മംഗല്യസൂത്രം…. 15
🧡മംഗല്യസൂത്രം : പതിനഞ്ച്🧡
ശരീരം കൊണ്ട് അവൾ ക്ലാസ്സിൽ ആയിരുന്നെങ്കിലും മനസ്സുകൊണ്ട് അവൾ ഇപ്പോഴും ആ സ്റ്റാഫ് റൂമിലെ രംഗത്തിൽ തന്നെ നിൽക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ടവനോട് ഒന്നിച്ച് ചിലവഴിച്ച ആ നിമിഷങ്ങളിൽ നിന്ന് പുറത്ത് വരാൻ അവൾക്ക് ഒട്ടും താൽപര്യം തോന്നിയില്ല . ആ സമയം എല്ലാം മറന്ന് അവനിലേക്ക് മാത്രം ചേരാൻ കൊതിച്ച തന്റെ മനസ്സ് അവൾക്ക് വ്യക്തമായിരുന്നു.
ഇനി എന്തൊക്കെ സംഭവിച്ചാലും അവനിൽ നിന്ന് ഒരു മോചനം തനിക്ക് ഉണ്ടാവില്ലെന്ന് അവൾക്ക് ആ നിമിഷമാണ് മനസ്സിലായത്. തന്റെയുള്ളിൽ ആയുഷിനോടുള്ള പ്രണയം എത്രമാത്രം വിരിഞ്ഞു കഴിഞ്ഞു എന്ന് ആ നിമിഷം അല്ലിക്ക് മനസ്സിലാക്കി.
പക്ഷേ അതിന് വിലങ്ങുതടിയായി നിന്നത് അവളുടെ അമ്മ മാത്രമായിരുന്നു. അമ്മയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ മാത്രമാണ് അവൾക്ക് കുറ്റബോധം തോന്നുന്നത്. ആയുഷിനോടുള്ള പ്രണയം തെറ്റാണോ ശരിയാണോ എന്ന് അവൾ ചിന്തിക്കുന്നത് അപ്പോഴായിരുന്നു.
ഇന്നലെ കണ്ട ഒരാളെ താൻ എങ്ങനെ വിശ്വസിക്കും എന്ന ആ ഒരു ചോദ്യം മനസ്സിലേക്ക് വന്നതും അവൾക്ക് പെട്ടെന്ന് അമ്മ പറഞ്ഞ തന്റെ അച്ഛനെപ്പറ്റിയുള്ള ഓർമ്മ വന്നു.
ഇതുപോലെ ഒരുമിച്ച് കോളേജിൽ പഠിച്ചവർ ആയിരുന്നു അവർ. പരസ്പരം അറിയാവുന്നവർ, എല്ലാംകൊണ്ടും ചേരുന്നവർ, എന്നിട്ടും വിവാഹിത്തിന് ശേഷം അയാൾ തന്റെ അമ്മയെ ചതിച്ചു. അത്രയേറെ ഹൃദയബന്ധം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അയാൾ തന്റെ അമ്മയെ ചതിച്ചു മറ്റൊരു സ്ത്രീയെ തേടി പോയത്?
അപ്പോൾ ഇന്നലെ കണ്ട ആയുഷിനെ താൻ എങ്ങനെ വിശ്വസിക്കും? അതായിരുന്നു അവളുടെ ഉള്ളിലെ ഏറ്റവും വലിയ ചോദ്യം!
അയാളുടെ പേരും, ഇവിടെ പഠിപ്പിക്കുന്നതും അല്ലാതെ അയാളെ പറ്റി ഒരു കാര്യം പോലും തനിക്കറിയില്ല. മാത്രമല്ല ഇന്ന് റൂമിൽ വെച്ച് നടന്നത് ഒരു ചെറിയ തെറ്റിദ്ധാരണയാണ് എന്ന് പറഞ്ഞ് ആയുഷ് അതെല്ലാം മറക്കാൻ പറഞ്ഞാൽ താൻ എന്തു ചെയ്യും ?
അയാൾക്ക് മറ്റൊരു ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, ഉണ്ടായിരുന്നെങ്കിൽ എന്നോട് അതുപോലെ ഒന്നും പെരുമാറുമായിരുന്നില്ല എന്ന് തോന്നുന്നു.
