Karimizhi

The World of Malayalam Stories

Malayalam short stories

9

“നിയമം”

Note :

ആദ്യമേ പറയട്ടെ,ഈ കഥയിലെ ഓരോ സന്ദർഭങ്ങളിൽ പറയപ്പെടുന്ന കാര്യങ്ങളെ കഥ എന്ന രീതിയിൽ കൈകാര്യം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.മാധ്യമങ്ങളെയും പത്രങ്ങളുടെയും വിമർശനങ്ങൾ വ്യക്തിപരമല്ല

അന്ന് നാട് ഉണരുന്നത് കൊടുംക്രൂരതിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ വാർത്തയും കേട്ടുകൊണ്ടാണ്.ഒരമ്മ തന്റെ 13 വയസ്സുകാരിയായ മകളെ വെട്ടിക്കൊന്നു, കഷണങ്ങൾ ആക്കിയതിന് ശേഷം, കത്തിച്ചു.
വാർത്താചാനലുകളിൽ അവർ നിറഞ്ഞു നിന്നു…

ദേവൂട്ടി (ദേവിക )എഴുന്നേറ്റ് വന്നതും ഫോൺ എടുത്തു വാട്ട്സ്ആപ് തുറന്നു.ഗ്രൂപ്പുകളിൽ നിറഞ്ഞ സാനിധ്യമായി മകളെ നിഷ്ഠൂരമായി കൊന്ന അമ്മയുടെ വാർത്തകൾ ആയിരുന്നു…

ജിജ്ഞാസയോടെ അവളിലെ ഡിറ്റക്ടീവ് ഉണർന്നു. അവൾക്കൊരു ഇൻവെസ്റ്റിഗറ്റീവ് ഓഫീസർ ആവണം എന്നായിരുന്നു ആഗ്രഹം അവളുടെ അടങ്ങാത്ത അഭിനിവേശം.എഴുന്നേറ്റ് പോയി ടി വി ഓൺ ചെയ്തു. അന്നെ ദിവസം മുഴുവൻ ആ സ്ത്രീയുടെ വാർത്തകൾ ആയിരുന്നു. അവൾ ആ വാർത്തകളിൽ നിറയുന്ന സ്ത്രീയെ അറിയാൻ അവരുടെ സംഭാഷണം ശ്രവിച്ചു.

” നമസ്കാരം,പ്രധാന വാർത്തകളിലെക്ക് മാന്യ പ്രേക്ഷകർക്ക് സ്വാഗതം…
നാടിനെ നടുക്കിയ കൊലപാതകം . വണ്ടൂരിൽ അമ്മ മകളെ വെട്ടിക്കൊന്നു കഷണങ്ങൾ ആക്കി കത്തിച്ചു.നടുക്കം വിട്ട് മാറാതെ നാട്ടുകാരും അയൽവാസികളും……..”

” സ്വന്തം മകളെ കൊന്നു കത്തിച്ച്,മാംസം കരിഞ്ഞ മണം സഹിക്കവയ്യാതെ അയൽക്കാർ വന്നു നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്.അടുപ്പിൽ ശരീര ഭാഗങ്ങൾ ഓരോന്നും എടുത്തു കത്തിക്കുന്ന ആ സ്ത്രീയെ ആണ് അയൽവാസികൾ കണ്ടത്.പെട്ടന്ന് തന്നെ അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് വരുമ്പോഴേക്കും ശരീരത്തെ മുഴുവൻ അഗ്നിക്ക് ഇരയാകിയിരുന്നു.അതുകൊണ്ട് തന്നെ മറ്റു തെളിവുകൾ മൃതശരീരത്തിൽ നിന്നും ലഭിക്കാനില്ല.പോലീസിനെ കണ്ടപ്പോൾ ഒരു പതർച്ചയും അവരിൽ കണ്ടില്ല എന്നും ചോദ്യം ചെയ്തു കഴിഞ്ഞപ്പോൾ കുറ്റസമ്മതം നടത്തി എന്നുമാണ് പോലീസ് വൃത്താന്തങ്ങൾ അറിയിച്ചത്. ”

