പുതിയ അച്ചൻ വന്നതിൽ പിന്നെ പള്ളിയിൽ പോകുന്നത് എനിക്കിഷ്ടമുള്ള കാര്യമായി മാറി.

ഞങ്ങളുടെ പള്ളിയിലെ പുതിയ അച്ചൻ സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു.

സത്യം പറഞ്ഞാൽ എനിക്ക് പള്ളിയിൽ പോകുന്നതൊന്നും അത്ര ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. പക്ഷേ വീട്ടുകാർ നിർബന്ധിച്ചെന്നെ പള്ളിയിലേക്കയക്കും..

പുതിയ അച്ചൻ വന്നതിൽ പിന്നെ പള്ളിയിൽ പോകുന്നത് എനിക്കിഷ്ടമുള്ള കാര്യമായി മാറി.

കാരണം മറ്റൊന്നുമല്ല, അച്ചൻ ഇടയ്ക്ക് ചില കഥകൾ പറയും. അത് കേട്ടിരിക്കാൻ എന്ത് രസമാണെന്നോ.

ആ അച്ചൻ വന്നതിൽ പിന്നെ പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ട് മടങ്ങി വരുമ്പോൾ മനസ്സിന് ഒരു കുളിർമയാണ്, ലോകത്തോട് മുഴുവനും എനിക്കപ്പോൾ സ്നേഹം തോന്നും…

ജീവിതം എത്ര ലളിതവും മനോഹരവുമാണെന്ന് ഞാൻ ആയിടയ്ക്കാണ് തിരിച്ചറിഞ്ഞത്.

പുതിയ അച്ചൻ വന്നതിൽ പിന്നെ എല്ലാ ഞായറാഴ്ചകളിലും ഞാൻ പള്ളിയിൽ പോകാറുണ്ട്… ഇന്ന്ഞാനും പപ്പയും കൂടെയാണ് പള്ളിയിൽ വന്നത്..

പതിവ് പോലെ, ഇന്നും ഞാൻ അച്ഛന്റെ വാക്കുകൾക്ക് കാതോർത്തിരിക്കുകയായിരുന്നു.

പ്രിയപ്പെട്ടവരെ ഞാൻ ഇടയ്ക്കിടയ്ക്ക് നിങ്ങളോട് പല കഥകളും പറയാറുണ്ട്.. നന്മയെക്കുറിച്ചും, സ്നേഹത്തിനെക്കുറിച്ചും മാത്രം ഞാനെപ്പോഴും പറയുന്നത് നിങ്ങളെല്ലാവരും അതിന്റെ മഹത്വം മനസ്സിലാക്കാനാണ്.

ഇന്ന് ഞാൻ കഥയൊന്നും പറയുന്നില്ല.
പകരം നിങ്ങൾ പുരുഷന്മാരോട് എനിക്ക് ചില ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്.

അച്ചൻ പുരുഷന്മാർ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി.
എന്റെ ഏറ്റവും പ്രിയപ്പെട്ട പുരുഷന്മാരെ… ഞാൻ നിങ്ങളോട് ചോദിക്കട്ടെ
നിങ്ങളിലെത്ര പേർ നിങ്ങൾ ഭക്ഷണം കഴിച്ച പാത്രങ്ങൾ സ്വയം കഴുകുന്നുണ്ട്.??
ഒന്ന് കൈ പൊക്കാമോ.?

പുരുഷന്മാരുടെ കൂട്ടത്തിൽ നിന്നും ഒരൊറ്റ കൈ പോലുമുയർന്നില്ല.

ശരി, ഇനി നിങ്ങളിലെത്രപേർ വീട്ട് ജോലികളിൽ ഭാര്യയെയോ അല്ലെങ്കിൽ അമ്മയെയോ സഹോദരിയേയോ, മകളെയോ സഹായിക്കാറുണ്ട്..??

പുരുഷന്മാരുടെ ഇടയിൽ നിന്നും രണ്ടുമൂന്നു കൈകൾ മാത്രമുയർന്നു.

നല്ലത്… ഇത്തവണയും ആരുടേയും കൈകൾ പൊങ്ങില്ലേ എന്ന് ഞാൻ ഭയന്നിരുന്നു.

ഇനി ഞാൻ നിങ്ങളോട് മറ്റൊന്ന് ചോദിക്കട്ടെ…
നിങ്ങളിലെത്ര പേർ നിങ്ങളുടെ അ.ടി.വ.സ്ത്രങ്ങളെങ്കിലും സ്വയം കഴുകിയിടുന്നുണ്ട്…??

ഇത്തവണയും ആരുടേയും കൈകൾ ഉയർന്നില്ല.

