രചന – പ്രജിത് സുരേന്ദ്രബാബു
ഒരു തേപ്പ് കല്യാണം
**********************
” മീരാ പ്ലീസ് നീ എന്നെ വിട്ട് പോകല്ലേ…. എനിക്കത് ചിന്തിക്കുവാൻ കൂടി കഴിയുന്നില്ല…. ”
തന്റെ മുന്നിൽ യാചിച്ചു നിൽക്കുന്ന ആനന്ദിനെ നോക്കുമ്പോൾ മീര ഏറെ അസ്വസ്ഥയായി.
” ആനന്ദ്.. നീ ഒന്ന് പ്രാക്ടിക്കൽ ആക്.. സത്യമാണ്… നമ്മൾ പ്രണയിച്ചിരുന്നു. പക്ഷേ.. ഇത് ശെരിയാകില്ല.. നല്ലൊരു ജോലി പോലുമായിട്ടില്ല നിനക്ക് ഇതുവരെ… കോളേജ് പ്രേമം പോലെ അല്ല ജീവിതം. അവിടെ കാശിനു കാശ് തന്നേ വേണം… നമ്മൾ ഒന്നിച്ചാൽ ഭാവിയിൽ രണ്ടാൾക്കും ബുദ്ധിമുട്ടുകൾ ആകും ഇപ്പോൾ എനിക്ക് വന്ന ഈ പ്രൊപോസൽ.. പയ്യൻ സിംഗപ്പൂരിൽ ആണ്. ഇത് നടന്നാൽ എന്റെ ജീവിതം രക്ഷപ്പെട്ടു. എന്നെ യഥാർത്ഥത്തിൽ നീ സ്നേഹിക്കുന്നുണ്ട് എങ്കിൽ എനിക്കൊരു നന്മ വരുമ്പോൾ അതിനൊപ്പം നിൽക്കുവല്ലേ വേണ്ടത്… കഴിഞ്ഞതൊക്കെ മറന്നേക്കൂ ഇനി ഈ കാര്യം പറഞ്ഞുകൊണ്ട് എന്റെ മുന്നിലേക്ക് നീ വരരുത് അപേക്ഷയാണ് ”
അവളുടെ കടുത്ത വാക്കുകൾ ഓരോന്നും ആനന്ദിന്റെ ഉള്ളിൽ കൂരമ്പുകളായി തറച്ചു കയറി.
” മീര അഞ്ചു വർഷം.. അഞ്ചു വർഷം നീണ്ട നമ്മുടെ ആത്മാർഥ പ്രണയത്തെയാണോ ഇത്രയ്ക്കും നിഷ്പ്രയാസം നീ ഒഴിവാക്കുന്നത്. ഒരുമിച്ച് എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടതാ നമ്മൾ എന്നിട്ടിപ്പോൾ…. ”
അന്ധാളിച്ചു നോക്കി നിൽക്കുന്ന ആനന്ദിനെ അവഗണിച്ചു കൊണ്ട് മീര അല്പം മുന്നിലേക്ക് നടന്ന ശേഷം ഒന്ന് പിന്തിരിഞ്ഞു
” സ്വപ്നം മണ്ണാംകട്ട… സ്വപ്നമല്ല ജീവിതം.. ആനന്ദ് പ്ലീസ്…. കഴിഞ്ഞത് കഴിഞ്ഞു ഇനി എന്നെ ഒന്നും ഓർമ്മിപ്പിക്കാൻ നിൽക്കേണ്ട ഇതാണ് ശെരി നമ്മൾ രണ്ടാൾക്കും…. ഇനി ഈ കാര്യം പറഞ്ഞു വരരുത് എന്റെ വിവാഹത്തിന് നീ വരണം എന്റെ നല്ലൊരു ഫ്രണ്ടായിട്ട് ”
മറുപടിക്കായി കാത്തു നിൽക്കാതെ അവൾ നടന്നകലുമ്പോൾ നിറ കണ്ണുകളോടെ നോക്കി നിൽക്കുവാനെ ആനന്ദിന് കഴിഞ്ഞുള്ളു…. ഹയർ സെക്കണ്ടറി സ്കൂളിലും കോളേജിലുമൊക്കെയായി പൂത്തു തളിർത്ത പ്രണയം.. ഒരുമിച്ചു സ്വപ്നം കണ്ടു നടന്ന ആ നാളുകൾ.. അവ ഓരോന്നും അവന്റെ ഉള്ളിൽ നോവായി ബാക്കി നിന്നു. വളരെ പെട്ടെന്നാണ് മീരയിൽ ആ മാറ്റം ഉടലെടുത്തത് കൃത്യമായി പറഞ്ഞാൽ സിംഗപ്പൂരിൽ സ്ഥിര താമസമാക്കിയ സമ്പന്നനായ യുവാവിന്റെ വിവാഹാലോചന വന്ന നാൾ മുതൽ. അതിനു മുന്നെ വന്ന ഓരോ ആലോചനകളും ആനന്ദിന് വേണ്ടി ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു മുടക്കി കൊണ്ടിരുന്ന മീര ഇവിടെ മാത്രം മാറ്റി ചിന്തിച്ചു.