ഞാൻ എന്തൊക്കെയാണ് ചിന്തിക്കുന്നത് എന്ന് എനിക്ക് തന്നെ മനസ്സിലാകുന്നില്ല. ചിലപ്പോൾ തോന്നും ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ തന്നെ വെച്ച് ഇതുപോലെ ദൂരെ നിന്ന് കണ്ട് സ്നേഹിക്കുന്നതാണ് നല്ലതെന്ന്.
പക്ഷേ സാറിനെ എവിടെ വെച്ച് കണ്ടാലും അയാളെ എന്റെതാക്കാനുള്ള ആഗ്രഹവും കൂടി വരും. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥയിലാണ് താൻ ഇപ്പോൾ. ആരോടാണ് ഇതിനെ പറ്റി ഒന്ന് ചോദിക്കുക? അമ്മയോടും നിർമ്മലാന്റിയോടും അല്ലാതെ ദിവ്യയോട് ആണ് താൻ കൂടുതൽ സംസാരിക്കാറ്. പക്ഷേ ഇങ്ങനെ ഒരു കാര്യമായതിനാൽ അവരോടും വിശ്വസിച്ചു പറയാൻ ആവില്ല. എന്തെങ്കിലും ഒരു വഴി തെളിഞ്ഞാൽ മതിയായിരുന്നു…
ഇതെല്ലാം മനസ്സിൽ ആലോചിച്ചു കൊണ്ട് അവൾ ആയുഷിനെ നോക്കി.
ഏതോ ഒരു ടോപ്പിക്ക് നന്നായി ക്ലാസ് എടുക്കുകയാണ് അവൻ. അവളുടെ കണ്ണുകൾ അവനിലൂടെ ഒഴുകി നടന്നു. ഗോതമ്പിന്റെ നിറമാണ് അവന്. കുറച്ചു നീളമുള്ള കോലൻ മുടി വൃത്തിയായി ചീകി ഒതുക്കിയിരുന്നു. അത് ഇടയ്ക്കിടെ അവന്റെ മുഖത്തേക്ക് വീഴുന്നുണ്ട്. അവനത് കൈ കൊണ്ട് ഒതുക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.
ചിരിക്കുമ്പോൾ തെളിയുന്ന അവന്റെ ഒരു കവിളിലെ നുണക്കുഴി കണ്ടതും അല്ലിയുടെ ചുണ്ടും മെല്ലെ വിടർന്നു. തന്നെ ചുംബിക്കാൻ വന്നപ്പോൾ തന്റെ കവിളിൽ തട്ടിയ അവന്റെ ആ ചുടുനിശ്വാസം അപ്പോഴും അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.
ഇവിടെ നിന്ന് ഓടിച്ചെന്ന് അവന്റെ ആ കവിളുകളിൽ അമർത്തി ചുംബിക്കാൻ തോന്നിപ്പോയി പെണ്ണിന്. അവൾ താടിക്ക് കയ്യും കൊടുത്ത് അവനെ നോക്കി അനങ്ങാതെ ഇരുന്നു .
കുറച്ചു മുൻപേ സ്റ്റാഫ് റൂമിൽ അരങ്ങേറിയ ആ സംഭവമാണ് വീണ്ടും അവളുടെ മനസ്സിലേക്ക് വന്നത്. ആ നിമിഷം ബെല്ലടിച്ചിരുന്നില്ലായിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ എന്ന് അവൾ വെറുതെ മനസ്സിൽ ആലോചിച്ചു നോക്കി:
ആയുഷിന്റെ കണ്ണുകൾ മെല്ലെ അല്ലിയുടെ ചെറിയ ഇളം പിങ്ക് ചുണ്ടുകളിലേക്ക് തെന്നിനീങ്ങി… അതറിഞ്ഞതും അവൾ തന്റെ ചുണ്ടിന്റെ അറ്റം കടിച്ചു പിടിച്ചു… അവളുടെ ആ പ്രവർത്തി അവനിൽ ഹരം കൊള്ളിച്ചു… അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ അവൻ കൊതിയോടെ നോക്കി….
അവന്റെ മുഖം മെല്ലെ അവളുടെ മുഖത്തോടെ അടുത്തുവന്നു… നിന്നിടത്തുനിന്ന് അനങ്ങാതെ അല്ലി നിന്നു… എന്നാൽ അവന്റെ ശ്വാസം തന്നിൽ തട്ടിയതും അവൾ ആലില പോലെ വിറച്ചു… അവളുടെ കൈകൾ അറിയാതെ അവന്റെ പുറം കഴുത്തിൽ പതിഞ്ഞു….
