16/02/2026

വൈശാഖം : ഭാഗം 01

 

“മാഷേ രണ്ട് പഫ്…തണുത്തിട്ട് വയ്യ….
കാതിനരുകിലൊരു ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്…

ബനിയനും ജീൻസും ധരിച്ച് മുഖത്ത് കൂളിംഗ് ഗ്ലാസും തലയിലൊരു ക്യാപ്പും ധരിച്ചൊരു പെൺകുട്ടി…തോളിലൂടെ ഒരു ബാഗ് അലക്ഷ്യമായി കിടപ്പുണ്ട്..

ഏറിയാൽ പ്രായം ഇരുപത്തി രണ്ട് തോന്നിക്കും…

” ആഹ്… താ മാഷേ…വല്ലാതെ തണുക്കുന്നു…

എനിക്ക് നേരെ കൂളായി ചോദിക്കുന്നവളെ ഞാൻ ചരിഞ്ഞൊന്ന് നോക്കി….മുഖത്ത് ചിരി മാത്രമായിരുന്നു…

“എവിടുന്ന് കുറ്റിയും പറിച്ചു വരുന്നതോ എന്തോ?

പിറു പിറുത്ത് കൊണ്ട് പാതിയെരിഞ്ഞ സിസർ ഫിൽറ്റർ അവൾക്ക് നേരെ നീട്ടി.. യാതൊരു മടിയും ഇല്ലാതെ അവളത് ആഞ്ഞ് വലിച്ചു..

നാട്ടിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയാണ്.. ബൈക്ക് യാത്രയോട് വലിയ കമ്പമുള്ളതിനാൽ പ്രിയപ്പെട്ട വാഹനമായ Yamaha Rx100 ൽ ആയിരുന്നു യാത്ര..

വീട്ടിൽ നിന്ന് ഇറങ്ങാൻ വൈകി..വൈകുന്നേരം 4 മണി കഴിഞ്ഞാണ് ഇറങ്ങിയത്..പാലക്കാടൻ ഉൾനാടൻ ഗ്രാമവും ഏകദേശം തമിഴ് നാട് ബോർഡർ കൂടിയായ വേലം താവളം വഴിയാണ് പോയത്…

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മഴയുടെ ലക്ഷണമൊന്നും കണ്ടില്ല..പക്ഷേ പാലക്കാട് എത്തിയതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു..ഒടുക്കത്തെ മഴ…

” നാശം പിടിക്കാൻ…
പിറു പിറുത്ത് കൊണ്ട് ബൈക്ക് മുന്നോട്ട് ഓടിച്ചു…ഇടക്ക് മഴയുടെ ശക്തി കുറഞ്ഞപ്പോൾ വേഗം കൂട്ടി…

സമയം പത്തുമണി ആകുന്നു..എത്രയും പെട്ടന്ന് ബോർഡർ കടക്കണമെന്ന് മാത്രമായിരുന്നു മനസ്സിലെ ചിന്ത മുഴുവനും…പക്ഷേ വേലം താവളം എത്തിയപ്പോഴേക്കും മഴക്ക് ശക്തി പ്രാപിച്ചു…

മഴയെന്നാൽ ഒടുക്കത്തെ മഴ..പെരും മഴ…മഴക്ക് കൂട്ടായി ശക്തിയേറിയ പാലക്കാടൻ കാറ്റും…

മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ അടച്ചിട്ടിരുന്ന ഒരു കടയുടെ മുന്നിലേക്ക് Yamaha Rx100 ഓടിച്ചു കയറ്റി…87 മോഡൽ ജപ്പാൻ സാധനമാണ്..ഏറെ പ്രിയപ്പെട്ട സന്തത സഹചാരിയും…

“ഹൊ… വല്ലാത്ത തണുപ്പ്…

കാറ്റ് ചീറിയടിക്കാൻ തുടങ്ങിയതോടെ തണുപ്പിന്റെ കാഠിന്യം കൂടി പല്ലുകൾ തമ്മിൽ കൂട്ടിമുട്ടാൻ തുടങ്ങി‌…മഴ നനഞ്ഞ് യാത്ര ചെയ്തിരുന്നെങ്കിൽ തണുപ്പ് ഇത്രയും അറിയില്ലായിരുന്നു..