കാരണം ഒരു സാധാരണക്കാരിയായ യുവതിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു ആ ബന്ധം സ്വത്തോ പണമോ ഒന്നും ആവശ്യപ്പെടാതെ കുട്ടിയെ മാത്രം മതി എന്ന് ചെക്കൻ വീട്ടുകാർ അറിയിച്ചപ്പോൾ ചെക്കനെ നേരിട്ട് കാണുവാൻ പോലും നിൽക്കാതെ വീട്ടുകാർ ആ വിവാഹം ഉറപ്പിക്കുകയായിരുന്നു.
തലയ്ക്കു പിടിച്ച പ്രേമത്തിന്റെ ലഹരിയിൽ ആദ്യം എതിർത്തുവെങ്കിലും ഭാവിയിൽ തനിക്കു ലഭിക്കുവാൻ പോകുന്ന സൗഭാഗ്യങ്ങളെ പറ്റി ചിന്തിച്ചപ്പോൾ അല്ലെങ്കിൽ നിരന്തരമായ രക്ഷകർത്താക്കളുടെ ഉപദേശങ്ങൾക്കു വഴങ്ങി പതിയെ പതിയെ മീരയും സമ്മതം മൂളി. ഒടുവിൽ വളരെ പെട്ടെന്ന് തന്നെ ആ വിവാഹവും ഉറച്ചു.
“ചെക്കൻ സിംഗപ്പൂരിൽ സെറ്റിൽഡാണ്…. വിവാഹം കഴിഞ്ഞാൽ മീരയെയും അവൻ അങ്ങട് കൊണ്ട് പോകും… നല്ല നിലയിൽ ജീവിക്കാനുള്ള കൊച്ചിനെ വെറുതെ നിന്റെ ഒപ്പം കൂട്ടി നരകിപ്പിക്കണോ…. നീ ഒരു വട്ട പൂജ്യം ആണ് ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുത്ത് കിട്ടുന്ന നക്കാപ്പിച്ച കൊണ്ടാണോ എന്റെ മോളെ പോറ്റാൻ നിൽക്കുന്നത്… ദയവ് ചെയ്ത് ദ്രോഹിക്കാൻ നിൽക്കരുത് കല്യാണത്തിന് വന്നാൽ വയറു നിറച്ചു സദ്യ കഴിച്ചു പോകാം ”
മീരയുടെ പിന്നാലെ അപേക്ഷയുമായി വീണ്ടും കൂടിയപ്പോൾ അവസാനമായി അവളുടെ അച്ഛൻ തന്നെ വന്നു കണ്ടു പുച്ഛത്തോടെ പറഞ്ഞ ആ വാക്കുകൾ ആനന്ദിന്റെ ഹൃദയത്തിൽ തന്നെ തറച്ചു. അതോടെ അവളുടെ പിന്നാലെയുള്ള അലച്ചിൽ ആനന്ദ് അവസാനിപ്പിച്ചിരുന്നു. പിന്നീടുള്ള ഓരോ നാളുകളിലും നഷ്ടപ്രണയത്തെ ഓർത്തവൻ ഉരുകി കഴിയുമ്പോൾ പഴയതൊക്കെയും മറന്നുകൊണ്ട് പുതിയ സൗഭാഗ്യങ്ങൾ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു മീര.
വിവാഹ ദിവസം പോകേണ്ട എന്ന് മനസിൽ ഉറച്ചുവെങ്കിലും അവസാന നിമിഷം സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി പോകുവാൻ ആനന്ദ് തീരുമാനിച്ചു.
