രചന – അഞ്ജു തങ്കച്ചൻ
നിനക്കുള്ളത് മേനക തരും. കരുതിയിരുന്നോ മോളേ…
എനിക്ക് നീയൊരു തടസമേ അല്ല,ഈ കുടുംബത്തിൽ കയറിപ്പറ്റാൻ എനിക്ക് കഴിഞ്ഞെങ്കിൽ. ഇത് സ്വന്തമാക്കാനും ഈ മേനകക്ക് കഴിയും.
നിനക്ക് എന്നെ അറിയില്ല.
*****************
ചിന്നൂ….
എന്താ രാധേച്ചീ..
മേനകയെ പേടിക്കണം മോളേ, എന്ത് ചെയ്യാനും മടിയില്ലാത്ത കൂട്ടത്തിലാ.
വേണ്ടി വന്നാൽ നിന്നെ അപായപ്പെടുത്താനും അവർ മടിക്കില്ല.
എനിക്കറിയാം രാധേച്ചി.
പിന്നെ ഒന്നൂടെ ഉണ്ട് മോളേ…
എന്താ രാധേച്ചീ?
അത് പിന്നെ…
പറയൂ എന്താണ്?
ആ രഘു ഇല്ലേ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയ, അവരുടെ അനുജൻ ആണെന്ന് പറയുന്ന ആൾ.
ഉം…
അത് അനിയൻ ആണെന്ന് തോന്നുന്നില്ല മോളേ..
അവരുടെ കൊഞ്ചലും, കിന്നാരം പറച്ചിലും ഒന്നും ഒരു സഹോദരന്റെയും, സഹോദരിയുടെയും അല്ല.
എന്റെ തോന്നൽ ആണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷെ അങ്ങനെയല്ല മോളേ.
ഓഹോ… അങ്ങനെയും ഉണ്ടോ, അപ്പോൾ അവർ ചതിക്കുന്നത് അച്ഛനെയും കൂടിയാണ്.
ചിന്മയി ആലോചനയോടെ തന്റെ മുറിയിൽ ഇരുന്നു.
അച്ഛനോട് അവർക്ക് സ്നേഹമാണെന്നാണ് താൻ കരുതിയത്. പക്ഷെ അച്ഛനെയും അവർ ചതിച്ചു.
അല്ല അച്ഛന് ഇത് തന്നെ വേണം. സ്വന്തം ഭാര്യയെ തൊഴിച്ചിറക്കിയവനാണ്. ഇവൾക്ക് വേണ്ടി.
പക്ഷെ മേനക ഒറ്റയ്ക്ക് അല്ല എങ്കിൽ തീർച്ചയായും താൻ കരുതിയിരുന്നേ പറ്റൂ.
എന്തായാലും വരുന്നിടത്തു വച്ച് കാണാം
***********
പിറ്റേന്ന് പുലർച്ചെ തന്നെ ചിന്നു രാധയെ അടുക്കളയിൽ സഹായിച്ചിട്ട്. ഗോകുൽ മോന് ഭക്ഷണവും കൊടുത്ത് ഗൗതമിന് പഠിക്കേണ്ട ഭാഗങ്ങളും പറഞ്ഞു കൊടുത്തിട്ട്.
വേഗം പോയി കുളിച്ചു വന്നു.
അധികം വസ്ത്രങ്ങൾ ഒന്നും തനിക്ക് ഇല്ല. ഉള്ളതിൽ നല്ല ഒരു ചുരിദാറും ധരിച്ച് അവൾ പുറത്തേക്ക് ഇറങ്ങി.
ചിന്നൂ… നീയിതെവിടെ പോകുന്നു. മാധവൻ ചോദിച്ചു.
പ്ലസ്ടു കഴിഞ്ഞ് എന്നെ പഠിക്കാൻ വിട്ടില്ലല്ലോ. ഇനി തുടർന്ന് പഠിക്കണം.
കോളേജിൽ ഡിഗ്രിക്ക് ചേരുകയാണ്.
അവൾ അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
ഞാൻ കൂടെ വരണോ?
വേണ്ടാ… എല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ശീലമായി എനിക്ക്. അല്ലെങ്കിലും ഞാൻ എന്നും ഒറ്റക്കാരുന്നല്ലോ.
