രചന – ആയിഷ അക്ബർ
വീട്ട് മുറ്റത് വന്നു നിന്ന കാറിന്റെ ശബ്‍ദം കേട്ടത് കൊണ്ട് തന്നെ എല്ലാവരും ഉമ്മറത്തേക്കെത്തിയിരുന്നു ……
എല്ലാവരും തിണ്ണയിൽ നിൽക്കുന്നത് കൊണ്ട് തന്നെ നന്ദ വാതിലിനോട് ചേർന്നങ്ങനെ നിന്നു…..
അവനാദ്യം ഇറങ്ങിയതും അവളുടെ കണ്ണുകൾ പിറകെ യുള്ള ആളിലേക്കാണ് പതിച്ചത്…..
അവൻ കാറിലേക്ക് കൈ നീട്ടി…..
കരുതിയത് പോലെ തന്നെ സുന്ദരമായ വെളുത്തുരുണ്ട കൈകൾ അവന്റെ കയ്യിലേക്ക് വെച്ചു കൊണ്ടവളിറങ്ങി…..
നന്ദക്ക് കണ്ണുകളിൽ ഇരുട്ട് പടരും പോലെ തോന്നി…..
അവളൊന്നു കൂടി ആ കയ്യിന്റെ ഉടമയിലേക്ക് നോക്കി……
ഒരു കോട്ടൺ ചുരിദാറാണ് വേഷം വീതിയുള്ള ഷാൾ മാറത്തു വിടർത്തിയിട്ടിട്ടുണ്ട്……
ഭംഗിയെന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും….
അത്ര സുന്ദരിയായിരുന്നവൾ…..
ഏകദേശം സഞ്ജുവിനേ പ്പോലെ തന്നെ……
ഒരേ അച്ചിൽ വാർത്തെടുത്ത പോലെ…..
താൻ അവൾക്ക് മുമ്പിൽ ഒന്നുമല്ലെന്ന് അവൾ സ്വയം താരതമ്യപ്പെടുത്തി….
അവളെ കണ്ടതും അവിടെയുള്ള വരുടെ മുഖത്തെല്ലാം ഒരു അമർഷം നിറയുന്നത് നന്ദ ശ്രദ്ധിച്ചിരുന്നു……
അപ്പൊ ഇവർക്കെല്ലാം അറിയുമോ ഈ ബന്ധം….
അത് വരെ മനോഹരമായ അവളുടെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു പോകുന്നത് അവൾ കണ്ടിരുന്നു…..
നന്ദക്ക് എന്തെന്നില്ലാത്തൊരു സംശയം തോന്നി……
പക്ഷെ അപ്പോഴും അത്ര മേൽ സ്നേഹത്തോടെ അവനവളുടെ കൈ ചേർത്ത് പിടിക്കുന്നത് കണ്ടതും നന്ദയുടെ ഹൃദയം എന്തിനോ എരിഞ്ഞിരുന്നു….
അവൾ അകത്തേക്ക് കയറാൻ നിന്നതും ചെറിയമ്മ ദേഷ്യത്തോടെ അകത്തേക്ക് പോയിരുന്നു…
എന്ത് കാണാൻ നിക്കാ….
പോകും വഴി ദേഷ്യത്തോടെ ഗോപികയോടത് ചോദിച്ചപ്പോൾ അവളും അവർക്ക് പിറകെ നടന്നിരുന്നു……
മുത്തശ്ശിയും ചിറി കോട്ടി അകത്തേക്കു നടന്നു….
എന്നാൽ അച്ഛൻ മാത്രം എന്തോ ഒരു ഭാവത്തോടെ അങ്ങനെ നിൽക്കുന്നത് കണ്ട് നന്ദക്ക് അത്ഭുതം തോന്നി…..
തന്റെ മുമ്പിൽ എന്ത് സംഭവിക്കുന്നു എന്നതിനെ കുറിച് അവൾക്കൊന്നും മനസ്സിലായിരുന്നില്ല……
സുഖമാണോ…..