“സംഭവസ്ഥലത്ത് നിന്നും നമ്മുടെ വക്താവ് ചേരുന്നുണ്ട് , പറയൂ വിഘ്നേഷ് … എന്താണിപ്പോൾ അവിടെ നടക്കുന്നത്?നടന്ന ക്രൂരതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രേരണകളോ മറ്റു കാരണങ്ങളോ ഉണ്ടോ? അവിടെ അയൽവാസികൾക്ക് എന്താണ് പറയാനുള്ളത്? പറയൂ….”

” മീര, ഇവിടെ നടന്നിരിക്കുന്നത് കൊടും ക്രൂരത ആണ്. തെളിവെടുപ്പിനായി അവരെയും കൂട്ടി പോലീസ് ഇവിടെ എത്തിയിട്ടുണ്ട്.അവരുടെ കൃത്യം കഴിഞ്ഞ് അതിന്റെ വിശദാംശങ്ങളിലേക്ക് നമുക്ക് കടക്കാം.അതിനു മുമ്പായി അവരെ കുറിച്ച് നമുക്ക് അന്വേഷിക്കാം.അമ്മയും മകളും ഇവിടെ താമസിക്കാൻ എത്തിയിട്ട് കുറച്ച് മാസങ്ങൾക്ക്‌ മുമ്പാണ്.നമുക്ക് അവരുടെ അടുത്ത് താമസിക്കുന്ന ഭദ്ര എന്ന അയൽവാസിയുടെ വാക്കുകൾ കേൾക്കാം”

” എന്റെ സാറന്മാരെ…. പൊന്നുപോലെ ഉള്ള കൊച്ചായിരുന്നൂ.എല്ലാരോടും നല്ല സ്നേഹവും ഒക്കെയാ.ഭർത്താവു
മരിച്ചതാണെന്നും കഷ്ടപാടനെന്നും പറയുവാർന്ന്. ആ കൊച്ചു അസ്സലായി പഠിക്കും.എന്റെ കൊച്ചുമോളുടെ കൂടെയാ പഠികണെ. തന്ത ഇല്ലാത്ത കൊച്ചല്ലേ, ആ പെണ്ണുമ്പിള്ള ആണെലോ സുന്ദരിയും, അധികം പ്രായം ഒന്നുമില്ലെന്ന്…കത്തിച്ച് കളഞ്ഞ് അങ്ങ് വല്ലവന്റെയും കൂടെ പോകാമെന്ന് കരുതികാണും.പിശാച്….
ആ കൊച്ചാണെൽ രണ്ട് ദിവസമായി പള്ളിക്കൂടത്തിൽ പോയില്ലത്രെ.ഞങ്ങടെ മോള് ചോദിച്ചപ്പോ അവക്ക് വയ്യ 4 ദിവസം കഴിഞ്ഞ് സ്കൂളിൽ വരുമെന്ന പറഞ്ഞെ…”

” നന്ദി ഭദ്ര അമ്മ. ,ആ സ്ത്രീയെ പേര് സീത എന്നും മകളുടെ പേര് അരുനിമ എന്നും ആണ് .തെളിവെടുപ്പിനായി വന്ന പോലീസ് സംഘം തിരിച്ച് ഇറങ്ങിയിട്ടുണ്ട്.നമുക്ക് അങ്ങോട്ട് പോകാം.നമ്മുടെ കൂടെ ഇപോ ഉള്ളത് എസ് പി ജയരാജ് ആണ്.”

