22/04/2026

എന്താ.. നിന്റെ നാവിറങ്ങി പോയോ.. അഞ്ജു..

രചന – രച്ചൂസ് പപ്പൻ

#വിധി

എന്റെ പ്രായമുള്ള ഒരുത്തനെ കണ്ടുള്ളു അല്ലേ ചേച്ചി നിനക്ക് പ്രേമിക്കാൻ…. അനിയന്റെ വാക്കുകൾ ചങ്കിൽ തറഞ്ഞു എങ്കിലും മുഖമുയർത്തി ഒന്ന് നോക്കിയതല്ലാതെ മിണ്ടാൻ നാവ് പൊന്തിയില്ല എന്നത് തന്നെയായിരുന്നു വാസ്തവം….

എന്താ.. നിന്റെ നാവിറങ്ങി പോയോ.. അഞ്ജു.. എന്ന് ചോദിച്ചുകൊണ്ട് അമ്മ എന്റെ നേർക്ക് വന്നപ്പോളും അനിയന്റെ മുഖത്തേക്ക് മാത്രം ആണ് ഞാൻ നോക്കിയതും…

എന്ത് പറഞ്ഞാലും കണ്ണുമിഴിച്ചങ്ങു നോക്കി നിന്നോളും.. എന്തിനാണെഡി…. കണ്ണന്റെ കൂട്ടുകാരൻ ആണെന്ന് അറിഞ്ഞിട്ടും നീ അവനുമായി അടുത്തത്… ഈ കുടുംബത്തിന്റെ മാനം കപ്പല് കയറ്റാൻ ആരുന്നോ…. അമ്മ വീണ്ടും എന്റെ കണ്ണിൽ നോക്കി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു…

എന്തെങ്കിലും ഒന്ന് മൊഴിയെടി… നിന്റെ തിരുവായിൽ നിന്ന് മുത്തുപൊഴിയുമോ… എന്ന് ചോദിച്ചു എന്റെ തോളിൽ അമ്മ പിടിച്ചു കുലുക്കിയപ്പോൾ പോലും ഇനി എന്ത് എന്ന് എനിക്ക് ഒരു നിശ്ചയം ഇല്ലായിരുന്നു…

ചേച്ചി എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിക്കണ്ടങ്കിൽ മര്യാതക്ക് പറയടി നീയും അവനും ആയി എന്താ ബന്ധം എന്ന്.. നിയുമായുള്ള ഇടപാട് അവൻ പറയേണ്ടി വന്ന് ഞാൻ അറിയാൻ… ഇനിയെങ്കിലും നിന്റ തിരുവാ ഒന്ന് തുറക്കെടി.. എന്ന് പറഞ്ഞു എനിക്ക് നേരെ വന്ന കണ്ണന്റെ മുഖത്ത് നിന്ന് നോട്ടം മറയ്ക്കാതെ ഞാൻ ചോദിച്ചത്…

എന്താ… നിഖിലിന് ഒരു കുറവ്… പ്രായം ആണ് ഞങ്ങൾക്കിടയിൽ നീ കണ്ടെത്തിയ പ്രശ്നം എങ്കിൽ നിന്റെ ജീവിതത്തിൽ വന്നു പോയ കുട്ടികൾ ഓഹ്.. അങ്ങിനെയല്ല കിളികൾ എല്ലാം പ്രായത്തിനു ഇണങ്ങിയവർ ആയിരുന്നല്ലോ അല്ലേ… കണ്ണാ എന്നായിരുന്നു…

ഡി.. നിനക്ക് അറിയോ അവന്റ സ്വഭാവം… എനിക്കറിയാം അവന്റ എല്ലാ കാര്യങ്ങളും… അതെല്ലാം അറിഞ്ഞു വെച്ച് നിന്നെ അവന്റെ കൂടെ ഞാൻ ജീവിച്ചിരിക്കുമ്പോൾ വിടും എന്ന് കരുതണ്ട എന്ന് പറഞ്ഞു കൈ ചുരുട്ടി പിടിച്ചു ഭിത്തിയിൽ ശക്തിയായി ഇടിച്ചു…

ഒരു നിമിഷം അവന്റെ ഭാവമാറ്റത്തിൽ ഞാൻ ഒന്ന് പതറിയെങ്കിലും…
അവനരികിലേക്ക് ചേർന്ന് നിന്ന് ഞാൻ പറഞ്ഞത്..

