രചന – നന്ദ നന്ദിത
“ഈശ്വരാ… ഈ കുരിശുകൾ എല്ലാം കൂടി എന്താ ഇവിടെ?… ” തൊട്ടുമുന്നിൽ കണ്ട എന്റെ സ്റ്റുഡന്റ്സിനെ കണ്ടു ഞാനാകെ പകച്ചു പോയി… അവളുമാരിൽ ഒരാൾ മായ സെലക്ട് ചെയ്ത ഡ്രസ്സ് എടുത്തു ശരീരത്തോട് ചേർത്തു വെച്ചു ഭംഗി നോക്കുന്നുണ്ട്… ആകെ പെട്ടുപോയല്ലോ ഭഗവാനേ… അങ്ങോട്ടു പോകാനും ഇങ്ങോട്ടു പോകാനും പറ്റുന്നില്ലാലോ… “ദേ… ഡി.. ഉണ്ണി സാർ…. ” കൂട്ടത്തിൽ ഒരു വിളഞ്ഞ സാധനം എന്നെ കണ്ടു… കുരിശുകൾ എല്ലാം കൂടി ഓടി എന്റെ അടുത്തേക്ക് വന്നു… “ഹായ് സർ… സർ എന്താ ഇവിടെ? ” “ഇവിടെ സാധാരണ എല്ലാരും എന്തിനാ വരുന്നത്… ഞാനും അതിനു തന്നെ… ” കുറച്ചു ഗൗരവത്തിൽ തന്നെ മറുപടി കൊടുത്തു… “സാറിന്റെ കൂടെ ആരെങ്കിലും ഉണ്ടോ… കാണുന്നില്ലാലോ? ” അവളുമാർ ചുറ്റുപാടും കണ്ണോടിച്ചു…
“അതൊന്നും നിങ്ങൾ അറിയണ്ട ആവിശ്യം ഇല്ല… കൂടുതൽ നിന്നു കൊഞ്ചാതെ എന്തിനാ വന്നതെന്ന് വെച്ചാൽ ആ കാര്യം ചെയ്യൂ… ” “ഓക്കേ സാർ… എന്നാൽ തിങ്കളാഴ്ച കാണാം കേട്ടോ… ബൈ… ” “മ്മ് ” അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി… “ജൂലി ഒന്ന് അവിടെ നിന്നേ… ” ഞാൻ പറയേണ്ട താമസം അവൾ ഓടി എന്റെ അടുത്തെത്തി… “എന്താ സർ ” “അത്… തന്റെ കൈയിൽ ഇരിക്കുന്ന ഈ ഡ്രസ്സ് ഞാൻ ബില്ല് പേ ചെയ്ത കൂട്ടത്തിൽ ഉള്ളതാ… മിസ്സായി പോയി… സോ ഞാൻ ഇത് തേടി വന്നതാ… ഇങ്ങു തന്നോളൂ… ” “അത്… സർ… ഇത് എനിക്കു ഒരുപാട് ഇഷ്ടം ആയി… ഇതിന്റെ ക്യാഷ് ഞാൻ സാറിന് തന്നോളാം… ” “ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ താൻ…?? ” “ദാ… സർ… എനിക്കു വേണ്ട…. സർ പറഞ്ഞാൽ ഞാൻ എന്തും അനുസരിക്കും… എന്തും… ” “ചുമ്മാ കറങ്ങി നടക്കാതെ പോയി നാലക്ഷരം പഠിച്ചു പാസ്സാവാൻ നോക്കൂ… ” “മ്മ് ” കളഞ്ഞു പോയത് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഞാൻ ബില്ലിംഗ് സെക്ഷനിലേക്കു നടന്നു…
എന്റെ സ്റ്റുഡന്റ്‌സൊക്കെ ആണ്… പക്ഷേ എന്തു പറയാൻ നല്ല അസ്സല് വായിനോക്കികൾ ആണ്… പഠിപ്പിക്കുന്ന സാറിനെ പോലും വെറുതെ വിടില്ല… കലികാലം അല്ലാതെന്തു പറയാൻ… എല്ലാം കഴിഞ്ഞു പുറത്തേക്കു ഇറങ്ങിയപ്പോൾ മായ പുറത്തു തന്നെ ഉണ്ട്… “താൻ പോയില്ലായിരുന്നോ? ” “ഇല്ല… വന്നിട്ട് ഒരുമിച്ച് പോകാമെന്നു കരുതി… എന്തുപറ്റി ഒരുപാട് ലേറ്റ് ആയല്ലോ? ” “ആഹ്… അത്… അത് പിന്നെ… ബില്ലിംഗ് സെക്ഷനിൽ നല്ല തിരക്കായിരുന്നു… ” അവളോട് അങ്ങനെ പറയാനാണ് തോന്നിയത്… ഞങ്ങൾ തിരികെ ഇന്ദുവിന്റേയും വിഷ്ണുവിന്റെയും അടുത്തേക്ക് നടന്നു….
