06/05/2026

ശ്രീദേവി : ഭാഗം 07

രചന – രോഹിണി ആമി

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതിരുന്നപ്പോൾ അപ്പുവിന്റെ കൈ എടുത്തു മാറ്റി ഉണ്ണി…… പതിയെ വാതിൽ തുറന്നു ശ്രീയുടെ അടുത്തേക്ക് ചെന്നു…… കണ്ണുനീർ ഒലിച്ചിറങ്ങിയ പാടു കണ്ടപ്പോൾ ഉണ്ണിയുടെ കണ്ണു നിറഞ്ഞു…… മനസ്സു കൊണ്ടു ഒരുപാട് വട്ടം മാപ്പു പറഞ്ഞു ശബ്ദം ഉണ്ടാകാതെ തിരിച്ചിറങ്ങി………….

രാവിലെ എന്തൊക്കെയോ ശബ്ദം കേട്ടിട്ടാണ് ഉണ്ണി കണ്ണു തുറന്നത്……. നോക്കിയപ്പോൾ ശ്രീ ബാഗിൽ എന്തൊക്കെയോ എടുത്തു വെക്കുവാണ്…… അളിയൻ ഇന്നലെ ഇവളെ വിളിച്ചു പറഞ്ഞിട്ടുണ്ടാവുമോ…….. ഉണ്ടാവില്ല….. എങ്കിൽ ഇന്നലെ രാത്രി തന്നെ പോകണമെന്ന് പറഞ്ഞേനെ……..

നീയിതെങ്ങോട്ടാ ശ്രീ രാവിലെ…….
മറുപടി ഒന്നുമുണ്ടായിരുന്നില്ല……

നിന്നോടാ ചോദിച്ചത് എങ്ങോട്ടാണെന്ന്….. ഉണ്ണി കുറച്ചു ഉച്ചത്തിൽ ചോദിച്ചു……

ഞാൻ വീട്ടിൽ പോകുവാണ്……. ശ്രീ പതിയെ പറഞ്ഞു…..

ശ്രീ എടുത്ത സാരിയിൽ കയറിപ്പിടിച്ചു ഉണ്ണി ചോദിച്ചു……

ഇങ്ങനെയൊരു പോക്ക് ഇതാദ്യമാണല്ലോ…… അതും ഒന്നും പറയാതെ…….. പിണങ്ങിപ്പോകുവാണോ നീ എന്നോട്…..

ഒന്നും പറഞ്ഞില്ല ശ്രീ…….. ഉണ്ണിക്കു മുഖം കൊടുക്കാതെ വീണ്ടും പാക്കിങ് തുടങ്ങി….. പാക്കിങ് കണ്ടിട്ട് ഇനി തിരിച്ചൊരു വരവേ ഇല്ലാന്നുള്ള രീതിയിൽ ആണ്……..

ശ്രീ……… എന്നെക്കൊണ്ടാവില്ല നീയില്ലാതെ തനിച്ചിവിടെ…… പോകരുത്……. ഉണ്ണി ശ്രീയുടെ കയ്യിൽ പിടിച്ചു നെഞ്ചിൽ ചേർത്തു പറഞ്ഞു…….

കൈ വലിച്ചെടുത്തു ശ്രീ തിരിഞ്ഞു നിന്നു പറഞ്ഞു……… കുറച്ചു നേരം അവളോട്‌ ചാറ്റ് ചെയ്യൂ….. അപ്പോൾ തനിച്ചാണെന്നുള്ള തോന്നൽ മാറിക്കോളും……. അങ്ങനെയല്ലായിരുന്നോ ഇത്രയും നാൾ…… തനിച്ചാക്കിയിരുന്നത് എന്നെയാണ്…….

പിറകിൽ എന്തോ വീണുടയുന്ന ശബ്ദം കേട്ടു…. തിരിഞ്ഞു നോക്കാതെ തന്നെ മനസിലായി അത് ഉണ്ണിയേട്ടന്റെ മൊബൈൽ ആണെന്ന്…..

ഒരു മൊബൈൽ ഉടച്ചാൽ തീരുന്നതോ മറക്കാൻ പറ്റുന്നതോ അല്ല നിങ്ങൾ ചെയ്ത തെറ്റ്‌…….. ആ മൊബൈൽ കൂട്ടി യോജിപ്പിച്ചാൽ അത് പൂർവസ്ഥിതിയിൽ വരുമായിരിക്കും…. എന്റെ മനസ്സിൽ നിങ്ങളെ ഞാൻ കൊണ്ടു നടന്നിരുന്നത് എങ്ങനെയെന്നു നിങ്ങൾക്കറിയില്ല…… അതാണ് ഇന്നലെ നിങ്ങൾ നശിപ്പിച്ചത്…….