” ഇതിപ്പോൾ കയറി നിന്നപ്പോൾ….

മറ്റൊന്നും ചിന്തിച്ചില്ല ബൈക്കിന്റെ ടാങ്ക് കവറിന്റെ സിബ്ബ് വലിച്ചു തുറന്ന് സിസർ ഫിൽറ്റർ പാക്കറ്റും ലൈറ്ററും എടുത്തു‌..പാക്കറ്റ് തുറന്ന് ശേഷിച്ച നാല് സിഗരറ്റിൽ നിന്നും ഒരെണ്ണം എടുത്ത് ചുണ്ടിൽ വെച്ചു ലൈറ്റർ കൊളുത്തി പതിയെ ആത്മാവിന് നിത്യ ശാന്തി കൊടുത്തു….

ഒരെണ്ണം വലിച്ചു തീർന്നിട്ടും മതിയാകാതെ ഒരെണ്ണം കൂടി എടുത്തു ആഞ്ഞു വലിച്ചു…ഏകദേശം പകുതി ആയപ്പോഴേക്കും പിന്നിൽ നിന്നാ സ്വരം കാതിനരുകിൽ മുഴങ്ങി കേട്ടത്…

“മാഷേ രണ്ട് പഫ്…തണുത്തിട്ട് വയ്യ….

” ങേ.. ഈ സാധനം എപ്പോഴെത്തി..ഓരോന്നും ചിന്തിച്ചു നിന്നതിനാൽ അവൾ വന്നതൊന്നും ശ്രദ്ധിച്ചില്ല….

“മാഷേ രണ്ട് പഫ്…

ശബ്ദം വീണ്ടും ഉയർന്നതോടെ മനസ്സില്ലാ മനസ്സോടെ സിഗരറ്റ് കൊടുത്തു.. സന്തോഷത്തോടെ അവളത് വാങ്ങി ആത്മ സംതൃപ്തി അടയുന്നത് കണ്ടു…

കുത്തിയൊലിച്ചു പെയ്യുന്ന മഴയെ നോക്കി ശപിച്ചങ്ങനെ നിന്നു.. ഇതിപ്പോഴെങ്ങും തോരുന്ന ലക്ഷണമില്ല…മഴ ആയതിനാൽ റോഡിൽ വാഹനങ്ങളും കുറവാണ്….

പൊടുന്നനെയാണ് എന്നെ ആരോ കെട്ടിപ്പിടിച്ചതും മുഖം നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയതും‌..ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് തന്നെ ഞാനാ രൂപത്തെ തള്ളിയകറ്റാൻ ശ്രമിച്ചത്….ആ സമയത്ത് തന്നെ കറന്റും പോയി…

” ആരാ… എന്ത് വേണം…മാറി നിൽക്ക്…

ബലം പ്രയോഗിച്ച് തള്ളിയകറ്റാൻ ശ്രമിച്ചെങ്കിലും എന്റെ ഷർട്ടിൽ പിടുത്തം കൂടുതൽ മുറുകിയതേയുള്ളൂ…

“മാഷേ… പ്ലീസ് കുറച്ചു സമയത്തേക്ക് മാത്രം … പ്ലീസ് ഇല്ലെങ്കിൽ അവരെന്നെ കൊല്ലും….

ആ ശബ്ദത്തിന് ഉടമയെ തിരിച്ചറിഞ്ഞതും ഞാനൊന്ന് ഞെട്ടി…അതവൾ ആയിരുന്നു രണ്ട് പഫ് ചോദിച്ചവൾ…

തണുപ്പും അവളുടെ ആലിംഗനവും കൂടി ആയപ്പോൾ ചെറു ചൂടുള്ളൊരു സുഖം…ഞാനും കൈകൾ എടുത്തവളെ പുണർന്നു നിന്നു….

