രചന – കണ്ണന്റെ മാത്രം
ഹരി…. നിധിയുടെ വായിൽ നിന്നും അറിയാതെ ആ പേര് വീണു…
നിധിയേച്ചി…. ഹരി അവളെ വിളിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു…
മോളെ ഹരി… എവിടെ ആയിരുന്നു നീ.. ഞാൻ സതീശേട്ടന്റെ നമ്പറിലേക്ക് കുറേ വിളിച്ചു.. കിട്ടിയില്ല… അവൾ ഹരിയെ ചെന്ന് പുണർന്നുക്കൊണ്ട് പറഞ്ഞു…
ഞാൻ അല്ലല്ലോ.. ചേച്ചി അല്ലേ ആരോടും ഒന്നും പറയാതെ പോയത്.. ഓരോ പ്രാവശ്യവും അച്ഛൻ നമ്മുടെ നാട്ടിൽ പോയി വരുമ്പോ ഞാൻ പ്രതീക്ഷയോടെ ഇരിക്കും ചേച്ചി വന്നോ എന്നറിയാൻ.. അവൾ പരിഭവത്തോടെ പറഞ്ഞു…
സോറി മോളെ.. ചില പ്രത്യേക സാഹചര്യം കൊണ്ട് മാറി നിൽക്കേണ്ടി വന്നു.. ഞാൻ തിരികെ വന്നപ്പോ സത്യാമ്മ പറഞ്ഞു മോൾടെ കാര്യം.. സതീശേട്ടന്റെ നമ്പറിൽ വിളിച്ചിരുന്നു ഞാൻ.. സ്വിച്ച് ഓഫ് ആയിരുന്നു…
ആ അച്ഛൻ ഹോസ്പിറ്റലിൽ ആയിരുന്നു ചേച്ചി.. ഒരു മൈനർ അറ്റാക്ക്.. അതാണ് ആ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ ഇരുന്നത്… അവൾ പറഞ്ഞു…
അപ്പൊ പിന്നെ മോള് എങ്ങനെയാ അറിഞ്ഞത് ഞാൻ തിരികെ വന്നത്… എന്നിട്ട് സതീശേട്ടന് ഇപ്പൊ എങ്ങനെ ഉണ്ട്…
അച്ഛന് കുഴപ്പം ഒന്നുമില്ല ചേച്ചി.. ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുവന്നു… പിന്നെ ചേച്ചി വന്ന വിവരം… രണ്ട് ദിവസം മുൻപ് എന്തോ ഒരു ഇനോഗ്രേഷന് ചേച്ചി പങ്കെടുത്തില്ലായിരുന്നോ.. അതിന്റെ ന്യൂസ് പത്രത്തിൽ ഉണ്ടായിരുന്നല്ലോ.. അത് കണ്ടപ്പോ ആണ് ചേച്ചി തിരികെ വന്നതും കളക്ടർ ആണെന്നും അറിഞ്ഞത്… അതാ ഞാൻ നേരെ ഇങ്ങോട്ട് വന്നത്…
മ്മ്.. പിന്നെ എന്തൊക്കെ ഉണ്ട് മോളെ വിശേഷം..
