രചന – നെച്ചു നസ്രിൻ
ഉച്ചക്ക് വാകചുവട്ടിൽ ഇരിക്കുകയായിരുന്നു ആനന്തും രേഷ്മയും പീലിയും.അപ്പോളാണ് കോളേജ് ഗേറ്റ് കടന്ന് ഒരു ബുള്ളറ്റ് കുതിച്ചു വന്നത്. ഒരു ഇരമ്പലോടെ ബുള്ളെറ്റ് വന്നു നിന്നു. തലയിലെ ഹെൽമെറ്റ് ഊരി മാറ്റി ഒരു ചെറുപ്പക്കാരൻ ബുള്ളറ്റിൽ നിന്നിറങ്ങി.
നീണ്ട ചെമ്പൻ മുടിയിഴകൾ കൈ കൊണ്ട് മാടിയൊതുക്കി അയാൾ ആ മൂവർ സംഘത്തിനടുക്കലേക്ക് വന്നു.പീലിയോട് എന്തോ പറഞ്ഞ് ചിരിച്ച രേഷ്മ അപ്പോളാണ് തനിക്ക് നേരെ നടന്നുവരുന്ന അവനെ കാണുന്നത്. അവൾ ചാടിയെണീറ്റ് ഓടി അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു.അവൻ രേഷ്മയെ ഒന്നെടുത്തുയർത്തി ശേഷം താഴെ നിർത്തി.
പീലിക്കൊന്നും മനസിലായില്ല.അവൾ പകച്ച് രേഷ്മയെ നോക്കി നിൽക്കുവാണ്. ആനന്ദ് ഇരുവരെയും നോക്കി ചിരിച്ചു. രേഷ്മ കുസൃതിചിരിയോടെ പീലിയെ നോക്കി.
” അതെ ഇവിടൊരാൾക്ക് ഒന്നും അങ്ങോട്ട് കത്തിയിട്ടില്ല കേട്ടോ”.
“ആരാ രേഷു ഇത്?എനിക്ക് മനസിലായില്ല”
“ആഹ് പീലി. ഇതാണ് എന്റെ ഒരേയൊരു പൊന്നാങ്ങള. വെല്യ ഇഞ്ചിനീരാ . ഞാൻ പറയാറല്ലേ ഉള്ളൂ , ഇപ്പോ കണ്ടോ നീ. ബാംഗ്ലൂർ ആയിരുന്നു.”രാഹുൽ”.
അവൻ അവളെ നോക്കി മൃദുവായൊന്നു ചിരിച്ചു.പീലിയെ നോക്കികാണുകയായിരുന്നു രാഹുൽ.രേഷ്മ ഫോണിലൂടെ വാ തോരാതെ പറയുന്നെ അവളുടെ ഉറ്റ കൂട്ടുകാരി. എന്നുമുണ്ടാകും പീലിയുടെ വിശേഷങ്ങൾ.ചമയങ്ങളേതുമില്ലാതെ തന്നെ പീലി സുന്ദരിയായിരുന്നു. ചുണ്ടിലെ തെളിച്ചമുള്ള പുഞ്ചിരിയും , പീലി നിറഞ്ഞ ആ കുഞ്ഞിക്കണ്ണുമാണ് അവളുടെ ഭംഗിയെന്ന് തോന്നി രാഹുലിന്.
പീലിയും രാഹുലിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു.രേഷ്മ പറയാറുണ്ടെങ്കിലും ആദ്യമായാണ് അവളവനെ നേരിട്ട് കാണുന്നത്. അവന്റെ അലസമായി വളർന്ന താടി രോമങ്ങളും, തീവ്രതയേറിയ കാപ്പിക്കണ്ണുകളും.
രേഷ്മ അവന്റെ വയറിനിട്ടൊരു ഇടി കൊടുത്തപ്പോളാണ് പീലിയിൽ നിന്നും അവൻ നോട്ടം മാറ്റിയത്.
” നീ എന്താ ഏട്ടാ പെട്ടെന്നിങ്ങോട്ട് ലാൻഡ് ചെയ്തത്?. ഇന്നലെ രാത്രി വിളിച്ചപ്പോളും ഒന്നും പറഞ്ഞില്ലല്ലോ വരുന്ന കാര്യം”.