അവന്റെ കൈകൾ മെല്ലെ അവളുടെ അരയിൽനിന്ന് താഴേക്ക് നീങ്ങി… അവന്റെ ചലനങ്ങൾ അറിഞ്ഞിട്ടും അവൾ അനങ്ങാതെ അവന് വഴങ്ങി നിന്നു… അവന്റെ കൈ തലങ്ങൾ തന്നിൽ അമരുന്നത് അറിഞ്ഞതും ഒന്ന് ഉയർന്നു പൊങ്ങിപോയിരുന്നു പെണ്ണ്….
ആയുഷിന്റെ ചുണ്ടുകൾ അല്ലിയുടെ ചുണ്ടുകളിൽ അമർന്ന നിമിഷം അവൾ പെരുവിരലിൽ ഉയർന്നുപൊങ്ങിയിരുന്നു… അല്ലി കണ്ണുകൾ ഇറുക്കെ പൂട്ടി… തൊട്ടടുത്ത നിമിഷം അവൻ അവളുടെ കീഴ്ച്ചുണ്ടിനെ തന്റെ വായിലാക്കി നുണയാൻ തുടങ്ങിയിരുന്നു… അവളിൽ നിന്ന് ഉയർന്ന സീൽക്കാരങ്ങൾ അവനിൽ മത്ത് പിടിപ്പിച്ചു…
അല്ലി അനങ്ങാതെ ശില കണക്കെ നിന്നു… അവളുടെ കരങ്ങൾ അവന്റെ പുറം കഴുത്തിലൂടെ അവന്റെ മുടിയിൽ കൊരുത്തു വലിച്ചു. അവളുടെ കീഴ്ച്ചുണ്ടിലെ തേൻ നുകർന്നെടുത്ത ശേഷം അവൻ മെല്ലെ അവളുടെ മേൽ ചുണ്ടിലേക്ക് ചേക്കേറി.
ആ നിമിഷം അവളുടെ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു, മറുകൈകൊണ്ട് അവന്റെ പുറമേനിയിൽ അമർത്തിപ്പിടിച്ചതിനുശേഷം അവൾ അവന്റെ കീഴ്ച്ചുണ്ട് സ്വന്തമാക്കി.
ഇരുവരും മത്സരിച്ചു ചുംബിച്ചു കൊണ്ടേയിരുന്നു. അവളിലെ മധുരം അവൻ ആവേശത്തോടെ പകർന്നെടുത്തു . അവന്റെ ആവേശം കൂടുംതോറും അവളുടെ ഉള്ളിലും വികാരങ്ങൾ പൂത്തുലയാൻ തുടങ്ങി അവന്റെ കൈകൾ മെല്ലെ അവളുടെ മൃദുലതയിൽ അമരാൻ തുടങ്ങി. അവനവളെ എടുത്ത് തന്റെ അരയിലേക്കിരുത്തി. അവനിലെ ആണിന്റെ മാറ്റങ്ങൾ അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അവനവളെ ഭിത്തിയിലേക്ക് ചേർത്തു നിർത്തി. ചുംബനത്തിന്റെ അവസാനം ഇരുവരും കിതച്ചുകൊണ്ട് വിട്ടുനിന്നു. അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ചാരി കണ്ണടച്ചു നിന്നു. അവൻ അവളെ തന്നിലേക്ക് ചേർത്ത് പൊതിഞ്ഞുപിടിച്ചു…
“റോൾ നമ്പർ ഫൈവ് അലംകൃത!” തന്റെ പേര് വിളിക്കുന്നത് കേട്ടപ്പോഴാണ് അല്ലി സ്വപ്നത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റത്. താൻ ഇത്ര നേരം ദിവാ സ്വപ്നം കാണുകയായിരുന്നു എന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്.
ആയുഷ് ക്ലാസ്സിൽ നിന്ന് പോയി അടുത്ത അധ്യാപിക ക്ലാസിലേക്ക് വന്നിരുന്നു…. ആയുഷ് പോയതും അവർ വന്നതും ഒന്നും അല്ലി അറിഞ്ഞിരുന്നില്ല…. ആയുഷമായുള്ള പ്രണയരംഗത്തിന്റെ ആവേശത്തിലായിരുന്നു അല്ലി അപ്പോൾ. ഒരു ചിരിയോടെ അവൾ പ്രസന്റ് പറഞ്ഞു….