ചേച്ചി എനിക്ക് ചേച്ചിയോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്… അത് പറയാനായിട്ടാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത് തന്നെ… ഹരി ഗൗരവത്തോടെ പറഞ്ഞു…
ഒരുമിനിറ്റ് മോളെ ഞാൻ ഒന്ന് ലീവ് നോക്കട്ടെ.. നിധി അതും പറഞ്ഞ് വേഗം ഒരു സിക്ക് ലീവ് എഴുതി ഇട്ട് നോക്കാനുള്ള ഫയലുകളും എടുത്തു പുറത്തേക്ക് ഇറങ്ങി.. ഹരി തന്റെ കൈയിൽ ഉള്ള മാസ്ക് ധരിച്ചിട്ടാണ് നിധിയുടെ കൂടെ പുറത്തേക്ക് ഇറങ്ങിയത്… വീട്ടിലേക്ക് പോകുന്ന വഴി തന്നെ നിധി ജോയേയും വിളിച്ചിരുന്നു.. അവനും പെട്ടന്ന് എത്താം എന്ന് പറഞ്ഞു…
നിധിയൊക്കെ വീട്ടിൽ എത്തി അധികം വൈകാതെ ജോയും വന്നു.. സത്യാമ്മ ഹരിയെ കണ്ടതും അവളെ ഒന്ന് പുണർന്നുകൊണ്ട് വിശേഷങ്ങൾ ചോദിച്ചു… സതീശേട്ടന്റെ അസുഖകാര്യം അറിഞ്ഞപ്പോൾ അവർക്കും വിഷമം ആയി… മക്കൾ സ്കൂളിൽ പോയതുകൊണ്ട് അവരെ കാണാൻ പറ്റിയില്ല.. കുറച്ച് നേരത്തേ കുശലാന്വേഷണങ്ങൾക്ക് ശേഷം നിധി അവളെയും വിളിച്ച് റൂമിലേക്ക് പോയി.. ജോ കൂടി കയറിയതും അവൾ ഡോർ ലോക്ക് ചെയ്യ്തു…
എന്താ ഹരി… എന്താ നിനക്ക് പറയാൻ ഉള്ളത്… നിധി അവളോട് ചോദിച്ചു…
ചേച്ചി രാമേട്ടന്റേം വന്ദുവമ്മയുടെയും മരണം.. ഒരു സാധാരണ മരണം അല്ല അതൊരു കൊലപാതകം ആണ്… ഹരി സങ്കടത്തോടെ പറഞ്ഞു…
പ്രതീക്ഷിച്ച കാര്യം ആണെങ്കിലും അത് ഹരിയുടെ വായിൽ നിന്ന് കേട്ടപ്പോൾ നിധി ആകെ പതറി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… ജോയുടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു.. ഒരുനിമിഷം പൂർണ മനസ്സോടെ തന്നെ അവരുടെ മകനായി ഏറ്റെടുത്ത രാമേട്ടന്റെയും വന്ദുമ്മയുടെയും മുഖം അവന്റെ ഉള്ളിൽ തെളിഞ്ഞു.. അവൻ കണ്ണുകൾ ഇറുക്കി അടച്ചു….
മോളെ… അന്ന് ഉണ്ടായത് മുഴുവൻ ഒന്ന് പറയാമോ… നിധി ഒന്നും ചോദിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല എന്ന് മനസിലായതും ജോ അവളോട് ചോദിച്ചു..
ജോ അവൾ പറയുന്നതെല്ലാം റെക്കോർഡ് ചെയ്യാൻ തുടങ്ങി…
അന്ന് രാത്രി നല്ല മഴ ആയിരുന്നു… ഒരു 8 മണി ഒക്കെ കഴിഞ്ഞ നേരത്താണ് അമ്മക്ക് ശർദ്ധി തുടങ്ങിയത്…ഗ്യാസ് കയറിയിട്ടാവും.. ഇടക്ക് ഉള്ളതായിരുന്നു അത്.. വീട്ടിൽ ഉള്ള നുറുങ്ങ് പണികൾ എല്ലാം നോക്കിയിട്ടും കാര്യമായിട്ട് ഒരു ശമനം ഇല്ലാതെ ആയപ്പോൾ ആണ് അമ്മ രാമേട്ടന്റെ അവിടെ നിന്ന് എന്തേലും മെഡിസിൻ വാങ്ങി