രചന – സിന്ധു അപ്പുക്കുട്ടൻ
ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞുകൊണ്ടിരുന്നു. ശ്രുതിമോൾ നടന്നു തുടങ്ങിയതോടെ വേണിക്ക് സ്വസ്ഥമായി ഒരു ജോലിയും ചെയ്യാൻ പറ്റാത്ത നിലയായി. എല്ലായിടത്തും അവൾക്കു പിന്നാലെ മോളുമുണ്ട്.
പ്രസാദിനെ കാണുമ്പോൾ ചിരിച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെല്ലും. ചിലപ്പോഴൊക്കെ അവൻ കുഞ്ഞിനൊരു മറു ചിരി സമ്മാനിക്കും. എടുത്തു കൈത്തണ്ടയിലിരുത്തി കൊച്ചു വർത്തമാനം പറയും
വേണിക്ക് അതു കാണുമ്പോൾ ഉള്ളിൽ ചിരിയൂറും.
വേണി അവനോട് സംസാരിച്ചിട്ട് നാളുകൾ ഏറെയായിരുന്നു. ഒരു വീട്ടിൽ രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലായി ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു. മോളില്ലായിരുന്നെങ്കിൽ എവിടെയെങ്കിലും ജോലിക്ക് കയറി ഏതെങ്കിലും ഹോസ്റ്റലിൽ കഴിഞ്ഞു കൂടാമായിരുന്നു. ഒന്നിനും കഴിയാത്ത അനന്തമായ നിസ്സഹായത തിങ്ങി നിറഞ്ഞു നിൽക്കുന്നു.
ചില ദിവസങ്ങളിൽ പ്രസാദിന്റെ ഭ്രാന്തമായ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പല്ലും നഖവും ഉപയോഗിക്കേണ്ടി വന്നു അവൾക്ക്.
“നിങ്ങളെയെനിക്കിഷ്ടമല്ല. ഇനിയും എന്റെ ദേഹത്ത് തൊട്ടാൽ കൊല്ലും ഞാൻ… പല പ്രാവശ്യം അവന്റെ മുഖത്തു നോക്കി അലറിയിട്ടും യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും അവൻ അവൾക്കരികിലെത്തും.
എങ്ങനെ അവന്റെ ക്രൂരതകളിൽ നിന്ന് രക്ഷപെടും എന്നറിയാതെ വേണി സമനില തെറ്റിയവളെപ്പോലെ ഉഴറി നടന്നു.
ഒരു ദിവസം രാവിലെ,
വേണി മുറ്റത്തു നിന്ന ഇത്തിരിയോളം ചീരയിലകൾ നുള്ളിയെടുത്തുകൊണ്ട് അടുക്കളയിലേക്ക് വരികയായിരുന്നു
“നമ്മുടെ ചാക്കോ ചേട്ടന്റെ വീട്ടിൽ വാടകക്ക് താമസിക്കാൻ വന്നേക്കുന്നത് എന്റെ പഴയൊരു കൂട്ടുകാരനാ. ഇന്ന് ഉച്ചക്ക് ഉണ്ണാൻ ഞാനവനെ ഇങ്ങോട്ടു വിളിച്ചിട്ടുണ്ട്. അവരുടെ സാധനങ്ങൾ എല്ലാം ഇറക്കി തീർന്നിട്ടില്ല. ഞാനും കൂടി അങ്ങോട്ട് പോകുവാ. ഉച്ചക്ക് അവരെയും കൂട്ടി വരാം. അപ്പോഴേക്കും എല്ലാം റെഡിയാക്കിക്കൊ.
കയ്യിലിരുന്ന പച്ചക്കറികളും മറ്റു പലവ്യജ്ഞനങ്ങളും അടുക്കളയിൽ കൊണ്ട് വെച്ച് പ്രസാദ് വേണിയോട് പറഞ്ഞു.
അവളതിലേക്കു നോക്കാനേ പോയില്ല.
രാവിലെ മുതൽ എന്തെങ്കിലുമൊരു കറിയുണ്ടാക്കാനുള്ള വക തേടി പുരയ്ക്കു ചുറ്റും നടപ്പായിരുന്നു അവൾ.
