Karimizhi The World of Malyalam of Stories

27/05/2024

ക്രിസ്തുമസ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് ഏഴാം ക്ലാസ്സിലെ 31ാമത്തെയും അവസാനത്തെയുമായ ആ ചോദ്യം എന്റെ കണ്ണിലുടക്കുന്നത്.

Filed under: ചെറുകഥകൾ — Tags: — Karimizhi @ 6:38 pm

രചന – റെജിൻ മുരളീധരൻ

ക്രിസ്തുമസ് പരീക്ഷയുടെ മലയാളം ചോദ്യപേപ്പർ തയ്യാറാക്കുന്ന തിരക്കിനിടയിലാണ് ഏഴാം ക്ലാസ്സിലെ 31ാമത്തെയും അവസാനത്തെയുമായ ആ ചോദ്യം എന്റെ കണ്ണിലുടക്കുന്നത്.
ചോദ്യം31)നിങ്ങൾ സുഹൃത്തുക്കളോടും കുടുംബത്തോടും ഒത്തു അവധിക്കാലത്ത് പങ്കെടുത്ത ഒരു വിനോദയാത്രയെ കുറിച്ച് രണ്ടു പുറത്തിൽ കുറയാതെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്‌ കത്തെഴുതുക. (ഏഴു മാർക്കിന്റെ ചോദ്യം)
ചോദ്യം വായിച്ച് കഴിഞ്ഞതോടെ മനസ്സിൽ എവിടെയാ വിഷാദത്തിൽ മുങ്ങിയ മങ്ങിയ ഓർമ്മകളുടെ വേദനയിൽ ഞാനൊന്ന് നെടുവീർപ്പെട്ടു..

“മാഷേ ഈ ചോദ്യം വേണോ.. കുട്ടികൾക്ക് എഴുതാൻ പറ്റുമോ.. ”

“ഈ ചോദ്യത്തിന് എന്താ കുഴപ്പം സുമലത ടീച്ചറെ..” എന്റെ സംശയം ചോദ്യങ്ങൾ തയ്യാറാക്കുന്ന വേണു മാഷിനെ ചെറുതായൊന്ന് ചൊടിപ്പിച്ചെന്നു തോന്നി.. മാഷ്എന്നേക്കാൾ കൂടുതൽ സർവ്വീസും ഡിഗ്രിയും ഉള്ളആളായത് കൊണ്ട് മടിച്ചു മടിച്ചാണ് പറഞ്ഞത്…

” വിനോദയാത്ര പോകാത്ത കുട്ടികളും ഉണ്ടാവില്ലേ മാഷേ ”

“ടീച്ചർ അതോർത്തു ടെൻഷൻ ആവണ്ട.. നമ്മൾ പഠിപ്പിക്കുന്നത് മാത്രമല്ലല്ലോ വേണ്ടത് കുട്ടികളുടെ ഭാവനകൂടി വളരട്ടെ. മാഷൊന്നു അമർത്തി ചിരിച്ചുകൊണ്ട് തന്റെ ജോലി തുടർന്നു..

ഭാവന… വളരട്ടെ… മാഷിന്റെ മറുപടി സത്യത്തിൽ എനിക്ക് കടുത്ത വിഷമമാണ് ഉണ്ടാക്കിയത് .

ഞാൻ എന്റെ ഭൂതകാലത്തിലെ ഓർമകളിലേക്ക് ഒരുനിമിഷം കൂപ്പുകുത്തിപ്പോയി..
പഠനകാലത്ത് ഒരിക്കൽ പോലും വിനോദയാത്ര പോകാൻ കഴിയാത്ത എന്റെ മുന്നിലേക്ക്‌ ഒരിക്കൽ 9ആം ക്ലാസിലെ ഓണപ്പരീക്ഷക്കിടയിൽ അധ്യാപകർ ഇതുപോലൊരു ചോദ്യംവച്ച് നീട്ടി മനസ്സ് അസ്വസ്ഥമാക്കിയത് ഇന്നും നെഞ്ചിൽ നെരിപ്പോടായി എരിയുന്നുണ്ട്. അന്ന് ഉത്തരകടലാസിൽ ഞാൻ വിനോദയാത്രക്ക് പോയിട്ടില്ല എന്ന് എഴുതി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരിഹാസത്തിന് പാത്രമായിട്ടുണ്ട്.

എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഒരുപാട് ആശിച്ചു മോഹിച്ച് കരഞ്ഞു അച്ഛന്റെ സമ്മതവും പണവും വാങ്ങി സ്കൂളിൽ നിന്നും തേക്കടിയിലേക്ക് വിനോദയാത്രയ്ക്ക് ഒരുങ്ങിയതാണ്. പക്ഷെ അവസാന നിമിഷമാണ് വിനോദയാത്രയ്ക്ക് പങ്കെടുക്കുന്നവരെല്ലാം സ്കൂൾ യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണമെന്ന് പ്രധാന അധ്യാപിക സർക്കുലർ പുറപ്പെടുവിക്കുന്നത്. നരച്ചും പിഞ്ചിയും തുടങ്ങിയ യൂണിഫോം ധരിച്ച് എങ്ങനെയാണ് വിനോദയാത്രയ്ക്ക് പങ്കെടുക്കുന്നത്. പോരാത്തതിന് ഏഴാം ക്ലാസിൽ വച്ച് തൈപ്പിച്ച യൂണിഫോം തന്റെ ശരീര വളർച്ചയ്ക്ക് അനുസരിച്ച് ചെറുതായിട്ടും ഉണ്ട്. സ്കൂൾ കഴിഞ്ഞ് നേരെ പോയത് അമ്മ കയറുപിരിക്കുന്ന ജോലിചെയ്യുന്ന വീട്ടിലേക്ക് ആണ്.

” തൽക്കാലം അച്ഛൻ തന്ന പൈസയ്ക്ക് നീയൊരു യൂണിഫോം തൈപ്പിക്ക്. ശനിയാഴ്ച കൂലി കിട്ടുമ്പോൾ പോകാനുള്ള പൈസ അമ്മ എങ്ങനെയെങ്കിലും തരാം.”വിയർപ്പും ക്ഷീണവും നിറഞ്ഞ മുഖത്തോടെ അമ്മയത് പറയുമ്പോൾ ലോകം തന്നെ നേടിയ സന്തോഷമായിരുന്നു തനിക്ക്..പക്ഷേ പെട്ടെന്നുണ്ടായ തൊഴിലാളി സമരം മൂലം വാക്കു പാലിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്ന അച്ഛന്റെ മുന്നിലേക്ക് ഒരിക്കൽ കൂടി വിനോദയാത്രയ്ക്കുള്ള പണം ചോദിക്കാൻ അമ്മ അനുവദിച്ചില്ല. കാർക്കശ്യക്കാരായ അധ്യാപകരുടെ നിബന്ധനകൾ മൂലം പോകാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് വിവാഹം കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ ആദ്യത്തെ വിനോദയാത്ര പോയത് തേക്കടിയിലേക്കാണ്. സ്കൂളിൽ വച്ച് അന്ന് പോകാൻ കഴിയാത്തതിന്റെ പലിശയും പലിശയുടെ പലിശയും ചേർത്ത് വീട്ടിയെന്നു ആശ്വസിച്ചു. പിന്നീട് കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു.. പക്ഷേ അന്ന് അനുഭവിച്ച മാനസിക വിഷമത്തിന് ഒരിക്കൽപോലും അത് പരിഹാരമാവില്ലെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു. ഒരിക്കൽ കൂടി ആ ചോദ്യത്തിലേക്ക് നോക്കി യപ്പോൾ കണ്ണും മനസ്സും കലങ്ങുന്നുണ്ടായിരുന്നു.