അയാളെ ഒന്ന് നോക്കിയിട്ട് അവൾ നടന്നകന്നു.
അവൾക്ക് ആവശ്യമുള്ളപ്പോൾ ഒന്നും ഒരച്ഛന്റെ സ്നേഹമോ, കരുതലോ താൻ നൽകിയില്ല. അപ്പോൾ ഇത് കേൾക്കാനും താൻ ബാധ്യസ്ഥനാണ്.
അയാളിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു
******************
പിറ്റേന്ന് മുതൽ അവൾ കോളേജിൽ പോയി തുടങ്ങി.
കോളേജിൽ പോകുന്ന വഴിയിൽ അവൾ ചുറ്റിലും കണ്ണോടിക്കാറുണ്ട് എവിടെയെങ്കിലും നരേന്ദ്രനെ ഒന്ന് കണ്ടിരുന്നെങ്കിൽ….
എന്താണെന്ന് അറിയില്ല… ഇടയ്ക്കൊക്കെ അയാൾ മനസ്സിൽ നിറയും .
തിളങ്ങുന്ന ആ മിഴികളും, ആരെയും കൂസാക്കാത്ത തന്റേടഭാവവും. പക്ഷെ തന്നോട് സംസാരിക്കുമ്പോൾ ആ കണ്ണുകളിൽ അലിവ് നിറയുന്നത് പോലെ തോന്നും.
ഒരുപക്ഷെ അതൊക്കെ തന്റെ തോന്നൽ ആകുമോ, അറിയില്ല.
ഒന്നറിയാം താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ്.
കോളേജ് ദിനങ്ങൾ അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. നിറയെ കൂട്ടുകാർ…
എന്റേത് നിന്റേത് എന്ന യാതൊരു വേർതിരിവുമില്ലാതെ സൗഹൃദങ്ങൾ ഭക്ഷണം പങ്കിട്ടും, കുസൃതികൾ ഒപ്പിച്ചും ആ ദിനങ്ങളെ ആഘോഷമാക്കി.
അന്നൊരു ബുധനാഴ്ചയായിരുന്നു. രാവിലെ കാളിംഗ് ബെൽ ശബ്‌ദിക്കുന്നത് കേട്ട് ചിന്മയി വാതിൽ തുറന്നു.
തന്റെ ഏട്ടൻ.നന്ദൻ.
അവളെ ഒന്ന് നോക്കിയിട്ട് അയാൾ അകത്തേക്ക് കയറി.
അവൾ നിറകണ്ണുകളോടെ അയാളെ നോക്കി. കഴിഞ്ഞ കുറച്ച് മാസങ്ങൾ ആയി ഏട്ടൻ ഇങ്ങോട്ട് വരാറേ ഇല്ല.
അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ രണ്ട് ദിവസം നിൽക്കാനായിട്ട് വരാറുള്ളതാണ്.
അല്ലെങ്കിലും ഏട്ടൻ പഠനകാലത്തും ഹോസ്റ്റലിലാണ് നിന്നത്.
ജോലി കിട്ടിയപ്പോൾ,കുറച്ച് സുഹൃത്തുക്കൾ ചേർന്ന് അടുത്തു തന്നെ വീട് വാടകക്ക് എടുത്ത് അവിടെയായി താമസം.
ഇവിടെ വന്നാലും ഏട്ടൻ അധികം മിണ്ടുകയൊന്നും ഇല്ല.
എങ്കിലും ഏട്ടനെ കാണുമ്പോൾ മനസ് നിറയും തന്റെ കൂടപ്പിറപ്പാണ്.
കഴിഞ്ഞ തവണ ഏട്ടൻ വന്നപ്പോൾ അച്ഛൻ ഏട്ടന് വിവാഹലോചനകൾ നടത്തിയിരുന്നു. എത്രയും വേഗം ഏട്ടന്റെ വിവാഹം നടത്താനാണ് അച്ഛന്റെ തീരുമാനം.
ഏട്ടൻ വന്ന് കഴിഞ്ഞാൽ മേനക ഇത്തിരി ഒന്ന് ഒതുങ്ങും. ഏട്ടനോട് അവർ സംസാരിക്കാറൊന്നും ഇല്ല. ഏട്ടനും അങ്ങനെ തന്നെയാണ്.