പൊരിഞ്ഞ വയറുമായി എത്രയൊ ദിവസങ്ങൾ പട്ടിണിയിരുന്നിട്ടുണ്ട്. അന്നൊന്നും നീ വല്ലതും കഴിച്ചോ, കുഞ്ഞിന് വല്ലതും കൊടുത്തോ എന്ന് ചോദിക്കാനുള്ള മനസ്സുപോലും കാണിക്കാത്ത ഒരുത്തൻ. മോൾടെ പിറന്നാളിന് ഒരു വാഴയിലപോലും കൊണ്ട് തരാതിരുന്നവൻ കൂട്ടുകാരനും ഭാര്യക്കും വേണ്ടി സൽക്കാരമൊരുക്കുന്നു.. ത് ഫൂ… അവൾ മനസ്സിൽ നൂറു വട്ടം കാറിത്തുപ്പി.
പിന്നെയവൾ അത്യാവശ്യം വീട്ടു ജോലികൾ തീർത്ത് ഉച്ചക്ക് കഴിക്കാനുണ്ടാക്കിയ ചോറും ചീരയില കറിയും ഒരു പാത്രത്തിൽ ഭദ്രമായി അടച്ച് പ്രസാദിന്റെ കണ്ണിൽ പെടാതെ എടുത്തു വെച്ച് ഷീജ ചേച്ചിയുടെ വീട്ടിലേക്ക് പോയി.
ഉച്ചക്ക് അവന്റെ കൂടെ ആരൊക്കെയൊ വീട്ടിലേക്ക് കയറി വരുന്നത് ഷീജയുടെ തയ്യൽ ക്ലാസ്സിലിരുന്നു വേണി കാണുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞു അവൻ മുറ്റത്തിറങ്ങി നാലുപാടും നോക്കുന്നതും ഷീജ ചേച്ചിയുടെ വീട്ടിലേക്കെത്തി നോക്കി ടെറസ്സിന് മുകളിലേക്കു സൂക്ഷിച്ചു നോക്കുന്നതും ഷീറ്റിട്ട് മറച്ച തയ്യൽ ക്ലാസ്സിന്റെ ഇത്തിരി വിടവിലൂടെ വേണി കണ്ടു കൊണ്ട് നിന്നു.
അവൻ ഉറക്കെ എന്തൊക്കെയോ ചീത്ത വിളിക്കാൻ തുടങ്ങിയതും, തടിച്ചുരുണ്ട ഒരു സ്ത്രീ വന്ന് അവനോട് ചുമലിൽ തട്ടി സാരമില്ല എന്ന ഭാവത്തിൽ എന്തോ പറഞ്ഞു.
പിന്നെയവൾ രണ്ടു കുട്ടികളുടെ കയ്യും പിടിച്ച് റോഡിലേക്കിറങ്ങി. അവൾക്ക് പിന്നാലെ രണ്ടു പുരുഷൻമാരും. അവർ പ്രസാദിനെയും പിടിച്ചു വലിച്ച് തങ്ങൾക്കൊപ്പം കൂട്ടി.
അവർ പോയെന്ന് ഉറപ്പായതോടെ വേണി തിരികെ വന്ന് ഭക്ഷണം കഴിച്ചു. പിന്നെ തുന്നാനുള്ള തുണികളുമായി വരാന്തയിലിരുന്നു.മോളോട് കൊച്ചു വർത്തമാനങ്ങളും പറഞ്ഞുകൊണ്ടവൾ വൈകുവോളം ജോലി തുടർന്നു.
നിലത്തുറക്കാത്ത കാലുകളുമായാണ് അന്ന് പ്രസാദ് വീട്ടിൽ വന്നത്.
“എന്നെ നാണം കെടുത്തിയപ്പോ തൃപ്തിയായല്ലോടി പൂ…. മോളെ നിനക്ക്. ഒരു നിമിഷം ഇനി നീയിവിടെ നിൽക്കരുത്. ഇപ്പൊ ഇറങ്ങിക്കോണം. ഇതെന്റെ വീടാ. എന്നെ അനുസരിക്കാത്തവൾക്ക് ഇവിടെ തുടരാൻ യാതൊരു യോഗ്യതയുമില്ല.