തന്നെപ്പോലെ പഠനകാലത്ത് വിനോദയാത്ര പോകാത്ത എത്ര കുട്ടികൾ തന്റെ ക്ലാസ്സിൽ ഉണ്ടാകും. ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും പോയിരിക്കും.. എല്ലാവരും മിടുക്കി കുട്ടികളാണ് എന്നത് കൊണ്ടുതന്നെ അവർ ഇതിനെയെല്ലാം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുമായിരിക്കും…അന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് മുഴുവൻ തന്റെ ക്ലാസ്സിലെ വിദ്യാർഥിനികളുടെ ഓരോരുത്തരുടെയും മുഖമായിരുന്നു. നാലാം ക്ലാസിൽ വച്ച് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട സൗമ്യ, ജനിക്കുന്നതിനു മുമ്പ് ഉപേക്ഷിച്ചു പോയ അച്ഛന്റെ ഓർമ്മകളില്ലാത്ത ആരതി, നഗരത്തിലെ മാലിന്യങ്ങൾക്ക് ഇടയിൽ അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്ന തമിഴ്നാട് സ്വദേശി കുപ്പുവിന്റെയും ജഗദംബികയുടെ മകൾ മല്ലിക,അവരൊക്കെ ഒരിക്കലെങ്കിലും വിനോദയാത്ര പോയിരിക്കുമോ…? പോയിട്ടില്ലെങ്കിൽ അവർ അർഹിച്ച വിജയത്തിന് മുൻപിൽ ഞാനടക്കമുള്ള അധ്യാപകർ കൊഞ്ഞനം കുത്തുന്നതുപോലെ ആകില്ലേ. കിടന്നിട്ട് ഉറക്കം വരുന്നില്ല.. മനസ്സ് വല്ലാതെ ആസ്വസ്തമായപ്പോൾ തന്റെ ഏതു വിഷമ സന്ധികളിലും ആശ്വാസമാകുന്ന ഭർത്താവിനോട് തുറന്നു പറയാൻ തന്നെ തീരുമാനിച്ചു..വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ഒന്നും മറച്ചു വച്ചിട്ടില്ലെങ്കിലും ഒൻപതാം ക്ലാസ്സിലെ ആ ദുരനുഭവം കേട്ടപ്പോൾ അറിയാതെ അദ്ദേഹത്തിന്റെയും കണ്ണ് നിറഞ്ഞു പോയി.. അന്ന് നേരം വെളുക്കുവോളം തങ്ങൾ പരസ്പരം സംസാരിച്ചു.. പതിവില്ലാതെ രാവിലെ വിദ്യാലയത്തിലേക്ക് അദ്ദേഹത്തിന്റെ കൂടെയാണ് താൻ പോയത്.. എന്നെ സ്കൂളിന് മുന്നിൽ ഇറക്കി അദ്ദേഹം ഓഫീസിലേക്ക് പോകുമ്പോൾ മനസ്സിൽ ആവശ്യത്തിന് ധൈര്യം പകർന്നു നൽകിയിരുന്നു. ഏഴാം ക്ലാസിൽ എ, ബി എന്നിങ്ങനെ രണ്ട് ഡിവിഷനുകൾ ആണുള്ളത്. പരീക്ഷക്ക്‌ മുൻപുള്ള തന്റെ അവസാനദിവസത്തെ ക്ലാസാണ് ഇന്ന്. അതുകഴിഞ്ഞാൽ രണ്ടു ദിവസം സ്റ്റഡി ലീവ് .. രണ്ട് ക്ലാസുകളിലും കൂടി ആകെ 66 വിദ്യാർത്ഥിനികൾ.. ഉച്ചയൂണും കഴിഞ്ഞ് വിദ്യാർഥിനികൾ ആലസ്യത്തിൽ ആയിരിക്കുന്ന ആദ്യ പിരീഡ് ഇന്ന് തനിക്ക് നൽകണമെന്ന് ഞാൻ പ്രധാനാധ്യാപികയോട് ആവശ്യപ്പെട്ടു..

