രചന : അഞ്ചു തങ്കച്ചൻ
ഗൗതം ഗുപ്തന്റെ അരികിലേക്ക് ചെന്നു.
ഏട്ടാ…എന്താടാ..?എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.നിനക്കെന്തും എന്നോട് പറയാമല്ലോ, അതിനൊരു മുഖവുരയുടെ അവശ്യം ഉണ്ടോ?അതല്ല ഏട്ടാ, പറയുന്നത് അത്ര പ്രധാനപ്പെട്ട ഒരു കാര്യമാണ്.നീ പറയടാ..ഗൗതം ഗുപ്തന്റെ അരികിൽ ഇരുന്നു.ഏട്ടാ… ഞാൻ കാർത്തുവിനെ കണ്ടു.ഗുപ്തൻ ചാടി എഴുന്നേറ്റു. നീ… എവിടെയാടാ കണ്ടത്.. എപ്പളാ… അവൾ എന്റെ കാര്യം ചോദിച്ചോ?? എടാ… എനിക്കറിയാം അവൾ മരിക്കത്തൊന്നും ഇല്ല… എന്നെ വിട്ടിട്ട് അവൾക്ക് എങ്ങോട്ടും പോകാൻ പറ്റില്ല..പറ മോനേ അവൾ എവിടെയാ… ഒന്ന് പറയടാ… ഗുപ്തൻ ഗൗതമിന്റെ മുഖം കൈകളിൽ എടുത്തു.നീയെന്നെ കളിപ്പിക്കാൻ പറയുവൊന്നും അല്ലല്ലോ… അല്ലേ…
ഏട്ടാ… എന്തായിത്. ഒന്ന് കൂൾ ആക്,
ഏട്ടൻ ഇവിടിരുന്നേ അയാൾ ഗുപ്തനെ കസേരയിൽ ഇരുത്തി.ഗുപ്തൻ ആകെ വിയർത്തു കുളിച്ചിരുന്നു.
അയാളുടെ കണ്ണുകൾ നിറയുകയും,കവിളുകൾ വിറക്കുകയും ചെയ്യുന്നുണ്ട്. ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ചുണ്ടുകൾ.കാർത്തു ഉള്ളത് അവളുടെ നാട്ടിൽ അല്ല.ഇന്ന് ഞാൻ സുഹൃത്തുക്കളുമായി കാട്ട് തേൻ വാങ്ങുവാനായി പോയി.അവിടെ വച്ചാണ് കാർത്തുവിനെ കണ്ടത്.
എടാ… അവള് സുഖമായിരിക്കുന്നോ?ഗൗതം തലകുനിച്ചു.എന്താടാ… അവൾക്ക് സുഖമല്ലേ?
കറുപ്പൻ മരിച്ചു പോയി. കാർത്തുവും മരിച്ചു പോയി എന്ന് മറ്റുള്ളവരെ ധരിപ്പിച്ച് അവളെ അവിടെ നിന്നും രക്ഷിച്ചതാണ് അവർ.കാർത്തുവിന്റെ ബന്ധുക്കൾ ആരോ ആണെന്ന് തോന്നുന്നു ഇപ്പോൾ കൂടെ ഉള്ളവർ
അവർ ഇപ്പോൾ എവിടെയാ മോനേ… പറ.
എനിക്ക് കാണണം അവളെ. നമ്മൾ കാരണം രണ്ടുജീവനുകൾ അസ്തമിച്ചു എന്ന് ഞാൻ കരുതി. ആ പാപഭാരം എവിടെ കൊണ്ട്തീർക്കും എന്ന് കരുതി ഞാൻ വേദനിക്കാത്ത ഒരു ദിവസം പോലുമില്ല.
എനിക്ക് കാണണം അവളെ… കണ്ടേ പറ്റൂ…ആരെ കാണുന്ന കാര്യമാ രണ്ടാളും കൂടെ പറയുന്നത്? ഗോപൻ അവരുടെ അടുത്തേക്ക് വന്നു.
