10/02/2026

വധു : ഭാഗം 36

രചന – ആയിഷ അക്ബർ

അവർ തിരിച്ചു വരുമ്പോൾ പവിയുടെ കയ്യിൽ അവൾക്കായി ഒരു ഭക്ഷണ പൊതിയുണ്ടായിരുന്നു…..

അവരത് തുറന്ന് സ്വന്തം കൈ കൊണ്ട് അതിൽ നിന്നൊരു ഉരുള എടുത്ത് അവൾക്ക് നേരെ നീട്ടി….

അവളുടേ കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു….

കഴിക്…. നീ കഴിച്ചില്ലെങ്കിൽ അവന് വല്ല സ്വസ്ഥതയും ഉണ്ടാകുമോ…..

പവി അത് പറഞ്ഞതും ബാല പതിയേ വാ പൊളിച്ചു…

അപ്പോഴും അവളുടേ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്….

ഒരു മോളേ പോലെ തന്നെ സ്നേഹിക്കുന്ന ഇവരോട് ഞാനൊരു വാടക നടിയാണെന്ന് എങ്ങനെ പറയും…..

ശ്വാസം അവളുടേ തൊണ്ട ക്കുഴിയിൽ തടഞ്ഞങ്ങനെ നിന്നു…….

സായന്തിനെ തീയേറ്ററിലേക്ക് കയറ്റുകയാണ്…..
കാണേണ്ടവർക് കയറി കാണാം…..

ഡോക്ടർ വന്നത് പറഞ്ഞതും എല്ലാവരും ഒരുമിച്ചെഴുന്നേറ്റു…..

പവിയും പ്രഭയും മഹിയും ബാലയും അകത്തേക്ക് കയറി…..

ഒരുപാട് സമയത്തിന് ശേഷം അവനെ കാണുകയാണ്….

ആ ചുരുങ്ങിയ സമയം തന്റെയുള്ളിൽ തീർത്ത നീറ്റൽ എത്രയെന്നു തനിക്ക് നന്നായറിയാം….

അപ്പൊ ഇനി അവനെ കാണാനേ കഴിഞ്ഞില്ലെങ്കിൽ….

അവളുടേ ഹൃദയം ശക്തിയായി മിടിച്ചു…..

ഇളം നീല നിറത്തിലുള്ള വസ്ത്രത്തിൽ അവനെ ഓപ്പറേഷന് വേണ്ടി ഒരുക്കി കിടത്തിയിട്ടുണ്ട്…..

അവനെ കണ്ട പാടേ പവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു…..

ഓടി ചെന്നവരവനെ കെട്ടിപ്പിടിച്ചു…..

പ്രഭ പെട്ടെന്ന് തന്നെ അവരെ പിടിച്ചു മാറ്റി..

വേണ്ടച്ചാ…. അമ്മ കരയട്ടെ….
ഇത് വരെയും അറിയിക്കാത്തിരുന്നത് ഈ കണ്ണ് നീർ കാണരുതെന്ന് കരുതി തന്നെയാ…..
പക്ഷെ ഇതാവും വിധി….

അവനൊന്നു പുഞ്ചിരിച്ചു….

അല്പം പിറകിലേക്കായി നിൽക്കുന്ന ബാലയിൽ അവന്റെ കണ്ണുകൾ ഒന്ന് തടഞ്ഞു നിന്നു….

പക്ഷെ അവൾ തല കുനിച്ചു നിൽക്കുകയാണ്…

ഞങ്ങളുടെ ഇടയിലെ പ്രശ്നങ്ങളൊക്കെ മാറിയപ്പോ നീ….
പ്രഭ കട്ടിലിന്റെ കാലിൽ അമർത്തി പിടിച്ചു കൊണ്ട് ഉള്ളിലെ ദുഃഖം കടിച്ചു പിടിച്ചു……

അവൻ അപ്പോഴും ഒരിളം ചിരിയെ കൂട്ട് പിടിച്ചു….

നിനക്കൊന്നും സംഭവിക്കില്ല സായു…. നിന്നെ കാത്തു ഞങ്ങളെല്ലാവരും പുറത്തുണ്ട്…..

മഹി നോവോടെ അത് പറഞ്ഞപ്പോഴും അവൻ അതേ ചിരി പകരമായി നൽകി……

നമുക്ക്…. നമുക്കെന്നാ അങ്ങ് പുറത്തേക്ക് നിൽക്കാം…..