അവൾ അകത്തേക്ക് കയറിയതും അച്ഛന്റെ ഗൗരവമേറിയ ശബ്ദത്തിൽ അവളുടെ മുഖം ഒന്ന് വിടർന്നിരുന്നു….
മ്മ്…….
അവൾ പതിയെ മൂളി….
അപ്പോഴേക്കും ചെറിയമ്മ അടുക്കളയിലെ പാത്രങ്ങൾ കൊണ്ട് ശബ്‍ടമുണ്ടാക്കാൻ തുടങ്ങിയതും അച്ഛൻ വേഗം അകത്തേക്ക് നടക്കുന്നതവൾ കണ്ടു……
അവൾ മുഖത്ത് നിറഞ്ഞൊരു നോവോടെ അവനിലേക്ക് നോക്കി…..
അവൻ അത് ശ്രദ്ധിക്കുന്നേയില്ലെന്ന മട്ടിൽ അകത്തേക്ക് കയറുമ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്ന നന്ദയെ ഒരു നിമിഷം അവർ കാണുന്നത്……
നന്ദ….. അല്ലെ……
കണ്ട പാടെ വല്ലാത്തൊരു പുഞ്ചിരിയോടെ നിഷ്കളങ്കമായി അത് ചോദിക്കുമ്പോൾ തന്നെ അത്രയേറെ പരിചയമുള്ളത് പോലെ നന്ദക്ക് സ്വയം തോന്നി…..
അവൾ പതിയെ യൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…..
മോൾക്ക് സുഖമാണോ…..
അവൾ നന്ദയുടെ കയ്യിൽ പിടിച്ചത് ചോദിക്കുമ്പോഴാണ് ആ ചോദ്യത്തിൽ നിറഞ്ഞു നിന്നൊരു വാത്സല്യം അവളറിയുന്നത് …..
ഒരു ചേച്ചിയെ പോലെയാണോ…..
ഇവൻ പറഞ്ഞു പറഞ്ഞു നിന്നേ എനിക്ക് നന്നായറിയാം……
എന്നെ കുറിച് ഇവൻ നിന്നോട് പറഞ്ഞിട്ടുണ്ടാവില്ല…..
ഞാൻ സംഗീത….. ഇവന്റെ ചേച്ചിയാ……
നന്ദയുടെ സംശയങ്ങൾ മനസ്സിൽ കിടന്നുരുളുന്ന അതേ സമയത്താണ് അവൾ പെട്ടെന്നത് പറഞ്ഞത്…….
അവളുടെ ഉള്ളിലൂടെ എന്തോ ഒരു തണുപ്പിരചിറങ്ങി……
അവൾ പെട്ടെന്ന് സഞ്ജുവിലേക്കൊന്ന് നോക്കി……
അവന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവം ഇല്ലെങ്കിൽ കൂടി അവൻ നോക്കിയിരുന്നത് തന്റെ മിഴികളിലേക്കായത് കൊണ്ട് തന്നെ അവൻ തന്നോടെന്തോ പറയുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു………
അവളുടെ ചൊടികളിൽ അവൾ പോലുമറിയാതെ ഒരു പുഞ്ചിരി കടന്ന് പിടിച്ചു..
ചേച്ചിക്ക് കുടിക്കാനെന്താ എടുക്കേണ്ടത്…..
ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷത്താൽ അവളത് ചോദിക്കുമ്പോൾ സംഗീതക്ക് തന്നെ ഒരു സംശയം തോന്നിയിരുന്നു…..
ഒന്നും വേണ്ട കുട്ടീ…..
ഞാനൊന്ന് കിടക്കട്ടെ….
നല്ല ക്ഷീണം……..
