14/02/2026

മയിൽപ്പീലി : ഭാഗം 24

രചന – നെച്ചു നസ്രിൻ

ജീവൻ ഓഡിറ്റോറിയത്തിലേക്ക് പോകുന്ന വഴിയാണ് ക്ലാസ്സിൽ പീലിയും രേഷ്മയും എന്തോ സംസാരിച്ചിരിക്കുന്നത് കണ്ടത്. “പീലി. ഇപ്പോ ഫ്രീയാണോ”?. “അതെ സർ”. “ഒന്ന് വരാമോ”?. പീലി ജീവനോടൊപ്പം കുറച്ചു മാറി നിന്നു. “സർ കഴിഞ്ഞ ദിവസം സർ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നല്ലോ”. “അതിനെ കുറിച് സംസാരിക്കാനാണ് ഇപ്പോ തന്നെ വിളിച്ചത്”. ” എന്താണ് സർ”?. “പറയാം. ഞാൻ ഇവിടെ വന്നപ്പോൾ മുതൽ തന്നെ ശ്രദ്ധിക്കുകയാണ്. തന്നെ ഞാൻ എവിടെയോ കണ്ട പോലെ തോന്നുന്നു”. ” സർ എന്നെ മുൻപൊന്നും കാണാൻ വഴിയില്ല”. ” ആഹ് അത് ഞാനും ഓർത്തതാണ്. പക്ഷേ എത്രയൊക്കെ വേണ്ടെന്ന് വെച്ചിട്ടും വീണ്ടും വീണ്ടും തന്റെ മുഖം മനസിലേക്ക് വരുകയായിരുന്നു.ഈ ഫോട്ടോ ഒന്ന് നോക്കാമോ”. ജീവൻ പഴയൊരു ഫോട്ടോ പീലിയെ കാണിച്ചു. അവളതിലേക്ക് സൂക്ഷിച്ചു നോക്കി.അവൾക്കത്ഭുതം തോന്നി. അവളുമായി രൂപ സാദൃശ്യമുള്ള ഒരു സ്ത്രീ. “ഇതാരാണ് സർ”?. ജീവൻ പകച്ച് പീലിയെ നോക്കി.

അവന്റെ മുഖം നിരാശയിൽ നിറഞ്ഞു. “പീലിക്കറിയുമോ ഈ ഫോട്ടോയിൽ കാണുന്നയാളെ”?. ” ഇല്ല സർ. പക്ഷേ എവിടൊക്കെയോ എന്നെ പോലെ ഇരിക്കുന്നു. അത്ഭുതം ആണ്”. “പീലിയുടെ അമ്മയുടെ പേരെന്താ”?. “സാവിത്രി. എന്താ സർ”?. സാവിത്രി എന്ന പേര് കേട്ടതും ജീവന്റെ മുഖം തെളിഞ്ഞു. “അച്ഛന്റെ പേരെന്താണ്”?. ” വിശ്വനാഥൻ. സർ എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്”?. “പീലിയുടെ അമ്മയെയും അച്ഛനെയും എനിക്കൊന്ന് നേരിൽ കാണാൻ സാധിക്കുമോ”?. “സർ എന്താണ് കാര്യം”?. “പറയാം പീലി. കാണാൻ സാധിക്കുമോ”?. “അച്ഛനെ കാണാം. പക്ഷെ അമ്മ. അമ്മ ഇപ്പൊ ജീവനോടില്ല സർ”. “വാട്ട്”?‌. “അതെ സർ എന്റെ ജനനത്തോടെ അമ്മ മരിച്ചു”. “പീലി വിതുമ്പലടക്കാൻ പാടുപെട്ടു. ജീവനത് പുതിയ അറിവായിരുന്നു. അവനതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവൻ ആ ഫോട്ടോയുമായി അമ്മയെ കാണാൻ പോയ ദിവസം ഓർമയിലേക്ക് വന്നു. “സാവിത്രി”. കുടുംബത്തിലെ ഏറ്റവും ഇളയ പെൺ തരി. സുന്ദരി. എല്ലായ്‌പ്പോളും പ്രസന്ന മുഖത്തോടെ മാത്രം കാണപ്പെട്ടിരുന്നവൾ. ആരോടും മുഖം കറുത്തവൾ സംസാരിച്ചു കണ്ടിട്ടില്ല.