അവൻ അവളുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു.
വേണിക്ക് തടയാനാകും മുന്നേ അവൻ മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ടു.
എങ്ങോട്ടു പോകും എന്നറിയാതെ മോളെയും കൊണ്ട് വേണി ഇരുളിൽ പകച്ചു നിന്നു.
***********************
ഹലോ വേണി, ഞാൻ ലീന. അപ്പുറത്ത് വാടകക്ക് താമസിക്കുന്നു. എന്റെ ഏട്ടനും പ്രസാദും കൂട്ടുകാരാ. പ്രസാദ് ശരിയാക്കി തന്നതാ ഈ വീട്.
വേണി മോൾക്ക് ചോറും കൊടുത്ത് അടുക്കളയിറത്തു ഇരിക്കുകയായിരുന്നു. നിറഞ്ഞ ചിരിയുമായി നിൽക്കുന്ന സ്ത്രീയെ കണ്ട്,അന്ന് പ്രസാദിനോപ്പം ഉച്ചക്ക് ഊണുകഴിക്കാൻ കയറി വന്നവരുടെ കൂട്ടത്തിൽ ഇവളുമുണ്ടായിരുന്നു എന്ന് വേണി തിരിച്ചറിഞ്ഞു.
കയറിയിരിക്ക്
അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു.
പിള്ളേർ സ്കൂളിൽ പോയൊ?
എന്തെങ്കിലും ചോദിക്കണമല്ലോ എന്ന് കരുതി വേണി അവരോടു ചോദിച്ചു.
“ആ പിള്ളേര് രണ്ടും സ്കൂളിൽ പോയി. ഏട്ടൻ ജോലിക്കും. ഒറ്റക്കിരുന്നു ബോറടിച്ചപ്പോ ഇങ്ങോട്ടിറങ്ങിയതാ. പ്രസാദ് വിളിച്ചപ്പോ പറയേം ചെയ്തു ഇവിടെ വേണിയും തനിച്ചാണെന്ന്.
പ്രസാദ് ദിവസവും നിങ്ങളെ വിളിക്കാറുണ്ടോ എന്നൊരു ചോദ്യം നാവിൻ തുമ്പിലെത്തിയെങ്കിലും വേണിയത് ഉമിനീര് ചേർത്തു താഴോട്ടിറക്കി.
“വീട്ടിൽ ടീവി ഫിറ്റ് ചെയ്തിട്ടില്ല. എനിക്ക് സ്ഥിരമായി രണ്ടു സീരിയൽ കാണുന്ന പതിവുണ്ട്. അതിന്റെ നേരമായി. വേണി അതൊന്നു വെച്ചു തരൂ.
പറഞ്ഞുകൊണ്ടവർ ടീവിക്ക് മുന്നിലെ കസേരയിൽ ചെന്നിരുന്നു.
പിന്നെയതൊരു പതിവായി
കൂടുതൽ പരിചയപ്പെട്ടു വന്നപ്പോൾ വിചാരിച്ചപോലൊരു പ്രശ്നക്കാരിയല്ലെന്നും ഒരു പാവമാണെന്നും വേണിക്ക് തോന്നി.
പ്രസാദുള്ളപ്പോഴും അവളവിടെ വന്നിരിക്കും. കുട്ടികൾ സ്കൂൾ വിട്ട് വരും വരെ. ആദ്യമൊക്കെ വേണി അതിൽ അതൃപ്തി കാട്ടിയെങ്കിലും പിന്നെ പിന്നെ, എന്തോ ആകട്ടെ എന്ന രീതിയിലേക്ക് അവളുടെ മനസ്സ് മാറി.
***********************
ശ്രുതിമോൾക്ക് പനിതുടങ്ങിയിട്ട് രണ്ടു ദിവസമായി.തല്ക്കാലത്തേക്കുള്ള മരുന്നുകൊണ്ടൊന്നും ശമനമുണ്ടായില്ല.
കുഞ്ഞ് അവശതയായി തുടങ്ങിയപ്പോ വേണി അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.
തിരിച്ചു വരുമ്പോൾ ഉമ്മറവാതിൽ ഉള്ളിൽ നിന്ന് അടച്ചിട്ടുണ്ട്.