“എന്നാലും എന്റെ ഇന്ദു നീ ഭയങ്കര സംഭവം തന്നെ…. നിന്നെ കെട്ടുന്ന എനിക്കു അവാർഡ് തരണം അപ്പോൾ ഇല്ലേ? ” “ഓഹോ… അത്രക്കു പാടുപെട്ടു സേട്ടായി ഇപ്പോൾ എന്നെ കെട്ടണ്ട… പോരേ…. ” “ഹമ്പടി കൊച്ചു കള്ളി…. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ മോളു.. ” “മ്മ്… ഉവ്വാ ഉവ്വാ… ” “അതൊക്കെ പോട്ടെ അന്ന് നിന്നെ കാണാൻ വന്നപ്പോൾ നീ എന്തോ എന്നോട് പറയണമെന്ന് പറഞ്ഞില്ലേ… അപ്പോൾ അല്ലേ എല്ലാരും വന്നു വിളിച്ചത്… അന്ന് അത് പറയാൻ പറ്റിയില്ലല്ലോ? ” “അത്… അത് കുറച്ചു സീരിയസ് ആണ്… ” “അത്രയ്ക്ക് സീരിയസ് ആയ കാര്യങ്ങൾ നമുക്കിടയിൽ വേണോ? ഉള്ള സന്തോഷം കളയുമോ? ” “ഏട്ടാ… അത്… എനിക്കു പറയാനുള്ളത് ജോലിക്കാര്യമാണ്… ” “ഓഹ് അത്രേ ഉള്ളോ… കല്യാണം കഴിഞ്ഞു നിനക്കു ഇഷ്ടം ഉണ്ടെങ്കിൽ എത്ര നാളു വേണമെങ്കിലും ജോലിക്ക് പൊയ്ക്കോളൂ… എനിക്കു അതിനു ഒരു എതിർ അഭിപ്രായവും ഇല്ല… ”
“അത് അല്ല… എന്റെ ജോലിക്കാര്യം അല്ല… ഏട്ടന്റെ…. ” “അല്ല… രണ്ടാളും തമ്മിൽ യുദ്ധം ഒന്നും ഉണ്ടായില്ലല്ലോ അല്ലേ??? ” ഉണ്ണിയേട്ടനും മായയും ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് കയറി വന്നു… “ഹഹ… അതിനുള്ള സാഹസം ഒന്നും അളിയന്റെ ഈ പുന്നാര പെങ്ങൾ കാണിച്ചില്ല കേട്ടോ… നല്ല കുട്ടിയാ… ” “ഓഹോ… അപ്പോൾ ചുരുക്കം പറഞ്ഞാൽ അളിയനെ ഇവൾ അടച്ചു കുപ്പിയിലാക്കി ഇല്ലേ… ” “പിന്നേ എന്തൊരു ചോദ്യമാ ഇത് നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ആ കുപ്പിയുടെ അടപ്പ് ഇവൾ ഒന്നുകൂടി മുറുക്കി അടച്ചേനെ.. ” “ഉണ്ണിയേട്ടോ…. വീട്ടിലോട്ടു വാ കേട്ടോ ഞാൻ വെച്ചിട്ടുണ്ട്… ” “ഹയ്യോ.. അപ്പോൾ ഇന്നത്തെ എന്റെ കാര്യം ക്ലോസാ.. ” ഉണ്ണിയേട്ടൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു… “എന്നാൽ ഇനി ഇന്നത്തേക്ക് നമുക്ക് വിട പറയാം… അടുത്ത സുന്ദര ദിവസത്തിനായി കാത്തിരിക്കാം… എന്താ??? ” “മ്മ്… അങ്ങനെ ആകട്ടെ… ” “അയ്യോ അളിയാ… ഒരു സെൽഫി എടുത്തില്ലലോ? ”