“എന്റെ അനിയത്തിയാണ് സാവിത്രി. രണ്ട് ഏട്ടന്മാർക്കും ഈ ചേച്ചിക്കും പ്രിയപ്പെട്ട കുഞ്ഞി. ഞങ്ങൾക്കവളെ ജീവനായിരുന്നു. അവൾക്കൊരു സ്നേഹബന്ധം ഉണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങൾക്കാർക്കും അത് വിശ്വസിക്കാനായില്ല. ഏട്ടന്മാരും ഞാനും അച്ഛനും അമ്മയും മാറി മാറി പറഞ്ഞിട്ടും അവൾ കേൾക്കാൻ കൂട്ടാക്കിയില്ല. കണ്ണ് നിറച്ചു കാൽ പിടിച്ച് എല്ലാവരോടും ഇഷ്ട്ടം നടത്തി കൊടുക്കാൻ അവൾ പറഞ്ഞു. അച്ഛനൊരുപാട് തല്ലി . മുറിയിൽ പൂട്ടി ഇട്ടു. എനിക്കിന്നും ഓർമയുണ്ട് അടി കൊണ്ട് തിണർത്ത പാടുകളുമായി ഭക്ഷണം പോലും കഴിക്കാതെ മുറിയിൽ കിടന്ന എന്റെ കുഞ്ഞിയെ. സ്നേഹത്തോടെ മാത്രം അവളോട് സംസാരിച്ചിരുന്ന ഏട്ടന്മാരും അച്ഛനും അവളെ ഒരുപാട് ഉപദ്രവിച്ചു. ഒരു ദിവസം കാലത്തെണീക്കുമ്പോൾ കുഞ്ഞിയെ കാണാനില്ലായിരുന്നു. അപ്പോളാണറിഞ്ഞത് അവൾ സ്നേഹിച്ച ആളിനോപ്പം നാട് വിട്ടെന്ന കാര്യം. അതോടെ അച്ഛനും ഏട്ടന്മാർക്കും അവളോട് തീർത്താൽ തീരാത്ത പകയായി. പിന്നീട് ഒരു കാര്യങ്ങളും ഞങ്ങളാരും അറിഞ്ഞിട്ടില്ല. അവൾ പോയി കുറച്ച് നാൾ കഴിഞ്ഞ് കാര്യസ്ഥൻ അച്ഛനോട് അവളുടെ കാര്യമെന്തോ പറയുന്നത് കേട്ടിരുന്നു.

എന്നാൽ അതെന്താണെന്ന് അച്ഛൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല. അവളുടെ ഇഷ്ടത്തെ കുറിച് എല്ലാവരും അറിയുന്നതിന് മുൻപ്പെടുത്ത ഫോട്ടോ ആണിത്”. ജീവന്റെ അമ്മ ശ്രീദേവി നിറഞ്ഞ കണ്ണുകളെ സാരി കൊണ്ടൊപ്പി. പീലിക്ക് ചെറിയമ്മയുടെ രൂപ സാദൃശ്യം തോന്നിയതിനാലാണ് അവളോട് അതിനെ പറ്റി ചോദിച്ചത്. എന്നാൽ വർഷങ്ങൾ മുൻപ് തന്നെ ചെറിയമ്മ ഈ ഭൂമി വിട്ടു പോയി എന്ന സത്യം അവനെ ഞെട്ടിച്ചു കളഞ്ഞു. “അപ്പൊ താൻ അമ്മയെ കണ്ടിട്ടില്ലല്ലേ”. “ഇല്ല”. അത് കൊണ്ടായിരിക്കും ഫോട്ടോ കണ്ടപ്പോൾ അവൾക്ക് മനസിലാകാതെ പോയത്. താനീ വിവരം എങ്ങനെ അമ്മയോട് പറയും. ഇപ്പോളും തന്റെ കുഞ്ഞനിയത്തി എപ്പോളെലും തന്നെ തിരക്കി വരുമെന്ന പ്രതീക്ഷയിലാണ് അമ്മ. ഒരു പക്ഷേ മുത്തച്ഛൻ അന്ന് അറിഞ്ഞ വിവരം ചെറിയമ്മ മരിച്ചു എന്നതാകാം. അത് പോലും ആരോടും പറയാതിരിക്കാനും മാത്രം പക ആ മനസിൽ നിറഞ്ഞിരുന്നുവോ?.