ഞങ്ങളോട് കൂടെ പറ. ഞങ്ങളും കേൾക്കട്ടെ
ചിരിയോടെ സീതയും സൗദാമിനിയും കൂടെ അവരുടെ അരികിൽ വന്നിരുന്നു.ഞാൻ ഇന്ന് നമ്മുടെ കാർത്തുവിനെ കണ്ടു.ഗൗതം പറഞ്ഞു.അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ അവർ അവനെ തുറിച്ചു നോക്കി സത്യമാ ഞാൻ പറഞ്ഞത്.അതെങ്ങനെ സത്യമാകും? കാർത്തു മരിച്ചു പോയില്ലേ?ഇല്ലമ്മേ… അങ്ങനെ വരുത്തിത്തീർത്തതാ.ഗൗതം എല്ലാ വിവരങ്ങളും അവരോടു വിശദമായി പറഞ്ഞു.ഞാൻ പോയി കൊണ്ടുവരാം അവളെ ഗുപ്തൻ എഴുന്നേറ്റു.ഇതെന്താ ഏട്ടാ ഈ പറയുന്നത്? പകൽ പോലും വഴി തെറ്റിപോകുന്ന കൊടുംവനമാണ്. ഈ രാത്രി ആകറായ സമയത്ത് എങ്ങനെ പോകാനാണ്.
വന്യജീവികൾ ഉള്ള കാടാണ്. രാവിലെ പോകാം ഏട്ടാ.. ഞാനും വരാം.
അയാൾക്ക് ഇരിക്കപ്പൊറുതി ഇല്ലായിരുന്നു.
അനേകം കുഞ്ഞുങ്ങളെ ഏറ്റ് വാങ്ങിയ തന്റെ കൈകൾ ഗുപ്തൻ വിടർത്തി,
ഡോക്ടർ ഗുപ്തന്റെ കൈകൾ ദൈവത്തിന്റെ കൈകൾ ആണെന്ന് പറഞ്ഞ ഒരു സ്ത്രീയെ അയാൾ ഓർമിച്ചു.ആ സ്ത്രീയുടെ കുഞ്ഞ് തന്റെ കൈകളിലേക്കാണ് പിറന്നത്. അവന് അനക്കമില്ലായിരുന്നു.അന്ന് എങ്ങനെയെന്ന് ഇപ്പോഴും തനിക്ക് അറിയില്ല, എന്തെല്ലാമോ ചെയ്ത് ആ പിഞ്ചുകുഞ്ഞിനെ താൻ രക്ഷിച്ചു.ഡിസ്ചാർജ് ദിവസം ആ സ്ത്രീ തന്നെ വന്നു കണ്ടു. അമ്മയാകാൻ കഴിയുമെന്ന് ഒരിക്കലും കഴിയില്ലെന്ന് കരുതിയതാണ്. ദൈവത്തിന്റെ കരങ്ങളാണ് ഇത് , ഡോക്ടർ…ഞാൻ ഈ കൈകളിൽ ഒന്ന് ചുംബിച്ചോട്ടെ എന്നവർ ചോദിച്ചത് അയാൾക്കോർമ്മ വന്നു.ഒരുപാട് ജനനങ്ങൾക്ക് സാക്ഷിയായ,കുഞ്ഞ് ജീവനുകൾ ഏറ്റ് വാങ്ങിയ കൈകളാണ് ഇത്.ഇന്ന്,അതേ കൈകളിലേക്ക്, ദൈവം തനിക്കു തിരിച്ചു തരുകയാണ് തന്റെ കാർത്തുവിനെ.ഇന്നാടാ… നീയിവളെ എടുത്തോ എന്നും പറഞ്ഞ്.എത്രയും പെട്ടന്ന് നേരമൊന്നു വെളുത്തിരുന്നെങ്കിൽ…..
*******************
വെളുപ്പിനെ നാലരക്ക് എഴുന്നേൽക്കുന്ന സ്വഭാവമാണ് സൗദാമിനിക്ക്..പണ്ട് മുതൽ ഉള്ള ശീലമാണത്.
രാവിലേ ഉണർന്ന് കുളിച്ച്, നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കും. പിന്നെ അടുക്കളയിലേക്ക് പോകും, ചായ തിളപ്പിക്കും.എല്ലാവർക്കും കടുപ്പത്തിൽ ഓരോ ഗ്ലാസ്സ് ചായ കൊടുക്കും.രാവിലെ,മിക്കവാറും ദിവസങ്ങളിൽ അമ്പലത്തിൽ ൽ പോകും.
