രചന – നന്ദിത ദാസ്
എന്തു പറയണമെന്ന് അറിയാതെ യാമി എന്നെ നോക്കി…
“അപ്പാ…. ”
യാമിയുടെ ശബ്ദം ഒരു പതർച്ചയോടെ എന്റെ കാതുകളിൽ വന്നു മുഴങ്ങി…
വീഴാൻ തുടങ്ങിയ അപ്പായെ ഞങ്ങൾ ചേർത്ത് പിടിച്ചു…
യാമി കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു…
ബഹളം കേട്ടു ഹരിയും അമ്മയും ഓടി വന്നു…
എല്ലാവരും കൂടി അപ്പായെ താങ്ങി പിടിച്ചു കട്ടിലിൽ കിടത്തി…
“വേണ്ട… എന്നെ ആരും പിടിക്കണ്ട… എനിക്കൊരു കുഴപ്പവും ഇല്ല… ”
അതും പറഞ്ഞു അപ്പ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു യാമിക്ക് അരികിലേക്കു നടന്നു ചെന്നു…
“എന്തിനാ എന്റെ കുട്ടി കരയുന്നത്…
ഈ അപ്പായെ പറ്റിച്ചതോർത്തിട്ടാണോ..
ഒന്നും വേണ്ടാട്ടോ…
നീ എനിക്കെന്റെ ലെച്ചുമോൾ തന്നെയാണ്… ”
“എന്നോട് ക്ഷമിക്കു അപ്പാ… ഞാൻ… ”
അപ്പ അവളെ നെഞ്ചോടു ചേർത്തണച്ചു…
“ന്റെ കുട്ടി സങ്കടപ്പെടേണ്ട കേട്ടോ…
നീ എന്റെ ലെച്ചു അല്ലെന്നു നിങ്ങളുടെ ഈ സംഭാഷണത്തിന് മുന്നേ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു… ”
എല്ലാരും അതിശയത്തോടെ അപ്പായെ തന്നെ ശ്രദ്ധിച്ചു…
“എങ്ങനെ? അപ്പോൾ അപ്പയ്ക്ക് അറിയാരുന്നോ ഞാൻ ലെച്ചു അല്ലെന്നു…. ”
“ആദ്യമായി നന്ദുമോൾ എന്നെ അപ്പ എന്നു വിളിച്ചപ്പോൾ ഉറങ്ങിക്കിടന്ന എന്റെ മനസ്സ് സന്തോഷത്താൽ ഉണർന്നിരുന്നു…
പക്ഷേ അവളെ കണ്ടപ്പോൾ അത് എന്റെ ലെച്ചു അല്ലെന്ന് എനിക്ക് മനസ്സിലായി…
ശരീരം തളർന്നിട്ടുണ്ടായിരുന്നെങ്കിലും ആ കുട്ടിയുടെ സാമീപ്യം എന്റെ മനസ്സിന്റെ തളർച്ചയെ പാടെ മാറ്റിക്കളഞ്ഞു…
എന്റെ കണ്ണുകളിൽ നിന്നും അവളോടുള്ള വാത്സല്യം ആ കുട്ടി തിരിച്ചറിഞ്ഞു…
എന്റെ ലെച്ചുനെ എന്റെ മുന്നിൽ എത്തിക്കുമെന്ന് വാക്കും തന്നു…
അവൾ പറഞ്ഞതുപോലെ തന്നെ ലെച്ചുനെ എന്റെ മുന്നിൽ എത്തിച്ചു…
എന്റെ കണ്ണുകളും മനസ്സും ഒരുപോലെ തന്നെ നീ ലെച്ചു ആണെന്ന് വിശ്വസിച്ചു…
പുതിയ ഒരു ഉണർവ്വ് ആയിരുന്നു അത് എനിക്ക് ഏകിയത്…
പക്ഷേ… അതെല്ലാം വെറും പാഴ്ക്കിനാവ് മാത്രം ആണെന്ന് ഞാൻ മനസ്സിലാക്കി…
എന്റെ ലെച്ചുമോൾ ഒരിക്കലും തിരിച്ചു വരില്ലെന്ന് ഞാൻ മനസ്സിലാക്കി…
നന്ദുമോൾ ഇവിടുന്നു പോകുന്നതിന്റെ തലേന്ന് രാത്രി എന്റെ റൂമിൽ വന്നിരുന്നു…
യാമിയെ ലെച്ചുമോളായി കണ്ടു വളരെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നു ഞാൻ…
ഉറക്കത്തിൽ എപ്പോളോ എന്റെ കാലുകൾ കണ്ണീരിനാൽ കുതിരുന്നത് ഞാൻ അറിഞ്ഞു…
അവൾ പറയുന്നത് എന്താണെന്നു കേൾക്കാൻ ഞാൻ കാതോർത്തു കണ്ണടച്ച് തന്നേ കിടന്നു…
“ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണു ഞാൻ അപ്പയോട് ചെയ്തത്…
സത്യങ്ങൾ അറിയുമ്പോൾ അപ്പയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതി എന്നെ വല്ലാതെ അലട്ടുന്നുണ്ട്…
ലെച്ചുന്റെ കഥ വിനുവേട്ടൻ പറഞ്ഞപ്പോൾ എല്ലാവരെയും കാണണമെന്ന് നിർബന്ധം പിടിച്ചു വിനുവേട്ടനെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വന്നത് ഞാൻ ആണ്…
ഇവിടെ വന്നപ്പോളാണ് തളർന്നു കിടക്കുന്ന അപ്പായെ ഞാൻ കാണുന്നത്…
എന്റെ സാമിപ്യം അപ്പ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ലെച്ചുന്റെ രൂപ സാദൃശ്യം ഉള്ള എന്റെ യാമിയെ ഇവിടെ എത്തിച്ചാൽ അപ്പയ്ക്ക് നല്ല മാറ്റം ഉണ്ടാകുമെന്നു എന്റെ മനസ്സ് പറഞ്ഞു…
ഒരാളും ഒരു അച്ഛനോടും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്യുന്നതെന്ന് നല്ല ബോധ്യവും ഉണ്ടായിരുന്നു…
പക്ഷേ അപ്പോൾ എല്ലാം എന്റെ മുന്നിലെ ശരി അപ്പായെ എങ്ങനെ എങ്കിലും പഴയ രീതിയിലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു…
സത്യങ്ങൾ ഒരിക്കൽ അപ്പ അറിയും… അന്ന് അപ്പാ ഒരിക്കലും എന്നെയും എന്റെ യാമിയെയും ശപിക്കരുത്…
അപ്പ എത്രയും വേഗം സുഖപ്പെടണം… അല്ലെങ്കിൽ ഒരു പക്ഷേ അപ്പ സുഖപ്പെടുന്നതിനു മുൻപേ ഞാൻ ഈ ലോകത്തിൽ നിന്നും എന്നെന്നേക്കുമായി യാത്ര ആയിട്ടുണ്ടാകും…
ഒരു പക്ഷേ അവസാനമായി ഞാൻ ഏറെ ആഗ്രഹിക്കുന്ന കാര്യവും അപ്പായുടെ സൗഖ്യം ആയിരിക്കും… ”
എന്റെ കാലുകളെ തൊട്ടു വണങ്ങി ഈ റൂം വിട്ടു അവൾ പോകുമ്പോൾ ഒരിക്കലും എനിക്ക് നന്ദുമോളോട് ദേഷ്യം തോന്നിയില്ല…
പകരം ഒരു ബന്ധവും ഇല്ലെങ്കിൽ പോലും എന്നോട് അവൾ കാണിച്ച ആ ആത്മാർത്ഥത മാത്രമായിരുന്നു എന്റെ മനസ്സിൽ…
പിന്നീട് അങ്ങോട്ട് യാമി മോൾ എന്റെ ലെച്ചു അല്ലെന്ന് തന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി…
പക്ഷേ മോളെ കാണുന്ന ഓരോ നിമിഷവും നീ ലെച്ചു തന്നെ ആണെന്ന് എനിക്ക് തോന്നിപ്പോയി…
ഒരു അച്ഛന് വേണ്ട സ്നേഹവും പരിചരണവും എല്ലാം എന്റെ കുട്ടി എനിക്ക് തന്നു…
എന്റെ മകൾ തന്നെയാണ് നീ… അതിൽ ഒരു മാറ്റവും ഇല്ല…
പെട്ടെന്ന് ഈ അച്ഛനെ വിട്ടു നീ പോകുവാണെന്നു കേട്ടപ്പോൾ അച്ഛൻ ആകെ തളർന്നു പോയി മോളെ…. ”
അപ്പ പറഞ്ഞത് അത്ഭുതത്തോടെയാണ് എല്ലാവരും കേട്ടു നിന്നത്…
എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസഭാവം നിഴലിച്ചു…
എന്റെ നന്ദൂ യു ആർ ഗ്രേറ്റ്…
മല പോലെ വന്നത് എലി പോലെ പോയി എന്നു പറയുന്നതുപോലെ നീ എന്ത് ചെയ്താലും അതിന്റെ പരിഹാരം കൂടി കണ്ടിട്ടുണ്ടാകും…
റിയലി യു ആർ ഗ്രേറ്റ് ഡിയർ….