നമുക്ക് നാളെ വിശദമായി സംസാരിക്കാം……
അതും പറഞ്ഞവൾ നന്ദയുടെ കവിളിലൊന്ന് തൊടുമ്പോൾ അവളൊന്നു പുഞ്ചിരിച്ചു……
സഞ്ജു അവളെ താഴെ യുള്ള മുറിയിലേക്കാക്കി കൊടുക്കുമ്പോൾ നന്ദയും അവർക്ക് പിറകെ ചെന്നിരുന്നു…..
കട്ടിലിലേക്കിരുന്ന അവളെ സഞ്ജു പതിയെ കിടക്കാൻ സഹായിച്ചു…….
ലൈറ്റ് ഓഫ് ആക്കി തിരിഞ്ഞവൻ നടക്കുമ്പോൾ ആ മുറിയിൽ പരന്ന ഇരുട്ടിലും തന്നെ നോക്കി തിളങ്ങുന്ന അവളുടെ കണ്ണുകളെ അവന് കാണാമായിരുന്നു……
അവൻ കോണിപ്പടികൾ കയറിയതിന് പിറകെ അവളും കയറുമ്പോൾ ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കിയിരുന്നില്ല…….
ചേച്ചിയാണെന്ന് എന്തേ പറഞ്ഞില്ല ……
മുകളിലേക്ക് കയറിയ ഉടൻ അവളത് ചോദിച്ചതും അവനവൾക്ക് നേരെയൊന്ന് തിരിഞ്ഞു…..
പിന്നെ താൻ ആരാണെന്നാ വിചാരിച്ചത്……
അവൻ തിരികെ അവളോടത് ചോദിക്കുമ്പോൾ ആ ചൊടികളിൽ ഒരു കുസൃതി ചിരി വിരിഞ്ഞു നിന്നിരുന്നു…….
ആ ചിരി അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയെന്ന് തോന്നിയ അതേ നിമിഷം അവൾ പെട്ടെന്ന് മിഴികൾ അവനിൽ നിന്നും വെട്ടിച്ചു…….
ഒന്നും പറയാനവൾക്ക് കഴിഞ്ഞില്ല…….
ഞാൻ……
ചേച്ചിയുള്ള കാര്യം എനിക്കറിയില്ലായിരുന്നു….
അവൾ ഒരു വിധത്തിൽ മുഖത്തേക്ക് നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു……
ചേച്ചി വിവാഹം കഴിഞ്ഞ് ആകെ ഒരു തവണയേ ഇങ്ങോട്ട് വന്നിട്ടുള്ളൂ……
അവനതും പറഞ്ഞോന്നു നെടു വീർപ്പിടുമ്പോൾ അതിൽ കലർന്ന നോവവൾക്ക് വ്യക്തമായിരുന്നു……
കല്യാണം കഴിഞ്ഞ് എട്ട് വർഷം കഴിഞ്ഞു…
ഇത് വരെ…. കുട്ടികളൊന്നും ആയിട്ടുണ്ടായിരുന്നില്ല……
ഇപ്പോ…. ചേച്ചി ഗർഭിണിയാണ്……
അത് പറഞ്ഞവൻ അവൾക്ക് നേരെ തിരിഞ്ഞതും അവന്റെ കണ്ണുകളിൽ കണ്ട അതേ അളവിൽ അവൾക്കും വല്ലാത്തൊരു സന്തോഷം തോന്നി……
അതാണ് ഞാൻ തന്നോട് കൂട്ടി കൊണ്ട് വരട്ടെയെന്ന് ചോദിച്ചത്……
അവനത് പറഞ്ഞതും അവളിലുള്ളൊരു വിശ്വാസം അവന്റെ മുഖത്ത് വ്യക്തമായിരുന്നു….
അതിനെന്താ…… ഞാനിവിടെ ഉണ്ടല്ലോ…..
ചേച്ചിക്ക് വേണ്ടതെല്ലാം ഞാൻ ചെയ്ത് കൊടുത്തോളാം…..