ബാക്കി വീട്ട് ജോലികൾ ഒക്കെ ജോലിക്കാർ ചെയ്യുകയാണ് പതിവ്. നടുവേദനയും മറ്റും കൂടെപ്പിറപ്പാണ് അതുകൊണ്ട് തന്നെക്കൊണ്ട് മറ്റ് ജോലികൾ ചെയ്യാൻ വീട്ടിലുള്ളവർ സമ്മതിക്കാറില്ല.
എങ്കിലും രാവിലെ ഒരു ഗ്ലാസ്സ് ചായ അമ്മയുടെ കൈയിൽ നിന്നുതന്നെ കിട്ടണം എന്നൊരു നിർബന്ധബുദ്ധി ഗുപ്തനും ഗൗതമിനും ഉണ്ട്.പതിവ് പോലെ ഗുപ്തനുള്ള ചായയുമായി സൗദാമിനി ഗുപ്തന്റെ മുറിയിൽ ചെന്നു.
വാതിൽ തുറന്നാണ് കിടക്കുന്നത്.
അയാളെ അവിടെയെങ്ങും കാണുന്നില്ല.ഗോപേട്ടാ…. ഗുപ്തനെ കാണുന്നില്ല.ഗൗതം എഴുന്നേറ്റു വന്നു. എന്താ അമ്മേ?മോനേ ഗുപ്തനെ കാണുന്നില്ല.
കാണുന്നില്ലേ…?അയാൾ മുൻവാതിൽ തുറന്ന് പുറത്തിറങ്ങി.പോർച്ചിൽ ഗുപ്തന്റെ കാർ കാണുന്നില്ല.ഏട്ടൻ കാർത്തുവിനെ തിരക്കി പോയതായിരിക്കും.എന്നാലും ആരോടും പറയാതെ ഒറ്റയ്ക്ക് പോയല്ലോ.ഇനി എന്റെ മോനെ ആ ചെമ്പന്റെ ആളുകൾ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുമോ??ഈശ്വര..സൗദാമിനി നെഞ്ചിൽ കൈവച്ചു.അമ്മ പേടിക്കണ്ട ഞാനും കൂടെ പോയി നോക്കാം.അയാൾ വേഗം പോയി ഡ്രസ്സ് മാറ്റി.
വണ്ടിയുടെ കീയും എടുത്ത് പുറത്തേക്കിറങ്ങി.
ഞാനും കൂടെ വരട്ടെ ഗൗതം?
സീത ചോദിച്ചു.നീയെന്താ ഈ പറയുന്നത്? ഈ സമയത്ത് നിനക്ക് യാത്ര ചെയ്യാൻ പറ്റില്ല.എനിക്കെന്തോ പേടി തോന്നുന്നു ഗൗതം.
പേടിക്കാതിരിക്ക് ഞാൻ പോയിട്ട് വരാം.
ഗൗതം നല്ല സ്പീഡിലാണ് വാഹനം ഓടിച്ചത്.
ഇരുൾ നീങ്ങുന്നതെ ഉള്ളൂ.. ആ സമയം ആയതുകൊണ്ട് വഴിയിൽ അധികം വാഹനങ്ങൾ ഇല്ല.വനത്തിനോട് അടുക്കുന്ന വഴിയിൽ എത്തിയപ്പോൾ അയാൾ കണ്ടു ഏട്ടന്റെ വാഹനം തൊട്ട് മുൻപിൽ പോകുന്നുണ്ട്.
രണ്ട് വണ്ടികളും വനത്തിലേക്ക് പോകുന്ന മൺവഴിയിലേക്ക് തിരിഞ്ഞു.ഗുപ്തൻ കാർ നിർത്തി ഇറങ്ങി.തൊട്ട് പിറകിൽ ഗൗതമും വണ്ടി നിർത്തി.