“ആഹ് നിന്നെ പോലുള്ള പെങ്ങമ്മാരുണ്ടേൽ ചിലപ്പോ ക്രാഷ് ലാൻഡിംഗ് ഒക്കെ വേണ്ടി വരും”.
“മനസിലായില്ല, അവിടുന്ന് എന്താണ് ഉദ്ദേശിച്ചതെന്ന്”.
“നീ ഇവിടെ ആരെയോ ഇടിച്ചെന്ന് ഞാൻ അറിഞ്ഞു. അതാ നിന്ന നിൽപ്പിൽ തന്നെ കേറി പോന്നത്”.
” ഓഹ് ഇതായിരുന്നോ , ഞാൻ അതൊക്കെ ഡീൽ ചെയ്തിട്ടുണ്ട് സ്മൂത്ത് ആയി”.
“എന്റെ രാഹുലേട്ടാ ഞാൻ പറഞ്ഞു തരാം എന്തൊക്കെയാ നടന്നതെന്ന്”.
രാഹുലിന്റെ തോളിൽ കയ്യിട്ട് അവനെയും കൊണ്ട് കുറച്ചു മാറി നിന്ന് ആനന്ദ് എന്തൊക്കെയോ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്. ഇപ്പൊ എങ്ങനിരിക്കുന്നു എന്ന ഭാവത്തിൽ ഇടക്കിടക്ക് രേഷ്മയെ നോക്കുന്നുമുണ്ട് അവൻ.
ഇതേ സമയം പീലിയെ ചേർന്ന് നിന്ന് ആനന്ദിനെ നോക്കി നല്ല വൃത്തിക്ക് പുച്ഛിച്ചു രേഷ്മ.
“രേഷു നിന്റേട്ടൻ പ്രശ്നം ആക്കുമോ”?.
“നോക്കാം”.
എല്ലാം കേട്ട് കഴിഞ്ഞ് രേഷ്മയെ രൂക്ഷമായി നോക്കി രാഹുൽ അവളുടെ കൈ പിടിച്ച് വലിച്ചു തന്നോട് ചേർത്ത് നിർത്തി.
“മൂക്കിനിട്ട് ഇടിച്ച നേരത്ത് നിനക്കവന്റെ തല തല്ലി പൊട്ടിക്കാൻ മേലാരുന്നോ”?.
ആനന്തും രേഷ്മയും ഇതെന്താ എന്നുള്ള ഭാവത്തിൽ പരസ്പരം നോക്കി.
“അതേട്ടാ , എന്റെ കയ്യിൽ അപ്പോളൊന്നും കിട്ടിയില്ല അതാ”
“മ്മ്മ് അവനിപ്പോ ഏത് ഹോസ്പിറ്റലിലാ”?.
“അറിയില്ല. എന്തായാലും ഒരു മാസത്തേക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്”.
“ആഹ് ബെസ്റ്റ് ചക്കിക്കൊത്ത ചങ്കരൻ തന്നെ”.
രേഷ്മയുടെ ധൈര്യം രാഹുലിനെ പോലൊരു ഏട്ടനാണ്. ക്ലാസ്സിനിരിക്കാതെ അവർ പുറത്തേക്കിറങ്ങി. രാഹുലിന്റെ ബുള്ളറ്റിൽ രേഷ്മയും ആനന്ദിന്റെ ബൈക്കിൽ പീലിയും കയറി നേരെ ബീച്ചിലേക്ക് പോയി.
ആനന്ദിനോട് വഴക്കിട്ട് രാഹുലിനോട് ചേർന്ന് നിന്ന് കൊഞ്ഞനം കുത്തുന്ന രേഷ്മയെ കൗതുകത്തോടെ നോക്കുകയായിരുന്നു പീലി. അവൾക്ക് രേഷ്മയോട് കുഞ്ഞായൊരു അസൂയ തോന്നി. തന്നെ ഇങ്ങനെ ചേർത്ത് നിർത്താൻ ആരും ഉണ്ടായിട്ടില്ല. എനിക്കും ഒരേട്ടൻ ഉണ്ടായിരുന്നേൽ ഇത് പോലെ കൊണ്ട് നടന്നേനെ.