പ്രസാദ് ഇന്ന് നേരത്തെ വന്നോ, വന്നാലും മുറിയടച്ചു ഇരിക്കുന്ന പതിവില്ലല്ലോ എന്നവൾ ആശങ്കപ്പെട്ടു.
വാതിലിൽ തട്ടി ഏറെ നേരം കാത്തു നിന്നു.
തുറക്കാൻ വൈകുന്ന വാതിലുകൾ വേണിയുടെ ആശങ്ക വർധിപ്പിച്ചു.
രാവിലെ മുതലുള്ള അലച്ചിലിന്റെ ക്ഷീണം ഒരു വശത്ത്.
ഒടുവിൽ തുറക്കപ്പെട്ട വാതിലിനപ്പുറം വിയർത്തു കുളിച്ച് പ്രസാദ്. അവന് പിന്നിൽ ഒളിക്കാനൊരിടം പരതി ലീനയും.
ഇത്രയും കാലം പലരുടെയും പേരുകൾ ചേർത്തു പറഞ്ഞു കെട്ടിട്ടേയുള്ളു. പക്ഷേ ഇപ്പൊ കണ്മുന്നിൽ തന്നെ… അതും സ്വന്തം വീട്ടിൽ.
ഒരു നിമിഷം നിശ്ചലയായി നിന്ന വേണി അടുത്ത നിമിഷം ഒന്നും സംഭവിക്കാത്തതു പോലെ അകത്തേക്ക് കയറി. രാവിലെ ഉണ്ടാക്കിവെച്ച ആഹാരം എടുത്തു കഴിച്ചു. പിന്നെ അവളുടെയും മോളുടെയും തുണികൾ ഒരു ബാഗിൽ അടുക്കിപ്പെറുക്കി അതുമെടുത്തു പുറത്തേക്കിറങ്ങി.
പ്രസാദിൽ നിന്ന് ഒരു പിൻവിളി പോലുമുണ്ടായില്ല. അവളത് പ്രതീക്ഷിച്ചുമില്ല.
ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ എങ്ങോട്ട് എന്നൊരു ചോദ്യം മാത്രം അവളെ അലട്ടിക്കൊണ്ടിരുന്നു.
തുടരും…
തനിയെ (18)
“ഇതെന്റെ അച്ഛനുണ്ടാക്കിയ വീടല്ലേ. ഇവിടെ താമസിക്കാൻ എനിക്കും അവകാശമുണ്ട്. സ്ത്രീധനം തന്നു എന്നതൊരു ന്യായമൊന്നുമല്ല. ഈ വീട്ടിൽ ഒരു ഷെയർ എനിക്കുമുണ്ട്.”
വേണി മോളെയും കൊണ്ട് കയറിച്ചെന്നപ്പോൾ തുടങ്ങിയ വഴക്കാണ് അമ്മ.വേണിയും വിട്ടുകൊടുക്കില്ല എന്ന വാശിയിൽ തന്നെ നിന്നു.
“ശാരിക്ക് സ്ത്രീധനമായി അധികമൊന്നും കൊടുക്കാനില്ല. ശ്രീജിത്ത് ഒന്നും ചോദിച്ചിട്ടുമില്ല. എന്നാലും ഈ വീടും പറമ്പും അവന് കൊടുത്തേക്കാം എന്ന് വാക്ക് പറഞ്ഞിട്ടുള്ളതാ.”
“അമ്മയുടെ കാലശേഷമല്ലേ ഇതവന് സ്വന്തമാകുള്ളൂ. അതുവരെ അമ്മയുടെ വാക്കിനും ഇവിടെ വിലയുണ്ട്. എന്നെ ബലമായി ഇറക്കി വിടാം ന്ന് കരുതണ്ട. അങ്ങനെയാണ് തീരുമാനമെങ്കിൽ ഞാനും ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ നീതിയും നിയമവും വെറുതെയല്ല. പെണ്ണിന്റെ വാക്കിനു വില കല്പ്പിക്കുന്നവരാ ഇവിടുത്തെ നീതിപീഠം. ഞാനൊന്നു നോക്കട്ടെ എനിക്ക് നീതി കിട്ടുമോന്ന്.
