രചന :ഗായത്രി സുരേന്ദ്രൻ
ഇടയ്ക്കെപ്പൊഴോ മയക്കത്തിൽ വിശ്വനാഥ് വീണ്ടും തെളിമയോടെ കാണപ്പെട്ടു. മഞ്ഞുപോൽ നനുത്ത ആ പെൺകുട്ടിയുടെ കൈകളിൽ വിരലുകൾ കോർക്കാനൊരുങ്ങുന്നു……വിയർത്തു കുളിച്ചു ആ ഞെട്ടലിൽ അവൾ പിടഞ്ഞെഴുന്നേൽക്കുമ്പോൾ അത്രയും കാലം പിടിതരാതെ കിടന്ന ഉത്തരം അവളുടെ ചുണ്ടുകളിൽ നിന്നു പുറത്തേക്കു വഴുതി……സാർ……. സാർ എന്റേതാണ്……
നിക്ക് മാത്രം……..”അവളുടെ മിഴികൾ നിറഞ്ഞൊഴുകി. കാലങ്ങളായ് പിന്തുടരുന്ന സമസ്യയുടെ ഉത്തരം…..
പക്ഷേ അവളാ സത്യത്തിനെ അത്രകണ്ട് ഭയപ്പെട്ടിരുന്നു. അതൊരിക്കലും സ്വീകാര്യമാകുന്ന ഒന്നല്ലെന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കും പോലെ….എങ്കിലും സ്വന്തം സ്വപ്നത്തെ വിട്ടു കളയുവാൻ മനസ്സ് അനുവദിക്കുന്നില്ല.
പാറു വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
തീർത്തും ഉന്മേഷമില്ലാതെ ചായയ്ക്കു മുന്നിലിരുന്നു.
ഉഴുന്നുവടയും തേങ്ങാചട്നിയും ചായയും. മനസ്സു സാധാരണ ഉള്ളതു പോലെയായിരുന്നെങ്കിൽ കലപിലെ സംസാരിച്ചു കൊണ്ട് ആഹ്ലാദത്തോടെ എല്ലാവർക്കുമൊപ്പം കഴിച്ചേനെ…..
പക്ഷേ…..പാറു ഇടയ്ക്കിടെ നെറ്റിയിൽ കൈവെച്ചു നോക്കുന്നുണ്ടായിരുന്നു. തലവേദന മാറുന്നില്ലെങ്കിൽ കുരുമുളകും തുളസിയും ഇഞ്ചിയും ചേർത്തു കഷായം വച്ചു തരാമെന്നു പറഞ്ഞു….സ്നേഹപൂർവ്വം അതൊക്കെയും നിരസിച്ചു.ഇതു ഹൃദയത്തിന്റെ തലവേദനയാണെന്ന് അവളോടെങ്ങനെ പറയാൻ കഴിയും?ഇത്രയും കാലം എന്തൊക്കെയോ കൗതുകം തോന്നിയത്, ഓരോ നിമിഷവും ആ കണ്ണുകളെ മാറി നിന്നുകൊണ്ട് ഉറ്റുനോക്കിയത്, ഒക്കെയും പ്രണയത്താലാണൊ???അറിയാവുന്നത് ഒന്നു മാത്രം. ആ മനുഷ്യൻ മറ്റൊരാൾക്കു സ്വന്തമാകുന്നത് തനിക്കൊരിക്കലും സഹിക്കാൻ പറ്റില്ല.
ആ പുഞ്ചിരിയുടെ ആത്യന്തികമായ അവകാശം വേണമെന്ന അതിയായ ആഗ്രഹം…..
