17/04/2026

ഇന്നലെ വൈകിട്ട് ഹരിയേട്ടന്റെ വിളി വന്നപ്പോൾ മുതൽ മീരക്കാകെ പ്രയാസമാണ്..

രചന – Dhanya Bibu Nalukandam

ഇന്നലെ വൈകിട്ട് ഹരിയേട്ടന്റെ വിളി വന്നപ്പോൾ മുതൽ മീരക്കാകെ പ്രയാസമാണ്.. ദുബായിൽ എത്തിയിട്ടിപ്പോ 3 വർഷമായി.. ഭർത്താവും കുഞ്ഞുങ്ങളും നാട്ടിൽ.. അമ്മയുണ്ടായിരുന്നു ഒപ്പം.. രണ്ട് മാസമായി ആരോഗ്യ പ്രശ്നങ്ങൾ മൂലം അനിയന്റെ വീട്ടിലേക്ക് പോയി.. മൂത്തത് മകളാണ്..12 വയസ്.. ഇളയവന് 5 വയസ്സ്.. മോൾക്ക്‌ ഒതുങ്ങിയ പ്രകൃതമാണെങ്കിൽ മോന് കുറുമ്പും വാശിയും കൂടുതലാണ്.. ഒരു പ്രവാസ ജീവിതം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.. ഭർത്താവിന്റെ ജോലിയിൽ വരുമാനം കുറയുകയും പുതിയൊരു വീട് വച്ചതിന്റെയും ഫലമായി വന്ന ബാദ്ധ്യതകൾ വന്നു ഭവിച്ചപ്പോൾ ഒരു കൂട്ടുകാരിയുടെ കനിവിൽ ലഭിച്ചതാണ് ഈ ജോലി. അത്യാവശ്യം നല്ല ശമ്പളം.താമസവും ഭക്ഷണവും കിട്ടും.. കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല.. ഉറക്കമില്ലാത്ത രാത്രികൾക്കിപ്പുറം ദുബായിലേക്ക് പോകാൻ തീരുമാനിച്ചു. ഹരിയേട്ടന്റെയും അമ്മയുടെയും പൂർണ പിന്തുണയോടെ ഇവിടേക്ക് പോന്നു.. മനസ് കനൽപോലെ പൊള്ളുമ്പോഴും നാട്ടിലെ ബാധ്യതകൾ കുറയുന്നത് ആശ്വാസമായിരുന്നു..

ഹരിയേട്ടനെയും കുഞ്ഞുങ്ങളെയും വീഡിയോ കാളിൽ കണ്ടു ആശ്വസിച്ചു.. അടുത്ത മാസത്തോടെ നാട്ടിലേക്ക് പോകാൻ ലീവ് കിട്ടുമെന്ന് അശ്വസിച്ചിരിക്കെയാണ് ഇന്നലെ ഹരിയേട്ടന്റെ കാൾ എത്തിയത്.. താൻ ഒന്ന് വാടോ.. മോൾക്ക്‌ എന്തൊക്കെയോ മാറ്റങ്ങൾ.. പഴയപോലെ എന്നോട് മിണ്ടുന്നില്ല.. അടുത്ത് ഇരിക്കുന്നില്ല.. അവളുടെ കളിയും ചിരിയും ഒക്കെ പോയെടോ.. എനിക്കറിയില്ല എന്ത് ചെയ്യണമെന്ന്..ഞാൻ അവളെ നോക്കുന്നതിൽ എന്തേലും കുറവ് വന്നിട്ടാണോന്നും അറിയില്ല.. താനിങ്ങ് വാ.. വിങ്ങി പൊട്ടി ഹരിയേട്ടൻ ഇത്രയും പറഞ്ഞപ്പോഴേക്ക് താനും കരഞ്ഞുപോയിരുന്നു.. കൂട്ടുകാരിയോട് എല്ലാം പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോ അവളും ഭർത്താവും തന്നെ ഇടപെട്ട് ലീവ് ശരിയാക്കി തന്നു..പറഞ്ഞ സമയം കൊണ്ട് കുട്ടികൾക്കും ഹരിയേട്ടനും എന്തൊക്കെയോ വാങ്ങിക്കൂട്ടി നാട്ടിലേക്കു തിരിക്കുമ്പോൾ മനസ് നീറി പുകയുകയായിരുന്നു..

ഹരിയേട്ടൻ മാത്രം എയർപോർട്ടിൽ വന്നു. കുട്ടികളോട് ഞാൻ എത്തുന്ന വിവരം പറഞ്ഞിട്ടില്ല.. വീട്ടിലെത്തി കുട്ടികൾ സ്കൂളിൽ നിന്നു വരുന്നത് വരെ ഒരു യുഗം പോലെ തോന്നിച്ചു.. സ്കൂൾ ബസിൽ നിന്നും മോന്റെ കൈയും പിടിച്ചു ഇറങ്ങി വരുന്ന മോളെ കണ്ടപ്പോ സഹിക്കാൻ പറ്റിയില്ല.. പോയതിലും നന്നായി പൊക്കം വച്ചു അവൾക്ക്. ഇപ്പൊ തന്റെ തോളൊപ്പം ഉണ്ടാകും. എന്താടാ കുഞ്ഞാ മോന് പറ്റിയത് എന്നും പറഞ്ഞു അവളെ ചേർത്ത് പിടിക്കുമ്പോൾ അമ്പരപ്പിലും അവൾ പൊട്ടിക്കരഞ്ഞു.. ഒറ്റ നിമിഷം കൊണ്ട് അവൾ വീണ്ടും കുഞ്ഞായത് പോലെ തോന്നി.. രണ്ട് മക്കളെയും ഹരിയേട്ടനെയും ചേർത്ത് നിർത്തിയപ്പോ എല്ലാരുടേം ചുണ്ടിൽ ചിരിയും കരച്ചിലും മാറി മാറി വന്നു..