“എന്നാപ്പിന്നെ ആദ്യം തന്നെ നീ നിന്റെ കെട്ട്യോനെതിരെ കേസ് കൊടുക്കെടി. അവന്റെ കയ്യീന്ന് കിട്ടാനുള്ളതൊക്കെ മേടിച്ചെടുക്ക്.എന്നിട്ട് എന്നെ കോടതി കേറ്റിച്ചാൽ മതി.അവൻ വിറ്റു തിന്ന സ്വർണ്ണമൊക്കെ തിരിച്ചു കിട്ടിയാൽ സ്വന്തമായൊരു വീടുണ്ടാക്കാം.
അമ്മയും വീറോടെ പറഞ്ഞു കൊണ്ടിരുന്നു.
“ഉവ്വ്… അതൊക്കെ വേണ്ടത് പോലെ ചെയ്യാൻതന്നെ തീരുമാനിച്ചുറപ്പിച്ചാ വേണി അവിടുന്ന് ഇറങ്ങി പോന്നത്. എല്ലാം ഒരു തീരുമാനമാകുംവരെ ഞാനും മോളും ഇവിടെ തന്നെ താമസിക്കും.തടയാമെങ്കിൽ തടഞ്ഞോ.
“ചേച്ചിയും മോളും ഇവിടെ നിന്നൊ. അതിന് ആർക്കുമൊരു പ്രശ്നമില്ല. വഴക്ക് കൂടി ഉള്ള സമാധാനം കൂടി കളയാതിരുന്നാൽ മതി.”
ശാരി അവളെ നോക്കി അസഹ്യതയോടെ പറഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം വേണി ഷീജയുടെ കയ്യിൽ നിന്നും പഴയൊരു തയ്യൽ മെഷിനും കൊണ്ട് വീട്ടിൽ വന്നു. അവിടുന്ന് തന്നെ സ്റ്റിച് ചെയ്യാനുള്ള തുണികളും ഷീജ കൊടുത്തു വിട്ടു.
ഡിവോഴ്സിന് കേസ് കൊടുക്കണമെങ്കിൽ കുറച്ചു പണമെങ്കിലും കയ്യിൽ വേണ്ടി വരുമെന്ന് ഷീജ തന്നെയാണ് അവളെ ഉപദേശിച്ചതും.
താനും മോളും ആർക്കുമൊരു ഭാരമാകരുതേ കൃഷ്ണാ എന്ന പ്രാർത്ഥനയോടെ രാപകലില്ലാതെ അവൾ ജോലി ചെയ്തു കൊണ്ടിരുന്നു.
വർക്ക് തീർത്ത ഡ്രസ്സുകൾ തിരികെയേൽപ്പിക്കാൻ പോകുമ്പോഴൊക്കെ അറിയാതെ അവളുടെ കണ്ണുകൾ വീട്ടിലേക്ക് എത്തി നോക്കും. മുത്തശ്ശി അവിടെങ്ങാനും നിന്ന് തന്നെ കൈമാടി വിളിക്കുന്നുണ്ടോ. പ്രസാദ് കുറ്റബോധം തിങ്ങിയ മിഴികളോടെ, കാരുണ്യം നിറഞ്ഞ പുഞ്ചിരിയുമായി തന്നെ കാത്തിരിക്കുന്നുണ്ടോ.
“വേണി, ഒരു ബാഡ് ന്യൂസുണ്ട് കെട്ടോ.”
ഒരു ദിവസം അവൾ കൊണ്ടു വന്ന തുണിത്തരങ്ങളുടെ സ്റ്റിച്ചിങ്ങുകളിലൂടെ കണ്ണോടിച്ചു നിൽക്കെ ഷീജ അവളോട് പറഞ്ഞു.
എന്താ ചേച്ചി?
“ആ ലീനയുമായുള്ള പ്രസാദിന്റെ ചുറ്റിക്കളി ഒരുദിവസം അവളുടെ കെട്ട്യോന്റെ കണ്ണിലും പെട്ടു. പിന്നെ റോഡിൽ വെച്ച് ഭയങ്കര അടിപിടിയൊക്കെയായി. രണ്ടു ദിവസമായി പ്രസാദിനേം ലീനയേം കാണാനുമില്ല. അവളുടെ കെട്ട്യോൻ അന്വേഷിച്ചു നടക്കുന്നൊക്കെയുണ്ട്. എവിടെയാന്ന് ഒരു വിവരവുമില്ല.”