” പറയൂ സർ,ഇനിയെന്ത് നടപടിക്രമങ്ങൾ ആണ് ശേഷിപ് ഉള്ളത്? അടുത്ത നീക്കം എന്താണ്?
കുറ്റം സമ്മതിച്ച സ്ഥിതിക്ക് ഇനി മറ്റു ഫോമലിറ്റീസ് ഒന്നും ഇല്ല.പ്രതിയെ കോടതിയിൽ എത്തിച്ച്,കുറ്റം ചുമത്തി ജയിലിൽ അയക്കുന്നത് ആണ്.ഓകെ താങ്ക്സ്”

ദേവൂട്ടി ,ടി വി ചാനൽ ഓഫ് ചെയ്തത് ഫേസ്ബുക്ക് തുറന്നു. മുഖപുസ്‌തകം ആകെ വാർത്തകളെ കൊണ്ട് നിറഞ്ഞിരുന്നു.പല വാർത്തകളും സീതയെ അഴിഞ്ഞാട്ടക്കാരിയായും,കാമുകനോട് കൂടെ ഒളിച്ചോടാൻ വേണ്ടി ചെയ്തത് ആണെന്നും എഴുതിയിരിക്കുന്നു.

“അവളെ പോലുള്ളവരെ വെടി വച്ച് കൊല്ലണം”
” ഭർത്താവ് മരിച്ചതാണോ അതോ അവൾക്ക് സൗകര്യത്തിന് വേണ്ടി കൊന്നതോ?”
” ആ കുട്ടിയെ അനാഥാലയത്തിൽ കൊടുകാർന്നല്ലോ”
” ചിറകുകൾ മുളയ്ക്കും മുമ്പേ അരിഞ്ഞ് വീഴ്ത്തിയ ബാല്യം”

അതിലെല്ലാം നിറഞ്ഞു നിന്നത് സദാചാരം ആയിരുന്നു.പെണ്ണിന് വായിക്കാൻ പോലും പറ്റാത്ത വാക്കുകൾ കൊണ്ട് അസഭ്യവർഷം നടത്തിയ ചിലർ, ഒരു കൂട്ടർ വേശ്യാ എന്ന് പോലും അവരെ വിശേഷിപ്പിച്ചു. ആ കുഞ്ഞിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകുന്ന ചിലർ, കൊറോണ വൈറസ് പ്രചരണം നടത്തിയ കുറച്ച് ആളുകൾ……

ഇതൊക്കെ കണ്ടപ്പോൾ അവളുടെ മനസ്സിൽ ഓടയെത്തിയത്,ഒരു തെല്ലു ഭയമോ കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെ നടന്നകലുന്ന സീതയെ ആയിരുന്നു….

ദിനരാത്രങ്ങൾ കടന്നുപോയി.വാർത്തകളിൽ ഒന്നോ രണ്ടോ ദിവസം നിറഞ്ഞാടിയ സീതയുടെ സാനിദ്ധ്യം പതിയെ ഇല്ലാതായി. മുഖപുസ്തകത്തിൽ നിന്നും വാട്ട്സ്ആപ്പിൽ നിന്നും അവൾ പാടെ അപ്രത്യക്ഷയായി.പക്ഷേ, ദേവൂട്ടിയിൽ അവൾ നിറഞ്ഞാടി.അവൾക് മാത്രം സീതയെ കാണണം എന്ന് തോന്നി.വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അവൾ നേരെ പോയത് ജയിലേക്ക്‌ ആയിരുന്നു…

ജയിൽ സൂപ്രണ്ട് അവളെ കുറെ ചോദ്യാവലികൾ കൊണ്ട് മൂടി.അതിൽ നിന്നും പുറത്തു വന്നു അനുവാദവും വാങ്ങി കൂടിക്കാഴ്ചയ്ക്ക് അവളൊരുങ്ങി.
മാസങ്ങൾക്ക് ശേഷം നൽകിയ ദിവസം അടുക്കുന്നതിന് മുമ്പായി സീതയ്ക് മരണം വരെ തൂക്കിക്കൊല്ലാൻ ഉള്ള വിധി കോടതി പുറപിടുവിച്ചൂ…

