14/03/2026

താലി ബന്ധനം : ഭാഗം 48

രചന – സെലുനിസു

എന്തൊരു കിടത്തവാ ചേച്ചി ഇത്….എണീറ്റ് വല്ലതും കഴിക്ക്….

എനിക്കൊന്നും വേണ്ട ശ്രീ…. ഒന്ന് ചത്തു കിട്ടിയാൽ മതി….

അങ്ങനൊന്നും പറയാതെ ചേച്ചി….

അറിഞ്ഞു കൊണ്ട് ആരോടും ഇന്നേവരെ ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ…..എന്നിട്ടും ദൈവം എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്….. ഹരിയേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല മക്കളെ… എന്റെ വിവരം അറിയാതെ ഇപ്പൊ കിടന്ന് വിഷമിക്കുന്നുണ്ടാവും…

ചേച്ചിക്ക് ഹരിയേട്ടനോട് സംസാരിക്കണോ….

വേണ്ട…. ഞാൻ കാരണം എന്റെ ഹരിയേട്ടന് ഒന്നും സംഭവിക്കാൻ പാടില്ല…. ശാപം പിടിച്ചവളാ ഞാൻ …. എന്നെ സ്നേഹിച്ചതിന്റെ പേരിൽ ഹരിയേട്ടനെ അതിലേക്ക് വലിച്ചു അപകടപ്പെടുത്താൻ ഞാൻ ഒരുക്കമല്ല….

അപ്പൊ ചേച്ചി….

അതേ…. വിശ്വജിത്തുമായുള്ള വിവാഹത്തിന് ഞാൻ സമ്മതിക്കാൻ പോകുവാ…

എല്ലാം അറിഞ്ഞു കൊണ്ട് അയാളെ പോലൊരുത്തന്റെ മുന്നിലേക്ക് ചെന്ന് കഴുത്തു നീട്ടികൊടുക്കാൻ ചേച്ചിക്കെന്താ ഭ്രാന്താണോ…..

അല്ലാതെ ഞാൻ എന്ത് ചെയ്യാനാ…..ഞാൻ കാരണം ആരും ബുദ്ധിമുട്ടരുത്…..നമ്മുടെ അച്ഛന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കാൻ ഞാൻ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടിയെ മതിയാവൂ….

ചേച്ചി…നമുക്ക് ഹരിയേട്ടനോട്‌ കാര്യങ്ങൾ  പറയാം ചേച്ചി….എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല….

ആരും ആരെയും ഒന്നും അറിയിക്കാൻ പോവുന്നില്ല….. എന്നും പറഞു കൊണ്ട് ശാരു അവരുടെ അടുത്തേക്ക് ചെന്നു….ഒപ്പം കയ്യിൽ രണ്ട് കവറുകളുമായി ശ്യാമയും ഉണ്ടായിരുന്നു…

അമ്മാ…. അമ്മക്ക് ചേച്ചിയോട് ഒട്ടും സ്നേഹമില്ലേ…

എന്റെ സ്നേഹം നീയാണോ തീരുമാനിക്കുന്നത്…

തീരുമാനിക്കുന്നത് എന്തിനാ.. പ്രവർത്തിയിൽ നിന്ന് മനസ്സിലാക്കികൂടെ…. ആ വിശ്വജിത്തിനെ കുറിച്ച് എന്തറിഞ്ഞിട്ടാ നിങ്ങൾ ചേച്ചിയേ അയാളെ കൊണ്ട് കല്ല്യാണം കഴിപ്പിക്കുന്നത്……

കിച്ചൂ…. സൂക്ഷിച്ചു സംസാരിക്കണം…. നിന്റെ ചേച്ചിയുടെ ഭർത്താവാവാൻ പോവുന്നയാളാ അത്…. ചേട്ടന്റെ സ്ഥാനമാ…അതറിഞ്ഞു വേണം അവരിവിടെ വരുമ്പോഴുള്ള നിന്റെ സംസാരവും പെരുമാറ്റവും…

ഓ.. പിന്നേ… നിങ്ങൾ പറയുന്നത് അപ്പാടെ അനുസരിക്കാൻ ഞാൻ ലക്ഷ്മി അല്ല… കൃഷ്ണയാ…..

