്യുന്നതിനും കുഴപ്പമൊന്നും ഇല്ല ട്ടോ. പക്ഷെ ചുമ്മ ഇരിക്കുമ്പോൾ എനിക്കൊരു ചടപ്പാണ് ”

പാത്രം കഴുകി കൊണ്ട് സംസാരിക്കുന്ന അവളെ സ്ലാബിന്റെ മുകളിൽ ഇരുന്നു നിവിന്റെ അച്ഛൻ നോക്കി ഇരുന്നു.

” വീട്ടിൽ ആരൊക്കെ ഉണ്ട് ”

“അമ്മയും ഞാനും ഏട്ടനും മാത്രേ ഉള്ളു.. ”

” ഏട്ടൻ വിവാഹം കഴിച്ചില്ലേ ”

” ഹ്മ്മ് ”

ശബ്ദം അവളെ പതിഞ്ഞു പോയിരുന്നു.

” അവർ വീട്ടിലില്ലേ ”

” ഉണ്ടായിരുന്നു. ഇപ്പോളില്ല.
ഞാൻ ചെറുതാവുമ്പോൾ തന്നെ അച്ഛൻ മരിച്ചിരുന്നു. പിന്നെ വീട് നോക്കിയിരുന്നത് അമ്മയും ഏട്ടനുമാണ്. ഞാൻ നഴ്സിംഗ് പഠിക്കാൻ പോയി ഒരു വർഷം ആവുന്നതിന് മുന്നേ ഏട്ടന്റെ വിവാഹം കഴിഞ്ഞിട്ടുണ്ട്. പ്രണയ വിവാഹം ആയിരുന്നു. വീട്ടിൽ പ്രശ്നമായപ്പോൾ ചേച്ചി ഇറങ്ങി വന്നതാണ്. കഷ്ട്ടപ്പാടുകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിൽ കൂടി ചേച്ചിയേ അതൊന്നും അറിക്കാതെ തന്നെയാണ് കൊണ്ട് നടന്നത്.
പിന്നെ അവർക്കിടയിൽ പ്രശ്നങ്ങൾ വന്ന് നിറഞ്ഞു.
അതിൽ ഒരു കാരണം എന്നേ പഠിപ്പിക്കുന്നതായിരുന്നു. ചേച്ചിയുടെ കുറ്റപെടുത്തൽ എല്ലാം കേട്ട അമ്മയാണ് വിളിച്ചു പറഞ്ഞത് ഉള്ള പഠിപ്പൊക്കെ മതി കുടുംബം വിറ്റ് നീ പേടിക്കണ്ട എന്ന്. പിന്നെ അവിടെ നിന്നില്ല തിരിച്ചു വീട്ടിലേക്ക് വന്നു. ഏട്ടനെ കുറ്റം പറയാൻ പറ്റില്ല മെസ്സ് ഫ്രീ…ഹോസ്റ്റൽ ഫീ പഠിക്കുന്നത്… എല്ലാം കൂടി താങ്ങാൻ കഴിയില്ല.
എല്ലാം ഒഴിവാക്കി തിരിച്ചു വന്നപ്പോൾ പിന്നെ ഞാൻ വീട്ടിൽ ഇരിക്കുന്നതായിരുന്നു ചേച്ചിക്ക് പ്രശ്നം. ഏട്ടൻ തന്നെയാണ് ഒരു സ്ഥലത്ത് ഹോംനഴ്സ് ആയി കൊണ്ടാക്കി.
നല്ല ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്.
അതിന്റെ ഇടയിൽ ചേച്ചി പ്രസവിച്ചു പെൺ കുഞ്ഞു ഞങളുടെ അമ്മു. എന്തൊരു സന്തോഷമായിരുന്നെന്നറിയോ വീട്ടിൽ. അവളുടെ സംസാരവും കളിയും ചിരിയും. എന്നേ മാത്രം മതിയായിരുന്നു. എന്റെ ചൂടിലായിരുന്നു ഉറങ്ങിയിരുന്നത്. അവളൊന്ന് കരഞ്ഞാൽ എനിക്ക് വേദനിക്കും.
ആ സമയമെല്ലാം ചേച്ചി ആദ്യത്തേക്കാൾ സ്നേഹത്തിലായിരുന്നു എല്ലാവരോടും നിന്നിരുന്നത്.
പക്ഷെ ആ സ്നേഹം ഞങളുടെ മുന്നിലെ മറ ആയിരുന്നുവെന്ന് അറിഞ്ഞില്ല.
ഒരു ദിവസം മറ്റൊരാളുടെ കൂടെ മോളെയും കൊണ്ട് ഇറങ്ങി പോയി. കുട്ടി പോലും ഏട്ടന്റെ അല്ലെന്ന് മുഖത്തടിച്ചു പറഞ്ഞു.
ഏട്ടൻ കാൽ പിടിച്ചു പറഞ്ഞു തിരികെ വരാൻ. കേട്ടില്ല.
അന്ന് തളർന്നു പോയതാണ് ഏട്ടൻ. വീട്ടിലെ ഒരു കാര്യവും അന്വേഷിക്കാറില്ല. രണ്ട് പേർ ജീവനോടെ ഉണ്ടോ എന്ന് പോലും.
ഞാൻ വീണ്ടും പണിക്ക് പോയാണ് വീട് നോക്കിയിരുന്നത്.
സത്യം പറയാലോ സർ. പാറുവിനെ കാണുമ്പോൾ എല്ലാം എനിക്ക് അമ്മുവിനെ ഓർമ വരും. സങ്കടമെല്ലാം മാറുന്ന പോലെ. മോളെ എങ്ങോട്ടാണ് ഇന്ന് കൊണ്ട് പോയത് എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ ഒരു കാര്യം പറയട്ടെ.
അവൾ ഈ വീട്ടിൽ ഉണ്ടെങ്കിൽ മാത്രമേ ഈ വീട്ടിൽ സന്തോഷം തിരികെ വരൂ.
മറ്റൊരു സ്ഥലത്ത് അവൾ സുഖമായി ഇരിക്കുമെന്ന് തോന്നുന്നുണ്ടോ.
ഇതൊന്നും പറയാൻ ഞാൻ ആരുമല്ല ഇന്ന് വന്നതാണെങ്കിൽ കൂടി പലതും മനസിലായിട്ടുണ്ട്.
പാറു ഈ വീട്ടിൽ ഉണ്ടെങ്കിൽ മാഡം വേഗം എഴുനേറ്റു. അത് എനിക്ക് ഉറപ്പുണ്ട്.

