24/07/2026

കാത്തിരിപ്പ്

കാത്തിരിപ്പ്
……………………….

ഉച്ചയായിട്ടും ഓട്ടം ഒന്നും വന്നില്ല, ആകെ ചടുപ്പുള്ള ദിവസം എന്നോർത്ത് ട്രാവൽസിലെ വിശ്രമമുറിയിൽ അലസമായി കട്ടിലിൽ കിടക്കുമ്പോൾ ആണ് കോൾ വന്നത്….

ചേർത്തലയിലേക്ക് ഒരു ഓട്ടം, എടപ്പള്ളിയിൽ നിന്ന് കാറെടുത്ത് കടവന്ത്രയിലാണ് ചെല്ലാൻ പറഞ്ഞത്.അവർ പറഞ്ഞതനുസരിച്ച് ആ വലിയ വീട്ടിലേക്ക് എത്തി…

കാറ് റിവേഴ്സ് ഇട്ട്, യാത്രക്കാരെ കാത്ത് ഇരുന്നപ്പോൾ, വെളുത്ത മെലിഞ്ഞ ഒരു കൈ വിൻഡോ ഗ്ലാസ്സിൽ തട്ടിയത്, ഗ്ലാസ്സ് താഴ്ത്തിയപ്പോൾ കണ്ടത്, വിടർന്ന കണ്ണുകളും തുടുത്ത കവിളുകളും ഉള്ള ഇരുപത്തി അഞ്ച് വയസ്സ് തോന്നിക്കുന്ന യുവതി..

“ചേട്ടാ ഒരു സഹായം ചെയ്യുമോ ?….. ഒന്ന് വരുമോ?

സുന്ദരിയായ ഒരു പെണ്ണ് സഹായം ചോദിച്ചാൽ ആരെങ്കിലും വേണ്ടാ എന്ന് പറയുമോ?… വേഗം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി അവളുടെ പിന്നിലൂടെ നടന്നു…

അവളുടെ നടത്തം തന്നെ കാണാൻ എന്ത് ചന്തമാണ് ഒരു പ്രത്യേക താളമുണ്ട് കാണാൻ,

വീടിന്റെ അകത്തേക്ക് കടന്നപ്പോൾ ശരീരത്തിലേക്ക് പെട്ടെന്ന് തണുപ്പ് അനുഭവപ്പെട്ടു, വലിയ വീട് മുഴുവൻ ശീതീകരിച്ചിരിക്കുന്നു, അവളുടെ നെറ്റിയിലെ സിന്ദൂരം കണ്ടപ്പോൾ മനസ്സിൽ അവളുടെ ഭർത്താവ് എത്ര ഭാഗ്യം ചെയ്തവനാണ് എന്ന് തോന്നി പോയി, അത്യാധുനികമായി ഒരുക്കിയ വീടിന്റെ അകത്തളം കണ്ടപ്പോൾ ശരിക്ക് അസൂയ തോന്നി ഈ വീടിന്റെ ഉടമസ്ഥനോട് അതിലുപരി ഈ സുന്ദരിയുടെ ഉടമസ്ഥനോട്.

വിശാലമായ ഹാളിൽ നിന്ന് അവൾ മുകളിലേക്കുള്ള സ്റ്റെയർകെയ്സിലേക്ക് അവൾ നടന്ന് കയറി, ഈശ്വരാ ലക്ഷണം കണ്ടിട്ട് ഇവിടെ ആരും തന്നെ ഇല്ല എന്നാണ് തോന്നുന്നത്.ഇവൾ എന്തിനുള്ള പുറപ്പാടാണ്… ഇനി വല്ല പീഢനം പ്ലാൻ ചെയ്തിട്ടുണ്ടൊ… ഇന്നത്തെ കാലത്ത് ഒന്നും പറയാൻ കഴിയില്ലല്ലൊ.. പീഢനമാണ് ഉദ്ദേശമെങ്കിൽ ഇരു കൈയും നീട്ടി സ്വീകരിക്കാന് ഈയുള്ളവന് സമ്മതം ആണ് കുട്ടി, ബികോസ് ഐ ലവ് യു സുന്ദരി….