അതും പറഞ്ഞു ശ്രീ അപ്പുവിനെ തട്ടിവിളിച്ചു….. ടാ……. അപ്പൂ……. എണീറ്റെ…..

എന്താ അമ്മേ…. ഈ രാത്രിയിൽ…. കണ്ണു തിരുമ്മി ചോദിച്ചു…….

രാത്രിയോ…… നേരം വെളുത്തു ചെക്കാ……. പോയി റെഡി ആയിരുന്നു വന്നേ….. എന്നെ വീട്ടിൽ വിടണം……

അപ്പു വിചാരിച്ചു അച്ഛൻ ഇന്നലത്തെ കാര്യം പറഞ്ഞിട്ടുണ്ടാകുമെന്ന്………. അവൻ എണീറ്റ് ഫ്രഷ് ആകാൻ പോയി………….

ശ്രീ മുടിയിലെ തോർത്ത് അഴിച്ചു മുടി വിടർത്തിയിട്ടു ചീകാൻ തുടങ്ങി……… ഉണ്ണി മുന്നിൽ വന്നു നിന്നു പറഞ്ഞു ……….

കൂടിയാൽ രണ്ടു ദിവസം……. അതിനുമുകളിൽ പോകാൻ പാടില്ല……… എനിക്ക് ഓഫീസിൽ പോയേ പറ്റൂ………. രണ്ടുദിവസം തിരക്കാണ്…….

ആരു പറഞ്ഞു പോകണ്ടന്ന്……. പൊയ്ക്കോ…… എനിക്ക് ആരുടെയും കൂട്ടു വേണ്ട………. ഓഫീസിലെ കാര്യം കേട്ടപ്പോഴേക്കും ശ്രീയുടെ മുഖത്ത് ഒന്നുകൂടി ദേഷ്യം ഇരച്ചു കയറി…………

അച്ചു അറിയരുത്………. എന്റെ ജീവിതം കാണിച്ചാണ് ഞാൻ അവളെ തിരുത്തിയത്……. അവൾ അറിയേണ്ട……. അച്ഛന്റെ കള്ളത്തരം കൊണ്ടാണ് അമ്മ വീട്ടിൽ പോയതെന്ന്……… അവൾ രാവിലെ വരും………. ഉണ്ണിയെ നോക്കാതെ ശ്രീ പറഞ്ഞു………

ഉണ്ണി അപ്പുനോട് പറഞ്ഞു…… ഇന്നലെ കോൾ വന്ന കാര്യം പറയേണ്ടന്നു……. ഒന്നാമത് അവൾക്ക് ടെൻഷൻ ഉണ്ട്……. അതിന്റെ കൂടെ ഇതും കൂടി പറഞ്ഞ് കൂട്ടണ്ട…….. അവിടെ ചെല്ലുമ്പോൾ അറിഞ്ഞാൽ മതി……….

അപ്പുവിനോട് ഇറങ്ങാൻ നേരം ശ്രീ പറഞ്ഞു……….. എന്റെ ചെടി നനച്ചോണം…… ഏതെങ്കിലുമൊന്ന് കരിഞ്ഞാൽ ഞാൻ ശരിയാക്കും നിന്നെ………. മുല്ലയിൽ നിന്നും രണ്ടുമൂന്നു പൂ പറിച്ചു മുടിക്കിടയിൽ വച്ചു…………. ഉണ്ണിയെ ഒന്നു നോക്കുക കൂടി ചെയ്യാതെ അപ്പുവിനൊപ്പം ബൈക്കിൽ കയറി………….

പോകാം അപ്പൂ……..

വണ്ടി മെല്ലെ നീങ്ങാൻ തുടങ്ങിയതും അപ്പൂ കണ്ണാടി നോക്കി പറഞ്ഞു……….

അമ്മേ.. അച്ഛനെ ഒന്ന് നോക്കമ്മേ……. പാവം ഉണ്ട്……….

ആ നിൽപ്പ് ശ്രീയും കണ്ടിരുന്നു…….. കണ്ണുകൾ നിറഞ്ഞൊഴുകി………. എന്തൊക്കെയായാലും തന്നോട് ചെയ്ത ചതി മനസ്സിൽ നിന്നും മായുന്നില്ല………….