“എന്താ ടീച്ചറെ രണ്ട് ക്ലാസിലെ കുട്ടികളെയും കൂട്ടി ഉറങ്ങാനാണോ പരിപാടി.. അല്ലെങ്കിൽ ഇവിടെ ഉച്ചയൂണ് കഴിഞ്ഞിട്ടുള്ള ആദ്യ പിരീഡ് വേണ്ടെന്നു പറഞ്ഞു അധ്യാപകരുടെ പരാതിയാണ്…”
“എന്റെ ക്ലാസുകൾ എല്ലാം നേരത്തെ കഴിഞ്ഞു ടീച്ചറെ.. ഇത് അവർക്ക് പരീക്ഷയിൽ കുറച്ച് ആത്മവിശ്വാസം നൽകാനുള്ള ക്ലാസ്സാണ്.. ചൂരലിന്റെയോ ബ്ലാക്ക് ബോർഡിന്റെയോ ആവശ്യം ഇന്നില്ല… അതുകൊണ്ടു തന്നെ ഇന്നത്തെ എന്റെ ക്ലാസ്സ്‌ മഞ്ചാടി മരത്തിന്റെ ചുവട്ടിലാണ്..”
“ഏതായാലും നടക്കട്ടെ ടീച്ചറെ..” പ്രധാനാധ്യാപിക ചിരിച്ചുകൊണ്ട് അനുവാദം നൽകി..

ഉച്ചയൂണിന് ശേഷം അവരുടെ മലയാളം അധ്യാപിക ക്ലാസിലേക്ക് കടന്നുവന്നപ്പോൾ വിദ്യാർഥിനികളെല്ലാം അത്ഭുതം തൂകി..

“എല്ലാവരും വേഗം മഞ്ചാടി മരത്തിന്റെ ചുവട്ടിലേക്ക് നടന്നോളു ഇന്ന് നിങ്ങൾക്ക് അവിടെയാണ് ക്ലാസ്.. ”
എന്റെ വാക്കുകൾ കേൾക്കേണ്ട താമസം ഉറക്കച്ചടവിൽ ആയിരുന്ന വിദ്യാർത്ഥിനികൾ പെട്ടെന്ന് തന്നെ പുറത്തേക്ക് നടന്നു.. അവിടെ ചെല്ലുമ്പോൾ ബി ക്ലാസിലെ കുട്ടികൾ മുഴുവൻ നിരന്നിരിപ്പുണ്ട്.. അവർക്ക് അത്ഭുതമായി.. മനസ്സിന്റെ സംഘർഷങ്ങളെല്ലാം അയഞ്ഞ് അവർ പരസ്പരം സംവദിച്ചു.. വലിയൊരു ജനക്കൂട്ടത്തിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ പോലെ അവിടം ഒരു നിമിഷം കൊണ്ട് ശബ്ദ മുഖരിതമായി.. എന്താണ് ഇവിടെ സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു.. സൈലൻസ് പ്ലീസ്.. ഞാൻ വിദ്യാർഥിനികൾക്ക് നടുവിലേക്ക് കയറി നിന്നു കൊണ്ട് ഉറക്കെ പറഞ്ഞു.. മൊട്ടുസൂചി നിലത്ത് വീണാൽ കേൾക്കാവുന്ന വിധത്തിൽ ആ തുറന്നക്ലാസ്സ്‌ നിശബ്ദമായി..

“എല്ലാവരും പരീക്ഷയ്ക്കുള്ളത് പഠിച്ചു കഴിഞ്ഞോ.. “യെസ് എന്നും നോയെന്നും ഉത്തരങ്ങൾ വന്നു…
” മതി മതി നിങ്ങൾ പഠിച്ചിടത്തോളം മതി.. ഇന്ന് നമ്മൾക്ക് കുറച്ചു വർത്തമാനങ്ങൾ പറയാം.. ” കുട്ടികളുടെ മുഖത്തൊക്കെ പുഞ്ചിരി വിരിഞ്ഞു.. ഉറക്കം തൂങ്ങിയവരുടെ ഉറക്കം പമ്പ കടന്നു.. എല്ലാവരുടെയും ശരീരത്തിൽ മനസ്സിലും ഉത്സാഹം നിറഞ്ഞത് പോലെ..