വരാൻ പറഞ്ഞത്… അച്ഛൻ കടപൂട്ടി എത്തിയിട്ടില്ലാത്തത് കൊണ്ട് ഞാൻ ആണ് മരുന്ന് വാങ്ങാൻ പോയത്… ക്ലിനിക്കിന്റെ മുന്നിൽ ചെന്നപ്പോൾ അത് അടഞ്ഞു കിടക്കുന്നു.. ഇത്രനേരത്തേ അടച്ചോ എന്നും കരുതി വീടിന്റെ കാളിങ് ബെൽ അടിക്കാൻ പോയപ്പോൾ ആണ് എന്തോ തട്ടിമറയുന്ന പോലത്തെ ശബ്ദവും എന്തോ ഉറക്കെ ഉള്ള സംസാരം കേട്ടപോലെയും തോന്നിയത്… സംശയം തോന്നി ഞാൻ ആ ഭാഗത്തേക്ക് പോയി അവിടെ തുറന്ന് കിടന്നിരുന്ന ജനലിന്റെ ഉള്ളിലൂടെ നോക്കിയപ്പോൾ കാണുന്നത് രാമേട്ടനേയും വന്ദുവമ്മയേയും കെട്ടിതൂക്കുന്ന ഗുണ്ടകളെ പോലെ ഉള്ള രണ്ടുപേരെ ആണ്.. ഒരുതരി ശ്വാസത്തിനായുള്ള അവരുടെ പിടച്ചിൽ ഇപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട് ചേച്ചി… ഞാൻ ഒരു അലർച്ചയോടെ ബോധം മറഞ്ഞ് വീഴുന്നതുവരെയേ എനിക്ക് ഓർമ്മയുള്ളൂ.. പിന്നെ രണ്ടു കൊല്ലത്തോളം കഴിഞ്ഞിട്ടാ എനിക്ക് ഓർമ ശരിയായ രീതിയിൽ തിരികെ കിട്ടുന്നത്.. ഹരി ഒരു കരച്ചിലോടെ പറഞ്ഞു…
നിധിയും ജോയും കരഞ്ഞുപോയി.. എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും മാത്രം അറിയുന്ന ആ രണ്ടുപേർക്കും ഇങ്ങനെ ഒരു വിധി വന്നല്ലോ….ജോ നിറഞ്ഞൊഴുകുന്ന കണ്ണോടെ ആലോചിച്ചു…
നിധി… കരയല്ലേ മോളെ… നമ്മൾ ഇത് പ്രതീക്ഷിച്ചതല്ലേ…ജോ നിധിയെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു…
ഇച്ചായാ… എന്റെ അച്ഛനും അമ്മയും… ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത രണ്ടുപേരെ അല്ലേ അവർ… എന്തിന് വേണ്ടിയാ അവർ ഇത് ചെയ്യ്തത്… പ്രതീക്ഷിച്ചത് ആണെങ്കിലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഇത്… അവൾ അലറി കരഞ്ഞു… ഹരിയും കരഞ്ഞുപോയി…
കുറച്ചുനേരം എടുത്തു നിധി ഒന്ന് നോർമൽ ആകാൻ… അപ്പോഴേക്കും ഹരിയും ഓക്കേ ആയിട്ടുണ്ടായിരുന്നു…
ഹരി.. മോൾക്ക് അവർ ആരെയെങ്കിലും അറിയുമോ.. ഇവർ രണ്ടുപേർ ഉണ്ടായിരുന്നോ അതിൽ… നിധി അവിടെ ടേബിളിൽ ഇരുന്നിരുന്ന ഫയൽ എടുത്ത് അതിലെ അമന്റെയും ബ്രഹ്മദത്തന്റെയും ഫോട്ടോ എടുത്ത് കാട്ടിക്കൊണ്ട് ചോദിച്ചു… ഹരി അത് കുറച്ചുനേരം നോക്കിയിട്ട് പറഞ്ഞു..
ഇല്ല ചേച്ചി ഇവരെ കണ്ടതായിട്ട് ഓർക്കുന്നില്ല.. അവർ കുറച്ചുപേർ ഉണ്ടായിരുന്നു.. അതിൽ ഒരാൾ ഒഴികെ ബാക്കി ഉള്ളവർ മുഴുവൻ ഗുണ്ടകളെ പോലെ ആണ് തോന്നിച്ചത്.. അയാളുടെ മുഖം ഞാൻ കണ്ടില്ലാ.. തിരിഞ്ഞാണ് നിന്നിരുന്നത്….