അപ്പു അറിഞ്ഞു തന്റെ തോൾ നനയുന്നത് അമ്മയുടെ കണ്ണുനീർ വീണാണെന്നു………….. തന്റെ അറിവിൽ ഇതാദ്യമായിട്ടാണ് രണ്ടാളും പിരിഞ്ഞു നിൽക്കുന്നത്……………. അച്ഛമ്മയുടെ കാര്യം ഓർത്താണ്………. ഇല്ലെങ്കിൽ കാലിൽ വീണായാലും ഈ യാത്ര താൻ തടഞ്ഞേനേ…….

അപ്പൂ സ്റ്റാൻഡിൽ വിട്ടാൽ മതി…….. ഞാൻ ബസിലാണ് പോകുന്നത്………

അതെന്തിനാ……. ഞാൻ കൊണ്ടു വിടാം അമ്മേ……….

വേണ്ട…… പിന്നെ നീ തനിച്ച് തിരിച്ചു വരണ്ടേ……. ഇത്രയും ദൂരം…….. രാത്രിയും ആവും……… അതോർത്ത് പിന്നെ എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ………..

ബസ് വിടുന്നതിനു മുൻപ് ശ്രീ പറഞ്ഞു………

അച്ഛനെ ശ്രദ്ധിച്ചോണം രണ്ടാളും………. തനിച്ച് കിടത്തരുത്…..കൂടെ വേണം…….

അമ്മയില്ലാതെ ആ വീട്ടിലേക്ക് കയറാൻ തോന്നുന്നില്ല…….. പെട്ടെന്ന് വരണേ അമ്മേ……. അപ്പു ശ്രീയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു……….

ഒന്നും പറയാതെ ബസിനുള്ളിൽ കയറി…… അപ്പു കണ്ണു തുടയ്ക്കുന്നത് കണ്ടു മുഖം തിരിച്ചു കളഞ്ഞു ശ്രീ………. സഹിക്കുന്നില്ല……. നെഞ്ചു വിങ്ങുന്നു അവന്റെ മുഖം കണ്ടിട്ട്………അപ്പു ദൂരെയൊരു പൊട്ടു പോലെ ആയതിനു ശേഷമാണ് ശ്രീ അവനിൽ നിന്നും കണ്ണുകൾ മാറ്റിയത്………

പാവം……. എന്റെ കുഞ്ഞ്…… ഒന്നു സന്തോഷത്തോടെ വരികയായിരുന്നു…….. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു…… ഉണ്ണിയേട്ടൻ എന്തെടുക്കുവായിരിക്കും….. ഓഫീസിൽ പോകാൻ റെഡി ആയിക്കാണുമോ……. കഴിച്ചു കാണുമോ….. എല്ലാം ഉണ്ടാക്കി വച്ചിട്ടാണ് പോന്നത്…… മൊബൈൽ എടുത്തു അതിലെ വോൾപേപ്പർ നോക്കിയിരുന്നു ശ്രീ………. അപ്പു എടുത്ത ഫോട്ടോ ആണ്……..അവൻ തന്നെയാണ് ഇത് വോൾപേപ്പർ ആക്കിയിട്ടതും…….. ഉണ്ണിയേട്ടന്റെ നെഞ്ചിൽ ചാരി താനും….. തന്റെ മടിയിൽ അപ്പുവും……. മൂന്നാളുടെ മുഖത്തും എന്തു സന്തോഷം ആണ്……. ഒറ്റ നിമിഷം കൊണ്ടാണ് അതു നശിച്ചത്……… ശ്രീ മൊബൈൽ ബാഗിൽ തിരിച്ചു വെച്ചു………. സീറ്റിൽ ചാരിക്കിടന്നു……

വീട്ടിൽ ചെന്നപ്പോഴാണ് കാര്യങ്ങളെല്ലാം അറിഞ്ഞത്………… ചുമ്മാതല്ല ഉണ്ണിയേട്ടൻ കൂടുതൽ മസില് പിടിക്കാഞ്ഞത്…….. ബാഗ് പാക്ക് ചെയ്തപ്പോഴും ഉറപ്പുണ്ടായിരുന്നില്ല വിടുമെന്ന്……. കുറച്ചുദിവസം അച്ഛമ്മയുടെ കൂടെ നിന്നാൽ ടെൻഷൻ മാറും……… മനസ്സ് വീണ്ടും പഴയ പോലെ ആയിട്ട് തിരിച്ചു വരണം എന്ന് കരുതി……….. തന്നോട് എല്ലാം പറയാൻ തയ്യാറായ ല്ലോ………….. പറഞ്ഞു ക്ഷമയും ചോദിച്ചു………. ഉണ്ണിയേട്ടൻ തന്നെ മനസ്സിലാക്കാൻ തുടങ്ങിയ അന്ന് നിർത്തിയതാണ് എല്ലാം………. പറ്റിയ ഒരു കയ്യബദ്ധം….. അത് ഞാൻ ക്ഷമിച്ചില്ലെങ്കിൽ വേറാരു ക്ഷമിക്കും……….. എന്തായാലും കുറച്ച് നാൾ എന്നെ മറന്നു നടന്നില്ലേ………… അതിന് ഇങ്ങനെ ഒരു ചെറിയ ശിക്ഷ നല്ലതാണ്……… ഇനി ആവർത്തിക്കരുത്………. എല്ലാം മനസ്സിൽ നിന്നും മായിച്ചിട്ട് പഴയ ശ്രീ ആയി തിരിച്ചു പോകണം……….