“സർ ഒന്നും പറഞ്ഞില്ലല്ലോ” “പീലി. ഞാൻ പറയുന്ന കാര്യങ്ങൾ സംയമനത്തോടെ കേൾക്കണം. പീലിയുടെ അമ്മ സാവിത്രി എന്റെ അമ്മയുടെ അനിയത്തിയാണ്. ഈ ഫോട്ടോയിൽ കാണുന്നത് എന്റെ അമ്മയാണ് ഇത് അമ്മാവന്മാർ പിന്നെ ഇതാണ് പീലി നിന്റെ അമ്മ”. പീലിയുടെ കയ്യിലിരുന്ന ആ ചിത്രം വിറകൊണ്ടു. അവളാ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി. തന്റെ അമ്മ. ഈശ്വര. അവൾക്കുറക്കെ കരയണമെന്ന് തോന്നി. ഹൃദയത്തിൽ ഒരേ സമയം വേദനയും സന്തോഷവും നിറയുന്നതവളറിഞ്ഞു. വർഷങ്ങളായി ആഗ്രഹിക്കുന്ന കാര്യമാണ് ഇപ്പോൾ തന്നിലേക്ക് വന്ന് ചേർന്നിരിക്കുന്നത്. ഒരു നോക്ക് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ തനിക്ക് നഷ്ടമായ സൗഭാഗ്യത്തെ ഓർത്തു അവൾക്ക് കഠിനമായ വേദന ഉണ്ടായി. ജീവൻ , ഫോട്ടോ നെഞ്ചോടടക്കി പിടിച്ച് തേങ്ങി കരയുന്ന പീലിയെ അലിവോടെ നോക്കി. “പീലി പ്ലീസ് കരയാതിരിക്കൂ”. “സർ ഞാനെടുത്തോട്ടെ ഈ ഫോട്ടോ പ്ലീസ് പറ്റില്ലെന്ന് പറയരുത്.

ഞാൻ എന്റെ അമ്മയെ ആദ്യമായി കാണുവാണ്. ഒരുപാട് കൊതിച്ചിരുന്നു ഒരു ഫോട്ടോയിൽ എങ്കിലും അമ്മയെ ഒന്ന് കാണണമെന്ന്. അതിന് കഴിഞ്ഞിരുന്നില്ല. ഇപ്പോ ഇങ്ങനെ കാണുമ്പോ എനിക്കറിയില്ല എന്നിലുടലെടുക്കുന്ന ഭാവം”. “എടുത്തോളൂ പീലി. വീട്ടിലെല്ലാവരും ചെറിയമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വസിച്ചു വച്ചിരിക്കുന്നത്. മുത്തച്ഛന് മാത്രമേ അതറിയുളൂ. ഞാൻ പോലും താനിപ്പോ പറഞ്ഞപ്പോളാണ് അറിഞ്ഞത്. ചെറിയമ്മ പോയതിൽ പിന്നെ മുത്തശ്ശിക്ക് ഓരോ അസുഖങ്ങളായിരുന്നു. ആ വീട് ശെരിക്കും ഉറങ്ങിയത് പോലെയായി. അമ്മാവന്മാരുടെ ദേഷ്യമൊക്കെ പതിയെ മാറി. അവർ ചെറിയമ്മയെ കുറിച്ച് മുത്തച്ഛനറിയാതെ അന്വേഷിച്ചിരുന്നു. പക്ഷേ ഒരു വിവരവും അറിഞ്ഞില്ല.ചെറിയച്ഛൻ”?. “അച്ഛൻ വീട്ടിലുണ്ട്. അമ്മ മരിച്ച് കുറച്ച് നാൾ കഴിഞ്ഞപ്പോൾ വേറൊരു വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്”. അതോടെ അവനൂഹിച്ചു പീലിയുടെ ജീവിതം. എന്നാൽ പീലിയിൽ നിന്നുമറിഞ്ഞ വിവരങ്ങൾ അവന്റെ കണ്ണിനെ നനയിച്ചു.

എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാതെ അവളനുഭവിച്ചതൊക്കെ അവളുടെ കണ്ണിലൂടെ അവൻ കണ്ടു. ജീവൻ അവളെ ചേർത്ത് പിടിച്ചു ” ഞങ്ങളൊക്കെ എല്ലാ സുഖത്തിലും ജീവിക്കുമ്പോൾ നീ മാത്രം…..” പീലി വേദന നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു. സ്ഥാനം കൊണ്ട് ഞാനിപ്പോ നിന്റെ ഏട്ടനാണ്. നമ്മുടെ കുടുംബത്തിൽ വേറെ പെൺകുട്ടികളാരുമില്ല. അമ്മാവന്മാർക്ക് രണ്ട് പേർക്കും രണ്ട് ആണ്മക്കളാണ്. അവരൊക്കെ കല്യാണം കഴിഞ്ഞ് പുറത്ത് സെറ്റൽഡ് ആണ്. പിന്നെ അമ്മക്ക് ഞാൻ ഒറ്റ മകനാണ്. അമ്മ എപ്പോളും പറയും സാവിത്രിയുടെ കുറവ് നികയ്ക്കാൻ ദൈവം ഈ കുടുംബത്തിലൊരു പെൺകുട്ടിയെ തന്നില്ലെന്ന് . അമ്മക് അനിയത്തിയെ മുന്നിൽ കൊണ്ട് ചെന്ന് നിർത്താൻ ആകില്ലേലും എല്ലാവരും കൊതിച്ചത് പോലെ ഒരു പെൺകുട്ടിയെ തന്നെ എനിക്ക് കൊണ്ട് നിർത്തി കാണിക്കാമല്ലോ. അവിടെ നിന്നെ കാത്തു അമ്മാവന്മാരും വലിയമ്മയും ഒക്കെ നോക്കിയിരിക്കുന്നുണ്ട്”. പീലി ഒന്നും വിശ്വാസം വരാൻ ആകാത്ത പോലെ നോക്കി.

” ഇനി ഒറ്റയ്ക്കാണ് , ആരുമില്ല എന്ന തോന്നലൊന്നും വേണ്ട കേട്ടോ. ഈ ഏട്ടനുണ്ട്”. ജീവന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു. “ഏട്ടൻ” , പീലി പലവുരു ആ വാക്കുരുവിട്ടു. സൂരജിന്റെ കാര്യമൊന്നും അവൾ ജീവനോട് പറഞ്ഞില്ല.അവളുടെ കവിളിലൊന്നു തട്ടി ജീവൻ പോയി. പീലി യാന്ത്രികമായി നടന്നു രേഷ്മയ്‌ക്കരികിലേക്ക് ചെന്നു. അവളോട് ഒറ്റ ശ്വാസത്തിൽ നടന്നതെല്ലാം പറഞ്ഞു . രേഷ്മ എല്ലാം ആവിശ്വസനീയത്തോടെ കേട്ടു. പത്തിരുപത്തിനാല് വർഷങ്ങൾക്ക് ശേഷം അറ്റ് പോയ കണ്ണിയെ കൂട്ടികെട്ടാൻ ഒരേട്ടൻ. അയാൾക്ക് കള്ളം പറയേണ്ട കാര്യമില്ലല്ലോ. രേഷ്മ പീലിയുടെ കവിളിൽ കൈ ചേർത്തു. പീലി അപ്പോളും അമ്മയുടെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ പാട് അവൾ സുഭദ്രക്കരികിലേക്ക് ഓടി. ആദ്യമവൾ ആ ഫോട്ടോ അമ്മക്ക് കാണിച്ച് കൊടുത്തു. ഭദ്ര സൂക്ഷിച്ചു ആ ഫോട്ടോയിലേക്ക് നോക്കി. “ഇതൊക്കെ ആരാ മോളെ”?. “ഇതിലെന്റെ അമ്മയുണ്ട്” പറയുമ്പോൾ പീലിയിൽ ഒരുപാട് വികാരങ്ങളുടെ സമ്മിശ്ര ഭാവമായിരുന്നു. അവൾ നടന്നതൊക്കെ ഭദ്രയോട് വിശദീകരിച്ചു. എല്ലാം കേട്ടതും ഭദ്ര അവളെ സ്നേഹത്തോടെ ചേർത്തു നിർത്തി.

