17/04/2026

ഹരിയേട്ടൻ ഞങ്ങളുടെ അയൽക്കാരനായിരുന്നു… ഒരകന്ന ബന്ധുവും .. വളരെ മര്യാദക്കാരൻ…

രചന – വിനീത ശേഖർ

ഹരിയേട്ടൻ ഞങ്ങളുടെ അയൽക്കാരനായിരുന്നു…
ഒരകന്ന ബന്ധുവും ..

വളരെ മര്യാദക്കാരൻ…

യാതൊരു ദുശീലങ്ങളുമില്ലാത്ത ഹരിയേട്ടനെ കണ്ടു പഠിക്കാൻ എന്റെ ചെറുപ്പത്തിൽ പല മാതാപിതാക്കളും അവരുടെ ആൺകുട്ടികളോട് പറയുന്നത് പലവുരു ഞാൻ കേട്ടിട്ടുണ്ട് ….

ഞാൻ പഠിച്ച കോളജിൽ തന്നെയാണ് ഹരിയേട്ടനും പഠിച്ചത്…

ഞാൻ അവിടെ ജോയിൻ ചെയ്യുന്നതും,അദ്ദേഹം അവിടെ നിന്ന് പഠനമെല്ലാം കഴിഞ്ഞ് ഇറങ്ങുന്നതും ഒരേ വർഷമായിരുന്നു…

കോളേജിൽ പോകുന്ന ആദ്യ ദിവസങ്ങളിൽ ഹരിയേട്ടൻ കോളേജും, പരിസരങ്ങളും ഒക്കെ ഒന്ന് പരിചയമാകട്ടെ എന്ന് കരുതി എന്റൊപ്പം വരുമായിരുന്നു…

ഏഴു വർഷം പഠിച്ച കോളേജിൽ അദ്ദേഹത്തിന് ഒരുപാട്പരിചയക്കാരൂമുണ്ടായിരുന്നു..അതുകാണുമ്പോൾ എനിക്ക് ” സർവ്വകലാശാല ” മൂവിയിലെ മോഹൻലാലിനെ ഓർമ്മവരുനായിരുന്നു അന്നൊക്കെ…

ഞാൻ ജോയിൻ ചെയ്തതിന്റെ രണ്ടാം ദിവസം എന്റൊപ്പം വന്നപ്പോൾ എന്നേ വിളിച്ചുകൊണ്ടു കെമിസ്ട്രിലാബിന്റെ അടുത്ത് പോയി..
അവിടെ ഒരാളെ പരിചയപെടുത്തി തരാമെന്ന് പറഞ്ഞു…
അതാരാണാവോ എന്ന് ചിന്തിച്ചു നിന്നപ്പോൾ പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി,

“താരേ”

എന്ന് വിളിച്ചു…

ആ കുട്ടി തിരിഞ്ഞു നോക്കി…
“ആഹാ! എന്താ ഈ വഴിക്കൊക്കെ എന്ന് പറഞ്ഞ് ഞങ്ങളുടെ സമീപം നടന്നുവന്നു…

ചുരുണ്ട മുടിയും, ഇടത്തരം നിറവുമുള്ള ആ ചേച്ചിയുടെ കണ്ണുകൾ മനോഹരമായിരുന്നു…

ആ പെൺകുട്ടിയോട് എന്നേ നോക്കി ഇത് എന്റെ ബന്ധുവാണെന്നും ഇടയ്ക്കിടെ ഒരു കണ്ണ് എന്റെ മേൽ വേണമെന്നും പറഞ്ഞ് ഏർപ്പാടാക്കി….

അല്ലെങ്കിലെ അമ്മയുടെ ഉണ്ടക്കണ്ണും, ചൂരൽ കഷായവും..
അച്ഛന്റെ കപ്പടമീശയും, കാക്കി തൊപ്പിയും…പോരാഞ്ഞിട്ട്,പുതിയൊരു പൊല്ലാപ്പുകൂടി എന്റെ തലയിലിട്ട് ഒരു ചെറു ചിരിയോടെ ഹരിയേട്ടൻ പോയി…

താരച്ചേച്ചി യാകട്ടെ കോളേജ് ഉള്ള ദിവസങ്ങളിൽ ഡെയിലി ഒരു തവണ എന്നേ വന്ന് കണ്ട് ഹാജർ എടുത്തിട്ട് പോകും..

കെമിസ്ട്രി PG ചെയ്യുന്ന ആ ചേച്ചിയേ ബുദ്ധിമുട്ടിക്കാനായിട്ട്, ഈ ഹരിയേട്ടന് എന്തിന്റെ കുഴപ്പമാണ് എന്ന് ഞാനാലോചിക്കാതിരുന്നിട്ടില്ല.

ഇടയ്ക്കിടയ്ക്ക് ഏട്ടന്റെ സന്ദർശനം ഉണ്ടായിരുന്നു..

താരചേച്ചിയെ കണ്ടിട്ടേ പോകു ആൾ..