റൂമിൽ നിന്ന് ഇറങ്ങി ജിതിൻ വെള്ളമെടുക്കാൻ വന്ന് ഫ്രിഡ്ജ് തുറക്കുമ്പോളാണ് ശ്രേയ അച്ഛനോട് സംസാരിക്കുന്നത് കേട്ടത്. അവർ പറയുന്നത് എല്ലാം കേട്ട് നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന ശ്രേയയെ കണ്ട് വേഗം മുകളിലേക്ക് പോയി.

🌻🌻🌻🌻🌻🌻🌻

ഉറങ്ങി എഴുനേറ്റത് മുതൽ പാറു അധികം സംസാരിക്കുന്നുണ്ടായിരുന്നില്ല. വൈകുന്നേരം ചായ കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞു നിലത്ത് കളിക്കുന്ന ദേവൂട്ടിയുടെ കൂടെ പോയിരുന്നു. നിലയ്ക്ക് പാറുവിന്റെ പെരുമാറ്റം കണ്ട് പേടി തോന്നി. രാത്രി ആരും പറയാതെ തന്നെ ബുക്ക്‌ എല്ലാം എടുത്തു റൂമിൽ ഇരുന്ന് പേപ്പർ നോക്കുന്ന ശരത്തിന്റെ മടിയിൽ പോയിരുന്നു മേശയിൽ ബുക്ക് തുറന്നു വച്ചു ശരത്തിനെ തല ചെരിച്ചു നോക്കി.

” നാളെ കാക്ക മലർന്നു പറക്കോ പെണ്ണേ. അത്ഭുതമാണല്ലോ നടക്കുന്നത് ”

” പറ്റിപ്പിച്ചു താ പപ്പേ ”

അവളുടെ ഉത്സാഹം കണ്ടപ്പോൾ ശരത് അവൾക്ക് ഓരോന്നായി പറഞ്ഞു കൊടുത്തു. ബുക്ക്‌ തുറക്കുമ്പോൾ തന്നെ ഉറക്കം വരുന്ന പെണ്ണ് ഇന്ന് ഒരു മടുപ്പും തോന്നാതെ എല്ലാം ശ്രദ്ധിച്ചു ഇരിക്കത് കണ്ട് അവൻ ഡോറിന്റെ മുന്നിൽ അവളെയും നോക്കി നിൽക്കുന്ന നിലയെ ശ്രദ്ധിച്ചു.

