രചന – മിത്ര
രേവതി സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോളാണ് അപ്പു അങ്ങോട്ടേക്ക് കയറി ചെന്നത്.. കാര്യമായിട്ടെന്തോ ബുക്കിനുള്ളിൽ നോക്കിയിരിക്കുന്നത് കണ്ടു അവനും അങ്ങോട്ടേക്കൊന്നു എത്തി നോക്കി.. “ടീച്ചർ എന്താ ഇത്ര കാര്യമായിട്ട് ബുക്കിനുള്ളിൽ നോക്കുന്നത് “.. ധൃതിയിൽ ബുക്ക് അടച്ചു വെക്കാൻ പോയപ്പോഴേക്കും അതു താഴെ വീണിരുന്നു.. അതിനുള്ളിൽ നിന്നും പുറത്ത് ചാടിയ ഫോട്ടോ അപ്പു കയ്യിലെടുത്തു.. സംശയത്തോടെ രേവതിയെ നോക്കി.. “ഇതെങ്ങനെ ടീച്ചറിന്റെ കയ്യിൽ വന്നു.. ഇവനെ നേരത്തെ അറിയോ “.. മുഖം കുനിച്ചു നിന്നവളുടെ അടുത്തേക്ക് ചെന്ന് ആ ഫോട്ടോ കയ്യിലേക്ക് വെച്ചു കൊടുത്തു.. “പറ ടീച്ചറെ, എന്താ ഇതിന്റെ ഒക്കെ ഉദ്ദേശം.. ” “മാഷേ, എനിക്ക് അനന്തേട്ടനെ മുന്നേ അറിയാം “.. “എന്ത്, ആ സന്ന്യാസിയെ മുന്നേ അറിയവെന്നോ “.. മറുപടിയായി അവളൊന്നു മൂളി.. “എങ്ങനെ “.. “കോളേജിൽ ഞാൻ ജൂനിയർ ആരുന്നു “..
“എന്നിട്ട്”.. “എന്നിട്ടെന്താ മാഷേ, ഞാൻ പ്രേമിച്ചു, അങ്ങേർക്കു അതു മനസ്സിലായില്ല.. കുറെ നാൾ പുറകെ നടന്നത് മിച്ചം.. ഇതാണ് അനന്തേട്ടന്റെ നാട് എന്നറിഞ്ഞോണ്ട് തന്നെയാ വന്നത്, പക്ഷെ..” “എന്താണ് ഇനി പക്ഷെ “.. “ആ കണ്ടാമൃഗം എന്നെ പരിചയം പോലും കാണിക്കുന്നില്ല, അതാണ് സത്യം.. അങ്ങേരെ എങ്ങനെ വളച്ചു കുപ്പിയിലാക്കും എന്റെ ശിവനെ “.. “എങ്കിൽ ആയതു തന്നെ.. അങ്ങേരുടെ സ്വഭാവം വെച്ചു ടീച്ചർ കുറെ വാങ്ങി കൂട്ടും “… “മാഷ് നോക്കിക്കോ, ഞാൻ അങ്ങേരേം കൊണ്ടേ പോവൂ.. ഇതെന്റെ വാക്ക് “… “ആണെങ്കിൽ കൊള്ളാം.. അല്ലെങ്കിൽ അറിയാല്ലോ ടീച്ചർക്കു, അങ്ങേരു ടെറർ ആണ്..ഉണ്ണിയെ പോലെ അല്ല.. കല്യാണമേ വേണ്ടെന്നു വെച്ചു നടക്കുന്നവനാ.. ടീച്ചർ കുറെ വെള്ളം കുടിക്കേണ്ടി വരും ഈ കാര്യത്തിന്.. എന്താണേലും ഒരു all the best ഇരിക്കട്ടെ “.. ചിരിച്ചു കൊണ്ടു പറഞ്ഞവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.. 💞💞💞