എന്നാലും നിഖിൽ വരുമെന്നുള്ള വാർത്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി….
യാമി അപ്പായുടെ നെഞ്ചോടു ചേർന്ന് തന്നെ ഇരിക്കുകയാണ്…
“ഉടനെ തന്നെ പോകണോ മോളെ…
കണ്ടു കൊതി തീർന്നിട്ടില്ല അപ്പയ്ക്ക് ന്റെ കുട്ടീനെ… ”
“രണ്ട് ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ അപ്പാ…
പോയാലും ഞാൻ ഇവിടേക്ക് തന്നെ വരും…
ആറാം വയസ്സിൽ എനിക്ക് നഷ്ടമായ എന്റെ അച്ഛന്റെ സ്നേഹം തിരികെ കിട്ടിയത് ഇവിടെ നിന്നാണ്…
അത് അനുഭവിക്കാൻ ഞാൻ ഇവിടേക്ക് തന്നേ വരും അപ്പേ… ”
“അതൊക്കെ പോട്ടെ ആരാ ഈ നിഖിൽ?? ”
“നിഖിലേട്ടൻ എന്നെ വിവാഹം കഴിക്കാൻ പോകുന്ന ആളാണ്…
വിവാഹത്തിന് ക്ഷണിക്കാൻ ഞങ്ങൾ രണ്ടാളും ഫാമിലി ആയിട്ട് തന്നെ ഇവിടേക്ക് വരാം കേട്ടോ… ”
“മോളെ… അപ്പോൾ വിനു മോനോ?
അവനു മോളെ ഇഷ്ടം അല്ലേ…
നിങ്ങൾ തമ്മിൽ ഒന്നിക്കണമെന്ന് ഈ അപ്പയ്ക്ക് തോന്നിപ്പോയി… ”
“ഹേയ്… വിനുവേട്ടൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഉണ്ടാകില്ല…
നല്ലൊരു പെൺകുട്ടിയെ വിനുവേട്ടന് കണ്ടു പിടിക്കണം…
ആ കുട്ടി ആരായാലും ഭാഗ്യവതി ആയിരിക്കും… ”
“മ്മ്… അപ്പായുടെ മനസ്സിൽ തോന്നിയത് പറഞ്ഞെന്നേയുള്ളൂ..
ഒരുപാട് സങ്കടം അനുഭവിച്ച കുട്ടിയാണ് വിനുമോൻ…
ഈശ്വരൻ നല്ലത് വരുത്തട്ടെ…. ”
ആദിക്കുട്ടൻ എന്നോട് ശരിക്കൊന്നു ഇണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു അപ്പോളേക്കും തിരിച്ചു പോകുവാണെന്നു ഓർക്കുമ്പോൾ ഒരു സങ്കടം…
ഞാൻ അവനെ വാരിയെടുത്തു പുറത്തേക്കിറങ്ങി….