” ഇനി മതി. നാളെ പഠിക്കാം ഇപ്പോൾ പോയി കളിച്ചോ ”

പാറുവിന്റെ കവിളിൽ ഉമ്മ വച്ചു ശരത് പറഞ്ഞപ്പോ അവൾ താഴെ ഇറങ്ങി ബുക്ക്‌ എടുത്തു നിലയെ നോക്കി പുറത്തേക്ക് പോയി.

” എനിക്ക് പേടി ആവുന്നു ശരത്തെട്ട. രാവിലേ വരെ ഒരു കുഴപ്പവുമില്ലായിരുന്നു. ഇന്ന് നിവിനെട്ടന്റെ വീട്ടിൽ പോയി വന്നപ്പോൾ മുതൽ ഇങ്ങനെയാണ്. എന്നോട് ഒന്നും സംസാരിക്കുന്നില്ല. ഇനി അവർ വല്ലതും പറഞ്ഞു കാണോ. പറഞ്ഞു വിടണ്ടായിരുന്നു കുട്ടിയെ അങ്ങോട്ട്. ”

ബെഡിൽ ഇരുന്നു നില മുഖം കൈ കൊണ്ട് പൊത്തി.

” താൻ എന്താടോ ചെറിയ മക്കളെ പോലെ. മോൾക്ക് ഒരു പ്രശ്നവും ഇല്ല അവൾക്ക് ഇന്ന് വീട്ടിലേക്ക് പോയപ്പോലുള്ള ഷോക്കാണ്. അച്ഛനും അമ്മയും ഇനി ഇല്ല എന്നത് അവൾ അക്‌സെപ്റ്റ് ചെയ്തു കഴിഞ്ഞതാണ്. ആ റൂമും വീടും കാണുമ്പോളുള്ള ഒരു ബുദ്ധിമുട്ട് മാത്രമാണ് ഇപ്പോൾ . നാളെ ആവുമ്പോളേക്കും അവൾ ഉഷാറാവും. നീ നോക്കിക്കോ. ”

” ശേരിയാവോ ശരത്തെട്ട ”

” പിന്നല്ലാതെ. നീ പോയി കഴിക്കാൻ എടുത്തു വയ്ക്ക്. വിശക്കുന്നുണ്ടാവും. ചെല്ല് ”

ബുക്ക്‌ എല്ലാം ഒരു സ്ഥലത്ത് ഒതുക്കി വച്ചു പാറു ഉമ്മറത്തു ദേവൂട്ടിയെയും മടിയിൽ വച്ചു ഇരിക്കുന്ന നന്ദുവിന്റെ ഒരു സൈഡിൽ പോയിരുന്നു അവന്റെ നെഞ്ചിൽ കിടന്നു. ദേവൂട്ടി ചാടി പാറുവിന്റെ മേല്ക്ക് കിടന്നു കവിളിൽ ഉമ്മ വച്ചു കവിളിൽ എല്ലാം തുപ്പലാക്കി.

” ഈ പെണ്ണ് ഇപ്പോൾ പാറുവിനെ തുപ്പൽ കൊണ്ട് കുളിപ്പിക്കും. ചുണ്ടിന് മേട്ടം കിട്ടും ഇനി തുപ്പൽ തെറുപ്പിച്ചാൽ ”

പാറുവിന്റെ മേലേക്ക് ചാഞ്ഞ ദേവൂട്ടിയെ മാറ്റി ഇരുത്തിയപ്പോൾ പെണ്ണ് നന്ദുവിന്റെ മുഖത്തേക്ക് തുപ്പൽ തെറിപ്പിച്ചു. നന്ദു ചുണ്ടിന് ഇരു മേട്ടം കൊടുത്തപ്പോൾ നഖം കൊണ്ട് നെഞ്ചിൽ മാന്തി.
നന്ദു വേദന കൊണ്ട് ഒച്ച വച്ചപ്പോൾ കിച്ചു ദേവൂട്ടിയെ എടുത്തു മടിയിൽ ഇരുത്തി . ആൾ മാറിയെങ്കിലും പെണ്ണിന് മനസിലായില്ല. കുറച്ച് നേരം കിച്ചുവിന്റെ മുഖത്തേക്ക് നോക്കി പിന്നെ കവിളിൽ ഉമ്മ വച്ചു.
പാറു ചുരുണ്ടു നന്ദുവിന്റെ നെഞ്ചിൽ കിടക്കുന്നത് കണ്ട് അവൻ തല താഴ്ത്തി നോക്കി.