പതിവുപോലെ എഴുതാനിരുന്നു മനസ്സു പഠനത്തിലേയ്ക്കു മാത്രം കേന്ദ്രീകരിച്ചു. എപ്പൊഴോ അറിയാതെ കണ്ണുകൾ ചുവരിൻമേൽ തൂക്കിയിട്ട കലണങടറിലേക്കു പാറിവീണു….ആദ്യമതു ശ്രദ്ധിച്ചില്ലെങ്കിലും അടുത്ത മിനിട്ടിൽ അവൾ കലണ്ടർ തൂക്കിയിട്ട ആണിയിൽ തൂക്കിയ നോട്ടീസിലേക്കു സൂക്ഷിച്ചു നോക്കി. സാവധാനം നടന്നു ചെന്ന് അതു കയ്യിലെടുത്തു.ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. ഉത്സവമാണ് നാടിന്റെ തന്നെ ഉത്സവം. മിക്കവാറും ഏതെങ്കിലും ഒഴിവില്ലാത്ത ദിവസങ്ങളിലാകും പ്രധാന ദിവസം. ഇത്തവണ ശനിയാഴ്ചയാണ്…..ശനിയാഴ്ച ക്ലാസൊന്നും വച്ചില്ലെങ്കിൽ….
വെള്ളിയാഴ്ച രാത്രി വെടിക്കെട്ടും മേളങ്ങളും നാടകവും കലാപരിപാടികളും കാണും. ക്ഷേത്രത്തിനു സമീപം വഴിവാണിഭക്കാരുടെ സ്റ്റാളുകളും.
ബലൂണുകളും അരിപ്പൊരിയും കടലയും പാലൈസും കരിവളകളും എല്ലാ വർഷത്തിന്റെയും മധ്യത്തിലെ മനോഹരമായ ഓർമ്മകളാണ്….ചെറുതിലേ ഉത്സവം കാണിക്കാൻ അച്ഛൻ തോളിലെടുത്തു കൊണ്ടു പോകും.അമ്മ പാറുവിന്റെ കൈയ്യും പിടിച്ചു പുറകേ വരും…അമ്പലത്തിലെത്തിയാൽ താഴെയിറക്കി ശ്രീകോവിലിനു മുന്നിൽ നിർത്തി രണ്ടുകുഞ്ഞിക്കൈകളും പിടിച്ചു തൊഴുവിക്കും എപ്പോൾ അമ്മ മഞ്ഞൾ പ്രസാദം നെറ്റിയിൽ തൊടുവിക്കും സ്വൽപമെടുത്തു മൂർദ്ധാവിലും…..
താലപ്പൊലിമേളങ്ങളും കൊടിതോരണങ്ങളും ആളുകളും ബഹളങ്ങളും…. അതിനിടയിൽ കൺ നിറയെ കാഴ്ചകൾ കണ്ടങ്ങനെ… തൊഴുതു കഴിഞ്ഞാൽ അച്ഛൻ പാലൈസും കരിവളകളും മേടിച്ചു തരും . എല്ലാം കണ്ടു തിരിച്ചു സന്ധ്യയ്ക്കു മടങ്ങിച്ചെല്ലുമ്പോൾ കരിവളയിട്ട കുഞ്ഞിക്കൈകളിൽ ബലൂണുകളും പീപ്പിയുമുണ്ടാകും…..അതിനും തലേന്നു കുടുംബസമേതം കലാപരിപാടികൾ കാണാൻ പോകും… മഞ്ഞുകൊള്ളാതെയിരിക്കാൻ തൊപ്പിയൊക്കെയിട്ട് പൊരിയോ കടലയോ കൊറിച്ചു കൊണ്ടങ്ങനെ….എല്ലാം കഴിഞ്ഞു തിരിക്കുമ്പോൾ മനസ്സിലൊരു കഥ പതിഞ്ഞിരിയ്ക്കും….