എന്തോ ചിന്തിയിലാണ്ട പീലിയെ രാഹുൽ അപ്പോളാണ് ശ്രദ്ധിച്ചത്. അവളുടെ കണ്ണിലെ വേദന അവൻ തിരിച്ചറിഞ്ഞു. അവന്റെ മനസ്സിൽ അവളോട് സ്നേഹവും വാത്സല്യവും നിറഞ്ഞു.ഒരു പൂവിന്റെ നേർമയുള്ള പെൺകുട്ടി.എങ്ങനെയാണു ഇവളെ വേദനിപ്പിക്കാൻ ആകുക. രേഷ്മ പറഞ്ഞു രുക്‌മിണിയുടെ ദ്രോഹങ്ങൾ അവനും അറിയാം.
“എന്താ പീലി താൻ മാറി ഇരിക്കണേ”?
“ഏയ് ഞാൻ വെറുതെ”
” ആഹ് അതിന് ഇതിന്റെ ചിലപ്പ് തീർന്നിട്ട് വേണ്ടേ ബാക്കിയുള്ളോര് മിണ്ടാൻ. തിന്നാൻ എന്തേലും മേടിച് കൊടുക്കേട്ടാ , ആ വാ ഒന്നടയട്ടെ”
“നീ പോടാ”.
അതും പറഞ്ഞു പീലിയെ വലിച്ചു തനിക്കടുത്തേക്ക് നീക്കി ഇരുത്തി രേഷ്മ.എന്തൊക്കെയോ അവർ സംസാരിച്ചു. തിരികെ വീട്ടിൽ കൊണ്ടാക്കാമെന്ന് രാഹുൽ നിർബന്ധിച്ചെങ്കിലും പീലി അത് സ്നേഹപൂർവ്വം നിരസിച്ചു
അവൾക്കറിയാം വീട്ടിൽ ചെന്നാൽ ഇവരെ കാണുമ്പോ ഉറപ്പായും ചെറിയമ്മ എന്തേലുമൊക്കെ പറയുമെന്ന്.വീടെത്തും വരെ പീലിയുടെ മനസ്സിൽ നിറഞ്ഞു നിന്നത് രാഹുലും രേഷ്മയുമാണ്.
പിറ്റേന്ന് രാവിലെ കതകിൽ മുട്ടുന്നത് കേട്ടാണ് രാഹുൽ വാതിൽ തുറന്നത്. രേഷ്മയായിരുന്നു.ഒരു പിങ്ക് ടീഷർട്ടും വൈറ്റ് ജീൻസുമാണ് വേഷം.
“നീ ഈ വാതിൽ ചവിട്ടി പൊളിക്കുവോ. അല്ല നീ രാവിലെ എങ്ങോട്ടാ ഇന്ന് ശനിയാഴ്ച അല്ലെ. ക്ലാസ്സ് ഇല്ലല്ലോ”.
” ഞാൻ ആളല്ല നമ്മൾ ആണ് പോകുന്നത്”
“നമ്മളോ , എങ്ങോട്ട്”?
“ആഹാ അത് ശെരി ഒന്നുറങ്ങി എണീറ്റപ്പോൾ ഇന്നലെ പറഞ്ഞതൊക്കെ മറന്നോ?. ഏട്ടനല്ലേ സമ്മതിച്ചേ ഷോപ്പിംഗ് മൂവി പിന്നെ ഫുഡ്”.
” ഓഹ് അതിനിപ്പോളെ പോണോ?. നേരം വെളുക്കട്ടെടി “.
” ഇത്രേം വെളുത്താൽ മതി , ഒന്ന് വായോ”
നല്ല രീതിയിൽ രാഹുലിന്റെ പോക്കറ്റ് കാലിയാക്കി സിനിമയും കഴിഞ്ഞ് ഫുഡ് കോർട്ടിൽ വന്നതാണ് രേഷ്മ. ഇത് പതിവാണ്. ലീവിന് നാട്ടിൽ വന്നാൽ ഒരു ദിവസം അവൾക് വേണ്ടിയുള്ളതാ.