ഓരോന്ന് ദിവാസ്വപ്നം കണ്ട് അവളുടെ പിറകിലൂടെ നടന്ന അവൻ എത്തിയത്, ഒരു വലിയ മുറിയിലാണ്, മുറിയുടെ ഒരു വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ്സ് ആണ്, പുറത്തെ എല്ലാ കാഴ്ചകളും അതിലൂടെ കാണാം.

അപ്പോഴാണ് വിനീത് കട്ടിലിൽ ഇരുന്ന് എന്തോ വായിക്കുന്ന അയാളെ കണ്ടത് ,ചാരിയിരിക്കാൻ ക്രമീകരിച്ചിരിക്കുന്ന കട്ടിലിൽ, അയാൾ പതിഞ്ഞ സ്വരത്തിൽ ഖുർആൻ പാരായണം ചെയ്ത് കൊണ്ടിരിക്കുന്നു, ശബ്ദം വ്യക്തമാകുന്നില്ല, അയാളുടെ കഴുത്തിൽ ദ്വാരമുണ്ടാക്കി ഒരു ട്യൂബ് പുറത്തേക്ക് ഇട്ടിട്ടുണ്ട്.

അതിൽ നിന്ന് എന്തോ ഒരു ദ്രാവകം പുറത്തേക്ക് ഒഴുകി അയാളുടെ ഷർട്ടിൽ പരന്നിരുന്നു. അവൾ വേഗം തുണികൊണ്ട് തുടച്ച് വൃത്തിയാക്കി. അയാൾ വിനീതിന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു, കവിളൊട്ടി കണ്ണുകൾ കുഴിയിലേക്ക് വീണ് കിടക്കുന്ന മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് യുവത്വത്തിന്റെ രൂപം ഉണ്ടായിരുന്നു.

അവളുടെ കൂടെ അയാളുടെ ഒരു തോളിൽ കൈവെച്ച് പടികൾ ഇറങ്ങി വരുമ്പോൾ ഭിത്തിയിൽ തൂക്കിയിട്ട ഫോട്ടോ ഫെയിമിൽ സുന്ദരനായ യുവാവും അയാളുടെ സുന്ദരിയായ ഭാര്യയും.തന്റെ കൈകളിൽ തൂങ്ങി നിൽക്കുന്നയാൾ ആ യുവാവ് ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

ആശുപത്രിയിലേക്കുള്ള യാത്രയിൽ അവൾ അയാളെ തലോടുന്നതും കഴുത്തിലൂടെ ഒഴുകുന്നത് വൃത്തിയാക്കുന്നതും സെൻറർ മിറ റിലൂടെ കാണാൻ കഴിയുന്നുണ്ടായിരുന്നു.

അയാളുടെ കണ്ണുകൾ വിദൂരതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു, എങ്കിലും ഒരു പുഞ്ചിരി അയാളിൽ ബാക്കിയുണ്ട്, സ്നേഹനിധിയായ ഭാര്യയുടെ സ്പർശനത്തിന്റെ ആശ്വാസമായിരിക്കണം ആ പുഞ്ചിരി.

ചേർത്തലയിലെ പ്രത്യാശ കാൻസർ സെന്ററിന്റെ ബോർഡ് വെച്ച ഗേറ്റ് കടന്നപ്പോൾ മനസ്സ് കൊണ്ട് ആഗ്രഹിച്ച് പോയി ദൈവമെ അവൾക്ക് അവളുടെ പഴയ ഭർത്താവിനെ തിരിച്ച് കിട്ടിയിരുന്നെങ്കിൽ എന്ന്.

ആശുപത്രിയുടെ അകത്തേക്ക് അയാളെ കൂട്ടിക്കൊണ്ട് പോയപ്പോകുമ്പോൾ അവൾ പറഞ്ഞു…

“ചേട്ടാ കുറച്ച് സമയം വെയ്റ്റ് ചെയ്യണെ, ബുദ്ധിമുട്ടാവില്ലല്ലൊ, ഇക്കാടെ പരിശോധന കഴിയുമ്പോൾ കുറച്ച് സമയം കഴിയും.”