“ഉണ്ണിയേട്ടാ, ഏട്ടാ…ഒന്നെണിക്കുവോ.. മണി പത്തായി “.. ഉണ്ണി ഒന്നൂടെ തിരിഞ്ഞു കിടന്നു.. പുതച്ചു മൂടി തിരിഞ്ഞു കിടക്കുന്നവനെ കണ്ട് പാറുന് പിന്നെയും ദേഷ്യം വന്നു.. പുതച്ചിരിക്കുന്ന ഷീറ്റ് അവൾ വലിച്ചു മാറ്റി.. “എണീക്കുന്നുണ്ടോ ഇല്ലെയോ, അതു പറഞ്ഞേ “. “നിനക്കെന്താ മോളേ, ഞാൻ ഒന്നുറങ്ങിക്കോട്ടെടി, ശല്യപ്പെടുത്താതെ ഒന്ന് പൊയി താ “… “ശല്യം ആണല്ലേ, ഇപ്പോ ശരിയാക്കി തരാം കെട്ടോടാ ഉണ്ണിയേട്ടാ “.. പതിയെ ബാത്‌റൂമിലേക്ക് ചെന്നു മഗ്ഗിൽ വെള്ളം എടുത്തോണ്ട് മുറിയിലേക്ക് വന്നു.. ഉണ്ണിയുടെ മുഖത്തെക്കൊഴിച്ചു.. എടി എന്നലറിക്കൊണ്ടെഴുന്നേറ്റവനെ കണ്ടു ചിരി പൊട്ടിയെങ്കിലും ആരോഗ്യത്തിനു നന്നല്ല എന്നറിയാവുന്നത് കൊണ്ട് മിണ്ടാതെ മുഖം കുനിച്ചു നിന്നു.. “എന്ത് പണിയാടി ഈ കാണിച്ചത് “.. “അതു പിന്നെ, ഏട്ടൻ എണീക്കാഞ്ഞിട്ടല്ലേ.. ഞാൻ എത്ര വട്ടം വിളിച്ചു “.. “അതിനു “.. “അതുനോന്നൂല്യ “.. എന്തിനാടി കോപ്പേ വെള്ളം കോരി ഒഴിച്ചതെന്നും പറഞ്ഞു അലറി കൊണ്ടെഴുന്നേറ്റവനെ കണ്ടു വാതിൽ ലക്ഷ്യമാക്കി ഓടി പെണ്ണവൾ.. വാതിൽ കടക്കും മുന്നേ അവന്റെ പിടി വീണിരുന്നു..
“എങ്ങോട്ടടി ഓടണേ.. ഞാൻ പിടിക്കില്ലന്ന് കരുതിയോ “.. “മ്മ് “.. ചിരിച്ചു കൊണ്ട് ഒന്ന് മൂളി… “എന്നാ ഇനിയൊന്നു ഓടിക്കെ, എന്റെ പൊന്നു മോള്.. ഏട്ടൻ ഒന്ന് കാണട്ടെ “.. “ഉണ്ണിയേട്ടാ, വിട്ടേ.. ഇനി ഞാൻ ചെയ്യില്ല.. സത്യായിട്ടും ചെയ്യില്ല “.. “ആഹാ, അങ്ങനെയാണോ.. എനിക്ക് നിന്നെ വിശ്വാസം ഇല്ല മോളേ “… “അല്ല ഏട്ടാ, ദേ ഏട്ടനാണെ സത്യം “… തലയിൽ കൈ വെക്കാൻ വന്നവളെ ദീനമായിട്ട് നോക്കിയവൻ.. “എടി, എന്റെ തല പൊട്ടി തെറിക്കട്ടെന്ന് അല്ലേ..” “ഞാൻ അങ്ങനെ ചെയ്യുവോ ഉണ്ണിയേട്ടാ “.. കണ്ണ് കുറുക്കി നിഷ്കു ഭാവം പെണ്ണിന്… “ഉണ്ണിയെ നീ ഇതുവരെയും എണീറ്റില്ലേ മോനെ..” പറഞ്ഞു കൊണ്ടു മുറിയിലേക്ക് കയറി വന്ന ശാരദ ഉണ്ണിയെയും പാറുവിനെയും കണ്ടു വാതിൽക്കൽ തന്നെ നിന്നു പൊയി.. “അതു പിന്നെ, അമ്മേ.. ഇവൾ.. വെള്ളം “.. സത്യം പറയാൻ തുടങ്ങിയ ഉണ്ണിയുടെ കാലിൽ പാറു ആഞ്ഞു ചവിട്ടി..