അവനെ പറ്റി നന്നായി അറിയാമായിരുന്ന നീ.. അമ്മ ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് ബോധം മറയും വരെ കുടിച്ചു കൂത്താടുമ്പോൾ കെട്ടുപ്രായം തികഞ്ഞ ചേച്ചി ഉണ്ടെന്ന് അറിഞ്ഞില്ലല്ലേ.. നിന്റെ അത്തരം കൂട്ടുകാരന്റെ കണ്ണിൽ നിന്റെ ചേച്ചി വെറും പെണ്ണ് മാത്രം ആയിരിക്കും എന്ന് അറിഞ്ഞില്ലല്ലേ…എന്നായിരുന്നു..

ഒരു നിമിഷം ഒന്നു ഞെട്ടിയത് കൊണ്ടാവാം അവൻ പിന്നോട്ട് ഒന്ന് മാറി പകച്ചു നിന്നത്…ചേച്ചി നീ എന്താ പറയുന്നത് എന്ന് ഓർമ്മയുണ്ടോ എന്ന് ഉള്ള ചോദ്യത്തിന്

അവനരികിലേക്ക് നീങ്ങി നിന്ന് ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞത്.. തന്തയില്ലാത്ത കുഞ്ഞിനെ പോറ്റാൻ മനസ്സില്ലാത്ത കൊണ്ടും വയറ്റിൽ കുരുത്തതിനെ കൊല്ലാൻ വയ്യാത്തത് കൊണ്ടും അവൻ എന്നെ സ്വീകരിക്കാൻ തയ്യാർ ആയത് കൊണ്ടും ഞാൻ അവനൊപ്പം പോകുന്നു കുടുംബമഹിമയെക്കാളും പേരുദോഷതെക്കാളും എനിക്ക് ഇപ്പോൾ ആവിശ്യം എന്റെ കുഞ്ഞിനെ ചൂണ്ടി കാണിക്കാൻ ഒരു അച്ഛൻ മാത്രം ആണ്..മാത്രമല്ല സമൂഹത്തിൽ ഇനി ഒരു ഇരയാകാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.. എന്നായിരുന്നു ഞാൻ പറഞ്ഞത്..

അഞ്ജു.. മോളെ.. നീ… എന്ന് പറഞ്ഞു വാക്കുകൾ കിട്ടാതെ വിങ്ങുന്ന അമ്മയെ നോക്കി അമ്മേ മാപ്പ്… ഒന്നും ഞാനായിട്ട് വരുത്തിയതല്ല.. എന്ന് പറഞ്ഞു എല്ലാം എന്റെ വിധിയെന്ന്ഓർത്ത് ന്റെ വീടിന്റെ പടി ഇറങ്ങുമ്പോൾ വേലിക്കരുകിൽ അവനും എത്തിയിരുന്നു…

എനിക്കായ്.. നീട്ടിയ കയ്യിൽ പിടിച്ചു പടി ഇറങ്ങുമ്പോൾ അവനും പറഞ്ഞിരുന്നു എന്നോട് മാപ്പ്.. എല്ലാത്തിനും മാപ്പ് എന്ന്..

തിരിഞ്ഞു നടക്കുമ്പോൾ അപ്പോഴും കേൾക്കാമായിരുന്നു.. തലയിൽ കൈ വെച്ചുള്ള അമ്മയുടെ ശാപവാക്കുകൾ..

പെങ്ങളെ കൊലക്ക് കൊടുത്തവനെ നീ നശിച്ചു പോകും എന്ന്…

അപ്പോഴും ന്റെ മനസ്സിൽ അവനായുളള പ്രാർത്ഥന അമ്മയുടെ ശാപവാക്കുകൾ ഒന്നും ഏൽക്കരുതേ എന്നായിരുന്നു…