“ഹഹഹ…. ഹഹഹ….
വേണിയതുകേട്ട് നിർത്താതെ ചിരിച്ചുകൊണ്ടിരുന്നു.
“വേണി… എന്തായിത്..?
ഷീജ പരിഭ്രാന്തിയോടെ അവളുടെ ചുമലിൽ അടിച്ചു.
“പേടിക്കണ്ട ചേച്ചി.. എനിക്ക് വട്ടായതൊന്നുമല്ല. സന്തോഷം കൊണ്ടാ. ഈ കുരിശു എന്റെ തലയിൽ നിന്ന് ഒഴിഞ്ഞു പോയല്ലോ എന്നോർത്ത്. ഒരു വിഷമം മാത്രേ ഉള്ളു ഡിവോഴ്സിനുള്ള കേസ് എന്താകുമെന്ന്.
“ഉം… അതൊക്കെ അതിന്റെ സമയത്ത് നടക്കും. ഇനി അതോർത്തു ടെൻഷനാകണ്ട നീ.ഇപ്പോ ജോലിയിൽ ശ്രദ്ധിക്ക്. ജീവിക്കാൻ കാശ് വേണം കുട്ടീ. അതില്ലാതെ ഒരു കാര്യവും നടക്കില്ല.എന്നെക്കൊണ്ട് ആകുംപോലെ ഞാനുണ്ട് തന്റെ കൂടെ. പോരേ
ഷീജ അവളുടെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു.
നല്ലൊരു തയ്യൽക്കാരിയായതോടെ വേണിക്ക് വീടിനടുത്തുനിന്നും കുറച്ചൊക്കെ വർക്കുകൾ കിട്ടിത്തുടങ്ങി. കിട്ടുന്ന പൈസയിൽ നിന്ന് കുറച്ച് വീട്ടാവശ്യങ്ങൾക്കായി അമ്മയെ ഏല്പിക്കും. പണം കിട്ടിത്തുടങ്ങിയപ്പോൾ അവരുടെ പെരുമാറ്റത്തിലും ഒരല്പം അയവുവന്നു തുടങ്ങി.
ശാരിയുടെ കല്യാണം.
ബ്യൂട്ടിഷൻ രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയ അനിയത്തിയെ കണ്ട് വേണിക്ക് എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു.
താൻ എടുത്തുകൊണ്ടു നടന്നവളാണ്. പലപ്പോളും വാശി പിടിച്ചു കരയുമ്പോൾ അടി കിട്ടയത് മുഴുവൻ തനിക്കായിരുന്നു
“കുഞ്ഞിനെ കരയിച്ചോ അസത്തേ. നിനക്കൊക്കെ വെട്ടിവിഴുങ്ങാനുള്ളത് വെച്ചുണ്ടാക്കി തരുമ്പോ, ഇത്തിരി നേരം ഇതിനെയൊന്നു നേരാം വണ്ണം നോക്കാൻ നിന്നെക്കൊണ്ട് പറ്റില്ല അല്ലെ. പച്ചവെള്ളം തരില്ല ഇന്ന്. പൊയ്ക്കോ എന്റെ മുന്നീന്നു.
അമ്മയുടെ അടിയേക്കാൾ ആ അഞ്ചു വയസ്സുകാരിയെ വേദനിപ്പിക്കുന്നത് തലയറഞ്ഞുള്ള ശാപവാക്കുകളാണ്.
“എന്തായിത് ഗിരീജേ.. കുഞ്ഞ് കരഞ്ഞതിനു അവളെന്തു ചെയ്തിട്ടാ.അവളും കുട്ടിയല്ലേ. അതിനെക്കൊണ്ട് പറ്റോ ഈ കുറുമ്പിപ്പെണ്ണിനെ അനുസരിപ്പിക്കാൻ.