“ഞാൻ പോയാൽ നീ എന്നെ മറക്കുമോ ആദികുട്ടാ…
ഈ യാമി ചേച്ചിയെ നീ മറന്നു കളയല്ലേ പൊന്നേ…
വഴക്കൊന്നും ഉണ്ടാക്കാതെ മിടുക്കനായി ഇരിക്കണം കേട്ടോ…
ചേച്ചിയും നന്ദു ചേച്ചിയും ഓടി വരും മോനെ കാണാനായിട്ട്…. ”
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ എന്റെ മൂക്കുത്തിയിൽ പണിയുന്ന തിരക്കിലായിരുന്നു അവൻ…
“വിനുമോനെ… അപ്പോൾ നിങ്ങൾ പോകാറായി അല്ലേ… ”
“പോകണം… യാമിയെ തിരികെ എത്തിച്ചല്ലേ പറ്റുള്ളൂ… ”
“തുറന്നു പറഞ്ഞുകൂടേ മോനെ നിന്റെ മനസ്സിൽ ഉള്ളത് യാമി മോളോട്… ”
“ഹേയ്… അതൊന്നും ശരി ആകില്ല…
അവൾക്കു നിഖിലിനെ വല്യ ഇഷ്ടമാണ്…
അവരാണ് ഒന്നിക്കേണ്ടത്… അത് തന്നെ നടക്കട്ടെ… ”
“മോൻ വിഷമിക്കരുത്… ഈശ്വരൻ നന്മകൾ വരുത്തട്ടെ… ”
“അപ്പ ആരോഗ്യം ശ്രദ്ധിക്കണം…
ഹരിയെയും ആദിക്കുട്ടനെയും കൂട്ടി ഇടയ്ക്കൊക്കെ ഞങ്ങളുടെ നാട്ടിലേക്കും വരണം…
ഒന്നും ഓർത്തു സങ്കടപെടരുത്… ”
“മ്മ്… ഞങ്ങൾ തീർച്ചയായും വരാം മോനെ…
നന്ദുമോളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്…
അതുകൊണ്ട് ഉറപ്പായും വന്നേക്കാം… ”
എങ്കിൽ നിങ്ങൾ സമയം കളയണ്ട… ഇരുട്ടുന്നതിനു മുൻപ് അങ്ങ് ചെല്ലേണ്ടതല്ലേ…
ഇനിയും വൈകിക്കണ്ട ഇറങ്ങിക്കോളൂ…
യാത്ര പറയാൻ നേരം യാമി നല്ല കരച്ചിലായിരുന്നു…
ട്രെയിൻ മുന്നോട്ട് നീങ്ങികൊണ്ടേ ഇരുന്നു…
ഒരു പൊട്ടുപോലെ അപ്പയും അമ്മയും ആദിയും ഹരിയേട്ടനും കണ്മുന്നിൽ നിന്നും മറയുന്നതുവരെ ഞങ്ങൾ അവരെ നോക്കി കൈവീശിക്കൊണ്ടേ ഇരുന്നു….
*************
സ്റ്റേഷനിൽ ഞങ്ങളെയും കാത്തു നന്ദുവും അപ്പുവേട്ടനും ഉണ്ടായിരുന്നു…
നന്ദുവിനെ കണ്ടപ്പോളേക്കും യാമി ഒക്കെ ആയി…
പിന്നെ കെട്ടിപിടുത്തവും ഉമ്മവെപ്പും എന്നുവേണ്ട സകലവും അവിടെ നടന്നു….
“നന്ദുവേ…. ”
“എന്താ വിനുവേട്ടാ… ”
“ഇങ്ങനെ ഒരുത്തൻ കൂടി ഇവിടെ നിൽപ്പുണ്ടെന്നു ഓർക്കണം കേട്ടോ…
ഇത്രയ്ക്ക് ജാഡ പാടില്ല…. ”
“ഹയ്യോ… ഒന്ന് പോ വിനുവേട്ടാ…
എനിക്ക് ജാഡ ഒന്നും ഇല്ല…
യാമിയെ കണ്ട സന്തോഷത്തിൽ…. ”
“മ്മ്മ്മ് ആയിക്കോട്ടെ ആയിക്കോട്ടെ ഞാൻ വെറുതെ പറഞ്ഞന്നേ ഉള്ളു…
എന്തായാലും നിനക്കൊരു ബിഗ് താങ്ക്സ് ഉണ്ട്…
എല്ലാം കലങ്ങി തെളിഞ്ഞു ശാന്തം ആക്കിയതിനു… ”
“താങ്ക്സ് കൈയിൽ വെച്ചോ…
വീട്ടിലോട്ടു ഒന്ന് ചെല്ലട്ടെ നമുക്ക് അടിച്ചു പൊളിച്ചു തകർക്കാം…
വിനുവേട്ടൻ വാ… ”
“വാ വിനു…. മാഷ് പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂട്ടിക്കൊണ്ടു വരണമെന്ന്… ”