ആയുഷുമായുള്ള ഒരു ജീവിതം ഇപ്പോഴേ അല്ലി സ്വപ്നം കാണാൻ തുടങ്ങിയിരുന്നു….
…….
വൈകുന്നേരം ലൈബ്രറിയിലേക്ക് അല്ലിയും റിഷിയും ഒന്നിച്ചാണ് പോയത്… സെമിനാർ ചെയ്യാനായി എടുത്ത പുസ്തകങ്ങൾ തിരിച്ചു വെക്കാനാണ് അവർ പോയത്…. ആയുഷ് അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അല്ലി വെറുതെ ചിന്തിച്ചുപോയിരുന്നു…
പിന്നീടാണ് അവൾക്ക് രാവിലെ തോന്നിയ ചില കാര്യങ്ങൾ റിഷിയോട് ചോദിച്ചാൽ കുഴപ്പമില്ലായിരിക്കും എന്ന് തോന്നിയത്…. ആദ്യം കുറച്ച് മടിച്ചെങ്കിലും ഒടുവിൽ അവൾ ചോദിച്ചു.
“റിഷി…”
“മ്മ്?” അവൾക്ക് എന്തോ ചോദിക്കാൻ ഉണ്ടെന്ന് അവന് മനസ്സിലായി..
“ഒന്ന് ചോദിച്ചോട്ടെ?”
“ചോദിക്ക്.”
അവൾ വീണ്ടും കുറച്ചുനേരം മടിച്ചു.
“നിനക്ക്… ആർദ്രയെ ഇഷ്ടമാണെന്ന് എങ്ങനെ മനസ്സിലായി?”
റിഷി അവളെ നോക്കി. ചോദ്യത്തിന്റെ അർത്ഥം അവന് മനസ്സിലായില്ല.
“ഏഹ്ഹ് എന്നുവെച്ചാൽ?”
” അത് നിനക്ക് അവളോട് പ്രണയം ആണെന്ന് എങ്ങനെ മനസ്സിലായി?”
റിഷിയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വന്നു. അവൻ കുറച്ചുനേരം ഒന്നും പറയാതെ മുന്നോട്ട് നോക്കി നടന്നു.
“അത് പെട്ടെന്ന് മനസ്സിലാകുന്ന കാര്യമല്ല അല്ലി.”
അവൾ ശ്രദ്ധയോടെ അവനെ നോക്കി.
“പിന്നെ?”
” അത് പിന്നെ ആദ്യം എനിക്ക് അവളെ കണ്ടപ്പോൾ ഒരിഷ്ട്ടം തോന്നിയിരുന്നു. അവളെ സ്വന്തമാക്കിയാൽ കൊള്ളാമെന്നു തോന്നി. നമുക്ക് നമ്മുടെ പാർട്ണർനെ പറ്റി ചെറുതാണെങ്കിലും ഒരു സൗന്ദര്യ സങ്കൽപ്പം ഉണ്ടാവില്ലേ അതുപോലെ എനിക്കും ഉണ്ടായിരുന്നു… അതിനൊക്കെ മാച്ച് ആയിരുന്നു അവൾ… പക്ഷെ അത് മാത്രം പോരല്ലോ, നമ്മുടെ കൂടെ ലൈഫ് ലോങ്ങ് ജീവിക്കാൻ പോകുന്ന ആള് അല്ലെ അപ്പൊ നമ്മുടെ terms ആൻഡ് കണ്ടീഷൻസ് ആയിട്ട് മാച്ച് ആവണ്ടേ… അതിന് ഓപ്പൺ ആയിട്ട് സംസാരിക്കണം. എനിക്ക് അവളെ കാണുമ്പോൾ ഒക്കെ ഭയങ്കര ഇഷ്ട്ടം തോന്നും, അതായത് ഈ സിനിമയിൽ ഒക്കെ പറയില്ലേ വയറ്റിൽ നിന്ന് ബട്ടർഫ്ളൈ വരുന്നത് പോലെ തോന്നുമെന്ന്, അതുപോലെ ആയിരുന്നു എനിക്ക്. അവളെ മറ്റാർക്കും വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ലായിരുന്നു.