കാലെമെത്ര കടന്നു പോയാലും പതിവുകൾ അതുപോലെ നിലനിൽക്കും.ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് മനസ്സിലൂടൊരു കൊള്ളിയാൻ കടന്നു പോയത്….ഉത്സവംശനിയാഴ്ചയാണ്….അവിടം….അത് ദ്രുപതിന്റെ തറവാടുക്ഷേത്രമാണെന്നല്ലേ പറഞ്ഞത്?? അപ്പോഴത് സാറിന്റെയും ആയിരിക്കില്ലേ…വലിയമ്മേടെ മകനാണെന്നല്ലേ അന്നവൻ പറഞ്ഞത്?അതാകുമോ കുറേ നാൾ മുൻപ് സന്ധ്യാ സമയത്ത് ഈ വഴി ക്ഷേത്രം തേടി വഴി ചോദിച്ചു വന്നത്??!!അതിനെന്തിനാ വഴി ചോദിച്ചത്? ആളിനി ആദ്യായിട്ടാവോ വന്നത്?ആ പെൺകുട്ടി…. അവളാരായിരിക്കും.സാറിന്റെ….ഇല്ല….. അങ്ങനൊന്നുമായിരിക്കില്ല.
അവൾ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. ഒരുപിടി ചോദ്യങ്ങൾ മനസ്സിലൂടെ തലങ്ങും വിലങ്ങും കടന്നു പോയ്ക്കൊണ്ടിരുന്നു…ശനിയാഴ്ച സാറും വരുമായിരിക്കുമോ? ഇത്ര കാലവും ഉത്സവവും ക്ഷേത്രവും അവിടെ തന്നെ ഉണ്ടായിരുന്നല്ലോ… ഇന്നോളമെങ്ങും ആ മുഖം കണ്ടിരുന്നില്ലല്ലോ….
അതിനിത്രയും കാലം ആ പുഞ്ചിച്ച മുഖത്തിന്റെ ഛായാചിത്രം മനസ്സിൽ പതിഞ്ഞിരുന്നില്ലോ… അവളൊരു ചിരിയോടെയോർത്തു.ഇനിയിപ്പോൾ വരുമെങ്കിലോ? കാണാമെങ്കിലോ? ആ പുഞ്ചിരി തനിക്കായ് ഉതിരുമെങ്കിലോ? വീണ്ടും പ്രതീക്ഷകൾ പുതുനാമ്പിട്ടു തുടങ്ങിയിരിക്കുന്നു.
ബോധപൂർവ്വം ഇന്നു കണ്ട കാഴ്ചകളെ അവൾ മനസ്സിൽ തന്നെ മറവിയിലേക്കു വലിച്ചെറിഞ്ഞു.
നോവുന്ന ചിന്തകളിൽ കെട്ടുപിണയാതിരിക്കുവാൻ സന്തോഷം പകരുന്ന പ്രതീക്ഷകളെ മനസ്സാകെ നിറച്ചു. യാതൊരു യുക്തിയും ആ പ്രതീക്ഷകൾക്കു പിന്നിലില്ലായിരുന്നുവെങ്കിൽ പോലും മനസ്സു നിറയെ ആഗ്രഹിച്ചു…..ഇടയ്ക്കൊന്നു കാണുവാൻ ആളുടെ ഒരു ചിത്രം പോലും കയ്യിലില്ല. അതവളെ വിഷമിപ്പിച്ചു. ഓടി വീണ്ടും മേശമേലിരുന്ന് പുസ്തകങ്ങളുടെ ഏറ്റവും അടിയിലായ് വച്ച നോട്ടുബുക്കു തുറന്നു….അതു നിറയെ ചായങ്ങൾ കൊണ്ടു സൃഷ്ടിച്ച പൂക്കളും പൂമ്പാറ്റകളുമായിരുന്നു.
അതിന്റെ മധ്യത്തിലെ പേജിൽ കളർപെൻസിലുകൾ കൊണ്ട് ആളിന്റെ അന്നു ആദ്യമായ് കണ്ട പുഞ്ചിരിക്കുന്ന വശ്യതയാർന്ന വദനം കോറിയിടാൻ തുടങ്ങി…..