കിച്ചൂ…

അമ്മയെ പോലെ ലോകത്ത് അമ്മ മാത്രമേ കാണൂ…വെറുമൊരു ജാതക ദോഷത്തിന്റെ പേരും പറഞ്ഞു കൊണ്ട് സ്വന്തം മകളെ നിങ്ങൾ കൊടുക്കാൻ പോകുന്നത് ചെകുത്താനാ…..എനിക്ക് പുച്ഛം തോന്നുന്നു നിങ്ങളുടെ മകളായിട്ട് ജനിച്ചതിൽ……എന്നും പറഞ്ഞു കൊണ്ട് മുഖം തിരിച്ച് കൊണ്ടവൾ വേഗത്തിൽ മുറിക്ക് പുറത്തേക്കിറങ്ങി…ശാരു അവൾ പോവുന്നതും നോക്കി കൊണ്ട് ഒന്ന് നെടുവീർപ്പിട്ടു ലച്ചുവിന് നേരെ തിരിഞ്ഞു…

ഡീ… എന്താ നിന്റെ ഉദ്ദേശം. പട്ടിണി കിടന്നു ചാവാനാണോ….വെറുതെ അച്ഛനെ ഇങ്ങോട്ട് വരുത്തിക്കാതെ വല്ലതും വന്നു കഴിക്കാൻ നോക്ക്…. എന്നും പറഞ്ഞു ലച്ചുവിനെ ഒന്ന് തുറിച്ചു നോക്കികൊണ്ട് ശാരുവും മുറിയിൽ നിന്ന് പോയതും കയ്യിൽ കവറുകളുമായി നിക്കുന്ന ശ്യാമയെ അവൾ നിറക്കണ്ണാലെ നോക്കി….

മോളെ…..എന്നവർ വിളിച്ചതും ലച്ചു മുഖം പൊത്തി കരയാൻ തുടങ്ങി…..

എന്റെ മോളിങ്ങനെ കരയല്ലേ…വല്ല അസുഖവും വരും…ദൈവം എന്ത് നിശ്ചയിക്കുന്നോ അതേ നടക്കൂ…എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാം… ദേ… ഇത് നാളെ നിശ്ചയത്തിന് ഇടാനുള്ള ഡ്രസ്സും ആഭരണങ്ങളുമാ…. എന്നും പറഞ്ഞവർ ആ കവർ  അവൾക്ക് നേരെ നീട്ടിയതും അവൾ മുഖത്ത് നിന്ന് കയ്യെടുത്തു അതിലേക്ക് നോക്കി വേണ്ടെന്ന് തലയാട്ടി….

അങ്ങനെ പറയല്ലേ മോളെ…. ദേ ഇതിവിടെ വെക്കുവാ…. ചെറിയമ്മേടെ കുട്ടി താഴേ വന്നു എന്തെങ്കിലും കഴിക്ക്….

എ…എനിക്ക് വിശപ്പില്ലാത്തോണ്ടാ….

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ… നിന്റെ അച്ഛന്റേം അമ്മായിയുടെയും സ്വഭാവം നിനക്കറിയാമല്ലോ വെറുതെ ഇനിയും അടി വാങ്ങിക്കല്ലേ നീ…. ശ്രീ അവളെ കൂട്ടി താഴേക്ക് വാ…. എന്നും പറഞ്ഞു ശ്യാമ മുന്നോട്ട് നടന്നതും ചുമരിൽ ചാരി കണ്ണീരൊഴുക്കുന്ന ലച്ചുവിനെ അവൾ സങ്കടത്തോടെ നോക്കി നിന്നു…..

ഹരി… എന്തായി… മനുവിനെ വിളിച്ചോ നീ….

മ്മ്… വിളിച്ചു.. പക്ഷേ അവരവിടെ സ്ഥലത്തില്ല… അവരുടെ അമ്മയുടെ വീട്ടിൽ എന്തോ ഫങ്ക്ഷൻ. ഇന്ന് രാവിലെയാ പോയേ… ലച്ചുവിനോട് പറയാൻ വേണ്ടി മിനി അങ്ങോട്ട് പോയിരുന്നു.. പക്ഷേ വല്ല്യമ്മായി അവൾ ഉറങ്ങുവാണെന്നും പറഞ്ഞു മിനിയെ അങ്ങോട്ട് കയറാൻ സമ്മതിച്ചില്ല പോലും….

ഹരി…. അപ്പൊ എന്തോ പ്രശ്നമുണ്ടല്ലേ…

മ്മ്…. കിരൺ… എന്ത് വന്നാലും നാളെ രാവിലെ ഞാൻ ഇവിടുന്ന് നാട്ടിലേക്ക് തിരിക്കും…

ഒറ്റക്ക് പോണ്ട ഹരി ഞങ്ങളും കൂടെ വരാം….