“സാരമില്ല ഞാൻ കാത്തിരിക്കാം…… ”

കാറ് പാർക്ക് ചെയ്ത് പുറത്തിറങ്ങി, പോക്കറ്റിൽ നിന്ന് സിഗററ്റ് എടുത്ത് തീ കൊളുത്തി, മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു, അവരുടെ ജാതിയും മതവും നോക്കാതെയുള്ള പ്രണയ വിവാഹമായത് കൊണ്ടാകും, കുടുംബക്കാരായിട്ട് ആരും തന്നെ സഹായത്തിനില്ലാത്തത്….

വീട്ടുകാരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് ആ കുട്ടി അയാളുടെ കൈ പിടിച്ച് പോയത് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴം എത്ര വലുതായിരിക്കും, എന്തെല്ലാം സ്വപ്നങ്ങൾ അവർ നെയ്തിരിക്കും……

കത്തിച്ച സിഗറ്റ് വലിച്ച് കഴിഞ്ഞപ്പോൾ ,പോക്കറ്റിൽ നിന്ന് സിഗററ്റ് പാക്കറ്റ് എടുത്ത് അടുത്ത സിഗററ്റ് കൈയിൽ എടുത്ത് തീ കൊളുത്തി, പാക്കറ്റ് തിരിച്ച് വെക്കാൻ ഒരുങ്ങിയപ്പോൾ സിഗററ്റിന്റെ പാക്കറ്റിൽ കൊടുത്ത ചിത്രത്തിൽ സിഗറ്റ് വലിച്ച് കഴുത്തിൽ ഓട്ടയായ ഒരാളുടെ ചിത്രം, മുമ്പ് ആ ചിത്രം കാണുമ്പോൾ നോക്കി ചിരിക്കാറാ പതിവ് പക്ഷെ ഇപ്പോൾ അത് അവനെ അസ്വസ്ഥനാക്കി…. അവൻ വേഗം കൈയ്യിലെ സിഗററ്റും പാക്കറ്റും വലിച്ചെറിഞ്ഞു…..

കുറച്ച് നേരം കാത്തിരുന്നതിന് ശേഷം കാറിൽ കയറി ഇരുന്ന് ഉറങ്ങി പോയി.

ഡോറിൽ തട്ട് കേട്ടപ്പോൾ ആണ് ഉണർന്നത്, അപ്പോഴേക്കും സൂര്യൻ യാത്രയാവാൻ തയ്യാറായി നിൽക്കുകയായിരുന്നു. വിട പറയുന്ന സൂര്യന്റെ ചുവപ്പ് ആകെ പടർന്നിരുന്നു…

“ചേട്ടാ ഇനി കാത്തിരിക്കണ്ട പൊക്കോളൂ…..”

അവൾ കുറച്ച് നോട്ടുകൾ മുന്നിലേക്ക് നീട്ടി….

“ഇക്ക എവിടെ? നിങ്ങൾ തിരിച്ച് വരുന്നില്ലെ?

അവൾ കാശ് കൈകളിൽ വെച്ച് തന്ന് തിരിച്ച് നടന്നു, നോക്കിയപ്പോൾ ആശുപത്രിയുടെ ഇടത് വശത്ത് പാർക്ക് ചെയ്ത ആമ്പുലൻസിലേക്ക് അവൾ കയറുന്നതാണ് കണ്ടത്.

ഓടിച്ചെന്ന് നോക്കിയപ്പോൾ വെള്ള തുണിയിൽ മൂടി നീണ്ട് നിവർന്ന് അയാൾ കിടക്കുന്നുണ്ട്. അവൾ അയാളുടെ മുഖത്ത് നിന്ന് തുണി മാറ്റി, അപ്പോഴും കൈയ്യിലെ ടവ്വൽ കൊണ്ട് അയാളുടെ കഴുത്തിൽ നിന്ന് ഒഴുകുന്നത് വൃത്തിയാക്കുന്നുണ്ടായിരുന്നു…
…………………………..

സിയാദ് ചിലങ്ക
………………………….