ആണോ… നിധിയുടെ ശബ്ദത്തിൽ നിരാശ കലർന്നു..
അല്ല മോളെ അന്ന് മോള് ബോധം മറഞ്ഞു വീണതിന് ശേഷം എന്താ സംഭവിച്ചത്… ഓർമയൊക്കെ തിരികെ കിട്ടിയപ്പോൾ മോള് അച്ഛനോട് ചോദിച്ചില്ലേ…ജോ ഹരിയോട് ചോദിച്ചു…
ഉവ്വ്… അന്ന് ഞാൻ ഇങ്ങോട്ട് പോന്നതിന്റെ പിന്നാലെ അച്ഛൻ വീട്ടിൽ എത്തിയിരുന്നു എന്ന്.. അപ്പൊ ഞാൻ തിരികെ എത്താൻ വൈകിയപ്പോ അച്ഛൻ അങ്ങോട്ട് വന്നിരുന്നു.. അച്ഛൻ വരുമ്പോൾ ഞാൻ ബോധം മറഞ്ഞ് വീഴുന്നതാണ് കണ്ടത് എന്ന്.. ആരൊക്കെയോ ഓടി വരുന്നതുപോലെ തോന്നിയപ്പോ എന്നെയും വലിച്ചു അച്ഛൻ എവിടെയോ ഒളിച്ചു എന്നാ പറഞ്ഞത്.. അപ്പൊ അവർ ഞങ്ങളെ കണ്ടിരുന്നില്ല.. രാമേട്ടന്റേം വന്ദുമ്മയുടെയും ആവശ്യങ്ങൾ കഴിഞ്ഞിട്ട് ചേച്ചിയോട് സംസാരിക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണത്രേ കുറച്ച് ഗുണ്ടകൾ എന്ന് തോന്നിക്കുന്നവർ വീട്ടിലേക്ക് കയറി വന്നത്.. എന്തെങ്കിലും ആരോടെങ്കിലും പറയാൻ പ്ലാൻ ഉണ്ടെങ്കിൽ ഞങ്ങൾ മൂന്നുപേരെയും ഈ ഭൂമുഖത്തുനിന്നു തന്നെ ഇല്ലാതെയാക്കും എന്നായിരുന്നു ഭീഷിണി.. ഞാൻ എന്താ കണ്ടത് എന്ന് അച്ഛനും വല്യ പിടി ഇല്ലാത്തതുകൊണ്ട് ആരോടെങ്കിലും എന്തേലും പറയാൻ അച്ഛനും ഭയപ്പെട്ടു… അവിടെ ഞങ്ങൾ എപ്പോഴും ആരുടെയൊക്കെയോ നിരീക്ഷണത്തിൽ ആയത് പോലെ തോന്നിയതുകൊണ്ടാണ് ഞങ്ങൾ അവിടം വിട്ട് അമ്മയുടെ നാട്ടിലേക്ക് മാറിയത്.. എന്നിട്ടും കുറച്ചുനാളത്തേക്ക് ആരുടെയൊക്കെയോ ദൃഷ്ടി എപ്പോഴും ഞങ്ങളുടെ നേരെ ഉണ്ടായിരുന്നതായിട്ട് തോന്നിയിട്ടുണ്ടെന്നാ അച്ഛൻ പറഞ്ഞത്…
പിന്നെ എന്താ ഉണ്ടായത്… മോൾക്ക് ഓർമ തിരികെ കിട്ടി കഴിഞ്ഞിട്ട്…
രണ്ടുകൊല്ലത്തോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ആണ് എന്റെ മാനസിക നില ശരിയായത്… അന്ന് തന്നെ എല്ലാം ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു… അതിന് ശേഷം അച്ഛൻ നിധി ചേച്ചിയെ അന്വേഷിച്ചെങ്കിലും വിവരം ഒന്നും കിട്ടിയില്ല.. പിന്നെ ഇടക്ക് നാട്ടിലേക്ക് പോകും അച്ഛൻ.. ചേച്ചിയേ കുറിച്ച് എന്തേലും വിവരം ഉണ്ടോ എന്നറിയാൻ.. അങ്ങനെ ആണ് അവസാനം വന്ന സമയത്ത് ആ നമ്പർ സത്യാമ്മയുടെ കൈയിൽ കൊടുത്തത്….