ഒരോ ചായങ്ങളും കൃത്യതയോടെ ചേർത്തു തുടങ്ങി. മനസ്സിൽ രൂപം തെളിഞ്ഞു നിന്നിരുന്നത് സ്ഥായിഭാവമായ ഗൗരവത്തിൽ ആയിരുന്നില്ല. മറിച്ച്, മനസ്സു കീഴടക്കിയ പുഞ്ചിരിയോടെ ആയിരുന്നു.
നേർത്ത രക്തവർണ്ണം നിറഞ്ഞ ആ കവിളുകൾ, കട്ടിമീശ, കറുത്ത കുറ്റി താടി രോമങ്ങൾ, ചെറുതെങ്കിലും നീണ്ട കണ്ണുകൾ, ആ കണ്ണുകളിൽ വിടർന്ന പ്രകാശം, വീതിയുള്ള നെറ്റിത്തടം……
നേരിൽ കാണുന്നു എന്ന വിധം വരച്ചു തുടങ്ങി… പൂർത്തിയായി വരുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു….വരച്ചുകഴിഞ്ഞാണ് എഴുന്നേറ്റത്. വരയ്ക്കുമ്പോൾ അറിഞ്ഞില്ല ഒരേയിരുപ്പിരുന്ന് കൈയ്യും കഴുത്തുമെല്ലാം വേദനിയ്ക്കുന്നു. എങ്കിലും മനസ്സു നിറഞ്ഞ സംതൃപ്തിയോടെ നിർന്നിമേഷയായാ ചിത്രം നോക്കിയിരുന്നു……..
“കുഞ്ഞോളേ നീയിന്നു വിളക്കു വയ്ക്കുവോ? എനിക്കു തൊട്ടൂടാണ്ടായീട്ടോ….”പാറു വിളിക്കുവോളം ചിത്രവും നോക്കിയിരിപ്പായിരുന്നു. നോട്ടുബുക്ക് ഭദ്രമായ് അടച്ചു വച്ച് യഥാസ്ഥാനത്ത് എടുത്തു വച്ചു.പൂജാമുറിയിലേക്കു നടന്നു….”ദീപം …. ദീപം… ദീപം….”മൂന്ന് തവണ വലം വച്ച് കൊണ്ട് അവൾ തുളസിത്തറയിൽ ചിരാതിൽ നെയ്ത്തിരി നീട്ടി ഉമ്മറത്തേക്ക് കയറി….
വിരൽത്തുമ്പിൽ പടർന്ന നെയ്യ് മുടിയിഴകളിൽ ഒതുക്കി ചെറുതൊരു നെടുവീർപ്പിട്ടു.ഇപ്പൊ നേർത്തെ ആണു ഇരുട്ടു പരക്കുന്നത്…ചായ നേരം കഴിഞ്ഞാൽ പിന്നെ തോടിയിലേക്കിറങ്ങാൻ തന്നെ പേടിയാകും… ഇരുട്ടു കട്ടപിടിച്ചു കിടക്കയാണ് പറമ്പിലെങ്ങും….
പുളിമരവും പറങ്കിമാവും ഇലഞ്ഞിയും മഹാഗണിയുമെല്ലാം ഇരുട്ടിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കാഴ്ച ഇത്തിരി പേടിയുള്ളതാണ്…
ഓരോന്ന് ഓർത്തു കൊണ്ട് അവൾ അകായിലേക്ക് നടന്നു…ആച്ഛനു തൈലം പുരട്ടിക്കൊടുക്കാനുണ്ട്…
ഇരുളാവുമ്പോലേക്ക് വാതത്തിൻെറ കടുപ്പം കയറും… പ്രത്യേകിച്ച് ഈ തണുപ്പ് കാലത്ത്….
അവൾ തെക്കിനിയിൽ വച്ച എഴുത്തുപെട്ടി തുറന്നപ്പോളേയ്ക്കും രാസ്നാദിയുടേയും ത്രിഫലയുടേയും ചൂർണ്ണത്തിന്റെയും സമ്മിശ്ര ഗന്ധം അവിടെയാകെ പരന്നു….തൈലത്തിന്റെ കുപ്പിയെടുത്ത് ഭദ്രമായി പെട്ടിയടച്ചു വച്ചു….