ഒന്ന് രണ്ടുവട്ടം മേനക തന്നെ ചീത്ത പറയുന്നതും, അടിക്കുന്നതും ഏട്ടൻ കണ്ടതാണ്. വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാവണം ഏട്ടൻ ഒന്നും മിണ്ടിയില്ല.
പക്ഷെ തനിക്കതു സഹിക്കാൻ കഴിഞ്ഞില്ല. ഏട്ടനും എന്നെ വേണ്ടല്ലോ എന്നോർത്ത് താനന്ന് ഒരുപാട് കരഞ്ഞു.
എന്നാലും ഏട്ടനെ കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നും.
അവൾ അടുക്കളയിലേക്ക് ചെന്നു.
രാധേച്ചി ഏട്ടൻ വന്നിട്ടുണ്ട് കേട്ടോ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണം. ഞാനും കൂടാം. അവൾ ഭയങ്കര ഉത്സാഹത്തിൽ ആയിരുന്നു.
ശ്ശൊ എന്താ ഇപ്പോൾ ഉണ്ടാക്കുക അവൾ ആലോചനയോടെ പറഞ്ഞു.
ന്റെ ചിന്നൂ അതൊക്കെ എന്താന്ന് വച്ചാൽ ഞാൻ ഉണ്ടാക്കിക്കോളാം. നീയൊന്ന് അടങ്ങി ഇരിക്ക്.
അവർ ചിരിയോടെ പറഞ്ഞു.
വൈകുന്നേരം അച്ഛനും ഏട്ടനും ഒപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ്. ഏട്ടൻ അച്ഛനോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത്.
എന്താ നന്ദൻ എന്താ പറയാനുള്ളത്?
അച്ഛാ… എനിക്ക് എന്റെ ഷെയർ തരണം.
എന്താ..പറഞ്ഞത്?
അതല്ല അച്ഛാ എനിക്ക് അവകാശപ്പെട്ടത് എന്നായാലും തരേണ്ടത് അല്ലേ.
ഇപ്പോൾ ചോദിക്കാൻ എന്താ കാരണം ?
അച്ഛന് ഞാനും, ചിന്നുവും മാത്രമല്ലല്ലോ മക്കളായി.രണ്ടാൺകുട്ടികൾ കൂടെ ഉണ്ടല്ലോഇപ്പോൾ.
എനിക്ക് ഉള്ളതൊക്കെ എന്റെ നാല് മക്കൾക്കും തുല്യ അവകാശം ആണുള്ളത്. അത് സമയം ആകുമ്പോൾ ഞാൻ പങ്കിട്ടു തരും.
നാല് പേർക്കോ?
ചിന്നുവിന് അച്ഛമ്മ,അച്ഛമ്മയുടെ പതിനാല് ഏക്കർ എഴുതി കൊടുത്തതല്ലേ അതുകൊണ്ട് അവൾക്ക് ഇനി സ്ഥലം വേണ്ടല്ലോ.
മാധവൻ ഭക്ഷണം കഴിക്കൽ മതിയാക്കി.
അത് ഞാൻ സമ്പാദിച്ച സ്ഥലമല്ല.
അതമ്മയുടെ സ്ഥലമാണ് അമ്മയുടെ വീട്ടുകാർ അമ്മക്ക് കൊടുത്തത്.
അമ്മയെ അവസാനകാലത്തു സ്നേഹവും പരിചരണവും കൊടുത്ത ചിന്നുവിന് അമ്മ മനസറിഞ്ഞു കൊടുത്തതാണ് ആ സ്ഥലം.
അവളാണ് അമ്മയെ നോക്കിയത്.
അതുകൊണ്ട് ഞാൻ ഉണ്ടാക്കിയ സമ്പത്തിൽ അവൾക്ക് അവകാശം ഇല്ലാതാകുന്നില്ല.
ഈ വീടും മുപ്പതേക്കർ സ്ഥലവും ഞാൻ ഉണ്ടാക്കിയതാണ്. അത് എപ്പോൾ വീതം വയ്ക്കണമെന്ന് ഞാൻ തീരുമാനിക്കും.
