10/02/2026

ഇവളെ പഠിപ്പിച്ച കാശ് മുഴുവനും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ വയസ്സാം കാലത്ത് അതിന്റെ പലിശകൊണ്ട് ജീവിക്കാമെന്നായിരുന്നു

രചന – സുധീ മുട്ടം

ഇവളെ പഠിപ്പിച്ച കാശ് മുഴുവനും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ വയസ്സാം കാലത്ത് അതിന്റെ പലിശകൊണ്ട് ജീവിക്കാമെന്നായിരുന്നു അമ്മ പറഞ്ഞത്.സ്നേഹിച്ച പുരുഷനെ ഉപേക്ഷിക്കാൻ കഴിയാഞ്ഞതിനാൽ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചവന്റെ ജാതിയും സമ്പത്തും നോക്കാതെ പടിയിറങ്ങിയതിനായിരുന്നു അമ്മയുടെ ശാപവാക്കുകൾ മുഴുവനും….

അച്ഛൻ ചെറുപ്പത്തിൽ തന്നെ അമ്മക്ക് വിധവാവേഷം സമ്മാനിച്ചതിന്റെ നീരസവും വാശിയും അമ്മയിൽ നിറഞ്ഞു നിന്നിരുന്നു. അമ്മ ഭാര്യയായിരിക്കെ മറ്റൊരു സ്ത്രീയിൽ അനുരക്തനായി അച്ഛൻ പടിയിറങ്ങിയതിന്റെ നിരാശയിൽ അച്ഛൻ ജീവിച്ചിരിക്കെ അമ്മ വിധവാവേഷം അണിഞ്ഞു തുടങ്ങിയത്…

അച്ഛനുമായുളള വിവാഹ ബന്ധം വേർപെടുത്തി അമ്മക്കൊരു പുനർജീവിതം വീട്ടുകാർ ആലോചിച്ചെങ്കിലും അമ്മ എല്ലാവരുടെയും മോഹങ്ങളെ അരിഞ്ഞു വീഴ്ത്തി.എനിക്ക് ജീവിക്കാനെനിക്ക് എന്റെ മകൾ മാത്രം മതി മറ്റൊരു പുരുഷന്റെ ചൂടും ചൂരും തനിക്ക് ആവശ്യമില്ലെന്ന് അമ്മ വ്യക്തമാക്കി….

ജീവിതത്തിലുടനീളം അച്ഛനോട് വിരോധം പുലർത്തിയ അമ്മ ആ പക മുഴുവനും എന്നിലേക്കും കൂടി ആവാഹിക്കാൻ ശ്രമിച്ചിരുന്നു. അവസരം കിട്ടുമ്പോഴെക്കയും അമ്മ അച്ഛനെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു…

സ്കൂളിൽ നിന്നും വൈകിട്ടു മടങ്ങുന്ന വഴിയിൽ അച്ഛൻ നിറകണ്ണുകളോടെ എന്നെ ഒളിച്ചിരുന്നു നോക്കും.പിതൃവാൽസല്യം കൂടിയ നാളിൽ എനിക്കേറ്റവും പ്രിയതരമായ നാരങ്ങാ മിഠായി അച്ഛൻ വാങ്ങി നൽകി.അമ്മയൊരു പാവമാണ് അവരെയൊരിക്കലും നീയായി സങ്കടപ്പെടുത്തരുതെന്നും അച്ഛൻ ഉപദേശിക്കും.ഒരുനാളിൽ സ്കൂൾ ബാഗിൽ കിടന്ന നാരങ്ങാമിഠായി അച്ഛൻ വാങ്ങി നൽകിയതാണെന്ന് അറിഞ്ഞതോടെ അമ്മ ദൂരേക്ക് വലിച്ചെറിഞ്ഞു. അമ്മയെ വേണ്ടാത്തയാൾക്ക് മകളെയും വേണ്ടെന്ന് അമ്മ വിധിയെഴുതിയതോടെ അച്ഛന്റെ വാത്സല്യം നഷ്ടമായത് എനിക്കായിരുന്നു.പിന്നീടൊരിക്കലും അച്ഛനെന്റെ കണ്ണുകൾക്ക് മുമ്പിൽ വന്നിരുന്നില്ല….

അമ്മയുടെ പിടിവാശി മൂലവും അച്ഛനെ കുറിച്ചുള്ള കുറ്റപ്പെടുത്തലും കേട്ടുവളർന്നയെനിക്ക് അച്ഛനെന്ന പദം പോലും വെറുപ്പായി തുടങ്ങി. കൗമാരത്തിൽ നിന്ന് ഋതുമതിയിലേക്കുളള യാത്രയിൽ അച്ഛനെ കുറിച്ച് അമ്മ പറഞ്ഞെതെല്ലാം കളവാണെന്ന് എനിക്ക് ബോധ്യപ്പെട്ടു….

