ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന,
ചായക്കൂട്ടുകളുടെ നിഴൽ
“ചേച്ചി, ഇതിൽ ഏത് തരം ഫേസ് സെറം ആണ് ഡ്രൈ സ്കിന്നിന് ഏറ്റവും നല്ലത്?”
നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് മാളിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ള പ്രീമിയം ബ്യൂട്ടി ആന്റ് കോസ്മെറ്റിക്സ് വിഭാഗത്തിൽ, അലമാരകളിൽ പുതിയ സ്റ്റോക്കുകൾ അടുക്കി വെക്കുകയായിരുന്ന എന്റെ തൊട്ടുപിന്നിൽ നിന്നാണ് ആ ചോദ്യമുയർന്നത്. പെട്ടെന്ന് തിരിഞ്ഞുനോക്കിയ ഞാൻ കണ്ടത് ഏകദേശം ഇരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന, ശാന്തമായ മുഖമുള്ള ഒരു ചെറുപ്പക്കാരനെയാണ്. “ഞാൻ അങ്ങനെ സ്ഥിരമായി ഒരേ ബ്രാൻഡ് ഉപയോഗിക്കാറില്ല സഹോദരാ. ഒരെണ്ണം തീരാറാകുമ്പോഴേക്കും സോഷ്യൽ മീഡിയയിലെ വ്ലോഗർമാർ അടുത്ത പ്രോഡക്റ്റുമായി വരും. സ്വാഭാവികമായും നമ്മളും അത് വാങ്ങിപ്പരീക്ഷിക്കും. എങ്കിലും നിലവിൽ എൻ്റെ പരിചയത്തിൽ ഏറ്റവും ഫലപ്രദമായി തോന്നിയിട്ടുള്ളത് ഇതാണ്. പക്ഷേ, പുരുഷന്മാർക്ക് അവരുടെ ചർമ്മത്തിന് അനുയോജ്യമായ മറ്റ് പ്രത്യേക പ്രോഡക്റ്റുകൾ ലഭ്യമാണ് കേട്ടോ,” ഞാൻ ചെറിയൊരു പുഞ്ചിരിയോടെ അയാളോട് വിശദീകരിച്ചു. അപ്പോൾ അയാൾ ശാന്തനായി മറുപടി നൽകി, “ഏയ്, എനിക്കല്ല ചേച്ചി. എന്റെ അനിയത്തിക്ക് വേണ്ടിയാണ്. അവൾക്ക് ഏകദേശം ചേച്ചിയുടെ അതേ പ്രായവും ചർമ്മപ്രകൃതിയും തന്നെയാണ്.” “ഓഹ്, എങ്കിൽ ധൈര്യമായി ഇത് തന്നെ എടുത്തോളൂ,” എന്ന് ഞാൻ പറഞ്ഞതോടെ അയാൾ ആ സെറം വാങ്ങി കാർട്ടിലേക്ക് ഇട്ടു. എന്നോട് നന്ദിയുള്ള ഒരു പുഞ്ചിരി സമ്മാനിച്ച് അയാൾ ക്യാഷ് കൗണ്ടറിലേക്ക് നടന്നു നീങ്ങുമ്പോൾ, യാദൃച്ഛികമായി എന്റെ കണ്ണുകൾ അയാളുടെ തള്ളുവണ്ടിയിലേക്ക് പോയി.