കണ്ണുകൾ അമർത്തി തുടച് പ്രഭയത് പറഞ്ഞത് അവന്റെ നോട്ടം ഇടയ്ക്കിടെ അവളിലേക്ക് നീങ്ങുന്നത് കണ്ടത് കൊണ്ട് തന്നെയാണ്…..

പവി യിൽ നിന്ന് വീണ്ടും ഒരു കരച്ചിലുയർന്നപ്പോൾ പ്രഭ അവരെ ചേർത്ത് പിടിച്ചു……

അമ്മ വിഷമിക്കേണ്ട….എന്റെ മനസ്സിൽ നിങ്ങൾ രണ്ട് പേരുടെയും ഈ ചിത്രം തിളങ്ങി നിൽപ്പുണ്ട്….

അവനത് പറഞ്ഞതും ഇത്രയും വർഷങ്ങൾ തങ്ങൾ അവന്റെ സ്വസ്ഥത കളഞ്ഞു വെന്ന കുറ്റബോധം ഇരുവരിലും തങ്ങി നിന്നിരുന്നു…..

വീണ്ടും വാക്കുകൾക്കിടം കൊടുക്കാതെ അവർ അവിടെ നിന്നിറങ്ങി….

ഹേയ്……

തല താഴ്ത്തി നിൽക്കുന്ന അവളെ അവൻ വിളിക്കുമ്പോൾ ഒരു കുസൃതി ചിരി അവനിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു..

അവൾ മുഖം അവന് നേരെ യുയർത്തി….

ഇങ് വാ…..എന്ന അർത്ഥത്തിൽ അവൻ തല കൊണ്ടവളെ അടുത്തേക്ക് വിളിച്ചു….

അവൾ പതിയേ അവനരികിലായി നിന്നു….

അവളുടേ നീളൻ കൺ പീലികളിൽ നനവൂറി നിൽക്കുന്നത് അവനെ ഒരു നിമിഷം വേദനിപ്പിച്ചിരുന്നു..

മനോജ്‌….. ഒന്നും പറഞ്ഞില്ലേ…..

അവനത് ചോദിക്കുമ്പോൾ അവൾ മിഴികൾ താഴേക്ക് പതിപ്പിച്ചു…..

മ്മ്…..

എന്നിട്ടെന്താ പോകാതിരുന്നത്……

അവന്നത് ചോദിച്ചതും അവളൊന്നും മിണ്ടിയില്ല….

മ്മ്…..?
അവൻ വീണ്ടും ചോദ്യം ഭാവം ആവർത്തിച്ചു….

ഇയാളെ വിട്ട് പോകാൻ തോന്നാത്തത് കൊണ്ട്….

അത് പറയുമ്പോൾ വാക്കുകൾ ഇടറി പോയിരുന്നു….

അവന്റെ നെഞ്ചും നീറി പുകഞ്ഞു….

ഇത്… ഇത് കളിയല്ലാ …. നിന്റെ ജീവിതമാണ്….
ഇന്നെനിക്കെന്തെങ്കിലും സംഭവിച്ചാൽ നാളെ നീ വിധവയാണ്……
അത് പാടില്ല…..
നീ ഇന്ന്…….

അവനത് പറഞ്ഞതും അവളൊരു കൈ കൊണ്ടവന്റെ വാ പൊത്തി…..

ഒന്ന് നിർത്തുമോ….
എന്തിനാ എപ്പോഴും മരിക്കും മരിക്കുമെന്ന് പറഞ്ഞോണ്ടിരിക്കുന്നത്….

മനസ്സിലുള്ള പ്രണയം മുഴുവൻ എനിക്ക് തരാതെ എന്തിനാ പോകുന്നത്….
എങ്ങോട്ടാ പോകുന്നത്…

അവൾ വിതുമ്പി…

അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കി കിടന്നു….

എങ്ങോട്ടും പോകില്ല….

എങ്ങോട്ടും പോകില്ല….

അവളൊരു കൊച്ച് കുഞ്ഞിനെ പോൽ വിതുമ്പി…..

ഹേയ്…. ശ്രീ….
ഇവിടെയിരിക്ക്….

അവൻ അവളുടേ കൈ പിടിച് അവനരികിലായിരുത്തി….

എന്നും ഞാൻ ആഗ്രഹിച്ചിരുന്നത് എന്റെ ജീവിതം നിനക്ക് മേൽ കരി നിഴൽ വീഴ്ത്തരുതെന്നാണ്….

നീ നല്ലൊരു ഡോക്ടറാവണം…..

സമൂഹത്തിനു ഉപകരിക്കുന്ന നല്ലൊരു ഡോക്ടർ……

അവനത് പറയുമ്പോൾ അവൾ അവനിലേക്ക് നോക്കി…..

