20/04/2026

ഇനി മേലാൽ എന്റെ അല്ലാതെ മറ്റാരുടെയെങ്കിലും ബൈക്കിന്റെ പിറകെ നീ കയറിയെന്നറിഞ്ഞാൽ… ഓർത്തോ.

രചന – അയിഷാ സിയാ

#രണ്ടാമതൊരേട്ടൻ

അവളെ കണ്ടതും ചെകിടാം നോക്കി ഒരൊറ്റ അടിയായിരുന്നു.
സംഭവിച്ചത് എന്താണെന്നറിയാതെ നിറഞ്ഞകണ്ണിനാലെ അവളെന്നെത്തന്നെ നോക്കി നിൽക്കുകയാണ്, അടികൊണ്ട ശബ്ദം കേട്ടാവും അമ്മയും അങ്ങോട്ട് ഓടിവന്നത്..

ഇനി മേലാൽ എന്റെ അല്ലാതെ മറ്റാരുടെയെങ്കിലും ബൈക്കിന്റെ പിറകെ നീ കയറിയെന്നറിഞ്ഞാൽ… ഓർത്തോ.
അവൾക്കൊരു താക്കീതായിരുന്നു അത്. ഒരേട്ടന്റെ താക്കീത്.

ഡാ അപ്പു. നീ എന്തൊക്കെയാ ഈ പറയുന്നേ. എന്തിനാ നീ ഇവളെ അടിച്ചത്.
അമ്മയുടെ ഇടവിട്ടുള്ള ചോദ്യങ്ങൾക് മുഖം നൽകാതെ ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങി,

ഏട്ടനൊന്ന് നിന്നെ.. പിറകിൽ നിന്നും അമ്മുവിന്റെ വിളികേട്ടപ്പോൾ അറിയാതെ കാൽ നിശ്ചലമായി. അത്രക്കും കനമുണ്ടായിരുന്നു അവളുടെ സ്വരത്തിന്.

ഏട്ടൻ എന്തിനാ എന്നെ അടിച്ചത്. എനിക്കറിയണം ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന്.
നാളിത്രയും ഏട്ടനെന്നെ ഒത്തിരി തവണ അടിച്ചിട്ടുണ്ട്, ശകാരിച്ചിട്ടുണ്ട് പക്ഷെ അപ്പോഴൊക്കെ അതിന്റെ പിന്നിൽ ചെറുതല്ലാത്തൊരു കാരണവും ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ..
എനിക്കിതിന്റെ കാരണം അറിഞ്ഞേ തീരൂ..

അറിയണോ നിനക്ക്… ന്ന അറിഞ്ഞോ ശരത്തിന്റെ കൂടെ ബൈക്കിന്റെ പിന്നിലിരുന്ന് വന്നത് തന്നെയാണ് നിനക്കിപ്പോ കിട്ടിയ അടിയുടെ കാരണം. ഓരോരുത്തർ പറഞ്ഞത് കേട്ടപ്പോൾ ഞാൻ നിന്ന് ഉരുകുകയായിരുന്നു..
എന്റെ പെങ്ങളങ്ങനെ കണ്ടവന്റെ കൂടെ ബൈക്കിൽ വരണ്ട. കേട്ടല്ലോ..

കണ്ടവനോ..
പിന്നെ നിന്റെ കൊച്ചച്ചന്റെ മകനാണോ അവൻ.. ഞാൻ നിന്ന് വിറകൊണ്ടു..

അല്ല എന്റെ ആരുമല്ല. രക്തബന്ധമോ കുടുംബ ബന്ധമോ ഒന്നുമില്ല.
പക്ഷെ.. ശരത്തേട്ടൻ എന്റെ ഏട്ടന്റെ ആത്മാർത്ഥ സുഹൃത്താണ്. ആ ഒരു ധൈര്യം കൊണ്ടുതന്നെയാണ് ബൈക്കിന്റെ പിറകിൽ കയറിയതും.

ബ്രോ ബ്രോ എന്നുവിളിച്ചു ഒപ്പം നടക്കുന്നത് കാണാലോ. അതിലൊന്നും ഒരു തുള്ളിപോലും ആത്മാർത്ഥത ഇല്ലേ ഏട്ടന്. ഉണ്ടാവില്ല, അതുകൊണ്ടാണല്ലോ ഇതൊക്കെ ഇവിടെ സംഭവിച്ചത്.

പക്ഷെ ഞാൻ ഏട്ടനെ പോലെയല്ല. ആവാനും കഴിയില്ല. കാരണം
അമ്മൂസ് എന്ന് ശരത്തേട്ടൻ എന്നെ വിളിക്കുമ്പോൾ അതിലൊരു ഏട്ടന്റെ സ്നേഹം ഞാൻ കണ്ടിട്ടുണ്ട്.. മനസ്സിലൊരു ഏട്ടന്റെ സ്നേഹം നൽകിയിട്ടുമുണ്ട്,

ഓര്മവെച്ചനാൾ തൊട്ട് ഒരുമിച്ചു കാണുന്നതാ ഞാൻ നിങ്ങളെ. അതുകൊണ്ടുതന്നെയാണ് ഏട്ടന്റെ കൂടെ മനസ്സിൽ ശരത്തേട്ടനും ഒരു സ്ഥാനം നൽകിയത്. അതൊരു തെറ്റായെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇനിയൊട്ടുതോന്നാനും പോണില്ല.