സ്നേഹിച്ച് ഒന്നാകാനിരുന്ന അമ്മയും മുറച്ചെറുക്കനും ഒന്നാകുന്നതിനു വീട്ടുകാർ തന്നെ എതിരായതോടെ അവരുടെ സ്വപ്നങ്ങൾ അഗ്നിയെ വലയം ചെയ്ത ഈയാം പാറ്റകളെ പോലെയായി.ജീവനുതുല്യം സ്നേഹിച്ച ആളിനു പകരം വീട്ടുകാരുടെ നിർബന്ധത്താൽ വിവാഹം കഴിക്കണ്ടിവന്ന അച്ഛനോട് അമ്മ പ്രതികാരം ചെയ്യുകയായിരുന്നു….

എന്റെ ജനനത്തോടെ അമ്മ അച്ഛനു മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് പറഞ്ഞാക്ഷേപിച്ചു.പലപ്പോഴും അമ്മയീ പ്രഹസനം തുടർന്നപ്പോൾ അറിഞ്ഞു കൊണ്ട് അല്ലെങ്കിലും താന്മൂലം ജീവിതം തകർന്നൊരു പെണ്ണിനെ ഏറ്റെടുക്കാൻ നിർബന്ധിതനായി.അമ്മ നിനച്ചത് പോലെ പഴി മുഴുവൻ അച്ഛനിൽ ചാരി പഴയ മുറച്ചെറുക്കനുമായി വീണ്ടും അടുപ്പത്തിലായി.അടുത്തറിയാവുന്ന ചിലർ സത്യങ്ങൾ പറഞ്ഞെങ്കിലും ഇരുട്ടിന്റെ മറപറ്റി തുടങ്ങി അവസാനം മറയില്ലാതെ അമ്മയുടെ മുറച്ചെറുക്കൻ അമ്മയിൽ ആധിപത്യം സ്ഥാപിച്ചതോടെയെനിക്ക് കാര്യങ്ങൾക്കെല്ലാം വ്യക്തത ലഭിച്ചു….

അച്ഛനിലേക്ക് ഓടിയണയാൻ അഭിനിവേശമെന്നിൽ ഉൾക്കൊണ്ടപ്പോൾ അച്ഛനെന്നെ തനിച്ചാക്കി സ്വർഗ്ഗത്തിലേക്ക് പോയിക്കളഞ്ഞു.ദുഖമെല്ലാം മൂടിയൊളിപ്പിച്ച് ജീവിക്കാൻ പഠിച്ചയെന്നിൽ പ്രണയത്തിന്റെ നാമ്പുകൾ വിതറി കോളേജ് ജീവിതത്തിൽ ഹരിയെന്നോട് കൂട്ടുകൂടുന്നത്.നോട്ടം കൊണ്ടുപോലും കളങ്കപ്പെടുത്താത്ത ഹരിയെന്നെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചതോടെ വീട്ടിൽ പ്രശ്നങ്ങൾ സങ്കീർണമായി….

താഴ്ന്ന ജാതിയിൽ പിറന്നവനു പെണ്ണില്ലെന്ന് പറഞ്ഞു ഹരിയെ അമ്മ ആക്ഷേപിച്ച് ഇറക്കി വിട്ടതോടെ കോളേജ് പഠനം കഴിഞ്ഞപ്പോൾ ഞാൻ ഹരിയുടെ ജീവിതസഖിയായി.വർഷങ്ങൾ പോയ് മറഞ്ഞു കൊണ്ടിരുന്നു. എനിക്ക് രണ്ടു പെൺകുട്ടികൾ പിറന്നുവെങ്കിലും അമ്മയൊരിക്കലും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല…

വർഷങ്ങൾ കൊഴിഞ്ഞു വീണതോടെ അമ്മയുടെ സൗന്ദര്യവും സമ്പത്തും ക്ഷയിച്ചു തുടങ്ങി. അമ്മയുടെ പതനം തുടങ്ങിയതോടെ മുറച്ചെറുക്കനും കയ്യൊഴിഞ്ഞു.ചെയ്ത പാപങ്ങൾ മൂലം ആർക്കും വേണ്ടാതെ അമ്മ കിടപ്പിലായതോടെ അമ്മയെ ഞങ്ങൾ കൂടെ കൂട്ടി…

നല്ല ചിക്തസയും ഭക്ഷണവും ലഭിച്ചതോടെ അമ്മക്ക് ചെറുതായി നടക്കാമെന്ന സ്ഥിതിയായി.മരുമകന്റെ ജാതിയല്ല മനസ്സിലെ നന്മയാണ് ഏറ്റവും വലുതെന്ന് അമ്മ തിരിച്ചറിഞ്ഞു.അച്ഛനോട് ചെയ്ത തെറ്റുകളുടെ പശ്ചാത്താപം നിമിത്തം അമ്മ ഓച്ചിറയമ്പലത്തിൽ ഒരുവർഷം ഭജനമിരുന്നു.പിന്നീടെന്റെ മക്കളുടെ മുത്തശ്ശിയായി കൊച്ചുമക്കൾക്ക് ഇന്നത്തെ കാലത്ത് നഷ്ടപ്പെടുന്ന ബന്ധങ്ങളുടെ മൂല്യങ്ങൾ കുഞ്ഞു കഥകളായി അവർക്ക് ചൊല്ലി കൊടുത്തു അവരുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായി ജീവിക്കുന്നു….