പ്രിയപ്പെട്ടവരെ ഞാനിവിടെ വന്നിട്ട് അധികകാലമായില്ലെങ്കിലും എന്നിലുള്ള വിശ്വാസം കൊണ്ട്, പലരുമെന്നോട് അവരുടെ പല ബുദ്ധിമുട്ടുകളും തുറന്നു പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഇങ്ങനൊരു കാര്യം നിങ്ങളോട് സംസാരിക്കാനാഗ്രഹിക്കുന്നത്.

നോക്കൂ….നമ്മൾ പുരുഷന്മാർക്ക്
എന്ത് സുഖമാണ്, നമ്മളെ രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ഭാര്യയോ അമ്മയോ ഉണ്ട്.

നമ്മൾ എഴുന്നേൽക്കുന്നു ബ്രഷ് ചെയ്യുന്നു, ചൂടോടെ ചായ കുടിക്കുന്നു.
നമുക്ക് അധികം തിരക്കുകളൊന്നുമില്ല.
നമ്മൾ അതി രാവിലെ കുളിച്ച്
നല്ല വസ്ത്രങ്ങളണിഞ്ഞ്, സ്വാദിഷ്ടമായ ഭക്ഷണം വീട്ടുകാര് കൊണ്ട് തരുന്നത് കഴിച്ച്, നമ്മുടെ ജോലിക്ക് പോകുന്നു.

ജോലി കഴിഞ്ഞ് വന്നാലും നമ്മൾ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നു, അല്ലെങ്കിൽ നമ്മൾ വീട്ടിലേക്ക് വരുന്നു.
ഫോണിലോ ടിവിയിലോ നോക്കിയിരിക്കുന്നു. വീണ്ടും പഴയതുപോലെതന്നെ
നമുക്ക് ഇഷ്ടമുള്ള ഭക്ഷണം നമ്മുടെ മുൻപിൽ എത്തും. നമ്മൾ കഴിച്ചിട്ട് കൈകഴുകി എഴുന്നേറ്റ് പോകുന്നു

ഒരു തരത്തിൽ നോക്കിയാൽ നമ്മുടെ ജീവിതം സുഖകരമാക്കുന്നത് സ്ത്രീകളാണ്.
അത് ഭാര്യയായിരിക്കാം, അമ്മയായിരിക്കാം മകളായിരിക്കാം, സഹോദരി ആയിരിക്കാം…

പക്ഷേ നമ്മൾ പുരുഷന്മാർ അവരുടെ ജീവിതം സുഖകരമാക്കാൻ ശ്രമിക്കുന്നുണ്ടോ?? ഒരിക്കലുമില്ല.
നമ്മൾ നമ്മുടെ ഉത്തരവാദിത്തങ്ങൾ കൂടി അവരുടെ തലയിലേക്ക് കെട്ടിവയ്ക്കാൻ നോക്കുകയാണ്.

എനിക്ക് കുട്ടിക്കാലം മുതൽക്ക് അമ്മ പറഞ്ഞു തന്ന ഒരേയൊരു കാര്യം എന്താണെന്നറിയാമോ

നിന്റെ കാര്യങ്ങൾ നീ സ്വയം ചെയ്യണമെന്നാണ്.
പ്ലസ് ടു വരെ അമ്മയുടെ തണലിൽ വളർന്ന അമ്മയുടെ ഇളയ കുട്ടിയാണ് ഞാൻ.

ഞാൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവയ്ക്കും, അടുക്കളയിലെ
ചെറിയ ചെറിയ ജോലികൾക്ക് കൂടും.
അന്നമ്മ എനിക്ക് ചെറിയൊരു ചൂലുണ്ടാക്കി തന്നിട്ടുണ്ട്.
മുറ്റത്ത് വീഴുന്ന പാഴിലകളൊക്കെ ഞാൻ അതുകൊണ്ട് അടിച്ചു വരുന്നത് ഇപ്പോഴും ഞാനോർക്കുന്നുണ്ട്. എനിക്കതൊക്കെ ഇഷ്ടമായിരുന്നു.

നിങ്ങളുടെ അമ്മമാരും, നിങ്ങളുടെ ഭാര്യയുമൊക്കെ നമുക്ക് വേണ്ടി എന്തും ചെയ്യും, അവർക്ക് അതിലൊന്നും ഒരു മടിയുമില്ല.

വീട്ടിലുള്ള മുഴുവൻ പണിയുമെടുത്ത്, വീട്ടിലുള്ളവരെയെല്ലാം തൃപ്തിപ്പെടുത്തിയിട്ട്, ജോലിക്ക് ഓടിപ്പോകുന്ന സ്ത്രീകളെ ഞാൻ കാണാറുണ്ട്.

ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ തുടങ്ങി,തൊഴിലുറപ്പിന് പോകുന്ന സ്ത്രീകൾ പോലും, അതിരാവിലെ എഴുന്നേറ്റ്
ഒരു വീട്ടിലെ മുഴുവൻ ജോലികളും
ചെയ്തു വച്ചിട്ടാണ് പോകുന്നത്.

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ ജോലിക്ക് പോകുന്ന ഈ കാലഘട്ടത്തിലും,
മാറ്റമില്ലാത്ത ചില കാര്യങ്ങളുണ്ട്.
അതിലൊന്ന് വീട്ടിലെ മുഴുവൻ ജോലിയും,ഇപ്പോഴും സ്ത്രീകളുടെ ചുമലിലാണ് എന്നുള്ളതാണ്.

കുഞ്ഞുങ്ങളും, വയസ്സായവരും വീട്ടിലുണ്ടെങ്കിൽ അവരെ നോക്കേണ്ടതും സൗകര്യപൂർവ്വം നമ്മൾ സ്ത്രീകളുടെ തലയിലേക്ക് വച്ച് കൊടുക്കും.

എല്ലാം ഒരു മടിയുമില്ലാതെ അവർ ചെയ്യും.

നമ്മൾ പുരുഷന്മാർ അ.ടി.വ.സ്ത്രമടക്കം ഊരി ഇടുന്നത്.
ഒരു മടിയുമില്ലാതെ അവരത് അലക്കി ഉണക്കി മടക്കിത്തരുമെന്ന വിശ്വാസം നമുക്കുള്ളതു കൊണ്ടാണ്.
പക്ഷെ ഒന്നോർത്തു നോക്കിക്കേ
അത് എന്തൊരു മോശപ്പെട്ട കാര്യമാണ്.

പ്രിയപ്പെട്ടവരെ…
നമ്മുടെ എല്ലാ ശീലങ്ങളും തുടങ്ങുന്നത് എവിടെ നിന്നാണെന്ന് അറിയാമോ ??
അത് നമ്മുടെ വീട്ടിൽ നിന്നാണ്.

കഴിഞ്ഞദിവസം രണ്ട് ദമ്പതികൾ എന്നെ കാണാൻ വന്നിരുന്നു.
പരസ്പരം ബന്ധം പിരിയണമെന്നാണ് അവർ ആഗ്രഹിക്കുന്നു.. സ്നേഹിക്കാൻ കഴിയുന്നില്ല, ഒരുമിച്ചു പോകാൻ കഴിയുന്നില്ല..
അവരെ തിരുത്താൻ എനിക്ക് കഴിഞ്ഞു…

എന്തുകൊണ്ടാണ് ബന്ധങ്ങളിൽ വിള്ളൽ വീഴുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..??

ദാമ്പത്യ ബന്ധത്തിൽ മടുക്കാത്ത പ്രണയം വേണം. അത് ജീവിതത്തിന്റെ തുടക്കകാലത്ത് മാത്രം പങ്കുവയ്ക്കാനുള്ളതല്ല.
അത് ജീവിതാവസാനം വരെയ്ക്കും ഉണ്ടാവേണ്ടതാണ്.

ദമ്പതികൾ തമ്മിൽ ആഴത്തിലുള്ള പ്രണയം വേണമെങ്കിൽ അവിടെ പരസ്പരം ബഹുമാനം വേണം, അത് വേണമെങ്കിൽ, എല്ലാ കാര്യത്തിലും പൂർണമായുള്ള
ഒരു പങ്കാളിത്തം വേണം.

പരസ്പരം പ്രണയമുള്ള ദമ്പതികളെ നിങ്ങൾ കണ്ടിട്ടുണ്ടോ.
ജീവിതത്തിന്റെ അങ്ങേയറ്റം വരെ ഒരുമിച്ച് ജീവിക്കും.
അവരിൽ നിന്നും ജനിക്കുന്ന മക്കളും അവരുടെ അതേ സ്നേഹവും പങ്കാളിത്തവും കണ്ടുവളരും, അങ്ങനെ എത്രയോ നല്ല കുടുംബങ്ങൾ സമൂഹത്തിലുണ്ട്.

കുടുംബത്തിൽ ഏറ്റവും കൂടുതൽ വേണ്ടുന്നത് പരസ്പരമുള്ള പങ്കാളിത്തമാണ്

നമുക്ക് സന്തോഷിക്കാൻ കഴിയുന്ന, സമാധാനപ്പെടാൻ കഴിയുന്ന,
മനസ്സിലെ ദുഃഖങ്ങളെയെല്ലാം ഇറക്കിവെക്കാൻ കഴിയുന്ന ഒരു ഇടമായിരിക്കണം….നമ്മുടെ കുടുംബം…

സ്ത്രീക്കും പുരുഷനും ശാരീരികമായ ചില വ്യത്യാസങ്ങൾ ഉണ്ടെന്നേ ഉള്ളൂ അവർ തുല്യപ്രാധാന്യമുള്ള മനുഷ്യർ മാത്രമാണ്…

അന്ന് ബൈക്കിന് പിന്നിലിരുന്ന് ഞാനും പപ്പയും കൂടി വീട്ടിലേക്ക് പോകുമ്പോൾ

സിറ്റിയിലെ കടയിൽ നിന്നും നല്ല
പോ.ത്തി.റച്ചി വാങ്ങിയിരുന്നു.

