രചന – സുധീ മുട്ടം
കിടപ്പറയിൽ ഭാര്യമാർ വേശ്യയെപ്പോലെ പെരുമാറിയില്ലെങ്കിൽ ഭർത്താക്കന്മാർ ഇഷ്ടമുള്ളവളുമാരോടൊപ്പം പോകും.ഭാര്യയുടെ കഴിവാണെടീ ഭർത്താവിനെ നിയന്ത്രിച്ചു നിർത്തുന്നത്.നിന്നെപ്പോലെ കഴിവില്ലാത്തവളാകുമ്പോ ഇതുപോലെ കണ്ണീർ പൊഴിക്കാനെ പറ്റൂ…..
കണ്ടവളുമാരുടെ കൂടെ കിടന്നിട്ട് വന്ന് മാന്യത ചമയാനുള്ള ഭർത്താവിന്റെ ശ്രമമായിരുന്നത്.കയ്യിൽ കരുതിയ മദ്യം ടീപ്പോയിൽ വെച്ച ഗ്ലാസിലൊഴിച്ചു വീശിയിട്ട് അയാൾ വീണ്ടും തുടർന്നു…
” നാണമില്ലേടീ വേശ്യേ നിനക്കിരുന്നു മോങ്ങാനായി നിന്റെ തന്ത തുലഞ്ഞു പോയോ?…
പരിഹാസം കലർത്തിയെന്റെ അച്ഛനും അയാൾ വിളിച്ചു തുടങ്ങി..
ഇതിവിടെയൊരു പതിവ് കാഴ്ചയാണ്. എവിടെങ്കിലും ജോലി ചെയ്തു കിട്ടുന്ന ശമ്പളം ഭർത്താവിനു പെണ്ണു പിടിക്കാനും മദ്യം വാങ്ങാനുമേ തികയുള്ളൂ….
എന്റെ മൗനം വീണ്ടും അയാൾക്ക് എന്തെങ്കിലും പറയാനുള്ള ഉത്തേജനം ആയിരുന്നു. എല്ലാത്തിനും ഒടുവിൽ സഹികെട്ട് ഞാൻ വായ് തുറന്നാൽ തെറിവിളിയും ക്രൂരമായ മർദ്ദനവുമാണു തിരികെ ലഭിക്കുക….
പലപ്പോഴും ആലോചിച്ചതാണ് ആത്മഹത്യ.. പക്ഷേ മക്കളുടെ മുഖം ഓർക്കുമ്പോളെനിക്ക് ഒന്നിനും കഴിയില്ലായിരുന്നു….
“പാവം കുഞ്ഞുങ്ങൾ അവരെന്തു പിഴച്ചു.ഈ അമ്മയുടെ വയറ്റിലവർ പിറന്നന്നൊരു തെറ്റുമാത്രമേ അവർ ചെയ്തിട്ടുള്ളൂ..അതും അവരുടെ തെറ്റല്ലെന്നാണു സത്യം….
വീട്ടിലോട്ടും പോകാൻ കഴിയില്ല.എന്റെ വിവാഹം കഴിഞ്ഞപ്പോൾ തന്നെ ഏട്ടനും വിവാഹം കഴിച്ചു.അവിടത്തെ ഭരണം മുഴുവനും ഏട്ടന്റെ ഭാര്യ ഏറ്റെടുത്തിരുന്നു.അച്ഛനും അമ്മയും വയസ്സായതോടെ വീട് ഏട്ടനു എഴുതി കൊടുത്തു. എനിക്ക് അവകാശം തന്നതും മുഴുവനും ഭർത്താവിന്റെ കയ്യിലിരുപ്പ് മൂലം നഷ്ടപ്പെട്ടിരുന്നു…..
” ആരെയോർത്ത് ഇരിക്കുവാടി നീ…
കൂടെയൊരു പുളിച്ച തെറിയും.മക്കൾ നേരത്തെ ഉറങ്ങിയത് കാര്യമായി. ഇല്ലെങ്കിൽ പതിവു കാഴ്ച അവർക്ക് കാണേണ്ടി വന്നേനെ.മിക്കപ്പോഴും എന്നെ തല്ലുന്നതിനു മക്കൾ സാക്ഷിയാണ്.അച്ഛനെ ഭയന്ന് അവരുടെ കുഞ്ഞിക്കണ്ണുകൾ തുറിച്ചങ്ങനെ നിൽക്കും….