കോളേജിൽ ബസ്സ് കിട്ടാതെ ഒറ്റപ്പെട്ടപ്പോൾ ദൈവമായിട്ടാണ് ശരത്തേട്ടനെ അവിടെ എത്തിച്ചത്. അതുകൊണ്ടാണ് മാനം നഷ്ടപ്പെടാതെ ഞാനിവിടെ എത്തിയതും.
ഇപ്പൊ ഇവിടെ കയറുപൊട്ടിക്കുന്ന ഏട്ടനെയൊന്നും കണ്ടില്ലല്ലോ ആ സമയം, എന്നുമെത്തുന്ന നേരമായിട്ടും എന്നെ കാണാഞ്ഞപ്പോൾ എന്തെ ഏട്ടൻ തിരക്കിവരാഞ്ഞത്, എന്നിട്ടിപ്പോ വന്നേക്കുന്നു..

ഇത്രയും പറഞ്ഞു കരഞ്ഞുകൊണ്ടാണ് അവൾ റൂമിലേക്ക് പോയത്,,

ആ കണ്ണീരുകൊണ്ട് എന്റെയുള്ളിൽ എരിഞ്ഞ ദേഷ്യവും പകയും എല്ലാം അണഞ്ഞില്ലാതെയായി. കുറ്റബോധമായിരുന്നു മനസ്സ് നിറയെ.
സ്വന്തം അനിയത്തിയേ മനസ്സിലാക്കാൻ എനിക്ക് സാധിക്കാതെ പോയി.
വല്ലവരും പറയുന്നത് കേട്ട് ചെ..

എന്താ മോനെ, അവനും നീയും ഒരുമിച്ചല്ലേ വളർന്നത്. എന്റെ വയറ്റിൽ പിറന്നില്ലെങ്കിലും മനസ്സിൽ നിങ്ങൾ രണ്ടുപേരുടെയും സ്ഥാനത്തു തന്നെയാണ് എനിക്കവനും. ആ അവൻ അമ്മുവിനെ ഒരു പെങ്ങളായിട്ടല്ലേ കാണു. വല്ല കള്ളത്തരവും ഉണ്ടെങ്കിൽ അവളെ എന്റെ മുന്നിൽ കൊണ്ടുവന്നിറക്കുമോ അവൻ, നീ കരുതുപോലെ ഒന്നുമില്ല. അവൾക്കവൻ നിന്നെപ്പോലെ തന്നെയാണ്.
നീ അവളെ അടിക്കേണ്ടിയില്ലായിരുന്നു. എത്ര വിഷമം ആയിട്ടുണ്ടാവും അവൾക്ക്.
സാരല്ല അവൾ ക്ഷമിച്ചോളും..

അമ്മയുടെ വാക്കുകൂടെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. അമ്മ കാണാതെ അത് തുടച്ചു.
ഞാനൊന്ന് പുറത്തുപോയി വരാം അമ്മെ. എന്നും പറഞ്ഞു വേഗം പുറത്തേക്കിറങ്ങി.
മനസ്സിപ്പോഴും നീറുന്നുണ്ട്, വെറുതെ എടുത്തുചാടേണ്ടിയിരുന്നില്ല..

രാത്രിയായാൽ ഞങ്ങളെന്നുമിരിക്കുന്ന പുഴയോരത്തെ ഷെഡിലേക്കാണ് പോകുന്നത്, ശരത്തവിടെ കാണും.
മനസ്സുകൊണ്ടെങ്കിലും അവനോടൊരു മാപ്പ് പറയണം. എന്റെ അനിയത്തിയെ. അല്ല അവന്റെ കൂടെ അനിയത്തിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചതിന് നന്ദി പറയണം.

എന്റെ പ്രതീക്ഷ തെറ്റിയില്ല. എന്നെ കാത്തെന്നോണം ശരത്തവിടെയുണ്ട്. ഞാൻ വണ്ടി വേഗം അങ്ങോട്ട് തിരിച്ചു.

നീയിത് എവിടെ ആയിരുന്ന് ?
നിന്നെ കാണാഞ്ഞപ്പോൾ ഞാൻ പോകാനിരിക്കുവായിരുന്നു..

ഒന്നൂല്ലടാ.. ഞാൻ ഒന്ന് വീട്ടിൽ കയറി.. ഇതും പറഞ്ഞു ഞാൻ അവന്റെ അടുത്ത് ചെന്ന് കായലിലേക്ക് കാലും തൂക്കിയിട്ടിരുന്നു.

ഹ പിന്നെ നിന്നോട് ഒരു കാര്യം പറയണം എന്നു കരുതിയിരിക്കാ ഞാൻ

എന്താ എന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കി..

നീ അമ്മുവിനെ ഒന്നൂടെ ഒന്ന് ശ്രദ്ധിക്കണം ട്ടോ..
ഇന്ന് ബസ്സ് കിട്ടാതെ അവൾ ഒരുപാട് നേരം കോളേജിന്റെ മുന്നിൽ കാത്തുനിന്നു.. നിനക്കറിയില്ലേ ആ ഏരിയ ഇത്തിരി മോശം ആണെന്ന്.. അതുകൊണ്ട് ഇടക്കൊക്കെ നീ അവളോട് കാര്യങ്ങൾ ചോദിച്ചറിയണം..

ഉം..
ഞാനൊന്ന് നീട്ടിമൂളി..

ഇങ്ങനെ മൂളിയാൽ പോര.. ശരിക്കും ശ്രദ്ധിക്കണം.
ഒരു അനിയത്തി ഇല്ലാത്തതിന്റെ വിഷമം കൊണ്ട് പറയുവ എന്ന് കൂട്ടിക്കോ..

അവന്റെ തോളിലൂടെ കയ്യിട്ട്
അതിനെന്താടാ.. അവൾ നിന്റെയും കൂടെ അനിയത്തി അല്ലെ എന്ന് പറയുമ്പോൾ അവന്റെ കണ്ണിൽ ഞാൻ കണ്ടിരുന്നു പുറത്തേക്കൊഴുകാൻ വെമ്പി നിൽക്കുന്ന സ്നേഹമത്രയും..