സാധാരണ പപ്പ, വാങ്ങിയതൊക്കെ അമ്മച്ചിയുടെ കൈകളിലേക്ക് കൊണ്ടുകൊടുക്കുക മാത്രമേ ചെയ്യൂ…
എല്ലാം റെഡിയാക്കി കഴിക്കാറാകുമ്പോൾ അമ്മച്ചി ചെന്ന് വിളിക്കും, പപ്പാ വന്നിരുന്നു കഴിക്കും.

അമ്മ ഒരു അധ്യാപികയാണ്.

ഞായറാഴ്ച ഒരു ദിവസം വെറുതെ ഇരിക്കാമെന്ന് വെച്ചാൽ അന്നാ
മനുഷ്യൻ കപ്പയും പോത്തുമൊക്കെ മേടിച്ചു കൊണ്ടുവരും. മനുഷ്യന് കുറച്ചുനേരം വെറുതെ ഇരിക്കാനുള്ള അവസരമില്ല എന്നൊക്കെ അമ്മച്ചി പിറുപിറുക്കുന്നത് കേൾക്കാം.

ഞാൻ ജോലികളിൽ അമ്മച്ചിയെ സഹായിക്കാറുണ്ട്.

അന്ന് തീരെ പ്രതീക്ഷിക്കാതെ എന്റെ പപ്പാ അടുക്കളയിൽ വന്നു.
കറിവെക്കാനും ഇറച്ചി നുറുക്കി അടുപ്പിൽ വയ്ക്കാനും, കപ്പ തൊലി കളയാനും ഒക്കെ പപ്പാ അമ്മച്ചിയെ സഹായിച്ചു.

അമ്മച്ചിയുടെ മിഴികളിൽ എന്തുകൊണ്ടോ പെട്ടെന്ന് കണ്ണുനീർ തിളങ്ങിയത്
ഞാൻ കണ്ടിരുന്നു…

അന്ന് മുഴുവൻ അമ്മച്ചിക്ക് എന്ത് സന്തോഷമായിരുന്നു.

വൈകുന്നേരം വെയിലാറിയപ്പോൾ ഞാൻ കൂട്ടുകാരുടെ കൂടെ മഞ്ചാടിക്കുരു പെറുക്കാൻ പോയതായിരുന്നു.

മഞ്ചാടിക്കുരുവും കൊണ്ട് വരുമ്പോഴുണ്ട് പപ്പയും അമ്മച്ചിയും സിറ്റൗട്ടിലിരുന്ന് എന്തോ പറഞ്ഞുറക്കെ ചിരിക്കുകയാണ്.

അത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.

ആ വീട്ടിലിപ്പോൾ ചിരിയും കുസൃതികളും സന്തോഷവും ഒക്കെയുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഇടം എന്റെ വീടാണ്..

ഞങ്ങളുടെ പള്ളിയിലെ പുതിയ അച്ഛനാണതിന് കാരണമെന്ന് എനിക്കറിയാം. അച്ഛന്റെ ചില കഥകൾ കേൾക്കുന്ന മനുഷ്യർക്ക് മാറാതിരിക്കാൻ കഴിയില്ല.

അല്ലെങ്കിലും മനുഷ്യരൊക്കെ വെറും പാവങ്ങളാണെന്നേ..
ശീലിച്ചുവന്ന പാതയിലൂടെയല്ലേ അവർക്ക് നടക്കാൻ കഴിയൂ…..
സ്വയം തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവൊന്നും എല്ലാ മനുഷ്യർക്കും ഉണ്ടാവില്ല.
ആരെങ്കിലുമൊക്കെ പറഞ്ഞുകൊടുക്കുമ്പോഴാണ് അവരും അതിനെക്കുറിച്ച് ചിന്തിക്കുന്നതും,
പലതും തിരുത്താൻ തയ്യാറാകുന്നതും.

സാരമില്ലന്നേ….തിരുത്തലുകൾ ജീവിതത്തെ പിന്നെയും പിന്നെയും മനോഹരമാക്കുകയേ ഉള്ളൂ…..

🌹🌹🌹🌹🌹

Similar Posts

Leave a Reply