” എന്താടി പെണ്ണേ മിണ്ടാതെ നിൽക്കുന്നത് ”

” ഒന്നുല്ല വിക്രമ ”

” ഹോ എന്താണ് സുഖം അല്ലേ ഇങ്ങനെ കിടക്കാൻ എണീക്കടി തടിച്ചി പാറു. കാൽ വേദന ആവുന്നു. ”

” നാൻ അല്ല വിക്രമൻ ആണ് തറ്റിയൻ. നാൻ ഇരിക്കും ”

ഒന്ന് നിരങ്ങി വീണ്ടും അതേ പോലെ തന്നെ കിടന്നു.
കഴിക്കാൻ ഉള്ളതും കൊണ്ട് വന്ന നില നന്ദുവിന്റെ മുമ്പിൽ ചെയർ ഇട്ടിരുന്നു അവൾക്ക് കൊടുത്തപ്പോൾ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും നില ഒന്നും പറയാതെ നോക്കി നിൽക്കുന്നത് കണ്ട് നന്ദു അവളെ ഒന്ന് കുലുക്കിയപ്പോൾ വായ തുറുന്നു കൊടുത്തു.
ദേവൂട്ടി ആണേൽ പാറുവിന് കൊടുക്കുന്നത് കണ്ട് നിലയുടെ മടിയിലേക്ക് നിരങ്ങി വന്നു വാ തുറന്നു. നില കൊടുക്കുന്നത് പോരാത്തേ അവളുടെ വകയും കയ്യിട്ട് പാറുവിന് കൊടുത്തു.

🌻🌻🌻🌻🌻🌻🌻

നിരഞ്ജൻ പറഞ്ഞ കോഫിഷോപ്പിന് മുമ്പിൽ വണ്ടി നിർത്തി ജിതിൻ ഉള്ളിലേക്ക് കയറി നിരഞ്ജൻ ഇരിക്കുന്ന ചെയറിന് ഓപ്പോസിറ്റ് ഇരുന്നു.

” എന്താണ് സർ കാണണമെന്ന് പറഞ്ഞത് ”

ജിതിൻ നിരഞ്ജനു നേരെ തിരിഞ്ഞു.

” ഞാൻ ജിതിന്റെ ജോബിന്റെ കാര്യം പറയാനാണ് വിളിച്ചത്. തനിക്ക് നാളെ മുതൽ ഷോപ്പിൽ വരാം ”

” കൃഷ്ണ പുരത്ത് ഉള്ളവർ ജോലി നൽകുന്ന കാര്യം അറിയിക്കുന്നത് ഇതേ പോലെ കോഫിഷോപ്പിൽ നിന്നാണോ. എല്ലാവർക്കും ഈ പരിഗണന നൽകാറുണ്ടോ. ”

നിരഞ്ജന്റെ സംസാരത്തിൽ തൃപ്തി കുറവ് തോന്നി ജിതിൻ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി.

” താൻ എന്താ അങ്ങനെ പറഞ്ഞത് ”

” ഞാൻ കുറച്ച് ദിവസം ജോലിയുടെ കാര്യം പറഞ്ഞു സറിന്റെ പിറകെ നടന്നിരുന്നു. അന്നൊന്നും ഈ എളിമയും പരിഗണനയും തന്നിരുന്നില്ല. അപ്പോൾ പിന്നെ ഇത് പോലൊരു സൽക്കാരം തരുമ്പോൾ ചോദിക്കാതിരിക്കാൻ കഴിയില്ല.
എന്റെ ജോലിയുടെ കാര്യം പറയാൻ അല്ല സർ വിളിച്ചത്. ഇനി അതാണേൽ തന്നെ ഇപ്പോൾ എനിക്കത് അവശ്യമില്ല.
അല്ലേൽ എന്നേ കൊണ്ട് എന്ത് അവശ്യമാണ് ഉള്ളതെന്ന് തുറന്നു പറയാം. ”

” താൻ കൊള്ളാലോ. എനിക്ക് ഇഷ്ട്ടപെട്ടു. കാര്യം മുഖത്ത് നോക്കി പറയുന്നവനെ എനിക്ക് പണ്ടേ ഇഷ്ട്ടമാണ്. ”