ഇതിങ്ങനെ ഇടയ്ക്കിടയ്ക്കായപ്പോൾ എനിക്ക് എന്തോ സംശയം തോന്നി….. ഹരിയേട്ടന് താര ചേച്ചിയോട്എന്തോ ഇഷ്ടം ഇല്ലേ എന്ന്… ചേട്ടനാണ് ഇഷ്ടം…

പാവം ചേച്ചി ഇതൊന്നും അറിയുന്നെയുണ്ടാവില്ലേ… എന്നൊക്കെ ഞാൻ സംശയിച്ചു..

ഇടയ്ക്ക് എന്നേ കാണാൻ എന്ന വ്യാജേന വരുന്നു…
Casual ആയി ചേച്ചിയോട് സംസാരിക്കുന്നു… പോകുന്നു… അത്രമാത്രം..

മാസങ്ങൾ കഴിഞ്ഞപ്പോൾ ചേച്ചി പഠനം കഴിഞ്ഞ് പോയി…
ചേട്ടന്റെ വരവും നിന്നു..

നാട്ടിലെ “ഡീസന്റ് ജന്റിൽ മാനായ ” ചേട്ടനോട് ഞാനൊന്നും ചോദിക്കാനും മുതിർന്നില്ല..
ചോദിച്ചാലും എനിക്ക് നല്ലക്കിഴുക്ക് കിട്ടത്തെ യുണ്ടായിരുന്നുള്ളു..

പിന്നീട് ഹരിയേട്ടന് ബാംഗ്ലൂർ ജോലികിട്ടി പോയി… അവിടെ നിന്ന് വിദേശത്തുപോയി…
വനജേട്ടത്തിയെ വിവാഹം കഴിച്ച് രണ്ടു കുട്ടികളായി…

ഞാനും കുഞ്ഞു കുട്ടി പരാ ദീനങ്ങളൊക്കെയായി…
പിന്നെ തമ്മിൽ കാണലും കുറഞ്ഞു…

വളരെ നാളുകൾക്കു ശേഷമാണ് വീണ്ടും ഈയിടെ അദ്ദേഹത്തെ കണ്ടത്..
ആൾ പഴയപോലെ തന്നെ…
അതേ പ്രസരിപ്പ്..
സ്നേഹം..
ഒന്നിനും ഒരു മാറ്റവുമില്ല…
ഒരു കുഞ്ഞനിയത്തിയോടുള്ള പോലുള്ള വാത്സല്യം…

പക്ഷേ… എനിക്കെന്തോ ഹരിയേട്ടനെ കണ്ടപ്പോൾ പെട്ടന്ന് താരാചേച്ചിയെ ഓർമ വന്നു..

ഫേസ്ബുക്ക്.. വാട്സ്ആപ്പ്.. കോളേജ് ഗ്രൂപ്പ്‌ ഒക്കെ ഇപ്പോൾ ആക്റ്റീവ് ആയ സമയമല്ലേ…

താര ചേച്ചി ഇപ്പോൾ എന്ത് ചെയുന്നു എന്ന് അറിയാൻ ഒരാകാംഷ…

വനജേട്ടത്തി ചായ എടുക്കാൻ പോയ തക്കം നോക്കി ഞാൻ ചോദിച്ചു..

” ഹരിയേട്ടന് പഴയ കൂട്ടുകാരുമായി കോൺടാക്ട് ഒന്നുമില്ലേ ഇപ്പോൾ ”
” ഉവ്വല്ലോ… കുറച്ച് പേരുമായി… “ഏട്ടൻ പറഞ്ഞു..
“കോളേജ് ഗ്രൂപ്പിൽ ഒന്നും ആക്റ്റീവ് അല്ലെ…”
” കുറച്ചൊക്കെ…. എന്തേ നീ ചോദിച്ചത്… ” അദ്ദേഹം അന്വേഷിച്ചു..
” അല്ല.. നമ്മുടെ താര ചേച്ചിയില്ലേ…
എന്റെ പഴയ ലോക്കൽ ഗാർഡിയൻ…ആളിപ്പോൾ ഇവിടെയുണ്ട്….”

അത് കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വിരിഞ്ഞ തിളക്കം ഞാൻ ശ്രദ്ധിച്ചു..

“താരയോ… അവൾ പാലക്കാട്‌..
അവൾ Phd എടുത്ത് അവിടെ ഒരു കോളേജിൽ പ്രൊഫസർ ആണ്…”
” ആഹാ! നിങ്ങൾ തമ്മിൽ കോൺടാക്ട് ഉണ്ടോ… ” ഞാൻ അന്വേഷിച്ചു..
” ഏയ്‌… അങ്ങനൊന്നുമില്ല… ഇടയ്ക്ക് വല്ലപ്പോഴും…
എന്തേ നീ അന്വേഷിച്ചത്… ” ഹരിയേട്ടൻ അന്വേഷിച്ചു.