അച്ഛൻ ശാരിയെ അമ്മയുടെ കയ്യിൽ നിന്ന് വാങ്ങി മടിയിലിരുത്തി കവിളിൽ മുത്തും.ഏന്തിയേന്തി നിൽക്കുന്ന വേണിയെ ചേർത്തു പിടിക്കും. അപ്പോഴേക്കും അവളുടെ കരച്ചിൽ ഉച്ചത്തിലാകും. അതു അച്ഛനോടുള്ള പരാതിപറച്ചിലും കൂടിയാണ്.
അതു കാണുമ്പോൾ അച്ഛനവളെ ഒന്നുകൂടി മുറുക്കെ പിടിക്കും. സാരമില്ല പോട്ടെയെന്ന് നിറുകിൽ കരതലമോടിക്കും.
നിനച്ചിരിക്കാത്ത നേരത്ത് ആ സ്നേഹത്തണൽ ഒരുനിമിഷം കൊണ്ടങ്ങു മാഞ്ഞുപോയി. പിന്നെ സ്നേഹമില്ലായ്മയുടെ, അവഗണനയുടെ, കൊടും വേനലായിരുന്നു വേണിക്ക് ചുറ്റും.
അമ്മയുടെ തരംതിരിവുകൾ കണ്ടു വളർന്നതിനാലാകാം ശാരിയും തരം കിട്ടുമ്പോഴൊക്കെ അവളെ ദ്രോഹിച്ച് കൊണ്ടിരുന്നു.
അച്ഛന്റെ മരണശേഷം ചേച്ചി അമ്മാവനൊപ്പം അമ്മവീട്ടിലേക്കു പോയി. പിന്നെ വല്ലപ്പോഴും വന്നു കയറുന്ന അതിഥിയായി. വരുമ്പോഴൊക്കെ വല്ലാത്തൊരു ധാർഷ്ട്യമാണ് ആ മുഖത്ത്. ആരോടും യാതൊരു സിംപതിയുമില്ലാത്ത ഒരുവളുടെ ഭാവം.
ശാരി മുതിർന്നപ്പോ ചേച്ചിയും അനിയത്തിയും വലിയ കൂട്ടായി. അപ്പോഴും വേണിക്ക് കൂട്ട് കടുത്ത ഏകാന്തത മാത്രം.
കയ്പ്പുനീരിറ്റുന്ന ബാല്യത്തിന്റെ സ്നേഹശൂന്യതകളെ, പ്രണയമഴയിലലിയിച്ചു കളയാൻ കൈപിടിച്ച് കൂടെവന്നയാൾ വെച്ചു നീട്ടിയതും നെഞ്ചു വേവുന്ന കൊടും വേനൽ.
കണ്ണുനീർ കയറി വന്നു കാഴ്ച്ച മറച്ചപ്പോൾ വേണി മെല്ലെ സാരിത്തലപ്പു കൊണ്ട് മുഖം അമർത്തി തുടച്ചു.
മേശവലിപ്പിൽ സൂക്ഷിച്ച ചെറിയൊരു ബോക്സിൽ നിന്നും അവളൊരു വളയെടുത്ത് ശാരിക്കരികിലേക്ക് ചെന്നു. പിന്നെ ആ കൈത്തണ്ട പിടിച്ച് അതിലേക്കിട്ടു കൊടുത്തു.
കനമേറിയ വളകൾക്കിടയിൽ അത് മറഞ്ഞു പോയെങ്കിലും വേണിക്ക് എന്തെന്നില്ലാത്ത ആത്മസംതൃപ്തി തോന്നി. തന്നെക്കൊണ്ട് ഇത്രയെങ്കിലുമായല്ലോ.
ശാരിയുടെ ചുണ്ടിൽ വിരിഞ്ഞ പുച്ഛം അവൾ കണ്ടില്ലെന്ന് നടിച്ചു.തകർത്തു കളയാൻ നോക്കണ്ട… തളർന്നു പോകാൻ വേണിക്ക് മനസ്സില്ല എന്നൊരു ഭാവം ആ പുച്ഛച്ചിരിക്കു മീതെ വിരിച്ചിട്ടുകൊണ്ട് അവളും വശ്യമായൊരു പുഞ്ചിരി തിരിച്ചു നൽകി.
തുടരും

by