” നിങ്ങൾ ആരൊക്കെ വിനോദയാത്ര പോയിട്ടുണ്ട്.. ” ഞാൻ കുട്ടികളോട് ചോദിച്ചു ആൾക്കൂട്ടത്തിനിടയിൽ നിന്നും കുറെ കൈകൾ ഉയർന്നു.. അവിടം ശബ്ദമുപരിചിതമായി.. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.. എന്നാൽ ചില കണ്ണുകൾ നിർവികാരമായി ആൾക്കൂട്ടത്തിനൊപ്പം ചുണ്ടനക്കുന്നത് ഞാൻ ശ്രദ്ധിച്ചു…

“ശരി ശരി എല്ലാവരും ഇരിക്കൂ… തൽക്കാലം ടീച്ചർ ഒരിക്കൽ വിനോദയാത്ര പോയ ഒരു കഥ പറയാം..”

“ആാാാാ… “കുട്ടികളിൽ നിന്നും ഉത്സാഹത്തോടെ ആ ശബ്ദം ഉയർന്നു..

പണ്ടൊരിക്കൽ ഞാൻ തേക്കടിയിലേക്ക് ട്രിപ്പ് പോയ കഥ പറഞ്ഞു തുടങ്ങി.. ഒരു തിരശ്ശീലയിൽ എന്ന പോലെ തലേ ദിവസത്തെ ഒതുക്കങ്ങൾ മുതൽ ഞാൻ പറഞ്ഞു തുടങ്ങി.. കേൾക്കുന്ന ഓരോ വിദ്യാർത്ഥിനികളുടെയും മനസ്സിൽ അതിന്റെ ചിത്രം തെളിഞ്ഞു.. അവർ ചിരിച്ചു ഉല്ലസിച്ചു, ആകാംക്ഷ കൊണ്ട് വിസ്മയിച്ചു ആദ്യത്തെ പീരിയഡ് കഴിഞ്ഞ് ബെല്ലടിച്ചപ്പോഴാണ് ഞാൻ കഥ പറച്ചിൽ അവസാനിപ്പിച്ചത്..കഥകെട്ട എല്ലാവരും ഉത്സാഹത്തിൽ ആയിരുന്നു.. അവരുടെ അത്രയും നാളത്തെ പഠനകാലത്ത് ഇത്രയും സന്തോഷത്തോടുകൂടി ഒരു ക്ലാസിലും ഇരുന്നിട്ടില്ല എന്ന് പറഞ്ഞു..

അന്നത്തെ ദിവസത്തോടെ ക്ലാസ്സുകൾ അവസാനിച്ചു.. പരീക്ഷ ചൂടിൽ വിദ്യാർത്ഥികളും അധ്യാപകരും പരസ്പരം സംസാരിക്കാൻ പോലും സമയം കിട്ടാതെ ഓടി നടന്നു.. പരീക്ഷകൾ കഴിഞ്ഞതോടെ പത്തുദിവസത്തെ അവധിക്ക് വിദ്യാലയം അടച്ചു.

മലയാളം പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്നതിനായി ഞാൻ രണ്ടു ക്ലാസുകളിലെയും ഉത്തര കടലാസ്സുകൾ പരിശോധിക്കുകയായിരുന്നു.. എല്ലാവരും മികച്ച വിദ്യാർത്ഥിനികൾ ആണ് ഭൂരിഭാഗം പേർക്കും നല്ല മാർക്ക് ഉണ്ട്.. എന്നാൽ എന്റെ ആകാംക്ഷമുഴുവൻ അവസാനത്തെ ചോദ്യത്തിലായിരുന്നു..