ശ്രീ അച്ഛമ്മയുടെ ദേവിയായി അടുത്തിരുന്നു പരിചരിച്ചു……. കുറച്ചുദിവസങ്ങളായി മക്കളും കൊച്ചു മക്കളും ആയി എല്ലാവരെയും കണ്ടിട്ട്… പെട്ടെന്ന് എല്ലാവരും പോയപ്പോൾ ഉള്ള വിഷമം ആയിരുന്നു അച്ഛമ്മയുടെ വയ്യായ്കക്കു കാരണം…………… ദേവിയെ കണ്ടപ്പോൾ വീണ്ടും കുറച്ച് ഉന്മേഷം ഒക്കെ വന്നു തുടങ്ങി……

അപ്പുവിനെ വിളിച്ചു വൈകുന്നേരം……. അച്ചുവിന്റെ കൂടെ കിച്ചണിൽ ആണ്…….. രണ്ടാളും എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്……….. അമ്മ പെട്ടെന്ന് നിശബ്ദം ആയപ്പോൾ അപ്പുവിന് കാര്യം മനസ്സിലായി…….. അച്ചുവിന്റെ അടുത്തു നിന്നും മാറി നിന്നു……….. എന്നിട്ട് പറഞ്ഞു…….. അച്ഛൻ ഓഫീസിൽ നിന്നും വന്നതേ കയറിക്കിടന്നു…….. ചായ വേണ്ടാന്നു പറഞ്ഞു……… ചെടി നനക്കണം എന്ന് ഓർമപ്പെടുത്തി ഫോൺ വെച്ചു……………..

ഈ നേരത്തൊരു കിടത്തം ഉണ്ണിയേട്ടനില്ലാത്തതാണ്……… ശ്രീക്കു ആകെയൊരു വല്ലായ്മ തോന്നി……….വൈകുന്നേരം ചായ നിർബന്ധമാണ്……. അതുപോലും കുടിച്ചിട്ടില്ല….. ശരീരം ഇവിടെയും മനസ്സ് മുഴുവൻ അവിടെയുമാണ്………..

ഉണ്ണി പറഞ്ഞ രണ്ടു ദിവസം കഴിഞ്ഞു……… ഒരു ചെറിയ വാശിക്ക് ശ്രീയും പോകാൻ തയ്യാറായില്ല……… അപ്പുവിനെ വിളിച്ചപ്പോൾ അറിഞ്ഞു……… ഉണ്ണിയേട്ടൻ ഇന്നലെ മുതൽ ലീവെടുത്ത് ഇരിക്കുകയാണെന്ന്………… അഛമ്മയോട് പൊയ്ക്കോട്ടേ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു……. രണ്ട് ദിവസം കൂടി നിൽക്കാൻ…….. പാതി മനസ്സോടെ സമ്മതിക്കേണ്ടി വന്നു……..

നാളെ പോകണം എന്നോർത്ത് എല്ലാ മടക്കി വെക്കുകയാണ് ശ്രീ…………. ഇടയ്ക്ക് മൊബൈലെടുത്ത് നോക്കുന്നുണ്ട്…….. അപ്പുവിനെ വിളിച്ചിട്ട് എടുക്കുന്നില്ല……… അച്ചുവിന്റെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ആണ്…….. മഹിയും എടുക്കുന്നില്ല…….. എല്ലാംകൂടി എവിടെയെങ്കിലും കറങ്ങാൻ പോയി കാണും…….ഉണ്ണിയേട്ടനെ തനിച്ചാക്കി പോകാതിരുന്നാൽ മതിയായിരുന്നു…….. ഏയ്…. മഹി അങ്ങനെ ചെയ്യില്ല…….. അപ്പുവും അച്ചുവും ചെയ്താൽ കൂടി……… വീണ്ടും വീണ്ടും വിളിച്ചുകൊണ്ടേയിരുന്നു………

രാത്രിയായപ്പോൾ അപ്പു തിരിച്ചുവിളിച്ചു……. ആദ്യം ശ്രീ കുറെ ദേഷ്യപ്പെട്ടു……… വിളിക്കാഞ്ഞതിന്……. കാൾ അറ്റൻഡ് ചെയ്യാതിരുന്നതിനു…….. എല്ലാം കേട്ടിട്ട് അപ്പു ചോദിച്ചു …….