“ആഹ്..ന്റെ കാല് “.. കാറിക്കൊണ്ട് പാറുവിന്റെ മേലുള്ള പിടി വിട്ടവൻ… “അമ്മായി, ഈ ഉണ്ണിയേട്ടൻ എന്നോട് ഉമ്മ ചോദിച്ചു.. അതിനാ എന്നെ ഇങ്ങനെ പിടിച്ചു വെച്ചത്.. ഞാൻ തരില്ലെന്നു പറഞ്ഞപ്പോ, എന്നെ ഭീഷണിപ്പെടുത്തുവ അമ്മായി “… പാറുവിന്റെ വായിൽ നിന്നു വന്ന നുണ കേട്ട് ഉണ്ണി വായും പൊളിച്ചു നിന്നു.. “അമ്മേ ഇവൾ കള്ളം പറയുവാ.. ഞാൻ ഒന്നും ഇവളോട് ചോദിച്ചിട്ടില്ല “.. “കള്ളം പറയല്ലേ ഉണ്ണിയേട്ടാ.. കണ്ണ് പൊട്ടിപ്പോവും.. ഞാൻ ഒരു പാവം ആയോണ്ടല്ലേ ഉണ്ണിയേട്ടൻ എന്നെ ഇങ്ങനെ…ഹീ…” കരച്ചിൽ ഉച്ചത്തിൽ ആയി.. “രണ്ടിനും തല്ലിന്റെ രണ്ടു കുറവുണ്ട്.. പോത്ത് പോലെ വളർന്നെന്നൊന്നും കരുതില്ല.. നല്ല പെട വെച്ചു തരും ഞാൻ.. പെട്ടെന്ന് കുളിച്ചിട്ട് വാടാ നീയ്.. മതി ഉറങ്ങിയത്…” വഴക്ക് പറഞ്ഞിട്ട് ശാരദ പൊയി.. പതിയെ സ്കൂട് ആവാൻ നിന്ന പാറുവിനെ ഉണ്ണി സമർത്ഥമായി ബ്ലോക്കി..
“എവിടെ പോവ്വാ പൊന്നു മോള്.. ഞാൻ നിന്നോട് ലുമ്മം ചോദിച്ചല്ലേ.. ഇനീപ്പോ തന്നിട്ട് പോയാൽ മതി.. പെട്ടെന്ന് താ “.. “അതു പിന്നെ ഉണ്ണിയേട്ടാ, ഞാൻ തമാശക്ക് പറഞ്ഞതാ.. ഉണ്ണിയേട്ടൻ സീരിയസ് ആക്കല്ലേ പ്ലീഷ് “.. അവന്റെ താടിയിൽ വിരലിട്ടു കൊണ്ട് കറക്കി കൊണ്ടിരുന്നവൾ.. “എന്ത് ഭംഗിയാ എന്റെ ഏട്ടന്റെ കട്ട താടി കാണാൻ.. ചുന്ദരനാ “. “അങ്ങനെ ആണോ പെണ്ണേ .. ശരിക്കും “. “ആന്നേ.. സത്യം… ഇനി ഈ പിടിയൊന്നു വിടുവോ “.. കയ്യിൽ കിടന്നു കുതറിയവളെ വീണ്ടും ചേർത്തു പിടിച്ചു.. കണ്ണുകൾ കോർത്ത് കഥ പറഞ്ഞപ്പോൾ വീണ്ടും പ്രണയരാഗം അവിടെ മൊട്ടിട്ടു.. ഹൃദയം പൊട്ടി പുറത്ത് വരുവോന്നു തോന്നി പെണ്ണിന്.. “ഇതെന്താ പാറുട്ടിയെ.. ഇതിപ്പോ പൊട്ടി പോവ്വോ “.. നാണം കൊണ്ടു വിവശയായി അവന്റെ നെഞ്ചോട് ചേർന്നു നിന്നവളെ ചേർത്തു പിടിച്ചു കൊണ്ട് ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.. 💞💞💞💞💞