“അതിനെന്താ എല്ലാരും നില്ക്കു… ഞാൻ എടുക്കാം… ” ഉണ്ണിയേട്ടൻ സെൽഫി എടുക്കാൻ തയ്യാറായി നിന്നു… പക്ഷേ ഉണ്ണിയേട്ടനെക്കാൾ സ്വല്പം ഹൈറ്റ് കൂടുതൽ വിഷ്ണുവേട്ടനായതുകൊണ്ടു വിഷ്ണുവേട്ടൻ എടുക്കുന്നതാകും നല്ലതെന്നു എല്ലാർക്കും തോന്നി… വിഷ്ണുവേട്ടന്റെ തൊട്ടു പുറകിൽ ഞാൻ… പിന്നെ മായ… മായയുടെ പുറകിൽ ഉണ്ണിയേട്ടൻ അതായിരുന്നു പൊസിഷൻ… അവിടേക്കു വന്നത് പോലെ ആയിരുന്നില്ല ഞങ്ങളുടെ മടക്കം… ശരിക്കും മൈൻഡ് ആകെ മാറി മറഞ്ഞിട്ടുണ്ട്… ഇപ്പോൾ മുതൽ ഞാൻ ഒരു പ്രണയിനി ആണ്… പരസ്പരം മനസ്സിലാക്കാൻ ആ കുറഞ്ഞ സമയം തന്നെ ഞങ്ങൾക്ക് ധാരാളമായിരുന്നു… യാത്ര പറഞ്ഞു പോകുമ്പോൾ മായ എന്നെ ചേർത്തു പിടിച്ചു… ആ കുട്ടിയെ തെറ്റിദ്ധരിച്ചതിൽ വല്ലാത്ത കുറ്റബോധം തോന്നി എനിക്കു… ഉണ്ണിയേട്ടൻ ആണെങ്കിൽ നൂറു വാൾട്ട് ബൾബ് പോലെ ഇങ്ങനെ കത്തി നിൽക്കുവാണ്…
പുള്ളിക്കാരനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലലോ… ആഹ്… വരട്ടെ പിടിച്ചോളാം… എന്തായാലും പന്ത് എന്റെ കോർട്ടിൽ തന്നെ…. “എന്താടി ഒരു വളിച്ച ചിരി… ” “ഓഹ് ഒന്നും ഇല്ല എന്റെ മാഷേ… വണ്ടി ഒന്ന് എടുത്തിരുന്നെങ്കിൽ പെട്ടെന്ന് വീട്ടിൽ ചെല്ലാമായിരുന്നു… ” “എന്നാൽ ശരി അളിയാ… വീണ്ടും കാണാം… ” “ഓക്കേ അളിയാ… ” ഞാനും ആളെ പോവാണെന്നു തലയാട്ടി കാണിച്ചു… കുസൃതി നിറഞ്ഞ ആ കണ്ണുകൾ നെഞ്ചിൽ അങ്ങനെ തറച്ചു നിൽക്കുവാണ്… ഉണ്ണിയേട്ടന്റെ വണ്ടിയുടെ പുറകിൽ ഇരിന്നു പോകുമ്പോളും എന്റെ മനസ്സ് നിറയെ വിഷ്ണുവേട്ടൻ ആയിരുന്നു… സാധാരണ ഞാനും ഉണ്ണിയേട്ടനും വാ തോരാതെ സംസാരിച്ചുകൊണ്ടാണ് ഡ്രൈവ് ചെയ്യാറ്… ഇന്ന് ഉണ്ണിയേട്ടന്റെ ഭാഗത്തു നിന്നും അത് ഉണ്ടായില്ല… ഞങ്ങൾ രണ്ടും ഞങ്ങളുടേതായ ലോകത്തായിരുന്നു…