വൈവിധ്യമാർന്ന ചർമ്മ സംരക്ഷണ ക്രീമുകളും, ലിപ്സ്റ്റിക്കുകളും, നെയ്ല് പോളിഷുകളും കൊണ്ട് ആ കാർട്ട് ഏതാണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
“നിന്നോട് അയാൾ എന്താണ് അത്രയും നേരം സംസാരിച്ചത്?” അയാൾ അകന്നു പോകുന്നത് കൗതുകത്തോടെ നോക്കിനിന്ന എന്നോട്, ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തും സീനിയറുമായ ശാലിനി വന്ന് ചോദിച്ചു. “അതല്ല ശാലിനി, അയാൾ കൊണ്ടുപോകുന്ന ആ സാധനങ്ങളുടെ അളവ് കണ്ടോ? ഇത്രയധികം കോസ്മെറ്റിക് പ്രോഡക്റ്റുകൾ ഒറ്റയടിക്ക് വാങ്ങാൻ അയാൾക്ക് വല്ല ബ്യൂട്ടി പാർലറോ അല്ലെങ്കിൽ റീട്ടെയിൽ കടയോ ഉണ്ടോ?” കൗതുകം അടക്കാനാവാതെ ഞാൻ ശാലിനിയോട് തിരിച്ചന്വേഷിച്ചു. അത് കേട്ട് ശാലിനി ചെറുതായിട്ടൊന്ന് നെടുവീർപ്പിട്ടു. “അതയാൾ എല്ലാ മാസവും വന്ന് വാങ്ങുന്നതാണ് രശ്മി. ഏതെങ്കിലും കടയിലേക്കോ ബിസിനസ്സിനോ വേണ്ടിയൊന്നുമല്ല. ആദ്യമൊക്കെ ഈ കാഴ്ച കണ്ട് എനിക്കും വലിയ അത്ഭുതം തോന്നിയിരുന്നു. പിന്നീട് കാര്യമറിയാൻ ഞാൻ നമ്മുടെ ഫ്ലോർ മാനേജരോട് ചോദിച്ചപ്പോഴാണ് ഇതിന് പിന്നിലെ ദാരുണമായ സത്യം മനസ്സിലായത്. അയാൾ ഇതെല്ലാം വാങ്ങിക്കുന്നത് സ്വന്തം അനിയത്തിക്ക് വേണ്ടിയാണ്.” ശാലിനിയുടെ വാക്കുകൾ കേട്ട് ഞാൻ അമ്പരന്നു. “ഇത്രയും സാധനങ്ങളോ? അതും എല്ലാ മാസവും മുടങ്ങാതെ? ഇതെല്ലാം കൊണ്ട് ആ പെൺകുട്ടി എന്താണ് ചെയ്യുന്നത്?” എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
“എനിക്കും ആദ്യമൊക്കെ ഇതേ സംശയമുണ്ടായിരുന്നു രശ്മി.
പക്ഷേ പിന്നീട് അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, അയാളുടെ സഹോദരി മരിച്ചിട്ട് ഇപ്പോൾ രണ്ടു വർഷത്തോളമായി! അതൊരു സാധാരണ മരണമായിരുന്നില്ല, അവൾ സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.” ശാലിനി പറഞ്ഞത് കേട്ട് ഞാൻ ഒരു നിമിഷം തരിച്ചുപോയി. കൈയിലുണ്ടായിരുന്ന ഉൽപ്പന്നങ്ങൾ അറിയാതെ താഴെ വീഴാൻ പോയി. “ദൈവമേ! അതെന്തിനാണ് ആ കുട്ടി ആത്മഹത്യ ചെയ്തത്? വല്ല പ്രണയനൈരാശ്യവും ആയിരുന്നോ കാരണം?” ഭയത്തോടും ആകാംക്ഷയോടും ഞാൻ ചോദിച്ചു. “ഏയ്, പ്രണയമൊന്നുമല്ല,” ശാലിനി തുടന്നു: “വളരെ പെട്ടെന്നുണ്ടായ ഒരു വഴക്കിന്റെയും ദേഷ്യത്തിന്റെയും ഫലമായിരുന്നു അത്. പഠനം കഴിഞ്ഞ് ജോലിക്ക് പോകാൻ തയ്യാറെടുക്കുന്ന സമയത്ത്, ഒരു ദിവസം അവൾ കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കും കനത്ത മേക്കപ്പും ഇട്ട് പുറത്തേക്ക് ഇറങ്ങുന്നത് ഈ സഹോദരൻ കണ്ടു. അമിതമായ മേക്കപ്പ് ഉപയോഗിക്കുന്നത് നല്ലതല്ലെന്നും, അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും പറഞ്ഞ് അവൻ അവളെ ഉപദേശിക്കുകയും വിലക്കുകയും ചെയ്തു. എന്നാൽ അവൾ ആ വാക്കുകൾ പൂർണ്ണമായും അവഗണിച്ച് സ്വന്തം ഇഷ്ടത്തിന് മുന്നോട്ട് പോയി.”
“സഹോദരന്റെ ഉപദേശം വകവെക്കാതെ അവൾ വീണ്ടും അമിതമായി കോസ്മെറ്റിക്സ് ഉപയോഗിക്കുന്നത് തുടർന്നപ്പോൾ, ഒരു ദിവസം നിയന്ത്രണം വിട്ട അവൻ ‘ഇനി നീയിത് എങ്ങനെ ഉപയോഗിക്കുമെന്ന് എനിക്കൊന്ന് കാണണം’ എന്ന് പറഞ്ഞ് അവളുടെ മുറിയിൽ കയറി.