എന്തായാലും അച്ഛനോട് ഉത്സവത്തിന്റെ കാര്യം കൂടെ ചോദിയ്ക്കാം. വേഗം തന്നെ തിരിച്ചു വരാന്തയിൽ വന്നു അച്ഛനിരികെ ഇരുന്നു തൈലം കുറേശ്ശെ എടുത്തു കൈകളിലിട്ടു തിരുമ്മി ചൂടാക്കി പതിയെ കാലിനിട്ടു കൊടുത്തു കൊണ്ടിരുന്നു….”അച്ഛാ, ശനിയാഴ്ച അല്ലേ ക്ഷേത്രത്തിൽ ഉത്സവം വരണത്… നമ്മളും പോണില്ലേ അങ്ങട്??”മുഖവുരയേതും കൂടാതെയാണ് ചോദിച്ചത്.
“അതിപ്പം പ്രത്യേകിച്ചു പറയാനുണ്ടോ നമ്മളെപ്പളും പോണതല്ലേ? ന്താപ്പോ പ്രത്യേകിച്ചു ചോദിക്കാൻ?”
“ഏയ് ഒന്നൂല്ല്യാ…. പാറു… പാറൂനു വരാൻ പറ്റില്ലാലോ അവളൊറ്റയ്ക്കാവൂല്ലേ…
അതാ…. പെട്ടന്നിങ്കടു പോരണോച്ചിട്ട്….”
കുറച്ചൊന്നു പരുങ്ങിപ്പോയി. എന്താ പറയ്യാ അച്ഛനോട്?!!!പറയാൻ തക്കതു വല്ലതും ആയോ?
ആ ചോദ്യം മനസ്സിൽ കൊളുത്തി നിന്നു.”ആയ്…. അതിനെന്റെ കുട്ടി വിഷമിക്കേണ്ട. നമ്മൾക്കു രാത്രി നാടകത്തിനു പോണ്ട. പാറൂട്ടി ഒറ്റയ്ക്കാവില്ല്യേ…
അയലോക്കത്തുള്ളോർക്കൊപ്പം നീയ്യ് പോണേനു വിരോധം ണ്ടായിട്ടല്ല. ന്നാലും ഒരു കരുതലു വേണ്ടേ….രാത്രി സമയാണേയ്….”അച്ഛനതും പറഞ്ഞ് ഒരു നെടുവീർപ്പിട്ടു നിർത്തി. അമ്മയില്ലാതെ രണ്ടു കുഞ്ഞുങ്ങളെ നോക്കി വളർത്തുന്നതിന്റെ ആധി ആ മുഖത്തു നിഴലിച്ചു….”പോണംച്ചാ വിടാം…പിന്നെ ഉത്സവത്തിനു നമ്മൾക്കു പൂവ്വാട്ടോ…അതുച്ചയ്ക്കല്ലേ…ഞാൻ തൊഴുതിട്ടു മടങ്ങും ഇങ്കടേയ്ക്ക്…നീയ്യും പതിയേ എല്ലാരോടൊപ്പം വന്നാ മതീട്ടോ…”
പതിയെ തന്റെ കവിളിൽ തട്ടിക്കൊണ്ടു സമാധാനിപ്പിച്ചു കൊണ്ടു അച്ഛനത് പറഞ്ഞപ്പൊഴേയ്ക്കും മുഖം വിടർന്നു…
കവിളുകളിൽ രക്തച്ചുവപ്പിരച്ചെത്തി.
ആവേശം മനസ്സിനെ ഉണർത്തി….പിന്നീടങ്ങോട്ട് പലവക ചിന്തകളായിരുന്നു. എങ്ങനെയാണ് ഒരുങ്ങേണ്ടത്? ഏതു ഉടുപ്പിട്ടാണ് അമ്പലത്തിലേക്ക് പോകേണ്ടത്?ഇത്തിരി നേരത്തെ ഇറങ്ങണോ?