ഭർത്താവ് പതിയെ ആടിയാടി എഴുന്നേറ്റു.ടീപ്പോയിലിരുന്ന കുപ്പിയും ഗ്ലാസും കാലിയാണ്….
പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചത്.പുറത്തേക്കിറങ്ങി എന്തെക്കയൊ പിറുപിറുക്കുന്നതു കണ്ടു.കുപ്പിയും ഗ്ലാസുമെടുത്ത് അടുക്കളയിൽ കൊണ്ട് ചെന്ന് വെച്ചിട്ട് ടീപ്പോ വൃത്തിയാക്കിയട്ട് ചോറും കറിയും വിളമ്പി അവിടെത്തന്നെ മൂടിവെച്ചു…..
തോർത്തുമെടുത്ത് ഞാൻ കുളിമുറിയിൽ കയറി. തണുത്ത വെള്ളം ശരീരത്തിൽ പതിച്ചു കൊണ്ടിരുന്നു. ഓരോന്നും ഓർത്ത് ഇടക്കിടെ എന്റെ കണ്ണും നിറഞ്ഞിരുന്നു…
“എന്തിനാ ഇങ്ങനെയൊരു ശാപം പിടിച്ച ജന്മം…..
കുളികഴിഞ്ഞു വസ്ത്രങ്ങൾ മാറ്റി ധരിച്ച് ഞാൻ മുറിയിലേക്ക് വരുമ്പോഴും അയാളുടെ ഫോൺ വിളി തീർന്നിരുന്നില്ല……
ഞാൻ മക്കളുടെ കൂടെ കട്ടിലിന്റെ ഓരത്ത് കിടന്ന് ഒരോന്നോർത്തും മയങ്ങിപ്പോയി…..
ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു.ആരൊ എന്റെ വസ്ത്രങ്ങൾ അഴിച്ച് എന്നിലേക്ക് പടർന്ന് കയറാൻ വെമ്പുന്നതുപോലെയൊരു അനുഭവം…
പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു. ഒരു അപരിചിതന്റെ ഗന്ധം എന്റെ നാസികയിൽ തുളച്ചു കയറി. ആരൊ എന്നെ ബലമായി കീഴടക്കുകയാണ്.കാണുന്നത് സ്വപ്നമല്ലെന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു….
പൊടുന്നനെ അപരിചിതനെ തള്ളിയകറ്റി ഞാൻ ഓടിച്ചെന്ന് മുറിയിലെ ലൈറ്റ് ഓൺ ചെയ്തു…
ഞെട്ടിപ്പോയി ഞാൻ മുന്നിലെ രൂപം കണ്ട്…
” ഭർത്താവിന്റെ ഏറ്റവും അടുത്ത സുഹൃത്ത്….
“ഇറങ്ങെടാ നായെ വെളിയിൽ ഞാൻ പുറത്തേക്ക് കൈചൂണ്ടി….
അയാളൊരു വഷളൻ ചിരി പാസാക്കി….
” നിന്റെ ഭർത്താവ് തന്നെയാടി എന്നെയിങ്ങോട്ട് കയറ്റി വിട്ടത്.അവൻ വാങ്ങിയ പൈസ മുതലാക്കാൻ.എന്തായാലും നീ അവനെയോ അടുപ്പിക്കില്ല…എന്തിനാാ ഇങ്ങനെ പൊതിഞ്ഞ് കെട്ടിയിരിക്കുന്നത്.ഞാനെങ്കിലും അനുഭവിക്കട്ടെ.നിനക്ക് ആവശ്യമുള്ള പണം ഞാൻ തരാം…..
“നിന്റെ ഭാര്യയില്ലെ അവളെ നീ കച്ചവടമാക്ക്.എന്നെക്കാൾ സുന്ദരിയാണ് കൂടുതൽ ലാഭവും കിട്ടും….
അഭിമാനത്തിൽ കൊണ്ടതും ഞാൻ ശക്തമായി ചീറി.തലയിണക്കടിയിൽ ഒളുപ്പിച്ചിരുന്ന അരിവാൾ ഞാനെടുത്തതും മുമ്പോട്ട് വന്ന അയാൾ പിന്നിലേക്ക് ചുവടുപിടിച്ച് മുറിക്ക് പുറത്തേക്കിറങ്ങി….