ദേവൂട്ടി തിരക്കിലായിരുന്നു.സീതയുടെ ജീവിതം തന്റെ കഥാബിന്ദു ആക്കുവാൻ വേണ്ട എല്ലാ ചോദ്യങ്ങളും തയ്യാറാക്കി വച്ചു. തന്റെ ലൈഫിലെ ആദ്യത്തെ കേസ് ആണ്.വെറുതെ ആ അമ്മയുടെ പ്രവൃത്തിയിൽ ഉണ്ടായ ഒരു ആശ്ചര്യം.എന്തിനാണ് ചെയ്തത് എന്ന ചോദ്യത്തിന് അവർ നൽകിയ മൗനമായ മറുപടി,തന്നിൽ അടിച്ചേൽപ്പിച്ച ആരോപണങ്ങൾ ഒന്നും നിഷേധിക്കാൻ തയ്യാറാവാതെ കണ്ണുകളിൽ പ്രതിഫലിച്ച നിസ്സംഗത….

പിറ്റേന്ന് രാവിലെ 10 മണിക്ക് തന്നെ ദേവിക ജയിലിൽ എത്തി.സൂപ്രണ്ടിന്റെ അനുവാദത്തോടെ അകത്തേക്ക് കടന്നു. ഒരു വനിത കോൺസ്റ്റബിളിനെ വിളിച്ച് അദ്ദേഹം “ആ 331 നെ ഇൻക്വസ്റ്റ് റൂമിലേക്ക് കൊണ്ടുവരൂ”എന്ന് പറഞ്ഞതിന് ശേഷം,എന്നെയും കൂട്ടി ഒരു മുറിയിലേക്ക് നടന്നു.2 ചെയറുകളും ഒരു മേശയും മാത്രമുള്ള ഒരു ചെറിയ മുറി.
എന്നെ അവിടെ ഇരുത്തികൊണ്ട് അദ്ദേഹം തിരിച്ച് ജോലി ചെയ്യാൻ പോയി.
സമയം ഇഴഞ്ഞു നീങ്ങി.ഞാൻ എന്റെ കേസിലെ പ്രതിയെ കാത്തിരുന്നു….

മുന്നിലേക്ക് വന്ന ആ സ്ത്രീരൂപം കണ്ട് ഞാൻ ഒന്ന് അന്ധാളിച്ചു . ടിവിയിൽ കണ്ടപ്പോൾ കണ്ണുകളിൽ തിളക്കവും ആരോഗ്യവും ഒക്കെ ഉണ്ടായിരുന്ന സീതാമ്മയ്ക് ഇപ്പൊൾ ഒരുപാട് മാറ്റങ്ങൾ കാലം വരുത്തി തീർത്തു…

കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞു, കൺതടങ്ങൾ നന്നേ കറുത്തു പോയി.കവിളുകളിൽ കണ്ണീർ ചാലുകൾ തീർത്തിരിക്കുന്നു.മുടിയെല്ലാം പാറിപരത്തി,ഒരു ഭ്രാന്തിയുടെ പരിവേഷം എന്നോണം എനിക്ക് പ്രതീതമായി.
അലസമായി ഇട്ടിരുന്ന സാരി ഒന്ന് നേരെയാക്കി എന്റെ മുന്നിൽ അവർ ഇരുന്നു. ഒരു അനുസരണയുള്ള കൊച്ചു കുഞ്ഞിനെ പോലെ…

അവരോട് ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ വിറയാർന്ന ശബ്ദത്തോടെ അവർ എന്നോട് സംസാരിച്ചു തുടങ്ങി.