പറ്റില്ല അച്ഛാ. അച്ഛന്റെ സ്വത്തിന് മക്കൾക്ക് അവകാശം ഉണ്ട്. എനിക്കത് കിട്ടണം.
ഞാൻ എന്തായാലും ഈ വീട്ടിൽ താമസിക്കാൻ പോണില്ല.
എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് അവൾക്കൊപ്പം ബാംഗ്ലൂരിലേക്ക് താമസം മാറ്റുകയാണ്. അതുകൊണ്ട് എനിക്കുള്ളത് ഇങ്ങ് തന്നേക്ക്.
ഓഹോ എല്ലാം സ്വയം തീരുമാനിക്കാറായി അല്ലേ.
ഉവ്വ്..അയാൾ ഉറച്ചു തന്നെ പറഞ്ഞു.
ശരി, തന്നേക്കാം.
അത് നിനക്ക് സമയം ആകുമ്പോൾ തരും.ചോദിച്ചു മേടിക്കണ്ട കാര്യമില്ല. ഇടക്ക് കയറി മേനക പറഞ്ഞു.
മിണ്ടരുത് നിങ്ങൾ…. നന്ദൻ ദേഷ്യത്തോടെ അവരുടെ നേർക്ക് വിരൽ ചൂണ്ടി.
മേനക വിളറി വെളുത്ത മുഖത്തോടെ മാധവനെ നോക്കി.
മര്യാദക്ക് അപ്പുറത്തെങ്ങാനും പോയി ഇരുന്നോണം.നന്ദൻ ടേബിളിൽ അടിച്ചു കൊണ്ട് പറഞ്ഞു.
പോ… സ്ത്രീയെ…..അയാൾ ദേഷ്യത്തോടെ നോക്കിയതും.
മേനക അടുക്കളയിലേക്ക് പോയി.
അടുക്കളയിൽ നിന്ന് അവർ പറയുന്നതിന് ചെവിയോർത്തു.
എന്താ അച്ഛന്റെ തീരുമാനം?
ശരി… നിനക്കുള്ളത് തന്നേക്കാം. മക്കൾക്കെല്ലാവർക്കും അഞ്ചേക്കർ വീതം.ബാക്കിയുള്ള സ്ഥലവും വീടും എനിക്ക്.എന്റെ കാലശേഷം നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോ.
എന്താ അങ്ങനെ മതിയോ?
മതി.
ഉം… ജനിപ്പിച്ചു പോയില്ലേ.നിങ്ങള് പറയും പോലെ നടക്കട്ടെ.മാധവൻ പറഞ്ഞു
ബാംഗ്ലൂരിൽ തമസമാക്കാൻ തീരുമാനിച്ച സ്ഥിതിക്ക് നിനക്കുള്ള ഓഹരി വിൽക്കാനായിരിക്കും തീരുമാനം അല്ലേ?
അതെ.
മേടിക്കാനുള്ള ആളും റെഡിയാണ്.
ഓഹോ എന്റെ മോൻ എല്ലാം മുൻകൂട്ടി കണ്ടു.മിടുക്കൻ.
അയാൾ എഴുന്നേറ്റു.
നന്ദനും കൈകഴുകി മുറിയിലേക്ക് പോയി.
ചിന്മയി അവിടെ ഒരേ ഇരുപ്പ് ഇരുന്നു.
ഏട്ടൻ പറഞ്ഞത് സ്വത്തിനെ കുറിച്ച് മാത്രമാണ്.
ഒരിക്കലും ഈ അനിയത്തിയെ കുറിച്ചോ അവളുടെ ഭാവിയെ കുറിച്ചോ ഒന്നും സംസാരിച്ചില്ല.
എല്ലാവർക്കും പണം മാത്രം മതി. മനുഷ്യർക്ക് ഒരു വിലയും ഇല്ലേ?
അവളുടെ ചുണ്ടിൽ ഒരു നൊമ്പര ചിരി വിരിഞ്ഞു.
നന്ദനുള്ളത് അയാൾക്ക് എഴുതി കൊടുത്തതിന്റെ പിറ്റേന്ന് തന്നെ അയാൾ ജോലിസ്ഥലത്തേക്ക് പോകാൻ തുടങ്ങി.