കൂടുതൽ പേരുടെയും ഉത്തരങ്ങൾ ഊട്ടി കൊടേക്കനാൽ മൂന്നാർ മധുര മൈസൂർ എന്നിവിടങ്ങളിലേക്ക് തങ്ങൾ നടത്തിയ വിനോദയാത്രയായിരുന്നു.. എല്ലാവരും എഴുതിയിട്ടുണ്ട് പക്ഷേ പലതും പൂർണ്ണമല്ല.. ചിലർക്ക് ചിലയിടങ്ങളിൽ ഓർമ്മകൾ വ്യക്തമല്ല.. തുടക്കവും ഉടുക്കവും തമ്മിൽ പലരുടെയും ബന്ധമില്ല.. 3മാർക്കിൽ കൂടുതൽ കൊടുക്കാൻ യോഗ്യമല്ലാത്തവയായിരുന്നു അവ മൂന്ന് പേരുടെ ഒഴികെ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ആ മൂന്നു വിദ്യാർത്ഥിനികളും കത്ത് എഴുതിയിരിക്കുന്നത് അവരുടെ മലയാളം അധ്യാപികയായ എനിക്കായിരുന്നു. എഴുതിയിരിക്കുന്നത് സൗമ്യ, ആരതി, മല്ലിക എന്നീ മിടുക്കി കുട്ടികൾ..തേക്കടിയിലേക്ക് അല്ലാതെ മറ്റു വേറെ എവിടേക്കുമല്ലായിരുന്നു അവരുടെ വിനോദയാത്ര. അത്രയേറെ വ്യക്തമായും ആസ്വദിച്ചും എഴുതിയിരിക്കുന്നു.. കുറ്റങ്ങളോ കുറവുകളോ ഇല്ലാത്ത ആ കത്തിന് എഴിൽ എഴുമാർക്ക് ആണ് ഞാൻ കൊടുത്തത്.. 50 മാർക്കിൽ നാല്പത്തി ഒൻപതും വാങ്ങി അവർ മൂന്നു പേരുമാണ് ക്ലാസ്സിൽ ഒന്നാമത് ആയതു.. പക്ഷെ ഞാനും അവരും ഒഴിച്ച് ക്ലാസ്സിൽ വേറെ ആർക്കും അറിയുകയില്ല അവർ ഒരിക്കലും തേക്കടിയിലേക്ക് വിനോദയാത്ര നടത്തിയിട്ടില്ലെന്ന്. അവരുടെ ഉത്തരക്കടലാസുകൾ പരിശോധിക്കുമ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു ഒഴുകിയത് വീണ് ഉത്തരകടലാസിലെ മഷി പലയിടത്തും പരന്നത് എന്റെ ഭർത്താവ് ഒഴികെ മറ്റാരും മനസ്സിലാക്കാൻ വഴിയില്ല. കാരണം അദ്ദേഹം ആ സമയം മുഴുവനും എന്നെ നെഞ്ചിൽ ചേർത്തു പിടിച്ചിരുന്നു..അതുകൊണ്ടു തന്നെയാകും അദ്ദേഹം എന്റെയടുത്തു ആ നിർദ്ദേശം മുന്നോട്ട് വച്ചത് നമ്മൾ അടുത്ത ആഴ്ച തേക്കടിയിലേക്ക് ഒരു ടൂർ പോകുന്നു കൂടെ തന്റെ മിടുക്കികളായ മുഴുവൻ വിദ്യാർത്ഥിനികളും. ചെലവ് മുഴുവൻ നമ്മുടെ വക. കേട്ടതിനേക്കാൾ എത്രയോ സുന്ദരമായിരിക്കും അവർക്കത് കണ്ടാൽ..
സന്തോഷം കൊണ്ട് വീണ്ടും ഞാൻ ആ പഴയ ഒമ്പതാം ക്ലാസുകാരി പെൺകുട്ടിയായി വിതുമ്പികരഞ്ഞു..അദ്ദേഹത്തിന്റെ കരങ്ങൾ പതിറ്റാണ്ടുകൾക്ക് അപ്പുറത്ത് എന്നെ ചേർത്തു പിടിക്കുന്നത് പോലെതോന്നി.. ഞാൻ ആ നെഞ്ചിലേക്ക് ചാഞ്ഞു..

No Comments »

No comments yet.

RSS feed for comments on this post.

Leave a comment

You must be logged in to post a comment.

Powered by WordPress