രാത്രി കിടക്കാൻ നേരം അമ്മയിന്നു മോൾക്കൊപ്പാ കിടക്കുന്നെ എന്നും പറഞ്ഞു ചേർന്ന് കിടക്കുമ്പോ മോളും പതിയെ നെഞ്ചോട് ചേർന്ന് കിടന്നു,. തലമുടിയിൽ വിരലോടിച്ചു അവളോട് ഓരോന്ന് പറഞ്ഞോണ്ടിരുന്നു.. ഇടക്ക് അച്ഛയോട് മോൾക്ക്‌ പിണക്കമാണോ.. മോളിപ്പോ പഴയപോലെ അച്ഛയോട് മിണ്ടുന്നില്ല എന്നാണല്ലോ അച്ഛ പറഞ്ഞെ..എന്താടാ മോൾക്ക് പറ്റിയെ എന്ന് ചോദിക്കുമ്പോൾ എന്റെ ഉള്ളും വിറക്കുക ആയിരുന്നു.. അത് അമ്മാ എന്നും പറഞ്ഞു വിക്കുമ്പോൾ എന്തായാലും അമ്മയോട് പറയെടാ എന്ന് പറഞ്ഞു ചേർത്ത് പിടിച്ചു.. മോളൊരു വലിയ കുട്ടി ആയോ അമ്മ.. Periods നെ കുറിച്ച് ടീച്ചർ പറഞ്ഞു തന്നു.. ഇനി പഴയപോലെ കുട്ടികളല്ല..കുട്ടിക്കളിയൊക്കെ കുറക്കണം എന്നും പറഞ്ഞു..അപ്പുറത്തെ മഞ്ജുച്ചേച്ചിയോട് ഞാനത് ചോദിച്ചപ്പോ മഞ്ജുചേച്ചിയാ പറഞ്ഞെ അച്ഛനോട് പഴയപോലെ ഇടപെഴുകരുത് എന്ന്.. അമ്മ അടുത്തില്ലാത്തതാണ് സൂക്ഷിക്കണം എന്നും പറഞ്ഞു അമ്മാ.. അച്ഛൻ നല്ലതല്ലാത്തോണ്ടാ അച്ഛൻ പോകാതെ അമ്മയെ ദൂരേക്ക് അയച്ചതെന്നും.. എനിക്ക് അച്ഛയെ പേടിയാ അമ്മാ.. മോളത് പറയുമ്പോ ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നുപോയി..

മോളെ അമ്മയ്ക്ക് മോൾടെ അച്ഛയെ നല്ലോണം അറിയാം..അച്ഛൻ ഒരിക്കലും അമ്മയെ പറഞ്ഞു വിട്ടതല്ല..അച്ഛയ്ക്ക് മോൾക്കറിയാത്ത ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാ അച്ഛക്ക് പോകാൻ പറ്റാതിരുന്നത്.. മോൾടെ ഓരോ വളർച്ചയും ആശങ്കയോടെ നോക്കികാണുന്ന അച്ഛനെ മോൾക്കറിയില്ല.. മോൾടെ അകൽച്ച സഹിക്കാൻ പറ്റാഞ്ഞിട്ടാണ് അമ്മയെ വിളിച്ചു വരുത്തിയത്.. അച്ഛ പാവാടാ..ഒരിക്കലും ഇങ്ങനൊന്നും അച്ഛയോട് അകൽച്ച കാണിക്കരുത്ട്ടോ. മോൾടെ മഞ്ജുച്ചേച്ചിയെ അമ്മയൊന്നു കാണുന്നുണ്ട്.. മഞ്ജുവിന്റെ സംശയങ്ങൾ അമ്മ തീർത്തു കൊടുത്തോളാട്ടോ.. ആശങ്കകൾ വിട്ടൊഴിഞ്ഞു ആ കുഞ്ഞുമുഖം വിടരുമ്പോൾ അവളോടി അച്ഛന്റെ നെഞ്ചിൽ ചേർന്നിരുന്നു.. ഹരിയേട്ടന്റെ മുഖത്തെ പ്രകാശവും മോൾടെയും മോന്റെയും സന്തോഷവും കണ്ണ് നിറച്ചുകാണുമ്പോ ഇനി ഒരു തിരിച്ചുപോക്കില്ലെന്നു മനസ്സിൽ ഉറപ്പിച്ചിരുന്നു…