” അളിയാ നിന്റെ തീരുമാനം തന്നെയാണ് ശെരി… ഓള് നിന്നെ തേച്ചതല്ലെ.. അപ്പോൾ പോകാതിരുന്നാൽ നീ വെറും നിരാശാ കാമുകനായി തരം താഴ്ന്നു പോകും പോയി അന്തസ്സായിട്ട് അവളെ കണ്ട് ഗിഫ്റ്റും കൊടുത്ത് സദ്യയും കഴിച്ചു വാടാ”
ബൈക്കിലേക്ക് കയറുമ്പോൾ പിന്നിൽ നിന്നുമുള്ള കൂട്ടുകാരന്റെ കമന്റിനു മുന്നിൽ പുഞ്ചിരി തൂകി അവൻ വിവാഹ ഓഡിറ്റോറിയം ലക്ഷ്യമാക്കി നീങ്ങി.
ആർഭാട പൂർവ്വം തന്നെ വിവാഹ മണ്ഡപം ഒരുങ്ങിയിരുന്നു. കയ്യിൽ കരുതിയ ഗിഫ്റ്റുമായി അരികിലേക്ക് ചെല്ലുമ്പോൾ മീര ഒന്ന് പരുങ്ങുന്നത് കണ്ട് അറിയാതെ ചിരി വന്നു പോയി ആനന്ദിന്.
“ടെൻഷൻ ആകേണ്ടടോ.. ബോംബ് ഒന്നും അല്ല ഒരു ചെറിയ ഗിഫ്റ്റാ എന്റെ വക. ”
കയ്യിലിരുന്ന ഗിഫ്റ്റ് തനിക്ക് സമ്മാനിക്കുമ്പോൾ ആനന്ദിന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി മീരയെ ഏറെ അത്ഭുതപ്പെടുത്തി. നിരാശാ കാമുകന്റെ ഭാവത്തിൽ നിന്നും അവൻ പൂർണ്ണമായും മോചിതനായിരുന്നു.
” നീ പറഞ്ഞതാ മീരാ ശെരി… നിനക്ക് ഞാൻ അല്ല എനിക്ക് നീ ചേരില്ല…. എന്റെ സാമ്പത്തിക സ്ഥിതി വച്ചു നിന്നെ തീറ്റി പോറ്റുവാൻ പറ്റില്ല എന്ന് ഞാൻ മനസിലാക്കുന്നു
… നീ പറഞ്ഞ പോലെ തന്നെ നല്ലൊരു ഫ്രണ്ടായി ഞാൻ ഉണ്ടാകും ആശംസകൾ……. ”
ഉള്ളു പിടയുമ്പോഴും പുഞ്ചിരിയോടെ ആശംസ അർപ്പിച്ചു കൊണ്ട് അവൻ പതിയെ പുറത്തേക്ക് നടന്നു തിരിഞ്ഞു നോക്കാതെ.
വിവാഹം കാണുവാൻ മനസ്സനുവദിക്കില്ല എന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങുമ്പോഴാണ് വെപ്രാളപ്പെട്ട് മീരയുടെ അച്ഛൻ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടി പോകുന്നത് ആനന്ദ് ശ്രദ്ധിച്ചത്. അയാളുടെ പരവേശം കാൺകെ ഒരു നിമിഷം എന്താണെന്ന് അറിയാൻ പിന്തിരിഞ്ഞു നിന്നു അവൻ. അധികം വൈകിയില്ല. നിമിഷങ്ങൾക്കകം തന്നെ ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ വാർത്ത അവിടെ പരന്നു. ‘ഈ വിവാഹം നടക്കില്ല. ചെക്കന് മുന്നേ ഏതോ ബന്ധമുണ്ട് പോലും. കൂടെ ജോലി ചെയ്യുന്നതാ.ഇന്ത്യക്കാരി ആണ് പക്ഷേ മലയാളി അല്ല.ആ ബന്ധം ഒഴിവാക്കാനാണ് വീട്ടുകാർ ഈ വിവാഹം തിടുക്കത്തിൽ ഉറപ്പിച്ചത് പക്ഷേ അവൻ അവളേം കൊണ്ട് മുങ്ങി തിരിച്ച് സിംഗപ്പൂരിലേക്ക് തന്നെ. ‘
കേട്ടവർ കേട്ടവർ അന്ധാളിച്ചു നിൽക്കുമ്പോൾ ആകെ ഒരു മരവിപ്പായിരുന്നു ആനന്ദിനും.