പിന്നെ അവൾ ക്രിസ്ത്യാനി ആണ്, അതായിരുന്നു എന്റെ മുന്നിലുള്ള വലിയ പ്രശ്നം, എന്റെ വീട്ടിൽ ഈ ജാതി മതം ഒക്കെ ഭയങ്കര സംഭവം ആണ് അപ്പൊ ഞങ്ങളുടെ ബന്ധം സമ്മതിക്കില്ല, എന്നാൽ എനിക്ക് അവളെ നഷ്ടപ്പെടുത്താൻ വയ്യായിരുന്നു. അങ്ങനെ ഞാൻ അവളെ പരിചയപെടനായി അവളോട് പോയി മിണ്ടി…. എന്റെ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞു… ഞങ്ങൾ കൂടുതൽ അടുത്തു… ഇന്നലെ ആണ് അവൾ എന്നോട് യെസ് പറഞ്ഞത്… ” സന്തോഷത്തോടെ അവൻ പറഞ്ഞു നിർത്തി…
അല്ലിയുടെ ഹൃദയം പതിയെ മിടിച്ചു.
ആയുഷിനെക്കുറിച്ചും തനിക്ക് അങ്ങനെ തന്നെയല്ലേ തോന്നുന്നത്?
അവൾ ആ ചിന്ത പെട്ടെന്ന് മാറ്റി.
റിഷി തുടർന്നു: ” അവളിൽ എനിക്ക് ഏറ്റവും ഇഷ്ടം അവൾ എന്റെ വളരെ ചെറിയ കാര്യങ്ങൾ വരെ ശ്രദ്ധയോടെ കേട്ടിരിക്കും. എന്നെ നന്നായി ശ്രദ്ധിക്കും. ഇപ്പോൾ അവളുടെ ലോകം എന്ന് പറഞ്ഞാൽ ഞാനാണ്; എന്റെ ലോകം എന്നു പറയുന്നത് അവളും. എന്നെ ഇതുവരെ ആരും ഇത്രത്തോളം മനസ്സിലാക്കിയിട്ടില്ല. പിന്നെ എല്ലാരും വിചാരിക്കും ഞാൻ എല്ലാവരോടും നന്നായി സംസാരിക്കുന്നതുകൊണ്ട് എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ടാവും എന്ന്,
ശരിയാണ് എനിക്ക് ഫ്രണ്ട്സ് ഒരുപാട് പേരുണ്ട് പക്ഷേ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് ഇതുവരെ ആരും ഉണ്ടായിരുന്നില്ല. എല്ലാവരും അവരുടെ ഒരു ബാക്കപ്പ് ഫ്രണ്ട് ആയിട്ടാണ് എന്നെ കരുതിയിരുന്നത്. പിന്നെ എല്ലാവർക്കും ഒരു എന്റർടൈൻമെന്റ് ആയി ഞാൻ ഇങ്ങനെ എല്ലാവരോടും മിണ്ടിയും പറഞ്ഞു ഒക്കെ അവരുടെ കൂടെ ഇരിക്കും. അല്ലാതെ എന്നെ മനസ്സിലാക്കാനോ എന്നെ ചേർത്തുപിടിക്കാനോ എന്നെ അവരുടെ പ്രയോറിറ്റി ആയി ചേർത്ത് നിർത്താനോ ഇതുവരെ ആരും ഉണ്ടായിരുന്നില്ല.
പക്ഷേ ആർദ്ര വന്നതിനു ശേഷം എന്റെ ലൈഫ് കുറച്ചു ദിവസം കൊണ്ട് തന്നെ ഒരുപാട് മാറി . അവളിലാണ് എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും. അവളെ കാണാതിരിക്കുമ്പോൾ എനിക്ക് വലിയ എന്തോ നഷ്ടപ്പെട്ടത് പോലെയാണ്. അത് എങ്ങനെ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ നിനക്കും ഇങ്ങനെ ആരോടെങ്കിലും തോന്നിയിട്ടുണ്ടാകുമല്ലോ. ഈ പ്രായത്തിൽ എല്ലാവർക്കും ഇതൊക്കെ സ്വാഭാവികമാണ്. പിന്നെ നമ്മൾ തെരഞ്ഞെടുക്കുന്ന ആൾ നല്ലതായിരിക്കണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. പരസ്പരം തുറന്നു സംസാരിക്കാനുള്ള മനസ്സും അത് കേൾക്കാനുള്ള ഹൃദയവും ഉണ്ടെങ്കിൽ എല്ലാ റിലേഷൻഷിപ്പും നന്നായിത്തന്നെ പോകും.
തുടരും… 🧡