പിന്നെ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല…

എന്റെ സംശയം ഞാനങ്ങുചോദിച്ചു…

ഇനി എന്തായാലും ഇനി എന്നേ അടിക്കാൻ വരില്ല…
ഞാനും മുതിർന്നുവല്ലോ…

“ഏട്ടാ, ഏട്ടൻ ആ ചേച്ചിയേ ഇഷ്ടായിരുന്നില്ലേ… സത്യായിട്ടും…”

ഞാൻ വീണ്ടും ആ പഴയ പതിനാറുകാരിയായി…
ഹരിയേട്ടന്റെ മുഖത്ത് ഒരു ഞെട്ടൽ ഞാൻ വ്യക്തമായും കണ്ടു..

ഒന്ന് രണ്ട് നിമിഷങ്ങൾ അദ്ദേഹം ഒന്നും പറഞ്ഞില്ല..

എന്നിട്ട് ഒരു ചെറു ചിരിയോടെ ചോദിച്ചു .

” എന്തിനാ ഇതൊക്ക അറിയുന്നത്….ഈയിടെ നീ എന്തൊക്കെയോ കുത്തിക്കുറുക്കുന്നുണ്ടന്ന് ഞാനറിഞ്ഞു…
ഇനി ഇത് വല്ലതും എഴുതി പിടിപ്പിക്കാനാണോ.. ”

“ഏയ്‌… അല്ലന്നേ… പറയു…”
ഞാനങ്ങനെ വിടാൻ തയ്യാറല്ലായിരുന്നു…

ഒടുവിൽ ഹരിയേട്ടൻ പറഞ്ഞു..

“അവളെ എനിക്ക് ഇഷ്ടമായിരുന്നു…
അവളോട് അതൊരിക്കലും പറഞ്ഞിട്ടില്ല….
പറഞ്ഞാൽ അവളുടെ റിപ്ലൈ ” no” എന്നാണെങ്കിൽ പിന്നെ ഒരു സൗഹൃദം പോലും അവളനുവദിക്കില്ല..
അതാണ് താര..

കുറച്ചുനാൾ മുൻപ് ഒന്ന് വിളിച്ചിരുന്നു…

പഴയ ഏതോ കോളേജ്മേറ്റ് അവളോട് പണ്ട് പ്രേമം ആണെന്ന് പറഞ്ഞു ശല്യം ചെയ്യുന്നതിനാൽ അയാളെ ബ്ലോക്ക്‌ ചെയ്‌തെന്നും ഒന്ന് മിണ്ടി പറഞ്ഞാൽ ഈ ആണുങ്ങളൊക്കെ എന്തേ ഇങ്ങനെ ചിന്തിക്കുന്നത് എന്നുപറഞ്ഞു കുറെ സംസാരിച്ചു…

ഞാനതൊക്കെ കേട്ട് ശരിവെച്ചു…”

“അയാളെപ്പോലെ ഞാനും ഈ പ്രായത്തിൽ പഴയത് ഓർമിപ്പിക്കാൻ ചെന്നാൽ അയാൾക്ക് കൊടുത്ത മറുപടിയിൽ കൂടുതലൊന്നും അവളെനിക്ക് തരാൻ പോകുന്നില്ല..”ഒരു ദീർഘ നിശ്വാസം ഹരിയേട്ടനിൽ നിന്നുയർന്നു…

” അതല്ലങ്കിൽ തന്നെ ഇനിയതിന്റെ ആവശ്യം എന്ത്… ഞാനും, അവളും കുടുംബമായി കഴിയുന്നു… അവൾ സന്തോഷമായിരിക്കട്ടെ…
അതല്ലേ നല്ലതും…

ഇപ്പോൾ ഞാനവളുടെ സൗഹൃദവലയത്തിൽ എങ്കിലുമുണ്ട്..
അത് മതി… “അദ്ദേഹം പറഞ്ഞു നിർത്തി..

അപ്പോളേക്കും വനജേട്ടത്തി ചായയും, ബിസ്കറ്റുമായി വന്നു..
അതൊക്കെ കഴിച്ച് ഏട്ടത്തിയോട് കുശലം പറഞ്ഞു വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു..

ഏട്ടൻ ഒരുവേള തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നെങ്കിൽ താര ചേച്ചി അത് സ്വീകരിക്കുമായിരുന്നോ..
ചേച്ചിക്ക് ചേട്ടനെ നല്ല മതിപ്പും, ബഹുമാനവുമൊക്കെ ആയിരുന്നുവേന്ന് എനിക്ക് തോന്നിയിട്ടുണ്ട്…

പ്രണയം തുറന്നുപറഞ്ഞാൽ രണ്ടിലൊരാൾ അതിനെ ഏത് രീതിയിൽ എടുക്കുമെന്ന് രണ്ടുപേരും ചിന്തിച്ചു കാണുമോ…

“ആവോ…. ആർക്കറിയാം…
ചില നേരങ്ങളിൽ മനുഷ്യമനസ്സ്‌ ആർക്കും പിടികൊടുക്കില്ല..
രഹസ്യങ്ങളുടെ കലവറയായി അതങ്ങനെ കിടക്കും… ”

പക്ഷേ…. ഒന്നെനിക്കറിയാമായിരുന്നു…
അവർക്ക് രണ്ടുപേർക്കും ഒരേ മനസ്സായിരുന്നു…
ഒരേ ചിന്തകളും…
ഒരേ ആശയങ്ങളും…..