വാതിൽ ബന്ധിച്ച് ഞാൻ കിടക്കയിൽ വന്നിരുന്നു.. പുലരി വെളുക്കുവോളം പൊട്ടിക്കരഞ്ഞു. രാവിലെ കടുത്തൊരു തീരുമാനം ആയിട്ടാണ് ഞാൻ എഴുന്നേറ്റത്….
” അവനെ നീ പിണക്കി വിട്ടല്ലേടി നായെ….
എന്നെക്കണ്ടതും ഭർത്താവ് ചീറിക്കൊണ്ട് എന്നെ ചവിട്ടാൻ കാൽ ഉയർത്തി.. പെട്ടെന്ന് തന്നെ ഞാൻ അരിവാൾ അയാളുടെ കാൽമുട്ടിനു പിറകിൽ ആഞ്ഞു വീശി..പാതിയറ്റ നിലയിൽ അത് തൂങ്ങിയതും അയാൾ അലറി….
“ഭാര്യയുടെ മാനത്തെയും പാതിവ്രത്യത്തെയും ആക്ഷേപിച്ചിട്ട് അവളുടെ ചാരിത്ര്യം കൂടി വിറ്റു കാശാക്കുന്ന നീ ജീവിക്കാതിരിക്കുന്നതാ നല്ലത്….
അയാളുടെ കഴുത്തിനു നേരെ അരിവാൾ വീശാൻ തുനിഞ്ഞതും പത്തു വയസ്സുകാരി മകൾ ഇടയിൽ കയറി…
” എന്നെ വെറുതെ വിടൂ..കൊല്ലല്ലെ…
ഭർത്താവ് ദയനീമായി മോങ്ങി….
“ഈ മകൾ വളർന്നു വരുമ്പോൾ താൻ ഇതിനെയും വിൽക്കും..കൂടെ ഇളയിതിനെയും.നീ മരിക്കുന്നതാടാ ഞങ്ങൾക്ക് നല്ലത്…
” എന്നോട് ക്ഷമിക്ക്…. അയാൾ കരഞ്ഞു കൊണ്ടിരുന്നു…
ഞാൻ പിന്നെയും ഒരുപാട് ചിന്തിച്ചു…
“പേരിനെങ്കിലും മക്കൾക്ക് അപ്പനും എനിക്കൊരു ഭർത്താവും വേണം. ഇനിയൊരിക്കലും മറ്റൊരു പരീക്ഷണം എതിരിടാൻ വയ്യ….
” അങ്ങനെയെങ്കിൽ നിങ്ങളുടെ സുഹൃത്ത് ഇവിടെ അതിക്രമിച്ചു കയറി എന്നെ ബലമായി കടന്നു പിടിക്കുകയും അതുകണ്ട നിങ്ങൾ ഇടയിൽ കയറിയപ്പോൾ അയാൾ വെട്ടിയതാണെന്ന് പോലീസിനോടും നാട്ടുകാരോടും പറയണം..ഇല്ലെങ്കിൽ നിങ്ങളെ നോക്കാൻ ആരും കാണില്ല.തെറ്റ് ചെയ്തവൻ രക്ഷപ്പെടുകയും വേണ്ട….
തന്നെക്കൊണ്ട് ഇനി മറ്റ് വഴിയില്ലാത്തതിനാൽ ഭർത്താവ് സമ്മതിച്ചു. മക്കളെ ബാക്കിയെല്ലാം ഞാൻ പറഞ്ഞു പഠിപ്പിച്ചു. ആരെന്ത് ചോദിച്ചാലും അമ്മ പറയുന്നത് കൂട്ട് പറയണം.ഇല്ലെങ്കിൽ അമ്മയെയും പോലീസുകാർ കൊണ്ട് പോകും മക്കൾക്ക് പിന്നെ ആരും കാണില്ല…
പറഞ്ഞതുപോലെ എന്റെയും മക്കളുടെയും നിലവിളി പുറത്തേക്ക് ഒഴുകുമ്പോൾ അയൽക്കാർ ഓടി വരുന്ന കാലൊച്ചകൾ ഞാൻ വ്യക്തമായും കേട്ടിരുന്നു…
(അവസാനിച്ചു)

by