ഗുപ്തൻ ഗൗതമിനരുകിലേക്ക് വന്നു.എന്തിനാ നീ പിന്നാലെ പോന്നത്?ഏട്ടന് വഴി അറിയില്ലല്ലോ. ഞാൻ പോയിട്ടുള്ളത് ആയതുകൊണ്ട് എനിക്ക് അറിയാം എങ്ങനെ വനത്തിലൂടെ പോകണമെന്ന്.നീ വരാതെ ഇരിക്കാൻ വേണ്ടി തന്നെയാണ് ആരോടും പറയാതെ ഞാൻ പോന്നത്. നീയെന്താ സീതയെക്കുറിച്ച് ഓർക്കാത്തത്?നിറവയറും ആയിട്ടിരിക്കുന്ന അവളെ ഒറ്റക്കാക്കിയിട്ട് പോന്നത് ശരിയായില്ല.അവിടെ അച്ഛനും അമ്മയും ഉണ്ടല്ലോ.
അത് പോരാ, വിളിച്ചാൽ ചെല്ലാൻ പാകത്തിന് നീ അവിടെ കാണണം. ഒന്നാമത് ഉൾവനത്തിലേക്കു കടന്നാൽ ഫോൺ വിളിച്ചാൽ കിട്ടില്ല.
എന്തെങ്കിലും ഒരാവശ്യം വന്നാൽ എന്ത് ചെയ്യും?അതുകൊണ്ട് നീ പൊയ്ക്കോ.എന്തായാലും ഇവിടെ വരെ വന്നില്ലേ, ഞാനും വരാം ഏട്ടാ..വേണ്ട.അല്ല, അവർ കാർത്തുവിനെ കൊണ്ടുപോരാൻ സമ്മതിച്ചില്ലെങ്കിലോ?അതൊന്നും നീ ആലോചിക്കണ്ട, അവളെഎങ്ങനെയേലുംഞാൻകൊണ്ടുപോന്നോളാം.ഏട്ടാ… അവർ ഏട്ടനെ ഉപദ്രവിക്കാൻ നോക്കിയാൽ എന്ത് ചെയ്യും ഗുപ്തൻ അനിയനെ നോക്കി ചിരിച്ചു. നിന്റെ ഏട്ടനെ അത്ര പെട്ടന്ന് തോൽപ്പിക്കാൻ പറ്റുമോടാ ആർക്കെങ്കിലും.അതില്ല. സകല അഭ്യാസങ്ങളും കൈയിൽ ഉള്ള ആളാണല്ലോ. ഗൗതമും ചിരിച്ചു.എന്നാൽ നീ തിരിച്ചു പൊയ്ക്കോ.ഗൗതം കാട്ടിലേക്കുള്ള വഴി ഏട്ടന് കൃത്യമായ് പറഞ്ഞു കൊടുത്തു.
************
ഗുപ്തൻ വനത്തിനുള്ളിലേക്ക് കടന്നു.
കുറേ ദൂരം മുന്നിലേക്ക് നടന്നു.വനത്തിൽ നല്ല തണുപ്പാണ്.അകലെ കാണുന്ന ഗിരിനിരശൃംഗങ്ങൾ അപ്പോഴും മഞ്ഞിന്റെ പുതപ്പിനടിയിൽ ഉറക്കമായിരിക്കുന്നു. മേഘങ്ങളെ ചുംബിച്ച് തഴുകി മതിയാവാതെ തെന്നൽ പാറിനടപ്പാണ്. മണ്ണിന്റെ മേനിയിലിലേക്ക്എപ്പോഴോ പെയ്ത വേനൽ മഴപ്രണയത്തിന്റെ ബീജ വിത്തെറിഞ്ഞതിനാലാവണം മണ്ണിൽ പുതുനാമ്പുകൾ വളർന്നിട്ടുണ്ട്. കുളിരിൽ കുതിർന്ന് നനഞ്ഞു കിടക്കുന്ന മണ്ണിനപ്പോൾ ഋതുമതിയുടെ ചേലാണ്.