അത് വേണ്ടാ….നിങ്ങടെ ക്ലാസ്സ്‌ വെറുതെ മിസ്സാക്കണ്ട…അവിടെ എത്തിയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ വിളിക്കാം അപ്പൊ വന്നാ മതി…

മ്മ്… ഓക്കേ…എന്നാ അങ്ങനെ ചെയ്യാം… നീ  വാ നമുക്ക് പ്രിൻസിയോട് പോയി  കാര്യം പറഞ്ഞിട്ട് വരാം….. എന്നും പറഞ്ഞവർ നാല് പേരും കൂടി ഓഫീസിലേക്ക്  വിട്ടു….

നാല് പേരും ഒരുപ്പാട് തവണ പറഞ്ഞിട്ടാണ് പ്രിൻസി ഹരിക്ക് ഒരാഴ്ചത്തേ ലീവ് അനുവദിച്ചു കൊടുത്തത്….

ഹരീ…

ആ…

നിനക്ക് ഈ ഒരാഴ്ചത്തെ ലീവ് ചോദിച്ചത് എന്തിനാന്ന് അറിയോ..അവിടെ ചെന്ന് ഉടൻ നിന്റെയും ലച്ചുവിന്റെയും കാര്യം വീട്ടിലറിയിച്ചു അതിലൊരു തീരുമാനം എടുക്കണം… കേട്ടല്ലോ…

മ്മ്….. വേണം…അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു….

പിറ്റേന്ന് രാവിലെ തന്നെ ഹരി നാട്ടിലേക്ക് പോവാൻ ഇറങ്ങി…

ഹരി. ഇത് ഞങ്ങടെ  വക നിനക്കും ലച്ചുവിനും എന്നും പറഞ്ഞു കൊണ്ട് നിഷ ഒരു കുഞ്ഞ് ബോക്സ് ഹരിയുടെ കയ്യിലേൽപ്പിച്ചു…

ഇതെന്താടി…

തുറന്ന് നോക്ക് എന്നവൾ പറഞ്ഞതും ഹരി അതിലെ കവർ മാറ്റി ആ ബോക്സ്‌ തുറന്നതും അവൻ സന്തോഷത്തോടെ അവന്റെ കൂട്ടുകാരെ നോക്കി….

നിശ്ചയത്തിന് ഇത് വേണം നിങ്ങൾ തമ്മിൽ അണിയാൻ എന്നവരു പറഞ്ഞതും അവൻ പുഞ്ചിരിയോടെ അവർക്ക് തലയാട്ടി കാണിച്ചു വണ്ടി മുന്നോട്ട് എടുത്തു…..

ഗോൾഡൻ കരയുള്ള സെറ്റ് സാരിയും മിതമായ ആഭരണങ്ങളും അണിഞ്ഞു കൊണ്ട് മുറിയിൽ തന്റെ ബെഡിൽ ഏതോ ലോകത്തെന്ന പോൽ ഇരിക്കുകയാണ് ലച്ചു…

ചേച്ചി….. ഒന്നൂടെ ആലോചിച്ചിട്ട് പോരെ ഈയൊരു സാഹസത്തിനു മുതിരുന്നത്…… ജാതകം നോക്കാതെ കല്ല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട് ഈ ലോകത്ത്….

എന്റെ ഹരിയേട്ടന്റെ ജീവിതം വെച്ച് അങ്ങനൊരു പരീക്ഷണത്തിന് ഒരുങ്ങാൻ എനിക്ക് പേടിയാ കിച്ചൂ….

ഹരിയേട്ടൻ ഇതറിഞ്ഞാലുള്ള അവസ്ഥ ചേച്ചി ആലോചിച്ചു നോക്കിക്കേ…..

ഹരിയേട്ടൻ അറിയുമ്പോഴേക്കും എല്ലാം കഴിയണേ എന്ന് മാത്രമാണ് ഇപ്പൊ എന്റെ പ്രാർത്ഥന…..

കിച്ചൂ ശ്രീ…. ലച്ചുവിനെ ഇങ്ങു കൊണ്ട് വാ എന്ന് താഴേ നിന്നും ശാരു വിളിച്ചു പറഞ്ഞതും അവർ ലച്ചുവിന്റെ മുഖത്തേക്കൊന്ന് നോക്കി….

ചേച്ചി….

മ്മ്… പോവാം… എന്നും പറഞ്ഞവൾ ബെഡിൽ നിന്ന് എഴുന്നേറ്റു താഴേക്ക് നടന്നു…..