അവളൊരു പുഞ്ചിരിയോടെ അത് പറയുമ്പോൾ അവനും വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു……
അവൻ വീണ്ടും താഴെക്കിറങ്ങി പോകുമ്പോൾ നന്ദയുടെ മനസ്സ് അങ്ങേയറ്റം സ്വസ്ഥതയെ പേറുന്നത് അവളറിഞ്ഞു……..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അന്നും രാവിലെ എഴുന്നേറ്റപ്പോഴേക്കും അവൻ പോയിട്ടുണ്ടായിരുന്നു…..
അവൾ എഴുന്നേറ്റ് താഴെക്കിറങ്ങിയതും അടുക്കള പുറത്ത് നിന്നു ശർദ്ധിക്കുന്ന സംഗീതയെയാണ് കാണുന്നത്……
ചേച്ചി…..
അവൾ വേഗം പോയി മുതുകൊന്നുഴിഞ്ഞു കൊടുത്തു…….
വല്ലാതെ തളർന്നെന്ന് തോന്നിയത് കൊണ്ട് തന്നെ നന്ദയവളെ പിടിച്ചു മുറിയിലേക്ക് കിടത്തി……
പിന്നെ അടുക്കളയിൽ കയറി അവൾക്ക് വേണ്ടി നല്ല ചായയിട്ടു……
ചായയും ബ്രെഡും എടുത്ത് മുറിയിലേക്ക് ചെല്ലുമ്പോൾ ചേച്ചി കിടക്കുകയായിരുന്നു…..
ഒരു വശം തിരിഞ്ഞു കിടക്കുന്ന അവളെ കാൻകെ നന്ദയോന്ന് നോക്കി നിന്നു…….
കണ്ടാൽ വളരേ ചെറുപ്പം തോന്നുന്ന മുഖമാണ്….
സഞ്ജുവിന്റെ ചേച്ചിയാണെന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ കഴിയില്ല……
ചേച്ചി…….
അവൾ പതിയെ വിളിച്ചു….
സംഗീത പതിയെ കണ്ണുകൾ തുറന്നു……
ചായ……
നന്ദയത് പറഞ്ഞതും അവളെഴുന്നേറ്റു…
വേണ്ടായിരുന്നു…മോൾക്ക് ബുദ്ധിമുട്ടായോ..
അപ്പോഴും സ്നേഹത്തോടെയുള്ള പതിഞ്ഞ ആ ചോദ്യം കേൾക്കെ നന്ദക്ക് വല്ലാത്തൊരു സന്തോഷം തോന്നി……
ഒരു ബുദ്ധിമുട്ടുമില്ല..
ചേച്ചി ഇത് കുടിച്ചാൽ മാത്രം മതി….
നന്ദ യുടെ സ്നേഹത്തോടെയുള്ള വാക്കുകൾ അവളിലും നല്ലൊരു ആനന്ദം നൽകിയിരുന്നു……….
ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർക്കിടയിൽ നല്ലൊരു അടുപ്പം വന്നിരുന്നു……
സംഗീതയുടെ ഇഷ്ടങ്ങളെല്ലാം ചോദിച്ചറിഞ്ഞ ശേഷമാണ് നന്ദ അടുക്കളയിലേക്ക് പോയത്……..
ഇതെന്താ ഇന്ന് പുട്ട്…. ഇവിടെ ആർക്കും പുട്ട് ഇഷ്ടമല്ലെന്ന് അറിയില്ലേ…..
പുട്ടിനുള്ള പൊടി നനച്ചു പാനി അടുപ്പിലേക്ക് വെക്കുമ്പോഴായിരുന്നു ഭാനുമതി ഗൗരവത്തോടെ അതും ചോദിച്ചങ്ങോട്ട് കടന്ന് വന്നത്…
എല്ലാവർക്കും ദോശയുണ്ടാക്കിയിട്ടുണ്ട്…ഇത് ചേച്ചിക്കാണ്…..
അവൾ അത് പറയുമ്പോൾ അവരുടെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല…
എങ്കിലും ചവിട്ടി തുള്ളി അകത്തേക്കൂ കടന്നു പോകുന്ന അവരെ നന്ദ അറിയുന്നുണ്ടായിരുന്നു…..