അമ്മേ…. നാളെ വരുവോ….. രാവിലെ…….

അവൻ കരയും പോലെ തോന്നി…….

വിഷമിക്കേണ്ട അമ്മ നാളെ വരും…… അച്ഛൻ എന്തിയേ……. കഴിച്ചോ എന്തെങ്കിലും………ശ്രീ ചോദിച്ചു…….

ഇവിടെ ഉണ്ട്…….. കിടക്കുന്നു……

എന്താ എപ്പോ വിളിച്ചാലും അച്ഛൻ കിടക്കുകയാണെന്ന് നീ പറയുന്നത്……… എന്തെങ്കിലും വയ്യായ്കയുണ്ടോ അപ്പു അച്ഛന്………… പരിഭ്രമത്തോടെ ശ്രീ ചോദിച്ചു…..

ഇല്ല…… കുഴപ്പമില്ല……. അമ്മ വരുമ്പോൾ വിളിക്കണം……. ഞാൻ വന്നു കൂട്ടിക്കോളാം……

മ്മ്…… ശരി……
മനസ്സിനൊരു സമാധാനം ഇല്ലാതെ ശ്രീ ഫോൺ വെച്ചു………..

പിറ്റേന്ന് കൊണ്ടു വിടാം…. എന്ന് ഏട്ടൻ പറഞ്ഞെങ്കിലും…….. വേണ്ടാന്ന് പറഞ്ഞു ഒഴിഞ്ഞു…… അച്ഛമ്മയ്ക്ക് ഒരു ക്ലാസ് ഒക്കെ എടുത്തിട്ട് രാവിലെതന്നെ ബസ്സ് പിടിച്ചു…….. സ്റ്റാൻഡിൽ ഇറങ്ങിയപ്പോളെ അപ്പുവിനെ കണ്ടു……. അവന്റെ മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നു………താടിയും വളർന്നു…….

ഇതെന്താ അപ്പൂ……എന്തൊരു കോലമാ ഇത്…… ഇത്ര പെട്ടെന്ന് അമ്മക്കു തന്ന വാക്ക് മറന്നോ നീ……… ഇതെന്തിനാ വീണ്ടും വളർത്തിയത്……

അപ്പുവിന്റെ താടിയിൽ തലോടി ശ്രീ ചോദിച്ചു….

വെട്ടിയിട്ടു എന്തിനാ……. അമ്മയില്ലായിരുന്നല്ലോ കാണാൻ……
അപ്പു കുറച്ചു പരിഭവത്തോടെ പറഞ്ഞു……

നിനക്കെന്താ അപ്പു ഉറക്കം ഒന്നും ഇല്ലായിരുന്നോ………. മുഖം എന്താ വല്ലാതെ……. അതെങ്ങനാ ആ കുന്ത്രാണ്ടം ഒന്നു നിലത്തു വെക്കണ്ടേ………

വണ്ടിയിൽ ഇരുന്നപ്പോഴും അപ്പു ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു ശ്രീ പറഞ്ഞു…….. എന്തോ ഒരു വല്ലായ്മ തോന്നി ശ്രീക്കു അപ്പുവിന്റെ മുഖം കാണുമ്പോൾ ………..

അമ്മ വന്നില്ലേ അപ്പു……. പിന്നെന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നത്……… അച്ചുവിനോട് വഴക്കുണ്ടാക്കിയോ……..

അപ്പു മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ ശ്രീ സ്വയം പറഞ്ഞു………

അത്രയ്ക്ക് ഗമയാണെങ്കിൽ മിണ്ടണ്ട നീ ……..ഇനി ചോദിക്കുന്നില്ല ഞാൻ……

ഓടിപ്പോകുന്ന കാഴ്ചകൾ നോക്കിയിരുന്നു ശ്രീ….. അപ്പുവിന്റെ വിഷമത്തിന്റെ കാര്യമെന്താവുമെന്ന് ആലോചിച്ചു………

തുടരും………