കഴിക്കുന്നതിനിടയിലാണ് രാഹുൽ പീലിയെ കുറിച്ചും ആനന്ദിനെ ക്കുറിച്ചും സംസാരിച്ചു തുടങ്ങിയത്
“നീ പറഞ്ഞെങ്കിലും പീലി ഇത്രക്ക് പാവമാണെന്നു ഞാൻ ഓർത്തില്ല”.
“അതൊരു പൊട്ടിയാ. ആരെന്ത് പറഞ്ഞാലും തിരിച്ച് പറയില്ല കേട്ടോണ്ട് നിക്കേ ഒള്ളു. തല്ലിയാൽ അതും കൊണ്ട് എവിടേലും ഇരുന്ന് കരയും. ഞാൻ കുറെ പറഞ്ഞതാ. എവിടുന്നു”.
“ആനന്ദ് പിന്നെ നിന്റെ കൂടെ കട്ടക്ക് നിന്നോളുമല്ലോ , അല്ലെ?”
“പിന്നല്ലാതെ അവനില്ലേൽ ബോറാകില്ലേ”.
ആനന്ദിനെ കുറിച് പറയാൻ തുടങ്ങിയതും രേഷ്മ വാചാലയായി. അവനെ കുറിച്ച് പറയുമ്പോളുള്ള രേഷ്മയുടെ കണ്ണിലെ തിളക്കം രാഹുൽ ശ്രദ്ധിച്ചു. അവൻ കുസൃതിയിലൊന്ന് ചിരിച്ചു.അപ്പോളും രേഷ്മ “ആനന്ദ് “എന്ന ബിന്ദുവിൽ ചുറ്റിതിരിയുകയായിരുന്നു.
അടുക്കളയിൽ പിടിപ്പത് പണിയിൽ നിൽക്കുമ്പോളാണ് രുക്‌മിണി അങ്ങോട്ട് വന്നത്.
“ഡീ , നാളെ ഇവിടെ കുറച്ച് പേര് വരുന്നുണ്ട് വൈകുന്നേരമായിരിക്കും. ചായയും പലഹാരവും ഉണ്ടാക്കണം .ഒന്നും പുറത്തൂന്ന് മേടിക്കേണ്ട. നീ തന്നെ ഉണ്ടാക്കണം. എല്ലാം വായിൽ വെക്കാൻ കൊള്ളവുന്നെ ആയിരിക്കണം. വരുന്നവർക്ക് അതൊന്നും ഇഷ്ടായില്ലേൽ അറിയാല്ലോ എന്നെ”.
പീലി തലകുലുക്കി സമ്മതിച്ചു.
“ആരാ ചെറിയമ്മേ വരുന്നത്”?.
“ഹോ തമ്പുരാട്ടി എല്ലാം അറിഞ്ഞാലേ പറഞ്ഞത് ചെയ്യൂ എന്നുണ്ടോ?. കാര്യകാരണം അറിയിച്ചു മുൻകൂട്ടി നിനക്ക് ഞാൻ നോട്ടീസ് അയക്കാം എന്തെ”?.
അവൾ തലകുമ്പിട്ട് നിന്നെ ഒള്ളു. നടന്നു പോയ രുക്‌മിണി ഹാളിൽ ഇരിക്കുന്ന വീണയുടെ അടുത്തേക്ക് ചെന്നു. കാലിന്മേൽ കാൽ കേറ്റി വെച്ച് ടി വി കാണുവാരുന്നു വീണ.
വീണേ നാളെ വൈകിട്ട് ആ ചെക്കനും കൂട്ടരും വരുന്നുണ്ട്. നിന്നെ കാണാൻ”.
” ആഹ് അമ്മേ എനിക്കോർമ്മയുണ്ട് “.
“നന്നായിട്ടൊക്കെ നിന്നേക്കണം. അവർക്കിഷ്ടപ്പെടണം”.
“ആയിക്കോട്ടെ”.
നാളെ വൈകിട്ട് ആരോ വരൂന്ന് പറഞ്ഞത് ഇതായിരുന്നോ. അത് കേട്ട പീലി അപ്പോ ചിന്തിച്ചത് അതായിരുന്നു.
തുടരും

by