ഡ്രോയറിലുണ്ടായിരുന്ന ലിപ്സ്റ്റിക്കുകളും ബ്യൂട്ടി കിറ്റുകളും ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും വലിച്ചെടുത്ത് മുറ്റത്തിട്ട് തീയിട്ടു നശിപ്പിച്ചു. താൻ ജീവനായി കരുതിയ പ്രിയപ്പെട്ട സാധനങ്ങൾ കൺമുന്നിലിട്ട് കത്തിച്ചു ചാമ്പലാക്കിയത് കണ്ട ആ പാവം കുട്ടി സങ്കടവും ദേഷ്യവും സഹിക്കാനാവാതെ മുറിയിൽ കയറി കതകടച്ചു പൂട്ടി. സാധാരണയായി വീട്ടിൽ വഴക്കുണ്ടാകുമ്പോഴൊക്കെ അവൾ മണിക്കൂറുകളോളം മുറിയിൽ കയറി ഇരിക്കാറുള്ളതുകൊണ്ട്, മാതാപിതാക്കളോ സഹോദരനോ അതിൽ വലിയ കാര്യമാക്കാനോ ശ്രദ്ധിക്കാനോ പോയില്ല. പക്ഷേ, സമയം സന്ധ്യ കഴിഞ്ഞിട്ടും, രാത്രി അത്താഴത്തിന് സമയമായിട്ടും ആ കുട്ടിയുടെ മുറിയിൽ നിന്ന് യാതൊരു അനക്കവും കേട്ടില്ല.”
“തുടർന്ന് സംശയം തോന്നിയ സഹോദരൻ ചെന്ന് വാതിലിൽ ശക്തമായി മുട്ടിവിളിച്ചു. അകത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാകാതിരുന്നതോടെ പരിഭ്രാന്തനായ അവൻ വാതിൽ ശക്തിയായി തള്ളിത്തുറന്നു അകത്തുകയറി. എന്നാൽ അവിടെ അവൻ കണ്ടത് നെഞ്ച് തകരുന്ന കാഴ്ചയായിരുന്നു. മുറിയുടെ ഫാനിൽ സ്വന്തം ഷാളിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന അനിയത്തിയുടെ നിശ്ചലമായ ശരീരമായിരുന്നു അത്. ജീവനേക്കാൾ ഏറെ സ്നേഹിച്ച, സ്വന്തം കൈകൊണ്ട് വളർത്തിയ തങ്ക അനിയത്തിയുടെ പെട്ടെന്നുള്ള ഈ ദാരുണമായ വേർപാട് ആ ചെറുപ്പക്കാരന്റെ മാനസികനിലയെ പൂർണ്ണമായി തകർത്തുകളഞ്ഞു.
ആ മരണം ഇന്നും ആ പാവം സഹോദരന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അന്ന് അവളുടെ മുറിയിൽ നിന്ന് താൻ ബലമായി പിടിച്ചെടുത്ത് കത്തിച്ചു കളഞ്ഞ ആ കോസ്മെറ്റിക്സ് സാധനങ്ങളാണ് അവളുടെ ജീവനെടുത്തത് എന്ന കുറ്റബോധം അവനെ വേട്ടയാടുകയാണ്. അതുകൊണ്ടാണ്, ആ തെറ്റിന് പ്രായശ്ചിത്തമെന്നോണം, ലഭ്യമാകുന്നത്രയും മനോഹരമായ സൗന്ദര്യവർദ്ധക വസ്തുക്കൾ എല്ലാ മാസവും വാങ്ങി അവൾ ഓർമ്മയായി അവശേഷിക്കുന്ന ആ വിജനമായ മുറിയിൽ അവൻ കൊണ്ടുപോയി സൂക്ഷിക്കുന്നത്.”
“ഓഹ് മൈ ഗോഡ്! എന്ത് ക്രൂരമായ വിധിയാണ്!” അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. നെഞ്ചിലൊരു വലിയ ഭാരം വന്നു മൂടിയതുപോലെ എനിക്ക് അനുഭവപ്പെട്ടു. “എത്ര വലിയ മണ്ടത്തരമാണ് ആ പെൺകുട്ടി ചെയ്തത്? നിസ്സാരമായ ഒരു വഴക്കിന്റെ പേരിൽ സ്വന്തം ജീവൻ കളയുകയോ?” ഭാരമുള്ള മനസ്സോടെ ഞാൻ ശാലിനിയോട് ചോദിച്ചു. “അതേടി രശ്മി, പക്ഷേ ആ സഹോദരൻ അവളുടെ നന്മ മാത്രം ആഗ്രഹിച്ചാണ് അന്ന് സംസാരിച്ചത്.