പോകും മുൻപ് അയാൾ ചിൻമയിയുടെ അടുത്തു ചെന്നു.
ചിന്നൂ…. നീ എനിക്കൊപ്പം വരുന്നുണ്ടോ
ഇവിടെ ഇങ്ങനെ ഇവരോടൊപ്പം കഴിയേണ്ട ആവശ്യം നിനക്കില്ല.
നിനക്ക് അച്ഛമ്മ എഴുതി തന്ന സ്ഥലത്തുനിന്നുള്ള ആദായം മാത്രം മതി രാജകുമാരിയായി കഴിയാൻ
അത് മാത്രമല്ല അച്ഛന്റെ സ്ഥലത്ത് നിന്ന് നിനക്ക് അഞ്ചേക്കർ കിട്ടും.
പിന്നെന്തിന് നീ ഇവിടെ ഇവരോടൊപ്പം കഴിയണം.
എടുക്കാനുള്ളത് എന്താന്ന് വച്ചാൽ എടുത്തോ ഞാൻ നിന്നെ കൊണ്ടുപോകുകയാണ്.
അവൾ അയാൾക്ക് മുന്നിൽ എത്തി ആ കണ്ണുകളിലേക്ക് നോക്കി.
ഇപ്പോഴും ഏട്ടൻ സ്വത്തിനെ കുറിച്ച് മത്രേ ചിന്തിക്കുന്നുള്ളൂ അല്ലേ
ഏട്ടൻ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ പോയപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു.
പക്ഷെ അപ്പോഴൊക്കെ ഞാൻ കരുതും എന്റെ ഏട്ടൻ പഠിപ്പ് കഴിഞ്ഞ് ഒരു ജോലി ആകുമ്പോൾ എന്നെ വന്ന്,
അമ്മയോ ഇല്ല. എനിക്കിനി എന്റെ കൂടെപ്പിറപ്പ് മത്രേ ഉളളൂ ഇവളെ ഇനി കഷ്ടപ്പെടുത്താൻ ഒരാളെയും ഞാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞ് ഏട്ടൻ എന്നെ കൊണ്ടുപോകും.
ഏട്ടന്റെ വീട്ടിൽ നിർത്തി എന്നെ പഠിപ്പിക്കും, എന്നെ സംരക്ഷിക്കും എന്നൊക്കെ.
പക്ഷെ ഒരിക്കൽ പോലും ഏട്ടൻ ഈ അനിയത്തിയെ കുറിച്ച് ചിന്തിച്ചു പോലും ഇല്ല അല്ലേ
ഇപ്പോഴും എന്റെ പേരിലുള്ള സ്ഥലത്തെക്കുറിച്ച് ഏട്ടൻ ചിന്തിക്കുന്നുണ്ട്. പക്ഷെ എന്നെക്കുറിച്ച്….
ഇല്ല.ഏട്ടാ ഈ ചിന്നു എങ്ങോട്ടും ഇല്ല.
എനിക്ക് ഞാൻ മാത്രം മതി.
ഇനിഎനിക്ക് ഇങ്ങനൊരാളെ വേണ്ടാ
ഏട്ടന് പോകാം.
അവളുടെ ഒഴുകി പടർന്ന കണ്ണുനീർ അയാളുടെ ഉള്ളിൽ ചെറു മുറിവുകൾ തീർക്കുന്നുണ്ടായിരുന്നു
എങ്കിലും അയാൾ ഒന്നും പറയാതെ കാറിൽ കയറി ഓടിച്ചു പോയി.
***********
മേനക ഫോണിൽ രഘുവിനെ വിളിച്ചു.
രഘൂ…നീയിതെവിടെയാണ് എല്ലാം കൈവിട്ട് പോകുകയാണ്.
എന്താ എന്ത് പറ്റി?
ആ നന്ദൻ അഞ്ചേക്കർ സ്ഥലവും എഴുതി വാങ്ങി സ്ഥലം വിട്ടു.