മോളെ അവരുടെ കൂടെ ഉണ്ടായിരുന്ന ആളുടെ എന്തേലും കാര്യം മോൾക്ക് ഓർത്തുപറയാൻ പറ്റുന്നുണ്ടോ…. ഒന്ന് നന്നായി ആലോചിച്ചു നോക്കിയേ…. ജോ പറഞ്ഞു…
തിരിഞ്ഞു നിൽക്കുകയായിരുന്നത് കൊണ്ട് ആളുടെ മുഖം കണ്ടില്ലാ ചേച്ചി… ഷർട്ടും മുണ്ടും ആയിരുന്നു എന്ന് തോന്നുന്നുവേഷം… പിന്നെ നല്ല ഉയരം ഉണ്ട്… അതിനൊത്ത വണ്ണവും….
മ്മ്… നിധി ഒന്ന് മൂളിയതേ ഉള്ളൂ… ആളാരാണെന്നു അറിയാൻ പറ്റാത്തതിന്റെ എല്ലാ നിരാശയും അവളുടെ മുഖത്ത് ഉണ്ട്….
നിധിയേച്ചി എങ്കിൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ… ഇനിയും വൈകിയാൽ വീട്ടിൽ എത്താൻ നേരം വൈകും… ഹരി അത് ചോദിച്ചപ്പോൾ ആണ് എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയിരുന്ന നിധി അതിൽ നിന്നും പുറത്ത് കടന്നത്…
അയ്യോ… സമയം പോയത് ശ്രദ്ധിച്ചില്ല… ഭക്ഷണം കഴിച്ചിട്ട് പോകാം ഹരി… എന്തായാലും ഈ നേരം ആയില്ലേ… നിധി പറഞ്ഞു..
വേണ്ടാ ചേച്ചി… അമ്മ കാത്തിരിക്കും.. ഞാൻ ഇത്ര വൈകും എന്ന് പറഞ്ഞിരുന്നില്ല… ഹരി ഒരു ചിരിയോടെ പറഞ്ഞു….
ആ… അത് ചോദിക്കാൻ വിട്ടു നിങ്ങൾ ഇപ്പൊ എവിടെയാ താമസിക്കുന്നത്… ഇവിടെ നിന്ന് കുറേ ദൂരം ഉണ്ടോ വീട്ടിലേക്ക്…
ഏയ്യ് ഇല്ല ചേച്ചി… ഞങ്ങൾ ദേ കാലടിയിൽ ആണ് താമസിക്കുന്നത്… അമ്മയുടെ നാടായിരുന്നു ഇത്… അമ്മ ഒറ്റമോളായതുകൊണ്ട് അച്ഛാച്ചനും അമ്മമ്മയും മരിച്ചപ്പോൾ ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു… അന്ന് ആ ഇഷ്യൂ ഉണ്ടായപ്പോൾ ഞങ്ങൾ അങ്ങോട്ട് മാറി… ഹരി ഒരു ചിരിയോടെ പറഞ്ഞു…
ഹരി.. നിന്റെ കല്യാണം…. നിധി മുഴുവനാക്കാതെ നിർത്തി…
ഒരിക്കൽ ഭ്രാന്ത് വന്ന പെണ്ണിനെ ആർക്കും വേണ്ടാ ചേച്ചി.. പിന്നെ ആരെങ്കിലും അതിന് സമ്മതിക്കുന്നുവെങ്കിൽ അവർക്ക് നല്ല സ്ത്രീധനം വേണം… തല്ക്കാലം അങ്ങനെ ഒരു കച്ചവടവസ്തു ആകാൻ താൽപ്പര്യം ഇല്ലാത്തതുകൊണ്ട് ഒന്നും ആയിട്ടില്ല… പിന്നെ അതിനും മാത്രം പ്രായം ഒന്നും ആയിട്ടില്ലല്ലോ.. 28 വയസ്സ് ആകുന്നേ ഉള്ളൂ… ഹരി ഒരു ചിരിയോടെ പറഞ്ഞു…