വീട്ടിൽ വന്നു കയറിയപ്പോൾ അമ്മയും അച്ഛനും അമ്മാവനും അമ്മായിയും എല്ലാം പൂമുഖത്തു തന്നെ ഉണ്ടായിരുന്നു… എല്ലാരുടെയും മുഖത്ത് ഒരേ ഭാവം… ഞാൻ പതുക്കെ ഉണ്ണിയേട്ടനെ തോണ്ടി… “അറിഞ്ഞുന്നു തോന്നുന്നു ഉണ്ണിയേട്ടാ… ഇന്ന് നമ്മളെ പൊരിക്കും… ” “എനിക്കും തോന്നുന്നുണ്ട്… വാ… മൈൻഡ് ചെയ്യണ്ട… കൂളായിട്ട് അകത്തോട്ടു കയറിക്കോ… ” കൈയിൽ ഇരുന്ന ബിഗ് ഷോപ്പറിൽ മുറുകെ പിടിച്ചു അതൊന്നു പൊക്കി കാണിച്ചു ഞങ്ങൾ അകത്തേക്ക് കയറാൻ നോക്കി… “പൊന്നുമക്കൾ അവിടെ ഒന്ന് നിന്നേ… ” ഓഹ്ഹ്… തീർന്നു… “എന്താ അച്ചായി….? ” “രണ്ടാളും ഇങ്ങോട്ട് മാറി നിന്നേ… ” “അച്ചായി…. ” എന്റെ ആ ചിണുങ്ങി ഉള്ള വിളിയിൽ അവരെല്ലാം പൊട്ടിച്ചിരിച്ചു… “എല്ലാരും എല്ലാം അറിഞ്ഞിട്ടുള്ള നിൽപ്പാണെന്നു അറിയാം… ദയവായി ഞങ്ങളെ പൊരിക്കരുത് പ്ലീസ്…. ” “ഓഹ് എന്തായിരുന്നു പുകിൽ…. എന്നിട്ട് ഇപ്പോൾ എന്തായി? ” അമ്മയാണ്… “എന്റെ പൊന്നു ശാരദാമ്മേ… കൂടുതൽ ആക്കല്ലേ… നിങ്ങളുടെ അല്ലേ മോൾ… പണ്ട് ദേവിയെ തൊഴാൻ പോവാണെന്നു പറഞ്ഞു ഡെയിലി എന്റെ അച്ഛനെ കാണാൻ പോയതിന്റെ അത്ര ഒന്നും വരില്ലലോ അല്ലേ… ”
“ദേ പെണ്ണേ… കൂടുന്നുണ്ട് നിനക്കു… ” അമ്മ എന്റെ നേരെ കൈ ഓങ്ങിയപ്പോളേക്കും ഞാൻ ഓടി വീടിനുള്ളിലേക്ക് കയറി… അമ്മയുടെയും അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു… അവർ പരസ്പരം കണ്ടിരുന്നത് ദേവിയുടെ നടയിൽ വെച്ചായിരുന്നു… ഇതൊക്കെ അമ്മായി ആണ് എന്നോട് പറഞ്ഞിട്ടുള്ളത്… വഴക്കും വക്കാണവും ഒന്നും ഉണ്ടായില്ല.. രണ്ട് വീട്ടുകാരും ചേർന്നു നല്ല രീതിയിൽ കല്യാണം നടത്തി കൊടുത്തു… ഞാൻ ചിരിച്ചു കൊണ്ട് അമ്മായിയെ നോക്കി… അമ്മായി എന്റെ അടുത്തേക്ക് വന്നു… “എന്നിട്ട്… പറ ഇന്ദൂട്ടി… കണ്ടിട്ട് വിഷ്ണു എന്ത് പറഞ്ഞു… ” “മ്മ് അതൊക്കെ പറയാം… അതിനു മുൻപ് നിങ്ങൾ എങ്ങനെ അറിഞ്ഞുന്നു പറ… ” “വിഷ്ണുവിന്റെ അച്ഛൻ വിളിച്ചായിരുന്നു മുഹൂർത്തം എടുക്കുന്ന കാര്യം സംസാരിക്കാൻ അപ്പോൾ പറഞ്ഞു നിങ്ങളെ കാണാൻ അവൻ അങ്ങോട്ട് ഇറങ്ങിയിട്ടുണ്ടെന്നു… നിങ്ങളെപ്പോലെ കള്ളം പറഞ്ഞല്ല ആ കൊച്ചൻ വന്നത്… ”
“ഓഹ്… ഇതിൽ ഇപ്പോൾ പറയാൻ എന്തിരിക്കുന്നു… ഒന്ന് കാണണമെന്ന് പറഞ്ഞു… കണ്ടു… ” വെറും നിസ്സാരമായി ഞാൻ പറഞ്ഞൊപ്പിച്ചു… “കുറേനേരം സംസാരിച്ചു… ഫുഡ് കഴിച്ചു… ഷോപ്പിംഗ് നടത്തി… പിന്നെ ലാസ്റ്റ് കുറേ ഫോട്ടോസ് എടുത്തു… ” “എന്നിട്ട് ഫോട്ടോസ് എവിടെ കാണട്ടെ…? ” “ഉണ്ണിയേട്ടാ… ഫോട്ടോ ഇവരെ എല്ലാവരെയും ഒന്ന് കാണിച്ചേക്കു… ” ഉണ്ണിയേട്ടൻ ഫോൺ എടുത്ത് അമ്മായിയുടെ കൈയിൽ കൊടുത്തു… “ആഹാ സൂപ്പർ ആയിട്ടുണ്ടല്ലോ… ഇതേതാ ഉണ്ണിയുടെ അടുത്ത് നിൽക്കുന്ന ഈ കുട്ടി??? ” “ഓഹ് പറയാൻ മറന്നു… അത് വിഷ്ണുവേട്ടന്റെ ഇളയമ്മയുടെ മോളാണ്… മായ… ബി എഡ് നു പഠിക്കുവാ… ഇവളും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ.. ” “നല്ല ഐശ്വര്യം ഉള്ള കുട്ടി… ” “മ്മ്… നല്ല കുട്ടിയാ അമ്മായി… ” “ഉണ്ണിക്കു നല്ല മാച്ചാകുന്നുണ്ട്… ഇവളെ നമ്മുടെ ഉണ്ണിക്കു വേണ്ടി ഒന്ന് ആലോചിച്ചാലോ? ” “എവിടെ? നോക്കട്ടെ… ” അത് കേട്ടപാടെ അമ്മയും അമ്മാവനും ഓടി വന്നു… രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു വളരെ നന്നായിട്ടുണ്ടെന്നു… ഞാൻ ഉണ്ണിയേട്ടന്റെ മുഖത്തേക്കൊന്നു നോക്കി…
ചെക്കനാകെ ചുമന്നു തുടുത്തിട്ടുണ്ട്… ഞാൻ നോക്കുന്നത് കണ്ടു ആള് അകത്തു റൂമിലേക്ക് കയറി… പുറകേ ഞാനും കയറി… കൈയിൽ ഉണ്ടായിരുന്ന കവറെല്ലാം ബെഡിലേക്കു എറിഞ്ഞു… റൂം ലോക്കാക്കി രണ്ടു കൈയും ഏണിന് കൊടുത്തു കലിപ്പ് ഭാവത്തിൽ ഞാൻ ആശാനെ നോക്കി… “ഹലോ… മിസ്റ്റർ… എന്താണ് മനസ്സിൽ… മുഖം ഇങ്ങനെ തുടുത്തു ചുമക്കാൻ എന്താണ് കാരണം… ” “ഒന്ന് പോടീ.. ” “പോടീന്നോ…. മോൻ ഇങ്ങോട്ട് ഒന്ന് നോക്കിയേ… ” “മ്മ്… നോക്കി… ഇനി എന്താ വേണ്ടത്? ” “സത്യം പറ… ഇഷ്ടം ആണോ മായയെ?? അമ്മായി പറഞ്ഞതിന് സമ്മതം ആണോ??? ” “മ്മ്…. ഇപ്പോൾ അമ്മ പറഞ്ഞത് എന്റെ മനസ്സിൽ ഞാൻ ആഗ്രഹിച്ച കാര്യം തന്നെയാണ്…. എനിക്കു മായയെ ഇഷ്ടമാണ്…. ” “എന്റെ കൃഷ്ണൻ കുട്ടിയേ… ഇങ്ങേരു പറഞ്ഞത് കേട്ടില്ലേ… ഇതൊക്കെ സത്യമോ അതോ മിഥ്യയോ?? ” “സത്യമാ എന്റെ ഇന്ദു…. പുറമെ ഉള്ള ഭംഗിയേക്കാൾ അവളുടെ മനസിന്റെ സൗന്ദര്യമാണ് എന്നെ അവളിലേക്ക് കൂടുതൽ അടിപ്പിച്ചത്… ഇതുവരെ ആരോടും തോന്നാത്തത് എന്തോ എനിക്കു അവളോട് തോന്നുന്നു… ”
“സാഹിത്യം പറയാൻ വരട്ടെ… അവളെയും കൊണ്ട് പുറത്തേക്കു പോകുന്നതേ ഞാൻ കണ്ടുള്ളു ഇതിന്റെ ഇടക്ക് എങ്ങനെയാണാവോ സാർ അവളുടെ മനസ്സ് കണ്ടത്… ” മുഴുവൻ കാര്യങ്ങളും ഉണ്ണിയേട്ടൻ എന്നോട് വള്ളി പുള്ളി വിടാതെ പറഞ്ഞു… അതൊക്കെ കേട്ടപ്പോൾ എനിക്കും മായയോട് ഒരുപാട് ഇഷ്ടം തോന്നി… “ഒരാളും നമ്മൾ പുറമെ കാണുന്നത് പോലെ അല്ല അല്ലേ ഉണ്ണിയേട്ടാ… ” “പച്ച പരമാർത്ഥം… പക്ഷേ ഒരിക്കലും ഒരു സഹതാപത്തിന്റെ പേരിൽ ഉള്ള ഇഷ്ടം അല്ല എനിക്കു അവളോട്… മനസിൽ എവിടൊക്കെയോ അവളുടെ വാക്കുകൾ വല്ലാത്തൊരു ആരാധന ഉണർത്തുന്നു… ” “മ്മ്മ്… അപ്പോൾ ഇത് നമ്മൾ പൊളിക്കും…. ഞാൻ വിഷ്ണുവേട്ടനോട് ചെറുതായി ഒന്ന് സൂചിപ്പിക്കാം… അവർക്കു സമ്മതം ആണെങ്കിൽ ഇനി മുതൽ മായ വെറും മായ അല്ല… മായ ഉണ്ണികൃഷ്ണൻ ആണ്… ” “മ്മ്… അവർക്ക് സമ്മതം ആണെങ്കിൽ മാത്രം മതി… ആദ്യം ആ കുട്ടിയുടെ മനസ്സ് അറിയണം…. ” “അതൊക്കെ നമുക്ക് ഓക്കേ ആക്കാം ബ്രോ… ഡോണ്ട് വറി… ആദ്യം ആ വിശ്വാ വിഖ്യാതമായ ടോപ് ഒന്ന് കാണിച്ചാട്ടെ… അതാണല്ലോ നമ്മുടെ കേന്ദ്ര ബിന്ദു… ” “മ്മ്.. വാ നോക്കാം… ” ഞങ്ങൾ ഒരുമിച്ച് ഓരോ കവറും അഴിച്ചു നോക്കാൻ തുടങ്ങി… (തുടരും )

by