ആവാം…. എന്ത് വേണമെങ്കിലും ആവാം….
എനിക്ക് വേണ്ടി തിരിച്ചു വരുമെന്നൊരു വാക്ക് മാത്രം തന്നാൽ മതി….
ജീവിത കാലം മുഴുവൻ ഞാൻ കാത്തിരുന്നോളാം….

അവൾ കണ്ണുകൾ ഇറുക്കെ ചിമ്മി അവന്റെ കൈ കൂട്ടിപ്പിടിച്ചിട്ടായിരുന്നു അത് പറഞ്ഞത് ….

ഈ ജന്മമല്ല അടുത്തൊരു ജന്മമുണ്ടെങ്കിൽ കൂടി സായന്ദ് ശ്രീ ബാലക്ക് സ്വന്തമായിരിക്കും……

അവളുടേ മുടിയിഴകളിൽ അവൻ മറു കൈ കൊണ്ട് തലോടി അത് പറഞ്ഞതും അവൾ കണ്ണുകൾ പതിയേ തുറന്നു……

നന്ദി……
എന്നിലേക്ക് വന്നതിനു….
അടുത്തതിന്…. പലപ്പോഴും ചേർത്ത് പിടിച്ചതിന്…….
നിന്റെ കൂടെയുള്ള നിമിഷങ്ങളായിരുന്നു ജീവിച്ചെന്ന തോന്നലുണ്ടാക്കി തന്നത്….
ഐ…. ഐ ലവ് യു ശ്രീ….

അവന്നതും പറഞ്ഞവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…..

അവന്റെ വാക്കുകൾ അവളുടേ മനസ് നിറച്ചിരുന്നു…..

ഇയാൾക്കൊന്നും സംഭവിക്കില്ല…..
അതെനിക്കുറപ്പുണ്ട്….
കാരണം…. എന്റെ പ്രണയം…. അത്രയേറെ ശക്തമാണ്…

മരണത്തിനു പോലും കീഴ്പ്പെടുത്താനാവാത്തത്ര…..

അവളത് പറയുമ്പോൾ കണ്ണുകളിൽ ആത്മ വിശ്വാസം കത്തി നിന്നിരുന്നു….

അതൊരു വേള അവനിലേക്കും പടർന്നത് പോൽ തോന്നി…..

അവൾ ഇരു കൈകൾ കൊണ്ടും അവന്റെ മുഖം തന്റെ കയ്യിലാക്കി ചുണ്ടുകൾ നെറ്റിയിൽ ചേർത്തു…….

ആദ്യ ചുംബനം…… ഒരു പക്ഷെ അവസാനത്തെതും…..

സമയമായി…..
നേഴ്സ് അത് വന്നു പറഞ്ഞതും അവൾ കൈകൾ അവനിൽ നിന്നടർത്തി മാറ്റാൻ മടിച്ചു നിന്നു….

അവന്റെ നെഞ്ചിലും ഒരു കനലാളി കത്തി കൊണ്ടിരുന്നു…..

തല കൊണ്ട് പതിയേ അവൾ യാത്ര പറഞ്ഞു…..

അവനവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം ഒരു ചെറു ചിരി സമ്മാനമായി നൽകി….

അവൾ തിരിഞ്ഞു നടന്ന് പോകുന്നതവൻ നോക്കി കിടന്നു……

കറുപ്പ് ചുരിദാറിന്റെ പിറക് വശം അവന്റെയുള്ളിൽ ഓർമ്മകൾ നിറച്ചു….

നിന്നെ ആദ്യമായി ഞാൻ കണ്ടത് ഇങ്ങനെയൊരു വേഷത്തിലായിരുന്നു ശ്രീ …..
ഒരു പക്ഷെ അവസാനമായും….

ആദ്യമായി കണ്ടതും അവളെ കൂട്ടി കൊണ്ട് വന്നതും താനവളെ വെറുത്തതും ദേഷ്യപ്പെട്ടതും പിന്നീട് പറിച്ചെറിയാൻ കഴിയാത്ത വിധം അവൾ തന്റെ മനസ്സിൽ പതിഞ്ഞു പോയതുമേല്ലാം അവന്റെ മുമ്പിൽ ഒരു ചിത്രമായി തെളിഞ്ഞു നിന്നു….

നിറഞ്ഞു വന്ന കണ്ണ് നീരിനെ തോൽപ്പിക്കാനെന്ന വണ്ണം അവൻ കണ്ണുകൾ ഇറുക്കെ ചിമ്മി……

അവൾക്കറിയാമായിരുന്നു തന്റെ പ്രാണനാണവനെന്ന്….

അവനെ കണ്ട് മുട്ടും വരെ തന്നെ ഇട്ട് മൂടാനുള്ള പ്രശ്നങ്ങളുണ്ടായിരുന്നു…..

എന്നാൽ തന്റെ ജീവിതം മാറ്റി മറിക്കാനുള്ള ഒരു മായാ ജാലമായിരുന്നു അവൻ….

ജീവിത കാലം മുഴുവൻ അവനിൽ കുരുങ്ങി കിടക്കാനെന്ന പോൽ ഹൃദയം തുടിക്കുന്നു…..

ഓപ്പറേഷന് തീയേറ്ററിന്റെ പുറത്തിരുന്നു ഉരു കുമ്പോൾ ലോകത്തുള്ള സകല ദൈവങ്ങളെയും അവൾ ഹൃദയത്തിലേക്ക് കൊണ്ട് വന്നിരുന്നു…….

അവന് പകരം തന്റെ ജീവൻ കൊടുക്കാനും അവളൊരുക്കമായിരുന്നു…

ഇടയ്ക്കിടെ നിറഞ്ഞു വരുന്ന കണ്ണുകൾ അവൾ അമർത്തി തുടച്ചു കൊണ്ടിരുന്നു…..

മനസ്സ് ആ ദിവസത്തിലായിരുന്നു…

തന്റെ കഴുത്തിനു ചുറ്റും അവന്റെ കൈ വട്ടം ചുറ്റി പിടിച്ച ആ ദിവസത്തിൽ….

അതിനു ശേഷം ഇണങ്ങിയും പിണങ്ങിയും ഇത്രയേറെ ദിവസങ്ങൾ….

അവനെന്ന മരം ഇത്രത്തോളം തന്നിലേക്ക് ആഴ്ന്നിറങ്ങുമെന്ന് ഞാൻ കരുതിയിട്ടില്ല…..

തന്റെ സന്തോഷം മുഴുവൻ അവനെ ചുറ്റിയായി മാറി…

തനിക്ക് വേണ്ടി അവനുണ്ടെന്ന ആ ധൈര്യം ആവോളം ആസ്വദിച്ചു……

മണിക്കൂറുകൾ കൊണ്ട് എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല….

എന്ത് തന്നെയായാലും അവനെപ്പോഴും എന്റെ കൂടെയുണ്ടാവും….
അതെനിക്കുറപ്പാണ്….
ഒരു നിഴലായി….. ആരോരുമില്ലാത്ത തനിക്ക് കാവലായി……

ഓപ്പറേഷൻ കഴിഞ്ഞു….
പ്രതീക്ഷിച്ചത് പോൽ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല…..

പക്ഷെ……

പുറത്തേക്ക് വന്ന ഡോക്ടർ അലൻ അതും പറഞ്ഞോന്നു നിർത്തി….

എല്ലാവരും അയാളുടെ വാക്കുകൾക്ക് ചെവിയോർത്തു നിൽക്കുകയാണ്…..

ബോഡി മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല….
നമുക്ക് നോക്കാം…..
സായന്തിൽ നിന്നുള്ള ഒരു റിയാക്ഷനാണ് ഇനി നമുക്ക് വേണ്ടത്…..

അല്പം നിരാശ കലർത്തി ഡോക്ടർ അത് പറയുമ്പോൾ എല്ലാവരും
പാതി ജീവനിലായിരുന്നു….

ഞാൻ…. ഞാനൊന്ന് കണ്ടോട്ടെ ഡോക്ടർ….

പെട്ടെന്നാണ് ബാല അത് ചോദിച്ചത്…..

സോറി….. ഇപ്പൊ കാണാൻ പറ്റില്ല……
എന്തെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടെങ്കിൽ ഞങ്ങളറിയിക്കാം…..

ഡോക്ടർ പ്ലീസ്…..
ഒരുപാട് സമയമോന്നും എടുക്കില്ല…
പെട്ടെന്ന് ഞാൻ….

അവൾ അയാളോട് കെഞ്ചി…..

ഡോക്ടർ…. അവന്റെ… ഭാര്യായാണ്….
വിവാഹം കഴിഞ്ഞ് അധികം ആയിട്ട് പോലുമില്ല….

പ്രഭ അവൾക്ക് വേണ്ടി ഡോക്ടറോട് സംസാരിക്കുമ്പോഴാണ് ഡോക്ടറും അവളെ നോക്കുന്നത്….