അന്നവൾ ചേച്ചിയോടൊപ്പം മേശ മേലിരുന്നു കഴിക്കുമ്പോൾ ഏറെ സംസാരിച്ചു…. ചിരിച്ചു……..
ആദ്യമായി കാണുന്നത് പോലെ പരസ്പരം ഇരുവർക്കും തോന്നിയില്ല….
നന്ദക്ക തിൽ അത്ഭുതം തോന്നി…….
അവന്റെ ചേച്ചി തന്റെയും കൂടിയാണെന്നൊരു തോന്നലല്ലേ അതിനു കാരണം…..
അവൻ…. തന്റെ സ്വന്തമാണെന്ന് മനസ്സ് അത്രയേറെ വിശ്വസിക്കുന്നുണ്ടോ……
അപ്പോഴും ഒരിക്കലും നീയെന്റെ ഭാര്യ യാവാൻ ശ്രമിക്കരുതെന്ന അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ മുഴങ്ങി……
കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം തൊണ്ടയിൽ കുരുങ്ങുന്നത് പോലെയവൾക്ക് തോന്നി…
അന്ന് തന്നെ കുറിച് ഒന്നും അറിയാത്തത് കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്…..
ഇന്ന് ഈ വീട്ടിൽ അവനു തോന്നുന്ന സ്വാതന്ത്ര്യം അത് താൻ കാരണമാണെന്ന് അവൻ പറയാതെ പറഞ്ഞിരിക്കുന്നു….
തന്നെ ഏറെ വിശ്വാസമുള്ളത് കൊണ്ടാണല്ലോ ചേച്ചിയെ കൊണ്ട് വന്നതും ……
മനസ്സ് ഓരോ ന്യായീകരണങ്ങൾ നിരത്തി അവനിലേക്ക് തന്നെ ചാഞ്ഞു കൊണ്ടിരുന്നു……
ഇത് വരെ പ്രണയിച്ചിട്ടില്ലാത്ത താനെങ്ങനെ അവനിൽ കുരുങ്ങി പ്പോയെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കറിയുന്നില്ലായിരുന്നു…….
അന്ന് ഉച്ച സമയത് ബീറ്റ്റൂട്ട് നുറുക്കി കൊണ്ടിരിക്കുമ്പോഴാണ് ചെറിയമ്മ വന്നു ആ പാത്രം തട്ടിയത്…..
നന്ദ ഒന്ന് ഞെട്ടി…..
ആർക്കാ ഇത്……
അവരുടെ ചോദ്യത്തിൽ വല്ലാത്തൊരു ദേഷ്യമുണ്ടായിരുന്നു…..
വേണ്ടവർക്കൊക്കെ കഴിക്കാം…..പിന്നെ…. ഇനി ഇത് വേണ്ടാത്തവർക്ക് വേറെ എന്തെങ്കിലും ഉണ്ടാക്കുകയും ചെയ്യാം…..
നന്ദ ഉള്ളിലെ ഞെട്ടൽ പുറത്ത് കാണിക്കാതെ സ്വാഭാവികമായി അത് പറഞ്ഞു നിർത്തി….
എന്തായാലും ഇത് ഇന്നിവിടെ ഉണ്ടാക്കില്ല…..
അതും പറഞ്ഞവർ അവളുടെ കയ്യിലെ കത്തിയിൽ പിടിച്ചു….
ചേച്ചിക്ക് വേണ്ടിയാണെന്ന് അറിയുന്നത് കൊണ്ട് തന്നെയാണ് അവരത് പറയുന്നതെന്ന് നന്ദക്കറിയാമായിരുന്നു…..
ഞാനിതുണ്ടാക്കിയാൽ നിങ്ങൾക്കെന്താ……
ഇത് സഞ്ജുവേട്ടൻ കൊണ്ട് വന്നതല്ലേ…. ഉണ്ടാക്കുന്നത് ഞാനും…….