” അവസാന നിമിഷം ഇങ്ങനെ ഒക്കെ കാട്ടിയാൽ എന്താ ചെയ്ക ആ കുട്ടിയുടെ അവസ്ഥ ഒന്ന് ഓർത്തു നോക്ക്.. ഇവനൊക്കെ എതിരെ കേസ് കൊടുക്കുകയാ വേണ്ടത് ”
” എന്ത് കേസ്…. ഇത്രേം ഒരുക്കി വച്ചിട്ട് ഉണ്ടായ നാണക്കേടിന് ആദ്യം ഒരു പരിഹാരം കാണണ്ടേ… എന്നിട്ടല്ലേ കേസും വഴക്കും ഒക്കെ… പെണ്ണിന് പഴയ പ്രേമം എന്തെലും ഉണ്ടോ ന്ന് തിരക്ക് ആദ്യം.. മുഹൂർത്തം ഇനിയും വൈകിയിട്ടില്ല”
കാരണവന്മാരുടെ പല പല അഭിപ്രായങ്ങൾ കേൾക്കെ ആനന്ദ് ഒന്ന് പരുങ്ങി. തന്റെ ഏറ്റവും വലിയ ആഗ്രഹം… മീരയുമായുള്ള വിവാഹം.. ഒരു നിമിഷം താനൊന്ന് മനസ്സു വച്ചാൽ ഇപ്പോൾ അത് നടക്കും. ചിന്തയിൽ മുഴുകി നിൽക്കുമ്പോഴാണ് മണ്ഡപത്തിനരികിൽ നിന്നും മീരയുടെ അമ്മ തനിക്കു നേരെ വിരൽ ചൂണ്ടുന്നത് അവൻ ശ്രദ്ധിച്ചത്. നിമിഷങ്ങൾക്കകം അവനു ചുറ്റും ഒരു വലയം സൃഷ്ടിക്കപ്പെട്ടു… ഏവരും ഒന്നിച്ചു തനിക്കുനേരെ ഉറ്റുനോക്കുന്നത് കാൺകെ ഒരു നിമിഷം ആനന്ദ് ഒന്ന് പതറി.
” എ… എന്താ… എന്താ കാര്യം.. ”
സംശയത്തോടെ ചുറ്റും പരതി നോക്കവേ മീരയുടെ അച്ഛൻ മുന്നിലേക്ക് വന്നു
” മോനെ… കാര്യങ്ങൾ നീ അറിഞ്ഞില്ലേ… അവർ… അവർ ചതിച്ചതാ അവസാന നിമിഷം…. ഇനി ഈ നാണക്കേടിൽ നിന്ന് കരകയറ്റുവാൻ നിനക്കെ കഴിയുള്ളൂ… പഴയ കാര്യങ്ങൾ നീ മറക്കണം തെറ്റ് പറ്റിപ്പോയി മോളും ഇപ്പോൾ അതിൽ ഏറെ വിഷമിക്കുന്നുണ്ട്. നിങ്ങടെ പ്രണയം… അത് ഒന്നിക്കുവാനാകും ദൈവ നിശ്ചയം.. ഇപ്പോൾ ഈ അവസ്ഥയിൽ അവൾക്ക് പുടവ കൊടുത്ത് നാണക്കേടിൽ നിന്നും രക്ഷിക്കാൻ നിനക്ക് കഴിയില്ലേ ”
പ്രതീക്ഷയോടെ തന്റെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യനെ ആനന്ദ് ശ്രദ്ധിച്ചില്ല.. അവന്റെ ശ്രദ്ധ അപ്പോൾ പിന്നിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന മീരയിലായിരുന്നു… അവളുടെ മിഴികളിൽ ആ സമയം മുൻപ് കണ്ട വെറുപ്പ് അവനു കാണുവാൻ കഴിഞ്ഞില്ല. ചുറ്റും കൂടി നിന്നവരെ വകഞ്ഞു മാറ്റി ആനന്ദ് പതിയെ അവൽക്കരികിലേക്ക് ചെന്നു. ആ മുഖത്ത് അപ്പോൾ ഇഷ്ടക്കേട് ഇല്ലായിരുന്നു പകരം അഞ്ചു വർഷങ്ങൾക്കു മുൻപ് ആദ്യമായി ഇഷ്ടമാണ് എന്ന് താൻ പറഞ്ഞപ്പോൾ നാണത്താൽ വിരിഞ്ഞ പുഞ്ചിരിയാണ് ആനന്ദിന് കാണുവാൻ കഴിഞ്ഞത്..
” നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും പക്ഷേ….. ”
മീരയുടെ മുഖത്ത് അല്പസമയം ഉറ്റു നോക്കി നിന്ന ശേഷം ആനന്ദ് തുടർന്നു
” ഇവളെ… ഇവളെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ടായിട്ടാ കണ്ടിട്ടുള്ളത്… അതിനപ്പുറം ഒന്നുമില്ല… ഇനി മറ്റൊരു സ്ഥാനത്തേക്ക് കാണുവാനും കഴിയില്ല അത്രക്ക് ആഴമുണ്ട് എനിക്ക് ഇവളോടും ഇവൾക്ക് എന്നോടും ഉള്ള ആത്മാർഥ സൗഹൃദത്തിന്.. ദയവ് ചെയ്ത് സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ട് ഒരു പ്രവർത്തി ചെയ്യുവാൻ എന്നെ നിർബന്ധിക്കരുത്….. മാത്രമല്ല എനിക്ക് കിട്ടുന്ന നക്കാപിച്ചാ വരുമാനം അത് ഒരു പെണ്ണിനെ പോറ്റുവാൻ തികയില്ല പി എസ് സി റാങ്ക് ലിസ്റ്റിൽ ഉണ്ട് ജോലി ഉടനെ കിട്ടുവാനും സാധ്യത ഉണ്ട് അതിനു ശേഷമേ ഒരു വിവാഹത്തെ പറ്റി ഞാൻ ചിന്തിക്കുന്നുള്ളൂ ”
കൂപ്പുകൈകളോടെ മുന്നിൽ നിൽക്കുമ്പോൾ പിന്നിൽ ഞെട്ടിത്തരിച്ചു നിൽക്കുന്ന മീരയെ ഒളികണ്ണിട്ട് നോക്കുവാൻ ആനന്ദ് മറന്നില്ല. അപ്രതീക്ഷിതമായ ആ മറുപടിക്ക് മുന്നിൽ മീരയുടെ അച്ഛനും പതറിയിരുന്നു. ഒന്ന് പുഞ്ചിരി തൂകി പതിയെ ആൾക്കൂട്ടത്തെ മറികടന്നു പുറത്തേക്ക് നടക്കുമ്പോൾ ആനന്ദിന്റെ മുഖത്ത് ഒരു വിജയിയുടെ ഭാവമായിരുന്നു.
‘മീരയെ താൻ വഞ്ചിച്ചിട്ടില്ല.. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും… പഴമക്കാർ ഓരോ ചൊല്ലുകൾ ഉണ്ടാക്കി വച്ചേക്കുന്നത് ചുമ്മാതല്ല.. പുഞ്ചിരിയോടെ ബൈക്കിലേക്ക് കയറി അവൻ നിമിഷങ്ങൾക്കകം ഓഡിറ്റോറിയം വിട്ട് ആ ബൈക്ക് പുറത്തേക്ക് നീങ്ങി…
മനസ്സിൽ അപ്പോൾ സുഹൃത്തുക്കൾക്ക് നന്ദി പറയുകയായിരുന്നു ആനന്ദ് കാരണം അവരുടെ നിർബന്ധത്തിലാണ് അവൻ അവിടേക്ക് ചെന്നത്… അങ്ങിനെ ചെന്നത് കൊണ്ടാണ് സ്നേഹബന്ധങ്ങൾക്ക് പുല്ലുവില നൽകുന്നവരുടെ മുന്നിൽ ഒരു വിജയം അവന് സാധ്യമായത്……
മീരയാകട്ടെ ആത്മാർഥ സ്നേഹത്തെ അവഗണിച്ചു കൊണ്ട് സൗഭാഗ്യങ്ങൾ തേടിപോകുവാൻ മനസ്സിൽ തോന്നിയ ആ നിമിഷത്തെ ശപിക്കുകയായിരുന്നു അപ്പോൾ

by