കരഞ്ഞു തളർന്ന അവളുടേ കണ്ണുകൾ മുഖത്തെ ക്ഷീണം വിളിച്ചോതുന്നുണ്ടായിരുന്നു…..

അതിലേറെ ഇടയ്ക്കിടെ ഐ സി യു വിലെക് തെന്നി നീങ്ങുന്ന ആ കണ്ണുകളിൽ നിന്നും അകത്തുള്ളവൻ അവൾക്ക് പ്രാണനാണെന്ന് പറയാതെ പറഞ്ഞിരുന്നു…..

ഓക്കെ……. ഒൺലി ടു മിനുട്സ് ….

അതും പറഞ് ഡോക്ടർ അകത്തു കയറിയതിനു പിറകെ അവളും കയറി….

കണ്ണുകളടച്ചു കിടക്കുന്ന അവനെ കാണുമ്പോൾ അവളുടേ ഉള്ളം അലറി കരഞ്ഞു കൊണ്ടിരുന്നു…..

അവൾ അവന്റെ അരികിലായി ചെന്നു ആ കൈകളിൽ പതിയേ ഒന്ന് തൊട്ടു…..

ചലനമറ്റ് കിടക്കുന്ന അവനിലേക്ക് നോക്കി ഒരു തുള്ളി കണ്ണ് നീർ പതിയേ അവളിൽ നിന്നും അടർന്നു വീണു……

അവൾ അവന്റെ നെറുകെയിൽ പതിയേ ഒന്ന് ചുണ്ടമർത്തി…..

തന്റെ സാമീപ്യം അവറിയുന്നുണ്ടാകുമോ…..

അറിയുന്നുണ്ടെങ്കിൽ അവൻ തീർച്ചയായും കണ്ണുകൾ തുറക്കും….

ആ നെഞ്ചിലേക്ക് തന്നെ വലിച്ചടുപ്പിക്കും…..

ഇനഫ്…… യു കാൻ ഗോ ഔട്ട്‌……

ഡോക്ടർ അത് പറഞ്ഞതും അവൾ അവനിലേക്കൊന്ന് കൂടി താഴ്ന്നു……

നിനക്ക് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…
മഴ കാത്തു നിൽക്കുന്ന വേഴാമ്പലിനെ പോൽ ഞാൻ നിനക്കായ് കാത്തിരിക്കുന്നു….
നിന്നിലലിയാൻ….. നിന്റേത് മാത്രമാവാൻ…….
നീയില്ലാത്ത ഈ ലോകത്ത് ജീവിക്കാൻ പോലും എനിക്ക് ഭയം തോന്നുന്നു….

മരണത്തെ പോലും കീഴ്പ്പെടുത്താനുള്ള ശക്തി നമ്മുടെ പ്രണയത്തിനുണ്ടെന്ന് തെളിയിച്ചു നീ തിരിച് വരണം…..

അതും പറഞ്ഞവൾ ഒരു പൊട്ടി കരച്ചിലൂടെ അവനിൽ നിന്ന് തിരിഞ്ഞതും പെട്ടെന്ന് തന്നെ അവൾ അവനിലേക്കൊന്ന് തിരിഞ്ഞിരുന്നു……

അവന്റെ കൈ വിരലുകളിലെ അനക്കം തന്റെ തോന്നലായിരുന്നുവോ…..

അവൾ ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കി….

നോക്കു കുട്ടി….. ഇനി പുറത്തേക്ക് പൊയ്ക്കോളൂ….

ഡോക്ടർ അലൻ വീണ്ടും അത് പറഞ് അവളുടേ അടുത്തേക്ക് വന്നു….

ഡോക്ടർ…. സായുവിന്റെ വിരൽ അനങ്ങി…..

അവൾ പെട്ടെന്നത് പറയുമ്പോൾ അയാൾ അവനിലേക്ക് വന്നു നോക്കി…..

മരണത്തെ പോലും തോൽപ്പിക്കാൻ നമ്മുടെ പ്രണയത്തിനു കഴിയും സായു….
നമ്മുടെ പ്രണയത്തിന് മാത്രമേ കഴിയു……

അവൾ കുറച്ച് കൂടി ശബ്ദത്തിൽ ഉറച്ച വാക്കുകളോടെ അവനോടത് പറഞ്ഞതും ആ വിരലുകൾ അനങ്ങുന്നത് കണ്ട് ഒരു ഞെട്ടലോടെയാണ് അലൻ അവളിലേക്ക് നോക്കിയത്…..

(തുടരും )