എന്നെ കാണാൻ വന്നത് എന്തിനാണെന്ന് അമ്മയ്ക് അറിയാം.ഇക്കാലം അത്രയും എന്നെ കാണാൻ ഇങ്ങോട്ട് ആരും വന്നില്ല.വരാൻ ഉള്ളത് പെറ്റ അമ്മ മാത്രമാണ്.അവർ പോലും എന്നെ വെറുത്തിട്ടുണ്ടാവും. ‘ സ്വന്തം മകളെ വെട്ടിക്കൊന്നു കഷണങ്ങൾ ആക്കി കത്തിച്ച അമ്മ ‘ . ആ വിശേഷണമുള്ള എന്നെ പ്രസവിച്ചത് തന്നെ എന്തിനായിരുന്നു എന്ന് അവർ ചിന്തിച്ചു കാണും. മോളെന്നെ കാണാൻ വന്നത് ഞാൻ ഇങ്ങനൊരു പാതകം എന്തിന് ചെയ്തു എന്ന് അറിയാൻ അല്ലേ?

ആ ചോദ്യത്തിന് ഞാനൊന്ന് മൂളി.
വളരെ സൗമ്യമായി പക്വതയോടെ സംസാരിക്കുന്ന അവരെ ഞാൻ വളരെ ശ്രദ്ധിച്ചു. ആ കണ്ണുകൾ എന്റെ കണ്ണുകളെ തന്നെ കൊത്തി വലിക്കുകയായിരുന്നു.ഒരു തെല്ലു സംശയമോ പ്രഹസനമോ ഒന്നുമില്ലാതെ പറഞ്ഞ് തുടരുന്ന അവർ എന്നിൽ നിന്നും ഒന്നും മറയ്കുന്നതായി എനിക്ക് തോന്നിയില്ല ..

സീത തുടർന്നു..
എന്നെ കല്യാണം കഴിപിച്ച് അയച്ചതിന് ശേഷം ഒരിക്കൽ പോലും എന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല.അവ നിറയാൻ രമേശേട്ടൻ അനുവദിച്ചിട്ടില്ല.എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു ,ഒന്നിനും ഒരു കുറവും വന്നിട്ടില്ല.കൂലിപ്പണി ആണെങ്കിൽ കൂടി ,ജീവിതം സന്തോഷത്തോടെ മുന്നേറി. എന്റെ കിങ്ങിണി… അത് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ.
അവളുടെ തുടിപ്പ് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് എട്ടനായിരുന്നൂ.

9 മാസം തികഞ്ഞ് അവളെ കൈയിൽ വാങ്ങുമ്പോൾ ഞങ്ങൾക് പുതിയ അനുഭൂതി ആയിരുന്നു. പക്ഷേ ,വിധി ഞങ്ങളെ വിദഗ്ധമായി പറ്റിച്ചു.അവൾക് 3 വയസ്സ് തികഞ്ഞപ്പോൾ കാർ അപകടത്തെത്തുടർന്ന് എട്ടൻ ഞങ്ങളെ വിട്ട് പിരിഞ്ഞു.അതിനു ശേഷം ഞങ്ങളെ ആ വീട്ടിൽ നിന്നും പടിയിറക്കി.എന്റെ മോളുടെ ദോഷം കൊണ്ടാണത്രേ എന്റെ ഏട്ടൻ മരണപ്പെട്ടത്.

അതും കേട്ട് നിൽകാൻ എനിക്ക് സാധിച്ചില്ല. ശബളത്തിൽ നിന്നും മിച്ചo വരുന്ന പൈസ ബാങ്കിൽ എന്റെ പേരിൽ ഇട്ടു തന്നിരുന്നു.അതും ആശ്വസിച്ചു ഞാനും അവളും എന്റെ വീട്ടിലേക്ക് തിരിച്ചു പോയി. എന്നാൽ ദിവസങ്ങൾ കൊഴിഞ്ഞു വീണപ്പോൾ ഞാനും മോളും അവർക്കൊരു ബാധ്യത ആയി.ഏട്ടത്തിമാരുടെ ശാപവാക്കും ഒന്നും കേൾപിക്കാതെ അമ്മയുടെ കാൽ പിടിച്ച് ആശിർവാദം വാങ്ങി ഞാൻ അവളെയും കൂട്ടി ഒരു വാടക വീട്ടിലേക്ക് താമസം മാറി…