“ഇല്ല അപ്പു… ഞാൻ തറവാട്ടിലേക്ക് പോവുകയാണ്…
വല്യച്ചനോട് ഞാൻ വിളിച്ചു പറഞ്ഞോളാം… ”
“അയ്യോ അത് പറ്റില്ല…
വിനുവേട്ടൻ വാ എന്തായാലും ഇത്രയും ടൈം ആയില്ലേ ഇനി ഇപ്പോൾ നാളെ പോയാൽ മതി… ”
“പറ്റില്ല നന്ദു… എനിക്ക് ഉടനെ വീട്ടിൽ ചെല്ലണം…
അപ്പോൾ ഒക്കെ…
ബൈ അപ്പു… നന്ദു…. യാമി… ”
“ഓഹ് അങ്ങനെ ആണെങ്കിൽ ബൈ…
ഇടയ്ക്ക് ഇറങ്ങണെ വിനുവേട്ടാ… ”
“ഒക്കെ ഡാ… ബൈ… ”
വിനുവേട്ടൻ നടന്നകലുന്നതും നോക്കി ഞങ്ങൾ മൂവരും നിന്നു…
“എന്തുപറ്റി യാമി വിനുവേട്ടന്… ആള് ആകെ ഓഫ് ആണല്ലോ… ”
“മ്മ് എനിക്കും തോന്നി…
അവിടുന്ന് ഇറങ്ങിയപ്പോൾ മുതൽ ആളാകെ ഡെസ്പ് ആയിരുന്നു…
ട്രെയിനിൽ വെച്ചു പോലും എന്നോട് വലുതായിട്ട് സംസാരിച്ചില്ല…
നല്ല സങ്കടം ഉണ്ടെന്ന് തോന്നുന്നു… ”
“ഹേയ് നിങ്ങൾക്ക് വെറുതെ തോന്നുന്നതാ..
വാ രണ്ടാളും നോക്കി നിൽക്കാതെ വന്നു വണ്ടിയിൽ കയറു…
വിനു വരുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ ഉറപ്പായും വരും… ”
“ഒക്കെ അപ്പുവേട്ടാ… ”
പലവട്ടം തിരിഞ്ഞു നോക്കണമെന്ന് വിചാരിച്ചതായിരുന്നു….
പക്ഷേ നിറഞ്ഞ കണ്ണുകളുമായി നടന്നു നീങ്ങുമ്പോൾ ഇതുവരെയുള്ള ഈ വിനുവിന്റെ റോൾ ഇവിടംകൊണ്ട് അവസാനിക്കുന്നതായി ഒരു തോന്നൽ….
തിരിഞ്ഞു പോലും നോക്കാതെ ഒരൊറ്റ പോക്കായിരുന്നു….
എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു…
യാമിയും നന്ദുവും എല്ലാവരും എന്നിൽ നിന്നും ഒരുപാട് അകലുന്ന പോലെ ഒരു ഫീലിംഗ്…
വീട്ടിൽ ചെന്ന ഉടനെ അമ്മയുടെ മടിയിൽ തലവെച്ചു കൊച്ചു കുഞ്ഞിനെ പോലെ ഞാൻ പൊട്ടിക്കരഞ്ഞു…
കാര്യം അറിയാതെ അച്ഛനും അമ്മയും വിഷമിക്കുന്നത് കണ്ടപ്പോളാണ് എനിക്ക് പരിസര ബോധം ഉണ്ടായത്…
ഒന്നുമില്ലെന്ന് പറഞ്ഞു ഉടനെ റൂമിൽ കയറി വാതിൽ അടച്ചു…
കുറേ കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നി…
ഫോൺ നോക്കിയപ്പോൾ യാമിയുടെ കുറേ അതികം മിസ്സ്ഡ് കാൾ കണ്ടു…
തിരിച്ചു വിളിക്കണോ വേണ്ടയോ എന്ന് ആലോച്ചിരുന്നപ്പോൾ വീണ്ടും അവളുടെ കാൾ…
പിന്നെ ഒട്ടും മടിച്ചില്ല ഫോൺ കാതോരം ചേർത്തു…
“ഹലോ.. വിനുവേട്ടാ… എത്ര നേരം കൊണ്ട് വിളിക്കുവാ എന്താ ഫോൺ എടുക്കാഞ്ഞത്? ”
“കാൾ വരുന്നത് കണ്ടില്ല യാമി…
ഞാൻ അപ്പുറത്ത് അച്ഛന്റെയും അമ്മയുടേം കൂടെ സംസാരിച്ചു ഇരിക്കുവായിരുന്നു….
എന്താ???…. എന്തുപറ്റി നിന്റെ സ്വരം വല്ലാതെ ഇരിക്കുന്നല്ലോ നന്ദുവിന് എന്തെങ്കിലും??? ”
(തുടരും )

by