ഇണചേരുന്ന നാഗങ്ങളെ പോലെ ചുറ്റിപ്പിണഞ്ഞു മരത്തിൽ പടർന്നവള്ളിപടർപ്പു നിറയെ ചെറിയ ചുവന്ന പൂക്കൾ.. അതങ്ങനെ കാറ്റിന്റെ താളത്തിൽ ചാഞ്ചാടുന്നുണ്ട്. നടന്നു തളർന്ന പാദങ്ങൾ പെറുക്കിവെച്ചെന്ന പോലെ ഡോക്ടർ ഗുപ്തൻ ഇടുങ്ങിയ വഴിയിലൂടെ നടന്നു. എത്രയും വേഗം മുത്തൻ മലയുടെ മുകളിലുള്ള ചെമ്പന്റെ കുടിയിലെത്തണം. അയാൾ നടത്തം ഒന്നുകൂടി വേഗത്തിലാക്കഇടവഴിയിൽ നിന്ന് ഒരു ചാവാലിപ്പട്ടി തന്നെ രൂക്ഷമായ് നോക്കുന്നുണ്ട്. തോട്ടപ്പുഴുവിന്റെ കടിയേറ്റ് വെളുത്ത കണങ്കാലിലൂടെ കൊഴുത്ത ചോരയൊഴുകി കാലുകൾ വല്ലാതെ വഴുക്കുന്നുണ്ട്. തൊണ്ട വരളുന്നതു പോലെ അയാൾക്ക് തോന്നി , കുറച്ച് നേരം ഇരിക്കാതെ വയ്യെന്ന് അയാൾക്ക് തോന്നി.
അൽപ്പം അകലെയായ് കുസൃതി നിറച്ച് ഓടുന്ന കാട്ടരുവിയിൽ നിന്നും അയാൾ വെള്ളം കുടിച്ചു.
ചോര ഒഴുകുന്ന കാലുകൾ വെള്ളത്തിലേക്ക് നീട്ടി വെച്ച് അയാൾ അല്പം വിശ്രമിച്ചു.ഓർമ്മകൾ തേരട്ടയെ പോലെ ഇഴഞ്ഞുകയറി തുടങ്ങിയിരിക്കുന്നു.ഉള്ളിൽ ഒരു പാവം പെൺകുട്ടിയും അവളുടെ അപ്പനും നിറഞ്ഞു വന്നു.കറുപ്പന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല പക്ഷെ കാർത്തുവിനെ എങ്കിലും രക്ഷിക്കണം.ഈ യാത്ര അവളെ കാണുവാനാണ്. തന്റെ കാർത്തുവിനെ. ഗുപ്തൻ പതിയെ എഴുന്നേറ്റു. ഇടവഴിയിലേക്ക് തിരിഞ്ഞതും കുറച്ചാളുകൾ അയാൾക്കരികിലേക്ക് വന്നു.ആരാ ? അവർ ചോദിച്ചു.ഞാൻ ഗുപ്തൻ, ഞാൻ ചെമ്പന്റെ വീട്ടിലേക്ക് പോകാനായി വന്നതാണ്.
നാട്ടിലുള്ളവർ ഇങ്ങോട്ട് വരണമെന്ന് ഇല്ല. മടങ്ങി പൊയ്ക്കോ.എനിക്ക് അത്യാവശ്യമായി ചെമ്പനെ ഒന്ന് കാണണമായിരുന്നു.നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ലേ, മടങ്ങി പോ.ഇല്ല ചെമ്പനെ കണ്ടിട്ടേ ഞാൻ പോകൂ..ചെമ്പൻ പറഞ്ഞിട്ടുണ്ട് ആരെയും അങ്ങോട്ട് വിടരുതെന്ന്. അവർക്ക് ആരെയും കാണണ്ട.എനിക്കെന്തായാലും കണ്ടേ പറ്റൂ..അവരുടെ കൈകളിൽ പലതരം ആയുധങ്ങളും ഗുപ്തൻ കണ്ടു.എന്നെ ഉപദ്രവിക്കരുത്, ഞാൻ ഒരു ഡോക്ടർ ആണ്. ചെമ്പന്റെ അടുത്തുള്ള കാർത്തുവിനെ കൊണ്ടുപോകാനാണ് ഞാൻ വന്നത്. പെട്ടന്ന് അവർ ഗുപ്തനെ വളഞ്ഞു നിന്ന് ആക്രമിച്ചു.
*********
തുടരും.

by