ഹാളിൽ ഒരുക്കിയ പായയിൽ ചിരിയോടെ ഇരിക്കുന്ന വിശ്വയുടെ അടുത്തേക്ക് കിച്ചുവും ശ്രീയും കൂടി ലച്ചുവിനെ കൊണ്ടിരുത്തി….

ഒരു പാവ കണക്കെ ആരെയും നോക്കാതെ അവളങ്ങനെ ഇരുന്നു….

മോതിരം മാറിക്കോളു എന്ന് ആരോ പറഞ്ഞതും വിശ്വ മോതിരം എടുത്ത് ലച്ചുവിന് നേരെ നോക്കിയതും അവൾ അവന് നേരെ തന്റെ വിരൽ നീട്ടി കാണിച്ചു.അവൻ  ഒരു പുച്ഛത്തോടെ അവളുടെ വിരലിലേക്ക് മോതിരമണിഞ്ഞതും ….. തിരിച്ചും അവളവനെ മോതിരം അണിയിക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു വന്നിരുന്നു…..

ചടങ്ങുകളെല്ലാം കഴിഞ്ഞു  അവർ പോവാൻ നേരം വിശ്വ അമ്മയോട് ഇപ്പൊ വരാമെന്നും പറഞ്ഞു കൊണ്ട് ലച്ചുവിന്റെ മുറിയിലേക്ക് കയറി….

ബെഡിൽ എന്തോ ആലോചിച്ചു കിടക്കുന്നവളെ കണ്ടതും വിശ്വ ഡോർ പതിയെ ചാരി കൊണ്ട് അവളുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപിടിച്ചതും അവൾ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു….

ഇവിടെ കിടക്കെടി എന്നും പറഞ്ഞു കൊണ്ട് അവൻ അവളെ പിടിച്ചു ബെഡിലേക്ക് കിടത്തിയതും അവൾ അവനിൽ നിന്ന് കുതറി മാറാൻ നോക്കവേ… അവൻ അവളെ അമർത്തി പിടിച്ചു…..

അടങ്ങി കിടക്കെടി…. പന്ന….അവൻ പിടിക്കുമ്പോ ഇല്ലാത്ത എന്ത് ചൊറിച്ചിലാടി നിനക്ക് ഞാൻ പിടിക്കുമ്പോ……

വിശ്വേട്ടാ പ്ലീസ്…. എന്നെ ഒന്ന് വെറുതെ വിട്….

അങ്ങനെ വെറുതെ വിടാൻ ഒക്കുവോ….. എന്നും പറഞ്ഞവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചതും അവൾ പൊള്ളി പിടഞ്ഞു പോയി…..

ഇപ്പൊ തൽക്കാലം ഇത് മതി…. അധികം വൈകാതെ നീ എന്റെ കയ്യിൽ എത്തുമല്ലോ… ബാക്കി അപ്പൊ….എന്നും പറഞ്ഞവൻ എണീറ്റ് നിന്നു….

ഡീ ഇങ്ങ് വന്നേ…. ദേ…ഈ ഫോൺ കയ്യിൽ വെച്ചോ..എനിക്ക് വിളിക്കണംന്നു തോന്നുമ്പോ ഞാൻ വിളിക്കും ഫോൺ എടുത്ത് നല്ല രീതിക്ക് സംസാരിച്ചില്ലെങ്കിൽ ഞാനിങ്ങോട്ട് ഒരു വരവ് വരും… ഓർത്തോ…നിന്റെ മറ്റവൻ തന്നത് നിന്റെ വീട്ടുകാര് വാങ്ങിയില്ലയോ….അത് കരുതി ഇതിൽ നിന്നെങ്ങാനും അവനെ നീ വിളിച്ചെന്നു ഞാൻ അറിഞ്ഞാൽ കത്തിച്ചു കളയും….എന്നും പറഞ്ഞവൻ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് താടി തടവി പുറത്തേക്കിറങ്ങിയതും
അവൾ കയ്യിലുള്ള ഫോണിലേക്ക് കുറച്ചു നേരം നോക്കി നിന്ന് കൊണ്ട് അത് എടുത്ത് ടേബിളിൽ കൊണ്ട് വെച്ചതും കാബോർഡിന്റെ മറവിൽ വെച്ചിരിക്കുന്ന ഹരിയോട് ചേർന്ന് നിൽക്കുന്ന തന്റെ ഫോട്ടോ കണ്ടവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