എന്തായാലും നിൽക്ക് ഞങ്ങൾ ആ ksrtc സ്റ്റാൻഡിലേക്ക് ആക്കി തരാം.. നീ വീട്ടിൽ എത്തിയിട്ട് ലൊക്കേഷൻ ഒന്ന് അയച്ചിട്… എനിക്ക് സതീശേട്ടനേയും ചേച്ചിയെയും ഒക്കെ ഒന്ന് കാണാമല്ലോ… നിധി പറഞ്ഞു…
ശരി ചേച്ചി… ഹരി സമ്മതിച്ചു… പരസ്പരം നമ്പർ കൈമാറാനും അവർ മറന്നില്ല…
പിന്നെ അധികം നേരം വൈകാതെ സത്യാമ്മയോട് യാത്ര പറഞ്ഞ് അവർ ഇറങ്ങി….
കാറിൽ കയറി കുറച്ച് കഴിഞ്ഞപ്പോൾ മുതൽ എന്തോ കാര്യമായി ചിന്തിച്ചിരിക്കുന്ന ഹരിയെ നിധിയും ജോയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു… സ്റ്റാൻഡ് എത്തി കാർ നിർത്തിയിട്ടും അവൾ അത് അറിഞ്ഞില്ല…
ഹരി… നിധി വിളിച്ചു..
എന്താ ചേച്ചി… അവൾ ഒന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു…
സ്റ്റാൻഡ് എത്തി… നീ എന്താ ഇത്ര ചിന്തിച്ചു കൂട്ടുന്നേ…
അത് ചേച്ചി ഇപ്പോഴാ ഒരു കാര്യം ഓർത്തത് അന്ന് അവിടെ ഉണ്ടായിരുന്ന ആളിന്റെ കൈയിൽ ഒരു ഊന്നുവടി ഉണ്ടായിരുന്നു… അത് ഞാൻ കണ്ടതാ… എന്തിന്റെയോ തലയാണ് പിടിയുടെ അവിടെ ഉള്ളത്… അതാ ഞാൻ ആലോചിച്ചിരുന്നേ..
ഊന്നു വടിയോ… നിധി ചോദിച്ചു….
അതേ ചേച്ചി… പക്ഷേ എന്തിന്റെ തലയായിരുന്നു എന്ന് ഓർമ വരുന്നില്ല…. ഛെ… അവൾ പിന്നെയും ആലോചിച്ചു…
ആ… കിട്ടിപ്പോയി… ചേച്ചി നാഗത്തിന്റെ തലയുള്ള ഊന്നുവടി ഉണ്ടായിരുന്നു അയാളുടെ കൈയിൽ….
നാഗത്തിന്റെ തലയുള്ള ഊന്നുവടിയോ…. നിധി സംശയത്തോടെ ചോദിച്ചു…
അതേ… ചേച്ചി ചേട്ടാ… എന്നാൽ ഞാൻ ഇറങ്ങട്ടെ… എന്തേലും ഓർമ വരികയാണെങ്കിൽ വിളിക്കാം… അതും പറഞ്ഞ് ഹരി ഇറങ്ങി പോയി… നിധി അപ്പോഴും എവിടെയെങ്കിലും താൻ അങ്ങനെ ഒന്ന് കണ്ടിട്ടുണ്ടോ എന്ന ചിന്തയിൽ ആയിരുന്നു…
തുടരും….

by