വൈകിട്ട്, ഉണങ്ങിയ നെല്ല് എല്ലാം വാരിക്കൂട്ടുമ്പോളാണ് മുറ്റത്തു ഉണ്ണിയുടെ കാർ വന്നു നിന്നത് ശാരദ കണ്ടത്.. ഡ്രൈവിംഗ് സീറ്റിൽ നിന്നു അനന്തു ഇറങ്ങുന്നത് കണ്ടപ്പോൾ അവരുടെ മുഖം ചുളിഞ്ഞു.. അനന്തു കാർ എടുത്തു അധികം എവിടെയും പോവാറില്ല.. അനന്തു ഡോർ തുറന്നു കൊടുത്തപ്പോൾ അപ്പുറത്തെ സൈഡിൽ നിന്നും ഉണ്ണി പതിയെ പുറത്തേക്കു ഇറങ്ങി.. ഇടത്തു കൈയുടെ പ്ലാസ്റ്റർ ബെൽറ്റ് കഴുത്തിൽ തൂക്കിയിട്ടുണ്ട്.. നെറ്റിയിൽ അധികം വലുപ്പം ഇല്ലാത്ത ഡ്രെസ്സിങ്ങും ഉണ്ട്.. ചട്ടി ചട്ടി പതിയെ അനന്തുവിന്റെ തോളിൽ കൈയിട്ടു കൊണ്ട് നടന്നു വരുന്ന ഉണ്ണിയെ കണ്ട് ശാരദ പേടിച്ചു പൊയി.. “അയ്യോ, ഇതെന്തെടാ.. എന്ത് പറ്റിയതാ ഉണ്ണി ഇത്.. നീയേലും ഒന്ന് പറയ് അനന്തു “… കരച്ചിലിന്റെ വക്കോളo എത്തിയിരുന്നവർ.. “അവൻ ചെറുതായിട്ടൊന്നു വീണതാ അമ്മേ, ഇപ്പോ സാരല്യ… കൈക്ക് ചെറിയ ഒരു പൊട്ടലേ ഉളളൂ.. അമ്മ വെറുതെ കരഞ്ഞു ബഹളം കൂട്ടല്ലേ “.. അനന്തുവിന്റെ മറുപടി കിട്ടിയിട്ടും കരഞ്ഞു കൊണ്ടു അവർ ഉണ്ണിയെ ചെന്നു ചേർത്തു പിടിച്ചു..
“നോക്കി പോണ്ടേ മോനെ.. ഒന്നാമതെ കഷ്ടകാലം ആണ്.. വാ അമ്മേം കൂടെ പിടിക്കാം.. അകത്തേക്ക് വന്നു കിടക്കു “… “എന്റെ അമ്മേ, അതിനും മാത്രം ഒന്നും എനിക്ക് പറ്റിയില്ലല്ലോ.. കരയേണ്ട.. വണ്ടി ഒന്ന് സ്കിട് ആയതാ..”.. പതിയെ അനന്തുവിനെയും പിടിച്ചു കൊണ്ടവൻ അകത്തേക്ക് കയറി.. കട്ടിലിൽ കൊണ്ടോയി കിടത്തി.. “എടാ, ഇതെങ്ങനെയാ പറ്റിയത്.. ഡ്രൈവിങ്ങിൽ നീ എപ്പോഴും സൂക്ഷിക്കും എന്നെനിക്കറിയാം.. പാടത്തിന്റെ റോഡിൽ വെച്ച നിനക്ക് ആക്‌സിഡന്റ് ആയതു.. പാടത്തോട്ടു വീണത് കാരണം അധികം ഒന്നും പറ്റിയും ഇല്ല.. അല്ലായിരുന്നെങ്കിൽ… ” ആധിയോടെ പറയുന്നവനെ നോക്കി ഉണ്ണി ഒന്ന് ചിരിച്ചു… “അതിനു ആക്സിഡന്റ് ആണെന്ന് ആരാ പറഞ്ഞത് ഏട്ടാ… മ്മ്.. കൊല ശ്രമം ആയിരുന്നില്ലേ…” അനന്തു തറഞ്ഞു നിന്നു…. (തുടരും )

by