ഫോട്ടോ കയ്യിലെടുത്തവൾ ഹരിയുടെ മുഖത്തിലൂടെ ഒന്ന് തഴുകിയതും മിഴിയിൽ നിന്ന് ഉതിർന്നു വീണ കണ്ണു നീർ അവന്റെ മുഖത്തേക്ക് പതിച്ചു…

എന്റെ ഹരിയേട്ടനോട് ഇങ്ങനെ ചേർന്ന് നിൽക്കാനല്ലേ ഞാൻ എപ്പഴും ആഗ്രഹിച്ചത്….പക്ഷേ വിധി മറ്റൊന്നായിരുന്നു…. എന്റെ ഹരിയേട്ടന്റെ താലി കഴുത്തിലണിയാനുള്ള ഭാഗ്യം ഈ ഗതികെട്ടവൾക്കില്ല….എന്നവൾ പറഞ്ഞു  കൊണ്ട് ആ ഫോട്ടോ ടേബിളിലേക്ക് വെച്ചതും അരയിലൂടെ ഒരു കൈ അവളെ പൊതിഞ്ഞു പിടിച്ചു… പെട്ടന്ന് അവളുടെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി…..

ഹരിയേട്ടൻ….. എന്നും പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നിന്നതും അവനൊരു ചിരിയോടെ അവൾക്ക് തലയാട്ടി കാണിച്ചു….

എന്റെ ലച്ചൂ…. ഇപ്പോഴാ ജീവൻ തിരിച്ചു കിട്ടിയത്… എവിടെയാടി നിന്റെ ഫോൺ എത്ര തവണ വിളിച്ചൂ….എന്നും പറഞ്ഞവൻ അവളെ കെട്ടിപിടിച്ചതും ഇത്രയും നാളും തോന്നാത്തൊരു വീർപ്പു മുട്ടൽ അവൾക്ക് അനുഭവപ്പെട്ടു….

അല്ല സെറ്റ് സാരിയൊക്കെ ഉടുത്ത് നീ എങ്ങോട്ട് പോയതാടി….എന്തായാലും കൊള്ളാം….നിനക്ക് നന്നായി ചേരുന്നുണ്ട്….ലച്ചൂ നമ്മുടെ കാര്യം ഇന്ന് തന്നെ ഞാൻ ഇവിടെ അവതരിപ്പിക്കാൻ പോകുവാ…ഇനിയും വയ്യാ… നിന്നെ കുറിച്ച് അറിയാതെ ഈ രണ്ട് ദിവസം ഞാൻ എങ്ങനെ കഴിഞ്ഞെന്ന് എനിക്കെ അറിയൂ….. എന്നവൻ പറഞ്ഞതും  തല താഴ്ത്തി ചുണ്ട് കടിച്ചു പിടിച്ചു കൊണ്ടവൾ കരച്ചിലിനെ നിയന്ത്രിച്ചു.

ദേ… ഇത് കണ്ടോ നമ്മുടെ  നിശ്ചയത്തിന് വേണ്ടി അവന്മാർ വാങ്ങി തന്നതാ..എന്നും പറഞ്ഞവൻ മോതിരത്തിന്റെ ബോക്സ്‌ അവൾക്ക് തുറന്ന് കാണിച്ചതും പതിയെ തല ഉയർത്തി അവളതിലേക്ക് നോക്കി…..ഇനി  നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ചെന്നാ മതിയെന്നും പറഞ്ഞു പ്രിൻസിയോട്  ഒരാഴ്ചത്തേ ലീവും വാങ്ങി തന്ന് പറഞ്ഞയച്ചതാ  അവരെന്നെ……..

ഡീ…ഇത്രയൊക്കെ പറഞ്ഞിട്ടും നീയെന്താ ഒന്നും മിണ്ടാതെ വടി പോലെ നിക്കുന്നത്….

നീ ആ കൈ ഒന്ന് നീട്ടിക്കെ…. ഞാൻ ഇതൊന്ന് ഇട്ട് നോക്കട്ടെ എന്നും പറഞ്ഞവൻ അവളുടെ കൈ എടുത്ത് മോതിരം ഇടാൻ നോക്കിയതും വിരലിൽ കിടക്കുന്ന സ്വർണ മോതിരം കണ്ടവൻ നെറ്റി ചുളിച്ചവളെ നോക്കി….

ഇതെവിടുന്നാടി..

എന്നെ കല്ല്യാണം കഴിക്കാൻ പോവുന്നവൻ ഇട്ട് തന്നതാ…. എന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്ന് എന്നവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞതും അവനൊരു ഞെട്ടാലോടെ അവളെ നോക്കി……

തുടരും…