അലമാര വലിച്ചു പരതി ഉടുപ്പുകൾ തിരഞ്ഞു. ദിവസേനയുള്ള ഉപയോഗം കാരണം പലതും നരച്ചു തുടങ്ങിയിരുന്നു… ഇടാതെ സൂക്ഷിച്ചുവെച്ച ചിലതും കൂട്ടത്തിലുണ്ട്…കൈയിലൊരു ഒരു ദാവണിയോ സാരിയോ വയ്ക്കാത്തതിൽ അപ്പോഴവൾക്ക് ഒരുപാടു നഷ്ടബോധം തോന്നി.താൻ ഇപ്പോഴും കൊച്ചുകുട്ടി എന്ന മാതിരി….
ചുരിദാറുകളുണ്ട്….ഒന്നു രണ്ടുടുപ്പുകളും….
ധാവണിയോ സെറ്റുസാരിയോ പട്ടുപാവാടയോ ഇല്ല. പാറുവിന്റെ കയ്യിൽ സെറ്റുസാരിയുണ്ട്… അമ്മയുടുത്തതും ഉണ്ട്… അവയ്ക്കമ്മയുടെ മണമാണ്. ഉറക്കം കിട്ടാത്ത രാത്രികളിൽ അതെടുത്തു നാസികത്തുമ്പിനടുത്തു വച്ച് അമ്മയുടെ ഗന്ധം നുകർന്നു സാമീപ്യം അറിഞ്ഞു പാറുവും താനും കിടക്കാറുമുണ്ട്…..അത് എടുത്തിട്ടു പോകാമെന്നു വെച്ചാൽ സാരിക്കു പറ്റിയ ഒറ്റ ബ്ലൗസുകളും തന്റെ പാകത്തിനുള്ളവ അല്ല. ചേച്ചിയെക്കാൾ ഇത്തിരി മെലിഞ്ഞിട്ടാണ്….ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ചന്ദനനിറത്തിൽ ഇടയ്ക്കിടക്കു വെള്ളമുത്തുകൾ തുന്നിപ്പിടിപ്പിച്ച ഉടുപ്പു മതിയെന്നു തീരുമാനിച്ചു.
ഇനിയും രണ്ടു ദിവസമുണ്ടു ശനിയാഴ്ചയ്ക്കെങ്കിലും അപ്പോൾത്തന്നെ അവളതു കിടയ്ക്കയ്ക്കു കീഴെ ചുളിവു നിവരാൻ വിരിച്ചു വച്ചു…..എന്തൊക്കെ ചെയ്തിട്ടും തൃപ്തി വരുന്നില്ല. ആകെയൊരു വെപ്രാളം. അലമാരയ്ക്കുള്ളിൽം ചെറിയ ചെറിയ പ്ലാസ്റ്റിക് ബോക്സുകളിൽ തരം തിരിച്ചു വച്ച കുപ്പിവളകൾ ഓരോന്നായ് എടുത്തു നോക്കി.
കറുപ്പും ചുവപ്പും കുപ്പിവളകൾ എടുത്തു മാറ്റി വച്ചു .
സ്വർണ്ണനിറത്തിൽ മയിലിനെ പതിച്ച കൊച്ചു ജിമിക്കി കമ്മൽ എടുത്തു വച്ചു. കഴുത്തിലെ കുഞ്ഞു സ്വർണ്ണനൂലിനു മാത്രം മാറ്റമില്ല.അതഴിക്കാറില്ല. അമ്മ കാശു സ്വരുക്കൂട്ടി വച്ചു വാങ്ങിച്ചു തന്നതാണ്….
കലണ്ടറിലേക്കു പലവട്ടം കണ്ണുകൾ നീങ്ങി. വ്യാഴം, വെള്ളി….ഈദിവസങ്ങൾക്കൊന്നോടിപ്പോയാലെന്താ….അവൾക്കു വെറുതേയൊരു ദേഷ്യം തോന്നി.