നന്ദ അവർക്ക് നേരെ തിരിഞ്ഞു നിന്ന് അല്പം ഗൗരവത്തോടെ അത് ചോദിക്കുമ്പോൾ ഭാനുമതിയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്നു…..
ഓഹ്… നിന്നേ കണ്ടിട്ടാണല്ലേ അവനവളെ ഇങ്ങോട്ട് കെട്ടിയെടുത്തിരിക്കുന്നത്..
ശല്യം….. പോയി കിട്ടിയെന്ന് കരുതിയതായിരുന്നു…..
അവൾക്ക് നീ ഒരുക്കി കൊടുക്കുന്നത് എനിക്കൊന്ന് കാണണം…..
ഭാനുമതി ദേഷ്യത്തോടെ അത് പറയുമ്പോൾ നന്ദക്ക് ദേഷ്യം ഇരച്ചു കയറി….
ഞാൻ ചെയ്യും….. നിങ്ങൾക്ക് തടയാൻ പറ്റുമെങ്കിൽ തടഞ്ഞോ…..
നന്ദാ…. മോളെ വേണ്ടാ…. ചേച്ചിക്കൊന്നും വേണ്ടാ…..
നന്ദ ദേഷ്യത്തോടെ ഭാനുമതിയുടെ നേർക്കത് പറഞ്ഞപ്പോഴാണ് സംഗീത വന്നതും പറഞ്ഞവളുടെ കയ്യിൽ പിടിച്ചത്……..
അപ്പോഴും നന്ദയുടെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു…..
എന്താ അവിടെ…..
പെട്ടെന്നാണ് അച്ഛന്റെ ശബ്ദം അവിടെ പരന്നത്…
നന്ദക്ക് മനസ്സിനൊരു പ്രയാസം തോന്നി…..
അച്ഛൻ കൂടി ചെറിയമ്മയെ പോലെ ചെയ്യേണ്ടെന്ന് പറഞ്ഞാൽ തനിക്ക് ചെയ്യാൻ കഴിയില്ല….
ഇതവരുടെ വീടാണല്ലോ….
അയാളുടെ സ്വഭാവം വെച് താനത് പ്രതീക്ഷിക്കുന്നുണ്ട് താനും……
എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു അച്ഛന്റെ വാക്കുകൾ…..
എന്താന്നു വെച്ചാൽ ഉണ്ടാക്കിക്കോട്ടെ….
ഇനി ഇതിന്റെ പേരിലൊരു സംസാരം ഇവിടെ യുണ്ടാവരുത്……
അച്ഛൻ അത് പറഞ്ഞതും നന്ദക്ക് അത്ഭുതം തോന്നിയിരുന്നു……
ചെറിയമ്മ ദേഷ്യത്തോടെ അകത്തേക്ക് പോകുമ്പോൾ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി…..
ചേച്ചി പോയി കിടന്നോ…. ഞാൻ ഭക്ഷണം ആയിട്ട് വിളിക്കാം……
അവൾ സംഗീതയെ പിടിച്ചു കൊണ്ടത് പറഞ്ഞതും അവൾ പതിയെ നന്ദയുടെ കവിളിലോന്നു സ്നേഹത്തോടെ തലോടി മുറിയിലേക്ക് പോയിരുന്നു….
അപ്പോഴും ആ കണ്ണുകൾ നിറഞ്ഞത് നന്ദയിലൊരു നോവ് തീർത്തിരുന്നു……
ചേച്ചിയെ അവൻ തന്നെ വിശ്വസിച്ചാണ് കൊണ്ട് വന്നത്….
അത് കൊണ്ട് അവരെ നോക്കാനുള്ള കടമ തനിക്കാണ്….
അവൾ കത്തിയെടുത് വീണ്ടും ബീറ്റ് റൂട്ട് മുറിച്ചു തുടങ്ങിയിരുന്നു…..
(തുടരും)

by