“ഇപ്പോ അമ്മാവന്മാരും അമ്മായിമാരും വലിയമ്മയും ഒരേട്ടനും ഒക്കെ കിട്ടിയല്ലോ. ഇനി ഈ അമ്മയെ മറക്കുമോ പീലിയെ നിയ്.”? “ആരെയൊക്കെ മറന്നാലും ഈ അമ്മയെ എനിക്ക് മറക്കാനാകുമോ.ആ ഫോട്ടോയിൽ കാണുന്നത് എനിക്ക് ജന്മം നൽകിയ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മ ആണ്. ഇത് ഞാൻ ആദ്യമായി കണ്ട ആദ്യമായി അറിഞ്ഞ എന്റെ അമ്മ ആണ്. അമ്മയെ മറക്കുക എന്നാൽ പീലി മരിക്കുക എന്നാണ്”. സന്തോഷാധിക്യത്തിൽ അവർ പരസ്പരം വാരി പുണർന്നു. അവൾ ഭദ്രയുടെ മടിയിൽ കിടന്ന് സാവിത്രിയുടെ ഫോട്ടോയിൽ തന്നെ മിഴിയൂന്നി കിടക്കുകയായിരുന്നു. സൂരജ് വൈകിട്ട് ക്ഷേത്രത്തിൽ പോകാമെന്ന് പീലിയോട് പറഞ്ഞ പ്രകാരം പീലിയെ തിരക്കി വന്നതാണ്. അമ്മയുടെ മടിയിൽ കിടന്നുറങ്ങി പോയിരുന്നു പീലി. അവനവളെ നോക്കി ശേഷം നിരാശയിൽ മുറിയിലേക്ക് പോയി.

എന്തോ നഷ്ടമായ പോലെ തോന്നി അവന്. നേരത്തെ പറഞ്ഞിരുന്നിട്ട് കൂടി. ഇനി എന്തെങ്കിലും മേലായ്ക ആണോ. എങ്കിലൊന്ന് പറഞ്ഞ് കൂടെ. അവൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ശേഷം കാറിൽ കയറി മലമുകളിലേക്ക് പോയി. താനിന്ന് പീലിയോടൊപ്പം ഇവിടെ വരാനാണ് ആഗ്രഹിച്ചത്. പക്ഷേ. അവൾക്കൊരു പക്ഷെ തന്റെ കൂടെ വരാൻ ആഗ്രഹമില്ലായിരിക്കും. ആ ഓർമയിൽ അവന്റെ നെഞ്ചിൽ വേദന പൊടിഞ്ഞു. ഇനി ഒരു പക്ഷേ പീലിക്കാരോടെങ്കിലും പ്രണയം ഉണ്ടാകുമോ. അവൾ തന്നെ സ്വീകരിക്കില്ലായിരിക്കും. ഇതൊക്കെ തന്റെ തോന്നൽ മാത്രമായിരിക്കുമോ.അതോ പീലിക്ക്. ഇനി ജീവനാണോ അത്. പലപ്പോഴും അവൾ ജീവനോട് ചിരിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട് . അയാൾക്കൊപ്പം അവൾ സന്തോഷവതിയായിരിക്കണം. സൂരജിന്റെ കണ്ണ് നീറി പുകഞ്ഞു . വേദന , വല്ലാത്ത വേദന. ഇതാണോ പ്രണയം!!. “ഹേ ലോകമേ ഞാൻ അവളെ പ്രണയിക്കുന്നൂ.

ഹൃദയത്തിന്റെ ഉള്ളറയിൽ അവൾ അവളുടെ സ്ഥാനത്തെ ഉറപ്പിച്ചിരിക്കുന്നു. അവളില്ലായമായിൽ ഞാൻ നീറുന്നതവളറിയുന്നേയില്ലല്ലോ . എന്റെ ഓരോ അണുവിലും അവളുടെ നേർമ നിറഞ്ഞിരിക്കുന്നു” .അവൻ അഭി ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചിരിക്കുന്നു. സൂരജ് തിരികെ വന്നെങ്കിലും അവന്റെ മുഖം മ്ലാനമായിരുന്നു. പീലി അതൊന്നും ശ്രദ്ധിച്ചില്ല. അവൾ മറ്റൊരു ലോകത്തായിരുന്നു. ഒരു ദിവസം കൊണ്ട് അനാഥയെ പോലെ ആയിതീർന്ന ഒരുവൾക്ക് ഒരു ദിവസം കൊണ്ട് എല്ലാവരും ഉണ്ടായിരിക്കുന്നു. പക്ഷേ താനിത്ര നാൾ അനുഭവിച്ചത് അതൊക്കെ മറക്കാൻ ആകുമോ. തനിച്ചിരുന്നു ഒഴുക്കിയ കണ്ണുനീര് ആരും അറിഞ്ഞില്ലല്ലോ. അതൊന്നും ഒരിക്കലും ഇല്ലാതാകില്ലല്ലോ. ഏട്ടൻ എന്ന് ജീവൻ പറഞ്ഞത് അവളുടെ മനസിലേക്ക് ഓടി വന്നു. പലപ്പോളും ആഗ്രഹിച്ചിരുന്നതാണ്. ഇപ്പോ തനിക്കൊപ്പം ഉണ്ടാകുമെന്ന് വാക്ക് തന്നിരിക്കുന്നു. ആരൊക്കെയോ ഉള്ളത് പോലൊരു തോന്നൽ.

പീലിയുടെ മനസ് നിറഞ്ഞു. ഒരു പക്ഷെ അമ്മയുടെ ആത്മാവ് ഇത് ആഗ്രഹിക്കുന്നുണ്ടാകും. അവളുടെ കണ്ണുകൾ താനേ അടഞ്ഞു പോയി. ഒരേ മുറിയിൽ പരസ്പരം അറിയാൻ ശ്രമിക്കാതെ അപരിചിതരെ പോലെ രണ്ട് പേർ. സൂരജിന്റെ തലച്ചോർ പീലി തനിക്കുള്ളതാകില്ലെന്ന് അവനെ പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവന്റെ ഹൃദയം മത്സരിച് വാദിക്കുന്നുണ്ടായിരുന്നു. പീലി സൂരജിന്റേത് മാത്രമാണെന്ന്. നാളെയാണ് ആർട്സ് ഡേ. എല്ലാവരും അതിന്റെ സന്തോഷത്തിലായിരുന്നു കോളേജ് എല്ലാ വിധ ഒരുക്കങ്ങളുമായി തയ്യാറായി കഴിഞ്ഞിരുന്നു. ആൺകുട്ടികൾ ബാച്ച് ആയി ഒരേ കളർ ഷർട്ടും മുണ്ടുമാണ് വേഷം തീരുമാനിച്ചിരുന്നത്. പീലിയുടെ ക്ലാസ്സിലെ ആനന്ദ് ഉൾപ്പെടുന്ന ആൺകുട്ടികൾ മെറൂൺ ഷർട്ടും അതിന് മാച്ച് ആകുന്ന മുണ്ടും സെലക്ട്‌ ചെയ്തു.

പെൺകുട്ടികൾ ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടാമെന്ന് പറഞ്ഞു . രേഷ്മക്ക് നിർബന്ധമായിരുന്നു സാരി ഉടുക്കണമെന്ന്. രേഷ്മയുടെ നിർബന്ധത്തിൽ പീലിയും സാരീ ഉടുക്കാമെന്ന് വാക്ക് കൊടുത്തു. ഈ സന്തോഷങ്ങൾക്കിടയിൽ താൻ കാത്തിരുന്ന ഇരയെ മുൻപിൽ കിട്ടാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്നു പവൻ. തന്റെ ശത്രുവിനുള്ള ശക്തമായ പ്രഹരം പവനെന്ന വജ്രായുധം ഉപയോഗിച്ച് കൊടുക്കാൻ പോകുന്നതിന്റെ ക്രൂരമായ ആനന്ദത്തിലായിരുന്നു സാധിക. തുടരും