നിരഞ്ജൻ ചിരിച്ചു

” എന്നിട്ട് സർ ഇപ്പോൾ അങ്ങനെ അല്ലല്ലോ ചെയ്യുന്നത്. കാര്യം പറയാം ”

” ആയിക്കോട്ടെ. ഞാൻ വളച്ചു കെട്ടുന്നില്ല. എനിക്ക് ഒരു പെണ്ണിനെ പൊക്കണം. അത് നീ വിചാരിച്ചാൽ മാത്രമേ പറ്റു. എന്നേ ആ കാര്യത്തിൽ ഹെല്പ് ചെയ്യണം ”

” ഏത് പെണ്ണ് ”

” നിനക്ക് അറിയും. കണ്ടിട്ടും ഉണ്ട്.
നില ”

ജിതിന്റെ കണ്ണുകൾ കുറുകി. നിരഞ്ജന്റെ ചുണ്ടിലെ ചിരി കാണെ മറ്റെന്തിനോ ഒളിക്കുന്ന പോലെ.

” അവളെ എന്തിന് നിങ്ങൾ പൊക്കണം. കാര്യം എന്താണ് ”

” അതൊന്നും താൻ അന്വേഷിക്കേണ്ട. പറഞ്ഞ കാര്യം ചെയ്തു തന്നാൽ നീ ചോദിക്കുന്നത് നിനക്ക് തരും അത് എത്ര ആണേലും ”

” നടക്കില്ല….
അമ്മാതിരി ചീപ് പരിപാടിക്ക് എന്നേ കിട്ടില്ല. സർ വേറെ ആളെ നോക്ക്. നോക്കിയിട്ടും കാര്യം ഉണ്ടാകുമെന്ന് തോന്നുണില്ല അവളെ പോക്കുന്നതൊന്നും നടക്കില്ല. അപ്പോൾ ഞാൻ പോയി ”

” എന്തിനാടാ ഇത്രയൊക്കെ ജാഡ. സ്വന്തം ഏട്ടനേയും ഏട്ടത്തിയേയും കൊല്ലാൻ ശ്രമിച്ച നിനക്കണോ ഒരു പീറ പെണ്ണിനെ പൊക്കാൻ ബുദ്ധിമുട്ട് ”

“അതേ സ്വന്തം ഏട്ടനേയും ഏട്ടത്തിയെയും കൊല്ലാൻ ശ്രമിച്ചവൻ തന്നെയാണ്. പക്ഷെ ഒരു കാര്യമുണ്ട് സാരെ ജിതിൻ ഏൽപ്പിച്ച വണ്ടി തട്ടിയല്ല അവർ മരിച്ചത്. അത് ആരാണെന്ന് ഇപ്പോൾ വിളറി വെളുത്ത സാറിന്റെ ഫേസ് കണ്ടാൽ മതി. ഞാനായിട്ട് ഒന്നും കുത്തി പോകുന്നില്ല. നിങ്ങളെ നക്കാപിച്ച കിട്ടിട്ട് വേണ്ട എനിക്ക് ജീവിക്കാൻ. ഇനി ഇമ്മാതിരി ഓരോന്ന് പറഞ്ഞു എന്നേ വിളിക്കാൻ നിൽക്കരുത്.
ഇനി അവളുടെ പിറകെ പോവാൻ നിൽക്കണ്ട. പോയെന്ന് ഞാൻ അറിഞ്ഞാൽ സർ എന്നേ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണല്ലോ ഇങ്ങോട്ട് വന്നത് ഏട്ടനെ ഇല്ലാതാക്കാൻ നോക്കിയവന് വേറെ പലതും ചെയ്യാൻ കഴിയും . ”

നിരഞ്ജനെ കനപ്പിചോന്ന് നോക്കി അവൻ എഴുനേറ്റു പുറത്തേക്ക് ഇറങ്ങി. കയ്യിൽ കിട്ടിയ അവസാന കണ്ണിയും നഷ്ട്ടമായെന്ന ദേഷ്യത്തിൽ നിരഞ്ജൻ ടേബിളിൽ അടിച്ചു താടി ഉഴിഞ്ഞു.
കുറച്ച് കഴിഞ്ഞ് ഫോണിൽ ഉണ്ണിയേട്ടന്റെ കാൾ വന്ന് അത് അറ്റൻഡ് ചെയ്തു ചിരിച്ചു ഇറങ്ങി.

🦋തിരികെ വരും 🦋