ചെറിയ വിദ്യാഭ്യാസമുള്ളത് കൊണ്ട് ടൂഷൻ എടുത്ത് ചിലവുകൾ നോക്കി.കാലചക്രം തിരിഞ്ഞു. പലരും രാത്രികളിൽ ശല്യമായി വന്നിരുന്നു.ഞാനും അവളും പേടികൊണ്ട് ഉറങ്ങാതെ നേരം വെളുപ്പിചിട്ടുണ്ട്.അങ്ങനെ ആണ് പിന്നെ വേറൊരു സ്ഥലത്തേക്ക് മാറിയത്.

ഒരു ദിവസം ഞാൻ മാർക്കറ്റിൽ പോയി തിരിച്ചു വന്നപ്പോൾ കാണുന്നത്, വിവസ്ത്രയായി കിടക്കുന്ന എന്റെ കുഞ്ഞിനെ ആണ്.മരണത്തോട് മല്ലടിച്ച് കിടക്കുന്ന അവളെ ഞാൻ ഇറുകെ പുണർന്നു.പതുകെ കണ്ണുകൾ തുറന്നു അവൾക് സംഭവിച്ചത് എന്നോട് പറഞ്ഞു…

സ്കൂളിൽ നിന്നും നേരത്തെ എത്തിയ അവൾ കുളിച്ച് എന്നെയും കാത്തിരിക്കുക ആയിരുന്നു.അപ്പോഴാണ് മുമ്പ് താമസിച്ചിരുന്ന സ്ഥലത്തെ ടുഷൻ നടത്തുന്ന ഒരാൾ വന്നത്.അമ്മയെ കാണണം എന്നും ഉള്ളിലേക്ക് ഇരിക്കാം ,ഒരു ജോലിയുടെ കാര്യമാണെന്നും പറഞ്ഞ് അയാൾ അകത്ത് കയറി.ചായ ഇടാൻ പോയ അവളെ പിന്നിലൂടെ കടന്നു പിടിച്ച് വായിൽ തുണി തിരുകി കയറ്റി അവൻ…..

ആ അമ്മയുടെ വാക്കുകൾ മുറിഞ്ഞു.മുറിയിൽ തേങ്ങലുകൾ നിറഞ്ഞു. അവളെ എന്നാല് ആവുന്ന വിധം പരിചരിച്ചു.പക്ഷേ ,എനിക്കവളെ വീണ്ടെടുക്കാൻ പറ്റുമെന്ന് തോന്നിയില്ല.അത്രയേറെ മുറിവുകൾ അവൾക് ഉണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ ഞാൻ നേരെ പോയത് അവന്റെ വീട്ടിൽ ആയിരുന്നു.കാമം മൂത്ത് എന്നെ സ്വീകരിച്ച അവനെ എന്റെ വരുതിയിൽ വരുത്തി.അടുക്കളയിൽ ചെന്ന് ഗ്യാസ് തുറന്നു വിട്ടു.പുറത്തെ ബാത്റൂമിലെക്ക്‌ ഫ്രഷ് ആവാൻ ആണെന്ന് പറഞ്ഞ് ഇറങ്ങിയ ശേഷം തീപട്ടി ഉരച്ച് അടുക്കളയിൽ ഇട്ടു.

ആ വീട് ഒരു തീഗോളം ആവുന്നത് നോക്കി ,ചെറിയ പരിക്കോടെ ആർക്കും സംശയമില്ലാതെ ഞാൻ എന്റെ മകളുടെ അടുത്ത് എത്തി.അവളുടെ പ്രതികാരം എന്നിലൂടെ ഞാൻ നിറവേറ്റി.മണിക്കൂറുകൾക്ക് ശേഷം അവളെ ദൈവം തിരിച്ചെടുത്തു.വേദനകളുടെ ലോകത്ത് നിന്നും അവൾക് വിടനൽകി.