വേറൊന്നും കൊണ്ടല്ല, രാസവസ്തുക്കൾ അടങ്ങിയ കൃത്രിമ മേക്കപ്പ് സാധനങ്ങളുടെയും ലിപ്സ്റ്റിക്കുകളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് അവൻ ഒരുപാട് ലേഖനങ്ങളും വാർത്തകളും വായിച്ചിട്ടുണ്ടായിരുന്നു. സത്യത്തിൽ ഈ നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളിലും കോസ്മെറ്റിക്സിലും അടങ്ങിയിരിക്കുന്ന അമിതമായ ഈയവും (Lead) കെമിക്കലുകളും നമ്മുടെ വൃക്കകളെയും ചർമ്മത്തെയും മാരകമായി ബാധിക്കുമെന്ന് എനിക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടല്ലേ ഞാൻ ഇപ്പോൾ പൂർണ്ണമായും കെമിക്കൽ ഫ്രീയായ നാച്ചുറൽ ബാം മാത്രം ഉപയോഗിക്കാൻ തുടങ്ങിയത്.”
“നീ പറയുന്നത് വളരെ ശരിയാണ് ശാലിനി. എനിക്കും ഈ രാസവസ്തുക്കൾ അടങ്ങിയ കോസ്മെറ്റിക്സ് ഉപയോഗം പൂർണ്ണമായി ഉപേക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഒരിക്കൽ ഇതിന്റെ പ്രഭാവത്തിനും ഭംഗിക്കും അടിമപ്പെട്ടുപോയാൽ, അത് പെട്ടെന്നൊരു ദിവസം പൂർണ്ണമായി ഒഴിവാക്കാൻ പലർക്കും കഴിയില്ലെന്നതാണ് പയ്കച്ചയായ വസ്തുത.
പലപ്പോഴും വിപണിയിലെ തിളക്കമുള്ള പരസ്യങ്ങളിൽ വീണുപോകുന്ന നമ്മൾ, അതിനു പിന്നിലെ വലിയ ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും പണയം വെച്ചുകൊണ്ടുള്ള ഒരു സൗന്ദര്യവർദ്ധനവും ശാശ്വതമല്ല. ആ ചെറുപ്പക്കാരൻ തന്റെ അനിയത്തിയോട് പറയാൻ ശ്രമിച്ചതും ആ ഒരു വലിയ സത്യമായിരുന്നു. പക്ഷേ, അത് മനസ്സിലാക്കാൻ ആ പെൺകുട്ടിക്ക് കഴിയാതെ പോയി. അതോടൊപ്പം, അല്പം ക്ഷമയോടെയും സ്നേഹത്തോടെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ദേഷ്യത്തിൽ എടുത്ത തീരുമാനത്തിന്റെ പേരിൽ ആ സഹോദരൻ ഇപ്പോൾ ആയുഷ്കാലം മുഴുവൻ കണ്ണീർ കുടിക്കുന്നു.”
ഈ സംഭവത്തിന് ശേഷം എന്റെ കാഴ്ചപ്പാടുകൾ തന്നെ മാറിമറിഞ്ഞു. നാം ഉപയോഗിക്കുന്ന ഓരോ സൗന്ദര്യവർദ്ധക വസ്തുവും നമ്മുടെ സൗന്ദര്യം കൂട്ടാനാണോ അതോ ആരോഗ്യത്തെ നശിപ്പിക്കാനാണോ സഹായിക്കുന്നത് എന്ന് നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.
ഓർക്കുക (NB): യാഥാർത്ഥ്യങ്ങൾ എന്തൊക്കെയായിരുന്നാലും, നിങ്ങൾ ദിനംപ്രതി ഉപയോഗിക്കുന്ന ഓരോ കോസ്മെറ്റിക് പ്രോഡക്റ്റും അതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകളെക്കുറിച്ചും അവയുടെ ദീർഘകാല ദൂഷ്യവശങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ആഡംബരത്തേക്കാളും സൗന്ദര്യത്തേക്കാളും വലുതാണ് നമ്മളുടെ ആരോഗ്യവും വിലപ്പെട്ട ജീവനും.
(കഥാകൃത്ത്: തൈപ്പറമ്പൻ)