ഇരുട്ടിൽ ഞങ്ങൾക്ക് അരികിലൂടെ ആരൊക്കയോ ഓടുന്നത് അറിഞ്ഞു…അവൾ ഭയപ്പോടെ എന്നെ കൂടുതൽ വരിഞ്ഞ് മുറുക്കി….

ഞങ്ങളുടെ ഭാഗ്യമോ നിർഭാഗ്യമോ ആ സമയത്ത് കറന്റും വന്നു..സുഖമുള്ളതെങ്കിലും ആ നിൽപ്പ് ഇനിയും തുടരാൻ ഞാൻ ആഗ്രഹിച്ചില്ല..

” കറന്റ് വന്നു… ഇനി മാറി നിൽക്ക്…

തള്ളിയകറ്റാൻ ശ്രമിച്ചെങ്കിലും ഉടുമ്പിനെ പോലെ ഇറുക്കി പിടിച്ചു നിന്നു…ഓടി അകന്നവർ ഞങ്ങൾക്ക് അരികിലേക്ക് വരുന്നത് കണ്ടു…

“ബ്രോ ഇങ്ങോട്ടൊരു പെൺകുട്ടി വന്നത് കണ്ടോ?

രണ്ടു മൂന്ന് ചെറുപ്പക്കാർ ഞങ്ങൾക്ക് അരികിലേക്ക് വന്നു…അവളെ അവർക്ക് മനസ്സിലായിയെന്ന് എനിക്ക് ഉറപ്പായി..

അവർ അടയാളം കൃത്യമായി പറഞ്ഞെങ്കിലും ഒറ്റു കൊടുക്കാൻ മനസ്സ് വന്നില്ല..

” ബ്രോ.‌ നാളെ ഇവളുടെ കല്യാണമാ…ഞങ്ങളെ നാണം കെടുത്തി ഒളിച്ചോടാൻ വന്നതാ ഇവൾ….

എന്റെ അനുവാദമില്ലാതെ എന്നിൽ അഭയം തേടിയവളെ അവർ വലിച്ചിഴക്കാൻ ശ്രമിച്ചു..കുതറുന്നതിനിടയിൽ അവൾ ഉറക്കെ പുലമ്പുന്നുണ്ടായിരുന്നു…

“പ്ലീസ് മാഷേ എന്നെ വിട്ടു കൊടുക്കല്ലേ ഉറപ്പായും ഇവരെന്നെ കൊല്ലും…

ദയനീയമായ നിലവിളി മഴക്കൊപ്പം ഉയർന്നു കേട്ടു…ആദ്യം കണ്ടപ്പോഴുള്ള ഭാവമായിരുന്നില്ല ഇപ്പോഴത്തെ…അതി ദയനീയമായൊരു ഭാവം…എന്നിട്ടും എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.,

അവർക്ക് സമീപം ഒരു കാർ വന്ന് ബ്രേക്കിടുന്നതും അവളെ അതിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്നതും ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു…

” മാഷേ എന്നെ രക്ഷിക്കണേ … ഇവരെന്നെ കൊല്ലും…സത്യം….

നെഞ്ച് തകർക്കുന്ന നിലവിളി അവിടെമാകെ മുഴങ്ങി‌..അതുവരെ മനസ്സിലാകെ വടം വലി നടന്നു…..

“രക്ഷിക്കണോ വേണ്ടായോ..അതോ കുരിശാകുമോ?

സിംഹത്തിന് മുമ്പിൽ അകപ്പെട്ട മാൻപേടയുടെ നിലവിളി നെഞ്ചിലങ്ങനെ തറച്ചു കയറി.‌ പിന്നെ മറ്റൊന്നും ആലോചിച്ചില്ല അവർക്ക് അരികിലേക്ക് ഓടി…

തുടരും