എന്റെ മകളുടെ മരണം ഒരു ആഘോഷം ആകുവാൻ കാത്തിരിക്കുന്ന
കഴുകന്മാർക്ക്‌ കൊത്തിതിന്നാൻ ഞാൻ അവളെ നൽകാൻ ഒരുക്കമല്ലായിരുന്നു. പീഡനവും കൊലപാതകവും എല്ലാം ഒരു നേരത്തെ നേരമ്പോക്കിനായി ഉപയോഗിക്കുന്ന വൃത്തികെട്ട ഇവരിലേക്ക്‌ ഒരു “ഇര ” ആയി അവൾക് പുനർജന്മം കൊടുക്കില്ല എന്നത് വാശി ആയിരുന്നു.

ഹൃദയം നുറുങ്ങി അടരുന്ന വേദനയോടെ അവളെ രക്ഷിക്കാൻ ഞാൻ തന്നെ എന്റെ കുഞ്ഞിനെ വെട്ടി അരിഞ്ഞ് അഗ്നിക്ക് ഇരയാക്കി.ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ആ അമ്മയോട് തോന്നിയ വികാരം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്‌. ആ അമ്മ നടന്നു പോകുമ്പോൾ എന്റെ മനസ്സിൽ ഓടി എത്തിയത് ഝാൻസി റാണിയുടെ രൂപമായിരുന്നു.

എല്ലാം കഴിഞ്ഞ് അവർ പറഞ്ഞു.ഇതൊരിക്കലും ആരും അറിയരുത്.നീ മരിക്കുവോളം നിന്റെ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇതിനെ മറവ് ചെയ്യുക.ഇതും പറഞ്ഞു മറുപടിക്ക് കാക്കാതെ സീത നടന്നകന്നു,എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി കൊണ്ട്….

ഇന്നു ഞാനൊരു ഇൻവെസ്റ്റിേറ്റീവ് ഓഫീസർ ആണ്.എന്റെ മുന്നിൽ വരുന്ന ഓരോ കേസിനും ഞാൻ രണ്ടു വശവും ചിന്തിക്കും.അല്ലാതെ ഒരു വശം മാത്രം കണ്ടിട്ട് ,ഒന്നും അറിയാതെ സോഷ്യൽ മാധ്യമങ്ങളിലൂടെ സദാചാരവും മറ്റും പറയുന്ന ചിലരെ പോലെ ചിന്തിക്കാൻ എനിക്ക് ആവില്ല…

ഓരോ വാർത്തയും ഇന്നും ആഘോഷങ്ങളായി തുടരുന്നു.സമൂഹ മാധ്യമങ്ങൾ ഓരോന്നും തേടി അലയുന്നു.ആരെയാണ് വിമർശിക്കാൻ, ചതിക്കാൻ, വാക്കുകൾ കൊണ്ടുള്ള ശരങ്ങളാൽ ജീവൻ എടുക്കാൻ എന്നും ചിന്തിച്ച് ലോകം വാർത്തകൾക്ക് പിന്നിൽ അലയുന്നു…സത്യാവസ്ഥ അറിയാതെ..
തങ്ങളുടെ പരാമർശവും അഭിപ്രായവും കുത്തുവാക്കുകളും കൊണ്ട് ആരെയെല്ലാം വേദനിപ്പിക്കാൻ കഴിയും, കൊല്ലാൻ കഴിയും എന്ന ചിന്തയുമായി….

ഇതിന് പിന്നിലുള്ള കാരണം അറിയാനോ ആ വാർത്ത തെഞ്ഞുമാഞ്ഞ് പോയാൽ അവർക് നീതി ലഭിച്ചോ എന്ന് പോലും തിരക്കാത്ത മാധ്യമങ്ങൾ…
ചില സംഭവങ്ങളിൽ കുറച്ച് പോലും
സമൂഹത്തോട് നീതി പുലർത്താത്ത സമൂഹ മാധ്യമങ്ങൾ……

അവസാനിച്ചു

LEAVE A RESPONSE