അക്ഷമയോടെ അവൾ ജാലകപ്പടിയിലൂടെ നക്ഷത്രങ്ങളോടു കിനാവുകൾ പങ്കിട്ടു തുടങ്ങി…..
ഓരോ ദിനവും ഓരോ മിനിറ്റിലും എന്തോ ഒരു ഉത്സാഹം… ആ രണ്ടു ദിവസം സാറിനെ കണ്ടില്ല. അന്വേഷിച്ചപ്പോൾ ലീവാണെന്നറിഞ്ഞു. ആ മുഖം കാണാത്തതിൽ നോവുണങടെങ്കിലും ശനിയാഴ്ച കണ്ടിരുന്നെങ്കിൽ എന്ന പ്രതീക്ഷയിൽ അവളിരുന്നു….കിനാവുകൾ കണ്ടു കൂട്ടുന്നതിനിടയ്ക്കും പഠിച്ചു. ആവുന്നത്ര പഠിച്ചു. കാരണം പഠനത്തിൽ അയവു കാട്ടിയാൽ ആളുടെ മനസ്സിൽ ഒരിയ്ക്കലും ഒരിടം കിട്ടില്ലായെന്നറിയാം……
ആ കാര്യത്തിൽ മറ്റാരേക്കാളും നൂറു മടങ്ങ് കാർക്കശ്യം കൂടുതലാണ്. ആ രണ്ടു ദിവസങ്ങളിൽ എന്തോ ഒരു വിടവ് ജീവിതത്തിനുണ്ടെന്ന് തോന്നി…. ഉത്സാഹക്കുറവ് പോലെ..സാധാരണ ഒരിക്കലും കോളേജിൽ വരാതെ ഇരുന്നിട്ടില്ല ആൾ.
എത്ര തിരക്കുണ്ടായാലും ക്ലാസുകൾ നടത്തുമായിരുന്നു. അതുപോലെ എത്ര വലിയ സമരം നടന്നാലും ആളു കുലുങ്ങില്ല. ഞാനിവിടെ വന്നിട്ടുണ്ടെങ്കിൽ കൊക്കിനു ജീവനുണ്ടെങ്കിൽ ക്ലാസെടുക്കുക തന്നെ ചെയ്യും എന്ന ആളുടെ വാശി തന്നെ ജയിക്കും…..ആ ദിവസങ്ങളിൽ കൂടുതൽ കൂടുതൽ ഓർക്കുകയായിരുന്നു അവൾ തന്റെ ആ മനുഷ്യനെ…..കാത്തിരുന്നു ശനിയാഴ്ച പുലർന്നു. തലേന്നു കിടക്കയിൽ അമർന്നു എന്നേയുള്ളൂ ശരിക്കുറങ്ങി കൂടെയില്ല. രണ്ടു ദിവസത്തെ വിരഹം അവളെ അത്രമേൽ സ്വാധീനിച്ചിരുന്നു…..
പുലർച്ചെ എഴുന്നേറ്റു കുളിച്ചു മാറി… പതിവിലും ഉത്സാഹത്തോടെ പണികളോരോന്നായ് ചെയ്തു തീർത്തു…ഉത്സവത്തിന്റെ സന്തോഷമാണെന്നു പാറുവും അച്ഛനും കരുതീട്ടുണ്ടാവും…
അവളവളുടേതായ മായാലോകത്തിനുള്ളിലായിരുന്നു.
ഒരു ചെറിയ സന്തോഷം പോലും മാന്ത്രികത സൃഷ്ടിക്കുന്ന…മനസ്സിനെ മാറ്റിമറിക്കുന്ന…
സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്ന…
വിടരാനൊരായിരം പൂമൊട്ടുകൾ ഹൃദയത്തിന്റെ കോണുകളിൽ തളിരിടുന്ന….പ്രണയമെന്ന വസന്തത്തെ സ്വയം സ്വീകരിച്ചവൾ…….
………തുടരും………..
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by