അതെന്തോ ആകട്ടെ,ബാക്കിയുള്ളത് മാധവേട്ടൻ ചിന്നുവിന് എഴുതികൊടുത്താൽ നമ്മളീ കഷ്ടപ്പെട്ടത് വെറുതെയാകും.
അറിയാമല്ലോ നമ്മുടെ മക്കൾക്ക് ഒന്നും കിട്ടാതെ ആകും.
ഇല്ലടി നീ പേടിക്കാതെ…
എനിക്ക് ഇനിയെങ്കിലും നിന്റേയും നമ്മുടെ പിള്ളേരുടെയും കൂടെ ജീവിക്കണം.
അതും ഈ മംഗലത്തു തറവാട്ടിൽ.നീയെന്തെങ്കിലും ചെയ്യണം രഘൂ..
നീ പേടിക്കല്ലേ… ഞാൻ നോക്കട്ടെ എന്ത് ചെയ്യണമെന്ന്.
രഘൂ… അവൾ രാവിലെ കോളേജിൽ പോകുന്നത് ഒറ്റയ്ക്കാണ്.വൈകുന്നേരം കൂടെ കൂട്ടുകാർ കാണും. അതുകൊണ്ട് രാവിലെ അവളെ അങ്ങ് തീർക്കണം രഘൂ.
അവള് തീർന്നാൽ ആ പതിനാല് ഏക്കറും, പിന്നെ ഇവിടുള്ള വീടും സ്ഥലവും എല്ലാം നമ്മുടെ മക്കൾക്ക് മാത്രം കിട്ടും.
വേണ്ടാ വേണ്ടാ എന്ന് വച്ചിരുന്നതാ രഘൂ,പക്ഷെ അവൾക്ക് ഇച്ചിരി നെഗളിപ്പ് കൂടുതലാ. അവളെ കാലപുരിക്ക് അയച്ചാലേ എനിക്ക് സമാദാനം ആകൂ.
ഉം.. അങ്ങനെ ചെയ്യാം.അല്ലെങ്കിലും എന്നെ ഇറക്കി വിട്ട അന്ന് അവളെ ഞാൻ നോക്കി വച്ചതാ.
പിന്നെ നമ്മുടെ മക്കളെ ഓർത്താണ് ഞാൻ അവളെ വെറുതെ വിട്ടത്.
എത്ര ദിവസമായി അവരെ ഒന്ന് കണ്ടിട്ട്.അവർ എന്തിയേ
ഗൗതം സ്കൂളിൽ പോയി. ഗോകുൽ മോൻ അവളുടെ അടുത്തുണ്ട്.അവളുടെ അച്ഛന്റെ മക്കൾ ആണെന്ന് കരുതി പിള്ളേരോട് അവൾക്ക് വല്യ സ്നേഹമാണ്.
അത് നന്നായി.. പിള്ളേരെ നോക്കിക്കോളുമല്ലോ
അതുപോട്ടെ നിന്നെ ഒന്ന് കാണാൻ കൊതിയാവുന്നുണ്ട്.
അയ്യടാ മോനെ… ആദ്യം നീയവളെ തീർത്തിട്ട് വാ,എന്നിട്ട് നീ കൊതി തീരെ കണ്ടോ.
അതിന് നിന്നെ കണ്ടാൽ കൊതി തീരില്ല എന്റെ പൊന്നേ… ഫോണിലൂടെ അയാളുടെ ചിരി മുഴങ്ങി.
രഘൂ…. മേനകയുടെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു.
നാളെ അവൾ തിരുച്ചു വരുന്നത് ജീവനോടെ ആയിരിക്കരുത്.
ഇല്ലടി അവളുടെ കാര്യം ഞാൻ തീർക്കും.
നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ ചിന്മയി തീർന്നിരിക്കും.
ഉം.. ശരി. മേനക കാൾ കട്ടാക്കി.
അവൾ അണപ്പല്ലുകൾ ഞെരിച്ചമർത്തി.
എടീ ചിന്നൂ നീ തീർന്നു.
എന്നെ അപമാനിച്ചതിന്, എന്റെ രഘുവിനെ ഇറക്കി വിട്ടതിന്, നിനക്കുള്ള ശിക്ഷ ഈ മേനക വിധിച്ചിരിക്കുന്നു.
**************
തുടരും.

by